ഇശ്ഖ്: റൂമി തുറന്ന കിളിവാതിലുകള്‍

ഹിജ്‌റ 604 റബീഉല്‍ അവ്വല്‍ മാസത്തില്‍  ഇന്നത്തെ അഫ്ഗാനിസ്താനില്‍ സ്ഥിതി ചെയ്യുന്ന 'ഖല്‍ബ്' എന്ന പ്രദേശത്ത് ജനിച്ച് പിതാവിന്റെ കൂടെയുള്ള നിരന്തര യാത്രകള്‍ക്കു ശേഷം തുര്‍ക്കിയിലെ 'ഖൂനിയ'യില്‍ എത്തുകയും ശിഷ്ടകാലം അവിടെ കഴിച്ചുകൂട്ടുകയും ചെയ്ത പേര്‍ഷ്യന്‍ ദാര്‍ശനിക കവിയാണ് മൗലാനാ റൂം എന്നു പ്രസിദ്ധനായ മുഹമ്മദ് ജലാലുദ്ദീന്‍ റൂമി(റ). ഹി. 672 ജമാദുല്‍ ഉഖ്‌റാ 5ന് 68ാം വയസ്സിലാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം നടക്കുന്നത്. ആറു പതിറ്റാണ്ടു കാലത്തെ ജീവിതത്തിനിടയില്‍ 'ഇശ്ഖി'നെ നിര്‍വചിക്കാനും ദൈവാനുരാഗത്തിന്റെ തീവ്രതയിലേക്കു ജനങ്ങളെ വഴിനടത്താനും അദ്ദേഹം ശ്രദ്ധിച്ചു. ദൈവാനുരാഗം അദ്ദേഹത്തെ അസ്വസ്ഥനാക്കി. അതൊരു തീജ്വാലയായി ഓരോ ഞരമ്പുകളിലും കത്തിപ്പടര്‍ന്നു. ശംസ് തിബ്‌രീസിയെന്ന ഗുരുവിന്റെ ശിക്ഷണത്തില്‍ ആത്മീയ പടവുകള്‍ ഓരോന്നായി അദ്ദേഹം കയറിയിറങ്ങി. അവസാന നിമിഷം മരണത്തെ മുഖാമുഖം കാണുമ്പോള്‍ ജീവിത സന്ദേശത്തിന്റെ ആകെത്തുകയെന്നോണം റൂമി പാടി:

'ഗര്‍ മൂമിനീ വശീരീന്‍ ഹം മൂമിനസ്ത് മര്‍ഗത്ത്
ഗര്‍ കാഫിരീ വ തല്‍ഖീ ഹം കാഫിറസ്ത് മുര്‍ദന്‍'
'നീ മുഅ്മിനെങ്കില്‍ നിന്റെ മരണവും മുഅ്മിന്‍, നീ കാഫിറെങ്കില്‍ നിന്റെ മരണവും അപ്രകാരം.'

ഇരുപത്തിയെണ്ണായിരത്തോളം വരികളുള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ 'മസ്‌നവി' പേര്‍ഷ്യന്‍ സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുന്ന കൃതിയാണ്. കഴിഞ്ഞ ഏഴു നൂറ്റാണ്ടുകളിലായി വിവിധ ശൈലിയിലും ഭാവത്തിലും മസ്‌നവിയെ വ്യാഖ്യാനിക്കാനും അതിന്റെ സന്ദേശം സമൂഹത്തിനു പകര്‍ന്നു നല്‍കാനും സാഹിത്യകാരന്മാരും ബുദ്ധിജീവികളും വിദ്വാന്മാരും പരിശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

അബുല്‍ ഹസന്‍ നദ്‌വി സാഹിബ് മസ്‌നവിയെ ഇങ്ങനെ നിരൂപിക്കുന്നു:

'ഇരുപതാം നൂറ്റാണ്ടില്‍ ആഗോള മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന ഭൗതികതയുടെ അതിപ്രസരവും യൂറോപ്യന്‍ തത്ത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും കടന്നു കയറ്റവും മുസ്‌ലിം ഹൃദയങ്ങളില്‍ സംശയത്തിന്റെ വിത്തുകള്‍ പാകി. ക്രമേണ മനുഷ്യ ബുദ്ധിക്കതീതമായത് ഒന്നും വിശ്വസിക്കാന്‍ പറ്റില്ലെന്ന തനി ഭൗതിക വാദത്തിലേക്കു മുസ്‌ലിംകള്‍ ആപതിച്ചു തുടങ്ങി. പഴയ കാലത്ത് വിരചിതമായ വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങള്‍ ഈ അവസ്ഥ നേരിടാന്‍ പോന്നതായിരുന്നില്ല. തിരമാലകള്‍ കണക്കെ അടിച്ചുയരുന്ന ഭൗതികതയെ നേരിടാനും തടുത്തു നിര്‍ത്താനും മസ്‌നവിക്കു സാധിച്ചു. ഹൃദയങ്ങളില്‍ വീണ്ടും ഈമാനികാവേശം തിരിച്ചു കൊണ്ടുവരാനും വഹ്‌യിന്റെയും അതീന്ദ്രിയ ലോകത്തിന്റെയുമൊക്കെ മഹത്വങ്ങള്‍ മനസ്സിലാക്കിക്കൊടുക്കാനും അതിനു കഴിഞ്ഞു. നിരീശ്വര നിര്‍മത വാദങ്ങളിലേക്കു ആപതിച്ചു പോയ നൂറുകണക്കിനു ജനങ്ങളെ ഇസ്‌ലാമിന്റെ തീരത്തേക്ക് തിരിച്ചു വിളിച്ചു മസ്‌നവി. ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധ ചിന്തകനും തത്ത്വജ്ഞാനിയുമായ മുഹമ്മദ് ഇഖ്ബാല്‍  സ്വന്തം സ്ഥാനത്തെത്തിയത് മസ്‌നവി വായിച്ചതു കൊണ്ടായിരുന്നു'. 

ഇശ്ഖിന്റെ അനന്തമായ അര്‍ത്ഥ തലങ്ങളാണ് മസ്‌നവി അന്വേഷിക്കുന്നത്. റൂമിയെ സംബന്ധിച്ചിടത്തോളം 'ഇശ്ഖ്' ആത്മാവു പോലെയാണ്. അത് ഇല്ലാത്ത ജീവിതം സങ്കല്‍പിക്കുക വയ്യ. ഇശ്ഖിനെ മനോഹരമായി അദ്ദേഹം നിര്‍വചിച്ചു:

'ഇശ്ഖ്  ഒരു പൊരി തീയാണ്
കത്തിപ്പടരുമ്പോള്‍ പ്രേമഭാജനമൊഴികെ
എല്ലാം കരിഞ്ഞുതീരും.'

തുരുതുരെ തലയില്‍ വാളുകള്‍ വര്‍ഷിച്ചാലും തന്റെ പ്രണയഭാജനത്തെ ഒഴിവാക്കാനാവാത്തവനാണ് യഥാര്‍ത്ഥ പ്രണയി എന്ന് മൗലാനാ ജാമി(റ) പറയുന്നുണ്ട്.

ഇശ്ഖുണ്ടെങ്കില്‍ കയ്പ്പുകള്‍ മധുരങ്ങളായിരിക്കും. മണ്‍കട്ടയെ സ്വര്‍ണക്കട്ടിയാക്കാനുള്ള കഴിവ് അതിനുണ്ട്. ഇശ്ഖുണ്ടെങ്കില്‍ മുള്ളുകള്‍ പോലും പൂക്കളായി മാറുന്നു. കഴുമരത്തിനു പോലും കട്ടിലിന്റെ പ്രതീതിയായിരിക്കും. ജയിറലയെ മണിയറയാക്കാനുള്ള മാസ്മരിക ശക്തി ഇശ്ഖിനുണ്ട്. ഇശ്ഖില്ലത്ത പൂവാടിക്ക് ഒരു സൗരഭ്യവുമില്ല. ഇശ്ഖുണ്ടെങ്കില്‍ വേദനകള്‍ സന്തോഷങ്ങളായും കല്ലുകള്‍ പോലും മെഴുകുകളായും മാറുന്നു. ഇശ്ഖില്ലെങ്കില്‍ മെഴുകുകളത്രയും ഇരുമ്പായി ഉറച്ചിരിക്കും. ഇശ്ഖുണ്ടെങ്കില്‍ വിഷത്തിനു പോലും തേനിന്റെ മാധുര്യമായിരിക്കും. രോഗങ്ങള്‍ ആരോഗ്യങ്ങളായി മാറും. ഇശ്ഖുണ്ടെങ്കില്‍ മൃതര്‍ പോലും ജീവിച്ചിരിക്കും. ഇശ്ഖിനു മുമ്പില്‍ രാജാവ് അടിമയായി പരിണമിക്കും..... ഇങ്ങനെ ഇശ്ഖിന്റെ അനന്തതകളെക്കുറിച്ച്, അത്ഭുതങ്ങളെക്കുറിച്ച് റൂമി പാടിക്കൊണ്ടിരിക്കുന്നു:

'ദര്‍ ന ഗന്‍ജദ് ഇശ്ഖ് ദര്‍ ഗുഫ്‌തോ ശുനീദ്
ഇശ്ഖ് ദര്‍യായസ്ത് ഖഅ്‌റശ് നാ പദീദ്'
'ഇശ്ഖിനെക്കുറിച്ച് പറഞ്ഞു തീരില്ല
അതൊരു മഹാസമുദ്രം
അതിന്റെ ആഴമെങ്ങനെയളക്കാന്‍?'
'ഖത്വ്‌റഹായെ ബഹ്‌റ് റാ ന തുവാന്‍ ശിമുര്‍ദ്
ഹഫ്ത് ദര്‍യാ പേശെ ആ ബഹ്‌റസ്ത് ഖൂര്‍ദ്'
'സമുദ്രത്തിലെ ജലകണങ്ങള്‍ എണ്ണിത്തീരുമോ?
പ്രണയ സമുദ്രത്തിന് സമക്ഷം 
ഏഴു കടലുകളും ഒരു തുള്ളി വെള്ളം'

റൂമി(റ)യുടെ അനക്കവും അടക്കവും കണ്ണും ഹൃദയവുമൊക്കെ ഇശ്ഖായിരുന്നു. അദ്ദേഹം വിളിച്ചു പറഞ്ഞു:

'മുല്‍കെ ദുന്‍യാ തന്‍ പറസ്താന്റാ ഹലാല്‍ 
മാ ഗുലാമെ മുല്‍കെ ഇശ്‌ഖെ ബേ സവാല്‍'
'ഭൗതിക ലോകം ഭൗതികവാദികളുടേത്
ഞാന്‍ അപാരമായ പ്രണയ സാമ്രാജ്യത്തില്‍
കേവലമൊരു അടിമ.'

'എല്ലാ രോഗികളും രോഗം മാറണമെന്നാണ് ആഗ്രഹിക്കാറ്. പക്ഷേ, ഇശ്ഖ് രോഗം പിടിപെട്ടവര്‍ അത് ഇരട്ടിക്കണമെന്നാഗ്രഹിക്കുന്നു. ഈ വിഷത്തെക്കാളും മധുരമുള്ള പാനീയം ഞാന്‍ കണ്ടിട്ടില്ല. ഈ രോഗാവസ്ഥയോളം നല്ല ആരോഗ്യം കണ്ടിട്ടില്ല. ഇശ്ഖ് തന്നെയാണ് എല്ലാ രോഗങ്ങള്‍ക്കുമുള്ള ചികിത്സ. അത് തന്നെയാണ് പ്ലാറ്റോ. അത് തന്നെ ഗാലനും. ഇശ്ഖിനെ കുറിച്ച് ഞാന്‍ പറഞ്ഞു തുടങ്ങിയാല്‍ നൂറു കണക്കിന് ഖിയാമത്തുകള്‍ വന്നാലും പറച്ചിലവസാനിക്കില്ല. കാരണം, ഖിയാമത്തിന് ഒരു നിശ്ചിത സമയവും പരിധിയും ഉണ്ട്; ഇശ്ഖിന് പരിധിയില്ല.'
ഇശ്ഖിനെ മനോഹരമായി വര്‍ണിച്ചതിനു ശേഷം അമൂര്‍ത്ത വസ്തുവായ ഇശ്ഖിന്റെ മൂര്‍ത്ത രൂപമായാണ് നബിതിരുമേനി(സ്വ)യെ റൂമി അവതരിപ്പിക്കുന്നത്:

'ബാ മുഹമ്മദ് ബൂദ് ഇശ്‌ഖെ പാക് ഖുഫ്ത്
ബഹ്‌റെ ഇശ്ഖ് ഊറാ ഖുദാ ലൗലാക് ഗുഫ്ത്.'
'മുഹമ്മദ് നബിയില്‍ ഇശ്ഖ് നിറവായിരിക്കുന്നു
അതുകാരണം ലൗലാക ലമാ ഖലഖ്തുല്‍ അഫ്‌ലാക്
എന്ന് അല്ലാഹു മൊഴിഞ്ഞിരിക്കുന്നു.'

നബി(സ്വ)യെ സാധാരണ മനുഷ്യനായി കാണുന്നത് കാഫിറുകളുടെ ലക്ഷണമായി അദ്ദേഹം പറയുന്നു: 

'കാഫിറുകള്‍ അഹ്മദിനെ മനുഷ്യനായാണ് കാണുന്നത്.
അവിടന്ന് കാണിച്ച മുഅ്ജിസത്തുകള്‍ പോലും കണ്ടില്ലെന്ന് നടിക്കുന്നു അവര്‍.'

'അല്ലാഹുവിന്റെ ദിവ്യപ്രകാശം പൂര്‍ണാര്‍ത്ഥത്തില്‍ പ്രകടമായ ശരീരമാണ് നബി(സ്വ) തങ്ങളുടേത്. അല്ലാഹുവിന്റെ പ്രകാശത്തില്‍ നിന്ന് ഒരംശമെങ്കിലും ആരുടെയെങ്കിലും ശരീരത്തില്‍ പ്രകടമായാല്‍ സൂര്യന്‍ പോലും അവന്റെ മുന്നില്‍ ലജ്ജിച്ചുപോകും. അങ്ങനെയെങ്കില്‍ നബി(സ്വ)യുടെ മഹത്വത്തിന്റെ വലിപ്പം പറയേണ്ടതുണ്ടോ?'

ആത്മജ്ഞാനത്തിന്റെ അങ്ങേയറ്റത്താണ് നബി(സ്വ)യുടെ സ്ഥാനം. മിഅ് റാജിന്റെ രാത്രി ഏഴാകാശങ്ങളുടെയും ഖജാനകള്‍ തനിക്കുവേണ്ടി തുറക്കപ്പെട്ടിട്ടും മലക്കുകളും ഹൂറികളും തന്നെ സ്വീകരിക്കാന്‍ വേണ്ടി അണിനിരന്നിട്ടും അല്ലാഹുവിലേക്ക് മാത്രമായിരുന്നു നബി(സ്വ) തങ്ങളുടെ നോട്ടം. 'തങ്ങളുടെ ദൃഷ്ടി മറ്റെങ്ങോട്ടും തെറ്റിയിട്ടില്ല' എന്ന സൂക്തം ഇതാണ് സൂചിപ്പിക്കുന്നത്. ദൈവാനുഗ്രഹത്തില്‍ ലയിച്ച ഒരാള്‍ക്ക് അല്ലാഹുവിനെ മാത്രമേ പിന്നെ ഓര്‍മയുണ്ടാകൂ. പ്രസിദ്ധ പേര്‍ഷ്യന്‍ കവി ഹാഫിളിന്റെ വാക്കുകള്‍:

'പല വസ്തുക്കളും കാണണമെന്ന് മനസ്സ് കൊതിക്കാറുണ്ട്. പക്ഷേ, അല്ലാഹുവേ, നിന്നെ കണ്ടപ്പോള്‍ എല്ലാ ആഗ്രഹങ്ങളും മനസ്സില്‍ അസ്തമിച്ചു.'

'ഇരുലോകങ്ങളുടെ അഭിമാനമാം മുഹമ്മദ് നബി
തന്‍ ഒതുക്കിലെ മണ്ണെങ്കിലും അല്ലാത്തവന് നഷ്ടം' എന്ന് പേര്‍ഷ്യന്‍ കവി പാടിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ച ഫലസ്തീനിയന്‍ കവി യൂസുഫ് നബ്ഹാനി(റ) പ്രവാചകരുടെ ചെരിപ്പുകള്‍ക്ക് പോലും മഹത്വം കല്‍പിച്ചു:
'ലോകത്തിന്റെ നെറുകയില്‍ 
മുഹമ്മദ് നബിയുടെ പാദുകങ്ങള്‍
സമസ്തവും അതിന്റെ തണല്‍പ്പാടില്‍.' (ജവാഹിറുല്‍ ബിഹാര്‍- നബ്ഹാനി)
'മുഴുവന്‍ പ്രവാചകര്‍ക്കുമിടയില്‍
രാജപദവി ലഭ്യമാകുവതെക്കാള്‍
തിരുപാദങ്ങള്‍ക്ക് സേവനമരുളുക എനിക്ക് പ്രീതി
അതിനെക്കാള്‍ മഹത്വം മറ്റെന്ത്?' (അല്‍ ഖസ്വീദതുര്‍റാഇയ്യ- നബ്ഹാനി)
മലക്കുകള്‍ പോലും പ്രവാചക സ്‌നേഹത്തില്‍ ലയിച്ചു ചേര്‍ന്നിരുന്നതായി റൂമി പറയുന്നു:
'വഴിയോരങ്ങളില്‍ അവിടത്തെ പ്രതീക്ഷിച്ചു കൊണ്ട് മലക്കുകള്‍ കാത്തിരിപ്പായിരുന്നു. നൂറു കണക്കിന് യൂസുഫുമാര്‍ അവിടത്തെ ദര്‍ശിക്കാന്‍ വേണ്ടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. നബി തിരുമേനി(സ്വ) പൂര്‍ണമായും അല്ലാഹുവിന്റെ ദിവ്യജ്യോതിസില്‍ ലയിച്ചിരുന്നു. അമ്പിയാക്കള്‍ക്കും മലക്കുകള്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത ഉന്നതങ്ങളിലാണ് അവിടന്നുള്ളത്.' (മസ്‌നവി)

രാത്രിയോടാണ് ഭൗതിക ലോകത്തെ റൂമി ഉപമിക്കുന്നത്. രാത്രിയില്‍ സൂര്യനെ കാണാന്‍ കഴിയാത്തതു പോലെ ഭൗതിക ലോകത്ത് അല്ലാഹുവിന്റെ ദിവ്യപ്രകാശം കാണാന്‍ സൃഷ്ടികള്‍ക്ക് സാധ്യമല്ല. നബി(സ്വ) ഭൗതിക ലോകത്ത് വെച്ചും അല്ലാഹുവിനെ കണ്ടു. രാത്രി സമയത്തും സൂര്യനെ ദര്‍ശിക്കുന്നത് പോലെയാണിത്. 

'അഖ്ല്‍ ചൂന്‍ ജിബ്‌രീല്‍ ഗോയദ് അഹ്മദാ
ഗര്‍ യകേ ഗാമേ സനം സോസദ് മുറാ'
'മിഅ്‌റാജ് രാവില്‍ ജിബ്‌രീല്‍:
ഒരുചുവട് മുന്നോട്ടുവെച്ചാല്‍ കത്തിയമരും ഞാന്‍
ജിബ്‌രീല്‍ പ്രവേശിക്കാത്തിടത്ത് അങ്ങെഴുന്നള്ളി.'
'അഹ്മദ് അര്‍ ബി കുശായദ് ആന്‍ പറെ ജിബ്‌രീല്‍
താ അബദ് മദ്ഹൂശ് മാനദ് ജബ്‌റഈല്‍'
'നബി മഹത്വത്തിന്റെ ചിറകുവിരിക്കില്‍ 
ജിബ്‌രീലു പോലും ബോധരഹിതനായിടും.'

വഹ്‌യിന്റെ തുടക്കത്തില്‍ ജിബ്‌രീലിനെ കണ്ടപ്പോള്‍ നബി(സ്വ)ക്ക് വിറയല്‍ അനുഭവപ്പെട്ടതിനെ പ്രവാചക പ്രേമികള്‍ പല രൂപത്തിലും വ്യാഖ്യാനിക്കുന്നുണ്ട്. നബി(സ്വ)യുടെ ശാരീരിക രൂപത്തിന് മാത്രമായിരുന്നു വിറയല്‍ അനുഭവപ്പെട്ടത്. അവിടത്തെ യഥാര്‍ത്ഥ രൂപം പ്രകടമായിരുന്നെങ്കില്‍ ജിബ്‌രീല്‍ പോലും അമ്പരന്നു പോകുമായിരുന്നു. ഇന്ത്യയില്‍ ജീവിച്ച വലിയ പ്രവാചക പ്രേമിയായിരുന്ന ശാഹ് അബ്ദുല്‍ ഹഖ് മുഹദ്ദിസ് ദഹ്‌ലവി മദാരിജുന്നുബുവ്വയില്‍ ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്.

നബി(സ്വ)യെ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് ശാഹിദ് എന്നാണ്. ശാഹിദ് എന്നാല്‍ സാക്ഷി. കോടതിയില്‍ എല്ലാവരുടെയും ശ്രദ്ധ സാക്ഷിയിലേക്കായിരിക്കും. സാക്ഷിയുടെ വാക്കുകള്‍ക്കാണ് ന്യായാധിപന്‍ വില കല്‍പിക്കുക. അതിനു മുന്നില്‍ ഇതര വാക്കുകളെല്ലാം നിഷ്ഫലം. ലോകത്തെ ഏറ്റവും വലിയ കോടതിയില്‍ ശാഹിദ് ആകാന്‍ നബി(സ്വ)യെയാണ് അല്ലാഹു തെരഞ്ഞെടുത്തത്. ഇത് അവിടത്തെ മഹത്വം വിളിച്ചോതുന്നതായി റൂമി സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹുവല്ലാത്ത മറ്റൊന്നിലേക്കും നബി(സ്വ)യുടെ നയനങ്ങള്‍ പതിഞ്ഞിട്ടില്ലാത്തതിനാല്‍ ശാഹിദ് ആകാന്‍ അവിടന്ന് തന്നെയാണ് യോഗ്യന്‍.

നുബുവ്വതിന്റെയും അമ്പിയാക്കളുടെയും മഹത്വം നിരവധി കവിതകളിലൂടെ റൂമി വിവരിക്കുന്നുണ്ട്. അവര്‍ നമ്മുടെ ഹൃദയരോഗങ്ങള്‍ ചികിത്സിക്കുന്ന ഭിഷഗ്വരന്മാരാണ്. അമ്പിയാക്കള്‍ വിളിക്കുമ്പോള്‍ സമുദായം അതിന് ഉത്തരം നല്‍കണം. അവരുടെ കല്‍പനകള്‍ അംഗീകരിച്ചു കൊള്ളണം. അതിന് തെളിവുകള്‍ അന്വേഷിക്കുന്നത് വിഡ്ഢിത്തമാണ്. കാരണം അവരുടെ വാദങ്ങള്‍ തന്നെയാണ് അതിനുള്ള തെളിവുകളും. ചെറിയ ഉദാഹരണങ്ങളിലൂടെ മസ്‌നവി ഇക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു ഉമ്മ തന്റെ കുട്ടിക്ക് അമ്മിഞ്ഞപ്പാല്‍ വെച്ചുനീട്ടിയാല്‍ കുട്ടി അതിന് തെളിവുകള്‍ തിരഞ്ഞു നടക്കാറുണ്ടോ? ദാഹിച്ചുവലഞ്ഞ ഒരാള്‍ക്ക് ദാഹജലം വെച്ചുനീട്ടിയാല്‍ അത് വെള്ളമാണെന്നതിന് അവന്‍ തെളിവുകള്‍ ചോദിക്കാറുണ്ടോ? ലോകം മുഴുവനും ആത്മീയ ദാഹത്തില്‍ അകപ്പെട്ടപ്പോള്‍ അവര്‍ക്ക് ദാഹമകറ്റാന്‍ ശുദ്ധജലവുമായി വന്നവരത്രേ അമ്പിയാക്കള്‍. അവരോട് തെളിവുകള്‍ അന്വേഷിക്കുന്നവര്‍ സ്വന്തം ശരീരത്തെയാണ് അക്രമിക്കുന്നത്. 'അല്ലാഹു അവരോട് അതിക്രമം പ്രവര്‍ത്തിച്ചിട്ടില്ല. അവര്‍ തന്നെയാണ് തങ്ങളുടെ ശരീരങ്ങളോട് അതിക്രമം പ്രവര്‍ത്തിക്കുന്നത്' എന്ന് ഖുര്‍ആന്‍ പലേടത്തും വിശദമാക്കുന്നുണ്ട്.

അമ്പിയാക്കളുടെ സ്ഥാനത്തെത്താന്‍ ഒരാള്‍ക്കും സാധ്യമല്ല. ഔലിയാക്കള്‍ ആത്മീയ ലോകത്ത് സഞ്ചരിക്കുന്നവരാണെങ്കില്‍ അമ്പിയാക്കള്‍ ആത്മീയ വിഹായസ്സില്‍ പറക്കുന്നവരാണെന്ന് ദാര്‍ശനികര്‍ പറഞ്ഞിട്ടിട്ടുണ്ട്. നബി(സ്വ)യുടെ മഹത്വങ്ങളെ കുറിച്ച് ചിന്തിക്കുംതോറും ഉള്ളില്‍ ഭയം തോന്നുകയാണ്. സാധാരണ ബുദ്ധിക്ക് എത്താവുന്നതിലും അപ്പുറത്താണ് നബി(സ്വ)യുടെ സ്ഥാനം. 

'ബാലഗല്‍ മുദ്ദാഹു ഫീ ഔസ്വാഫിഹി ഫമാ ബലഗ്
ബാലിഗുന്‍ മിഅ്ശാറ മാ ഊതീ ബിമാഫില്‍ ബാലി ബാല്‍'
'പ്രകീര്‍ത്തകര്‍ എത്ര ശ്രമിച്ചിട്ടും പ്രവാചക മഹത്വത്തിന്റെ
ദശാംശം പോലും പറഞ്ഞെത്താന്‍ അവര്‍ക്കായില്ല.'
പ്രവാചകരെ വര്‍ണിക്കുമ്പോഴുള്ള ഈ ഉള്‍ഭയം പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതായി കാണാം.

പ്രസിദ്ധ പേര്‍ഷ്യന്‍ സ്വൂഫിവര്യനായ അബൂയസീദ് അല്‍ ബിസ്ത്വാമി(റ) പറയുന്നു: മലകൂത്തീ ലോകങ്ങളിലേക്ക് ഞാന്‍ ആനയിക്കപ്പെട്ടു. ഓരോ നബിയുടെയും ആത്മാക്കളുടെ അടുത്തുകൂടെ ഞാന്‍ നടന്നു. അവര്‍ക്കൊക്കെയും സലാം ചൊല്ലി. പക്ഷേ, മുഹമ്മദ് നബി(സ്വ)യുടെ ആത്മാവിനടുത്ത് എത്തിയപ്പോള്‍ ചുറ്റും പ്രകാശത്തിന്റെ ആയിരം വേലിക്കെട്ടുകള്‍. അതിലൊന്ന് മുറിച്ചുകടന്നാല്‍ തന്നെ ഞാന്‍ കരിഞ്ഞുപോകുമായിരുന്നു.

മുഹമ്മദീ റൂഹിനെ വര്‍ണിക്കും തോറും പരിഭ്രമം അനുഭവപ്പെടുന്നതായി റൂമി പറയുന്നുണ്ട്:
'ഖുദ് നതാനം ദര്‍ ബി ഗോയം വസ്വ്‌ഫെ ജാന്‍
സല്‍സല ഉഫ്തദ് ദരീന്‍ കൗന്‍ ഓ മകാന്‍'
'മുഹമ്മദീ റൂഹിനെ വര്‍ണിക്കാന്‍ എനിക്ക് സാധ്യമല്ല. വര്‍ണിക്കുംതോറും ലോകമൊന്നടങ്കം കിടിലം കൊള്ളും.'
'മനുഷ്യര്‍ക്കിടയില്‍ മറഞ്ഞിരിക്കും സൂര്യന്‍ അങ്ങ്
അതിന്‍ വെളിച്ചത്തില്‍ മനുഷ്യ- ജിന്നുകള്‍, മലക്കുകളും ജീവിക്കുന്നു.
അങ്ങയുടെ പ്രകീര്‍ത്തനം അന്ത്യദിനം വരെ-
യിരുന്നാലും അവസാനിക്കില്ല.'

അവലംബം:

1. താരീഖെ ദഅ്‌വത്ത് വ അസീമത്ത്- അബുല്‍ ഹസന്‍ നദ്‌വി
2. മിഫ്താഹുല്‍ ഉലൂം ശര്‍ഹെ മസ്‌നവി- മുഹമ്മദ് നദീര്‍ മുജദ്ദിദി
3. മആരിഫെ മസ്‌നവി- ശാഹ് മുഹമ്മദ് അഖ്തര്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter