മുഹറം:പെയ്തുതീരാത്ത അനുഗ്രഹ വര്‍ഷം

അറേബ്യന്‍ ഉപദീപില്‍ പരിശുദ്ധ ഇസ്ലാമിന്റെ പ്രചാരണത്തിന് അടിത്തറ പാകിയ മദീന പാലായനത്തിനെ അടിസ്ഥാനമാക്കിയാണ് ഹിജ്‌റ കലണ്ടര്‍ രൂപകല്‍പന ചെയ്തത്. മുഹറം മുതല്‍ ദുല്‍ഹിജ്ജ വരെയുള്ള പന്ത്രണ്ട് മാസങ്ങള്‍ കൂടിയതാണ് ഒരു ഹിജ്‌റ വര്‍ഷം. ഇതില്‍ സുപ്രധാന സ്ഥാനമലങ്കരിക്കുന്ന ഒന്നാണ് പരിശുദ്ധമായ മുഹറം. ഇസ്ലാമിക കലണ്ടര്‍ ചന്ദ്രമാസ കലണ്ടറായ അന്നു മുതല്‍ തന്നെ ഗ്രിഗേറിയന്‍ കലണ്ടര്‍ (പോപ്പ് ഗ്രിഗറി (1502-1585) പതിമൂന്നാമന്‍ ഏര്‍പ്പെടുത്തിയ കലണ്ടര്‍) നോട് താരതമ്യപ്പെടുത്തുമ്പോള്‍ ഓരോ വര്‍ഷം മാറിവരും തോറും മുഹറം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കും. മുഹറം എന്ന അറബി പദം വിഭാവനം ചെയ്യുന്നത് 'വിലക്കപ്പെട്ട' എന്ന അര്‍ത്ഥത്തെയാണ്. പ്രസ്തുത മാസത്തിന് ഇങ്ങനെ നാമകരണം ചെയ്യാന്‍ നിദാനമായ ഒരു വസ്തുത ചരിത്രത്താളുകളില്‍ കാണാം. അറബികള്‍ ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് തന്നെ ഈ മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെ നഖശിഖാന്തം തടഞ്ഞിരുന്നു. അതിനെ ഉദ്യോതിപ്പിച്ചുകൊണ്ടാണ് വിലക്കപ്പെട്ടത് എന്നര്‍ത്ഥത്തിലുള്ള മുഹറം എന്ന പേര് വെച്ചത്.

ആദ്യ കാലങ്ങളില്‍ അറബികള്‍ മുഹറമാചരിച്ചിരുന്ന രീതി മറ്റൊന്നായിരുന്നു. ഒരു വര്‍ഷം മുഹറം മാസത്തില്‍ യുദ്ധം വിലക്കിയാല്‍ അടുത്ത വര്‍ഷം അതനുവദിക്കുകയും തല്‍സ്ഥാനത്ത് സ്വഫര്‍ യുദ്ധ നിരോധിത മാസമായി ആചരിക്കുന്നതായിരുന്നു അവരുടെ രീതി. ഇസ്ലാം ഈ അയുക്തമായ രീതി നിര്‍ത്തലാക്കുകയും മുഹറത്തെ സര്‍വ്വഥാ യുദ്ധ നിരോധിത മാസമായി ആചരിക്കുകയും ചെയ്തു.

എന്നാല്‍, ഒട്ടനവധി പ്രവാചകരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ ഒരു മഹിതമായ മാസം കൂടിയായതിനാല്‍ 'ശഹ്‌റുല്‍ അന്‍ബിയാഅ്' അന്‍ബിയാക്കളുടെ മാസം എന്ന അപരനാമം കൂടി മുഹറത്തിനുണ്ട്. സൃഷ്ടിശ്രേഷ്ഠരായ മുഹമ്മദ് നബി (സ) ഈ മാസത്തെ പരിചയപ്പെടുത്തുന്നത് അള്ളാഹുവിന്റെ മാസമായാണ്.

മുഹമ്മദ് നബി(സ), ഇബ്‌റാഹീം നബി(അ), ഇസ്ഹാഖ് നബി(അ), യഅ്ഖൂബ് നബി(അ), എന്നിങ്ങനെ അള്ളാഹുവിന്റെ ഇഷ്ടദാസരെ തന്നിലേക്ക് ചേര്‍ത്തിപ്പറഞ്ഞത് പോലെ മുഹറത്തെയും ചേര്‍ത്തിപ്പറഞ്ഞത് ഈ മാസത്തിന്റെ മഹത്വത്തെ വിളിച്ചറിയിക്കുന്നു. അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: പ്രവാചകന്‍ പറയുന്നു ' റമളാനിലെ നോമ്പ് കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അള്ളാഹുവിന്റെ മാസം എന്നറിയപ്പെടുന്ന മുഹറം മാസത്തിലെ നോമ്പാണ്, ഫര്‍ള് നിസ്‌കാരങ്ങള്‍ക്ക് ശേഷമുള്ള ശ്രേഷ്ഠമായ നിസ്‌കാരം രാത്രിയിലുള്ള നിസ്‌കാരമാണ്'. ഒരനുചരന്‍ പ്രവാചകന്‍ (സ)യുടെ സവിധത്തില്‍ വന്നു പറഞ്ഞു:' അള്ളാഹുവിന്റെ തിരുദൂതരെ, റമളാനിന് ശേഷവും ഞാന്‍ വ്രതമെടുക്കാന്‍ ഒരുമാസം താങ്കള്‍ നിര്‍ദ്ദേശിച്ചാലും'. പ്രവാചകര്‍ (സ) തങ്ങള്‍ പറഞ്ഞു: 'നമളാനിന് ശേഷം നീ നോമ്പനുഷ്ഠിക്കാന്‍ താല്‍പര്യപ്പെടുന്നുവെങ്കില്‍ മുഹറം മാസത്തില്‍ ചെയ്യുക. കാരണം, അത് അള്ളാഹുവിന്റെ മാസമാണ്, അതില്‍ ഒരു ദിവസമുണ്ട്, അതില്‍ അള്ളാഹു തന്റെ അടിമകളുടെ പശ്ചാതാപം സ്വീകരിക്കും. ഈ ചരിത്രം മുഹറം മാസത്തില്‍ വ്രതമെടുക്കുന്നതിന്റെ പവിത്രതയിലേക്ക് വിരല്‍ ചൂണ്ടുന്നു. അബൂ ദര്‍റ് (റ) നബി (സ) തങ്ങളോട് ചോദിച്ചു, ഏത് മാസമാണ് ഏറ്റവും ശ്രേഷ്ഠമായത്?. പ്രവാചകര്‍ (സ) തങ്ങള്‍ മറുപടി പറഞ്ഞു: നിങ്ങള്‍ മുഹറം എന്ന് പേരിട്ട് വിളിക്കുന്ന അള്ളാഹുവിന്റെ മാസമാണത്.

മൂന്ന് പത്ത് ദിനങ്ങളെ മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ആദരിച്ചിട്ടുണ്ട്. റമളാനിലെ അവസാന പത്തും ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തുമാണ് ഒന്നും രണ്ടും പത്തുകള്‍, മൂന്നാമത്തേത് മുഹറമിലെ ആദ്യത്തെ പത്താണ്. മുഹറം പത്തിലെ നോമ്പ് ഒരു വര്‍ഷം ചെയ്തുകൂട്ടിയ എല്ലാ അപരാധങ്ങളെയും കഴുകിക്കളയാനുള്ള ഒരു സുവര്‍ണ്ണാവസരം കൂടിയാണ്. അപ്രകാരം തന്നെ മുഹറം ഒമ്പതിനും അഥവാ 'താസൂആഅ്' എന്ന ദിവസത്തില്‍ നോമ്പ് നോല്‍ക്കല്‍ തിരുസുന്നത്തിന്റെ ഭാഗമാണ്. ഇമാം മുസ്ലിം നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം 'വരാനിരിക്കുന്ന വര്‍ഷം അള്ളാഹു എനിക്ക് ആയുസ് തരുകയാണെങ്കില്‍ മുഹറം ഒമ്പതിനും  നോമ്പ് നോല്‍ക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നു'. നബി (സ) തങ്ങള്‍ ഇപ്രകാരം പറഞ്ഞതിന്റെ വിവക്ഷ ജൂതാചാരത്തോട് വിരുദ്ധമാവണമെന്ന താല്‍പര്യത്തിലാണ്. മുഹറം പത്തിന് നോമ്പ് നോല്‍ക്കുന്ന ഒരു പതിവ് അവര്‍ക്കുണ്ടായിരുന്നു.  അതുകൊണ്ട് തന്നെ നിര്‍ഭാഗ്യവശാല്‍ ആര്‍ക്കെങ്കിലും മുഹറം ഒമ്പതിന് നോമ്പ് നോല്‍ക്കാന്‍ സാധിക്കാതെ വന്നാല്‍ അവന്‍ മുഹറം പതിനൊന്നിന് നോമ്പ് അനുഷ്ഠിച്ച് യഹുദരോട് എതിരാവല്‍ പ്രത്യേകം സുന്നത്തുള്ള കാര്യമാകുന്നു. 'നിങ്ങള്‍ മുഹറം പത്തിന് നോമ്പ് നോല്‍ക്കുകയും യഹൂദരോട് എതിരാവുകയും ചെയ്യുക. നിങ്ങള്‍ മുഹറം പത്തിന് മുമ്പോ ശേഷമോ ഒരു ദിവസം നോമ്പ് നോല്‍ക്കുക' എന്ന ഹദീസാണ് ഇതിന് ഊന്നല്‍ നല്‍കുന്നത്. മുഹറം ഒമ്പതിന് നോമ്പ് നോല്‍ക്കുന്നതിന് 'താസൂആഅ്' എന്നും മുഹറം പത്തിന് നോമ്പ് നോല്‍ക്കുന്നതിന് 'ആശൂറാഅ്' എന്നും പറയും. താസൂആഅ് എന്നതിന്റെ അര്‍ത്ഥം ഒമ്പതാമത്തേത് എന്നത് പോലെ ആശൂറാഅ് എന്നതിന്റെ ഭാഷാര്‍ത്ഥം പത്താമത്തേത് എന്നാണ്. മുഹറം പത്തിന് ആശൂറാഅ് എന്ന പേര് നല്‍കിയ വിഷയത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. മുഹറം മാസത്തിലെ പത്താമത്തെ ദിവസമായത് കൊണ്ടാണ് അതിന് ആശൂറാഅ് എന്ന പേര് ലഭിച്ചത് എന്നതാണ്  ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. അത് പോലെ തന്നെ അള്ളാഹു ബഹുമാനിച്ച കാര്യങ്ങളില്‍ മുഹറം പത്തിന്റെ ദിനം പത്താമതായതിനാലാണെന്നും, അള്ളാഹു പത്ത് പ്രവാചകന്മാരെ ബഹുമാനിച്ചത് ഈ ദിവസത്തിലായിരുന്നു എന്നും ആശൂറാഅ് എന്ന് നാമകരണം ചെയ്യാനുള്ള കാരണങ്ങളാണെന്നാണ് പണ്ഡിതമതം.

ആദം നബിയുടെ തൗബ സ്വീകരിച്ചതും, ഇദ്‌രീസ് നബിക്ക് ഉന്നതസ്ഥാനം  നല്‍കിയതും, നൂഹ് നബിയുടെ കപ്പല്‍ ജൂദീ പര്‍വ്വദതത്തില്‍ നങ്കൂരമിട്ടതും, ഇബ്‌റീഹീം നബി ജനിച്ചതും, അദ്ദേഹത്തെ ഖലീലായി തിരഞ്ഞെടുത്തതും, നംറൂദിന്റെ ആളിപ്പടരുന്ന തീകുണ്ഡാരത്തില്‍ നിന്ന് രക്ഷിച്ചതും, സുലൈമാന്‍ നബിക്ക് ഭരണം നല്‍കപ്പെട്ടതും, അയ്യൂബ് നബിയുടെ അസുഖം ശിഫയായതും, മൂസാ നബിയെ ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ച് ഫിര്‍ഔനെ ചെങ്കടലില്‍ മുക്കിക്കൊലപ്പെടുത്തിയതും, യൂനൂസ് നബിക്ക് മത്സ്യവയറ്റില്‍ നിന്ന് രക്ഷ കിട്ടിയതും, ഈസാ നബിയെ ആകാശത്തിലേക്ക് ഉയര്‍ത്തിയതും ആശൂറാഅ് ദിനത്തിന്റെ മാത്രം പ്രത്യേകതകളാണ്. അതിനപ്പുറം ചില ചരിത്ര സംഭവങ്ങള്‍ അരങ്ങേറിയതും ഇതേ ആശൂറാഇന്റെ ദിനത്തില്‍ തന്നെയാണെന്ന് വിസ്മരിക്കാനാവില്ല. ഭൂമിയേയും ആകാശത്തേയും നക്ഷത്രങ്ങളേയും അര്‍ശിനേയും കുര്‍സിയ്യിനേയും ലൗഹിനേയും ജിബ്‌രീലിനേയും മറ്റു മാലാഖമാരേയും സൃഷ്ടിച്ചത് മുഹറം പത്തിന് തന്നെയാണ്.

മഹാനായ നൂഹ് നബി (അ) ന്റെ കപ്പല്‍ ജൂദീ പര്‍വ്വതത്തിന്റെ മുകളില്‍ നങ്കൂരമിട്ടപ്പോള്‍ അദ്ദേഹത്തിന് ശക്തമായ വിശപ്പ് അനുഭവപ്പെട്ടു. ഭക്ഷിക്കാന്‍ കയ്യില്‍ കരുതിയതെല്ലാം തീര്‍ന്നിരുന്നു. വിശ്വസ്തരായി തന്റെ കൂടെ വന്ന ജനങ്ങളോട് നൂഹ് നബി അവരവരുടെ കയ്യില്‍ ഉള്ളതെന്തായാലും തന്റെ സവിധത്തില്‍ കൊണ്ട് വരുവാന്‍ ആവിശ്യപ്പെട്ടു. അങ്ങനെ എട്ട് ഇനം ധാന്യങ്ങള്‍ അദ്ദേഹത്തന്റെ മുമ്പിലെത്തി. അത് അവരോട് പാകം ചെയ്യാന്‍ കല്‍പിച്ചു. ഭക്ഷണം പാകം ചെയ്തതിന് ശേഷം അവരെല്ലാം അതില്‍നിന്ന് ഭോജനം നടത്തി. ഇത് മുഹറം പത്തിനായിരുന്നു. ഈ സംഭവത്തെ അനുസ്മരിച്ച് ഈ ദിവസം ദരിദ്രര്‍ക്കും പാവപ്പെട്ടവര്‍ക്കും ഭക്ഷണം കൊടുക്കല്‍ പ്രതിഫലാര്‍ഹമായ പുണ്യ കര്‍മ്മമാണ്. ഇത്തരം സല്‍കര്‍മ്മങ്ങള്‍ക്ക് അര്‍ഹിച്ചതിലധികം പ്രതിഫലം കിട്ടുന്ന, അള്ളാഹു ഇഷ്ടപ്പെട്ട് അവന്റെ അനുഗ്രഹത്തിന്റെ പേമാരി വര്‍ഷിച്ച പരിശുദ്ധിയുടെ പൂര്‍ണ്ണ നാമമാണ് മുഹറം. ഈ പവിത്രമായ ദിനരാത്രങ്ങളെ നന്മകള്‍കൊണ്ട് വര്‍ണ്ണാഭമാക്കാനാവട്ടെ നമ്മുടെ പ്രയത്‌നങ്ങള്‍.

 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter