സെക്യുലര്‍ ജമാഅത്തിനെന്താ കണ്‍സര്‍വേറ്റീവ് മൗദൂദിയില്‍ ഇത്രയും നീരസം!
maddജമാഅത്തെ ഇസ്‌ലാമി ഇന്ന് അള്‍ട്രാ സെക്യുലറിസത്തിന്റെ ആളുകളായി സ്വയം അവതരിപ്പിക്കാന്‍ പെടാപാട് നടത്തുമ്പോഴും സ്ഥാപക നേതാവ് മൗദൂദിയുടെ അതിയാഥാസ്ഥിക കൗഴ്ചപ്പാടുകള്‍ അവര്‍ക്കുമുമ്പിലെ ഏറ്റവും വലിയ വിനയായി മാറിയിരിക്കുന്നു. ഒരു ഭാഗത്ത് ദേശീയതയും മതേതരത്വവും ചര്‍ച്ചയാകുമ്പോഴും മറുഭാഗത്ത് സലഫിസവും തീവ്രതയും അന്വേഷിക്കപ്പെടുമ്പോഴും പ്രതിരോധത്തിലാകുന്നത് ശരിക്കും ജമാഅത്തെ ഇസ്‌ലാമി തന്നെയാണ്. കാരണം ജമാഅത്തിന്റെ താഴ്‌വേരുകള്‍ നീണ്ടുപോകുന്നത് ദേശീയ-മതേതരത്വ-ജനാധിപത്യ നിരാസത്തിലേക്കും സലഫി ആശയ ധാരയിലേക്കും തന്നെ. ഇബ്‌നു അബ്ദില്‍ വഹാബ് രൂപകല്‍പന ചെയ്ത് അബ്ദയും അഫ്ഗാനിയും രിദയും സംവിധാനിച്ച വീട് തന്നെയാണ് മൗദൂദി തന്റെ മള്‍ട്ടി പര്‍പ്പസ് ചാവിയുമായി തുറക്കാന്‍ ചെന്നത്. ഊന്നലുകളില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും ഇരു ധാരകളുടെയും സദൃശ്യത ഇവിടെ കണ്ടെത്താനാവുന്നു. പൊളിറ്റിക്കല്‍ ഇസ്‌ലാമിസം എന്ന ഇസ്‌ലാമിക ചരിത്രത്തില്‍ ഒരാളും ഇന്നേവരെ പറഞ്ഞിട്ടില്ലാത്ത പുതിയൊരു ആശയലോകമായിരുന്നു മൗദൂദിയുടെ ഊന്നല്‍. ഏറ്റുപിടിക്കപ്പെടാന്‍ മാത്രം കഴമ്പും പ്രസക്തിയുമില്ലാത്ത, എന്നാല്‍ തീര്‍ത്തും പരിമിതവും സമയ സാഹചര്യ ബന്ധിതവുമായ ഒരു ഇടപെടല്‍ രീതി മാത്രമായിവേണം ഇതിനെ മനസ്സിലാക്കാന്‍. കാപിറ്റലിസത്തിന്റെയും കമ്യൂണിസത്തിന്റെയും അതിപ്രസര കാലത്തെ ഒരു വായന. പക്ഷെ, ആ പരിസരത്തില്‍ ഇരുന്ന് ഇസ്‌ലാമിക ചരിത്രത്തെ രാഷ്ട്രീയമായി പിന്നോട്ടു വായിക്കുകയും ഒട്ടും ദീര്‍ഘവീക്ഷണമോ ബഹുസ്വര പശ്ചാത്തലങ്ങളുടെ മൂല്യമോ ഉള്‍കൊള്ളാത്ത വിധം രാഷ്ട്രീയ ഇസ്‌ലാം എന്ന ഒരു ചിന്തക്ക് സ്വപ്ന ലോകം നെയ്യുകയും ചെയ്ത മൗദൂദി ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലണ്ടറുകളിലൊന്നാണ് പുറത്തിറക്കിയത്. മതത്തിന്റെ സാധ്യതയെ മാറ്റിവെച്ച് ചിന്തിച്ചാല്‍ തന്നെ കമ്യൂണിസം പോലെ ഒരു ഉട്ടോപിയ മാത്രമായിരുന്നു ഇത്. താന്‍ എതിരിട്ട കമ്യൂണിസത്തിന്റെ ഓര്‍ഗനൈസേഷനല്‍ സ്ട്രക്ചറും ഇന്‍ഫ്രാസ്ട്രക്ചറും മൗദൂദി തന്റെ ചിന്തയുടെ സംസ്ഥാപനത്തിന് കടമെടുത്തത് മറ്റൊരു വിരോധാഭാസം. ഒരു മുസ്‌ലിം ജന്മത്തിന്റെ ആത്യന്തിക ലക്ഷ്യം ഇസ്‌ലാമിക രാഷ്ട്രം പണിയലാണെന്ന് മൗദൂദി വാദിച്ചു. ആ രാഷ്ട്രത്തിന്റെ രൂപവും ഭാവവും അദ്ദേഹം സിദ്ധാന്തിച്ചു. നിലവിലെ ഭരണ സംവിധാനങ്ങളെ ത്വാഗൂത്ത് എന്ന് വിളിച്ച അദ്ദേഹം അവിടെ മുസ്‌ലിം എങ്ങനെയായിരിക്കണമെന്നും വിശദീകരിച്ചു. രാഷ്ട്രീയത്തെ മതകീയമായി അവതരിപ്പിക്കുന്നതില്‍ പറ്റിയ തെറ്റ് കഴിഞ്ഞാല്‍ മൗദൂദിക്ക് രണ്ടാമതായി പിണഞ്ഞ ഏറ്റവും വലിയ അബദ്ധം ഇവിടെയായിരുന്നു. താനും കുട്ടികളും മാത്രമുള്ള ഒരു ക്ലാസ് മുറിയായി മാത്രമേ അദ്ദേഹത്തിന് തന്റെ മനസ്സിലെ ഇസ്‌ലാമിക് സ്റ്റേറ്റിനെ ഇമേജിന്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. 1973 ല്‍ മരിച്ച മൗദൂദിക്ക് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെയും പാകിസ്താനിലെയും രാഷ്ട്രീയ പള്‍സുകള്‍ ശരിക്കും അറിയാമായിരുന്നല്ലോ. എന്നിട്ടും ഖുര്‍ആനില്‍നിന്നും ഹദീസില്‍ നിന്നും മാത്രം മതം പഠിച്ചു എന്ന് സ്വയം വാദിക്കുന്ന അദ്ദേഹത്തിന് ഈയൊരു അബദ്ധം പിണയാന്‍ കാരണമെന്താണ്? തീവ്ര സലഫി ആശയ ധാരയുടെ സ്രോതസ് തന്നെയായിരുന്നു മൗദൂദിയുടെയും സ്രോതസ്. അല്ലാതെ, ഖുര്‍ആനിലെയും ഹദീസുകളിലെയും ആശയങ്ങളെ മുന്‍കാല പണ്ഡിതരുടെ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ധാരണം ചെയ്യാനുള്ള സഹിഷ്ണുത അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു അറബി ഭാഷാ ശാസ്ത്രജ്ഞന് വായിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ ഖുര്‍ആന്‍ എന്ന കുപ്രസിദ്ധമായ തന്റെ മൂന്നാം ബ്ലണ്ടറിന്റെ ഉദയ പശ്ചാത്തലം ഇതായിരുന്നു. താന്‍ അങ്ങനെയാണ് ഖുര്‍ആനിനെ വായിച്ചതെങ്കില്‍ ലോകത്ത് ഇനി വരുന്നവരും അങ്ങനെത്തന്നെ വായിക്കണമെന്ന് പറയുന്നത് ന്യായമാണോ? മൗദൂദിസം എന്നല്ലേ അതിന് പറയാന്‍ പറ്റൂ. മൗദൂദിയുടെ കണ്ണട വെച്ച് പില്‍ക്കാലത്ത് പ്രമാണങ്ങള്‍ വായിക്കപ്പെട്ടപ്പോഴായിരുന്നു ഈ 'ഇസ'ത്തിന്റെ ജന്മവും പരിണാമവും. ഇസ്‌ലാമിക പ്രമാണങ്ങളെ സമീപിക്കുന്നതില്‍ 'പക്ഷീയത' കാണിച്ച മൗദൂദിക്ക് ബഹുസ്വര ഭൂമിയിലെ മുസ്‌ലിമിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതിലും ഭീമമായ പിശകുകള്‍ പറ്റിയിട്ടുണ്ട്. സെക്യുലറിസത്തെക്കുറിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ അത് തുറന്നുകാട്ടുന്നു. 'നിലവിലെ സെക്യുലര്‍ ഭരണകൂടത്തില്‍ കുഞ്ചിക സ്ഥാനം വഹിക്കുന്നവനോ, അതിന്റെ നിയമ നിര്‍മാണ സഭയിലെ അംഗമോ അതിന്റെ കോടതി വ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപ സ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിക്കണ'മെന്ന് ആദ്യകാല ജമാഅത്ത് ഭരണഘടനയെ പറയാന്‍ പ്രേരിപ്പിച്ചത് മൗദൂദിയുടെ രാഷ്ട്രീയത്തിലെ യാഥാസ്ഥിക നിലപാടു തന്നെയാണ്. ഈ യാഥാസ്ഥികത രാഷ്ട്രീയത്തില്‍ മാത്രമല്ല മതത്തിലും വ്യാപകമായി കാണാന്‍ കഴിയും. ഫിഖ്ഹില്‍ എനിക്ക് ഒരു വഴിയുണ്ട് എന്ന് അദ്ദേഹത്തെ പറയാന്‍ പ്രേരിപ്പിച്ചത് ആ അതിയാഥാസ്ഥികതയുടെ പ്രതിഫലനമാണ്. തന്റെ പര്‍ദ്ദ, ഖിലാഫത്തും രാജവാഴ്ച്ചയും, ഖുതുബാത്ത് തുടങ്ങി വിവിധ പുസ്തകങ്ങളിലും ഈ യാഥാസ്ഥികത നിഴലിക്കുന്നത് കാണാം. തന്റെ തഫ്ഹീമിലും ഇത് പരന്നു കിടക്കുന്നുണ്ട്. ബഹുസ്വര പശ്ചാത്തലത്തില്‍ അപ്രസക്തമായതുകൊണ്ടാകാം ജമാഅത്ത് നിലപാടില്‍ ഒരു വന്‍ ശിഫ്റ്റ് കണ്ടു തുടങ്ങിയിട്ടുണ്ട് കുറഞ്ഞ കാലമായിട്ട്. മൗദൂദിയുടെ യാഥാസ്ഥികതയില്‍നിന്നും മുഖം മിനുക്കലിന്റെ അള്‍ട്രാ സെക്യുലറിസത്തിലേക്കുള്ള മാറ്റമാണിത്. ഈ അനിവാര്യമായ ശിഫ്റ്റ് ഇല്ലായിരുന്നുവെങ്കില്‍ മൗദൂദിസം യു.എസ്.എസ്.ആര്‍ മാക്‌സിസ്റ്റ് ഉട്ടോപിയ പോലെ എന്നോ തകര്‍ന്നുപോയേനേ. പക്ഷെ, എത്ര വലിയ മാറ്റത്തിനു തയ്യാറായാലും 'മൗദൂദി പൗരോഹിത്യം' അവരെ എന്നും വേട്ടയാടാനുണ്ടാകുമെന്നതില്‍ സംശയമില്ല. 'ആ ജമാഅത്തല്ല ഈ ജമാഅത്ത്' എന്ന് നെറ്റിയില്‍ സ്റ്റിക്കറൊട്ടിച്ചിട്ടും കാര്യമൊന്നുമില്ല; മൗദൂദി സാഹിത്യങ്ങള്‍ നിലനില്‍ക്കുന്ന കാലമത്രയും ജമാഅത്തിന്റെ മുഖം മൂടികള്‍ അഴിഞ്ഞുവീഴുകതന്നെ ചെയ്യും. സോളിഡാരിറ്റിയും എസ്.ഐ.ഓയും സ്വീകരിക്കുന്ന നവ ലിബറല്‍ എന്നോ അള്‍ട്രാ സെക്യുലര്‍ എന്നോ വിശേഷിപ്പിക്കാവുന്ന നിലപാടുകളാണ് ഇന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മുഖ ശ്രീ. ആധുനിക മതേതര 'മോദീ'യ ഇന്ത്യയില്‍ ജമാഅത്തിന് ഇടം കണ്ടെത്തുകയാണ് അവര്‍ ഇത്തരം നിലപാടുകളിലൂടെ. അംബേദ്കറിനോടൊപ്പം മതേതര ഇന്ത്യയില്‍ മൗദൂദിയെ പ്രതിഷ്ഠിക്കാനുള്ള വ്യഗ്രതയിലാണ് അവരിന്ന്. മതവും മതേതരത്വവും രാഷ്ട്രീയ കാഴ്ച്ചപ്പാടും ചോദ്യം ചെയ്യപ്പെടുകയും നിലനില്‍പ് ഭീഷണിയിലാവുകയും ചെയ്യുമ്പോള്‍ ഇത്തരം ചെപ്പടിവിദ്യകള്‍ക്കേ പ്രസക്തിയുള്ളൂ. ശ്രീ നാരായണ ഗുരുവും വക്കം മൗലവിയും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍ തോള്‍ ചേര്‍ന്നതായി അവതരിപ്പിക്കപ്പെട്ടപോലെ അധ:സ്ഥിതരുടെ പുനരുത്ഥാനത്തിന് അംബേദ്കറോടൊപ്പം എടുത്തുപറയാന്‍ പറ്റിയ സ്വരൂപം എന്ന നിലക്കാണ് ഇപ്പോഴത്തെ പുതിയ അവതരണങ്ങളും വ്യാഖ്യാനങ്ങളും. പൗരോഹിത്യത്തിന്റെ ആദര്‍ശ മൗദൂദിയില്‍നിന്നും മോചന പ്രസ്ഥാനത്തിന്റെ അക്കാദമിക മൗദൂദിയിലേക്കുള്ള മാറ്റമായാണ് അണിയറശില്‍പികള്‍ ഇതിനെ കാണുന്നത്. ഒരു ഭാഗത്ത് സലഫീ തീവ്രതയും മറു ഭാഗത്ത് ബഹുസ്വരതയുടെ കണ്ണിറുക്കലും പ്രശ്‌നവല്‍കരിക്കപ്പെട്ട വര്‍ത്തമാന ലോകത്ത് പിടിച്ചുനില്‍ക്കാന്‍ ഇനി ജമാഅത്തിനുള്ള ഒരേയൊരു കച്ചിത്തുരുമ്പ് അദ്ദേഹത്തെ ചട്ടമ്പി സ്വാമികളായും ഡോ. പല്‍പ്പുവായും അംവേദ്കറായും ശ്രീ നാരായണ ഗുരുവായുമെല്ലാം അവതരിപ്പിക്കുക എന്നതു തന്നെയാണ്. പക്ഷെ, ഇവിടെ ഒരു കണ്ടീഷനുണ്ട്. ഇനിയും മൗദൂദി സാഹിത്യത്തിലെ യാഥാസ്ഥികത്വം കുത്തിപ്പൊക്കി പുറത്തു കൊണ്ടുവരരുത് എന്നതാണത്. മൗദൂദി രാഷ്ട്ര പരികല്‍പനയില്‍ ദലിതന് എന്ത് സ്ഥാനം എന്നു ചോദിച്ചാല്‍ സംഗതി പാളിപ്പോകും. പക്ഷെ, ചര്‍ച്ചകള്‍ക്ക് അത്രമാത്രം ആഴം നല്‍കാതെ അന്വേഷണങ്ങളുടെ പുതിയ സാധ്യതയും നിറങ്ങളും മെനയുകയാണിന്ന് എസ്.ഐ.ഓയും സോളിഡാരിറ്റിയും. കലാപ സമാനമായ വര്‍ത്തമാന ഇന്ത്യന്‍ പരിസരത്തില്‍ അവരാണിന്ന് ജമാഅത്തെ ഇസ്‌ലാമിയെ അല്‍പമെങ്കിലും സംരക്ഷിച്ചുനിര്‍ത്തുന്നത്. 'പൊതുത്വ'ത്തിന്റെ മഹാലോകം തേടിയുള്ള നെട്ടോട്ടത്തിനിടയില്‍, തൊട്ടടുത്ത ഭാവിയില്‍, ലൈംഗിക തൊഴിലാളികള്‍ക്കും ചെത്തുതൊഴിലാളികള്‍ക്കും ഇതില്‍ ഉപസംഘടന വരാതിരുന്നാല്‍ മതിയായിരുന്നുവെന്നതാണ് നമുക്കിന് ആകെയുള്ള പ്രാര്‍ത്ഥന.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter