അടിസ്ഥാന ഓഹരികള്‍

അവകാശികളെല്ലാം ഓഹരിയില്‍ തുല്യന്മാരായ അസ്വബക്കാരായിവന്നാല്‍ വ്യക്തികളുടെ എണ്ണം നോക്കി ഓഹരി ചെയ്യണം. ഉദാഹരണം: മൂന്ന് ആണ്‍ സന്താനങ്ങള്‍, മൂന്ന്  പിതൃവ്യന്‍മാര്‍- ഈരൂപത്തില്‍ സ്വത്ത് മൂന്നായി ഓഹരിചെയ്താല്‍ മതി. ഇനി അസ്വബക്കാരില്‍ പുരുഷനും സ്ത്രീയും ഉണ്ടായിരുന്നാല്‍ പുരുഷനെ രണ്ട് സ്ത്രീയായി കണക്കാക്കി വിഭജിക്കേണ്ടതാണ്. ഒരു മകനും ഒരു മകളും ഉള്ള രൂപത്തെ ഉദാഹരണമായി എടുക്കാം. ഇതില്‍ മുതല്‍ മൂന്നായി ഓഹരി ചെയ്തു രണ്ട് ആണിന്ന് ഒന്ന് പെണ്ണിന്ന് എന്ന ക്രമത്തില്‍ കൊടുക്കേണ്ടതാണ്.

അടിസ്ഥാന ഓഹരികള്‍ രണ്ട്, മൂന്ന്, നാല്, ആറ്, എട്ട്, പന്ത്രണ്ട്, ഇരുപത്തിനാല് എന്നീ ഏഴ് വിധമാണ്. സ്വത്ത് അംശയിക്കുമ്പോള്‍ ഒന്നിനേക്കാള്‍ കൂടുതല്‍ ഓഹരിയുണ്ടെങ്കില്‍ ഓഹരികള്‍ തമ്മിലുള്ള ബന്ധം ആദ്യമായി പരിഗണിക്കണം. തമാസുല്‍, തദാഖുല്‍, തവാഫുഖ്, തബായുന്‍ എന്നീ നാല് വിധമാണ് ബന്ധങ്ങള്‍. രണ്ട് ഓഹരികള്‍ തമ്മില്‍ യോജിച്ചു വന്നതിന്നാണ് 'തമാസുല്‍' എന്നു പറയുന്നത്. ഭര്‍ത്താവും ഒരു സഹോദരിയും ഉള്ള ഒരു മസ്അലയെ ഉദാഹരണമായി എടുക്കാം. ഇതില്‍ രണ്ട് പേരും തുല്യ അവകാശക്കാരാണ്. രണ്ടുപേര്‍ക്കും രണ്ടില്‍ ഒന്ന്(1/2)ആണ് ഓഹരി. ഒരോഹരിക്കാരന്റെ ഓഹരിയുടെ ധാതുകൊണ്ട് മറ്റേയാളുടെ ഓഹരിയുടെ ധാതുവിനെ ഹരിക്കാന്‍ പറ്റുന്നതിന്നാണ് 'തദാഖുല്‍' എന്ന് പറയുന്നത്. ആറില്‍ ഒന്നും മൂന്നില്‍ ഒന്നും ഓഹരി ലഭിക്കുന്ന മസ്അലപോലെ. ഇതില്‍ മൂന്നിലൊന്നിന്റെ ധാതുവായ മൂന്ന് കൊണ്ട് ആറിലൊന്നിന്റെ ധാതുവായ ആറിനെ ഹരിക്കാന്‍ സാധിക്കുന്നത് പോലെ. 'തദാഖുലി'ന്റെ രൂപത്തില്‍ വലിയ സംഖ്യയാണ് ഓഹരിയുടെ നിദാനം. 'തവാഫുഖ്' എന്നാല്‍ രണ്ട് ഓഹരിയുടെ ധാതുവിനേയും മൂന്നാമതൊരു സംഖ്യ കൊണ്ട് ഹരിക്കാന്‍ സാധിക്കുക എന്നതാണ്. ഉദാഹരണം: ആറില്‍ ഒന്നും എട്ടില്‍ ഒന്നും. ഇതു രണ്ടിന്റേയും ധാതുവായ ആറിനേയും എട്ടിനേയും രണ്ട് കൊണ്ട് ഹരിക്കല്‍ സാധ്യമാണല്ലോ. തവാഫുഖിന്റെ രൂപത്തില്‍ ഒരു ധാതുവിന്റെ 'വഫ്ഖി'നെ (മൂന്നാമത്തെ സംഖ്യകൊണ്ട് ഹരിച്ചാല്‍ കിട്ടുന്നത്) മറ്റേതില്‍ പെരുക്കിയാല്‍ കിട്ടുന്നതായിരിക്കും ആ മസ്അലയിലെ ഓഹരിയുടെ ആകെത്തുക. (ഉദാഹരണം: 6*4= 8*3=24) 'തബായുന്‍' എന്നാല്‍ രണ്ട് ഓഹരിയുടെ ധാതുക്കള്‍ തമ്മില്‍ മേല്‍പറഞ്ഞ ബന്ധങ്ങളൊന്നുമില്ലാതിരിക്കുക എന്നാണ്. ഉദാഹരണം: നാലില്‍ ഒന്നും മൂന്നില്‍ ഒന്നും. തബായുനിന്റെ രൂപത്തില്‍ ഒരോഹരിയുടെ ധാതുകൊണ്ട് മറ്റേതിനെ പെരുക്കണം. അപ്പോള്‍ കിട്ടുന്ന സംഖ്യയായിരിക്കും അവരുടെ മസ്അല.

എന്നാല്‍ മുമ്പ് പറഞ്ഞ ഓഹരികളില്‍ ചിലതിനെ ചില സന്ദര്‍ഭങ്ങളില്‍ വര്‍ദ്ധിപ്പിക്കേണ്ടതായി വരും. ഇതിന്ന് 'ഔല്' എന്ന് പറയുന്നു. ആറ്, പന്ത്രണ്ട്, ഇരുപത്തിനാല് എന്നീ മൂന്ന് സംഖ്യകളാണ് വര്‍ദ്ധിപ്പിക്കപ്പെടുന്നവ. ആറിനെ പത്ത് വരെ ഒറ്റയായും ഇരട്ടയായും വര്‍ദ്ധിപ്പിക്കും. ഭര്‍ത്താവ്, മാതാവിലൊത്ത രണ്ട് സഹോദരികള്‍ എന്നിവരുടെ മസ്അലയില്‍ ആറിനെ ഏഴായി വര്‍ദ്ധിപ്പിക്കണം. അവരോടൊന്നിച്ച് മാതാവും കൂടി അവകാശിയായി വരുന്ന പക്ഷം ഓഹരിയുടെ അടിസ്ഥാനം എട്ടാക്കേണ്ടതാണ്. ഇവരുടെ കൂടെ മാതാവിലൊത്ത ഒരു സഹോദരന്‍കൂടി അവകാശിയാകുന്ന പക്ഷം ഓഹരി ചെയ്യുമ്പോള്‍ ഒമ്പതായി അധികമാക്കണം. ഇവരോടൊന്നിച്ച് മാതാവിലൊത്ത വേറൊരു സഹോദരനും കൂടി ഉണ്ടായിരുന്നാല്‍ ഓഹരി പത്തായി വര്‍ദ്ധിപ്പിക്കപ്പെടുന്നതാണ്.

പന്ത്രണ്ട് ഒറ്റയായി പതിനേഴ് വരെ വര്‍ദ്ധിപ്പിക്കപ്പെടും. ഭാര്യ, മാതാവ്, പിതാവിലൊത്ത രണ്ട് സഹോദരികള്‍ എന്നിവരുടെ മസ്അലയില്‍ ഓഹരിയുടെ അടിസ്ഥാനം പതിമൂന്നായി പന്ത്രണ്ടിനെ വര്‍ദ്ധിപ്പിക്കണം. ഇവരുടെ കൂടെ മാതാവിലൊത്ത ഒരു സഹോദരന്‍ കൂടി അവകാശിയായി ഉണ്ടായാല്‍ ഓഹരി പതിമൂന്നെന്നതുമാറ്റി പതിഞ്ചാക്കി വര്‍ദ്ധിപ്പിക്കണം. ഇവരെകൂടാതെ മാതാവിലൊത്ത ഒരു സഹോദരന്‍കൂടി ഉണ്ടായിരുന്നാല്‍ അടിസ്ഥാനം പതിനഞ്ചില്‍നിന്ന് പതിനേഴ് ആക്കണം. ഇരുപത്തിനാലിനെ ഇരുപത്തിഏഴായി വര്‍ദ്ധിപ്പിക്കുന്ന ഒരു പ്രശ്‌നമുണ്ട്. രണ്ട് പെണ്‍സന്താനങ്ങള്‍, മാതാപിതാക്കള്‍, ഭാര്യ എന്നിവരുള്ള 'മസ്അല'യിലാണ് ഇരുപത്തിനാലിനെ ഇരുപത്തിഏഴ് ആക്കേണ്ടി വരിക. ഇതില്‍ പതിനാറ് ഓഹരി രണ്ട് പെണ്‍മക്കള്‍ക്കും, എട്ടോഹരി മാതാപിതാക്കള്‍ക്കും, മൂന്നോഹരി ഭാര്യക്കുമായിരിക്കും. ഓഹരി വര്‍ദ്ധിപ്പിക്കുമ്പോള്‍ വര്‍ദ്ധിപ്പിച്ചതിന്റെ നാലില്‍ ഒന്ന്, ആറില്‍ ഒന്ന്, എട്ടില്‍ ഒന്ന് എന്ന ക്രമമല്ല പരിഗണിക്കപ്പെടുക; മറിച്ച് ആദ്യത്തെ ഓഹരിയില്‍ നിന്നുള്ളത് തന്നെയാണ്. എന്നാല്‍ മാത്രമേ ഓഹരി ശരിപ്പെടുകയുള്ളൂ.

ഒരാളുടെ സ്വത്ത് ഓഹരി ചെയ്യുമ്പോള്‍ ആദ്യമായി അവന്റെ കടങ്ങള്‍ നീക്കിവെക്കണം. പിന്നീട് അസ്വബക്കാര്‍ ഉണ്ടെങ്കില്‍ അവര്‍എത്ര, ഫര്‍ളു(ഓഹരി)ക്കാര്‍ എത്ര, അവകാശം തടയപ്പെട്ടവര്‍ ഉണ്ടോ എന്നെല്ലാം വ്യക്തമായും മനസ്സിലാക്കണം. പിന്നീട് മേല്‍പറഞ്ഞ വിധം ഓഹരി ചെയ്യേണ്ടതാണ്.

അനന്തരാവകാശം ഓഹരിചെയ്യുന്ന നിയമങ്ങള്‍ വളരെയധികം വിശദീകരണങ്ങള്‍ അടങ്ങിയതാണ്. അവയെല്ലാം ഇത്തരം ചെറുഗ്രന്ഥങ്ങളില്‍ വിശദമായി വിവരിക്കുക സാധ്യമല്ല. അതില്‍ നിന്ന് അല്‍പം മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളൂ. ബുദ്ധിമാന്മാര്‍ക്ക് ഇത്രയും പറഞ്ഞതില്‍ നിന്ന് തന്നെ കാര്യം ഗ്രഹിക്കാവുന്നതാണ്. ഇതിന്റെ വിശദാംശങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യണമെന്നും ഇത് അറിവിന്റെ പകുതിയാണെന്നും, ആദ്യമായി എന്റെ സമുദായത്തില്‍ നിന്ന് നഷ്ടപ്പെടുന്ന വിജ്ഞാനം അനന്തരാവകാശ നിയമങ്ങളെ സംബന്ധിച്ചതായിരിക്കുമെന്നും ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter