പുത്തനങ്ങാടി

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പ്രദേശമാണ് പുത്തനങ്ങാടി. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന-പ്രവര്‍ത്തനത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ശ്രദ്ധേയമായ ഈ നാട് തെക്കേ മലബാറിലെ ഉന്നത തര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. പൊന്നാനിയില്‍നിന്നും പത്ത് കര്‍ഷക കുടുംബങ്ങള്‍ ഇവിടെ വന്ന് താമസമാക്കുന്നതോടെ ഇതിന്റെ ചരിത്രം വായിക്കപ്പെടുന്നു. അഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംഭവം.  അതുവരെ ഇത് ഒരു ആളൊഴിഞ്ഞ പ്രദേശമായിരുന്നു. ഇതോടെ പത്തിനങ്ങാട് എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി. പിന്നീട് അത് ലോപിച്ചാണ് ഇന്നറിയപ്പെടുന്ന പുത്തനങ്ങാടിയായത്.

ആദ്യം വന്നു താമസമാക്കിയ ഈ കുടുംബങ്ങള്‍ക്ക് ജമാഅത്തായി നിസ്‌കരിക്കാന്‍ ഒരു നിസ്‌കാരപ്പള്ളി വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നു. നിത്യ ജീവിതത്തിന് വക കണ്ടെത്തുന്ന ഈ കുടുംബങ്ങള്‍ ആലോചനക്കൊടുവില്‍ അന്നത്തെ നാടുവാഴി കരുവായൂര്‍ മൂസതിനെ  കാര്യം ധരിപ്പിച്ചു. മൂസത് പള്ളിക്കു വേണ്ടുന്ന സ്ഥലവും സഹായവും നല്‍കി. ഇതിനിടെ പത്ത് പതിനൊന്ന് മുസ്‌ലിം കുടുംബങ്ങള്‍ കൂടി പൊന്നാനിയില്‍ നിന്നെത്തി. ആളുകള്‍ കൂടുന്ന സാഹചര്യത്തില്‍ പള്ളി വിപുലീകരണത്തിന്റെ ആവശ്യം പുത്തനങ്ങാടി ഖാളി 'ഉസ്മാന്‍ഖാളി' ജനങ്ങളെ അറിയിച്ചു. മഹല്ല് നിവാസികള്‍ക്ക് ജുമുഅഃ നിര്‍വഹിക്കാന്‍ വിധത്തില്‍ പള്ളിയും ഒരു ഖബ്ര്‍സ്ഥാനിയും വേണമെന്ന ആവശ്യം മൂസതിനെ തന്നെ ധരിപ്പിച്ചു. പക്ഷെ, പഴയതുപോലെ മൂസത് സഹകരിച്ചില്ല. മറിച്ച് മുസ്‌ലിംകള്‍ക്കു നേരെ എടുത്തുചാടുകയായിരുന്നു: ''നിങ്ങളുടെ നിസ്‌കാരപ്പള്ളി കാരണം പരിസരത്തെ ക്ഷേത്രങ്ങളിലെ പൂജാകര്‍മ്മങ്ങള്‍ക്ക് ശല്യമുണ്ടെന്ന് പൂജാരി വന്ന് പറഞ്ഞിട്ടുണ്ട്.''നിലവിലെ പള്ളി പൊളിച്ച് അവിടെ എള്ളെറിയുമെന്ന് മൂസത് ഭീഷണിപ്പെടുത്തി. മുസ്‌ലിം സംഘത്തിലെ നേതാവ് പോക്കര്‍ മൂപ്പന്‍ ദേഷ്യം അടക്കിപ്പിടിച്ച് എല്ലാം കേട്ടു നിന്നു. അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തു: ''പള്ളി പൊളിച്ച് എള്ളെറിഞ്ഞാല്‍ എള്ള് കൊയ്‌തെടുക്കും മുമ്പ് മൂസതിന്റെ തലയെടുക്കുകയും ഒരു പള്ളിക്ക് പകരം രണ്ടു പള്ളി പണിയുകയും ചെയ്യും.''സംഭവങ്ങളെല്ലാം അവര്‍ ഖാളിയാര്‍ ഉപ്പാപ്പയെ അറിയിച്ചു. ദിവസങ്ങള്‍ക്കു ശേഷം അവര്‍ പള്ളിയില്‍ വന്നപ്പോള്‍, ബോധരഹിതനായി ഖാളിയാര്‍ ഉപ്പാപ്പ രക്തത്തില്‍ കുളിച്ചു കിടക്കുന്നു. മൂസതും സംഘവും കൊന്നതാണ്. ഖാളിയാര്‍ ഉപ്പാപ്പയുടെ ഖബ്ര്‍ പഴയ പള്ളിയുടെ മുന്‍വശത്ത് സ്ഥിതിചെയ്യുന്നു. ഉസ്മാന്‍ ഖാളിയെ വധിച്ചതിന് പ്രതികാരമായി മൂസതിന്റെ ഒരു മന്ത്രിയെ മുസ്‌ലിംകള്‍ കൊന്നു. ഇതോടെ മുസ്‌ലിംകളും മൂസതിന്റെ പരിവാരങ്ങളും തമ്മിലുള്ള പരസ്യമായ പോരാട്ടത്തിന് വേദിയൊരുങ്ങി. പതിനായിരത്തോളം സൈന്യം സര്‍വ്വായുധ സജ്ജരായി രാത്രി പള്ളി വളഞ്ഞു. പള്ളിക്കകത്ത് വിരലിലെണ്ണാവുന്ന മുസ്‌ലിംകളും തയ്യാറെടുത്തു. മൂസതിന്റെ സൈന്യത്തിലൊരാള്‍ പള്ളിക്ക് തീപന്തമെറിഞ്ഞു. ഉടനെ പള്ളിയില്‍നിന്നും ഈസാ എന്ന ചെറുപ്പക്കാരന്‍ തക്ബീര്‍ ചൊല്ലി എടുത്തു ചാടി. തൊട്ടു പിന്നില്‍ ബാക്കിയുള്ള ഇരുപതു പേരും പാഞ്ഞടുത്തു. അര്‍ദ്ധരാത്രി. പള്ളിച്ചെരുവില്‍ കത്തിക്കൊണ്ടിരിക്കുന്ന റാന്തലിന്റെ ഇളംവെളിച്ചത്തില്‍ ഘോരമായ പോരാട്ടം നടന്നു. ഒടുവില്‍ ഇരുപത്തിഒന്നു പേരും ശഹീദായി. ശത്രുക്കളില്‍നിന്ന് ഒരാളും മരിച്ചു.  മുസ്‌ലിംകളില്‍നിന്ന് പതിനാല് പേരെ ആദ്യം മറവു ചെയ്തു. ബാക്കി ഏഴു പേരുടെ മയ്യിത്ത് കാണുന്നില്ല. അതിനിടെ പൊന്നാനിയില്‍നിന്നും ഒരു സൂഫി സ്വപ്നം കണ്ടു- പുത്തനങ്ങാടിയില്‍ ശഹീദായ ഏഴു പേരുടെ മയ്യിത്ത് ഒരു കിണറ്റിലുണ്ടെന്ന്. പൊന്നാനിയില്‍ നിന്നും ഒരു സംഘം വന്ന് ഓരോരുത്തരേയുമെടുത്ത്  മറവ് ചെയ്തു. ഇവരുടെയെല്ലാം ഖബ്‌റുകള്‍ പ്രത്യേകം  തയ്യാറാക്കിയ കെട്ടിനുള്ളില്‍  കാണാം. ഹി.1067 ലാണ് ഈ സംഭവം അരങ്ങേറുന്നത്. വിജയശ്രീലാളിതരായ മൂസതും സംഘവും ഓലകൊണ്ട് മേഞ്ഞ പള്ളിക്ക് തീ കൊളുത്തി. സ്ഥലത്ത് എള്ളെറിഞ്ഞു. ഇതിനിടെ മൂസതിന്റെ മുന്നില്‍ നിന്നെടുത്ത പ്രതിജ്ഞ വീട്ടാനെന്നോണം ഒളിവിലിരുന്ന പോക്കര്‍ മൂപ്പന്‍ മൂസതിന്റെ തലയെടുക്കാനായി പുറത്തിറങ്ങി. പോക്കര്‍ മൂപ്പന്‍ അതിനായി ആസൂത്രണങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. തന്റെ ഉമ്മ തയ്യാറാക്കിത്തരുന്ന പൊതിച്ചോറുമായി മൂസതിന്റെ തലയെടുക്കാനായി ഇല്ലം പരിസരത്തേക്ക് പോകുമെങ്കിലും ദൗത്യം നിര്‍വ്വഹിക്കാനാവാതെ പലപ്പോഴും തിരിച്ചുപോരേണ്ടി വന്നു. ഈ നില മുപ്പത്തിഒമ്പത് ദിവസത്തോളം തുടര്‍ന്നു. നാല്‍പതാം ദിവസം ഉമ്മാക്ക് ഉറപ്പു കൊടുത്ത് പോക്കര്‍മൂപ്പന്‍ ഇല്ലത്തെത്തി. പോക്കര്‍മൂപ്പന്‍ ഒരു കാവര്‍ക്കാരനെ വശീകരിച്ച് മാര്‍ഗങ്ങള്‍ ആരാഞ്ഞു. ഒടുവില്‍ ഒരു സന്യാസിയുടെ വേഷം ധരിച്ച് അകത്ത് കടന്ന് മൂസതിന്റെ തലയെടുത്തു. കൃത്യനിര്‍വ്വഹണത്തിന് ശേഷം തല എള്ളില്‍ നാട്ടി. രണ്ടാമത്തെ വാഗ്ദാനമായ രണ്ട് പള്ളി നിര്‍മ്മാണവും പോക്കര്‍മൂപ്പന്‍ നിര്‍വ്വഹിച്ചു. അതിനു വേണ്ടുന്ന സഹായം നല്‍കിയത് കോഴിക്കോട്ടെ അന്നത്തെ ഒരു കോടീശ്വരനായിരുന്ന മണി ചെട്ട്യാരായിരുന്നു. ഒന്ന് പഴയ പള്ളി എന്ന പേരിലും മറ്റേത് പുത്തന്‍പള്ളി എന്ന പേരിലും അറിയപ്പെടുന്നു. പുത്തന്‍പള്ളിയുടെ പരിസരത്താണ് പോക്കര്‍മൂപ്പന്‍ അന്ത്യവിശ്രമം കൊള്ളുന്നത്. മമ്പുറം തങ്ങളുടെ ഉസ്താദായ 'കാലില്ലാത്ത ഉപ്പാപ്പ' എന്ന പേരിലറിയപ്പെടുന്ന ഖാളി അബ്ദുല്ല മുസ്‌ലിയാര്‍, മമ്പുറം തങ്ങളുടെ കുടുംബത്തില്‍പെട്ട മൂന്നു പ്രധാന തങ്ങന്‍മാര്‍, പോക്കര്‍മൂപ്പന്റെ ഉമ്മ, പെങ്ങള്‍ എന്നിവരും പുത്തന്‍പള്ളി പരിസരത്താണ് അന്ത്യവിശ്രമം കൊള്ളുന്നത്. പഴയ പള്ളിയുടെ വടക്ക് പുരാതന കാലത്തെ ഒരു ഓത്തുപള്ളി ഇന്നും അതിന്റെ പഴമയില്‍തന്നെ കാണാം. പ്രധാനമായും മറ്റൊന്ന്, ഖബ്ര്‍സ്ഥാനിയിലെ വളര്‍ന്നു വരുന്ന കല്ലാണ്. ഈ കല്ല് അമ്പത് വര്‍ഷം മുമ്പു വരെ വളരെ ചെറിയതായിരുന്നുവെന്ന് കാരണവന്‍മാര്‍ ഓര്‍ക്കുന്നു. ഇതിന്റെ ഉയരം ഇന്ന് പതിനൊന്നര അടിയോളമുണ്ട്. ശഫീഖ് വഴിപ്പാറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter