മുസ്‌ലിം ഭരണാധികാരികളുടെ പുസ്തക പ്രേമം

എവിടെയാണു മുസ്‌ലിംകള്‍ക്ക് പിഴച്ചത്? മുസ്‌ലിംകളായിരുന്നില്ലേ ഒരുകാലത്ത് ഏറ്റവും കൂടുതല്‍ ലോകം കണ്ടും കേട്ടും നടന്നവര്‍. അവര്‍ നടന്നെത്താത്ത നാടുകളില്ല. ആഴികളില്ല, ആരണ്യങ്ങളില്ല, അലകളില്ല, മലകളില്ല; ഒന്നുമില്ല. ദര്‍ശനങ്ങളും ചരിത്രങ്ങളും ശാസ്ത്രവും നീതീ ബോധവും നിയമവും വ്യാപാരവുമെല്ലാം ലോകത്തിന്റെ അഷ്ടദിക്കുകളില്‍ എത്തിച്ചവര്‍ അവരായിരുന്നില്ലേ? അവര്‍ മരുഭൂമിയില്‍ നിലാവുള്ള രാത്രികളില്‍ ഊഴ്ന്നു നടന്നപ്പോള്‍ മനസ്സുകൊണ്ട് നക്ഷത്രങ്ങളിലേക്കും അതീത ഗ്രഹങ്ങളിലേക്കും സഞ്ചരിച്ചു. ഗോളശാസ്ത്രവും വാഗോള ശാസ്ത്രവും അവരുണ്ടാക്കി. അവരാണ് മെസപ്പൊട്ടോമിയയില്‍ നിന്നു കാര്‍ഷിക വൃത്തി ലോകമൊട്ടാകെ എത്തിച്ചവര്‍. യൂനിവേഴ്‌സിറ്റി എന്ന ആശയം യൂറോപ്പിനെ പരിചയപ്പെടുത്തിയതും സഞ്ചാരസാഹിത്യവും പുസ്തക നിര്‍മാണവും ആദ്യമായി രംഗത്തു കൊണ്ടുവന്നതും അവരായിരുന്നു. പിന്നീടെവിടെയാണു മുസ്‌ലിം സംസ്‌കാരവും പാരമ്പര്യവും അടിതെറ്റി വീണത്.  വെറും തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കാന്‍ അവരെന്തു പാപം ചെയ്തു?
ബഗ്ദാദും സ്‌പെയിനും സമര്‍ഖന്തും നവോത്ഥാന ചൈതന്യമായി അവതരിച്ചത് മുസ്‌ലിം ഭരണത്തിന്റെ കീഴിലായിരുന്നു. യൂറോപ്യരും ആഫ്രിക്കക്കാരും മുസ്‌ലിംകളുടെ ഗ്രന്ഥങ്ങള്‍ വായിച്ചായിരുന്നു ലോകത്തിന്റെ നെറുകയിലെത്തിയത്. വിജ്ഞാനദാഹികളായിരുന്ന മുസ്‌ലിം സമൂഹം ലൈബ്രറികളെയും ഗ്രന്ഥങ്ങളെയും സ്‌നേഹിച്ചു. ബഗ്ദാദിന്റെ ഓരോ തെരുവീഥികളിലും അംബരചുംബികളായ പുസ്തക മന്ദിരങ്ങള്‍ പൊങ്ങി. മാത്രമല്ല, മുസ്‌ലിം രാഷ്ട്രങ്ങളിലെ ഓരോ വീട്ടിലും പള്ളികളിലും ഗ്രന്ഥപ്പുര നിര്‍മിക്കാന്‍ അവര്‍ മുന്നോട്ടു വന്നു. തുടര്‍ന്ന്, യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍നിന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ മുസ്‌ലിം ലൈബ്രറികളിലിരുന്ന് പുതിയ ആശയങ്ങള്‍ കണ്ടെത്തി യൂറോപിനു  നവോത്ഥാന ചിന്തകള്‍ സമര്‍പ്പിച്ചു. ഇതില്‍നിന്നായിരുന്നു യൂറോപിന്റെ കുതിച്ചുചാട്ടം തുടങ്ങിയത്.

ഗ്രന്ഥശാലകളും ഗ്രന്ഥങ്ങളും
പുസ്തകങ്ങളായിരുന്നു മുസ്‌ലിം ലോകത്തിന്റെ ഊര്‍ജവും ത്രാണിയും. അക്ഷരസ്‌നേഹികളായിരുന്ന അവര്‍ തൂലികത്തുമ്പിലൂടെ നവചൈതന്യത്തിന് തിരികൊളുത്തിയപ്പോള്‍ യൂറോപ്യര്‍ ഒന്നടങ്കം ആ തിരിക്കു താഴെ പ്രകാശപ്രശോഭിതമായ അന്തരീക്ഷം കണ്ടെത്തി. ലക്ഷക്കണക്കിനു പുസ്തകങ്ങളുള്ള ആയിരക്കണക്കിനു ലൈബ്രറികള്‍ അബ്ബാസിയ്യ കാലഘട്ടത്തിലുണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.
അബ്ബാസിയ്യ കാലഘട്ടത്തില്‍ 240 ഒട്ടകച്ചുമടുകള്‍ കൊണ്ടു മാത്രം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റാന്‍ കഴിയുന്ന ഒരു ലൈബ്രറി ഒരു വ്യാപാരിക്കുണ്ടായിരുന്നു. അവിടെത്തന്നെ 400 ഒട്ടകങ്ങള്‍ കൊണ്ടുപോയാലേ തന്റെ പുസ്തകങ്ങള്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാവൂ എന്ന കാരണം പറഞ്ഞിട്ട് നീതിന്യായ വകുപ്പിലെ ഒരുദ്യോഗസ്ഥന്‍  തന്റെ സ്ഥലമാറ്റം വേണ്ട എന്നുവച്ചതായി മൈക്കല്‍ മോര്‍ഗന്‍ ‘ദി ലോസ്റ്റ് ഹിസ്റ്ററി’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഇത്രത്തോളം പുസ്തക്കൂട്ടങ്ങള്‍ യൂറോപ്പില്‍ ലൈബ്രറി സംസ്‌കാരം തുടങ്ങുന്നതിനു മുമ്പ് തന്നെ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഉദയം കൊണ്ടിരുന്നു. യൂറോപില്‍ നവോത്ഥാനത്തിന്റെ സൂര്യന്‍ ഉദിക്കുന്നതിനു മുമ്പ് മുസ്‌ലിംകള്‍ പല മേഖലകളിലും വെട്ടിത്തിളങ്ങിയിരുന്നു.
അമവി ഖലീഫമാരില്‍ ഒരാള്‍ക്ക് നാലു ലക്ഷം ഗ്രന്ഥങ്ങള്‍ അടങ്ങിയ ബൃഹത്തായൊരു ഗ്രന്ഥപ്പുര ഉണ്ടായിരുന്നു. പിന്നീട് 400 വര്‍ഷങ്ങള്‍ക്കുശേഷം മാസ്റ്റര്‍ എന്നറിയപ്പെട്ട ഫ്രഞ്ച് രാജാവ് കാര്‍ലോസ് അഞ്ചാമന് വെറും ആയിരം പുസ്തകങ്ങളുള്ള തന്റെ ലൈബ്രറിയുടെ പേരില്‍ മേനി പറയുകയുണ്ടായി. അഥവാ ഗ്രന്ഥശേഖരണത്തിന് യൂറോപിന്റെയും മുസ്‌ലിംകളുടെയും ഇടയില്‍ ഇത്രത്തോളം വ്യത്യാസമുണ്ടായിരുന്നു.
ക്രിസ്താബ്ദം 891-ല്‍ ബഗ്ദാദില്‍ മാത്രം നൂറിലധികം ലൈബ്രറികള്‍ താന്‍ എണ്ണിയതായി യഅ്ഖൂബി പറയുന്നു. മാത്രമല്ല, പാശ്ചാത്യന്‍ ചിന്തകനായ റസ്‌ലര്‍ പറയുകയുണ്ടായി: വിജ്ഞാനം, സാഹിത്യം, കല, ഗ്രന്ഥരചന എന്നിവയ്ക്ക് പണം ചെലവാക്കാന്‍ മുസ്‌ലിം ധനികരിലൊരാളും ഒട്ടും മടി കാട്ടിയിട്ടില്ല. ഓരോ വീട്ടിലും പള്ളികളിലും ഗ്രന്ഥം ശേഖരിക്കാന്‍ വേണ്ടി മുഴുവന്‍ സമ്പത്തും ചെലവഴിക്കാന്‍ അവര്‍ താല്‍പര്യം കാണിച്ചു.
അമവി ഖലീഫമാരുടെ കാലത്ത് ഇറാഖായിരുന്നു വിജ്ഞാനത്തിന്റെ പ്രഭവ കേന്ദ്രം. ഇറാഖിലെ നജഫ് എന്ന പട്ടണത്തിലെ കൊച്ചു ലൈബ്രറിയില്‍ 4,0000 ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഹമ്മാത്തിലെ കുര്‍ദി ഗവര്‍ണര്‍മാരിലൊരാളായിരുന്ന അബൂ ഫിദാഇന് ബനിയില്‍ ഒരു ലക്ഷവും മറാഗ ലൈബ്രറിയില്‍ നാലു ലക്ഷം പുസ്‌കങ്ങളുമുണ്ടായിരുന്നു. അതില്‍ 6500 എണ്ണം ഗണിതശാസ്ത്രത്തിലും 1800 എണ്ണം ഫിലോസഫിയിലുള്ള ഗവേഷണ ഗ്രന്ഥങ്ങളുമായിരുന്നു. ബുഖാറ ലൈബ്രറിയെപ്പറ്റി പ്രശസ്ത തത്വചിന്തകന്‍ ഇബ്‌നു സീന പറയുന്നു: ലോകത്ത് മറ്റൊരിടത്തും കാണാത്തത്ര വലിയൊരു ഗ്രന്ഥശാല ഞാന്‍ അവിടെ കണ്ടു.
മാത്രമല്ല, അബ്ബാസിയ്യ കാലഘട്ടത്തില്‍ ഭരണാധികാരികള്‍ യുദ്ധത്തില്‍ തടവുപിടിച്ചവര്‍ക്ക് ശിക്ഷനല്‍കിയിരുന്നത് ഗ്രന്ഥശാലകളെ വൃത്തിയാക്കലും അടുക്കത്തിലും ചിട്ടയിലും ഷെല്‍ഫുകളിള്‍ പുസ്തകം മടക്കിവയ്ക്കലുമായിരുന്നു. ബൈസന്റിയന്‍ ചക്രവര്‍ത്തി മീഖായേല്‍ മൂന്നാമനോടു പോലും ഖലീഫ മഅ്മൂന്‍ യുദ്ധനഷ്ടപരിഹാരമായി ചോദിച്ചുവാങ്ങിയത് കാലങ്ങളായി സീലുവയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പൊടിപിടിച്ച് നശിച്ചു തുടങ്ങിയ ഒരു ലൈബ്രറിയാണ്. ഇത്രയും അവര്‍ ഗ്രന്ഥശാലകളെ നെഞ്ചിലേറ്റി ലാളിച്ചിരുന്നുവെന്നര്‍ത്ഥം.
1005-ല്‍ ഇസ്‌ലാമിന്റെ സന്ദേശങ്ങള്‍ ആഫ്രിക്കയിലും സ്‌പെയിനിലും പരന്നപ്പോള്‍ വിപ്ലവാത്മകമായിരുന്നു മുസ്‌ലിം ചിന്തകന്മാരുടെ പടയോട്ടം. സുപ്രസിദ്ധ ഭരണാധികാരി അല്‍ ഹാകിം കൈറോവില്‍ ദാറുല്‍ ഹികം എന്ന ശാസ്ത്രീയ അക്കാദമിക്ക് അസ്തിവാരമിട്ടതോടെയാണ് ദീര്‍ഘ സുഷുപ്തിയിലാണ്ട ഈ ഭൂഖണ്ഡം ജീവസ്സുറ്റതാകുന്നത്. തീര്‍ത്തും ആഢംബര രഹിതമായ ഈ ലൈബ്രറിയില്‍ വായനക്കാരുടെ സൗകര്യത്തിനായി 18 ഹാളുകളാണ് സവിസ്തരം സജ്ജീകരിച്ചിരിക്കുന്നത്. ഇതേ ദേശത്തു തന്നെ പിന്നീട് ഖലീഫ അല്‍അഖ്‌സ് തിരികൊളുത്തിയ പുസ്തക വിപ്ലവം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥാലയത്തില്‍ ഒരു ലക്ഷത്തിലേറെ പുസ്തകങ്ങളുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കൂടാതെ, വിശുദ്ധ ഖുര്‍ആന്റെ രണ്ടായിരത്തി നാനൂറോളം കയ്യെഴുത്ത് പ്രതികളും കാണപ്പെട്ടിരുന്നു. അതേസമയം, അഞ്ചാം ഫാത്വിമീ ഭരണാധികാരി അബ്ദുല്‍ അസീസിന്റെ ലൈബ്രറിയില്‍ രണ്ടു ലക്ഷത്തോളം പുസ്തകങ്ങളുണ്ടായിരുന്നുവത്രെ.
അക്കാലങ്ങളില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ ലൈബ്രറി സംസ്‌കാരത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ പള്ളികളിലും തെരുവോരങ്ങളിലും ഘോരഘോരം പ്രസംഗിച്ച് യുവാക്കളെ പ്രോത്സാഹിപ്പിച്ചിരുന്നു. മഹാന്മാര്‍ വിശ്രമമില്ലാതെ വായനയെ കേട്ടാല്‍ മതിവരാത്ത ഒരു സംഗീതം പോലെ ആസ്വദിച്ചു. ചരിത്രപണ്ഡിതനായ ഇബ്‌നു ഖല്ലികാന്‍ പറയുന്നു: മഹാനായ ഇമാം സുഹൂരി(റ) വീട്ടിലിരിക്കുമ്പോള്‍ ചുറ്റും ഗ്രന്ഥങ്ങളുണ്ടാകും. അതുമായി ജോലിയാകുമ്പോള്‍ മറ്റു ഭൗതിക കാര്യങ്ങളെല്ലാം മറക്കും. ഒരിക്കല്‍ ഭാര്യ പറഞ്ഞു. നിങ്ങളുടെ ഗ്രന്ഥങ്ങളുണ്ടല്ലോ എനിക്കവ മൂന്നു സഹകളത്രെങ്ങളെക്കാള്‍ കഠിനമാണ്.
ദാരിദ്ര്യത്തിന്റെ രൂക്ഷതയെ പുസ്തക പാരായണം ഉപയോഗിച്ചു അവര്‍ മറച്ചു. പുസ്തകങ്ങള്‍ അവര്‍ക്ക് വായുവും വെള്ളവുമായിരുന്നു. ആശ്വാസത്തിന്റെ തെളിനീരായി വരുന്ന ഈ പുസ്തകങ്ങളെ വില്‍ക്കാന്‍ അവര്‍ ഒരിക്കലും കൊതിച്ചിരുന്നില്ല. യാഖൂര്‍ ഹമവി ദാരിദ്ര്യത്തിന്റെ തീച്ചൂളയില്‍ നിന്ന് രക്ഷനേടാന്‍ തന്റെ ലൈബ്രറിയിലെ ഓരോ കിതാബുകള്‍ വില്‍ക്കുന്ന നേരത്ത് കണ്ണീര്‍ പൊഴിക്കുമായിരുന്നു. അഥവാ, പുസ്തകത്തെ വില്‍ക്കുന്നത് സ്വന്തം ശരീരത്തെ കഷ്ണിച്ച് മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നതു പോലെയായിരുന്നു അവര്‍ കണ്ടത്.

ലൈബ്രറികള്‍ മൂന്നു തരം
ഇക്കാലത്ത് ലൈബ്രറികള്‍ വിശിഷ്യാ മൂന്നു ഭാഗങ്ങളായി ഭാഗിച്ചിരിക്കുന്നു.
1. അല്‍മക്തബത്തുല്‍ ആമ. പള്ളികളോടും മദ്‌റസകളോടും അനുബന്ധിച്ചായിരുന്നു ഈ ലൈബ്രറി.
2. അല്‍ മക്തബത്തു ബൈനല്‍ ആമത്തി വല്‍ ഖാസ്സ. സ്വന്തം ആവശ്യത്തിനും മറ്റുചില പ്രത്യേക വിഭാഗത്തിനും ഉപയോഗിക്കാന്‍ രാജാക്കന്മാരും ഖലീഫമാരും സ്ഥാപിക്കുന്നതാണിത്.
3. അല്‍ മക്തബത്തുല്‍ ഖാസ്സ. പണ്ഡിതന്മാരും സാഹിത്യകാരന്മാരും സമ്പന്നന്മാരും സ്വന്തം ആവശ്യത്തിനു വേണ്ടി സ്ഥാപിക്കുന്ന സ്വകാര്യ ലൈബ്രറികളാണിത്. ഈ ഗണത്തില്‍ പെട്ട ലൈബ്രറികളായിരുന്നു ബൈത്തുല്‍ ഹിക്മ, മുസ്തന്‍സരിയ്യ, ദാറുല്‍ ഹിക്മ, മത്ബത്തുല്‍ ഫാതിമിയ്യ.

ബൈത്തുല്‍ ഹിക്മ
അബൂ ജഅ്ഫര്‍ അല്‍ മന്‍സൂറാണ് ഈ ഗ്രന്ഥാലയത്തിനു തുടക്കമിട്ടത്. പ്രശസ്തരായ ഒട്ടേറെ പണ്ഡിതന്മാര്‍ക്കും ചിന്തകന്മാര്‍ക്കും ജന്മം നല്‍കിയിരുന്നു ഈ ലൈബ്രറി. പിന്നെ താര്‍ത്താരിപ്പട ഈ ഗ്രന്ഥാലയം നശിപ്പിച്ചെന്ന് സുപ്രസിദ്ധ ചരിത്രകാരന്‍ ഖന്‍ഖഷന്തി തന്റെ ‘സുബുല്‍ അഅ്‌ല’യില്‍ രേഖപ്പെടുത്തുന്നു. (അല്‍ മക്തബത്തുല്‍ ഇസ്‌ലാം. പേ. 60-70, അല്‍ ഹളാറത്തുല്‍ ഇസ്‌ലാമിയ്യ. പേ. 161-162)

മുസ്തന്‍സരിയ്യ
ഇതൊരു പൊതു ലൈബ്രറിയാണ്. ഒടുവിലത്തെ അബ്ബാസി ഖലീഫമാരില്‍ പെട്ട മുസ്തന്‍സറു ബില്ലാ(മരണം ഹി. 640)യാണ് ഇതു സ്ഥാപിച്ചത്. എട്ടു വര്‍ഷമെടുത്തു ഇതു പണി പൂര്‍ത്തിയാക്കാന്‍. (ഹി. 625-633) ഏഴു ലക്ഷം സ്വര്‍ണനാണയമാണ് ഇതിന്റെ നിര്‍മാണച്ചെലവ്. 4832 ച.മീ. വരും ഇതിന്റെ വലിപ്പം.

ദാറുല്‍ ഹിക്മ
ഈജിപ്തിലെ കൈറോവില്‍ അല്‍ഹാകിം ബി അംറില്ലാഹി അല്‍ ഫത്വിമി സ്ഥാപിച്ചതാണ് ഈ പ്രസിദ്ധ പൊതു ഗ്രന്ഥാലയം. 18 ഹാളുകള്‍ ഇതിലുണ്ടായിരുന്നു. ഓരോ ഹാളുകള്‍ വ്യത്യസ്ത കോലത്തിലും മട്ടത്തിലുമായിരുന്നു രൂപകല്‍പ്പന ചെയ്യപ്പെട്ടത്. ഓരോ വിഷയത്തിനും വ്യത്യസ്ഥ റൂമുകളും ഷെല്‍ഫുകളുമുണ്ടായിരുന്നു.

മക്തബ ഫാത്തിമിയ്യീന്‍
കൈറോവിലെ ജാമിഉല്‍ അസ്ഹറിന്റെ അടുത്ത് ഫാത്വിമീ ഖലീഫയായ അല്‍ അസീസുബില്ല ഹി. 378/ക്രി. 988-ല്‍ സ്ഥാപിച്ചതാണ് ഈ ലൈബ്രറി. ലോകാത്ഭുതങ്ങളില്‍ ഒന്നായി ഈ ലൈബ്രറി വിശേഷിപ്പിക്കപ്പെടുന്നു. ഫിലോസഫിയില്‍ മാത്രം 1800 പകര്‍പ്പുകളും ത്വബ്‌രിയുടെ 1220 പകര്‍പ്പുകളും അവിടെ സൂക്ഷിച്ചിരുന്നു. അവിടുത്തെ 40 ഷെല്‍ഫുകളിലായി ഇരുപതു ലക്ഷത്തോളം ഗ്രന്ഥങ്ങളുണ്ടായിരുന്നു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ലൈബ്രറികള്‍ പാശ്ചാത്യര്‍ ഗ്രന്ഥങ്ങളെക്കുറിച്ച് എഴുതാനും പഠിക്കാനും തുടങ്ങുന്നതിന്റെ മുമ്പുതന്നെ അറബികള്‍ക്ക് സ്വന്തമായുണ്ടായിരുന്നു.
എന്നാല്‍, കൈറോവിലെ അഹ്മദ് ബ്‌നു ത്വലാന്‍ പണികഴിപ്പിച്ച ആശുപത്രി ലൈബ്രറിയാണ് ഇതില്‍ ഏറെ പഴക്കമുള്ളതായി അറിയപ്പെട്ടു ലൈബ്രറി. അതില്‍ ഒരു ലക്ഷത്തില്‍ പരം പുസ്തകങ്ങളുണ്ടായിരുന്നു.

തര്‍ജമ വിപ്ലവം
തര്‍ജമ വിപ്ലവമായിരുന്നു 15-ാം നൂറ്റാണ്ടില്‍ യൂറോപ്പിനെ നവോത്ഥാനത്തിലേക്കെത്തിച്ചത്. തുടര്‍ന്ന് നമുക്ക് ഉണ്ടായിരുന്ന പാരമ്പര്യവും അസ്ഥിത്വവും പാടെ തകര്‍ന്നു. യൂറോപ്യര്‍ നമ്മുടെ മൂല്യമുള്ള അറബി ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്തപ്പോള്‍ വിലപിക്കാനായിരുന്നു നമ്മുടെ വിധി. ഇന്ന് പാശ്ചാത്യന്‍ സാഹിത്യത്തില്‍ അറിയപ്പെട്ട ക്ലാസിക് നോവലുകളുടെയും കവിതകളുടെയും ആശയങ്ങളെല്ലാം അറബി സാഹിത്യത്തില്‍ നിന്നും കടമെടുത്തതാണ്. പാശ്ചാത്യ സാഹിത്യത്തിലെ ക്ലാസിക്കും ഒന്നാമത്തെ വലിയ ഇതിഹാസ കാവ്യ(ഒലൃീശര ഢലൃലെ) വുമായ ഞീിമഹറശ-ല്‍ (ഏകദേശം ക്രിസ്താബ്ദം 1980-ല്‍ രചിക്കപ്പെട്ടത്) അറബി കവിതയുടെ സ്വാധീനം വളരെ വ്യക്തമായി കാണാം. ബോക്കാച്ചിയോ, ഇറ്റാലിയന്‍ കവി ചാന്‍സര്‍, ഡെന്നിസണ്‍ (ഇംഗ്ലീഷ് കവി), ബ്രൗണിംഗ് (ഇംഗ്ലീഷ് കവിയായ ഇദ്ദേഹം പാവങ്ങളുടെ കവിയായി അറിയപ്പെടുന്നു) തുടങ്ങിയ കവികളില്‍ അറബി കവിത ചെലുത്തിയ സ്വാധീനം നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. ഡോണ് കിക്ക് സോട്ട് എന്ന പ്രശസ്ത നോവലിന്റെ ആശയം യഥാര്‍ഥത്തില്‍ അറബികളില്‍ നിന്ന് കടംകൊണ്ടതാണ്. അതിന്റെ രചയിതാവ് സാന്‍വാണ്‍ട്രസ് ദീര്‍ഘകാലം അള്‍ജീരിയയില്‍ തടവുകാരനായിരുന്നു. ഈ നോവല്‍ ആദ്യം എഴുതിയത് അറബിയിലാണെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.
സാഹിത്യകാരന്‍ ഡാനിയേല്‍ ഡിഫോക്ക് തന്റെ പ്രസിദ്ധ നോവലായ റോബിന്‍സണ്‍ ക്രൂസോയുടെ ഇതിവൃത്തത്തിനു മാതൃക കിട്ടിയത് അറബി തത്വചിന്തകനായ ഇബ്‌നു തുഫൈലിന്റെ ഹയ്യ് ബ്‌നു യഖ്ദാനില്‍ നിന്നാണ്.
മാത്രമല്ല, ശാസ്ത്ര സാങ്കേതിക വിദ്യയില്‍ യൂറോപ്പിനെ ഉന്നതിയിലെത്തിക്കാന്‍ സഹായിച്ചത് മുസ്‌ലിം പണ്ഡിതന്മാരുടെ ശാസ്ത്ര മേഖലയിലുള്ള ദീര്‍ഘവീക്ഷണവും രചനകളുമായിരുന്നു. ക്രി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജെറാഡ് കൊമോണി എന്ന ശാസ്ത്രജ്ഞന്‍ മുഹമ്മദ് ബ്‌നു ശാകിറിന്റെ ‘ഹിസാബുദ്ദവാഇര്‍ വല്‍ മുആദലാത്ത്'(വൃത്തങ്ങളും അനുപാതങ്ങളും) എന്ന ഗ്രന്ഥം ലാറ്റിന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. അതായിരുന്നുവത്രെ പതിനാറാം നൂറ്റാണ്ടു വരെ പടിഞ്ഞാറന്‍ യൂനിവേഴ്‌സിറ്റികളിലെ അടിസ്ഥാന റഫറന്‍സ് ഗ്രന്ഥം.
വഴിത്തിരിവിന്റെ ചരിത്രശകലം കുറിക്കപ്പെടുന്നതിനു മുമ്പ് തന്നെ യൂറോപ്പ് രഹസ്യമായി സംസ്‌കാരചോരണം തുടങ്ങിയിട്ടുണ്ട്. സ്‌പെയിനില്‍നിന്ന് ഫ്രാന്‍സ് വഴിയും സിസിലിയില്‍ നിന്ന് ഇറ്റലി വഴിയും ഇന്നേ വരെ യൂറോപ്പ് ആവാഹിച്ച സര്‍വപുരോഗതിയുടെയും അവകാശികള്‍ മുസ്‌ലിംകളാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ രൂക്ഷമായ അരാചകത്വം നിമിത്തം വിദ്യാഭ്യാസ പദ്ധതികള്‍ തകിടം മറിഞ്ഞപ്പോള്‍ ക്രൈസ്തവലോകം ഒന്നടങ്കം കൊര്‍ദോവ, ഗ്രാനഡ, ടോളഡോ, സെവില്ല എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളിലേക്ക് കുത്തിയൊഴുകയായിരുന്നു. അറബ് സംസ്‌കൃതിയുടെ സങ്കരഭൂമികയായിരുന്ന ടോളഡോയായിരുന്നു വിവര്‍ത്തനത്തിന്റെ പ്രഥമകേന്ദ്രം. ടോളിഡോയിലെ ഏറ്റവും മഹാനായ വിവര്‍ത്തകനാണ് ജെറാഡ് കെമോണ. സ്‌പെയിനിലെ തകര്‍ന്ന ഭൂമിയില്‍നിന്ന് ജ്ഞാനത്തിന്റെ ഒരു സ്റ്റോര്‍ഹൗസ് തന്നെ അദ്ദേഹം കണ്ടെത്തിയിരുന്നു. അറബ് ഗ്രന്ഥങ്ങള്‍ ആദ്യമായി ലാറ്റിനിലേക്ക് വിവര്‍ത്തനം നടത്തിയത് ഭാഷാപണ്ഡിതനായ കോണ്‍സ്റ്റന്റെയിനാണ്. വര്‍ഷങ്ങളേളം സ്‌പെയിനിലും മറ്റും പോയി താമസിച്ച അദ്ദേഹം അന്നുതന്നെ അറബ് ഭാഷയില്‍ പരിജ്ഞാനം നേടിയിരുന്നു. ഈ പരിചയം വച്ചാണ് പിന്നീടദ്ദേഹം യൂറോപിന്റെ തര്‍ജമ വിപ്ലവത്തില്‍ തന്റേതായ സേവനങ്ങള്‍ ലാഘവത്തോടെ ചെയ്തുതീര്‍ത്തത്. സുപ്രസിദ്ധ ശാസ്ത്രജ്ഞന്‍ അലിയ്യുല്‍ അബ്ബാസിന്റെ വൈദ്യശാസ്ത്ര രചനകള്‍ ലാറ്റിനിലേക്ക് മൊഴിമാറ്റം നടത്തിയത് ഇദ്ദേഹമാണ്.
വാസ്തവത്തില്‍, ഒരു തിരുത്തിയെഴുത്തിന്റെ ചരിത്രമായിരുന്നു യൂറോപ്യന്‍ പുരോഗതിക്കു പിന്നില്‍. ക്രൈസ്തവ ലോകത്തെ പിടിച്ചു കുലുക്കി കടന്നുവന്ന കോപ്പര്‍ നിക്കസിന്റെ ഭൗമിക ജ്ഞാനങ്ങള്‍ക്കു പിന്നില്‍ അറബ് ഗ്രന്ഥങ്ങളുടെ സ്വാധീനമായിരുന്നു. ഐസക് ന്യൂട്ടന്‍ ഇബ്‌നു ഹൈത്തമിന്റെ പാഠങ്ങളില്‍ നിന്നാണ് തന്റെ വിശ്വപ്രസിദ്ധ ചലന സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചിരുന്നത്. ഇബ്‌നു നാഫിസിന്റെ രചനകളില്‍ നിന്നായിരുന്നു ഹാര്‍വി രഹസ്യം ചോര്‍ത്തിയെടുത്തത്. അല്‍ബിറൂനിയുടെയും അല്‍ബത്താനിയുടെയും ഗ്രന്ഥങ്ങള്‍ സ്വാംശീകരിച്ചാണ് കെപ്ലര്‍ യൂറോപ്പിന്റെ സര്‍വവല്ലഭനായി വാണത്.
എന്നാല്‍, പതിനഞ്ചാം നൂറ്റാണ്ടായപ്പോള്‍ അസൂയയുടെയും പകയുടെയും കറുത്ത കരങ്ങളാല്‍ പാശ്ചാത്യര്‍ ലക്ഷക്കണക്കിനു വരുന്ന ഗ്രന്ഥശാലകള്‍ തീയിട്ടു നശിപ്പിച്ചു മുസ്‌ലിംകളോട് പക തീര്‍ത്തു. അവര്‍ വിവര്‍ത്തനം ചെയ്ത കൃതികളെല്ലാം അവരുടെ സ്വന്തം കൃതികളായി ചിത്രീകരിച്ചു. തുടര്‍ന്ന് നമുക്ക് അവകാശപ്പെട്ട പാരമ്പര്യവും അസ്ഥിത്വവും പാടെ ചോര്‍ന്നൊലിച്ചു.
കടലാസിനു സ്വര്‍ണവില കല്‍പിച്ചിരുന്ന മുസ്‌ലിംകളുടെ ഹൃദയം വ്രണപ്പെടുത്തുന്നതായിരുന്നു ഈ സംഭവങ്ങളെല്ലാം. ഇക്കാലത്തു ട്രിപ്പോളിയില്‍ നിന്നു മാത്രം 30 ലക്ഷം ഗ്രന്ഥങ്ങളത്രെ കുരിശുവാഹകര്‍ നശിപ്പിച്ചത്. അതേസമയം, ബഗ്ദാദില്‍ താര്‍ത്താരികല്‍ ടൈഗ്രീസിന്റെ കരകടക്കാന്‍ മുസ്‌ലിം ഗ്രന്ഥശാലകളില്‍ നിന്നു ഗ്രന്ഥം കൊണ്ടുവന്ന് അട്ടിയാക്കിവച്ചു കുന്നുകൂട്ടി. എന്നിട്ട് അതിനു മേലെ നടന്നായിരുന്നു താര്‍ത്താരികള്‍ അപ്പുറം കടന്നത്. മാത്രമല്ല, ബാഗ്ദാദില്‍ നിരന്തരമായ അക്രമത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ഗ്രന്ഥങ്ങള്‍ ചുട്ടു കരിച്ചുവെന്നും ചാരം ടൈഗ്രീസ് നദിയില്‍ ഒഴുക്കിയതു കാരണം ജലം കരുവാളിച്ചുപോയിരുന്നുവെന്നു ചരിത്രം രേഖപ്പെടുത്തുന്നു.
ചുരുക്കത്തില്‍, മുസ്‌ലിം ഭരണാധികാരികള്‍ക്കിടയിലുള്ള ബലഹീനതയും നിരന്തരമായ സംഘട്ടങ്ങളും പ്രത്യാഘാതങ്ങളും ഈ രംഗത്തു നിന്ന് അവരെ അശ്രദ്ധരാക്കുകയായിരുന്നു.
പ്രപിതാക്കള്‍ ദാനം ചെയ്ത ധര്‍മങ്ങള്‍ അവര്‍ പരസ്പരം പോരടിച്ചപ്പോള്‍ കാണികളായ യൂറോപ്യര്‍ കളത്തിലിറങ്ങി കളിച്ചു, ജയിച്ചു. അഭിമാനിക്കാനും അവകാശപ്പെടാനും ഒട്ടേറെ അവര്‍ നല്‍കിയെങ്കിലും കാലത്തിന്റെ നവചൈതന്യത്തില്‍ സംപൂജ്യമാവാനായിരുന്നു നമ്മുടെ വിധി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter