പൊന്നാനിയില്‍ പോയി തൊപ്പിയിട്ട കഥ

കേരളത്തില്‍ ഇസ്‌ലാംമതം പ്രചരിച്ചത് സൗഹാര്‍ദപൂര്‍ണ്ണമായ അന്തരീക്ഷത്തിലാണല്ലോ. മാലിക്കുബ്‌നു ദീനാറും അനുചരന്മാരും മുതല്‍ ഇവിടെ വന്ന സകല പ്രബോധകര്‍ക്കും അതതു കാലത്തെ ഭരണകര്‍ത്താക്കളില്‍ നിന്നും തദ്ദേശീയരില്‍ നിന്നും ആത്മാര്‍ത്ഥമായ പ്രോത്സാഹനവും ആദരവും അംഗീകാരവും ലഭിച്ചിരുന്നു. 13-ാം നൂറ്റാണ്ടില്‍ കോഴിക്കോട് ആസ്ഥാനമാക്കി ഭരണമാരംഭിച്ച സാമൂതിരിമാരുടെ ആരംഭം തൊട്ടു അവരും ഈ നയം തുടര്‍ന്നു. ഇതിനകല്‍ച്ച സംഭവിച്ചത് ഈ നാടു ഭരിച്ച പറങ്കികളടക്കമുള്ള പാശ്ചാത്യ ഭരണകര്‍ത്താക്കളുടെ നയവൈകല്ല്യങ്ങളും കുടില തന്ത്രങ്ങളും ഹേതുവായാണ്. അറേബ്യന്‍ മുസ്‌ലിംകളുടെ സമ്പത്തും ഇസ്‌ലാമിന്റെ ദൃതഗതിയിലുള്ള വളര്‍ച്ചയും കണ്ടമ്പരന്ന യൂറോപ്യന്‍ ഭരണകൂടവും ക്രിസ്തീയ മിഷ്‌നറികളും അതിനെ തടയിടാന്‍ പല ഗൂഢപദ്ധതികളും അവിഷ്‌കരിച്ച് പറങ്കികളിലൂടെ പ്രാവര്‍ത്തികമാക്കി. 

ഇന്ത്യയിലേക്ക് ചെങ്കടല്‍ മാര്‍ഗത്തിലൂടെയുള്ള കടല്‍വ്യാപാരം മദ്ധ്യകാലം വരെ മുസ്‌ലിംകളുടെ കുത്തകയായിരുന്നു. ഇത് തകര്‍ക്കുന്നതിന് പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പറങ്കികള്‍ ശ്രമമാരംഭിച്ചു. പോപ്പിന്റെ ആശീര്‍വാദത്തോടെ ഹിബ്രു ജ്യോതി ശാസ്ത്രജ്ഞനായ എബ്രഹാം ബെന്‍ സാക്ക്രൂത്തിന്റെ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ക്രിസ്തീയ സംഘങ്ങളുടെ സാമ്പത്തിക സഹായത്താല്‍ പോര്‍ച്ചുഗീസ് രാജാവ് ഡോം മാനുവല്‍ ഒന്നാമന്റെ കല്‍പനയനുസരിച്ച് കൊട്ടാരത്തിലെ നാവിക ഉദ്ദ്യോഗസ്ഥനായ വാസ്‌കോഡി ഗാമ 1498-ല്‍ കാപ്പാട്(കപ്പക്കടവ്) കപ്പലിറങ്ങിയതോടെ അതുവരെ കേരളത്തിലുണ്ടായിരുന്ന വിദേശവ്യാപാര ബന്ധങ്ങളിലെല്ലാം കാതലായ വ്യതിയാനം വരാന്‍ തുടങ്ങി. കപ്പല്‍ മലബാറിന്റെ പുറം കടലില്‍ നങ്കൂരമിട്ടപ്പോള്‍ സാമൂതിരി രണ്ടാം ആസ്ഥാനമായ പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു. മലബാറില്‍ ഹിന്ദുക്കളും മുസ്‌ലിംകളും വളരെ സൗഹാര്‍ദ്ദത്തില്‍ ജീവിച്ചിരുന്ന അവസരത്തിലാണ് ഗാമയുടെ വരവ്. ശാന്തിയും സമാധാനവും കൈകോര്‍ത്തിരുന്ന ഇവിടെ അശാന്തിയുടെയും അസമാധാനത്തിന്റെയും ഭീകരാന്തരീക്ഷം പരന്നു. 

16-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ കേരള ചരിത്രത്തില്‍ അന്നുവരെ തുല്ല്യതയില്ലാത്ത വിധം മുസ്‌ലിംകള്‍ നരനായാട്ടിനും മര്‍ദ്ദനങ്ങള്‍ക്കും വിധേയരായി. ഹജ്ജ് കഴിഞ്ഞു മടങ്ങിവരുന്ന കപ്പല്‍ പോലും അഗ്നിക്കിരയാക്കി. മുന്നൂറോളം ഹാജിമാര്‍ വെന്തുമരിച്ചു. ലിസ്ബന്‍ ക്രിസ്റ്റ്യന്‍ ദേവാലയത്തില്‍ സന്ന്യാസികളായി വളര്‍ത്താന്‍ പറങ്കികള്‍ നേര്‍ച്ച ചെയ്ത ഇരുപത് കുട്ടികളെ മാത്രം അവശേഷിപ്പിച്ച് ആ കപ്പല്‍ ചാരമാക്കി കടലില്‍ ലയിപ്പിച്ചു. തക്ബീര്‍ ചൊല്ലികൊണ്ട് പറങ്കികളെ നേരിട്ട തീര്‍ത്ഥാടകര്‍ മുഴുവനും ആത്മാഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു. 
ഈ ക്രൂരകൃത്യത്തിന് ദൃക്‌സാക്ഷിയായ പോര്‍ച്ചുഗീസ് കപ്പിത്താന്‍ ജവോ ലോപസ് പെരസിറ്റിലോയുടെ ദൃക്‌സാക്ഷി മൊഴി ഇങ്ങനെ: ”എഴു രാത്രിയും എഴു പകലും നീണ്ടുനിന്ന ആ ദുരന്തം വിവരിക്കാന്‍ വാക്കുകള്‍ അശക്തമാണ്.”(കേരള ചരിത്രം പേജ് 433-434) തുടര്‍ന്ന് പലയിടത്തും മിഷനറി പ്രവര്‍ത്തനം വ്യാപകമായി. മുസ്‌ലിംകളെ നിര്‍ബന്ധിച്ച് ക്രിസ്തീയ മതത്തില്‍ ചേര്‍ത്തു. അതുവരെയുണ്ടായിരുന്ന ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് മങ്ങേലറ്റു. ഈ അവസരത്തില്‍ അവര്‍ക്ക് ദിശാബോധവും അചഞ്ചലമായ നേതൃത്വവും നല്‍കിയത് മാലിക്കുബ്‌നു ദീനാറിനും അനുചരന്മാര്‍ക്കും ശേഷം ഇന്നുവരെ പകരക്കാരനില്ലാത്ത ഒന്നാം മഖ്ദൂം ശൈഖ് സൈനുദ്ദീന്‍ ഒന്നാമനും മകന്‍ രണ്ടാം മഖ്ദൂമായ അല്ലാമ അബ്ദുല്‍ അസീസും പേരമകനും മൂന്നാം മഖ്ദൂമുമായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനുമാണ്. മഖ്ദൂമുകളില്‍ എറ്റവും പ്രഗത്ഭരായ ഈ മൂന്നു പേരുടെയും സാമൂതിരി നാവികസേനാ നായകരായ നാല് കുഞ്ഞാലി മരക്കാര്‍മാരുടെയും അവസരോചിത നയ ചാതുര്യവും പ്രതിരോധ ശേഷിയും സാമൂതിരിയുടെ ആത്മാര്‍ത്ഥമായ സഹകരണവും സംഗമിച്ചില്ലായിരുന്നുവെങ്കില്‍ ഇവിടെയും ക്രിസ്തീയ മതംമാറ്റം വ്യാപകമാകുമായിരുന്നു. ഈയൊരു സംഗമം തന്നെയായിരുന്നു മറ്റു മതസ്ഥര്‍ വലിയതോതില്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാന്‍  പ്രധാന കാരണം.

 സാമൂതിരിയുടെ പ്രിയപ്പെട്ട പ്രജകള്‍ എന്ന ലേഖനത്തില്‍ പറയുന്നതിങ്ങനെ: കയറ്റിറക്കുകച്ചവടം നടത്താനുള്ള പൂര്‍ണ്ണാവകാശവും മതാനുഷ്ഠാന സ്വാതന്ത്ര്യവും നാട്ടുകാരെ ഇഷ്ടമുണ്ടെകില്‍ മതത്തില്‍ ചേര്‍ക്കാനുള്ള അവകാശവും നാട്ടു സ്ത്രീകളെ വിവാഹം ചെയ്യാനുള്ള അനുവാദവും സാമൂതിരി അവര്‍ക്ക് കല്‍പിച്ചു കൊടുത്തു. (പി.സി മാനവിക്രമന്‍ രാജ-മാപ്പിള റിവ്യു 1942, പേജ് – 16,17) 

ഈ ഔദാര്യം മുസ്‌ലിംകളുടെ സമ്പദ്ഘടനയില്‍ സാരമായ വര്‍ദ്ധനയ്ക്കിടയാക്കി. സാമൂതിരിയുടെ ആനുകൂല്യങ്ങള്‍ അറിയപ്പെടാന്‍ തുടങ്ങിയതോടെ കൂടുതല്‍ കച്ചവടസംഘങ്ങള്‍ ഈ തീരത്തേക്ക് പ്രവഹിക്കാനും തുടങ്ങി. അവരോടൊപ്പം മതപ്രചാരണ സംരംഭങ്ങളും പുഷ്ടിപ്രാപിച്ചു. 
കാലവര്‍ഷം കഴിയുന്നതുവരെ ഇവിടെ തങ്ങേണ്ടിവന്ന അറബികള്‍ക്കും മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്കും പുതിയ സങ്കേതങ്ങളും ആരാധനാലയങ്ങളും വൈവാഹിക ബന്ധങ്ങളും ആവശ്യമായിത്തീര്‍ന്നു. കോഴിക്കോട്ടെ അമ്പാടി കോവിലകം, വലിയ കോവിലകം, ചെറിയ കോവിലകം, ഏറമ്പിറ കോവിലകം, പടിഞ്ഞാറെ കോവിലകം, കിഴക്കെ കോവിലകം, കുറ്റിച്ചിറ തമ്പുരാട്ടി ഇല്ലം തുടങ്ങിയ എട്ടോളം കോവിലകങ്ങളില്‍ നിന്നു നാനൂറോളം സ്ത്രീകളെ മുസ്‌ലിംകളുടെ ഭാര്യമാരാവാന്‍ സാമൂതിരി അനുവദിച്ചുവത്രെ. 

ചരിത്രപണ്ഡിതന്‍ പ്രൊഫ:ആര്‍ണോള്‍ഡ് പറയുന്നു:‘”അദ്ദേഹത്തിന്റെ (സാമൂതിരി) രാജ്യത്തെ മീന്‍പിടുത്തക്കാരുടെ കുടുംബങ്ങളിലെ ഒന്നോ അതിലധികമോ ആണ്‍ സന്തതികളെ മുഹമ്മദീയരായി വളര്‍ത്തിക്കൊണ്ട് വരേണ്ടതാണെന്ന് കല്‍പിച്ചു. ഈ പുതിയ സന്തതികളാണ് പിന്നീട് പുതുഇസ്‌ലാമീങ്ങള്‍ എന്ന് വിളിച്ചു വരുന്ന മത്സ്യത്തൊഴിലാളികളില്‍ ഒരു വിഭാഗമായി മാറിയത്. തന്റെ നാവിക മേല്‍ക്കോയ്മ വളര്‍ത്താന്‍ കൂടിയാണ് മുസ്‌ലിംകളില്‍ ഈ പുതിയ വര്‍ഗത്തെ സാമൂതിരി സൃഷ്ടിച്ചത്.”’ 
(ഡോ. എന്‍ എം നമ്പൂതിരി, കേരള ചരിത്രത്തിന്റെ നാട്ടുവഴികള്‍, പേജ്-213) 

1800-ല്‍ നിലവില്‍വന്ന ബ്രട്ടീഷ് ഭരണകാലത്ത് നടന്ന പോരാട്ടങ്ങളുടെ അവസരത്തിലാണ് ഇസ്‌ലാമിലേക്ക് ജനങ്ങള്‍ കൂടുതല്‍ പ്രവേശിച്ചത്. അനീതിക്കെതിരെയും അടിച്ചമര്‍ത്തപ്പെടുന്നവരുടെ മോചനത്തിനുവേണ്ടിയും മര്‍ദ്ദകരുടെ അടിവേരറുക്കാനും മുസ്‌ലിംകള്‍ എന്നും ജാഗരൂകരാണ്. താഴ്ന്ന ജാതിക്കാരോട് പരുഷമായി പെരുമാറുകയും അവരെ പരമാവധി ചൂഷണം ചെയ്ത് പരമസമ്പന്നന്മാരായി വാഴുകയും ചെയ്തിരുന്ന ജന്മിമാര്‍ക്കെതിരെ സ്വാഭാവികമായും മുസ്‌ലിംകള്‍ രംഗത്തുവന്നു. ഈ അസുലഭാവസരം മുതലെടുത്ത് കീഴ്ജാതിക്കാര്‍ തൊപ്പിയിടുകയും മുസ്‌ലിംകളോടൊത്തു അടരാടുകയും ചെയ്തു. സവര്‍ണ്ണ പീഡനം സഹിക്കവയ്യാതെ ഇസ്‌ലാമിലേക്ക് നിരവധി പേര്‍ പ്രവഹിച്ചു. 
വില്യം ലോഗന്‍ പറയുന്നത് നോക്കുക: മലബാര്‍ ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ മാപ്പിളമാര്‍ വഹിച്ചിട്ടുള്ള പങ്ക് സുപ്രധാനമാണ്. ജനസംഖ്യാപരമായി നോക്കുമ്പോള്‍ ഇപ്പോള്‍ അവര്‍ക്കിടയില്‍ അറബി വംശജരായവരുടെ സാന്നിദ്ധ്യം തുലോം നിസ്സാരമാണെന്നും പറയണം. മാപ്പിളമാര്‍, ഹിന്ദുജനസംഖ്യയെ അപേക്ഷിച്ചു, ശീഘ്രഗതിയില്‍ പെറ്റുപെരുകുന്നുണ്ടെന്നു പറഞ്ഞുകൂടാ. ഹിന്ദുക്കളില്‍ കീഴ്ജാതിക്കാര്‍ക്കിടയില്‍ നടക്കുന്ന മുസ്‌ലിം മതത്തിലേക്കുള്ള പരിവര്‍ത്തനമാണ് അവരുടെ ജനസംഖ്യാ വര്‍ധനവിനു ഒരു കാരണം. സ്വാഭാവിക പ്രകിയയെക്കാള്‍ ഇത്തരം മതംമാറ്റം അനുവദനീയമായിരുന്നുവെന്നും കാണണം. മാത്രമല്ല, അങ്ങനെ ചെയ്യണമെന്ന് സാമൂതിരി രാജ അനുശാസിച്ചിട്ടുമുള്ള അനുഭവങ്ങളുമുണ്ട്. ഹിന്ദുക്കളായ മത്സ്യപ്പിടിത്തക്കാരുടെ (മുക്കുവര്‍) കുടുംബങ്ങളില്‍ നിന്ന് ഒന്നോ അതിലധികമോ പുരുഷന്മാര്‍ മുഹമ്മദീയ മതം സ്വീകരിക്കണമെന്ന സാമൂതിരിമാരുടെ അനുശാസനം രാജാവിന്റെ നാവിക മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിന് പറ്റിയ ആളുകളെ വളര്‍ത്തിയെടുക്കുന്നതിനു വേണ്ടിയായിരുന്നു. ആധുനിക കാലത്ത് പോലും ഈ സമ്പ്രദായം നിലനിര്‍ത്തിപ്പോരുന്നുണ്ട്.

1871-നും 1881-നും ഇടയില്‍ മലബാറിലെ മുസ്‌ലിം ജനസംഖ്യയില്‍ ഉണ്ടായ വര്‍ധന സംബന്ധിച്ച് പ്രസിഡന്‍സി കാനേഷുമാരി (1881) റിപ്പോര്‍ട്ടില്‍ ഖണ്ഡിക 151-ല്‍ ഇങ്ങനെ കാണുന്നു: അധമ സ്ഥിതിയും അപമാനകരമായ അവശതയും ഏറ്റവും പ്രകടമായി അനുഭവിക്കുന്ന ഒരു വിഭാഗമാണ് ചെറുമര്‍. 1871-ലെ കാനേഷുമാരിയില്‍ മലബാറില്‍ അവരുടെ ജനസംഖ്യ 99,009 ആയിരുന്നത് പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ 1881-ലെ കണക്കില്‍ 64,725 ആയി ചുരുങ്ങി. ജില്ലയില്‍ പൊതുവെ ഈ കാലയളവില്‍ ഉണ്ടായ ജനസംഖ്യാവര്‍ദ്ധന 5.71 ശതാമനമായിരുന്നു. ചെറുമരെ സംബന്ധിച്ചിടത്തോളം ഇതേ കാലയളവില്‍ ജനസംഖ്യ 34.63 ശതമാനം കണ്ട് ചുരുങ്ങുകയാണുണ്ടായത്. മറ്റു വിഭാഗക്കാരുടെ അനുപാതമനുസരിച്ച് 1881-ല്‍ 40,000 ചെറുമര്‍ കൂടുതല്‍ ഉണ്ടാവേണ്ടതായിരുന്നു. അത്രയും പേര്‍ ഇല്ലാതായെന്നു സാരം.

ഇസ്‌ലാംമതത്തിലേക്കുളള കൂട്ടംകൂട്ടമായ പരിവര്‍ത്തനമാണ് ഇതിനു പിന്നിലുളള കാരണം. ഒരു ചെറുമന്റെ അല്ലെങ്കില്‍ കീഴ്ജാതിക്കാരില്‍ ഒരാളിന്റെ മേല്‍ ചാര്‍ത്തുന്ന ഇസ്‌ലാമിന്റെ മഹത്വം ആ വ്യക്തിയെ ഒരൊറ്റച്ചാട്ടത്തിന് സമൂഹത്തിന്റെ ഉന്നത പടവുകളിലേക്ക് എത്തിക്കുന്നു. കീഴ്ജാതിയില്‍ ജനിച്ചു പോയതുകൊണ്ട് അന്നോളം അനുഭവിച്ച സാമൂഹ്യമായ അവശതകളും അവമതികളും മതം മാറുന്നതോടെ അയാള്‍ക്കു പിന്‍തളളാന്‍ സാധിക്കുന്നു. സമൂഹമാന്യത നേടുന്നതിന് ചെറുമരും മറ്റു അധഃകൃതഹിന്ദുക്കളുമായ 50,000 പേര്‍ ജില്ലയില്‍ മുസ്‌ലിം മതം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.(മലബാര്‍ മാന്വല്‍, പേജ് 210, 211) 

ഇസ്‌ലാമിന്റെ വെളിച്ചം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന സഹൃദയര്‍ക്കും ഇസ്‌ലാമാശ്ലേഷിച്ച മഹാ ഭാഗ്യവാന്മാര്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് മുസ്‌ലിം ബഹുജനങ്ങളുടെ ബാധ്യതയാണെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഈ ആവശ്യാര്‍ത്ഥം ഫണ്ട് സ്വരൂപിച്ചിരുന്ന പതിവ് 16-ാം നുറ്റാണ്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ പറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കപ്പുറം തന്നെ പൊന്നാനിയെന്ന തിണ്ടീസ് തുറമുഖത്തിന്റെ ദേശപ്പെരുമയും വ്യാവസായിക മുന്നേറ്റവും വൈവിധ്യമാര്‍ന്ന സംസ്‌കൃതിയും നിരവധി നാടുകളെ ധന്യമാക്കിയിട്ടുെണ്ടന്നാണ് ആധുനിക ചരിത്ര പണ്ഡിതന്മാരുടെ കണ്ടെത്തല്‍. 13-ാം നൂറ്റാണ്ട് മുതല്‍ ഈ നാടിന് ഭൗതിക രംഗത്തുണ്ടായ പുരോഗതിയും 15-ാം നൂറ്റാണ്ടു തൊട്ട് ആത്മീയ മുന്നേറ്റവും ഹേതുവായി വടക്ക് മംഗലാപുരം മുതല്‍ തെക്ക് തമിഴ്‌നാട്ടിലെ തേങ്ങപട്ടണം വരെയുള്ള പ്രദേശങ്ങളിലെ മുസ്‌ലിം സംസ്‌കാരത്തിന്റെയും നവോത്ഥാനത്തിന്റെയും ആസ്ഥാനം 19-ാം നൂറ്റാണ്ടിന്റെ അന്ത്യം വരെ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയായി പരിണമിച്ചു. കേരളത്തില്‍ ആദ്യമായി നിലവില്‍ വന്ന ദര്‍സില്‍ കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്‍െപ്പടെ നാനൂറോളം മറുനാടന്‍ പഠിതാക്കള്‍ വിദ്യ അഭ്യസിച്ചിരുന്നതായി മലബാര്‍ മാന്വല്‍ പറയുന്നു. ദീനീ രംഗത്ത് പ്രകടമായ പ്രോത്സാഹനത്താല്‍ ഇവിടത്തെ സമ്പന്നരും സാധാരണക്കാരുമായ ഓരോ വീട്ടുകാരും കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളുടെ ഭക്ഷണച്ചെലവ് വഹിച്ചു. മറ്റു ദേശങ്ങളെ അപേക്ഷിച്ച് തദ്ദേശീയരുടെ ഈ ഔദാര്യമനോഭാവം ഇസ്‌ലാമിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകി.

നാടിന്റെ നാനാഭാഗത്ത് നിന്നും ഇസ്‌ലാം മതം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വലിയ പള്ളിയെയും മഖ്ദൂമുകളെയും ലക്ഷ്യമാക്കി പ്രവഹിച്ചു. ക്രമേണ തെന്നിന്ത്യന്‍ മുസ്‌ലിം സംസ്‌കാരത്തിന്റെ കേന്ദ്ര ബിന്ദുവായി ഈ നാട് വളര്‍ന്നു. നവമുസ്‌ലിം പരിപാലനത്തിനായി ആ നൂറ്റാണ്ടില്‍ തന്നെ പൊന്നാനി പാലത്തും വീട്ടില്‍ കുഞ്ഞിമൊയ്തീന്‍കുട്ടി സ്വത്ത് വഖ്ഫ് ചെയ്യുകയും പ്രസിദ്ധ പണ്ഡിതന്‍ പുതിയകത്തു വലിയ ബാവ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ അതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തിരുന്നു. വലിയ പള്ളിക്ക് സമീപം കൗഡിയമാക്കാനകം തറവാടിന്റെ ഒരു ഭാഗം ഇതിനായി വിനിയോഗിച്ചു. നവ മുസ്‌ലിംകളാകുന്നവരില്‍ പലര്‍ക്കും ആവശ്യമായ പഠന പരിശീലനങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇസ്‌ലാമില്‍നിന്നുള്ള അവരുടെ വ്യതിചലനം മുസ്‌ലിം നേതാക്കളെ കൂടുതല്‍ അസ്വസ്ഥരാക്കി. അക്കാലത്ത് ഇംഗ്ലണ്ടില്‍ ശൈഖുല്‍ ഇസ്‌ലാം മുഹമ്മദ് അബ്ദുല്ല സാഹിബിന്റെ നേതൃത്വത്തില്‍ ഒരു നവ മുസ്‌ലിം പരിശീലന കേന്ദ്രം വ്യവസ്ഥാപിതമായി നടന്നിരുന്നു. ഇതേ രീതിയിലുള്ള ഒരു സ്ഥാപനം ഇവിടെയും ഉണ്ടാകണമെന്ന ആവശ്യത്തെ തുടര്‍ന്ന് സജീവ ചര്‍ച്ചകള്‍ക്ക് ശേഷം 20-ാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ സുസംഘടിതവും സുസ്സ്ഥിരവും വിപുലവുമായ ഒരു സ്ഥാപനത്തിന് രൂപം നല്‍കി. പൊന്നാനി പുതിയകത്തു കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ മഖ്ദൂമിയുടെ അശ്രാന്തപരിശ്രമത്താല്‍ നാട്ടിലും മറുനാട്ടിലുമുള്ള പ്രശസ്തരായ പണ്ഡിതരും സമുദായ നേതാക്കളും ഉള്‍പ്പെടെ 800 ഓളം പ്രമുഖര്‍ 1900 സെപ്തംബര്‍ 9-നു വലിയ ജാറ(സിയാറ)ത്തിങ്കല്‍ സമ്മേളിച്ചു മഊനത്തുല്‍ ഇസ്‌ലാം സഭ സ്ഥാപിച്ചു.

ഇവിടത്തെ ബീവിയുടെ മകനായ മലപ്പുറം പുതിയ മാളിയേക്കല്‍ പൂക്കോയതങ്ങള്‍ പ്രസിഡന്റും കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ മഖ്ദൂമി സെക്രട്ടറിയുമായി 12 അംഗ താല്‍ക്കാലിക സമിതിയാണ് ആരംഭത്തില്‍ ഭരണനിര്‍വഹണം നടത്തിയിരുന്നത്. കൊണ്ടോട്ടി ഖാസി പുത്തംവീട്ടില്‍ അബ്ദുല്ല മുസ്‌ലിയാര്‍ (പൊന്നാനി), മുസ്‌ലിം സ്‌കൂള്‍സ് സബ് അസി:ഇന്‍സ്‌പെക്ടര്‍ മണ്ടായപ്പുറത്ത് ബാവ മൂപ്പന്‍, സി സൈതാലിക്കുട്ടി മാസ്റ്റര്‍(തിരൂര്‍), സഭയുടെ ആദ്യ വൈസ്പ്രസിഡന്റും പിന്നിട് പ്രസിഡന്റുമായ വലിയജാറത്തിങ്കല്‍ കുഞ്ഞി സീതിക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സ്ഥാപക പ്രമുഖരില്‍പ്പെടും. 

മഊനത്തിന്റെ ആദ്യത്തെ വഖ്ഫ് കുഞ്ഞി സീതിക്കോയ തങ്ങളുടേതായിരുന്നു. രണ്ടാമത് ചേര്‍ന്ന സഭായോഗത്തില്‍ സൈതാലിക്കുട്ടി മാസ്റ്റര്‍ അവതരിപ്പിച്ച ഭരണഘടന കരട് നിര്‍ദ്ദേശങ്ങള്‍ ചില ഭേദഗതികളോടെ അംഗീകരിച്ചു. യോഗത്തില്‍വെച്ച് 635 ക. 8ണ. സംഭാവന പിരിഞ്ഞു. ഇത് അക്കാലത്ത് വലിയൊരു തുകയായിരുന്നു. എഴ് വര്‍ഷത്തോളം ജോയിന്റ് കമ്പനി രജിസ്ട്രാറുമായി നിരന്തരം എഴുത്തുകള്‍ നടത്തിയതിനെ തുടര്‍ന്ന് 1882-ലെ ഇന്ത്യന്‍ കമ്പനീസ് ആക്റ്റ് സെക്ഷന്‍ 26 അനുസരിച്ച് 1908 ജനുവരി 1-ന് സഭ രജിസ്റ്റര്‍ ചെയ്തു. ലണ്ടനില്‍ വെച്ചാണ് രജിസ്‌ട്രേഷന്‍ നടന്നത്. അന്നു മുതല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഓഡിറ്റര്‍ എക്കൗണ്ടന്റ് പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്ത് ഓരോ കൊല്ലവും ജനറല്‍ബോഡി യോഗം ചേര്‍ന്ന് പാസാക്കിയ ബാലന്‍സ് ഷീറ്റുകള്‍ കമ്പനി രജിസട്രാറുടെ ഓഫീസില്‍ ഫയല്‍ ചെയ്തു വരുന്നു. 2010 ലെ ജനറല്‍ ബോഡി യോഗം സെപ്തംബര്‍ 20-ന് സഭയില്‍വെച്ച് നടന്നു. സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്ന സൈതാലിക്കുട്ടി മാസ്റ്ററുടെ പൊന്നാനിയില്‍നിന്ന് പ്രസദ്ധീകരിച്ചിരുന്ന ‘സലാഹുല്‍ ഇഖ്‌വാന്‍’ മാസിക ആരംഭകാലത്ത് പ്രചാരണരംഗത്ത് സഭയ്ക്ക് കരുത്തേകി.

നവ മുസ്‌ലിംകള്‍ക്കും സമുദായത്തിനും ആശയും ആവേശവുമായി സഭ അനുദിനം വളര്‍ന്നു. പ്രാരംഭ ദശയില്‍ വിവിധ നാടുകളില്‍ സഭയ്ക്ക് ശാഖകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവ മാതൃ സ്ഥാപനത്തില്‍ ലയിച്ചു. സഭയുടെ ചുവട് പിടിച്ചു പലയിടത്തും മദ്‌റസകളും അനാഥശാലകളും സ്ഥാപിതമായി. സ്വദേശിയും വിദേശിയും ധനവാനും ദരിദ്രനും പണ്ഡിതനും പാമരനും തൊഴിലാളിയും മുതലാളിയുമെല്ലാം ഇതിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക്നിസ്സീമമാണ്. ഇവിടത്തെ കുടുംബിനികള്‍ ദിവസേന മണ്‍കുടത്തില്‍ ഒരു പിടി അരിയിട്ട് അവ സഭയ്ക്ക് നല്‍കി. മഊനത്തിന് ധര്‍മ്മം നല്‍കുകയെന്നത് ജാതി മത ഭേദമന്യേ എല്ലാവരും പുണ്യമായി കണ്ടു. 
കൈരളിയുടെ ഇസ്‌ലാമിക ചരിത്രത്തില്‍ അതുല്യസ്ഥാനമാണ് സഭക്കുളളത്. അറിഞ്ഞിടത്തോളം ലോകത്ത് മറ്റെവിടെയും സഭയ്ക്ക് തുല്യമായ സ്ഥാപനമില്ലെന്ന വസ്തുത ഇതര സ്ഥാപനങ്ങളേക്കാള്‍ സഭയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. 

സ്വമനസ്സാലെ ഇസ്‌ലാം മതം വിശ്വസിക്കുന്ന പുതുമുസ്‌ലിംകള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസവും സംരക്ഷണവും നല്‍കുക, വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുക, സമുദായ പുരോഗതിയ്ക്ക് ന്യായമായ മാര്‍ഗങ്ങളിലൂടെ പരിശ്രമിക്കുക, യഥാര്‍ത്ഥ ഇസ്‌ലാമിക തത്ത്വങ്ങളെ പ്രചരിപ്പിക്കുക, സമുദായത്തിന് പൊതുവായി നേരിടുന്ന പരാതികള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുക, സമുദായത്തിലുണ്ടാകുന്ന ഭിന്നിപ്പുകളില്‍ മാദ്ധ്യസ്ഥം വഹിക്കുക തുടങ്ങിയവയാണ് സഭയുടെ അംഗീകൃത നിയമാവലിയിലെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. മുസ്‌ലിംകള്‍ രണ്ട് മാസം ഇവിടെ താമസിച്ച് പഠനം നടത്തുന്നു. താമസം, ഭക്ഷണം, വസ്ത്രം, നിയമ സഹായം, യാത്രാ ചെലവ് തുടങ്ങിയവ സഭ സൗജന്യമായി നല്‍കുന്നു. നിര്‍ദ്ദനരായ മുസ്‌ലിം കുട്ടികളുടെ ചേലാകര്‍മ്മം, അനാഥ മുസ്‌ലിംകളുടെ മയ്യിത്ത് സംസ്‌കാരം, ഇസ്‌ലാം മത പ്രബോധനം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സഭയുടെ മുഖ്യപ്രവര്‍ത്തനങ്ങളില്‍ പെടുന്നു. 

അനിസ്‌ലാമികതയുടെ അന്ധകാരങ്ങളില്‍ നിന്നും ഇസ്‌ലാമിന്റെ വെളിച്ചം സ്വീകരിക്കാന്‍ സ്വയം തയ്യാറാകുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനാണ് സഭ രൂപീകൃതമായത്. അടിച്ചമര്‍ത്തപ്പെടുകയായിരുന്ന അവശ ജാതിക്കാര്‍ക്ക് മനുഷ്യ ജാതിയിലേക്ക് അംഗത്വം നല്‍കുകയാണ് സഭ ചെയ്യുന്നത്. ഇസ്‌ലാമിന്റെ മാനവിക വശവും ആന്തരിക ചൈതന്യവും കണ്ടെത്താന്‍ മഹാഭാഗ്യം ലഭിച്ച ഇതര മതാനുയായികളും പ്രത്യയശാസ്ത്ര വിശ്വാസികളുമായ എത്രയോ പേര്‍ക്ക് സഭ ഹിദായത്തിന്റെ മാര്‍ഗ്ഗം ചൊല്ലിക്കൊടുത്ത് സന്മാര്‍ഗ പന്ഥാവിലേയ്ക്കു നയിച്ചു. 
‘പൊന്നാനിയില്‍ പോയി തൊപ്പിയിടുക’-ഒരിക്കല്‍ കേരളമാകെ പ്രചരിച്ച ഒരു ചൊല്ലാണിത്. പൊന്നാനിയില്‍ പോയി ഇസ്‌ലാം മതം സ്വീകരിക്കുന്നതിനാണ് ഇങ്ങനെ പറഞ്ഞിരുന്നത്. പുതുതായി ഇസ്‌ലാം മതം സ്വീകരിക്കുന്നവരെ തല മൊട്ടയടിച്ച് തൊപ്പി ധരിപ്പിക്കുന്ന പതിവ് അടുത്ത കാലം വരെ നിലനിന്നിരുന്നു. തൊപ്പിയിടുക വഴി  മനുഷ്യ മഹത്വത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടിരുന്ന താഴ്ന്ന ജാതിക്കാര്‍ക്ക് മേലാളരോടൊപ്പം ഇരിക്കാനും മനുഷ്യത്വം നേടിയെടുക്കാനും അവസരം ലഭിക്കുന്നു. 

ചരിത്ര പണ്ഡിതനായ ഡോ. താരാചന്ദ്  എഴുതി: ഒരു നമ്പൂതിരിയുടെ അരികില്‍ ഇരിക്കാനുള്ള അവകാശം മുസല്‍മാനുണ്ടായിരുന്നു. നായര്‍ക്കുണ്ടായിരുന്നില്ല. മാപ്പിളമാരുടെ മതനേതവായ ഖാസിക്ക് സാമൂതിരിയോടൊപ്പം പല്ലക്കില്‍ യാത്ര ചെയ്യാനും അവകാശമുണ്ടായിരുന്നു. സാമൂതിരിയുടെ സാമ്രാജ്യത്തിലാകമാനം മുസ്‌ലിംകളുടെ സ്വാധീനം വ്യാപിച്ചിരുന്നു.’  
(കേരള ചരിത്രത്തിന്റെ നാട്ടുവഴികള്‍, പേജ് -218) 

എവിടെയെങ്കിലും പോയി തൊപ്പിയിട്ടാല്‍ പോരാ, അതിന്നു നിയമ സാധുത വേണമെങ്കില്‍ പൊന്നാനിയില്‍ വന്നു തന്നെ തൊപ്പിയിടണം. പലിശക്കെടുതിയും അശാസ്ത്രീയമായ സാമ്പത്തിക ആസൂത്രണങ്ങളും കാരണം ഒരു കാലത്ത് കൊടും പട്ടിണിയില്‍ അകപ്പെട്ടിരുന്ന ഭാരതീയരോട് സാമ്പത്തിക സുരക്ഷിതത്വത്തിനുളള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കവെ  ‘ഇന്ത്യാ ഗവണ്‍മെന്റ് പൊന്നാനിയില്‍ പോയി തൊപ്പിയിടട്ടെ’ എന്നാണ് പ്രശസ്ത ചിന്തകനും കോളമിസ്റ്റുമായിരുന്ന എം.പി. നാരായണപ്പിളള ഉപദേശിച്ചത്.  

സഭയുടെ വാര്‍ഷിക പൊതുയോഗങ്ങളില്‍ ആദ്യകാലത്ത് സഭ അംഗങ്ങളല്ലാത്ത അഡ്വ: വെങ്കിടാചലയ്യര്‍, മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കെ.എം. സീതി സാഹിബ്, ഇ.കെ മൗലവി തുടങ്ങിയ പല പൗരപ്രമുഖരും അമുസ്‌ലിം പ്രധാനികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംബന്ധിക്കുകയും വിലപ്പെട്ട നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുകയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. സീതി സാഹിബ് പിന്നീട് മാനേജിംഗ് കമിറ്റി മെമ്പറായി. 1924 മുതലാണ് വര്‍ഷാന്ത ജനറല്‍ബോഡി യോഗത്തില്‍ പുറമെ നിന്നുള്ള പഗത്ഭ വ്യക്തിത്വങ്ങള്‍ അധ്യക്ഷപദം അലങ്കരിക്കാന്‍ തുടങ്ങിയത്. 1924-ല്‍ റിട്ട: ഡെപ്യൂട്ടി കലക്ടര്‍ ഖാന്‍ ബഹദൂര്‍ പി എ അമ്മു സാഹിബ് (തലശ്ശേരി), 25-ല്‍ ഖാന്‍ ബഹദൂര്‍ ടി-എം മൊയ്തു സാഹിബ് (എം എല്‍ സി), 30-ല്‍ കണ്ണൂര്‍ അറക്കല്‍ ആലി രാജ എ.സി. കോയമ്മ തങ്ങള്‍, 31-ല്‍ സൗക്കാര്‍ അബ്ദുല്‍ സി. ഹക്കിം (മദ്രാസ്), 33-ല്‍ മദ്രാസ് ശരീഫ് ആദം ഹാജി മുഹമ്മദ് സേട്ടു, 35-ല്‍ മൗലവി ഖാന്‍ ബഹദൂര്‍ സിയാഹുദ്ദീന്‍ അഹമ്മദ്, 36-ല്‍ മൗലവി കെ എം അബ്ദുല്‍ കാദര്‍ സാഹിബ് (എം എഫ് ബി), 38-ല്‍ സയ്യിദ് ഗുലം ദിക്ക് നൈറാഖ്(എം എല്‍ എ. സെന്ററല്‍ അസംബ്ലി) തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങളുടെ അധ്യക്ഷതയിലാണ് യോഗങ്ങള്‍ നടന്നത്. 34-ല്‍ പൊന്നാനി ലൈറ്റ് ഹൗസിനരികെ ആറ്റകുളം പരിസരത്ത് ചേര്‍ന്ന സഭയുടെ വാര്‍ഷിക മഹാ സമ്മേളനത്തില്‍ 5000 ത്തോളം പ്രതിനിധികള്‍ പങ്കെടുത്തു.

സ്വാതന്ത്ര്യ സമരത്തിലെ അനിഷേധ്യ നേതാവായിരുന്ന മൗലാന ശൗക്കത്തലി അധ്യക്ഷതവഹിക്കുകയും കേരളത്തിലെ 29 പ്രശസ്ത മത പണ്ഡിതന്മാര്‍ പങ്കെടുക്കുകയും ചെയ്ത ഈ സമ്മേളനം സഭാ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. മൗലാനയുടെ പ്രൗഢഗംഭീരമായ പ്രഭാഷണം പരിഭാഷപ്പെടുത്തിയത് കെ.എം. സീതി സാഹിബാണ്. 1934-ല്‍ തന്നെ മഹാത്മാ ഗാന്ധിയുടെ മകന്‍ അബ്ദുല്ല ഗാന്ധി, ഡോ. കമാല്‍ പാഷ തുടങ്ങിയവര്‍ക്ക് ഒരു ഉജ്ജ്വല സ്വീകരണവും ഇവിടെ നല്‍കി.

ഈ കാലഘട്ടത്തില്‍ ആറ്റക്കോയ തങ്ങളായിരുന്നു പ്രസിഡന്റ്. കമ്മിറ്റി യോഗങ്ങളില്‍ പലപ്പോഴും ആരോഗ്യകരമായ അഭിപ്രായ പ്രകടനങ്ങളും രൂക്ഷമായ വിമര്‍ശനങ്ങളും നടന്നിരുന്നുവെങ്കിലും 39-ല്‍ അത് മറനീക്കി പ്രത്യക്ഷപ്പെട്ടു. പഠനം പൂര്‍ത്തിയായ നവ മുസ്‌ലിംകള്‍ക്ക് തൊഴില്‍ പരിശീലനാര്‍ത്ഥം ഒരു സ്ഥാപനം ആരംഭിക്കുന്നതിന് ഫണ്ട് ശേഖരിക്കുവാന്‍ നൈറാഖിന്റെ നേതൃത്വത്തില്‍ ആറ്റക്കോയതങ്ങളടക്കം ഭരണപക്ഷ പ്രതിനിധി സംഘം ഉത്തരേന്ത്യന്‍ പര്യടനത്തിനു പുറപ്പെട്ട സമയത്ത് പ്രതിപക്ഷം ശക്തമായി കോലാഹലങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് ദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ സംഘം മടങ്ങിവരേണ്ടി വന്നു. തുടര്‍ന്ന് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ സഭായോഗം പൊലീസ് അകമ്പടിയോടെയാണ് നടന്നത്.

ഭരണപരമായി വളരെക്കാലം നിലനിന്ന ഭിന്നതകള്‍ക്ക് ഈ യോഗത്തോടെ പൂര്‍ണ വിരാമമിട്ടു സുഗമമായ രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ട് നീങ്ങി. 1941-ല്‍ സഭയോട് അനുബന്ധിച്ച് കൈത്തറി നെയ്ത്തുശാല ആരംഭിച്ചു. ഇപ്പോള്‍ അത് നിലവിലില്ല.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ 1919 മുതല്‍ 45 വരെ 26 വര്‍ഷം പ്രസിഡന്റായ പൊന്നാനി ഖാന്‍ സാഹിബ് വി ആറ്റക്കോയ തങ്ങളുടെ കാലത്താണ് സഭ എറ്റവുമധികം ഭൂസ്വത്തും മൂലധനവും സംഭരിച്ചത്. മദ്‌റസ, എലിമെന്ററി സ്‌കൂള്‍, തൊഴില്‍ ശാല, അനാഥശാല മുതലായവ സ്ഥാപിതമായതും ഇക്കാലത്ത് തന്നെ.  

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter