അല്ലാഹുവിന്‍റെ ആൾക്കാരുടെ അടയാളം

(സൂഫീ കഥ – 35)

ഫദ്‍ൽ ബ്ൻ റബീഅ് കഥ പറയുന്നു.

ഹാറൂൻ റശീദിന്‍റെ കൂടെ ഞാൻ മക്കത്തു പോയി. ഹജ്ജ് ചെയ്തു കഴിഞ്ഞപ്പോൾ ഹാറൂൻ എന്നോടു ചോദിച്ചു: “അല്ലാഹുവിന്‍റെ ആളുകളാരെങ്കിലുമുണ്ടോ ഇവിടെ? ഉണ്ടെങ്കിൽ അവരെ നമുക്കൊന്നു സന്ദർശിക്കാമായിരുന്നു.”

ഞാൻ: “ഉണ്ടല്ലോ, ഇവിടെ അബ്ദർറസാഖ് അസ്സ്വൻആനിയുണ്ട്”

ഹാറൂൻ: “എന്നെ അദ്ദേഹത്തിന്‍റെ അടുത്തേക്കൊന്നെത്തിക്കൂ”

ഞങ്ങളവിടെയെത്തി. കുറച്ചു നേരം സംസാരിച്ചു. അദ്ദേഹത്തിനു വല്ല കടവുമുണ്ടോയെന്ന് ചോദിക്കാൻ ഹാറൂൻ എനിക്കു സൂചന തന്നു. അപ്പോൾ ഞാൻ ചോദിച്ചു. അദ്ദേഹം ഉണ്ടെന്നു പറഞ്ഞു. അവരത് വീട്ടുകയും ചെയ്തു.

ഞങ്ങളവിടെ നിന്ന് പോന്നു. ഹാറൂൻ പറഞ്ഞു: “ഫദ്‍ലേ, എന്‍റെ മനസ്സ് ഇദ്ദേഹത്തേക്കാൾ വലിയ മനുഷ്യനെ കാണാനാഗ്രഹിക്കുന്നത്.”

ഞാൻ: “ഇവിടെ സുഫ്‍യാനു ബ്നു ഉയയ്നയുണ്ട്.”

ഹാറൂൻ: “നടക്ക്. നമുക്കവിടെ പോകാം.”

അവിടെയത്തി. സംസാരിച്ചു. മടങ്ങാൻ നേരത്ത്, ഇദ്ദേഹത്തിനു വല്ല കടവുമുണ്ടോ എന്നന്വേഷിക്കാൻ ഇപ്പോഴും എനിക്ക് ഹാറൂൻ സൂചന നൽകി. ഞാൻ ചോദിച്ചു. സുഫ്‍യാൻ ഉണ്ടെന്നു പറഞ്ഞു. ഹാറൂൻ ആ കടം വീട്ടി. ഞങ്ങൾ അവിടെ നിന്ന് പുറത്തു വന്നു.

ഹാറൂൻ: “ഫദ്‍ലേ, ഇപ്പോഴും എന്‍റെ ഉദ്ദേശ്യം നിറവേറിയില്ല.”

ഞാൻ: “ഇവിടെ ഫൂദൈൽ ബ്നു ഇയാദ് ഉണ്ട്.”

ഞാൻ ഹാറൂനിനെയും കൂട്ടി ഫുദൈലിന്‍റെ അടുത്തെത്തി. അദ്ദേഹം ഒരു മുറിയിലിരുന്ന് ഖുർആൻ പാരായണം ചെയ്യുകയായിരുന്നു. ഞങ്ങൾ കതകിൽ മുട്ടി.

ഫുദൈൽ: “ആരാണ്?”

ഞാൻ: “അമീറുൽ മുഅ്മിനീൻ”

ഫുദൈൽ: “ഞാനും അമീറുൽമുഅ്മിനീനും തമ്മിലെന്തു കാര്യം!”

ഞാൻ: “സുബ്ഹാനല്ലാഹ്.... ഒരാൾ ആരാധനകളിലൂടെ തന്നെ നിസ്സാരനാക്കരുതെന്ന് റസൂൽ(സ) പറഞ്ഞിട്ടില്ലയോ?”

ഫുദൈൽ: “അതേ. പക്ഷേ, സംതൃപ്തിയെന്നത് നിത്യാഭിമാനമത്രെ.”

ഇതും പറഞ്ഞ് അദ്ദേഹം വാതിൽ തുറന്നു തന്നു. എന്നിട്ട് വിളക്കണച്ചു. ഒരു മൂലയിൽ പോയി നിന്നു. ഹാറൂൻ അകത്തു കയറി, അദ്ദേഹത്തെ തിരയാൻ തുടങ്ങി. അവസാനം ഹാറൂനിന്‍റെ കൈകൾ ഫുദൈലിന്‍റെ മേൽ തട്ടി. അന്നേരം ഫുദൈൽ പറഞ്ഞു:

“ആഹ്. ഇത്രയും മൃതുലമായ ഒരു കൈ ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത് നരകത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നെങ്കിൽ.”

ഇതു കേട്ട് ഹാറൂൻ കരയാൻ തുടങ്ങി. കരഞ്ഞ് കരഞ്ഞ് ഹാറൂൻ ബോധരഹിതനായി വീണു. ഹാറൂനിന് ബോധം തിരിച്ചു കിട്ടിയപ്പോൾ ഹാറൂൻ പറഞ്ഞു: “എന്നെ ഒന്നു ഉപദേശിക്കൂ.”

ഫുദൈൽ ഉപദേശിച്ചു: “അമീറുൽ മുഅ്മിനീൻ, നിങ്ങളുടെ പിതാവ് നബി(സ)യുടെ പിതൃവ്യനായിരുന്നു. ഒരിക്കലദ്ദേഹം നബിയോട് തന്നെ ജനങ്ങളുടെ അമീറാക്കണെന്ന് ആവശ്യപെട്ടു. അപ്പോൾ നബി(സ) പറഞ്ഞു: “പിതൃവ്യാ, താങ്കൾ സ്വന്തം കാര്യം ശ്രദ്ധിക്കുക.” അഥവാ താങ്കൾ ഒരു നിമിഷം അല്ലാഹുവിനെ അനുസരിച്ച് ആരാധനയിൽ കഴിയുന്നതാണ് ആയിരം കൊല്ലം ജനങ്ങൾ താങ്കളെ അനുസരിക്കുന്നതിനേക്കാൾ ഉത്തമം. ഇഹലോകത്തെ അധികാരം പരലോകത്ത് സങ്കടമായിരിക്കും.”

ഹാറൂൻ: “ഇനിയും ഉപദേശിക്കൂ.”

ഫുദൈൽ: “ഉമറുബ്നു അബ്ദിൽ അസീസ്(റ) ഖലീഫയായി നിയമിതനായപ്പോൾ അദ്ദേഹം സാലിം ബ്നു അബ്ദില്ലാഹ്, റജാഅ് ബ്നു ഹയാത്, മുഹമ്മദ് ബ്നു കഅ്ബ് അൽഖുറദി (റ) എന്നിവരെ വിളിച്ചു വരുത്തി. എന്നിട്ട് അവരോടു പറഞ്ഞു: “എനിക്കീ പരീക്ഷണം വന്നുപെട്ടല്ലോ. ഇനി ഞാനെന്തു ചെയ്യണം?. ജനങ്ങളിത് വലിയ അനുഗ്രഹമായി കാണുന്നുണ്ടെങ്കിലും എനിക്കിത് വലിയ പരീക്ഷണമാണ്.” അവരിലൊരാൾ പറഞ്ഞു: “നിങ്ങൾക്ക് നാളെ ഖിയാമത് ദിവസം രക്ഷയും വിജയവും വേണമെങ്കിൽ, മുസ്‍ലിംകളിലെ വൃദ്ധരെ നിങ്ങളുടെ പിതാവായി കാണണം. അവരിലെ യുവാക്കൾ നിങ്ങളുടെ സഹോദരങ്ങളും അവരിലെ കുട്ടികൾ നിങ്ങളുടെ മക്കളുമാകണം. നിങ്ങളുടെ വീട്ടിലെ പിതാവിനോടും സഹോദരനോടും മക്കളോടും പെരുമാറുന്നതു പോലെ പെരുമാറണം. കാരണം മുസ്‍ലിം രാജ്യം മുഴുവനും നിങ്ങളുടെ വീടാണിപ്പോൾ. അതിലെ പ്രജകൾ നിങ്ങളുടെ കുടുംബാംഗങ്ങളും. അതിനാൽ നിങ്ങൾ നിങ്ങളുടെ പിതാവിനെ പോയി സന്ദർശിക്കണം. സഹോദരനോട് മാന്യത പുലർത്തണം. മക്കൾക്ക് ഉപകാരം ചെയ്യണം.”

ഫുദൈൽ തുടർന്നു: “അമീറുൽ മുഅ്മിനീൻ, നിങ്ങളുടെ ഈ സുന്ദരമായ മുഖത്ത് നരകാഗ്നിയേൽക്കുന്നത് ഞാൻ ഭയപ്പെടുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിനെ പേടിക്കുക. ഇതിനേക്കാൾ നന്നായി അല്ലാഹുവിന്‍റെ കടമകൾ നിറവേറ്റുക.”

ഇതെല്ലാം കേട്ട ഹാറൂൻ അദ്ദേഹത്തോടു ചോദിച്ചു: “നിങ്ങൾക്ക് വല്ല കടവുമുണ്ടോ?”

ഫുദൈൽ: “ഉണ്ട്. അല്ലാഹുവിന് ഞാൻ നൽകാനുള്ള കടമുണ്ട്. അഥവാ അവനുള്ള ഇബാദതുകളുണ്ട്. നിങ്ങളത് എനിക്ക് വേണ്ടി വീട്ടി തന്നാൽ നിങ്ങളെന്നെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തി.”

ഹാറൂൻ: “പടപ്പുകൾക്ക് വല്ല കടവുമുണ്ടോ എന്നാണ് ചോദിച്ചത്.”

ഫുദൈൽ: “അല്ലാഹുവിനാണ് സർവ്വ സ്തുതിയും. അവനാണ് സകല നന്ദിയും. അവനെനിക്ക് ധാരാളം അനുഗ്രഹങ്ങൾ ചെയ്തു തന്നു. അവന്‍റെ ദാസന്മാരോടു വേവലാതി പറായൻ മാത്രം അല്ലാഹുവിനെ കുറിച്ച് എനിക്കൊരു പരാതിയുമില്ല.”

ഇത് കേട്ട ഹാറൂൻ അദ്ദേഹത്തിന്‍റെ മുന്നിൽ ആയിരം ദീനാറിന്‍റെ ഒരു സ്വർണ്ണക്കിഴി വെച്ചു. ഇതു കണ്ട ഫുദൈൽ:

“അമീറുൽ മുഅ്മിനീൻ, എന്‍റെ ഉപദേശങ്ങളൊന്നും നിങ്ങൾക്കൊരു ഫലവും ചെയ്തില്ല അല്ലേ. ഇപ്പോഴേ, അനീതി ചെയ്യാനും അതിക്രമം പ്രവർത്തിക്കാനും തുടങ്ങിയല്ലേ.”

ഹാറൂൻ: “ഞാനെന്ത് അതിക്രമമാണ് ഇവിടെ ചെയ്തത്?”

ഫുദൈൽ: “ഞാൻ നിങ്ങളെ രക്ഷയുടെ മാർഗത്തിലേക്ക് ക്ഷണിച്ചു. നിങ്ങളെന്നെ നാശത്തിൽ കൊണ്ടിടുന്നു. ഇത് അക്രമമല്ലേ.”

ഇത് കേട്ട് ഹാറൂൻ കരഞ്ഞു. അവിടെ നിന്ന് ഹാറൂൻ പുറത്തു കടന്നു. ഹാറൂൻ പറഞ്ഞു:

“ഫദ്‍ലേ, രജാവെന്നാൽ അത് ശിരിക്കും ഫുദൈൽ തന്നെയാണെട്ടോ.”

Kashf - 309

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter