വിഷയം: ‍ ഭാര്യക്ക് ചെയ്ത് കൊടുക്കേണ്ട സൌകര്യങ്ങൾ

എന്റെ ഭാര്യ വീട്ടിലെ ജോലികൾ ചെയ്യുന്നതിൽ താല്പര്യമില്ല. ചോദിച്ചപ്പോൾ പറഞ്ഞു അവളുടെ വീട്ടിൽ അവൾ ജോലി ഒന്നും ചെയ്യാറില്ലായിരുന്നു, അപ്പോൾ ഇസ്ലാമിക നിയമം അനുസരിച്ചു അവളുടെ വീട്ടിൽ ഉള്ള അതേ സൗകര്യം ചെയ്തുകൊടുക്കാൻ ഭർത്താവ് ബാധ്യസ്ഥൻ ആണ് എന്ന്. ഇസ്ലാമിൽ ഇങ്ങിനെ ഒരു വിധി ഉണ്ടോ ?

ചോദ്യകർത്താവ്

Muhammed Roshan

Aug 3, 2024

CODE :Par13991

സൃഷ്ടാവായ നാഥന് സർവ്വ സ്തുതികളർപ്പിക്കുന്നു.  പ്രവാചകൻ മുഹമ്മദ് (സ്വ) യുടെ മേൽ എല്ലാ വിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ.

കുടുംബജീവിതം മനുഷ്യരുടെ സന്തോഷത്തിനായി നാഥൻ സംവിധാനിച്ച മഹത്തായ ഒരു സംവിധാനമാണ്. ഒറ്റയ്ക്ക് ജീവിച്ചിരുന്ന ഒരു പുരുഷനും സ്ത്രീയും നികാഹ് എന്ന കർമ്മത്തിലൂടെ ഒരുമിക്കുന്നതോടെ ദാമ്പത്യം, കുടുംബം എന്നീ സങ്കൽപ്പങ്ങൾ രൂപംകൊള്ളുന്നു.

അടിസ്ഥാനപരമായി സന്തോഷത്തിനായിട്ടാണ് കുടുംബം എന്നിരിക്കെ, ആ സന്തോഷം നിലനിർത്താൻ കുടുംബത്തിലെ ഓരോരുത്തരും പരിശ്രമിക്കേണ്ടതുണ്ട്.

ഖുർആൻ പറയുന്നു:

{وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ}

(സൂറത്തുൽ ബഖറ 2:228)

"അവർക്ക് (ഭാര്യമാർക്ക്) ബാധ്യതകൾ ഉള്ളതുപോലെത്തന്നെ, മര്യാദപ്രകാരം (നന്മയിൽ) അവകാശങ്ങളുമുണ്ട്."

ഈ വചനം ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം  അവകാശങ്ങളും കടമകളുമുണ്ട് എന്ന് സ്ഥാപിക്കുന്നു.

ഇസ്ലാമിക നിയമപ്രകാരം (ഫിഖ്ഹ് അനുസരിച്ച്), ഒരു സ്ത്രീക്ക് ഭർത്താവിൻ്റെ വീട്ടിലെ വീട്ടുജോലികൾ ചെയ്യണമെന്ന് നിർബന്ധമില്ല. (വാജിബ് അല്ല) ഭക്ഷണം പാചകം ചെയ്യൽ, വസ്ത്രം അലക്കൽ എന്നിവ ഭർത്താവിനുള്ള ഭാര്യയുടെ നിർബന്ധ ബാധ്യതകളിൽ പെടുന്നില്ല എന്നാണ് ശാഫീഈ മദ്ഹബിന്റെ നിലപാട്.

ഭാര്യയുടെ നിലവാരത്തിനനുസരിച്ചുള്ള മിതമായ ഭക്ഷണം, വർഷത്തിൽ ആവശ്യമായ വസ്ത്രങ്ങൾ, സുരക്ഷിതവും സൗകര്യപ്രദവുമായ താമസസ്ഥലം എന്നിവ ഭർത്താവിന്റെ ഉത്തരവാദിത്തമാണ്. ഭാര്യക്ക് കല്യാണത്തിന് മുമ്പ് അവളുടെ വീട്ടിൽ ഭക്ഷണം പാകൽ ചെയ്യൽ പതിവില്ലെങ്കിൽ അതിന് വേണ്ടി മറ്റൊരാളെ വേതനം നൽകി ഏൽപ്പിക്കണമെന്നും സാധാരണയായ സ്ത്രീക്ക് അവളുടെ സഹായത്തിനായി പരിചാരകർ (വേലക്കാരികൾ) ഉണ്ടെങ്കിൽ കല്യാണ ശേഷവും ഭർത്താവ് അവൾക്ക് വേലക്കാരിയെ നൽകണമെന്നും ദീൻ നമ്മെ ഉണർത്തുന്നുണ്ട്.

അതിനപ്പുറമുള്ള സൌകര്യങ്ങൾ ചെയ്ത് കൊടുക്കാൻ ഭർത്താവിനും ബാധ്യതയില്ല. എന്നാൽ ഇത് നിയമപരമായ ഒരു ചട്ടക്കൂട് മാത്രമാണ്.

 കുടുംബജീവിതത്തിൻ്റെ അടിസ്ഥാനം കടമകളേക്കാൾ ഉപരിയായി സ്നേഹവും കാരുണ്യവുമാണ്.

വിശുദ്ധ ഖുർആൻ പറയുന്നു:

)وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ(

(സൂറത്തു റൂം 30:21)

"നിങ്ങൾക്ക് സമാധാനത്തോടെ വസിക്കാൻ വേണ്ടി നിങ്ങളിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചു തന്നു എന്നതും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കി എന്നതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. ചിന്തിക്കുന്ന ജനങ്ങൾക്ക് തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്."

കുടുംബം എന്നാൽ ശാന്തമായ ഒരിടമാണ്. അനാവശ്യമായ ഭാരം ചുമത്തുന്നത് ഈ ശാന്തതയെ ഇല്ലാതാക്കും. ഇവിടെയാണ് പരസ്പര സഹകരണത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നത്.

 നേരത്തെ സൂചിപ്പച്ചത് പോലെ സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിലെ വീട്ടുജോലികൾ ചെയ്യണമെന്നോ, ഭർത്താവിന്റെ വസ്ത്രങ്ങൾ അലക്കണമെന്നോ നിർബന്ധമില്ല. കടമകൾക്കപ്പുറം പരസ്പര സ്നേഹത്തിന്റെ സഹകരണത്തിന്റെ ഭാഗമായി  ഭാര്യ ഭർത്താവിന് ഈ കാര്യങ്ങൾ സ്നേഹപൂർവ്വം ചെയ്യുമ്പോൾ, അതിലൂടെ നാഥൻ അവർക്കിടയിൽ കൂടുതൽ സ്നേഹവും ഐക്യവും അനുഗ്രഹിക്കുന്നു.

 അവരിലൂടെയുണ്ടാകുന്ന മക്കൾ ഈ സഹകരണവും ഐക്യവും കണ്ടു വളരുമ്പോൾ, അവരും അവരുടെ ജീവിതത്തിൽ ഈ സൽഗുണങ്ങൾ പകർത്തുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ബാധ്യതകളെക്കാൾ പരസ്പര മനസ്സിലാക്കലും സഹകരണവുമാണ് കുടുംബത്തെയും സമൂഹത്തെയും സന്തോഷത്തിന്റെ കേന്ദ്രങ്ങളാക്കുന്നത്.

 പുരുഷന്റെ താൽപര്യങ്ങൾക്കു സ്ത്രീയും സ്ത്രീയുടെ താൽപര്യങ്ങൾക്കു പുരുഷനും വിലകൽപ്പിക്കാതിരുന്നാൽ തമ്മിലുള്ള പ്രശ്നങ്ങളും കശപിശകളും വളർന്നേക്കാം. എന്നാൽ പരസ്പര താൽപര്യങ്ങൾ പരിഗണിച്ച് പരസ്പര ബഹുമാനവും സ്നേഹവും മുൻനിർത്തി ജീവിക്കുമ്പോൾ ഇതിലേറെ ഇണക്കവും ഇമ്പവും മറ്റൊന്നില്ലെന്ന് പറയാം.

 വീട്ടുജോലിയുടെ കാര്യത്തിൽ പ്രവാചകൻ മുഹമ്മദ് നബി (സ്വ) കാണിച്ചു തന്ന മാതൃക സഹകരണത്തിൻ്റേതാണ്. വീട്ടുജോലിയിൽ സഹായം: നബി (സ്വ) വീട്ടിലെ ജോലികളിൽ ഭാര്യമാരെ സഹായിച്ചിരുന്നു എന്ന് ഹദീസുകളിൽ കാണാം.

 സന്തോഷം കൊട്ടാരങ്ങളിലോ മണിമാളികകളിലോ അല്ല നിലനിൽക്കുന്നത്.

പത്ത് അടി നീളവും എട്ട് അടി വീതിയുമുള്ള ഈന്തപ്പനകൊണ്ട് മേഞ്ഞ ചെറു കുടിലിൽ ഒരു ഭർത്താവും ഭാര്യയും ജീവിച്ചു.

ഒരു ദിവസം ഭർത്താവ് വീട്ടിൽ വന്ന്, “എനിക്ക് കഴിക്കാൻ എന്തെങ്കിലും തരൂ” എന്ന് ചോദിച്ചു.

ഭാര്യ സങ്കടത്തോടെ പറഞ്ഞു: “ഇവിടെ കഴിക്കാൻ തരാൻ ഒന്നുമില്ല.”

അത് കേട്ട് ഭർത്താവ് പറഞ്ഞു: “സാരമില്ല, ഞാൻ വ്രതമനുഷ്ഠിക്കാം,” എന്ന് പറഞ്ഞ് വീടിന്റെ ഒരു മൂലയിൽ പോയി വിശപ്പ് കാരണം രണ്ടു കാലുകളും വയറ്റിലേയ്ക്ക് വലിച്ചുകെട്ടി ചുരുണ്ടുകിടന്നു.

ഈ കാഴ്ച കണ്ട ഭാര്യയുടെ മനസ്സ് വേദനിച്ചു. അവൾ ഭർത്താവിന്റെ അടുത്തേക്ക് ചെന്നു സ്നേഹത്തോടെ തലോടി.

ഭർത്താവ് ഞെട്ടി ഉണർന്നപ്പോൾ ഭാര്യ പറഞ്ഞു:

“ഭക്ഷണം ഞാൻ നൽകാൻ കഴിഞ്ഞില്ല, പക്ഷേ നിങ്ങൾക്ക് മതി വരോളം സ്നേഹം വാരിക്കോരി തരാൻ എന്നെക്കൊണ്ടാവും.”

 വർഷങ്ങൾക്ക് ശേഷം ആ ഭർത്താവ് മരണപ്പെട്ടപ്പോൾ, ഭാര്യയുടെ സുഹൃത്തുക്കൾ ചോദിച്ചു:

“നിന്റെ ഭർത്താവ് എങ്ങനെയായിരുന്നുവെന്ന് പറയാമോ?”

ഭാര്യ മറുപടി നൽകി:

خاموشی کر رہی تو خدا کی کتاب ہے

مگر بول رہی تو رسالت کا خطاب ہے

(നിശ്ശബ്ദമായിരിക്കുമ്പോൾ ഖുർആൻ പോലെയും, സംസാരിക്കുമ്പോൾ പ്രവാചകന്റെ വാക്കുപോലും.)

അവൾ പറഞ്ഞത് ചുരുക്കി പറഞ്ഞാൽ ഖുർആൻ പറഞ്ഞ ഭർത്താവായിരുന്നു എന്റെ ഭർത്താവ് എന്നാണ് ആ ഭാര്യമറുപടി പറഞ്ഞത്.

ഇത്തരത്തിൽ സ്‌നേഹവും സന്തോഷവും പരസ്പരം കൈമാറി ഉത്തമ കുടുംബ ജീവിതം നയിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ _ ആമീൻ

ASK YOUR QUESTION

Voting Poll

Get Newsletter