ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി: ആദ്യമായി വെല്ലൂരില്‍പോയ കേരളപണ്ഡിതന്‍
ബഹുഭാഷ പണ്ഡിതന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, മദ്രസാ പ്രസ്ഥാനത്തിന്റെ നായകന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തി നേടിയ മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി 1866-ല്‍ (ഹിജ്‌റ 1283) ആദൃശ്ശേരിയില്‍ ജനിച്ചു. വിജ്ഞാനത്തിലും ജനസേവനത്തിലും തല്‍പരരായ ഇടത്തരം കുടുംബാംഗമായ കാള മൊയ്തീന്‍കുട്ടി ഹാജിയാണ് പിതാവ്. സ്വന്തമായി സഞ്ചരിക്കാന്‍ കാളവണ്ടി ഉണ്ടായിരുന്നതു കൊണ്ടാണ് പിതാവ് ഈ പേരില്‍ അറിയപ്പെട്ടത്. പൊതുസമ്മതനും നാട്ടിലെ തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കുന്ന മധ്യസ്ഥനുമായിരുന്നു പിതാവ്. തിരൂരങ്ങാടിയിലെ കുഞ്ഞായി ഹാജിയെന്ന ചാലിലകത്ത് ഖുസയ്യ് ഹാജിയുടെ മകള്‍ ഫാത്തിമയാണ് സ്മര്യപുരുഷന്റെ മാതാവ്. ഖുസയ്യ് ഹാജി മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ മുരീദും പ്രസിദ്ധ മതപണ്ഡിതനുമായിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള വിവാഹ ബന്ധം വേര്‍പ്പെട്ടതുകൊണ്ട് കുഞ്ഞഹമ്മദ് ഹാജി മാതാവിന്റെ വീട്ടിലാണ് വളര്‍ന്നത്. അതുകൊണ്ടാണ് അദ്ദേഹം മാതാവിന്റെ വീട്ടുപേരില്‍ അറിയപ്പെട്ടത്. കുഞ്ഞായി ഹാജിയും മാതുലന്മാരായ ഹസന്‍ മുസ്‌ലിയാരും അബ്ദുല്ല മുസ്‌ലിയാരും വീട്ടില്‍ ഇസ്‌ലാമികമായ അന്തരീക്ഷം നിലനിര്‍ത്തിയിരുന്നു. പണ്ഡിതയും മതഭക്തയുമായിരുന്ന മാതാവ് തന്നെയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ഇസ്‌ലാമിക ശിക്ഷണത്തിന് അസ്തിവാരമിട്ടത്. ഖുര്‍ആനും തജ്‌വീദും മാതാവില്‍നിന്നു തന്നെയാണ് പഠിച്ചത്. അദ്ദേഹത്തിന് ഇസ്‌ലാമിക പഠനങ്ങളില്‍ താല്‍പര്യം ജനിക്കാന്‍ ഖുര്‍ആന്‍ പാരായണ വിദഗ്ധ കൂടിയായിരുന്ന മാതാവിന്റെ സ്വാധീനം വലിയൊരളവ് കാരണമായിട്ടുണ്ട്. ചാലിലകത്തുകാരനായ അദ്ദേഹത്തിന്റെ അമ്മാവന്മാര്‍ മതസദസ്സുകളില്‍ പണ്ടേ പ്രശസ്തരായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമല്ലാതിരുന്ന അക്കാലത്ത് തന്റെ ഉമ്മയുടെ ആദ്യവിവാഹത്തിലെ ജ്യേഷ്ഠ സഹോദരന്‍ കുട്ട്യാമുട്ടി സാഹിബ് അദ്ദേഹത്തെ കോഴിക്കോട് കൊണ്ടുപോയി സ്‌കൂളില്‍ ചേര്‍ത്തു. അന്ന് തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും സ്‌കൂള്‍പഠന സൗകര്യമുണ്ടായിരുന്നില്ല. അവിടെ നിന്ന് മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ് ഭാഷകള്‍ പഠിച്ചു. മതഭൗതിക വിദ്യാഭ്യാസങ്ങള്‍ ഇന്നത്തെപ്പോലെ നേടാനുള്ള സ്ഥാപനങ്ങളോ സൗകര്യങ്ങളോ അന്ന് നിലവിലുണ്ടായിരുന്നില്ല എന്ന് നാം ഓര്‍ക്കണം. പ്രാഥമികമായ കിതാബുകള്‍ കുഞ്ഞഹമ്മദ് ഹാജി ഓതിയത് അമ്മാവനായ അലി ഹസന്‍ മുസ്‌ലിയാരില്‍നിന്നാണ്. പിന്നീട് പ്രശസ്ത പണ്ഡിതനായിരുന്ന കോടഞ്ചേരി അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ(ന.മ) ദര്‍സില്‍ ചേര്‍ന്നു. ഇദ്ദേഹം മക്കയിലെ മുഫ്തിയായിരുന്ന സയ്യിദ് അഹമ്മദ് സൈനീ ദഹ്‌ലാന്റെയും തുഹ്ഫയുടെ വ്യാഖ്യാതാവായ ഇമാം അബ്ദുല്‍ ഹമീദ് ശര്‍വാനിയുടെയും ശിഷ്യനായിരുന്നു. അണ്ടത്തോട് അമ്മു മുസ്‌ലിയാര്‍ തിരൂരങ്ങാടിയില്‍ നടത്തിവന്നിരുന്ന ദര്‍സിലും മൗലാന കുഞ്ഞഹമ്മദ് ഹാജി പഠിച്ചു. കോഴിക്കോട് മുഖദാര്‍ പള്ളി ദര്‍സിലും തിരൂരങ്ങാടി നടുവിലെ പള്ളിയിലും ദര്‍സ് പഠനം നടത്തിയ ശേഷം പൊന്നാനിയില്‍ പോയി വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം നടത്തി. ഇദ്ദേഹമാണ് ബദ്ര്‍ മൗലിദ് രചിച്ചത്.
തുടര്‍ന്ന് ഉപരിപഠനാര്‍ത്ഥം അദ്ദേഹം ഹിജ്‌റ 1304-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് അറബി കോളേജില്‍ ചേര്‍ന്നു. കോളേജിന്റെ സ്ഥാപകനും പ്രിന്‍സിപ്പളുമായിരുന്ന മൗലാനാ അബ്ദുല്‍ വഹാബ് ഹള്‌റത്തിന്റെ ശിഷ്യനായി ഒരു വര്‍ഷം അവിടെ ചെലവഴിച്ചു. ബാഖിയാത്തിന്റെ പ്രിന്‍സിപ്പളായിരുന്ന മൗലാന മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ഹള്‌റത്ത്, വെല്ലൂര്‍ ലത്വീഫിയ്യ അറബി കോളേജ് പ്രിന്‍സിപ്പളായിരുന്ന മൗലാന അബ്ദുല്‍ അസീസ് ഹള്‌റത്ത് തുടങ്ങിയ മഹാപണ്ഡിതന്മാര്‍ ബാഖിയാത്തിലെ സഹപാഠികളായിരുന്നു. ഒരു വര്‍ഷം ബാഖിയാത്തില്‍ പഠിച്ച ശേഷം മൗലാന കുഞ്ഞഹമ്മദ് ഹാജി വെല്ലൂരിലെ തന്നെ മറ്റൊരു ഉന്നത മതപഠന കേന്ദ്രമായ ലത്വീഫിയ്യ അറബി കോളേജില്‍ ചേര്‍ന്നു. മൗലാന സയ്യിദ് മുഹമ്മദ് റുഖ്‌നുദ്ദീന്‍ ഖാദിരിയെപ്പോലുള്ള പ്രഗത്ഭരായ പണ്ഡിതന്മാരായിരുന്നു ലത്വീഫിയ്യയിലെ ഉസ്താദുമാര്‍. ശൈഖ് മുഹമ്മദ് അബ്ദുല്‍ ജലീല്‍ (പെശവാര്‍), ശൈഖ് മുഹമ്മദ് ഹസന്‍ (റാംപൂര്‍), ശൈഖ് മുഹമ്മദ് അഫ്ഹാമുല്ല (ലഖ്‌നൗ) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. ബാഖിയാത്തില്‍ വെച്ചാണ് കുഞ്ഞഹമ്മദ് ഹാജി ഹൈഅത്ത് (ഗോളശാസ്ത്രം), മന്തിഖ് (തര്‍ക്കശാസ്ത്രം), ഫല്‍സഫ (തത്വശാസ്ത്രം), ഹന്തസ (ജ്യോമട്രി) മുതലായ ഫന്നുകളില്‍ കഴിവ് നേടിയത്. കര്‍മശാസ്ത്ര വിഷയങ്ങളില്‍ ദീര്‍ഘകാലം കേരള ഉലമാക്കളുടെ കീഴില്‍ പഠനം നടത്തിയതുകൊണ്ട് കോളജ് ജീവിതകാലത്ത് ആ വിഷയത്തില്‍ കൂടുതല്‍ സമയം കളയേണ്ടിവന്നില്ല.
ആറു കൊല്ലത്തെ പഠനത്തിനുശേഷം ഹിജ്‌റ 1311 ശഅ്ബാന്‍ 18-ന് ലത്വീഫിയ്യയില്‍നിന്ന് ഉന്നത വിജയം നേടി ബിരുദം കരസ്ഥമാക്കിയ കുഞ്ഞഹമ്മദ് ഹാജി ജ്യോതിശാസ്ത്രം പഠിക്കാന്‍ അദ്‌റാം പട്ടണത്തിലെ അഹമ്മദ് ഹാലിം സാഹിബിന്റെ ശിക്ഷണത്തില്‍ കുറച്ചുകാലം കഴിച്ചുകൂട്ടി. അദ്ദേഹത്തില്‍നിന്ന് രിസാലത്തുല്‍ മാറദീനി പ്രത്യേകം ഓതിപ്പഠിച്ചു. ഈ ഗ്രന്ഥം അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹം ജ്യോതി ശാസ്ത്ര പഠനം നടത്തിയത്. ലത്വീഫിയ്യയിലെ പഠനത്തിനിടയില്‍ ഉര്‍ദു, പേര്‍ഷ്യന്‍, തമിഴ് ഭാഷകള്‍ കൂടി സ്വായത്തമാക്കി. വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള ഇസ്‌ലാമിക പണ്ഡിതനായാണ് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി കേരളത്തില്‍ തിരിച്ചെത്തിയത്. അദ്ദേഹമായിരുന്നു ഉന്നത പഠനത്തിന് മാലബാറില്‍നിന്ന് ആദ്യമായി വെല്ലൂരിലേക്ക് പോയത്.
അധ്യാപനം വിവിധ വിജ്ഞാനശാഖകളില്‍ അവഗാഹം നേടിയ മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷം താന്‍ സ്വായത്തമാക്കിയ വിജ്ഞാനങ്ങള്‍ സമുദായത്തിന് പകര്‍ന്നുനല്‍കാന്‍ വേണ്ടി പരമ്പരാഗതമായ പള്ളിദര്‍സിലേക്ക് തിരിഞ്ഞു. ലത്വീഫിയ്യ കോളേജിലേക്ക് അധ്യാപകനായി ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. തിരൂരങ്ങാടിയിലെ തറമ്മല്‍ പള്ളിയിലാണ് ആദ്യമായി ദര്‍സ് തുടങ്ങിയത്. ചാലിലകം കുടുംബക്കാര്‍ തറ കെട്ടി ഓല കൊണ്ട് കെട്ടിമേഞ്ഞതു കൊണ്ടാണ് അതിന് 'തറമ്മല്‍പള്ളി' എന്ന പേര്‍ വന്നത്. ഈ ഓല മേഞ്ഞ ഷെഡ്ഡിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ദര്‍സ്. മയ്യഴി, വളപട്ടണം, പുളിക്കല്‍, വാഴക്കാട്, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലും മൗലാന പ്രശസ്ഥമായ ദര്‍സ് നടത്തിയിട്ടുണ്ട്. പള്ളിദര്‍സുമായി ബന്ധപ്പെട്ട തന്റെ അധ്യാപനജീവിതത്തില്‍ ഏറ്റവും ശ്രദ്ധേയമായത് വാഴക്കാട് ദാറുല്‍ ഉലൂമില്‍ നടത്തിയിരുന്ന ദര്‍സാണ്. വാഴക്കാട് പുരാതന തറവാട്ടുകാരായ കൊയപ്പത്തൊടി കുടുംബക്കാര്‍ 1871-ല്‍ സ്ഥാപിച്ച തന്മിയത്തുല്‍ ഉലൂം മദ്‌റസയാണ് പിന്നീട് ദാറുല്‍ ഉലൂം അറബി കോളേജായി മാറിയത്.
തന്‍മിയ്യത്തുല്‍ ഉലൂം മദ്രസയില്‍ സദര്‍ മുദരിസായിരുന്ന ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ പ്രേരണ പ്രകാരം പ്രസ്തുത മദ്രസയുടെ മാനേജറും ധനാഢ്യനുമായ കൊയപ്പത്തൊടി മമ്മദ്കുട്ടി സാഹിബാണ് മൗലാന ചാലിലകത്തിനെ വാഴക്കാട്ടേക്ക് ക്ഷണിച്ചത്. മൗലാന വാഴക്കാട് ചാര്‍ജ്ജെടുത്തത് ദാറുല്‍ ഉലൂമിന്റെ ചരിത്രത്തില്‍ മാത്രമല്ല കേരള മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ തന്നെ ഒരു വഴിത്തിരിവായിരുന്നു. പില്‍കാലത്ത് കേരള മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്ക് അടിസ്ഥാന ശിലയും വഴികാട്ടിയുമായ നിരവധി വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത് മൗലാന കുഞ്ഞഹമ്മദ് ഹാജി വാഴക്കാട് മുദരിസായിരിക്കുമ്പോഴാണ്. കേരളത്തില്‍ അറിയപ്പെട്ട നിരവധി പണ്ഡിതപ്രതിഭകള്‍ക്ക് ജന്മംനല്‍കിയ സ്ഥാപനമായി ദാറുല്‍ ഉലൂമിനെ വളര്‍ത്തിക്കൊണ്ടുവന്നതിന്റെ പിന്നിലുള്ള മുഖ്യശില്‍പിയും കാര്യദര്‍ശിയും കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. ദാറുല്‍ ഉലൂമിന്റെ വളര്‍ച്ചയില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ സേവനകാലം ഒരു മുതല്‍കൂട്ടായിരുന്നു. കേരള മുസ്‌ലിം വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടേണ്ട സുവര്‍ണ കാലഘട്ടമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ വാഴക്കാട്ടെ സേവനകാലം. മൗലാനാ ചാലിലകത്തിന്റെ മത-സാംസ്‌കാരിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രധാനമായും നാലായി തിരിക്കാം.
1) ഖാദിയാനി ഖണ്ഡനം മീര്‍സാഗുലാം അഹ്മദ് ഖാദിയാനി എന്ന കള്ളപ്രവാചകന്‍ നുബൂവ്വത്ത് വാദവുമായി രംഗപ്രവേശനം ചെയ്ത കാലമായിരുന്നു അത്. കേരളത്തിലും ഖാദിയാനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും പാമര ജനങ്ങളെ വഴിതെറ്റിക്കാന്‍ തുടങ്ങുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അപകടം മനസ്സിലാക്കിയ മൗലാന ചാലിലകത്ത് സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയും ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ അവരെ നേരിടുകയും ചെയ്തു. ഖാദിയാനികളെ വെല്ലുവിളിച്ച അദ്ദേഹം ബുദ്ധിയുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ അവരുടെ ഓരോ ഇസ്‌ലാമിക വിരുദ്ധ വാദങ്ങളുടെയും മുനയൊടിച്ചു. കണ്ണൂരിലെ മൊയ്തീന്‍ കുട്ടി മൗലവി, പില്‍കാലത്ത് അഹ്‌ലുല്‍ ഖുര്‍ആന്‍ ആശയക്കാരനായി മാറിയ കുഞ്ഞഹമ്മദ് ഹാജി എന്നീ ഖാദിയാനി പ്രവര്‍ത്തകരുമായി അറക്കല്‍ രാജാവിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം വാദപ്രതിവാദം നടത്തി. കുട്ടിമാപ്ലന്റകത്ത് ഇബ്രാഹീം കുഞ്ഞ് എന്നയാള്‍ ഇബ്‌നു ഹസന്‍ എന്ന തൂലികാനാമം സ്വീകരിച്ച് ഖാദിയാനി പ്രചരണം നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ഖാദിയാനികളുടെ പിഴച്ച വാദങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് 'തുഹ്ഫത്തുല്‍ മലൈബാര്‍' എന്ന ഒരു പുസ്തകം അയാള്‍ എഴുതി പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ ഇസ്‌ലാമിക വിരുദ്ധ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഒരു പുസ്തകമെഴുതി. 'അത്തഅ്‌യീദാതുല്‍ ബലീഗത്തുന്നൂറാനിയ്യ ഫീ ഖത്ഇ ദവാബിരില്‍ ഫിര്‍ഖത്തില്‍ ഖാദിയാനിയ്യ' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്.
ഇസ്‌ലാമിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഖാദിയാനിസത്തിന്റെ പൊള്ളയായ വാദങ്ങള്‍ ഉള്‍കൊള്ളുന്ന 'തുഹ്ഫത്തുല്‍ മലൈബാര്‍' എന്ന കൃതിക്ക് തെളിവുകള്‍ നിരത്തിവെച്ച് അക്കമിട്ട് മറുപടി പറയുന്നതായിരുന്നു മൗലാന ചാലിലകത്തിന്റെ അത്തഅ്‌യീദാത്ത് എന്ന ഗ്രന്ഥം. അറബി മലയാളത്തിലാണ് ഇതിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഖാദിയാനി കൃതിയിലെ പൊള്ള വാദങ്ങളെ ആദ്യം വിവരിക്കുകയും അതിനു താഴെ അവരുടെ വാദങ്ങള്‍ക്കുള്ള മറുപടി ഖുര്‍ആന്‍, ഹദീസ്, പ്രബലമായ തഫ്‌സീറുകള്‍ മുതലായവയുടെ അടിസ്ഥാനത്തില്‍ വിശദീകരിച്ചുകൊണ്ട് മറുപടി പറയുകയും ചെയ്യുന്ന രചനാരീതിയാണ് ഈ തര്‍ജമയില്‍ മൗലാന സ്വീകരിച്ചിട്ടുള്ളത്. 90 പേജുകളുള്ള ഒന്നാം ഭാഗത്ത് ഈസ നബി(അ) വഫാതായിപ്പോയി എന്നും അവരെ ഭൂമിയില്‍ ഖബറടക്കപ്പെട്ടിരിക്കുന്നുവെന്നും അന്ത്യദിനത്തിനു മുമ്പായി ഇറങ്ങിവന്ന് ദജ്ജാലിനെ കൊല്ലുമെന്ന മുസ്‌ലിം വിശ്വാസം ശരിയല്ലെന്നുമുള്ള ഖാദിയാനികളുടെ തെറ്റായ വാദഗതികള്‍ക്ക് ഖണ്ഡനരൂപത്തിലെഴുതിയ മറുപടിയാണുള്ളത്. മൗലാന ചാലിലകത്ത് ഖാദിയാനികള്‍ക്കെതിരെ തന്റെ ശക്തമായ തൂലികയും ജിഹ്വയും ചലിപ്പിച്ച് അവരെ സധൈര്യം നേരിട്ടതിനാല്‍ ഖാദിയാനിസത്തിന്റെ വളര്‍ച്ച മുളയിലേ നുള്ളിക്കളയാന്‍ മൗലാനാ ചാലിലകത്തിന് സാധിച്ചു.
'ഐനുല്‍ ഖിബ്‌ല' വാദം ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും അക്കാലത്ത് കേരളത്തില്‍ ജീവിച്ചിരുന്ന പ്രഗത്ഭരായ ഉലമാക്കളും തമ്മില്‍ നടന്ന ആരോഗ്യകരമായ ഒരു സംവാദമായിരുന്നു ഐനുല്‍ ഖിബ്‌ല വാദം. ബുദ്ധിയും പാണ്ഡിത്യവും ഒത്തിണങ്ങിയ ഉലമാക്കളുടെ ഇടയില്‍ നടക്കുന്ന ഒരു ചര്‍ച്ച എന്നേ ഇതിനെക്കുറിച്ച് പറയേണ്ടതുള്ളൂ. അതല്ലാതെ പരസ്പരം ചളിവാരിയെറിയുന്ന രൂപത്തിലായിരുന്നില്ല ഈ പണ്ഡിതചര്‍ച്ച. നിസ്‌കാരത്തില്‍ ഖിബ്‌ലയുടെ ഐനിലേക്ക് തിരിയണമെന്ന് ചാലിലകത്തും അനുയായികളും അതല്ല, ഖിബ്‌ലയുടെ ജിഹത്തിലേക്ക് തിരിഞ്ഞു നിന്നാല്‍മതിയെന്ന് ബഹുഭൂരിപക്ഷം ഉലമാക്കളും വാദിച്ചു. രിസാലത്തുല്‍ മാറദീനിയില്‍ പ്രാഗത്ഭ്യം നേടിയ മൗലാനാ ചാലിലകത്തിനെ പ്രസ്തുത കിതാബ് വളരെയധികം സ്വാധീനിച്ചിരുന്നു. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന് തെളിവാണ് രിസാലത്തുല്‍ മാറദീനിയുടെ മാര്‍ജിനില്‍ കാണുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ വ്യാഖ്യാനക്കുറിപ്പുകള്‍. ചുരുക്കത്തില്‍ സത്യം വെളിപ്പെടാന്‍ വേണ്ടി രണ്ടു വിഭാഗം പണ്ഡിതന്‍മാര്‍ നടത്തിയ സ്‌നേഹസംവാദമായി മാത്രമെ ഇതിനെ പരിഗണിക്കേണ്ടതുള്ളൂ. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മയ്യഴിയില്‍നിന്ന് ദര്‍സ് ഒഴിഞ്ഞ ശേഷം പൗരപ്രമുഖനും പണ്ഡിതനുമായിരുന്ന പി.പി. കോയക്കുട്ടി സാഹിബിന്റെ ക്ഷണം സ്വീകരിച്ച് പുളിക്കല്‍ ജമുഅത്ത് പള്ളിയില്‍ മുദരിസായി ചേര്‍ന്നു. കോയക്കുട്ടി സാഹിബ് മൗലാനയുടെ ശിഷ്യനും കൂടിയായിരുന്നു. പുളിക്കല്‍ ദര്‍സ് നടത്തുന്നതിനിടയില്‍ മൗലാന പള്ളിയുടെ ഖിബ്‌ല ശാസ്ത്രീയമായി പരിശോധിച്ചു. ഐനുല്‍ ഖിബ്‌ലയിലേക്കല്ല ഈ പള്ളിയുടെ ഖിബ്‌ല എന്നദ്ദേഹത്തിന് ബോധ്യം വന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിസര പ്രദേശങ്ങളിലെ പല പള്ളികളുടെ ഖിബ്‌ലയും പരിശോധനാവിധേയമാക്കി. അപ്പോഴും ഇതേ രീതിയില്‍ തന്നെ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞു. അതിനെ തുടര്‍ന്ന് മിക്ക പള്ളികളുടെയും ഖിബ്‌ല തെറ്റുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇവിടെനിന്നാണ് ഖിബ്‌ല തര്‍ക്കം തുടങ്ങുന്നത്. കോഴിക്കോട് നിന്ന് 22 ഡിഗ്രി വടക്കുപടിഞ്ഞാറായിട്ടാണ് കഅ്ബ സ്ഥിതിചെയ്യുന്നതെന്നും അതേ ഡിഗ്രിയില്‍ കൃത്യമായി കഅ്ബയുടെ നേരെ തിരിഞ്ഞുനിന്നാലേ നിസ്‌കാരം ശരിയാകൂ എന്നുമായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ വാദം. ഈ വീക്ഷണത്തിന് രിസാലത്തുല്‍ മാറദീനിയാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. എന്നാല്‍ ഭൂരിപക്ഷം പണ്ഡിതന്‍മാരും കുഞ്ഞഹമ്മദ് ഹാജിയുടെ ഈ വാദത്തിന് എതിരായിരുന്നു. കഅ്ബ സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് തിരിഞ്ഞാല്‍ മതിയെന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാല്‍, കുഞ്ഞഹമ്മദ് ഹാജി ഈ വാദത്തെ ഖണ്ഡിക്കുകയും രണ്ടു വിഭാഗം പണ്ഡിതന്‍മാര്‍ക്കുമിടയില്‍ 1908 സെപ്തംബര്‍ രണ്ടിന് പുളിക്കലില്‍ വെച്ച് ഒരു സംവാദം നടക്കുകയും ചെയ്തു. മൗലാനയെ പുളിക്കലേക്ക് ക്ഷണിച്ച കോയക്കുട്ടി സാഹിബ് കഅ്ബയുടെ ഭാഗത്തേക്ക് തിരിഞ്ഞാല്‍ മതിയെന്ന പക്ഷക്കാരനായിരുന്നു. കാസര്‍കോഡ് ഖാസി അബ്ദുല്ല മൗലവിയും സ്വശിഷ്യന്മാരും ഖിബ്‌ല ഐന്‍ വാദത്തില്‍ ഉറച്ചു നിന്നു. കൊല്ലോളി അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, യൂസുഫ് മുസ്‌ലിയാര്‍, കോയക്കുട്ടി സാഹിബ്, തട്ടാങ്ങര കുട്ടിയാമു മുസ്‌ലിയാര്‍ എന്നിവരായിരുന്നു മറുപക്ഷത്തുണ്ടായിരുന്നത്. 'ഖിബ്‌ല ഐന്‍' വാദത്തെ സ്ഥാപിച്ചുകൊണ്ട് കുഞ്ഞഹമ്മദ് ഹാജി അറബിയില്‍ 'അദ്ദഅ്‌വ' എന്ന ഒരു ലഘു കൃതി രചിച്ചു. ഖിബ്‌ല തര്‍ക്കത്തെ സംബന്ധിച്ച് മൗലാന ചാലിലകത്തും ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതന്‍മാരും എഴുതിയ ഫത്‌വകള്‍ തുഹ്ഫത്തുല്‍ അഹ്ബാബ് എന്ന പേരില്‍ അറബി മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1913 ജനുവരി ഒന്നിന് കൊയപ്പത്തൊടി മോയിന്‍കുട്ടി ഹാജിയുടെ പിന്തുണയോടെ 'വാഴക്കാട് മദ്രസാ ദാറുല്‍ ഉലൂം എന്ന വിവിധ വിദ്യാലയ നിമയങ്ങള്‍' എന്ന പേരില്‍ ചാലിലകത്ത് ഒരു പാഠ്യപദ്ധതി തയ്യാറാക്കുകയും താന്‍ നടപ്പിലാക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അതില്‍ വിശദീകരിക്കുകയും ചെയ്തു. ദര്‍സ്-മദ്രസ വിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നടപ്പിലാക്കിയ പരിഷ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാന രേഖയായിരുന്നു ഇത്. കേരളത്തില്‍ അതുവരെ കേട്ടുകേള്‍വിയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് പള്ളിദര്‍സ് പരിഷ്‌ക്കരണത്തിലൂടെ അദ്ദേഹം നടപ്പിലാക്കിയത്. ദര്‍സിന് അടുക്കും ചിട്ടയും വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ദര്‍സ് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി അദ്ദേഹം തയ്യാറാക്കിയ കരിക്കുലവും സിലബസും പത്തു വര്‍ഷത്തെ തുടര്‍പഠനം ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. പഠനവിഷയങ്ങള്‍ക്കനുസരിച്ച് പിരീഡുകള്‍ ക്രമീകരിച്ച് തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, മന്‍ത്വിഖ്, മആനി, ഹിസാബ്, താരീഖ്, ജഗ്രാഫിയ, ഹൈഅത്ത്, ഹന്‍ന്തസ, മുനാളറ, സര്‍ഫ്, നഹ്‌വ് മുതലായ വിഷയങ്ങളിലെ പ്രധാന കിതാബുകള്‍ പഠിപ്പിക്കുന്നതോടൊപ്പം അറബി ഭാഷാ രംഗത്ത് വിദ്യാര്‍ത്ഥികളുടെ കഴിവ് വര്‍ധിപ്പിക്കാനായി വിവിധ പരിപാടികളും അദ്ദേഹം തന്റെ ദര്‍സില്‍ നടപ്പില്‍ വരുത്തി. വിദ്യാര്‍ത്ഥികള്‍ക്ക് മലയാളത്തില്‍നിന്ന് അറബിയിലേക്ക് തര്‍ജമ ചെയ്യാനും അറബിയില്‍ പ്രബന്ധമെഴുതാനും പ്രസംഗിക്കാനും അദ്ദേഹം പരിശീലനം നല്‍കി. പഠനസമയം ക്രമീകരിച്ചു. ക്ലാസ് ചാര്‍ജുള്ള അധ്യാപകന്‍ വേണമെന്ന് നിര്‍ദേശിച്ചു. വിദ്യാര്‍ത്ഥികളുടെ സാന്നിധ്യം രേഖപ്പെടുത്താന്‍ ഹാജര്‍ പട്ടിക ഏര്‍പ്പെടുത്തി. ലീവ് സമ്പ്രദായത്തിന് തുടക്കമിട്ടു. പഠന പ്രവേശനത്തിന് പ്രായം നിശ്ചയിച്ചു. കുട്ടികളുടെ സംശയനിവാരണത്തിനായി മദ്രസയോടനുബന്ധിച്ച് ഒരു ലൈബ്രറി സംവിധാനം ഏര്‍പ്പെടുത്തുകയും ആവശ്യമായ ഗ്രന്ഥങ്ങള്‍ വാങ്ങി ശേഖരിക്കുകയും ചെയ്തു. ഇന്ന് വിദ്യാഭ്യാസ രംഗത്ത് കാണുന്ന ഇത്തരം സമ്പ്രദായങ്ങളുടെ ആധുനിക രീതിക്ക് പ്രചോദനമായത് കുഞ്ഞഹമ്മദ് ഹാജിയുടെ ഈ രംഗത്തുള്ള സേവനങ്ങളാണ്. നൂറു വര്‍ഷം മുമ്പാണ് അദ്ദേഹം ഈ വഴിക്ക് ചിന്തിച്ചതും ഇത്തരം പരിഷ്‌കരണങ്ങളിലൂടെ ദര്‍സിനെ പരിപോഷിപ്പിച്ചതും എന്നു ചിന്തിക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നും. ഇവക്കെല്ലാം പുറമെ ദര്‍സില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അറബി പദത്തിന്റെ ശരിയായ മലയാള പരിഭാഷ പറയാന്‍ കഴിയാത്ത പ്രയാസം പരിഹരിക്കാന്‍ മലയാള ഭാഷയില്‍ ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് കഴിവ് നേടാനുള്ള സംവിധാനവും മൗലാന ചാലിലകത്ത് ഏര്‍പ്പെടുത്തി. മലയാള ഭാഷയും വ്യാകരണവും ദര്‍സില്‍ വെച്ച് തന്നെ പഠിപ്പിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. പരീക്ഷാ സമ്പ്രദായവും സാധാരണ ഭാഷാ പഠന രൂപത്തില്‍ തന്നെ അറബി ഭാഷ അഭ്യസിക്കാനുള്ള സൗകര്യവും ദര്‍സില്‍ ഏര്‍പ്പെടുത്തി. കേരളത്തിലെ മറ്റു ദര്‍സുകളില്‍നിന്ന് ഭിന്നമായ അധ്യയന രീതിയും പുതിയ വിഷയങ്ങളും ദാറുല്‍ ഉലൂമില്‍ തുടങ്ങിയതോടെ കേരളത്തിന്റെ നാനാ ദിക്കുകളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ അങ്ങോട്ട് ആകര്‍ഷിച്ചു. ഫാര്‍സി, ഉര്‍ദു, തമിഴ് മുതലായ ഭാഷകളില്‍ കഴിവുണ്ടായിരുന്ന മൗലാന ചാലിലകത്ത് ആ ഭാഷകളിലുള്ള ഗ്രന്ഥങ്ങളും മലയാള ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങളും വായിക്കുക പതിവായിരുന്നു. മൗലാന ആസാദിന്റെ അല്‍ഹിലാലും, അല്‍ബലാഗും അദ്ദേഹം സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. മലയാള ഭാഷയിലെ തന്റെ കഴിവ് മനസിലാക്കാന്‍ അദ്ദേഹം രചിച്ച അക്ഷരമാല തന്നെ മതിയായ തെളിവാണ്. മലയാള പത്രം വായിക്കാനും ലോക വാര്‍ത്തകളും ചലനങ്ങളും ഗ്രഹിക്കാനും അദ്ദേഹം സ്വന്തം ശിഷ്യന്‍മാരെ ഉപദേശിച്ചിരുന്നു. മൗലാന ചാലിലകത്ത് പള്ളിദര്‍സിനെ ചുറ്റിപ്പറ്റിയായിരുന്നു തന്റെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ആദ്യമായി നടപ്പില്‍ വരുത്തിയത്. ചാലിലകത്തിന്റെ ഈ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ കൊയപ്പത്തൊടി മോയിന്‍കുട്ടി സാഹിബ് നാട്ടുകാരായ കുട്ടികള്‍ക്ക് മതപഠന രംഗത്തുള്ള പ്രാഥമിക സൗകര്യമൊരുക്കുന്നതിനെ കുറിച്ച് കുഞ്ഞഹമ്മദ് ഹാജിയുമായി ചര്‍ച്ച ചെയ്തു. അധികം വൈകാതെ തന്നെ ചാലിലകത്ത് വാഴക്കാട്ടും പരിസര പ്രദേശങ്ങളിലുമുള്ള ചെറിയ കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നേടുന്നതിനുള്ള മദ്രസാ സംവിധാനം ഏര്‍പ്പെടുത്തി. മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അദ്ദേഹം പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങള്‍ തയ്യാറാക്കി. തഅ്‌ലീമുല്‍ ഖുര്‍ആന്‍, ദീനിയ്യാത്ത്, അമലിയ്യാത്ത്, അക്ഷരമാല, മബാദി ഉല്‍ ഖിറാഅ, കിതാബുസ്വര്‍ഫ്, നഹ്‌വുല്‍ കബീര്‍, അല്‍ ലുഗത്തുല്‍ അറബിയ്യ മുതലായവ അദ്ദേഹം എഴുതിയ മദ്രസാ പാഠപുസ്തകങ്ങളാണ്. വിദ്യാര്‍ത്ഥികളെ പരിശോധിച്ച് തരംതിരിക്കുകയും തന്റെ ദര്‍സിലുള്ള പ്രഗത്ഭരായ വിദ്യാര്‍ത്ഥികളെ മദ്രസാ അധ്യാപകരായി നിയമിക്കുകയും ചെയ്തു. ഈ രംഗത്ത് അദ്ദേഹം നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ പരിഷ്‌കരണം ക്ലാസുകള്‍ തരം തിരിക്കുകയും ഓരോ ക്ലാസുകളിലേക്ക് ബെഞ്ച്, മേശ, കസേര, ബോര്‍ഡ്, ചോക്ക് മുതലായവ ഉപയോഗിച്ചുള്ള പഠനരീതി നടപ്പിലാക്കുകയുമായിരുന്നു. അന്നുവരെ കേട്ടുകേള്‍വിയില്ലാത്ത ഈ പരിഷ്‌കരണം മതവിദ്യാഭ്യാസ രംഗത്തെ പുതിയ ഒരു അനുഭവമായിരുന്നു. കാരണം, അതുവരെ ഓത്തുപള്ളി സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. മൊല്ലാക്ക കുട്ടികള്‍ക്ക് പലകയില്‍ എഴുതിക്കൊടുക്കുകയും അത് പാഠമാക്കുമ്പോള്‍ മായിച്ചു വീണ്ടും എഴുതിക്കൊടുക്കുകയും ഇതിലൂടെ ഖുര്‍ആനും അക്ഷരമാലയും മറ്റു അത്യാവശ്യ അറിവുകളും പഠിപ്പിക്കുകയുമാണ് ചെയ്തിരുന്നത്. കുഞ്ഞഹമ്മദ് ഹാജിയുടെ ഈ പരിഷ്‌കരണത്തിലൂടെ പിരിയഡു അനുസരിച്ചുള്ള ക്ലാസ് സമ്പ്രദായവും പരീക്ഷകളും ക്ലാസ് കയറ്റവുമൊക്കെ നടപ്പില്‍ വന്നു. ഇന്നും മദ്രസ-ദര്‍സ് രംഗത്ത് കാലികമായ മാറ്റങ്ങളോടെ നടന്നുകൊണ്ടിരിക്കുന്ന അധ്യയന രീതിക്കും പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കംകുറിക്കുക മാത്രമാണ് മൗലാനാ ചാലിലകത്ത് ചെയ്തത്. അറബിമലയാള ലിപി പരിഷ്‌കരണം 1909 മുതല്‍ 1914 വരെയാണ് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ദാറുല്‍ ഉലൂമിലെ സേവന കാലം. വാഴക്കാട് വിട്ട മൗലാനാ ചാലിലകത്ത് വളപട്ടണം ഇമ്പിച്ചിക്കോയ തങ്ങളുടെ ആവശ്യപ്രകാരം വളപട്ടണത്തേക്ക് പോയി. പിന്നീട് കുറച്ചുകാലം നല്ലളത്തും താമസിച്ചു. മൗലാനയുടെ ശിഷ്യന്‍മാര്‍ ആ കാലത്ത് തന്നെ കേരളത്തിലെ പല സ്ഥലങ്ങളിലും മദ്രസകള്‍ നടത്തിതുടങ്ങിയിരുന്നു. മദ്രസാ പാഠപുസ്തകങ്ങള്‍ എഴുതി തുടങ്ങിയപ്പോള്‍ തന്നെ അറബി മലയാള ലിപി പരിഷ്‌കരണത്തിന്റെ ആവശ്യകത അദ്ദേഹത്തിനു ബോധ്യപ്പെട്ടിരുന്നു. നല്ലളത്ത് എത്തിയ ശേഷം അറബി മലയാള ലിപി പരിഷ്‌കരണത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്. മക്തി തങ്ങള്‍ തുഹ്ഫത്തുല്‍ അഖ്‌യാറിലൂടെ സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ച ലിപി പരിഷ്‌കരണത്തോട് ചാലിലകത്തിന് പൂര്‍ണ യോജിപ്പുണ്ടായിരുന്നില്ല. സൂറത്തുല്‍ ഹുറൂഫ് എന്ന പേരില്‍ അറബി മലയാള ലിപി സംബന്ധമായ ഒരു ലഘുകൃതി അദ്ദേഹം രചിച്ചു. ഹിജ്‌റ 1312-ല്‍ വാളക്കുളത്തെ മള്ഹറുല്‍ മുഹിമ്മാത്ത് ലിത്തോ പ്രസില്‍ അടിച്ച ഈ കൃതി ചാലിലകത്ത് വികസിപ്പിച്ചെടുത്ത അറബി മലയാള ലിപിയിലായിരുന്നു. അക്ഷരമാല എന്ന മറ്റൊരു കൃതി നല്ലളത്ത് നിന്നും ഹിജ്‌റ 1336-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ എല്ലാ അക്ഷരങ്ങള്‍ക്കും സമാനമായ അറബി മലയാള ലിപികള്‍ അതില്‍ കൊടുത്തിട്ടുണ്ട്. സലാഹുല്‍ ഇഖ്‌വാന്‍ എന്ന പാക്ഷികം ചാലിലകത്ത് വികസിപ്പിച്ചെടുത്ത അറബി മലയാള ലിപിയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. ചാലിലകത്തിന്റെ ലിപി പരിഷ്‌കരണത്തോടെ മലയാളത്തിലെ ഏതാണ്ടെല്ലാ അക്ഷരങ്ങള്‍ക്കും ലളിതമായ അറബി മലയാള ലിപികളായി. പ്രധാന രചനകള്‍ തന്റെ മതവിദ്യാഭ്യാസ രംഗത്തുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും പ്രതിഭാധനനായ മൗലാനാ ചാലിലകത്തിന്റെ അനുഗൃഹീത തൂലികയില്‍നിന്ന് ധാരാളം ഗ്രന്ഥങ്ങള്‍ വിജ്ഞാന കൈരളിക്ക് ലഭിച്ചു. ചില ഗ്രന്ഥങ്ങള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം രചിച്ചതും മറ്റുചിലത് താന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ വിപ്ലവത്തിന്റെ മുന്നോടിയായ പാഠപുസ്തകങ്ങളുമാണ്. കുഞ്ഞഹമ്മദ് ഹാജി രചിച്ച പ്രധാന കൃതികള്‍ താഴെ പറയുന്നവയാണ്: 1. ഹാശിയത്തുന്‍ അലാ രിസാലത്തില്‍ മാറദീനി 2. തുഹ്ഫത്തുല്‍ അഹ്ബാബ് 3. തസ്ഹീലു അദ്ഹാനില്‍ ഇഖ്‌വാന്‍ ഫീ തഅ്‌ലീമി സബാനി ഹിന്ദുസ്ഥാന്‍ 4. അദ്ദഅ്‌വത്തു ഫില്‍ ഖിബ്‌ല 5. കിതാബുല്‍ ഹിസാബി ഫീ ഇല്‍മില്‍ മീഖാത്ത് 6. കിതാബു സ്വര്‍ഫ് 7. അന്നഹ്‌വുല്‍ കബീര്‍ 8. മബാദിഉല്‍ ഖിറാഅഃ 9. അല്ലുഗത്തുല്‍ അറബിയ്യ 10. ദീനിയ്യാത്ത് 11. അമലിയ്യാത്ത് 12. തഅ്‌ലീമുല്‍ ഖുര്‍ആന്‍ 13. സ്വൂറത്തുല്‍ ഹുറൂഫ് 14. അത്തഅ്‌യീദാത്തുല്‍ ബലീഗ ഫീ ഖത്വാഇ ദവാബിരില്‍ ഫിര്‍ഖത്തില്‍ ഖാദിയാനിയ്യ. ഇവയില്‍ രിസാലത്തുല്‍ മാറദീനിയുടെ വ്യാഖ്യാനത്തില്‍ 'ഐനുല്‍ ഖിബ്‌ല' വാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. ചാലിലകത്തിന്റെ ശിഷ്യന്‍ മംഗലാപുരം സ്വദേശി സുലൈമാന്‍ മുസ്‌ലിയാരാണ് ഈ കൃതിയുടെ പ്രസാധകന്‍. ഈ വിഷയമാണ് അദ്ദഅ്‌വ എന്ന കൃതിയിലുമുള്ളത്. ഖാദിയാനികളെ ഖണ്ഡിച്ചുകൊണ്ട് കുഞ്ഞഹമ്മദാജി എഴുതിയ 'അത്തഅ്‌യീദാത്തുല്‍ ബലീഗ ഫീ ഖത്വാഇ ദവാബിരില്‍ ഫിര്‍ഖത്തില്‍ ഖാദിയാനിയ്യ'യുടെ പഴയ ഒരു കോപ്പി ഈ വിനീതന്റെ കൈവശമുണ്ട്. ചാലിലകത്തിനുവേണ്ടി പകര്‍ത്തിയെഴുതിയിരുന്നത് പില്‍കാലത്ത് കെ.എം. മൗലവി എന്ന പേരില്‍ അറിയപ്പെട്ട കാതിബ് മമ്മുട്ടി മുസ്‌ലിയാരായിരുന്നു. ഇതുകൊണ്ടാണ് അദ്ദേഹത്തിന് അല്‍ കാതിബ് എന്ന അപരനാമമുണ്ടായത്. ശിഷ്യന്‍മാര്‍ മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സുന്നത്ത് ജമാഅത്തിന്റെയും സമസ്തയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ഊര്‍ജ്ജം പകരുകയും ചെയ്തിരുന്ന പല മഹാപണ്ഡിതന്‍മാരുടെയും ഗുരുനാഥനോ ഗുരുനാഥന്റെ ഗുരുനാഥനോ ആണ്. സുന്നി ഉലമാക്കളുടെ ഗുരുപാരമ്പര്യം ബഹുമാന്യനായ ശംസുല്‍ ഉലമ, ഖുതുബി മുഹമ്മദ് മുസ്‌ലിയാരി(ന.മ)ലൂടെ മൗലാന ചാലിലകത്തിലേക്കാണ് എത്തിച്ചേരുന്നത്. മഹാനായ കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ ശര്‍ഹുത്തഹബ്ദീബിനെഴുതിയ തഅ്‌ലീഖാത്തില്‍ (അപ്രകാശിതം) ഇങ്ങനെ കാണാം. ''അമ്മാ ബഅദ്, ഫ ഹാദിഹീ മസ്ഥഫത്തുഹു മിന്‍ ശൈഖീ വ ശൈഖില്‍ മശാഇഖി അല്‍ അല്ലാമാ കുഞ്ഞിഅഹ്മദ് അല്‍ ഹാജി അഫല്ലാഹു അന്‍ഹു വ റഹിമഹു'' മഹാ പണ്ഡിതനായ കുഞ്ഞഹമ്മദ് ഹാജിയില്‍ നിന്ന് നേടിയ തഹ്ഖീഖാത്തുകളാണ് ഈ നോട്‌സില്‍ ഉളളതെന്ന് സാരം. വന്ദ്യരായ കൈപ്പറ്റ ഉസ്താദിന്റെ ഗുരുനാഥനായിരുന്നു മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ന.മ). കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ നടത്തിയിരുന്ന ദര്‍സുകളിലൂടെ നിരവധി പണ്ഡിതപ്രതിഭകളെ കൈരളിക്ക് അദ്ദേഹം സംഭാവന നല്‍കിയിട്ടുണ്ട്. മയ്യഴിയിലെ പ്രധാന ശിഷ്യന്‍മാരായിരുന്നു ചാലിലകത്ത് മുഹമ്മദാജി, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പറമ്പത്ത് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ (ന.മ) എന്നിവര്‍. തന്റെ അധ്യാപനജീവിതത്തിലെ സുവര്‍ണ കാലഘട്ടമായിരുന്ന വാഴക്കാട്ടെ സേവനകാലത്ത് ധാരാളം മഹാപണ്ഡിതന്മാര്‍ തന്റെ ശിഷ്യന്‍മാരായി വിജ്ഞാന മധു നുകര്‍ന്നിട്ടുണ്ട്. ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്‌ലിയാര്‍, ഉപ്പുങ്ങല്‍ കുഞ്ഞഹമ്മദ് എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍ (കോടഞ്ചേരി), തറക്കണ്ടി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ (ആയഞ്ചേരി), കരുനാഗപ്പള്ളി യൂനുസ് മുസ്‌ലിയാര്‍, അമാനത്ത് ഹസന്‍ കുട്ടി മുസ്‌ലിയാര്‍ (പട്ടിക്കാട്), മുള്ള്യാകുര്‍ശി കളക്കണ്ടത്തില്‍ മമ്മുണ്ണി മുസ്‌ലിയാര്‍, അണ്ടത്തോട് കുഞ്ഞഹമ്മദ് മുസ്‌ലിയാര്‍, നാത്തന്‍ കോടന്‍ കുഞ്ഞാലന്‍ മുസ്‌ലിയാര്‍ തുടങ്ങി ഒട്ടനവധി മഹാരഥന്മാര്‍ക്ക് പുറമെ കെ.എം.മൗലവി, ഇ.കെ. മൗലവി, ഇ. മൊയ്തു മൗലവി, പി.കെ. മൂസ മൗലവി മുതലായവരും അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളില്‍ ചിലരാണ്. സുന്നീ പാരമ്പര്യം നിസ്തുല പണ്ഡിതനും വാഗ്മിയും സര്‍വകലകളിലും പ്രാവീണ്യം നേടിയ മഹാനും ബഹുഭാഷാ പണ്ഡിതനും ചിന്തകനും സാഹിത്യകാരനും ഗ്രന്ഥകാരനും സുന്നി ഉലമാക്കളുടെ ഗുരുവര്യനുമായിരുന്നു മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി(ന.മ). തന്റെ മക്കളായ അഹമ്മദ്, അബ്ദുറഹിമാന്‍, ഹസന്‍ എന്ന എം.സി.സി. സഹോദരന്‍മാരും ജാമാതാവായ കെ.എം. മൗലവിയും മൗലാന ചാലിലകത്തിന്റെ കീഴില്‍ പഴയ പള്ളിദര്‍സ് സമ്പ്രദായത്തില്‍ സുന്നത്ത് ജമാഅത്തിന്റെ ആശയാടിസ്ഥാനത്തില്‍ തന്നെ പഠിച്ചു വളര്‍ന്നവരാണെങ്കിലും പില്‍കാലത്ത് ഇവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരായിത്തീരുകയാണ് ചെയ്തത്. പക്ഷേ, മൗലാനാ ചാലിലകത്ത് സുന്നീ പാരമ്പര്യത്തില്‍ തന്നെ ഉറച്ചു നിന്ന് സമുദായത്തിന് നേതൃത്വം നല്കി. കേരള മുസ്‌ലിം വിദ്യാഭ്യാസ-സാംസ്‌കാരിക ചരിത്രമെഴുതിയവരൊക്കെയും അദ്ദേഹത്തിന്റെ മതവിദ്യാഭ്യാസ രംഗത്തുളള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് എടുത്തുദ്ധരിച്ചിട്ടുള്ളത്. നേരെമറിച്ച് അദ്ദേഹം സുന്നത്ത് ജമാഅത്തില്‍നിന്ന് വ്യതിചലിച്ചുവെന്നോ സുന്നി വിരുദ്ധ ആശയങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചുവെന്നോ കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്നുവെന്നോ ഒരു ചരിത്രകാരനും രേഖപ്പെടുത്തിയിട്ടില്ല.
അദ്ദേഹം തവസ്സുല്‍, ഇസ്തിഗാസ നിഷേധിക്കുകയോ ഖുതുബ പരിഭാഷ ചെയ്യണെമന്ന് ആവശ്യപ്പെടുകയോ സ്ത്രീകളെ ജുമുഅ ജമാഅത്തിന് പള്ളിയിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുകയോ മൗലീദ് പാരായണം തെറ്റാണെന്ന് പറയുകയോ ചെയ്തതായി അദ്ദേഹത്തിന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന ഒരു സ്ഥലത്തും കാണാന്‍ കഴിയില്ല. പക്ഷേ, കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനക്കാരും മുജാഹിദുകളും മൗലാനയെ തങ്ങളുടെ ചേരിയില്‍ പെടുത്താന്‍ കിണഞ്ഞ് ശ്രമിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. മഹാനവര്‍കളെ കൂടെ കിട്ടിയാല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതൊരു മുതല്‍കൂട്ടാകുമെന്നും അദ്ദേഹത്തിന്റെ പിന്‍ബലത്തോടെ വഹാബിസം പ്രചരിപ്പിക്കാമെന്നുമാണ് ആ വിവരദോഷികള്‍ മനക്കോട്ട കെട്ടിയത്. ഇതിലൂടെ സുന്നത്ത് ജമാഅത്തിനെയും അതിന്റെ മഹാന്മാരായ ഉലമാക്കളെയും നിര്‍വീര്യമാക്കാമെന്നും അവര്‍ കണക്കുകൂട്ടി. പക്ഷേ, മൗലാന ചാലിലകത്ത് തന്റെ സുന്നീ ആശയത്തില്‍നിന്ന് അണുഅളവ് വ്യതിചലിക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, മൗലാന ചാലിലകത്ത് തവസ്സുലും ഇസ്തിഗാസയും അടങ്ങിയിട്ടുള്ള എത്രയോ മൗലിദ് സദസുകളില്‍ പങ്കെടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തറാവീഹ് ഇരുപത് റക്അത്ത് തന്നെ നിസ്കരിക്കണമെന്നും നിസ്‌കാരത്തില്‍ കൈകെട്ടേണ്ടത് നെഞ്ചിന് താഴെയാണെന്നും സ്ത്രീകള് ജുമുഅ ജമാഅത്തില് പങ്കെ
1 Comments
-
-
Fidaa
7 months ago
Pls contact
-
Leave A Comment