വിഷയം: കടമിടപാടും പണയം വെക്കലും
സ്വർണ്ണം പണയം വെച്ച് ഉംറക്ക് പോകുന്നതിന് വിരോധമുണ്ടോ?
ചോദ്യകർത്താവ്
Faris
Nov 6, 2025
CODE :Dai15889
അല്ലാഹുവിന്റെ തിരുനാമത്തിൽ, അവനെത്ര സർവ്വസ്തുതിയും; തിരുദൂതരുടെയും കുടുംബത്തിന്റെയും മേൽ നാഥന്റെ അനുഗ്രഹങ്ങൾ സദാ വർഷിക്കുമാറാകട്ടെ.
ആവശ്യ സാഹചര്യങ്ങളിൽ മറ്റുള്ളവരിൽ നിന്നും കടം വാങ്ങുന്നതോ, ആ തുകക്ക് ഈടായി (Security) മൂല്യമുള്ള വസ്തുക്കൾ ദാതാവിനു തിരിച്ചടവ് വരെ പണയമായി നൽകുന്നതോ, അടിസ്ഥാനപരമായി ഇസ്‌ലാമിൽ വിരോധിക്കപ്പെട്ട കാര്യമല്ല, പക്ഷേ, അവ ഇസ്‌ലാം നിഷ്കർഷിക്കുന്ന രൂപത്തിലായിരിക്കണമെന്നേയുള്ളൂ. ഇടപാടുകളത്രെയും പലിശമുക്തമായിരിക്കണമെന്നതാണ് പ്രഥമവും പ്രധാനവുമായ നിബന്ധന. കൃത്യമായി രേഖപ്പെടുത്തി വെക്കുക, സാക്ഷികളുടെ സാന്നിധ്യമുണ്ടായിരിക്കുക... തുടങ്ങി, കടമിടപാടുകൾ നടത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചു വിശുദ്ധ ഖുർആൻ സവിസ്തരം വിശദീകരിക്കുന്നുണ്ട്. ഖുർആനിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ സൂക്തം ആയത്തുദൈൻ (കടത്തെക്കുറിച്ചുള്ള വാക്യം) ആണെന്നതു തന്നെ ഈ വിഷയത്തിന്റെ ഗൗരവം നമ്മെ ബോധ്യപ്പെടുത്തുന്നതാണ്.
ആകയാൽ, മേൽപറഞ്ഞ വിധം, ഹലാലായ രൂപത്തിൽ പലിശ രഹിത ഇടപാടുകളിൽ സ്വർണ്ണം പണയം വെച്ചു ഉംറക്ക് പോകുന്നത് അനുവദനീയമാണ്, എതിർക്കപ്പെടേണ്ടതല്ല. തിരു നബി (സ്വ) ഭക്ഷണം വാങ്ങിയതിന്, ഒരു ജൂത വിശ്വാസിയുടെ പക്കൽ അവിടുത്തെ പടയങ്കി പണയം വെച്ച ചരിത്രം സുവിദിതമാണല്ലോ.
അതേ സമയം, പലിശാധിഷ്ഠിത ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ സ്വർണ്ണം പണയം വെച്ചുള്ള കടമെടുപ്പാണെങ്കിൽ അത് തീർത്തും നിഷിദ്ധമാണ്, പലിശ വാങ്ങുന്നതും കൊടുക്കുന്നതും അതിന് സാക്ഷിയാകുന്നത് പോലും വൻ പാപങ്ങളിൽ ഉൾപ്പെടുത്തിയ മതമാണ് ഇസ്‌ലാം. ലക്ഷ്യം ഉംറയെന്ന സദ്കർമ്മമാണെങ്കിലും അതിന് തെരഞ്ഞെടുത്ത മാർഗം നിഷിദ്ധമായ രൂപമാണ്. ഏത് സംഗതിയുടെയും ലക്ഷ്യവും അതിലേക്കുള്ള മാർഗവും ഹലാലായിരിക്കണെമന്നത് മതത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്. ഇവ്വിഷയവുമായി മുമ്പ് നൽകിയ മറുപടികൾ ഇവിടെ വായിക്കാം
കാര്യങ്ങൾ മനസ്സിലാക്കി ആരാധനകൾ യഥാവിധി നിർവഹിക്കാൻ നാഥൻ തൗഫീഖ് ചെയ്യുമാറാകട്ടെ.


