എന്തുകൊണ്ട് ഖത്തര്‍ വിഷയമാകുന്നു?
ഖത്തറിനെതിരെയുള്ള അറബ് രാഷ്ട്രങ്ങളുടെ രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങള്‍ പുതിയ പ്രതിസന്ധിക്ക് വാതില്‍തുറന്നിരിക്കുന്നു. ൗദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവാസനിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കയാണ്. നയതന്ത്ര വിലക്ക് തികച്ചും ഒരു ബഹിഷ്‌കരണമായി മാറിയിരിക്കുന്നു. വ്യേമ, നാവിക ബന്ധങ്ങള്‍ റദ്ദാക്കുകയും ഖത്തര്‍ പൗരന്മാരോട് രാജ്യം വിട്ടുപോവാന്‍ വിളമ്പരമിറക്കുകയും ചെയ്തിരിക്കുന്നു.
ഭീകരവാദ ബന്ധമുണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഇങ്ങനെയൊരു നിലപാട് കൈകൊണ്ടിരിക്കുന്നത്. 2014 ലും സഊദി, യു.എ.ഇ അടങ്ങുന്ന രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച് ഖത്തറിനെതിരെ നീക്കം നടത്തിയിരുന്നു. ഭീകരവാദ ബന്ധം തന്നെയായിരുന്നു അന്നും വിഷയം. നിരന്തരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒമ്പത് മാസംകൊണ്ടാണ് ഇത് പരിഹരിച്ചിരുന്നത്. ശേഷം, രാജ്യങ്ങള്‍ തങ്ങളുടെ പ്രതിനിധികളെ അയച്ച് ബന്ധം പുനസ്ഥാപിച്ചെങ്കിലും വിഷയം പൂര്‍ണമായും കെട്ടടങ്ങിയിരുന്നില്ല. അതിന്റെ വിവിധ രൂപത്തിലുള്ള അലയൊലികള്‍ പിന്നെയും ശേഷിച്ചിരുന്നു.
അതിനിടെയാണ് കഴിഞ്ഞ മാസം ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ഒരു പ്രസ്താവന പുറത്തുവന്നത്. ഹമാസ്, മുസ്‌ലിം ബ്രദര്‍ഹുഡ്, ഇറാന്‍ എന്നിവക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായിരുന്നു ഈ പ്രസ്താവന. കൂടാതെ, അമേരിക്കയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതിയ പ്രശ്‌നങ്ങളുടെ തുടക്കമുണ്ടാകുന്നത്.
ഖത്തര്‍ എവിടെ നില്‍ക്കുന്നു?
പേര്‍ഷ്യന്‍ ഉള്‍കടലിലേക്ക് തള്ളിനില്‍ക്കുന്ന പശ്ചിമേശ്യയിലെ ഒരു കൊച്ചു രാജ്യമാണ് ഖത്തര്‍. 27 ലക്ഷം മാത്രമാണ് ഇവിടെ ആകെയുള്ള ജനസംഖ്യ. ഇതില്‍ ആറു ലക്ഷം പേരും ഇന്ത്യക്കാരാണ്. അതില്‍, ഏതദേശം മൂന്നു ലക്ഷം പേര്‍ മലയാളികളും. വലുപ്പത്തില്‍ ചെറുതാണെങ്കിലും ലോകത്തെ വലിയ സമ്പന്ന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ആളോഹരി വരുമാനത്തില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന രാജ്യം. അല്‍ ജസീറ ചാനല്‍, ഖത്തര്‍ എയര്‍വൈയ്‌സ് തുടങ്ങിയവ വിശ്വശ്രദ്ധ നേടിയ ജ്യത്തെ പ്രധാന സംരംഭങ്ങളാണ്.
പശ്ചിമേഷ്യയിലെ ഒറ്റയാനായുള്ള ഖത്തറിന്റെ വളര്‍ച്ച ലോക ശക്തികളെ മാത്രമല്ല, മറ്റു അറബ് രാഷ്ട്രങ്ങളെയും ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. പല വിഷയങ്ങളിലും ഖത്തറിന്റെ നിലപാടുകളാണ് അറബ് രാജ്യങ്ങളെ പ്രശ്‌നത്തിലാക്കുന്നത്. അതുകൊണ്ടുതന്നെ, ഏറെ മൂര്‍ച്ചയുള്ളതും വിവിധ മുഖങ്ങളുള്ളതുമാണ് ഖത്തറിന് ഇന്ന് കൈവന്നിട്ടുള്ള പ്രതിസന്ധി. അറബ് രാജ്യങ്ങള്‍ ഒരേസമയം ഇതില്‍ ഇരയും പ്രതിയുമായി കടന്നുവരുന്നു. അമേരിക്ക പ്രതിപക്ഷത്താകുമ്പോള്‍ ബാക്കിയെല്ലാവരും ഇതില്‍ ഇരകളാണ്. ഭീകരവാദാരോപണത്തിന്റെ പേരില്‍ ഖത്തറിന്റെ പ്രതിനിര്‍ത്തുമ്പോള്‍ സൗഊദി, യു.എ.ഇ പോലെയുള്ള അറബ് രാജ്യങ്ങളാണ് വില്ലന്മാര്‍.
എന്തുകൊണ്ട് ഖത്തര്‍ ഉന്നംവെക്കപ്പെടുന്നു?
ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ ഖത്തര്‍ മാത്രം ഉന്നംവെക്കപ്പെടാന്‍ വിവിധ കാരണങ്ങളുണ്ട്. അറബികള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന രാജ്യങ്ങളുമായി സഹകരിക്കുന്നുവെന്നതാണ് അതിലൊന്ന്. യു.എ.ഇ പോലെയുള്ള രാജ്യങ്ങള്‍ ആരോപിക്കുന്ന വിഷയമാണിത്. സഊദിക്കും സമാനമായ നിലപാടാണുള്ളത്. അതുകൊണ്ടുതന്നെ, യമനില്‍ ഹൂഥി വിമതര്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈനിക നടപടികളില്‍നിന്നും ഖത്തറിനെ ഒഴിവാക്കിയിട്ടുണ്ട്.
ഇത്തരം, ഭീകരവാദ ആരോപണങ്ങള്‍ക്കപ്പുറം ഖത്തറിന്റെ പല ധീരമായ നിലപാടുകളും എതിരാളികളെ വളര്‍ത്താന്‍ കാരണമായിട്ടുണ്ട്. ഫലസ്തീനിലും സിറിയയിലും നടത്തിയ സഹായ പ്രവര്‍ത്തനങ്ങള്‍, സിറിയയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നഷ്ണല്‍ ഡേ ആഘോഷം മാറ്റിവെച്ച തീരുമാനം, യൂസുഫുല്‍ ഖര്‍ദാവിയെപ്പോലെയുള്ളവര്‍ക്ക് അഭയം നല്‍കിയത്, യു.എന്‍ ജനറല്‍ അംബ്ലിയില്‍ ഇസ്രയേലിനെതിരെ സംസാരിച്ചത്, അമേരിക്കന്‍ സാമ്രാജ്യത്വത്തിനും ഇസ്രയേല്‍ സയണിസത്തിനുമെതിരെ നിലപാട് സ്വീകരിച്ചത്, ലിബിയ, സിറിയ, യമന്‍, ഫലസ്തീന്‍ മേഖലകളിലെ പ്രശ്‌നങ്ങളില്‍ മധ്യസ്ഥന്റെ റോള്‍ ഏറ്റെടുത്തുപ്രവര്‍ത്തിച്ചത്, തുടങ്ങിയവ അതില്‍ ചിലതാണ്.
ട്രംപിന്റെ സന്ദര്‍ശനം: അറബ് ലോകത്ത് ഫലം കണ്ടുതുടങ്ങിയോ?
ട്രംപിന്റെ സൗദി സന്ദര്‍ശനം ഫലം കണ്ടുതുടങ്ങിയെന്നതിലേക്കാണ് പുതിയ സംഭവവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. പശ്ചിമേഷ്യയിലെ അതിസമ്പന്ന രാജ്യമായ ഖത്തറിനെ ചൊല്‍പടിയില്‍ കൊണ്ടുവരാന്‍ അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കൂടെ നില്‍ക്കുന്നവരെ പരസ്പരം പിണക്കി ഖത്തറിനെ ഒറ്റപ്പെടുത്താനുള്ള തന്ത്രങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. അറബ് രാജ്യങ്ങള്‍ ഈ നാടകത്തിന്റെ സത്യം തിരിയാതെ അമേരിക്കയുടെ കരുക്കളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവന്നതാണ് സത്യം. പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഏന്തിനാണ് വാതില്‍ തുറക്കുന്നതെന്ന് ഇനി നമുക്ക് കാത്തുനിന്ന് കാണാം.
Leave A Comment