ശൈഖ് ജീലാനി: ഒരു ചെറുപരിചയം

ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(റ)യുടെ  ചരമദിനം റബീഉല്‍ ആഖിര്‍ 11ന് ആണ്. മദ്ഹബിന്റെ ഇമാമുകള്‍ക്ക് ശേഷം ഇസ്‌ലാമിക ലോകം കണ്ട ഏറ്റവും മഹാനായ വ്യക്തിയെന്ന നിലക്ക് ശൈഖ് ജീലാനിയെ നാം ആദരിക്കുന്നു. ആദരവിന്റെ ഭാഗമായിട്ടാണ് ജന്മദിനാഘോഷവും ചരമദിനാചാരവുമൊക്കെ മുസ്‌ലിംകള്‍ നടത്തുന്നത്.

ഹിജ്‌റ വര്‍ഷം 470ല്‍ (കൃസ്താബ്ദം 1077) 'ജീന്‍' എന്ന സ്ഥലത്ത് റമളാന്‍ ഒന്നിനായിരുന്നു ശൈഖ് ജീലാനിയുടെ ജനനം. ഈ സ്ഥലം ജീലാന്‍, കൈലാന്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു. അബൂസാലിഹ് മൂസാ ജന്‍ഗീദോസ്ത്(റ) അവര്‍കളാണ് മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പിതാവ്. ജന്‍ഗീദോസ്ത് എന്നത് അനറബി പദമാണ്. യുദ്ധപ്രിയന്‍ എന്നാണര്‍ത്ഥം. ചില ഗ്രന്ഥങ്ങളില്‍ 'ഖന്‍ദകൂസ്' എന്ന് കാണുന്നത് ഭേദഗതിയും തെറ്റുമാണ്. ഉമ്മുല്‍ ഖൈര്‍ ഫാത്വിമ(റ)യാണ് മാതാവ്. ജീലാനിയുടെ മാതൃപരമ്പര ഇമാം ഹുസൈന്‍(റ)വിലും പിതൃപരമ്പര ഇമാം ഹസന്‍(റ)വിലും ചെന്നെത്തുന്നു. അഹ്‌ലുബൈത്തില്‍പെട്ട പ്രധാനിയാണ് ശൈഖ് ജീലാനി.

പരിശുദ്ധ ജീവിതവും ലൗകിക വിരക്തിയും കര്‍ശനമായ ആത്മ നിയന്ത്രണവും സ്വയം സമര്‍പ്പണവും കൊണ്ട് ഔന്നത്യം നേടിയ 'ഔലിയാഇ'ല്‍ പ്രധാനിയായ ശൈഖ് ജീലാനിയോട് ആദരവ് പ്രകടിപ്പിക്കുന്നത് മനുഷ്യ സഹജമായ സ്വഭാവമാണ്. അല്ലാഹു ആദരിച്ചതിനെ ആദരിക്കണമെന്ന് അല്ലാഹു ആജ്ഞാപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഔലിയാഇനോടുള്ള ആദരവ് മുസല്‍മാനെ സംബന്ധിച്ചിടത്തോളം അവന്റെ ഇസ്‌ലാം പൂര്‍ണമാവാന്‍ അത്യാവശ്യമാണ്. ഔലിയാഇന്റെ ജീവിതകാലത്തും മരണാനന്തരവും ഈ ആദരവിന് കോട്ടമുണ്ടായിക്കൂടാ. ആദരവിന് ആരാധനയെന്ന വിവക്ഷ നല്‍കി ശിര്‍ക്കിന്റെ ലേബലൊട്ടിക്കുന്ന ചില പാവങ്ങളെ കാണാം. തേയ്മാനം വന്ന ഈ ആരോപണത്തിന് പലരും മറുപടി നല്‍കി കഴിഞ്ഞു. അതുകൊണ്ടുതന്നെ അവയെ അവഗണിക്കുകയാണ് കരണീയം.

അതേസമയം, ഔലിയാഇനോടുള്ള സ്‌നേഹാദരവ് ഖുതുബിയ്യത്, റാത്തീബ്, മൗലീദ് തുടങ്ങിയ ചടങ്ങില്‍ മാത്രം പരിമിതപ്പെടുത്തുന്ന ചിലരേയും കാണാം. ഇവരും യഥാര്‍ത്ഥത്തില്‍ ആദരവിനെ ദുര്‍വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്. സച്ചരിതരായ ഔലിയാഇനെ അനുധാവനം ചെയ്യലാണ് ആത്യന്തികമായ ആദരവെന്ന് അത്തരക്കാരെ മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത തീര്‍ച്ചയായും സുന്നികള്‍ക്കുണ്ട്.

ഔലിയാഇനെ കുറിച്ചു തന്നെ തെറ്റിദ്ധരിച്ചവരും നമുക്കിടയിലുണ്ട്. പച്ച ഷാളണിഞ്ഞ് ഔലിയാ പട്ടം കെട്ടാന്‍ ശ്രമിക്കുന്നവരേയും കാണാം. ഷാളണിയലോ അല്ലറചില്ലറ അത്ഭുത സിദ്ധികള്‍ കാണിക്കലോ ഔലിയാആണെന്നതിന്റെ തെളിവല്ല. വലിയ്യിന്റെ നിര്‍വചനം ഇമാം തഫ്താസാനി(റ) പറയുന്നത് കാണുക:

''അല്ലാഹുവിനെ കുറിച്ചും അവന്റെ വിശേഷണങ്ങളെ കുറിച്ചും കഴിവിന്റെ പരമാവധി അറിയുന്നവനും അല്ലാഹുവിന് വഴിപ്പെടുന്നതില്‍ നിത്യമായവനും ദോഷങ്ങള്‍ വെടിഞ്ഞും ഭൗതികസുഖാഢംബരങ്ങളിലും ദേഹേച്ഛകളിലും മുഴുകാത്തവനുമാണ് വലിയ്യ്'' (ശര്‍ഹുല്‍ അഖാഇദ്).

ശൈഖ് ജീലാനി 18-ാം വയസ്സില്‍ ബഗ്ദാദില്‍ പ്രവേശിച്ചു. ശൈഖ് കാരണമായി ഒട്ടനേകം പേര്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അങ്ങനെ മുഹ്‌യിദ്ദീന്‍ (ദീനിനെ ജീവിപ്പിച്ചവര്‍) എന്ന സ്ഥാനപ്പേര്‍ ജീലാനിക്ക് ലഭിച്ചു. ശൈഖ് സര്‍വ്വാംഗീകൃതനായിരുന്നു. ആരുടെ മുഖത്തു നോക്കിയും സത്യം തുറന്നു പറയുമായിരുന്നു.

അദ്ദേഹത്തിന്‍റെ കഠിനാദ്ധ്വാനവും ദേഹേച്ഛകളെ കൈവെടിയലും എത്രത്തോളമായിരുന്നുവെന്ന് വ്യക്തമാകുന്നതിന് ശൈഖ് ജീലാനി തന്നെ തന്റെ കഥ വിവരിക്കുന്നത് കാണുക: ''ഇറാഖിലെ വാസത്തില്‍ നാല്‍പ്പതു വര്‍ഷം ഇശാ നിസ്‌കരിച്ച വുളൂഅ് കൊണ്ടാണ് ഞാന്‍ സുബ്ഹ് നിസ്‌കാരം നിര്‍വഹിച്ചത്. ഖുര്‍ആന്‍ പാരായണ വേളയില്‍ ഉറക്കം വരാതിരിക്കാന്‍ ഒറ്റക്കാലിലായിരിക്കും നില്‍പ്പ്. ഭിത്തിയില്‍ തറച്ച ആണിയിലായിരിക്കും ഒരു കൈ. അത്താഴ സമയമാവുമ്പോഴേക്ക് ഖുര്‍ആന്‍ ഒരു ഖത്തം ആയി.'' (ബഹ്ജ)

ഖുത്വുബ് എന്ന ഉന്നത പദവി അലങ്കരിച്ച ശൈഖ് ജീലാനി(റ)യുടെ പേരും പ്രസക്തിയും ഏഴ് ആകാശത്തും അതിന്റെ അപ്പുറത്തും പ്രസിദ്ധമാണ്. ശൈഖ് ജീലാനി(റ) തന്നെ വിവരിക്കുന്നത് കാണുക: ''ഭൂമിയിലും ആകാശത്തും എനിക്ക് കൊടി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ആകാശത്തും ഭൂമിയിലുമുള്ളവര്‍ക്ക് എന്റെ സ്വാധീനമറിയാം. ആകാശത്തും ഭൂമിയിലും എന്റെ ചണ്ട മുട്ടിയിട്ടുണ്ട്. വിജയത്തിന്റെ വെള്ളിത്തിരി എനിക്ക് പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.'' (ഫുതൂഹുല്‍ ഗൈബ്) ആലങ്കാരിക പ്രയോഗത്തിലൂടെ തനിക്ക് നാഥന്‍ നല്‍കിയ കേളി തുറന്നു പറയുകയാണ് ജീലാനി(റ).

ഹിജ്‌റ വര്‍ഷം 561 റബീഉല്‍ ആഖിര്‍ 11ന് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) ബഗ്ദാദില്‍ വെച്ച് വഫാത്തായി. ഒമ്പതു പതിറ്റാണ്ടുകാലം ശൈഖ് ജീവിച്ചു. തന്റെ മകന്‍ അബ്ദുല്‍ വഹാബ്(റ) ജനാസ നിസ്‌കാരത്തിനു നേതൃത്വം നല്‍കി. ശൈഖ് ജീലാനി എറ്റെടുത്ത് നടത്തിയിരുന്ന ബഗ്ദാദിലെ സ്ഥാപനത്തിന്റെ പൂമുഖത്ത് തന്നെ ശൈഖ് ജീലാനി(റ) അന്ത്യവിശ്രമംകൊള്ളുന്നു.

വിജ്ഞാനം വിശ്വാസത്തിനുവേണ്ടി; വിശ്വാസം ആരാധനക്കും. ആരാധന ഏകദൈവ സാമീപ്യത്തിനുവേണ്ടിയും. അതിന്നായ് നാം യത്‌നിക്കണം, മരണം വരെ. ഇതാണ് ശൈഖ് ജീലാനിയുടെ ജീവിതസന്ദേശം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter