ഫലസ്ഥീനികള്‍ക്കുളള സഹായം നിര്‍ത്തലാക്കി യു.എസ്

ഫലസ്തീന്‍ അഭയാര്‍ഥികളെ സഹായിക്കുന്ന യു.എന്‍ ഏജന്‍സിക്കുള്ള മുഴുവന്‍ സാമ്പത്തിക സഹായവും അമേരിക്ക നിര്‍ത്തലാക്കി. ഫലസ്തീനുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കി അധികം വൈകും മുന്‍പാണു പുതിയ നടപടി.

യു.എസ് വിദേശകാര്യ വകുപ്പാണ് യുനൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്കേഴ്സ് ഏജന്‍സി(യു.എന്‍.ആര്‍.ഡബ്ല്യു.എ)ക്കു നല്‍കി വരുന്ന മുഴുവന്‍ സഹായങ്ങളും അവസാനിപ്പിച്ച വിവരം പുറത്തുവിട്ടത്. നടപടി തങ്ങളുടെ ജനതയ്ക്കുനേരെയുള്ള പച്ചയായ ആക്രമണമാണെന്ന് ഫലസ്തീന്‍ പ്രതികരിച്ചു. അതേസമയം യു.എസ് നീക്കത്തെ പിന്തുണക്കുന്നതായി മുതിര്‍ന്ന ഇസ്റാഈല്‍ വൃത്തം പ്രതികരിച്ചു.

യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ ബിസിനസ് മാതൃകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളും പരിഹരിക്കാനാകാത്ത വിധം തെറ്റായ രീതിയിലൂടെയാണു മുന്നോട്ടുപോകുന്നതെന്നു സഹായം നിര്‍ത്തലാക്കിയ തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് വക്താവ് ഹെതര്‍ ന്യുവര്‍ട്ട് പറഞ്ഞു. യു.എന്‍.ആര്‍.ഡബ്ല്യു.എയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഭരണകൂടം സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇനിമുതല്‍ ഏജന്‍സിക്കു സഹായം നല്‍കേണ്ടെന്നു തീരുമാനിച്ചിരിക്കുകായണെന്നും അവര്‍ പറഞ്ഞു.
ആനുപാതികമായ തുകയ്ക്കും അപ്പുറം ധനസഹായം യു.എന്‍.ആര്‍.ഡബ്ല്യു.എക്കു നല്‍കേണ്ടി വരുന്നുണ്ടെന്നും രാജ്യാന്തര സമൂഹം കൂടുതല്‍ സഹായം ഏറ്റെടുക്കണമെന്നും നേരത്തെ അമേരിക്ക ആവശ്യമുന്നയിച്ചിരുന്നു. അതോടൊപ്പം സഹായത്തിന് അര്‍ഹരായ വ്യക്തികളുടെ എണ്ണം ഏജന്‍സി വര്‍ധിപ്പിച്ചതിലും യു.എസ് വൃത്തങ്ങള്‍ അതൃപ്തി രേഖപ്പെടുത്തി. ഈ രീതി അസന്തുലിതവും ഏജന്‍സിയെ ദീര്‍ഘകാലം പ്രതിസന്ധിയിലാഴ്ത്തുന്നതുമാണെന്നായിരുന്നു ഇതിനു പറഞ്ഞ ന്യായം. ഏജന്‍സി പറയുന്ന അത്രത്തോളം ഫലസ്തീന്‍ അഭയാര്‍ഥികളില്‍ നിലവിലില്ലെന്നാണ് അമേരിക്കയും ഇസ്റാഈലും വാദിക്കുന്നത്.

ഗസ്സ, വെസ്റ്റ് ബാങ്ക്, ജോര്‍ദാന്‍, സിറിയ, ലബനാന്‍ എന്നിവിടങ്ങളിലായി 50 ലക്ഷത്തോളം ഫലസ്തീനികള്‍ക്കാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ സഹായം നല്‍കുന്നത്. 1948ലെ അറബ്-ഇസ്റാഈല്‍ യുദ്ധത്തില്‍ നാടും വീടും നഷ്ടപ്പെട്ടവര്‍ക്കും അവരുടെ പിന്മുറക്കാര്‍ക്കും ആരോഗ്യ പരിചരണം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങള്‍ എന്നീ മേഖലകളിലാണു ഏജന്‍സി സഹായം നല്‍കുന്നത്. അമേരിക്കയാണ് ഏജന്‍സിയുടെ ഏറ്റവും വലിയ സാമ്പത്തിക സഹായദാതാവ്. 2016ല്‍ മാത്രം 365 മില്യന്‍ ഡോളറാണ് അമേരിക്ക ഏജന്‍സിക്കു നല്‍കിയത്.

പശ്ചിമേഷ്യയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുകയുടെ 30 ശതമാനവും യു.എസ് നല്‍കി. സയണിസ്റ്റ് ആക്രമണത്തില്‍ ഏഴു ലക്ഷത്തോളം ഫലസ്തീന്‍ അഭയാര്‍ഥികള്‍ സ്വന്തം ദേശങ്ങളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടതിനു പിറകെയാണ് യു.എന്‍.ആര്‍.ഡബ്ല്യു.എ സ്ഥാപിക്കപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ ജനുവരിയില്‍ തന്നെ ഏജന്‍സിക്കു വകയിരുത്തിയിരുന്ന സഹായധനത്തിന്റെ പകുതിയേലറെ തുക ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ പിടിച്ചുവച്ചിരുന്നു. 365 മില്യന്‍ ഡോളര്‍ നല്‍കിവന്നിരുന്നത് വെറും 65 മില്യന്‍ ഡോളറായി വെട്ടിച്ചുരുക്കുകയായിരുന്നു. ഏജന്‍സി പ്രവര്‍ത്തനത്തില്‍ കാര്യമായ പരിഷ്‌കരണം നടത്തിയില്ലെങ്കില്‍ 65 മില്യന്‍ ഡോളറും റദ്ദാക്കുമെന്നും ഇതിനു പുറമെ ഭീഷണിയുമുണ്ടായിരുന്നു.

സഹായം റദ്ദാക്കിയ അമേരിക്കന്‍ നടപടിയില്‍ രാജ്യാന്തര പ്രതിഷേധം ശക്തമായിട്ടുണ്ട്. യു.എസ് നടപടി ഫലസ്തീന്‍ ജനതയ്ക്കുനേരെയുള്ള നഗ്‌നമായ ആക്രമണവും യു.എന്‍ പ്രമേയത്തിന്റെ ലംഘനവുമാണെന്നും ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റുദൈന പറഞ്ഞു. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും(പി.എല്‍.ഒ) ഹമാസും നടപടിയെ പ്രസ്താവനയിലൂടെ അപലപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter