മമ്പുറത്തിന്റെ കുളിര്‍ക്കാറ്റ്

പാരമ്പര്യത്തിന്റെ പാദങ്ങള്‍ പതിഞ്ഞ്യുമണ്ണാണ് മമ്പുറത്തിന്റേത്. ഇന്നും കേരള മുസ്‌ലിംകള്‍ക്ക് ഉത്തേജനമാകുന്ന ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളിലൂടെയാണ് ഈ നാടിനെ പുറം ലോകമറിയുന്നത്. നാടിന്റെയും സമുദായത്തിന്റെയും പുരോഗമനത്തിനായി യത്‌നിച്ച ഖുതുബ്സ്സമാന്‍ മക്കയില്‍ നിന്നും ഹി. 1159ല്‍ കോഴിക്കോട്ടെത്തിയ ശൈഖ് ജിഫ്‌രിയുടെ അനന്തരാവകാശിയായി കരുതിപ്പോരുന്നു. ഹി. 1166ല്‍ ദുല്‍ഹജ്ജ് 23ന് ഹളര്‍മൗത്തിലെ 'തരീം' എന്ന ദേശത്ത് ജനിച്ച അലവി തങ്ങള്‍ 15-ാം വയസില്‍  (ഹി. 1181 റമദാന്‍ 19) നാണ് കോഴിക്കോട്ടെത്തുന്നത്. അന്ന് കോഴിക്കോട്ട് താമസിച്ചിരുന്ന തന്റെ അമ്മാവന്‍ ശൈഖ് ജിഫ്രി (റ)യുടെ കൂടെ താമസിച്ചു. അടുത്ത ദിവസം തന്നെ മമ്പുറത്തേക്ക് ശൈഖ് ജിഫ്രിയോടൊപ്പം എത്തിച്ചേര്‍ന്നു. മമ്പുറത്തെ പൗരപ്രമുഖരുമായി സുഹൃത് ബന്ധം സ്ഥാപിക്കുകയും ശേഷം അലവി തങ്ങളെ മാളിയേക്കല്‍ വീട്ടില്‍ താമസിപ്പിച്ച് ശൈഖ് ജിഫ്‌രി (റ) കോഴിക്കോട്ടേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്തു.

മാസങ്ങള്‍ക്കകം സയ്യിദ് അലവി തങ്ങള്‍ ജാതി - മത ഭേതമന്യേ എല്ലാവരുടെയും സ്‌നേഹാദരവ് പിടിച്ചുപറ്റി. നാടിന്റെ നാനാഭാഗങ്ങളിലും ശിഷ്യഗണങ്ങളോടൊപ്പം സഞ്ചരിച്ച് ജനങ്ങളില്‍ ഇസ്‌ലാമിക ബോധം വളര്‍ത്തുകയും ഖുര്‍ആനും സുന്നത്തും മുറുകെ പിടിച്ച് ജീവിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ അംശമാണെന്ന നബി വചനം ജീവിതത്തില്‍ പകര്‍ത്തിയ മഹാനായിരുന്നു സയ്യിദ് അലവി തങ്ങള്‍. വൈദേശിക ഭരണത്തെ സായുധ സമരം നടത്തി കെട്ടുകെട്ടിക്കാന്‍ സര്‍വരും സജ്ജരാകണമെന്ന് ആഹ്വാനം ചെയ്യുന്ന സൈഫുല്‍ ബത്താര്‍' എന്ന അദ്ദേഹമെഴുതിയ പ്രസിദ്ധമായ ഫത്‌വ അക്കാലത്തെ എല്ലാ മുസ്‌ലിം മഹല്ലുകളിലും പ്രചരിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടി നശിപ്പിച്ച ഈ ലഘു ഗ്രന്ഥം വളരെ കാലത്തിനുശേഷം നാടുകടത്തപ്പെട്ട അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ഇസ്താംബൂലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തെക്കെ മലബാറില്‍ ജന്മിമാര്‍ക്കും ഇംഗ്ലീഷുകാര്‍ക്കുമെതിരെയായി ഇടക്കിടെ നടന്നുകൊണ്ടിരുന്ന കലാപങ്ങളില്‍ രണ്ടെണ്ണം അരങ്ങേറിയത് സയ്യിദ് അലവി തങ്ങളുടെ കാലത്തായിരുന്നു.

തിരൂരങ്ങാടിക്ക് തൊട്ടുകിടക്കുന്ന മുട്ടിയറയെന്ന പ്രദേശത്താണ് ആദ്യ കലാപം. ബ്രിട്ടീഷ് പട്ടാളം മുട്ടിയറയിലെത്തി. പള്ളിയില്‍ കയറി അവിടെയുണ്ടായിരുന്ന ജനങ്ങളെ ഒന്നടങ്കം മര്‍ദ്ദിച്ചു. പ്രകോപിതരായ മുസ്‌ലിംകള്‍ പട്ടാളത്തിനെതിരെ കയ്യില്‍ കിട്ടിയ ആയുധവുമായി രംഗത്തിറങ്ങി. പട്ടാളക്കാരില്‍ പലരും മരിച്ചുവീണു. മുസ്‌ലിംകളില്‍ പതിനൊന്നു പേര്‍ ശഹീദായി. കൈതക്കകത്ത് കുഞ്ഞാലന്‍കുട്ടി സാഹിബും അദ്ദേഹത്തന്റെ സഹോദരന്‍മാരും പിതൃസഹോദരപുത്രന്‍മാരുമായിരുന്നു കൊല്ലപ്പെട്ടവര്‍. ഇവര്‍ മുട്ടിയറ ശുഹദാക്കളെന്നനിലയില്‍ പ്രസിദ്ധരാണ്. 1843 ഒക്‌ടോബറിലാണ് രണ്ടാമത്തെ കലാപം അരങ്ങേറുന്നത്. ചേറൂര്‍ പടയെന്ന പേരിലറിയപ്പെടുന്ന ഈ തുറന്ന പോരാട്ടത്തിലും ഏഴു മുസ്‌ലിംകള്‍ സ്വര്‍ഗം പ്രാപിച്ചു. പൂവ്വാടന്‍ മുഹ്‌യിദ്ദീന്‍, പുതനക്കപ്പുറം മൊയ്തീന്‍, പുന്തിരിത്തി ഇസ്മായില്‍, പട്ടര്‍കടവ് ഹുസൈന്‍, മൂസ, അലി ഹസന്‍, ചോലിക്കല്‍ ബുഖാരി എന്നിവരാണവര്‍. ഈ ലഹളക്ക് കൂടുതല്‍ പ്രസിദ്ധിയുണ്ടാവുന്നത് ചേറൂര്‍ സ്വദേശികളായ മമ്മദുകുട്ടി, മുഹിയുദ്ദീന്‍ എന്നീ മാപ്പിള കവികള്‍ രചിച്ച ചേരൂര്‍ പടപ്പാട്ട് എന്ന കൃതിയിലൂടെയാണ്.

വള്ളുവനാട്, ഏറനാട് പൊന്നാനി താലൂക്കുകളില്‍, മലബാര്‍ മേഖലയില്‍ പൊതുവെയും മമ്പുറം തങ്ങളവര്‍കള്‍ മുന്‍കൈ എടുത്ത് ധാരാളം പള്ളികള്‍ സ്ഥാപിച്ചു. താനൂര്‍ വടക്കെപള്ളി, കൊടിഞ്ഞി പള്ളി, ചാപ്പനങ്ങാടി പള്ളി, കാനഞ്ചേരി പള്ളി തുടങ്ങിയവ മമ്പുറം തങ്ങളുടെ മേല്‍നോട്ടത്തിലും നേതൃത്വത്തിലും നിര്‍മാണം നടത്തിയവയില്‍ ചിലതാണ്. മാപ്പിള നേതാവായിരുന്ന കുറ്റൂരിലെ പുതുപ്പറമ്പില്‍ കുഞ്ഞാലി സാഹിബ് തിരൂരങ്ങാടി കിഴക്കേപ്പള്ളി സ്വന്തം ചെലവില്‍ പണികഴിപ്പിച്ചത് തങ്ങളുടെ അനുഗ്രഹാശിസുക്കളോടുകൂടിയായിരുന്നു. ഓരോ പള്ളിയിലും ഇമാമുകള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അതാത് സമയങ്ങളില്‍ തങ്ങള്‍ ചെയ്തു പോന്നു. തങ്ങള്‍ മിക്ക രാത്രിയിലും സഹചാരികളുമൊത്ത് കൊടിഞ്ഞി പള്ളിയില്‍ പോവാറുണ്ടായിരുന്നു. വല്ല കേസും സത്യം പറയാന്‍ വെച്ചിട്ടുണ്ടെങ്കില്‍ കൊടിഞ്ഞി പള്ളിയില്‍ വെച്ചാണ് ആ കൃത്യം നടക്കാറ്. അക്കാലത്ത് മഹ്‌റ് പറഞ്ഞിരുന്നത് 'മിസ്ഖാല്‍' കണക്കിലായിരുന്നു. അത് ഇന്ത്യന്‍ രൂപയാക്കി പറഞ്ഞാല്‍ മതിയെന്ന പരിഷ്‌കരണം തങ്ങളുടെ 'ഫത്‌വ' പ്രകാരമായിരുന്നു.

തങ്ങളുടെ ഏത് കല്‍പനയും അനുസരിക്കാന്‍ സദാ ജാഗരൂകരായി അഞ്ചു കാര്യസ്ഥന്‍മാര്‍ ഉണ്ടായിരുന്നു. ഇവരില്‍ പ്രധാന കാര്യസ്ഥന്‍ കോന്തു നായര്‍ എന്ന ഒരു അമുസ്‌ലിം ആയിരുന്നുവെന്നത് അന്നത്തെ ഏറ്റവും മികച്ച മതമൈത്രിയുടെ ഉദാഹരണങ്ങളിലൊന്നായി കണക്കാക്കാം. മലബാറിന്റെ ചരിത്രത്തില്‍ ഐതിഹാസിക സംഭവ വികാസങ്ങള്‍ എഴുതിച്ചേര്‍ത്ത ആ മഹോന്നത ദീപം ഹി. 1260 മുഹറം 70-ാം തീയതി, 94-ാം വയസില്‍ പൊലിഞ്ഞുപോയി. മമ്പുറം മഖാമില്‍ അമ്മാവന്‍ സയ്യിദ് ഹസന്‍ ജിഫ്‌രി (റ)യുടെ മഖ്ബറക്കടുത്ത് അന്ത്യവിശ്രമം കൊള്ളുന്നു.

മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ആ സ്ഥാനം അലങ്കരിച്ചു. പിതാവിന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നു ജീവിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധി നാടെങ്ങും പരക്കാന്‍ അധിക കാലം വേണ്ടിവന്നില്ല. ചാലിലകത്ത് ഖുസയ്യു ഹാജിയുടെ ശിഷ്യത്വം സ്വീകരിച്ചു ഖുര്‍ആനിലും ഹദീസിലും ഇസ്‌ലാമിക ചരിത്രത്തിലും അഗാധപാണ്ഡിത്യം നേടിയ അദ്ദേഹത്തിന് സമുദായത്തെ നയിക്കാന്‍ തക്ക പ്രാപ്തിയും കാര്യശേഷിയും കൈവന്നിരുന്നു. പിതാവിനെപ്പോലെ അദ്ദേഹവും കനത്ത ബ്രിട്ടീഷ് വിരോധം വെച്ചു പുലര്‍ത്തി. ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാര്‍ പലവിധ സ്ഥാനമാനങ്ങള്‍ കാണിച്ച് അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ നോക്കിയെങ്കിലും അതൊന്നും ആ ധീരദേശാഭിമാനിയെ ആദര്‍ശത്തില്‍ നിന്ന് അല്‍പവും അകറ്റിയില്ല. സ്വരാജ്യം മോചിതമാക്കാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരോടും ജന്മിമാരോടും പോരാടാന്‍ തിരൂരങ്ങാടി പള്ളിയില്‍ വെച്ച് ജനങ്ങളെ അദ്ദേഹം നിരന്തരം ഉദ്‌ബോധിപ്പിച്ചിരുന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിന് തയ്യാറാവാന്‍ ജനങ്ങളെ ഉദ്‌ബോധിപ്പിക്കുന്ന അദ്ദേഹത്തിന്റെ 'ഉദ്ദത്തുല്‍ ഉമറാഅ് വല്‍ ഹുക്കാം ലിഇഹാനത്തില്‍ കഫറത്തി വ അബദത്തില്‍ അസ്‌നാം' എന്ന അറബി ഗ്രന്ഥത്തിന്റെ കൈയ്യെഴുത്ത് പ്രതി കേരളത്തിലെ പ്രധാന മഹല്ലുകളിലേക്ക് അയച്ചുകൊടുത്തിരുന്നു. ഈ ഗ്രന്ഥം പിന്നീട് ഉസ്താംബൂളില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

മമ്പുറത്തുണ്ടായിരുന്ന ചെറിയ നിസ്‌കാരപ്പള്ളി വിപുലീകരിച്ച് ജുമുഅത്തുപള്ളി സ്ഥാപിച്ചത് ഫസല്‍ പൂക്കോയ തങ്ങളായിരുന്നു.

തങ്ങള്‍ പൊതുരംഗങ്ങളില്‍ നിറഞ്ഞുനിന്ന കാലഘട്ടമായ 1836ന് ശേഷം നിരവധി ഇംഗ്ലീഷ് വിരുദ്ധ കലാപങ്ങള്‍ക്ക് തെക്കെ മലബാര്‍ സാക്ഷ്യം വഹിച്ചു. 1836ല്‍ പന്തല്ലൂരിലും 1941ല്‍ ചേറൂരിലും നടന്ന പോരാട്ടത്തിനുശേഷം 1849ല്‍ മഞ്ചേരി അത്തന്‍കുരിക്കളുടെ നേതൃത്വത്തില്‍ നടന്ന ഘോരമായ വിപ്ലവത്തില്‍ തെക്കെ മലബാറിലെ കലക്ടറായിരുന്ന കേണല്‍വേയും നിരവധി പട്ടാളക്കാരും കൊല്ലപ്പെട്ടു. ഈ സംഭവത്തോടെ ആ പ്രദേശങ്ങളില്‍ ബ്രിട്ടീഷ് ഭരണം ആകമാനം സ്തംഭനത്തിലായി. 1851ല്‍ നാലു വെള്ളപ്പട്ടാളക്കാരുള്‍പ്പെടെ സര്‍ക്കാര്‍ പക്ഷത്തുനിന്നു പലരും കൊല്ലപ്പെട്ട മറ്റൊരു യുദ്ധം നടന്നു. മലബാര്‍ മുസ്‌ലിംകളുടെ അനിഷേധ്യനായ ആ ആത്മീയ രാഷ്ട്രീയ നായകന്റെ ഒരോ നീക്കങ്ങളും ശ്രദ്ധിച്ചിരുന്ന ബ്രട്ടീഷ് ഗവണ്‍മെന്റ്, ഈ കലാപങ്ങളുടെയെല്ലാം കേന്ദ്രശക്തി സയ്യിദ് ഫസല്‍ തങ്ങളാണെന്ന് ഉത്തരവിറക്കി. അതിന്റെ അടിസ്ഥാനത്തില്‍ 1857 മാര്‍ച്ച് 19-ാം തിയ്യതി (ഹി. 1268) അദ്ദേഹത്തെയും, രണ്ടു പുത്രന്‍മാരും സഹോദരിഫാത്തിമയും സയ്യിദ് ഹുസൈന്‍ തങ്ങളും ഉറ്റവരും ഉള്‍പ്പെടെ 57 പേരെ പരപ്പനങ്ങാടി വഴി അറേബ്യയിലേക്ക് നാടുകടത്തി. ആ വര്‍ഷം തന്നെ ഫസല്‍ തങ്ങള്‍ പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിച്ചു. ഏതാനും മാസം ഹറമില്‍ താമസിച്ച ശേഷം ഹി. 1269ല്‍ ഈജിപ്ത് വഴി കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് യാത്രതിരിച്ചു. 1855 സെപ്തംബര്‍ 11ന് കൊണോലി സായ്പ്പും ഭാര്യയും കലക്ടറുടെ വസതിയില്‍ സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ മാപ്പിള കലാപകാരികള്‍ ബംഗ്ലാവില്‍ കടന്നു അവരെ വെട്ടിക്കൊന്ന് തങ്ങളെ നാടുകടത്തിയതിന് പകരം വീട്ടി.

ഇസ്‌ലാമിക തത്വസംഹിതകള്‍ ജീവിതത്തില്‍ പകര്‍ത്തിയ സമുദായികോദ്ധാരകനും ദേശസ്‌നേഹിയുമായ ആ മഹാ മനീഷി ഹി. 1318 റജബ് 2ന് കോണ്‍സ്റ്റാന്റ്‌നോപ്പിളില്‍ വെച്ച് അന്ത്യം വരിച്ചു.

ശഫീഖ് വഴിപ്പാറ

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter