50 പണ്ഡിതകളില്‍നിന്നും വിദ്യ നുകര്‍ന്നു ഇമാം സുയൂഥി

ഇസ്‌ലാമിക പണ്ഡിത ലോകത്തെ വേറിട്ടൊരു അദ്ധ്യായമാണ് ഇമാം സുയൂഥി (എഡി. 1445-1505/ഹി. 849-911). പതിനഞ്ചാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയില്‍ ഈജിപ്തില്‍ ജനിച്ച അദ്ദേഹം അറിവിന്റെയും അക്ഷര വിപ്ലവത്തിന്റെയും പുതിയൊരു ജാലകം ലോകത്തിനു മുമ്പില്‍ തുറന്നുവെച്ചു. സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ മുസ്‌ലിം ലോകം ക്ഷയം നേരിട്ടുകൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഈജിപ്തിന്റെ സ്ഥിതിയും ഇതില്‍നിന്ന് ഒട്ടും ഭിന്നമായിരുന്നില്ല. പക്ഷെ, ഡമസ്‌കസിന്റെയും ബാഗ്ദാദിന്റെയും തകര്‍ച്ചയില്‍നിന്നും പ്രതിരോധത്തിന്റെ കരുത്ത് കൈവരിച്ച ഈജിപ്ത് വൈജ്ഞാനിക മേഖലയില്‍ കുതിപ്പിന്റെ ചുവടുകള്‍ വെച്ചുകൊണ്ടിരുന്ന സമയമായിരുന്നു ഇത്. വൈജ്ഞാനിക വിപ്ലവത്തിന്റെ മൂല സ്രോതസുകളായ ഗ്രന്ഥപ്പുരകളും പണ്ഡിതന്മാരും ചെറിയതല്ലാത്ത തോതില്‍ അവിടെയുണ്ടായിരുന്നു. അവിടെനിന്നാണ് അന്നത്തെ അറിയപ്പെട്ട ഒരു പണ്ഡിതന്റെ മകനായി പിറന്ന ഇമാം സുയൂഥി പാണ്ഡിത്യത്തിന്റെ കുലപതിയായി ഉയര്‍ന്നുവരുന്നത്.
അറിവിലും അറിവിന്റെ വ്യാപനത്തിലും സുയൂഥി കുറിച്ച മുദ്രകള്‍ ലോക ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഇസ്‌ലാമിക ലോകത്ത് പ്രമുഖമായി പരിഗണിക്കപ്പെട്ട സപ്ത വിജ്ഞാന ശാഖകളില്‍ സാഗര സമാനമായി അറിവ് കൈവരിച്ച അദ്ദേഹം ഈ വിശയങ്ങളിലെല്ലാം തന്റെ കാലത്തെ ഏറ്റവും അവഗാഹമുള്ള ജ്ഞാനിയായിരുന്നു. ഗ്രന്ഥരചനയില്‍ അല്‍ഭുതകരമായ വിപ്ലവം തീര്‍ത്തുകൊണ്ട്  വിവിധ വിജ്ഞാന ശാഖകളിലായി ശ്രദ്ധേയമായ ആയിരത്തിലേറെ രചനകള്‍ അദ്ദേഹം നടത്തത്തി. അതിലല്‍ വലിയൊരു അളവോളം ഗ്രന്ഥങ്ങള്‍ ലോകത്തിന്റെ തന്നെ ഗതി നിര്‍ണയിക്കാന്‍ മാത്രം കെല്‍പുള്ള ഗഹന രചനകളായിരുന്നു. അങ്ങനെയാണ് ഹിജ്‌റ ഒമ്പതാം  നൂറ്റാണ്ടിന്റെ മുജ്തഹിദും മുജദ്ദിദുമായി അദ്ദേഹം രംഗപ്രവേശം ചെയ്യന്നത്.
ഇമാം സുയൂഥിയുടെ വൈജ്ഞാനിക ചക്രവാളത്തിന്റെ ആഴം ഗ്രഹിക്കാനും ആ കാലഘട്ടത്തിലും പില്‍ക്കാലത്തും അത് ആര്‍ജ്ജിച്ച മഹത്വം ഉള്‍ക്കൊള്ളാനും അദ്ദേഹത്തിന്റെ വൈജ്ഞാനിക പ്രതിപത്തിയും അതിന് അനുഗുണമാംവിധം അവിടെ സംവിധാനിക്കപ്പെട്ട സാഹചര്യവും പഠന വിധേയമാക്കേണ്ടതുണ്ട്. അറിവ് അന്വേഷിച്ച് അദ്ദേഹം നടത്തിയ ജൈത്രയാത്രകളും അതിനായി കൊട്ടിത്തുറന്ന വാതിലുകളും സമീപിച്ച അസംഖ്യം പണ്ഡിതന്മാരും ചരിത്രത്തിലെ അപൂര്‍വ്വം അനുഭവങ്ങളും പുതിയ അറിവുകളിലേക്കുള്ള ജാലകങ്ങളുമാണ്.

ഗുരുനാഥമാര്‍
പുരുഷ ഗുരുജനങ്ങളില്‍നിന്നെന്നപോലെ സ്ത്രീ ഗുരുനാഥകളില്‍നിന്നും വിദ്യയഭ്യസിച്ചിരുന്നു ഇമാം സുയൂഥി. തനിക്ക് അമ്പതോളം അദ്ധ്യാപകര്‍ സ്ത്രീകളായി ഉണ്ടായിരുന്നുവെന്നതാണ് ചരിത്രം. മതവിഷയങ്ങളില്‍ പാണ്ഡിത്യവും അവഗാഹവും നേടിയ അമ്പതിലേറെ സ്ത്രീജനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയുന്നത് ആ കാലഘട്ടത്തിന്റെ ജ്ഞാന സമ്പന്നതയെയാണ് അറിയിക്കുന്നത്. സുയൂഥി ആ സാധ്യതകളെ അവഗണിച്ചതുമില്ല. അവരുടെ അടുത്തെല്ലാം പോയി അവര്‍ മികച്ചുനിന്ന വിഷയങ്ങളില്‍ ശിഷ്യത്വം സ്വീകരിച്ചു. സുയൂഥിയുടെ പ്രധാനികളായ ഗുരുനാഥകളില്‍നിന്നും ചിലരെ ഇവിടെ കുറിക്കുന്നു:
1. ആസിയ ബിന്‍തു ജാറുല്ലാഹ് അത്ത്വബ്‌രി അല്‍ മക്കി (മ. 873)
2. ആമന ബിന്‍തു മൂസാ  അദ്ദംഹൂജി അല്‍ മഹല്ലി (മ. 860)
3. അലിഫ് ബിന്‍തു ശ്ശരീഫ് അന്നസ്സാബ: അല്‍ ഹസന്‍ ബിന്‍ നാസ്വിര്‍
4. അലിഫ് ബിന്‍തുല്‍ ജമാല്‍ അല്‍ കിനാനി അല്‍ ഹമ്പലി (മ. 879)
5. ഉമ്മുല്‍ ഖൈര്‍ ബിന്‍തു യൂസുഫ് അല്‍ അഖബി
6. ഉമ്മുല്‍ ഖൈര്‍ ബിന്‍തു യൂസുഫ് അല്‍ മഗ്‌രിബി
7. ഉമ്മു ഹാനിഅ് ബിന്‍തു അബില്‍ ഖാസിം
8. ഉമ്മു ഹാനിഅ് ബിന്‍തുല്‍ ഹാഫിള് തഖിയ്യുദ്ദീന്‍  അല്‍ മക്കി
9. അമതുല്‍ ഖാലിഖ് ബിന്‍തു അബ്ദില്ലത്ത്വീഫ് അല്‍ മുനാവി (മ.902)
10. അമതുല്‍ അസീസ് ബിന്‍തു മുഹമ്മദ് അല്‍ അമ്പാബി
11. തഖിയ്യ ബിന്‍തുല്‍ ഹാഫിള് തഖിയ്യുദ്ദീന്‍ (മ. 891)
12. ഹനീഫ: ബിന്‍തു അബ്ദിര്‍റഹ്മാന്‍ അല്‍ ഖിംനി
13. ഖദീജ ബിന്‍തു അഹ്മദ് അല്‍ ഹുസൈനി (മ. 889)
14.  ഖദീജ ബിന്‍തു അബ്ദിര്‍റഹ്മാന്‍ അല്‍ അഖീലി അന്നുവൈരി (മ.870)
15. ഖദീജ ബിന്‍തു അലി അല്‍ അന്‍സ്വാരി
16. ഖദീജ ബിന്‍തു അസ്സൈലഈ
17. റജബ് ഇബ്‌നുതു അഹ്മദ് അല്‍ ഖുലൈജി (മ. 869)
18. റുഖിയ്യ ഇബ്‌നു അബ്ദില്‍ ഖവി അല്‍ ബജാനി അല്‍ മക്കി (മ. 874)
19. സൈനബ് ബിന്‍തു ഇബ്‌റാഹീം അശ്ശനവൈഹി (മ. 879)
20. സൈനബ് ബിന്‍തു അഹ്മദ് അശ്ശുവൈക്കി അല്‍ മക്കി (മ. 886)
21. സൈനബ് ബിന്‍തു മുഹമ്മദ് അസ്സഅ്ദി അല്‍ അസ്ഹരി
22. സാറ ബിന്‍തു മുഹമ്മദ് അര്‍രിബ്ഈ (മ. 869)
23. ഫാഥിമ ബിന്‍തുല്‍ ഹാഫിള് തഖിയ്യുദ്ദീന്‍ അല്‍ മക്കി
24. സ്വാലിഹ: ബിന്‍തു അലി അല്‍ അന്‍സ്വാരി (മ. 876)
25. സ്വഫിയ്യ ബിന്‍തു യാഖൂത് അല്‍ ഹബശി (മ. 872)
26. ആഇശ ബിന്‍തു അഹ്മദ് അല്‍ അജമി
27. അമാഇം ബിന്‍തു അല്‍ ഹസന്‍ അല്‍ ഹസനി
28. ഫാഥിമ ബിന്‍തു അഹ്മദ്
29. ഫാഥിമ ബിന്‍തു അഹ്മദ് അശ്ശുഗുരി
30. ഫാഥിമ ബിന്‍തു ഖലീല്‍ അല്‍ ഹിറസ്താനി (മ. 873)
31. ഫാഥിമ ബിന്‍തു അലി അല്‍ യസീരി
32. ഫാഥിമ ബിന്‍തു മുഹമ്മദ് അല്‍ മറാഗീ
33. ഫാഥിമ ബിന്‍തു മുഹമ്മദ് അല്‍ അജമി
34. കമാലിയ്യ ബിന്‍തു അഹ്മദ് അല്‍ കിനാനി (മ. 865)
35. കമാലിയ്യ ബിന്‍തു അബ്ദില്ലാഹ് അല്‍ ഇസ്ഫഹാനി (മ. 898)
36. കമാലിയ്യ ബിന്‍തു മുഹമ്മദ് അദ്ദിര്‍വി അല്‍ മര്‍ജാനി (മ. 880)
37. മര്‍യം ബിന്‍തു അഹ്മദ് അല്‍ കിലൂത്താത്തി
38. മര്‍യം ബിന്‍തു അലി അല്‍ ഹൂറൈനി അല്‍ ഹനഫി (മ. 871)
39. നിശ്‌വാന്‍ ബിന്‍തു അബ്ദില്ല അല്‍ അസ്ഖലാനി (മ.880)
40. ഹാജര്‍ ബിന്‍തു അലി അല്‍ ഹലബി
41. ഹാജര്‍ ഇബ്‌നതു മുഹമ്മദ് (മ. 874)
42. യഹിബുല്ലാഹ് ഹബശിയ്യ മുസ്തൗലിദതുല്‍ ഹാഫിള് തഖിയ്യുദ്ദീന്‍ (മ. 881)
ഇമാം സുയൂഥിയുടെ സമ്പന്നമായ ഗുരുജനങ്ങളുടെ പട്ടിക അവലോകനം ചെയ്യുമ്പോള്‍ ചില വസ്തുതകള്‍ മനസ്സിലാക്കാന്‍ സാധിക്കും. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, മന്‍ഥിഖ്, ഇല്‍മുല്‍ കലാം, അദബ്, ലുഗത്ത്, നഹ്‌വ്, ബലാഗ പോലെയുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ തന്റെ കാലത്തെ ഏറ്റവും പ്രഗല്‍ഭരായ അദ്ധ്യാപകരെയാണ് അദ്ദേഹം സമീപിച്ചിരുന്നത് എന്നതാണ് അതിലൊന്ന്. തന്റെ ഗുരുജനങ്ങളില്‍ പരിഗണനീയമായ വലിയൊരു ശതമാനം സ്ത്രീകളായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. അക്കാലത്തെ മുസ്‌ലിം സ്ത്രീകള്‍ക്കിടയിലെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ആഴവും പരപ്പുമാണ് ഇത് സൂചിപ്പിക്കുന്നത്. സുയൂഥിയുടെ അദ്ധ്യാപകരില്‍ വലിയൊരു അളവോളം മരണപ്പെടുന്നത് ഹി. 880 നും ഹി. 870 നും ഇടയിലാണ്. തനിക്ക് മുപ്പത് വയസ്സ് തികയുന്നതിനു മുമ്പായിരുന്നു സുയൂഥി തന്റെ വൈജ്ഞാനിക യാത്രകളെല്ലാം നടത്തിയിരുന്നതെന്നും പ്രഗല്‍ഭരായ ഈ പണ്ഡിതന്മാരെയെല്ലാം സമീപ്പിച്ചിരുന്നതെന്നും ഇത് വ്യക്തമാക്കുന്നു. മദ്ഹബുകളുടെ പക്ഷാന്തരമില്ലാതെയായിരുന്നു സുയൂഥിയുടെ വൈജ്ഞാനിക യാത്രകള്‍ എന്നതാണ് മറ്റൊരു കാര്യം. തന്റെ ജ്ഞാനാന്വേഷണ യത്രയില്‍ നാലു മദ്ഹബുകളിലെ പണ്ഡിതരെയും അദ്ദേഹം സമീപ്പിച്ചു. അവരില്‍നിന്നും വിവിധ വിഷയങ്ങളില്‍ അവഗാഹം നേടി. ഇവരെല്ലാം തന്നെ മുസ്‌ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്നതായിരുന്നുവെന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. മക്ക, മദീന, അലപ്പോ, ശീറാസ്, തക്‌റൂര്‍, ത്വറാബുല്‍സ് തുടങ്ങി ഇസ്‌ലാമിക വിജ്ഞാനിയങ്ങളുടെ അന്നത്തെ ശ്രദ്ധാകേന്ദ്രങ്ങളിലെ അന്തേവാസിളായിരുന്നു ഇവരെല്ലാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter