കേരളത്തിലെ മദ്‌റസകള്‍: പ്രാഥമിക മതപഠനത്തിനൊരു മാതൃക

കേരളം മദ്‌റസ വിദ്യാഭ്യാസത്തിന്റെ ലോകോത്തര മാതൃകയാണ്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏറ്റവും വലിയ മദ്‌റസാ പ്രസ്ഥാനമാണ്. 9709 മദ്‌റസകള്‍, 12 ലക്ഷത്തോളം കുട്ടികള്‍, ഒരു ലക്ഷം അധ്യാപകര്‍, 105 ഇന്‍സ്‌പെക്ടര്‍മാര്‍, സമസ്തയുടെ മദ്‌റസ സംവിധാനം അത്ഭുതത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. 1951 സപ്തംബര്‍ 17ന് രൂപീകൃതമായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആറര പതിറ്റാണ്ട് കൊണ്ട് നേടിയ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണ്.

കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, അന്തമാന്‍ എന്നീ ദ്വീപ് സമൂഹങ്ങളിലും മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, സഊദി അറേബ്യ, കുവൈത്ത്, ഖത്തര്‍ എന്നീ വിദേശ രാജ്യങ്ങളിലും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നു. 427 റെയ്ഞ്ചുകളിലായി ഈ മദ്‌റസകളെ വിന്യസിച്ചിരിക്കുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ മികവിനും അധ്യാപക ക്ഷേമത്തിനും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വം കൂടുതല്‍ കരുത്ത് പകരുന്നു.

പ്രീപ്രൈമറി മുതല്‍ പ്ലസ്ടൂ തലം വരെയുള്ള ഒരു കരിക്കുലത്തെ അടിസ്ഥാനമാക്കിയാണ് ഓരോ ക്ലാസിലേക്കുമുള്ള പാഠഭാഗങ്ങള്‍ നിര്‍ണയിച്ചിട്ടുള്ളത്. അക്കാദമിക രംഗത്തെ പ്രഗത്ഭരും മനഃശ്ശാസ്ത്ര വിദഗ്ധരും പണ്ഡിതന്മാരും ചേര്‍ന്നുള്ള അക്കാദമിക് കൗണ്‍സിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിക്കുന്നത്. പാഠപുസ്തക രചന സമിതി തയാറാക്കുന്ന പുസ്തകങ്ങള്‍ പരിശോധനാ സമിതിയുടെ അംഗീകാരത്തിനു ശേഷമാണ് പ്രസിദ്ധീകരിക്കുന്നത്. കോഴിക്കോട്ടുള്ള സമസ്ത ബുക്ക് ഡിപ്പോ മുഖേനയാണ് പാഠപുസ്തകങ്ങളുടെ വിതരണം. ഹുറൂഫുല്‍ ഹിജാഇയ്യ, ദുറൂസ് അറബി മലയാളം, ലിസാനുല്‍ ഖുര്‍ആന്‍, അഖീദ, ഫിഖ്ഹ്, താരീഖ്, അഖ്‌ലാഖ്, തജ്‌വീദ്, തഫ്‌സീര്‍ എന്നീ പേരുകളിലായാണ് പാഠപുസ്തകങ്ങള്‍ അറിയപ്പെടുന്നത്. കൂടാതെ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും സിലബസില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. പാഠ്യപദ്ധതിയുടെ മേന്മയും ആകര്‍ഷണവുമാണ് സമസ്തയുടെ മദ്‌റസകളെ കൂടുതല്‍ സ്വീകാര്യമാക്കുന്നത്.

സുതാര്യമായാണ് മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്നത്. ദേശസ്‌നേഹവും സാഹോദര്യവും മതമൈത്രിയും ഊട്ടിയുറപ്പിക്കാനും രാജ്യനന്മക്കുവേണ്ടി പ്രവര്‍ത്തിക്കാനും പഠിതാക്കളെ നിരന്തരം ഉദ്‌ബോധിപ്പിക്കുന്നു. വര്‍ഗീയത ഇസ്‌ലാമിന് അന്യമാണെന്ന് ചെറുപ്രായത്തില്‍ തന്നെ പഠിപ്പിക്കുന്നു. വ്യക്തി ജീവിതത്തില്‍ വിശുദ്ധിയുള്ളവരാവാനും അശരണര്‍ക്ക് അത്താണിയാവാനും ശീലിപ്പിക്കുന്നു. ഓരോ രണ്ടാംശനിയാഴ്ചയും ചേരുന്ന വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍വാഹക സമിതി യോഗത്തില്‍ പുതുതായി സ്ഥാപിക്കുന്ന മദ്‌റസകള്‍ക്കുള്ള അംഗീകാരത്തിനായുള്ള അപേക്ഷകള്‍ ലഭിക്കുന്നു. അവ പരിശോധിച്ച ശേഷമാണ് അംഗീകാരം നല്‍കുക. സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ ക്രമാതീതമായ വളര്‍ച്ച താഴെ പറയുന്ന പട്ടിക സാക്ഷ്യപ്പെടുത്തുന്നു.

വര്‍ഷം- മദ്‌റസകളുടെ എണ്ണം
1952 10
1956 149
1961 746
1966 1838
1970 2696
1976 3586
1990 6440
1996 7003
2001 7865
2008 8713
2011 9022
2017 (ജൂണ്‍വരെ) 9709

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഠന പ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങള്‍ക്കും കരിക്കുലത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. വിദ്യാര്‍ഥികളുടെ സര്‍ഗശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കലാസാഹിത്യ മല്‍സരങ്ങള്‍ മാതൃകപരമാണ്. മദ്‌റസതലം മുതല്‍ സംസ്ഥാന തലം വരെ വിവിധ ഘട്ടങ്ങളായി നടത്തുന്ന കലാ സാഹിത്യമേള ഏഷ്യയിലെ ഏറ്റവും വലിയ ഇസ്‌ലാമിക കലാമേളയായാണ് അറിയപ്പെടുന്നത്. സാഹിത്യസമാജങ്ങള്‍, മോണിംഗ് അസംബ്ലി, പാര്‍ലമെന്റ്, വ്യത്യസ്ത ദിനാചരണങ്ങള്‍, ശുചിത്വപരിശീലനം, സാമൂഹിക സേവനം, സമ്പാദ്യശീലം എന്നിവക്കും പ്രത്യേക ശിക്ഷണം നല്‍കുന്നു.

പഠനക്രമം

230 പ്രവര്‍ത്തിദിനങ്ങളിലായി 690 പീരിയഡുകളാണ് പാഠ്യവിനിമയത്തിന് നിശ്ചയിച്ചിട്ടുള്ളത്. ആഴ്ചയിലെ 6 അധ്യായന ദിവസങ്ങളില്‍ 45 മിനുട്ട് ദൈര്‍ഘ്യമുള്ള മൂന്ന് പീരിയഡുകള്‍ നിര്‍ണയിച്ചിട്ടുണ്ട്. സ്‌കൂള്‍ ഒഴിവുദിവസങ്ങളില്‍ കൂടുതല്‍ സമയമെടുത്ത് പ്രാക്ടിക്കല്‍ പഠനത്തിനും ആവര്‍ത്തനത്തിനും വേണ്ടി വിനിയോഗിക്കും. ദുല്‍ഹിജ്ജ 7 മുതല്‍ 14 കൂടിയും, മുഹര്‍റം 9,10, റബീഉല്‍ അവ്വല്‍ 12, ശഅ്ബാന്‍ 15, ശഅ്ബാന്‍ 27 മുതല്‍ ശവ്വാല്‍ 8 കൂടി, ആഗസ്റ്റ് 15, ജനുവരി 26, എല്ലാ വെള്ളിയാഴ്ചയും ഒഴിവുദിനങ്ങളായിരിക്കും. വിദ്യാഭ്യാസ ബോര്‍ഡ് നിശ്ചയിക്കുന്ന തിയതികളില്‍ വേനല്‍ അവധിയുമാണ്.

പരീക്ഷ

5,7,10,+2 ക്ലാസുകളില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പൊതുപരീക്ഷയും മറ്റു ക്ലാസുകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ കീഴില്‍ പാദ വാര്‍ഷിക പരീക്ഷയും നടക്കുന്നു. 1959 ല്‍ അഞ്ചാം ക്ലാസിലും 1967 ല്‍ ഏഴിലും 1995 ല്‍ പത്താം ക്ലാസിലും 2008 ല്‍ പ്ലസ്ടുവിനും വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ ഏര്‍പ്പെടുത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡാണ് നേതൃത്വം നല്‍കുന്നത്.

സമസ്തയുടെ പൊതുപരീക്ഷ സംവിധാനവും കേന്ദ്രീകൃത മൂല്യനിര്‍ണയരീതിയും അക്കാദമിക സമൂഹത്തിന്റെ മുക്തകണ്ഠം പ്രശംസക്ക് കാരണമായിട്ടുണ്ട്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ ഈ കുറ്റമറ്റ പരീക്ഷാ സംവിധാനം നേരിട്ട് മനസ്സിലാക്കാന്‍ മൂല്യനിര്‍ണയ ക്യാംപ് സന്ദര്‍ശിക്കാറുണ്ട്. ഒന്നു മുതല്‍ പത്ത് വരെ റാങ്കുകള്‍ക്ക് റാങ്ക് സര്‍ട്ടിഫിക്കറ്റിനു പുറമെ പ്രത്യേകം ഉപഹാരങ്ങളും ഡിസ്റ്റിങ്ഷന്‍ ലഭിച്ച മുഴുവന്‍ കുട്ടികള്‍ക്കും പ്രത്യേകം സമ്മാനങ്ങളും നല്‍കിവരുന്നു.

മുഫത്തിശുമാര്‍

വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ 105 മുഫത്തിശുമാര്‍ (പരിശോധകര്‍) മുഴുസമയ സേവനത്തിനായുണ്ട്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഓരോ മദ്‌റസയിലും ഇവര്‍ പരിശോധന നടത്തുന്നു. പഠന നിലവാരം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, ഭൗതിക സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇവരുടെ പരിശോധനക്ക് വിധേയമാക്കുന്നു. അധ്യാപക രക്ഷാകര്‍തൃ യോഗങ്ങള്‍ വിളിച്ചുകൂട്ടി ആവശ്യമായ നിര്‍ദേശങ്ങളും നല്‍കിവരുന്നു. പരിശോധന കുറിപ്പ് രേഖപ്പെടുത്താന്‍ ഇന്‍സ്‌പെക്ഷന്‍ പുസ്തകങ്ങള്‍ ഓരോ മദ്‌റസക്കും വിദ്യാഭ്യാസ ബോര്‍ഡ് നേരിട്ട് നല്‍കുന്നു. മറ്റു ആവശ്യമായ റെക്കോഡുകളെല്ലാം വര്‍ഷാരംഭത്തില്‍ തന്നെ വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകള്‍ക്ക് സൗജന്യമായി നല്‍കിവരുന്നു.

അഞ്ച് ഖാരിഉമാരും നാല് ട്യൂട്ടര്‍മാരും ബോര്‍ഡിന് കീഴില്‍ സേവകരായുണ്ട്. റെയ്ഞ്ചുകള്‍, സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന ഹിസ്ബ്, ട്രെയ്‌നിങ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുകയാണ് ഇവരുടെ ചുമതല. മുഫത്തിശുമാര്‍ക്ക് പുറമെ പ്രത്യേക പരിശീലനം ലഭിച്ച അന്‍പത് മുദരിബുമാരെ ഈ വര്‍ഷം മുതല്‍ കേന്ദ്ര ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നിയോഗിച്ചിട്ടുണ്ട്. അധ്യാപക ശാക്തീകരണത്തിനും റെയ്ഞ്ച് യോഗങ്ങളുടെ കാര്യക്ഷമതക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഇവരുടെ നിയമന ലക്ഷ്യം.

ക്ഷേമ പ്രവര്‍ത്തനങ്ങള്‍

മദ്‌റസകളുടെ ശാക്തീകരണത്തിനും മുഅല്ലിംകളുടെ ക്ഷേമത്തിനും വിവിധ പദ്ധതികള്‍ വിദ്യാഭ്യാസ ബോര്‍ഡും ജംഇയ്യത്തുല്‍ മുഅല്ലിമീനും നടപ്പാക്കിവരുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ വെല്‍ഫെയര്‍ ഫണ്ടില്‍നിന്നും കൈത്താങ്ങ് പദ്ധതിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കേന്ദ്ര കമ്മിറ്റി മുഅല്ലിംകള്‍ക്ക് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ സര്‍ക്കാറുകള്‍ക്ക് പോലും മാതൃകയാണ്. കോഴ്‌സിന്റെയും സര്‍വിസിന്റെയും പേരില്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍, മാതൃകാ മുഅല്ലിം അവാര്‍ഡ്, സുവര്‍ണ സേവന അവാര്‍ഡ്, മോഡല്‍ ക്ലാസ് അലവന്‍സ്, ആര്‍.പി. അലവന്‍സ്, പ്രവര്‍ത്തന അലവന്‍സ്, മുഅല്ലിം ക്ഷേമ നിധി, മുഅല്ലിം പെന്‍ഷന്‍, മയ്യിത്ത് പരിപാലന സഹായം, അത്യാഹിത സഹായം, വിവാഹം, വീട് നിര്‍മാണം എന്നിവക്കുള്ള സഹായം എന്നിവക്ക് ദശലക്ഷക്കണക്കിന് രൂപയാണ് പ്രതിമാസം ചെലവഴിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter