ഉലമാ-ഉമറാ ബന്ധത്തിലൂന്നി കേരളത്തിലെ  ഇസ്‌ലാം

ഏതൊരു പ്രസ്ഥാനത്തിന്റെയും തുടക്കത്തിനും നിലനില്‍പിന്നും വളര്‍ച്ചക്കും അനിവാര്യമായ രണ്ട്‌ അടിസ്ഥാന ഘടകങ്ങളാണ്‌ അറിവും ശക്തിയും. അറിവിന്റെ നിറകുടങ്ങളായ നിഷ്‌കളങ്കരുടെ സാന്നിധ്യവും നേതൃത്വവും സംഘടനയുടെ പോരാട്ടത്തിനും വളര്‍ച്ചക്കും വലിയ ഹേതുവാകും. അറിവുള്ളവരെ പിന്‍പറ്റുക എന്നത്‌ സമൂഹം എക്കാലത്തും അംഗീകരിച്ചുപോന്ന വസ്‌തുതയാണ്‌. ഇബ്രാഹീം നബി(അ) തന്റെ പിതാവിനോട്‌ പറഞ്ഞകാര്യം ഖുര്‍ആന്‍ ഇങ്ങന ഉദ്ധരിച്ചത്‌ കാണാം. 'എന്റെ പൊന്നുപ്പാ; നിങ്ങള്‍ക്ക്‌ ഇല്ലാത്ത ചില അറിവ്‌ എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ എന്നെ പിന്‍പറ്റികൊള്ളുക.' (ദുഖാന്‍) പിന്‍പറ്റാനുള്ള മാനദണ്ഡം അറിവാണ്‌ എന്നും ആദരണീയമായ പിതൃത്വത്തെപോലും അറിവ്‌ പിന്നിലാക്കുന്നു എന്നും ഇതില്‍നിന്നും മനസ്സിലാക്കാമല്ലൊ.

അല്ലാഹുവിന്റെ ദീന്‍ പ്രചരണ ദൗത്യത്തിന്‌ അല്ലാഹു ചില പരിശുദ്ധവാന്മാരെ സ്‌ഫുടം ചെയ്‌തെടുത്ത്‌ അറിവ്‌ നല്‍കി പാകപ്പെടുത്തുന്നു. അമ്പിയാക്കള്‍ എന്നറിയപ്പെടുന്ന ഈ നീണ്ട ശൃംഖല മുഹമ്മദ്‌ മുസ്ഥഫാ(സ്വ)യോട്‌ കൂടെ അവസാനിച്ചപ്പോള്‍ അവരുടെ അനന്തരാവകാശം നല്‍കപ്പെട്ട വിഭാഗം പണ്ഡിതന്മാരാണെന്ന കാര്യം നാം ഓര്‍ക്കണം. ദീനീപ്രചരണ ദൗത്യമായിരുന്നു അമ്പിയാക്കളുടെ ദൗത്യം. അവരില്‍ നിന്നും അനന്തരമായി നേടാനുള്ളതും അത്‌ തന്നെയാണല്ലൊ.

അന്ത്യപ്രവാചകര്‍(സ്വ)ക്ക്‌ അല്ലാഹുവില്‍നിന്നും ലഭ്യമായ അറിവ്‌ നേരിട്ട്‌ പഠിപ്പിച്ചു കൊടുത്തു സംസ്‌കരിക്കപ്പെട്ട പുണ്യാത്മക്കളായ സഹാബത്താണ്‌ പിന്നീട്‌ ലോകത്തിന്റെ പലഭാഗത്തും ഇസ്‌ലാമിക ദഅ്‌വത്ത്‌ ദൗത്യം നിര്‍വ്വഹിച്ചു പോന്നത്‌. കേരളത്തിലും ഇസ്‌ലാം കൊണ്ടുവന്നതും അവര്‍ തന്നെയാണ്‌. കേരളത്തിന്റെ തീരദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ അവരുടെ അടയാളങ്ങളും ഖബ്‌റുകളും ധാരാളമായി കാണപ്പെടുന്നത്‌ ഈ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുന്ന കാര്യങ്ങളാണ്‌. അടുത്തകാലം വരെ ഇസ്‌ലാം എന്ന ഒറ്റ പ്രസ്ഥാനമല്ലാതെ അകത്ത്‌ പ്രവര്‍ത്തിക്കാന്‍ വെവ്വേറെ പേരുള്ള സംഘടന ആവശ്യമില്ലായിരുന്നു. മഹാന്മാരായ പണ്ഡിത ശിരോമണികള്‍ നല്‍കുന്ന ഉപദേശവും ഫത്‌വയും കേട്ടു അനുസരിച്ചു പോരുന്ന സമ്പ്രദായം മുസ്‌ലിംകളില്‍ നിലനിന്നുപോന്നു. അപശബ്ദങ്ങളില്ലാതെ എല്ലാവരും ഒറ്റക്കെട്ട്‌. ഇസ്‌ലാമിലേക്ക്‌ ആളുകളെ ആകര്‍ഷിക്കുന്ന ജീവിത ശുദ്ധിയും അതോടൊപ്പം ചിട്ടയിലുള്ള മഹല്ല്‌ സംവിധാനങ്ങളും അവിടങ്ങളില്‍ ഉയര്‍ത്തപ്പെട്ട പള്ളികളും വിജ്ഞാനത്തിന്റെ കേന്ദ്രങ്ങളായ പള്ളി ദര്‍സുകളും സാരോപദേശ സദസ്സുകളുമൊക്കെ ഇതിന്റെ മനോഹരമായ ദൃശ്യങ്ങളാണ്‌.

ഉമറാഅ്‌

  ഈ പ്രവര്‍ത്തനങ്ങളുടെ പിന്നിലെല്ലാം ഉലമാക്കളോട്‌ അള്ളിപ്പിടിച്ചുകൊണ്ടു വേറെ ഒരു വിഭാഗത്തിന്റെ സേവനം കൂടി നാം വിലയിരുത്തേണ്ടതാണ്‌. നബി(സ്വ) പറഞ്ഞു: `എന്റെ സമുദായത്തിലെ രണ്ട്‌ വിഭാഗം നന്നായിക്കഴിഞ്ഞാല്‍ ജനം ആകെ നന്നായിക്കഴിഞ്ഞു. ഈ രണ്ടു വിഭാഗം ദുശിച്ചു കഴിഞ്ഞാല്‍ ജനം ആകെ ദുശിച്ചു. ഉലമാക്കളും ഉമറാക്കളുമാണവര്‍.' മുകളില്‍ സൂചിപ്പിച്ച ശക്തി എന്നത്‌ കൊണ്ടുദ്ദേശിക്കപ്പെട്ട വിഭാഗമാണ്‌ ഉമറാഅ്‌. നാട്ടിലിറങ്ങി പ്രവര്‍ത്തിക്കുമ്പോള്‍ ഗ്രൗണ്ട്‌ സപ്പോര്‍ട്ട്‌ മികച്ച ഒരു ഘടകമാണ്‌. ഇല്ലാതെ വരുമ്പോള്‍ ശത്രുക്കളുടെ ഭാഗത്തുനിന്നും പല തരത്തിലുള്ള ഭീഷണികളും നേരിടേണ്ടി വരും. ദൗത്യം നിര്‍വ്വഹിക്കാന്‍ തന്നെ തടസ്സം നേരിട്ടേക്കാം. അധികാരത്തിന്റെയോ സമ്പന്നതയുടെയോ തറവാടിത്തത്തിന്റെയോ പാരമ്പര്യത്തിന്റെയോ ഒക്കെ സ്വാധീനം നേടിയ ആളുകളെയാണ്‌ നാം ഉദ്ദേശിക്കുന്നത്‌. ഇത്തരം ആളുകളുടെ പിന്‍ബലം പ്രവര്‍ത്തകര്‍ക്ക്‌ വലിയ തണല്‍ നല്‍കും. നബി(സ്വ)ക്ക്‌ താങ്ങും തണലുമായിരുന്ന പിതൃവ്യന്‍ അബൂ ത്വാലിബിന്റെ മരണശേഷം അനുഭവപ്പെട്ട അനാഥത്വവും അസ്വസ്ഥയും നാം ഉള്‍ക്കൊണ്ടതാണല്ലോ. താഇഫിലെ പ്രമുഖരുടെ സേവനം പ്രതീക്ഷിച്ചു നബി(സ്വ) പോയതും അത്‌ വിജയിക്കാതെ പോയപ്പോള്‍ നാടുവിട്ട്‌ ഹിജ്‌റ പോവേണ്ടി വന്നതുമെല്ലാം ഉമറാഇന്റെ താങ്ങ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ നല്‍കുന്ന ശക്തിയെയാണ്‌ അറിയിക്കുന്നത്‌. രണ്ടാലൊരു ഉമറിനെക്കൊണ്ട്‌ ഈ ദീനിന്‌ നീ ശക്തി പകരണമെന്ന നബി(സ്വ)യുടെ പ്രാര്‍ത്ഥനയും മക്കാ വിജയനാളില്‍ അബൂസുഫ്‌യാന്ന്‌ നല്‍കിയ അംഗീകാരവുമൊക്കെ ഈ ശക്തിയുടെ പ്രാധാന്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇത്‌ പ്രകാരം കേരളത്തില്‍ ഇസ്‌ലാമിന്റെ സന്ദേശവാഹകര്‍ ആദ്യമായി എത്തിയപ്പോള്‍ നാട്ടുരാജാക്കന്മാരുടെയും കാരണവന്മാരുടെയും നിര്‍ലോഭമായ ഒത്താശയും പിന്‍ബലും ഉണ്ടായിരുന്നു. അതുകൊണ്ട്‌ വന്ന സംഘത്തിന്‌ ദൗത്യം നിര്‍വ്വഹിക്കാനും സ്ഥാപനങ്ങള്‍ ഉയര്‍ത്താനും സൗകര്യങ്ങള്‍ എളുപ്പമായി. അങ്ങനെയുള്ള ശക്തികേന്ദ്രങ്ങള്‍ തന്നെ പിന്നീട്‌ ഇസ്‌ലാം ആശ്ലേഷിച്ചു കടന്നുവന്നപ്പോള്‍ ഇസ്‌ലാമിക കേരളം, മുസ്‌ലിം ഇന്ത്യ എന്നൊക്കെ പറയാവുന്നിടത്തോളം പ്രസ്ഥാന വലുതായി. മാലികുബിനു ദീനാറും സംഘവും ഇവിടെ വന്നപ്പോള്‍ അവര്‍ക്ക്‌ പള്ളിയുണ്ടാക്കുന്നതിനും വീടുണ്ടാക്കുന്നതിനും ആവശ്യമായ സ്ഥലങ്ങളും മറ്റു വഹകളും നല്‍കിയത്‌ മുസ്‌ലിംകളല്ലാത്ത രാജാക്കന്മാരും പ്രഭുക്കളുമായിരുന്നെങ്കില്‍ പില്‍ക്കാലത്ത്‌, മുസ്‌ലിം ധനികരിലെ ഉദാരത മഹല്ലുകളും പള്ളികളും ഖബ്‌ര്‍ സ്ഥാനുകളും അനാഥാലയങ്ങളും ദര്‍സുകളും ഉണ്ടാക്കേണ്ടതിലേക്ക്‌ വളരെ ഉപകാരപ്പെട്ടു. ആലിമീങ്ങള്‍ പറയുന്നതനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ അവര്‍ സന്നദ്ധരായി. ഇസ്‌ലാമിന്റെ പച്ചപ്പ്‌ വാട്ടംതട്ടാതെ നിലനിന്നുപോന്നത്‌ ഈ ഉലമാ ഉമറാ കൂട്ടായ്‌മകൊണ്ടാണ്‌. പൊന്നാനിയിലെ പുരാതനമായ ദര്‍സ്‌ വിദേശങ്ങളില്‍നിന്നുപോലും വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച ഒരു ദീനീ സര്‍വ്വകലാശാലയായിരുന്നുവല്ലൊ. ചാലിയം ദര്‍സ്‌, വാഴക്കാട്‌ ദാറുല്‍ ഉലൂം, പട്ടിക്കാട്‌ ജാമിഅഃ നൂരിയ്യ തുടങ്ങിയ ദര്‍സുകളും കോളേജുകളുമൊക്കെ കെട്ടിപ്പടുക്കുന്നതില്‍ ഉമറാഇന്റെ സേവനം വളരെ വലുതായിരുന്നുവല്ലൊ. സമസ്‌ത സമസ്‌തയുടെ ഉത്ഭവം മുതല്‍ ഇന്നും അതിന്‌ വലിയ താങ്ങും തണലും നല്‍കിയ എത്രയോ ഉമറാക്കളുടെ നിരതന്നെ നമുക്ക്‌ കാണാന്‍ കഴിയും. മര്‍ഹൂം സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍ സമസ്‌തയുടെ സന്തത സഹചാരിയായിരുന്നു എന്ന്‌ പറയാം. സമസ്‌തയുടെ പല പരിപാടികള്‍ക്കും തങ്ങളുടെ ഉയര്‍ന്ന സഹായവും ഉപദേശവുമെല്ലാം താങ്ങും തണലും നല്‍കിയിട്ടുണ്ട്‌. ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ സ്ഥാപനം മുതല്‍ ട്രഷററായി പ്രവര്‍ത്തിച്ചിരുന്നതും തങ്ങളായിരുന്നു. പല മുശാവറ യോഗങ്ങളില്‍വരെ തങ്ങള്‍ അദ്ധ്യക്ഷനായിരുന്നിട്ടുണ്ട്‌. മുശാവറ എടുക്കുന്ന ചില തീരുമാനങ്ങള്‍ അപ്പടി, ലീഗിന്റെ എല്ലാമായിരുന്ന തങ്ങള്‍, ലീഗിന്റെ വര്‍ക്കിംഗ്‌ കമ്മിറ്റിയില്‍ അവതരിപ്പിച്ച്‌ പാസ്സാക്കാറുണ്ടായിരുന്നു. എം.ഇ.എസ്സിന്റെ തലതിരഞ്ഞ പോക്ക്‌ കണ്ടപ്പോള്‍ സമസ്‌ത എം.ഇ.എസ്സുമായി മുസ്‌ലിംകള്‍ ബന്ധപ്പെടരുതെന്ന തീരുമാനമെടുത്തു ജനങ്ങളെ അറിയിച്ചു. തങ്ങള്‍ അതേ തീരുമാനം മുസ്‌ലിം ലീഗിന്റെ കമ്മിറ്റിയില്‍ അവതരിപ്പിച്ചു പാസ്സാക്കി. അതിന്റെ ഫലമായി ലീഗും എം.ഇ.എസ്സും കടുത്ത ശത്രുതയിലാവുകയും ചെയ്‌തു. അങ്ങനെ സമസ്‌തയുടെ ആദര്‍ശങ്ങളോടും തീരുമാനങ്ങളോടും ഒട്ടിച്ചേര്‍ന്നു പ്രവര്‍ത്തിച്ച വലിയ നേതാവായിരുന്നു തങ്ങള്‍. അതുപോലെ ഉപരിപഠനത്തിന്‌ മതപണ്ഡിതന്മാര്‍ക്ക്‌ കേരളത്തില്‍ സൗകര്യമില്ലാതിരുന്നത്‌ പരിഹരിക്കാന്‍ വേണ്ടി സമസ്‌തയോടൊപ്പം ഗോദയില്‍ ഇറങ്ങിയവരില്‍ ഒന്നാമന്‍ ബാഫഖി തങ്ങളായിരുന്നു. ആവശ്യമായ സ്ഥലങ്ങളും തന്റെ സകല സ്വത്തുക്കളും നല്‍കിയ കറാച്ചി ബാപ്പു ഹാജിയുടെ സേവനവും എടുത്തു പറയേണ്ടതാണ്‌. അങ്ങനെയാണ്‌ ജാമിഅഃ നൂരിയ്യ പിറവി എടുത്തതും നല്ല നിലയില്‍ നടന്നു വരുന്നതും. ഉന്നത ശീര്‍ഷരായ ചെറുശ്ശേരി അഹ്‌മദ്‌ കുട്ടി മുസ്‌ലിയാര്‍, പറവണ്ണ മൊയ്‌തീന്‍ കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാര്‍, ചാലിലകത്ത്‌ കുഞ്ഞഹമ്മദാജി തുടങ്ങിയ പണ്ഡിത കേസരികളോടൊത്ത്‌ തങ്ങളുടെ മികച്ച സ്വത്തുക്കളില്‍ നല്ല ഭാഗം വഖഫ്‌ ചെയ്‌തുകൊണ്ട്‌ സ്ഥാപിതമായ വാഴക്കാട്‌ ദാറുല്‍ ഉലൂമിന്റെ കഥയില്‍ കൊയപ്പത്തൊടി കുടുംബത്തിന്റെ സേവനം മറക്കാന്‍ കഴിയാത്തതാണ്‌. ബഹു. റഈസുല്‍ മുസ്‌ലിമീന്‍ കണ്ണിയത്തും അഹ്‌മദ്‌ മുസ്‌ലിയാര്‍ ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പില്‍കാലത്തെ സമസ്‌ത നേതാക്കളെയൊക്കെ സമുദായത്തിനര്‍പ്പിച്ചത്‌ ഈ സ്ഥാപനമായിരുന്നു. ആയിരങ്ങളെ ഫൈസി ബിരുദ ധാരികളായി കര്‍മവീഥിയിലേക്കിറക്കിയ ജാമിഃ നൂരിയ്യയുടെ പിന്നില്‍ ബാഫഖി തങ്ങളുടെ നേതൃത്വത്തില്‍ ഉമറാഇന്റെ വലിയ ഒരു നിരതന്നെ ഉണ്ടായിരുന്നു. മുക്കം ബീരാന്‍ കുട്ടി ഹാജി, കല്ലടി കുഞ്ഞഹമ്മദ്‌ സാഹിബ്‌, കക്കോടന്‍ മമ്മു ഹാജി, കല്ലന്‍കോടന്‍ കുഞ്ഞഹമ്മദ്‌ ഹാജി, എം.കെ.സി. അബൂഹാജി അങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. സുന്നത്ത്‌ ജമാഅത്തിന്റെ ആദര്‍ശത്തിലുള്ള ഒരു യതീംഖാന ഉണ്ടാവണമെന്നും അതില്ലെങ്കില്‍ തിരൂരങ്ങാടി, ജെ.ഡി.റ്റി. പോലെയുള്ള യതീംഖാനകളില്‍ നമ്മുടെ സുന്നികളായ ആളുകളുടെ കുട്ടികള്‍ ചേര്‍ന്നു സുന്നിയല്ലാതായിപ്പോകുമെന്ന്‌ 1955-56 കാലത്ത്‌ സമസ്‌തയുടെ സെക്രട്ടറിയായിരുന്ന പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രസ്‌താവിച്ചപ്പോള്‍ അങ്ങനെ രണ്ട്‌ കൈയും നീട്ടി സ്വാഗതം ചെയ്‌തുകൊണ്ട്‌ നൂറുകണക്കില്‍ ഏക്കര്‍ ഭൂമിയും ആയിരക്കണക്കിനു റുപ്പികയും നല്‍കിയത്‌ മുക്കം വയലില്‍ മോയി ഹാജിയും കുടുംബവുമായിരുന്നു. അന്ന്‌ രൂപം കൊണ്ട്‌ മുക്കം മുസ്‌ലിം ഓര്‍ഫനേജും കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം ഇതിന്റെ അനുബന്ധ സ്ഥാപനമായി സ്ഥാപിക്കപ്പെടുകയും പിന്നീട്‌ വയനാട്‌ ജില്ലക്കാരുടെ ഒരു പാവനസ്ഥാപനമായി ഉയരുകയും ചെയ്‌ത വയനാട്‌ മുസ്‌ലിം ഓര്‍ഫനേജും ഇങ്ങനെ സമസ്‌തയുടെ ആലിമീങ്ങളും ഉമറാക്കളും ഉയര്‍ത്തിയെടുത്ത സ്ഥാപനമാണ്‌. ഇങ്ങനെ കേരളത്തിലെ ഓരോ സ്ഥാപനങ്ങളും എടുത്തു പരിശോധിച്ചു നോക്കിയാല്‍ അതിന്റെ പിന്നിലെല്ലാം പണ്ഡിതന്മാരുടെ ആഹ്വാനം ചെവിക്കൊണ്ട്‌ അര്‍പണ ബോധത്തോടെ പ്രവര്‍ത്തിച്ച ഒരുപാട്‌ ഉമറാക്കളുടെ ചരിത്രം ഒപ്പിയെടുക്കാന്‍ കഴിയും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത്തരം ഉമറാക്കളുടെ സഹകരണവും സഹായവും ഇല്ലായിരുന്നുവെങ്കില്‍ അവയൊന്നും വെളിച്ചം കാണുമായിരുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. സമസ്‌തയുടെ പ്രവര്‍ത്തകരെയും സേവന പരമ്പരയും വരച്ചുകാണിക്കുമ്പോള്‍ ഇത്തരം മഹാന്മാരെ മാറ്റിനിര്‍ത്താന്‍ ഒരിക്കലും കഴിയില്ല. അല്ലെങ്കില്‍ അവരെ കൂടാതെ ആ ചരിത്രം പൂര്‍ണമാവില്ല എന്നതാണ്‌ ശരി. കാരശ്ശേരിയിലെ എന്‍.സി. കോയക്കുട്ടി ഹാജി കുടുംബം പൂനൂര്‍ ആര്‍ മരക്കാര്‍ ഹാജിയും കുടുംബവും മാന്നാര്‍ അബ്ദുല്‍ ഖാദര്‍ ഹാജി, മുണ്ടോ ഹൈദര്‍ ഹാജി തുടങ്ങി സമസ്‌തയുടെ വിവിധ കമ്മിറ്റികളില്‍ അംഗമായി പ്രവര്‍ത്തിച്ചവര്‍ തന്നെ ധാരാളമുണ്ട്‌. അവരുടെ പട്ടിക നീണ്ടതായതുകൊണ്ട്‌ ചുരുക്കുകയാണ്‌. പടച്ച റബ്ബ്‌ അവര്‍ക്കെല്ലാം തക്കതായ പ്രതിഫലം അവന്റെ ജന്നാത്തുനഈമില്‍ നല്‍കി അനുഗ്രഹിക്കുമാറാവട്ടെ.

ഉമര്‍ ഫൈസി മുക്കം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter