വിശ്വാസം; ജയാപജയങ്ങളുടെ നിദാനം

ഖുര്‍ആനും ഹദീസും ഇജ്മാഉം ഖിയാസും അടങ്ങുന്ന ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ പൂര്‍ണമായി അംഗീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍. തള്ളിക്കളയുന്നവര്‍ സത്യനിഷേധികളായ അവിശ്വാസികളും(കാഫിറുകള്‍). കപട വിശ്വാസികള്‍ (മുനാഫിഖുള്‍); ഇവര്‍ ബാഹ്യമായ സത്യവിശ്വാസം പ്രകടിപ്പിക്കുമെങ്കിലും ആന്തരികമായി വിശ്വാസഹീനരാണ്. അതിനാല്‍ അവരും നിഷേധികളാണ്.

അടിസ്ഥാനപ്രമാണങ്ങള്‍ തള്ളിക്കളയുന്നില്ലെങ്കിലും 'നവീനചിന്തകള്‍' രൂപീകരിച്ചു. അപ്രകാരം വിശ്വസിച്ചു പ്രവര്‍ത്തിക്കുന്നവരാണ് 'ബിദ്അത്തു'കാര്‍. ഇവര്‍ രണ്ട് വിഭാഗവുമുണ്ട്. ഒന്ന്. തങ്ങളുടെ നവീന ചിന്താശക്തി കാരണം അടിസ്ഥാനപ്രമാണങ്ങള്‍ മുഴുവനും തള്ളുന്ന അവസ്ഥ പ്രാപിച്ചവര്‍. രണ്ട്: നവീനചിന്തയുണ്ടെങ്കിലും അടിസ്ഥാനങ്ങള്‍ തള്ളുന്ന അവസ്ഥയിലെത്താത്തവര്‍. ഇവരില്‍ ആദ്യത്തവര്‍ സത്യനിഷേധികളുടെ ഭാഗമാണ്. രണ്ടാമത്തവര്‍ പൊതു മുസ്‌ലിംകളുടെ ഭാഗമാണ്. പക്ഷേ യഥാര്‍ത്ഥ മുസ്‌ലിംകളായ 'സുന്നീ' വിഭാഗത്തില്‍ ഇവരില്ല. 

വേര്‍തിരിവിന്റെ മാനദണ്ഡങ്ങള്‍ 
വിശ്വാസി, അവിശ്വാസി, നവീനന്‍, സുന്നി എന്നിങ്ങനെ വേര്‍തിരിക്കുന്ന ചില മാനദണ്ഡങ്ങള്‍ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹിജ്‌റ: 469 ല്‍ ദിവംഗതനായ മഹാപണ്ഡിതന്‍ അബ്ദുല്‍ ഖാഹിദല്‍ ബഗ്ദാദി പറയുന്നു: ''താഴെപറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുക, മുസ്‌ലിമിന്റെ പൊതുമാനദണ്ഡമാണ്. അഥവാ ഇവ അംഗീകരിക്കുന്നതോടെ മനുഷ്യന്‍ മുസ്‌ലിംസമൂഹത്തിന്റെ ഭാഗമാകുന്നു. ലോകത്തിന്റെ പ്രാരംഭം, സ്രഷ്ടാവിന്റെ ഏകത്വം, അനാദ്യത, അതുല്യത, വിശേഷണങ്ങള്‍, നീതി, യുക്തി, നബിയുടെ അന്ത്യപ്രവാചകത്വം, അതിന്റെ സര്‍വജനീനത, ശാശ്വതീഭാവം, സത്യസന്ധത, നിയമത്തിന്റെ ഉറവിടമായി ഖുര്‍ആനിനെ അംഗീകരിക്കല്‍, നിസ്‌കാരത്തില്‍ കഅ്ബ:യിലേക്ക് തിരിയല്‍''. 
''ഇക്കാര്യങ്ങളെല്ലാം പൊതുവെ അംഗീകരിക്കുന്ന മുസ്‌ലിം തന്റെ വിശ്വാസത്തില്‍ യാതൊരുവിധ നവീനചിന്തയും കലര്‍ത്തുന്നില്ലെങ്കില്‍ 'സുന്നി'യാണ്. അഥവാ നബിയും സഹാബത്തും കാണിച്ച മാര്‍ഗം യഥാവിധി പിന്‍പറ്റുന്നവനാണ്.''

''ഇനി, മേല്‍പറഞ്ഞ പൊതുമുസ്‌ലിം തന്റെ വിശ്വാസത്തില്‍ നവീനചിന്ത കലര്‍ത്തിയാല്‍ അത് ഏത് തരം ചിന്തയാണെന്നു പരിശോധിക്കണം. അത്യന്തം അപകടകരമായ നവീനചിന്തകള്‍ കാരണം മതത്തില്‍ നിന്നു പുറത്തായ ചില പ്രസ്ഥാനങ്ങളുണ്ട്; ബാത്വിനിയ, ബയാനിയ്യ, മുഗീരിയ്യ, ഖത്താബിയ്യ പോലെ. ഇവരുടെ ചിന്തകളാണ് പ്രസ്തുത മുസ്‌ലിം പകര്‍ത്തിയതെങ്കില്‍ അതോടെ അയാള്‍ മുസ്‌ലിമല്ലാതായി.''
''ഇപ്പറഞ്ഞ പ്രസ്ഥാനങ്ങളുടെ 'ചിന്തകള്‍' ഇപ്രകാരമാണ്; ഇമാമുകള്‍ ദൈവങ്ങളാണ്, സ്രഷ്ടാവ് സൃഷ്ടിയില്‍ അവതരിക്കും, ആത്മാവ് ഭിന്നശരീരങ്ങള്‍ പ്രാപിക്കും, തുടര്‍ന്നു ഒരു വസ്തു മനുഷ്യനും മൃഗവും പ്രേതവും മറ്റുമാകും. പുത്രി-പൗത്രിമാരെ വിവാഹം ചെയ്യാം, ശരീഅത്ത് നിയമങ്ങളെല്ലാം അവസാനകാലത്ത് അല്ലാഹു ദുര്‍ബലപ്പെടുത്തും, ഖുര്‍ആന്‍ ഹറാമാക്കിയത് ഹലാലാക്കാം, മറിച്ചും.''

ഇനിമേല്‍പറഞ്ഞ പൊതുമുസ്‌ലിം മുഅ്തസില, ഖവാരിയ്യ, റാഫിള, ഇമാമിയ്യ മുതലായവയുടെ 'ചിന്ത'കളാണ് വിശ്വാസത്തില്‍ കലര്‍ത്തിയതെങ്കില്‍ മുസ്‌ലിമല്ലാതാകുന്നില്ല. പക്ഷേ അയാള്‍ ശരിയായ മുസ്‌ലിം എന്നു പറയാവുന്ന 'സുന്നി'യല്ല. 'ചിന്തകള്‍' നിഷേധപരമല്ലാത്തത് കൊണ്ടാണ് അദ്ദേഹം മതത്തില്‍ നിന്നു പുറത്ത്‌പോകാത്തത്.''

ബന്ധവിച്ഛേദം വേണ്ടതുണ്ടോ?
''സത്യനിഷേധികളായ കാഫിറുകള്‍, ഇവരുടെ തന്നെ ഭാഗമായ കടുത്ത നവീനചിന്തകരായ മുസ്‌ലിം നാമധാരികള്‍ എന്നിവരുമായി മുസ്‌ലിംകള്‍ക്ക് യാതൊരുബന്ധവുമില്ല. വേണ്ടി വന്നാല്‍ ഇവരുമായി നിയമാനുസൃതം പ്രതിരോധ, പ്രതികാരങ്ങള്‍ക്ക് വേണ്ടി മുസ്‌ലിംകള്‍ യുദ്ധംചെയ്യും. ഇവരില്‍ മുസ്‌ലിം നാമധാരികളുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കില്ല. ഇവരെ മുസ്‌ലിംകളുടെ ശ്മശാനത്തില്‍ മറമാടില്ല. ഇവരുടെ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കില്ല. എങ്കിലും സാമൂഹിക, സാമുദായിക, വ്യക്തിപരബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കും. അനീതി കാണിക്കുകയോ കടന്നാക്രമണം നടത്തുകയോ ചെയ്യില്ല. ഇങ്ങോട്ടെന്ന പോലെ അങ്ങോട്ടും.''

''നവീനചിന്തകരാണെങ്കിലും മതത്തില്‍ നിന്നു പുറത്താകാത്തവരും സുന്നികളല്ലാത്തവരുമായ മുസ്‌ലിംകളുമായി സുന്നികളുടെ ബന്ധം താഴെപറയും പോലെയാണ്; അവരെ മുസ്‌ലിംകളുടെ പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുവദിക്കും. മുസ്‌ലിം ശ്മശാനങ്ങളില്‍ അവരെ മറമാടും. സമരാര്‍ജിതസ്വത്ത് അവര്‍ക്ക് നല്കും. എന്നാല്‍ മയ്യിത്ത് നിസ്‌ക്കാരം, ഇമാമത്ത്, വിവാഹം എന്നീ വിഷയങ്ങളില്‍ അവരെ സുന്നികളെപോലെ കാണില്ല.''
അലീ(റ) ഖവാരിജുകളോട് ഇങ്ങനെയാണ് പറഞ്ഞത്; നിങ്ങള്‍ക്ക് വേണ്ടി മൂന്നു കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും; ഒന്ന്: നിങ്ങളോട് ഞങ്ങള്‍ യുദ്ധം ആരംഭിക്കില്ല. രണ്ട്; അല്ലാഹുവിന്റെ പള്ളി നിങ്ങള്‍ക്ക് തടയില്ല. മൂന്ന്; അവിശ്വാസികള്‍ക്കെതിരില്‍ നിങ്ങള്‍ ഞങ്ങളെ സഹായിച്ചാല്‍ സമരാര്‍ജിത സ്വത്ത് നിങ്ങള്‍ക്ക് നല്‍കാം.'' (അല്‍ഫര്‍ഖുബയ്‌നല്‍ ഫിറഖ്: പേ: 18,19)

ശിക്ഷാ നടപടികള്‍ എന്തെല്ലാം?
മതനിഷേധികള്‍, ബിദ്അത്ത് കാരണം മതത്തില്‍ നിന്നു പുറത്തായവര്‍ എന്നിവരുമായി മുസ്‌ലിംകള്‍ക്ക് ആശയപരമായി ഒരു ബന്ധവുമില്ല. പക്ഷേ മതത്തില്‍ നിന്നു പുറത്താകാത്ത ബിദ്അത്തുകാരുണ്ടല്ലൊ. ഇവര്‍ പൊതുമുസ്‌ലിംകളുടെ കൂട്ടത്തില്‍ നമ്മുടെ കൂടെയുണ്ട്. ഇവരുടെ ബിദ്അത്തിന്റെ കാര്യത്തില്‍ യാതൊരു നീക്ക്‌പോക്കും വിട്ടുവീഴ്ചയും സുന്നികള്‍ക്കില്ല. നീതിയും നിയമവും പരിഗണിച്ചു അതിനെതിരില്‍ സുന്നികള്‍ സജീവമായി പ്രവര്‍ത്തിക്കണം. സാധാരണ മുസ്‌ലിംകളെ രക്ഷപ്പെടുത്താന്‍. 

കഅ്ബ് ബ്‌നു മാലിക് (റ) സഹാബീ വര്യനാണ്. അദ്ദേഹം നബിയുടെ കല്പന ലഭിച്ചിട്ടും തബൂക്ക് യുദ്ധത്തിനു പോയില്ല. പോകാതിരിക്കാനുള്ള കാരണം അറിയിച്ചതുമില്ല. ഒന്നുകില്‍ പോവുക, പോകുന്നില്ലെങ്കില്‍ കാരണം അറിയിച്ചു പോകാതിരിക്കാന്‍ അനുവാദം വാങ്ങുക. ഇതാണ് സഹാബത്തിന്റെ ചിട്ട. ഇങ്ങനെയുള്ള ചിട്ടകള്‍ പാലിക്കാത്തവരാണ് കപടരും നവീനവാദികളും. പക്ഷേ കഅ്ബ് കപടനോ നവീനവാദിയോ അല്ലെങ്കിലും അവരുടെ സ്വഭാവം അദ്ദേഹത്തില്‍ പ്രകടമായി. അതിനാല്‍ അദ്ദേഹത്തെ 50 ദിവസത്തേക്ക് നബി (സ) 'സസ്‌പെന്റ്' ചെയ്തു. അഥവാ നബിയോ സഹാബത്തോ തനിക്ക് സലാം പറഞ്ഞില്ല. തന്റെ സലാം മടക്കിയതുമില്ല. പിന്നീട് അദ്ദേഹം പശ്ചാത്തപിച്ചപ്പോള്‍ നബി നടപടി പിന്‍വലിച്ചു. ഖുര്‍ആനും ഹദീസും ഇത് വ്യക്തമാക്കിയിട്ടുണ്ട്. 
ഖദ്‌റ് ഖളാ നിഷേധികളായ 'ഖദ്‌രിയ്യ' വിഭാഗത്തിനു സലാംപറയരുത്, നിസ്‌കാരത്തില്‍ അവരെ തുടരരുത്. അവരുടെ മയ്യിത്ത് നിസ്‌ക്കരിക്കരുത് എന്ന ഇബ്‌നു ഉമര്‍ (റ) അടക്കമുള്ള ചില സ്വഹാബിമാര്‍ പറഞ്ഞത് നബിയുടെ മേല്‍നടപടിയുടെ തുടര്‍ച്ചയാണ്. എന്നാല്‍ ഇത്തരം നടപടികള്‍ സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്ന സാഹചര്യത്തില്‍ ഇവര്‍ തന്നെ മാറ്റിവെച്ചിട്ടുണ്ട്. ഇബ്‌നു ഉമര്‍ ഹജ്ജാജുബ്‌നുയൂസുഫിനെ തുടര്‍ന്നു നിസ്‌കരിച്ചെന്ന ഹദീസ് ഇമാം ബുഖാരി സഹീഹില്‍ ഉദ്ധരിച്ചതായി കാണാം. ഹജ്ജാജ് തനി തെമ്മാടിയും നവീനവാദിയുമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്‌കൊണ്ടാണ് പ്രസ്തുത ഹദീസിനു ഇമാം ബുഖാരി ഇങ്ങനെ (നവീനവാദിയുടെയും ഫിത്‌ന ഉണ്ടാക്കുന്നവന്റെയും പിന്നില്‍ നിസ്‌കരിക്കുക) തലവാചകം കൊടുത്തത്. 
മയ്യിത്ത് നിസ്‌കരിക്കുന്നതിലേറെ വലുതാണ് തുടര്‍ന്നു നിസ്‌കാരം. സലാംപറയലും ഇങ്ങനെതന്നെ. കാരണം ഇത് രണ്ടും വ്യക്തിത്വം അംഗീകരിക്കലാണ്. മയ്യിത്ത് നിസ്‌കാരം പാപമോചനത്തിനുവേണ്ടിയുള്ള ശുപാര്‍ശയാണല്ലൊ. മയ്യിത്തിന്റെ വ്യക്തിത്വം അംഗീകരിക്കുന്ന പ്രശ്‌നം ഇതിലില്ല. മയ്യിത്ത് ഒരു 'പൊതുമുസ്‌ലി'മാണെന്ന് മാത്രമേ ഇവിടെ പരിഗണിക്കുന്നുള്ളൂ. ഇത് കൊണ്ടാകാം തുടര്‍ച്ചയും സലാമും കറാഹത്താണെന്നു പറഞ്ഞ ചില മദ്ഹബുകാര്‍ മയ്യിത്ത് നിസ്‌ക്കാരം കറാഹത്താണെന്നു പറയാതിരുന്നത്; ഉദാഹരണം ശാഫിഈ മദ്ഹബ്. 
വിശ്വാസമുണ്ടെങ്കില്‍ ഏത് നല്ലവനും തെമ്മാടിക്കും പിന്നില്‍ നിസ്‌ക്കാരം അനുവദനീയവും സാധുവുമാണെന്നാണ് സുന്നിയുടെ പ്രഖ്യാപിത ആശയം. പക്ഷേ കറാഹത്തില്ലെന്നു ഇതിനര്‍ത്ഥമില്ല. ഈ നിസ്‌കാരം ഹറാമും അസാധുവുമാണെന്ന 'ശീഅ' വിഭാഗം പറഞ്ഞിട്ടുണ്ട്. ഇവര്‍ നവീനപ്രസ്ഥാനമാണല്ലൊ. ഇവരെ എതിര്‍ക്കുകയാണ് മേല്‍ പ്രഖ്യാപനത്തിനര്‍ത്ഥം. ഹജ്ജാജിനെ തുടര്‍ന്നു നിസ്‌കരിച്ച ഇബ്‌നുഉമര്‍ അടക്കമുള്ള സ്വഹാബിമാര്‍ സുന്നികളല്ലെന്നും കാഫിറുകളാണെന്നുമാണ് ശീഅഃ വാദിച്ചത്. എന്നാല്‍ ഇബ്‌നു ഉമറിനെ പോലുള്ളവര്‍ക്ക് അപ്രകാരം തുടര്‍ന്നു നിസ്‌കരിക്കാന്‍ അവരുടേതായ, സമര്‍ത്ഥമായ കാരണങ്ങളുണ്ട്. സമൂഹത്തില്‍ കൂടുതല്‍ 'ഫിത്‌ന' ഒഴിവാക്കല്‍ തന്നെപ്രധാനം. അതിനാല്‍ അപ്പോള്‍ അവര്‍ക്കത് അനുവദനീയം തന്നെയാണ്; കറാഹത്തല്ല. കാരണമില്ലെങ്കില്‍ കറാഹത്താണ്. 

എങ്കിലും 'സൂക്ഷ്മത' കാരണം ഇപ്പറഞ്ഞ തുടര്‍ച്ചയോ സലാമോ മയ്യിത്ത് നിസ്‌ക്കാരമോ വേണ്ടെന്നു വെക്കാം; അതിനു സാധിക്കുന്നവര്‍ക്കും അനുകൂലസാഹചര്യത്തിലും. പക്ഷേ സമൂഹത്തില്‍ കുഴപ്പമുണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നതും സൂക്ഷ്മതയാണ്. 'നവീനചിന്ത' കുഴപ്പമല്ലെന്ന ധാരണ ഉണ്ടാക്കാതിരിക്കലും സൂക്ഷ്മതതന്നെ. ഉത്തരവാദപ്പെട്ടവര്‍ അവസരത്തിനൊത്ത് ഉയരണമെന്നര്‍ത്ഥം. സ്വഹാബാക്കളുടെ നടപടികള്‍ ഇതിനെല്ലാം അടിസ്ഥാനമാണ്. നബിയുടെ സുന്നത്ത് യഥാവിധി വിശ്വസിച്ചു നടപ്പാക്കിയവര്‍ ഇവരാണ്. ഇവര്‍തന്നെയാണ് ആദ്യമുസ്‌ലിം ജമാഅത്തും. എങ്കില്‍ ഇവരെ മാതൃകയാക്കുന്ന നാമാണ് 'അഹ്‌ലുസ്സുന്നഃവല്‍ജമാഅ:.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter