വീട്ടുപണിയില്‍ സ്ത്രീകള്‍ക്ക് പ്രതിഫലമുണ്ട്

സ്ത്രീകള്‍ നമ്മുടെ വീടുകളുടെ വെളിച്ചമാണ്. അവരിലൂടെയാണ് നമ്മുടെ വീടുകള്‍ക്ക് സ്വച്ഛവും സുന്ദരവുമായൊരു അന്തരീക്ഷം കൈവരുന്നത്. വൃത്തിയും വെടിപ്പും ഉണ്ടാകുന്നത്. അവരില്ലാത്ത ഒരു വീടിനെ നമുക്ക് ഓര്‍ക്കാന്‍തന്നെ സാധ്യമല്ല. ദൈനംദിന ജീവിതത്തില്‍ അവര്‍ നമ്മുടെ വീട്ടകങ്ങളില്‍ ചെയ്തുതീര്‍ക്കുന്ന ജോലികള്‍ക്ക് കൈയും കണക്കുമില്ല. പുരുഷന്മാര്‍ക്ക് ചെയ്തുതീര്‍ക്കാന്‍ കഴിയാത്തത്ര ഭാരിച്ചതാണവ. എന്നിട്ടും ലാഭേച്ഛയേതുമില്ലാതെ അവര്‍ എല്ലാ പണികളും കൃത്യമായി ചെയ്തുതീര്‍ക്കുന്നു. അതുകൊണ്ട് അവരുടെ ഈ ജോലികളൊന്നും നാം ചെറുതായി കാണരുത്. അതിനെല്ലാം അര്‍ഹമായ പ്രതിഫലം അല്ലാഹു നല്‍കുന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനും ഭര്‍ത്താവിനെ അനുസരിക്കുന്നതിനും കുട്ടികളുടെയും മാതാപിതാക്കളുടെയും വസ്ത്രം അലക്കുന്നതിനുമെല്ലാം അല്ലാഹു പ്രതിഫലം നല്‍കും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സ്വര്‍ഗത്തില്‍ കടക്കാന്‍ വളരെ എളുപ്പമുള്ള വഴികളാണ് അല്ലാഹു സംവിധാനിച്ചു നല്‍കിയിരിക്കുന്നത്. ഭര്‍ത്താക്കന്മാരെ അനുസരിക്കുകയും സുകൃതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും നിര്‍ബന്ധ ബാധ്യതകള്‍ വീട്ടുകയും ചെയ്യുക എന്നതാണത്. 

പുണ്യനബിയുടെ മകളുടെയും മരുമകന്റെയും കുടുംബ ജീവിതമാണ് ഇവിടെ നമുക്ക് മാതൃക. അവരുടെ കൊച്ചുവീട്ടിലെ ജോലികളെല്ലാം ചെയ്തിരുന്നത് മഹതി ഫാത്വിമ ബീവി തന്നെയാണ്. അവരെ സഹായിക്കാന്‍ ഭൃത്യന്‍മാര്‍ ഉണ്ടായിരുന്നില്ല. ധാന്യം പൊടിക്കവെ ആസുകല്ല് (ഗ്രൈന്റര്‍) പിടിച്ച് കൈകളില്‍ മുറിവ് വന്നിരുന്നു. വീട് അടിച്ചുവാരിയത് കാരണം അവരുടെ വസ്ത്രം പൊടി പുരണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു സംഭവമുണ്ടായി. പ്രവാചകന് ഒരു യുദ്ധത്തില്‍ കുറെ അടിമകളെ ലഭിച്ചു. അപ്പോള്‍ ഭാര്യയുടെ കഷ്ടപ്പാടുകള്‍ കണ്ട് ദു:ഖം തോന്നിയ അലി (റ) ഫാത്വിമ ബീവിയെ വിളിച്ചു പറഞ്ഞു: 'നീ ഉപ്പയുടെ അടുത്ത് പോയിനോക്കുക. ഒരു അടിമയെ ലഭിക്കുകയാണെങ്കില്‍ നിന്റെ ജോലിഭാരം കുറയും'.

അങ്ങനെ മനമില്ലാ മനസ്സോടെ ഫാത്വിമ ബീവി നബി(സ്വ)യുടെ അടുത്തേക്ക് ചെന്നു. അപ്പോള്‍ വര്‍ത്തമാനം പറഞ്ഞ് തീരാത്ത ഒരാളെ അവിടെ കാണുകയും ആവശ്യം പറയാന്‍ കഴിയാതെ തിരിച്ചു പോരുകയും ചെയ്തു. ഇത് അറിഞ്ഞ പ്രവാചകന്‍ വിവരമന്വേഷിച്ച് ഫാത്വിമ ബീവിയുടെ അടുത്തേക്ക് വന്നു. അവിടെ അലി (റ) വുമുണ്ട്. 

'നിങ്ങള്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടായിരുന്നോ?' പ്രവാചകന്‍ ചോദിച്ചു.

'ഉണ്ട്. നാണം കൊണ്ട് പറയാതിരിക്കുകയാണ്.' അലി (റ) പറഞ്ഞു.

'അതുകൊണ്ട്, ഞാന്‍ തന്നെ അത് പറയാം നബിയേ.' അലി (റ) പറഞ്ഞു തുടങ്ങി. 'ആസുകല്ല് പിടിച്ച് അവരുടെ കൈവെള്ളയില്‍ മുറിവ് പറ്റിയിട്ടുണ്ട്. ഒരു സേവകനെ അങ്ങ് ഞങ്ങള്‍ക്കനുവദിച്ചാല്‍ വളരെ നന്നാവുമായിരുന്നു.' 

അവിടന്ന് മറുപടി കൊടുത്തു:

'ഫാത്വിമാ, നീ അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്റെ നിര്‍ബന്ധ ബാധ്യത ചെയ്തു വീട്ടുക. നിന്റെ ഭര്‍ത്താവിന്റെ വീട്ടിലെ ജോലി ചെയ്യുക. പിന്നെ കിടന്നുറങ്ങാന്‍ പോകുമ്പോള്‍ 33 തവണ സുബ്ഹാനല്ലാഹ് എന്നും 33 തവണ അല്‍ഹംദുലില്ലാഹ് എന്നും 34 തവണ അല്ലാഹു അക്ബര്‍ എന്നും നീ ഉരുവിടുക. എന്നിട്ട് കിടന്നുറങ്ങുക. നിങ്ങള്‍ ചോദിച്ച് വന്ന വേലക്കാരനേക്കാളും വേലക്കാരിയെക്കാളും നിങ്ങള്‍ക്ക് ഉത്തമം ഈ തസ്ബീഹും ഹംദും തക്ബീറും ജോലികളുമാണ്. 'ഫാത്വിമ ബീവിയുടെ കണ്ണുകള്‍ നിറഞ്ഞുപോയി. അവര്‍ പറഞ്ഞു:

'ഞാന്‍ അല്ലാഹുവിനെയും റസൂലിനെയും തൃപ്തിപ്പെട്ടിരിക്കുന്നു. എനിക്ക് മറ്റൊന്നിന്റെയും ആവശ്യമില്ല.' 

ഇമാം ബുഖാരി, മുസ്‌ലിം, തുര്‍മുദി, അബൂദാവൂദ് തുടങ്ങിയവരെല്ലാം ഉദ്ധരിക്കുന്ന ഹദീസാണിത്. ഇതില്‍നിന്നു വേണം നാം ഭാര്യാഭര്‍തൃബന്ധത്തിലെ സ്‌നേഹവും അവിടെയുണ്ടാവുന്ന കൊച്ചുകൊച്ചു പ്രശ്‌നങ്ങളുടെ പരിഹാരവും മനസ്സിലാക്കാന്‍. വീട്ടില്‍ നമ്മുടെ സഹോദരിമാര്‍ ചെയ്യുന്ന ജോലി അല്ലാഹുവിന് ഇഷ്ട്ടമുള്ളതാണെന്നും ഇത് വ്യക്തമാക്കുന്നു.

ബന്ധങ്ങളും സഹവാസങ്ങളും

മുസ്‌ലിമായി ജീവിക്കുകയെന്നതാണ് ഒരു ദിനം നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ സല്‍കര്‍മ്മം. മുസ്‌ലിം ആരാണെന്ന് പ്രവാചകരോട് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇങ്ങനെയായിരുന്നു: 

''നിന്റെ ഹൃദയം നീ അല്ലാഹുവിന് സമര്‍പ്പിച്ചാല്‍ നീയാണ് മുസ്‌ലിം. നിന്റെ നാവില്‍ നിന്നും കായബലത്തില്‍ നിന്നും മുസ്‌ലികള്‍ക്ക് രക്ഷയുണ്ടെങ്കില്‍ നീയാണ് മുസ്‌ലിം.'' ശല്യക്കാരനും ഉപദ്രവകാരിയുമാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നീ യഥാര്‍ത്ഥ വിശ്വാസിയല്ലായെന്നു സാരം. അതുകൊണ്ട് വിശ്വാസി ആര്‍ക്കും ഉപദ്രവം ചെയ്യാതെ ജീവിക്കണം. നാവുകൊണ്ടോ ആരോഗ്യം കൊണ്ടോ ആരെയും വേദനിപ്പിക്കരുത്. 

പ്രായം ചെന്നവരെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുക എന്നതാണ് നിത്യജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട വളരെ സുപ്രധാനമായൊരു കാര്യം. പ്രവാചകന്‍ പറഞ്ഞു:

'പ്രായമുള്ള ഒരാളെ ഒരു ചെറുപ്പക്കാരന്‍ ബഹുമാനിച്ചാല്‍ തനിക്ക് പ്രായമാകുമ്പോള്‍ തന്നെ ബഹുമാനിക്കാന്‍ മറ്റൊരാളെ അല്ലാഹു നിശ്ചയിക്കുന്നതാണ്.'

ഇമാം ഗസ്സാലി (റ) തന്റെ ഇഹ്‌യാ ഉലൂമിദ്ധീനില്‍ ഈ ഹദീസ് വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു: ആരെങ്കിലും ദീര്‍ഘായുസ്സ് ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ പ്രായം ചെന്നവരെ ബഹുമാനിച്ചിരിക്കണം. 

മുഖപ്രസന്നതയും എല്ലാവരെയും സന്തോഷത്തോടെ സ്വീകരിക്കാനുള്ള മനസ്സുമാണ് വിശ്വാസി കാത്തുസൂക്ഷിക്കേണ്ട മറ്റു ഘടകങ്ങള്‍. ആളുകളെ മുഖം കറുപ്പിച്ച് നോക്കാന്‍ പാടില്ല. അവിശ്വാസികളെപോലും അങ്ങനെ ചെയ്യരുത്. മുസ്‌ലിംകളെ കാണുമ്പോള്‍ പരസ്പരം സലാം പറയാന്‍ ശ്രദ്ധിക്കണം. ധാരാളം പ്രതിഫലം വാരിക്കൂട്ടാന്‍ പറ്റിയ കാര്യമാണിത്. പരസ്പരം പിണങ്ങി നില്‍ക്കുന്നവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പരസ്പരം നന്മ ഉപദേശിക്കുക, തിന്മ വിരോധിക്കുക തുടങ്ങിയവയാണ് ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍. 

തന്റെ മുസ്‌ലിമായ സഹോദരനില്‍ നിന്നുണ്ടാകുന്ന ന്യൂനതകളെ മറച്ചുവെക്കാനും നാം പ്രത്യേകം ശ്രദ്ധിക്കണം. ഒരു വിശ്വാസി തന്റെ സഹോദരന്റെ ന്യൂനതകള്‍ മറച്ചുവെച്ചാല്‍ അല്ലാഹു അവന്റെ ന്യൂനതകള്‍ മറച്ചുവെക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ തെറ്റുകളെ പോലെ സ്വന്തം തെറ്റുകളും പരസ്യപ്പെടുത്തുന്നത് കുറ്റകരമാണ്. ജീവിതത്തില്‍ തീരെ തെറ്റ് വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇനി വല്ല തെറ്റും സംഭവിച്ച് പോയാല്‍ തന്നെ അത് പരസ്യപ്പെടുത്തുകയുമരുത്. ''എന്റെ ഉമ്മത്തില്‍ തെറ്റു ചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്ത് കൊടുക്കും. തെറ്റ് ചെയ്തത് പരസ്യമാക്കുന്നവര്‍ക്ക് ഒഴികെ'' എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്.

നാം ഗൗനിക്കുകയും എടുക്കുകയും കാരുണ്യത്തോടെ പെരുമാറുകയും ചെയ്യേണ്ട മറ്റൊരു വിഭാഗമാണ് രോഗികള്‍. രോഗികളെ സന്ദര്‍ശിക്കുക, അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യുക എന്നത് ഒരു മുസ്‌ലിമിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത കാര്യമാണ്. ഒരാള്‍ രോഗിയെ സന്ദര്‍ശിക്കുകയാണെങ്കില്‍ ആയിരം മലക്കുകള്‍ അയാള്‍ക്ക് വേണ്ടി പാപമോചനം തേടുമെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. 

അയല്‍വാസിക്ക് നന്മചെയ്യുക, കുടുംബബന്ധം പുലര്‍ത്തുക തുടങ്ങി ഒരു മുസ്‌ലിമിന് ഒരു ദിവസം ഇനിയും ധാരാളം സുകൃതങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ കഴിയും. ഇങ്ങനെ, ഓരോ ദിവസവും മുന്നോട്ടു പോയാല്‍ നമ്മുടെ ജീവിതം ധന്യമാകും. പുഞ്ചിരിച്ചുകൊണ്ട് അല്ലാഹുവിങ്കലേക്കു മടങ്ങിപ്പോകാന്‍ സൗഭാഗ്യം കൈവരും. തീര്‍ച്ച. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter