സ്ത്രീ വിമോചകനായ തിരുനബി
അവരില്‍ ആര്‍ക്കെങ്കിലും ഒരു പെണ്‍കുട്ടി ജനിച്ചിട്ടുണ്ടെന്ന അനുമോദന വാര്‍ത്ത അറിയിച്ചാല്‍ ദുഃഖത്തില്‍ ആണ്ടവനായി അവന്റെ മുഖം കറുത്തുപോകുന്നതാണ്. തനിക്കുലഭിച്ച അനുമോദന വാര്‍ത്തയാലുണ്ടായ അപമാനം നിമിത്തം ജനങ്ങളില്‍ നിന്നു അവന്‍ ഒഴിഞ്ഞുമാറി മറഞ്ഞിരിക്കും. (എന്നിട്ടവന്‍ ചിന്തിക്കും) അപമാനം സഹിച്ചുകൊണ്ട് ആ പെണ്‍കുഞ്ഞിനെ വെച്ചുകൊണ്ടിരിക്കണമോ അതല്ല അതിനെ മണ്ണില്‍ പൂഴ്ത്തണമോ? അറിയുക, അവരുടെ വിധി വളരെ പിഴച്ചതുതന്നെ. (സൂറതുന്നഹല്‍-58,59)
പ്രവാചകര്‍(സ്വ) നിയുക്തനാകുന്ന കാലഘട്ടത്തിലെ സാമൂഹികദുസ്ഥിതിയാണ് വിശുദ്ധഖുര്‍ആന്‍ മേല്‍വാക്കുകളിലൂടെ വരച്ചുകാണിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കപ്പെട്ടിരുന്നില്ലെന്ന് മാത്രമല്ല, ജനിച്ചുവീണ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ച്മൂടിയിരുന്നു എന്നും അത് അഭിമാനമായി കണ്ടിരുന്നുവെന്നും ചരിത്രം പറയുന്നു. അതിജീവിച്ച് വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ അവരെ സംബന്ധിച്ചിടത്തോളം കേവലം കാമപൂര്‍ത്തിക്കുള്ള ഉപകരണങ്ങളായിരുന്നു.
ഇത്തരം ഒരു സമൂഹത്തോടാണ് പ്രവാചകര്‍ സംവദിക്കുന്നതും സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നതും. ആദ്യമായി പ്രവാചകര്‍ അവരോട് പറഞ്ഞു, ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട്, ‘എന്ത് കുറ്റത്തിനാണത് കൊല്ലപ്പെട്ടതെ‘ന്ന് ചോദിക്കപ്പെടും. ശേഷം വിവിധ അധ്യാപനങ്ങളിലൂടെ സ്ത്രീസമൂഹത്തിന്റെ മഹത്വവും പ്രാധാന്യവും അവരെ മനസ്സിലാക്കി.
പെണ്‍കുട്ടികളെ പരിപാലിച്ചാല്‍ ലഭ്യമാവാനിരിക്കുന്ന പ്രതിഫലത്തെ കുറിച്ചും ഭാര്യയോട് മാന്യമായി പെരുമാറുന്നവന്റെ മഹത്വത്തെകുറിച്ചും മാതാവിന്റെ കാല്‍ക്കീഴിലുള്ള സ്വര്‍ഗ്ഗത്തെകുറിച്ചും പ്രവാചകര്‍ അവര്‍ക്ക് പറഞ്ഞുകൊടുത്തു. വിവാഹം കഴിച്ചുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം പരിഗണിക്കണമെന്നും പിതാവോ ഭര്‍ത്താവോ മകനോ സഹോദരനോ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍ അവള്‍ക്ക് അവകാശമുണ്ടെന്നും നിശ്ചിതവിഹിതം അവള്‍ക്ക് നല്‍കിയിരിക്കണമെന്നും പ്രവാചകര്‍ നിയമമാക്കി. ലോകചരിത്രത്തില്‍ അറിയപ്പെട്ടതില്‍ ആദ്യമായി സ്ത്രീക്ക് അനന്തരസ്വത്തില്‍ അവകാശം നല്‍കിയത് പ്രവാചകരായിരുന്നു എന്നത് ആധുനിക ചരിത്രം പോലും സമ്മതിക്കുന്ന വസ്തുതയാണ്.
അന്യസ്ത്രീകളെ സ്വന്തം സഹോദരിയെയും മാതാവിനെയും പോലെ കാണാനുള്ള സുമനസ്ഥിതി സമൂഹത്തില്‍ വളര്‍ത്തി. ഒരിക്കല്‍ ഒരാള്‍ പ്രവാചകസന്നിധിയിലെത്തി ഇങ്ങനെ പറഞ്ഞു, പ്രവാചകരേ, വ്യഭിചരിക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ആ ചിന്ത എനിക്ക് നിയന്ത്രിക്കാനാവുന്നില്ല. ഇത് കേട്ട അനുചരന്മാര്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞു. അവരോട് അടങ്ങിയിരിക്കാന്‍ പറഞ്ഞ് പ്രവാചകര്‍ അയാളോട് ചോദിച്ചു, നിന്റെ സഹോദരിയെയോ മകളെയോ ഉമ്മയെയോ മറ്റൊരുത്തന്‍ വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? അയാള്‍ പറഞ്ഞു, ഇല്ല, എനിക്കത് സഹിക്കാനാവില്ല. പ്രവാചകര്‍ പറഞ്ഞു, നീ വ്യഭിചരിക്കുന്ന സ്ത്രീയും മറ്റൊരാളുടെ ഉമ്മയോ സഹോദരിയോ മകളോ ആയിരിക്കില്ലേ?. ശേഷം അദ്ദേഹത്തിന് ഏറ്റവും വെറുപ്പുള്ള കുറ്റമായി വ്യഭിചാരം മാറിയെന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തുന്നു.
നോക്കൂ, എത്രമനശ്ശാസ്ത്രപരമായാണ് പ്രവാചകര്‍ അദ്ദേഹത്തെ കൈകാര്യം ചെയ്തത്. ഈ ഒരു ചിന്ത സമകാലികസമൂഹത്തിലെ പുരുഷന്മാര്‍ക്കിടയിലും വളര്‍ത്താനായിരുന്നെങ്കില്‍ പീഢനസംഭവങ്ങള്‍ നമുക്ക് നിത്യവാര്‍ത്തകളാകുമായിരുന്നില്ല.
സല്‍സ്വഭാവത്തിന്റെ മഹത്വം പറയുന്നിടത്ത് പ്രവാചകര്‍ പറഞ്ഞത് ഇങ്ങനെയാണ്, വിശ്വാസികളില്‍ ഏറ്റവും പൂര്‍ണ്ണതയിലെത്തുന്നവന്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്, നിങ്ങളില്‍ ഏറ്റവും നല്ലവര്‍ സ്വന്തം ഭാര്യയോട് ഏറ്റവും നല്ല സ്വഭാവത്തോട് പെരുമാറുന്നവരാണ്. മരണശയ്യയില്‍ കിടക്കുമ്പോഴും അവസാനമായി തന്റെ അനുയായികളെ ഉപദേശിച്ചതില്‍ സ്ത്രീകളുടെ അവകാശത്തെകുറിച്ച് അവിടുന്ന് ഊന്നിപ്പറഞ്ഞു, സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അവരോട് നല്ല നിലയില്‍ പെരുമാറണമെന്ന് ഞാന്‍ നിങ്ങളെ വീണ്ടും ഉപദേശിക്കുകയാണ്.
അതോടെ സമൂഹത്തില്‍ സാരമായ മാറ്റങ്ങള്‍ പ്രകടമായി. സ്ത്രീസമൂഹത്തിന് സ്ഥാനവും അര്‍ഹമായ പ്രാധാന്യവും ലഭിച്ചു. വിവാഹമൂല്യമായ മഹ്റ് പോലും അവര്‍ സ്വയം നിശ്ചയിക്കുന്ന അവസ്ഥ വരെ സമൂഹത്തില്‍ സംജാതമായി. പ്രവാചകര്‍ സ്വപ്നം കണ്ടത് പോലെ, മക്കയില്‍നിന്ന് ഹീറ വരെ ഒരു സ്ത്രീക്ക് തനിച്ച് നിര്‍ഭയമായി യാത്ര ചെയ്യാവുന്ന സുരക്ഷിതമായ സാമൂഹികസുസ്ഥിതി സഫലീകരിക്കപ്പെട്ടു.
സ്ത്രീപീഢനങ്ങളുടെ വിവിധരീതികളും ശൈലികളും പുറത്തുവരുകയും അവ വാര്‍ത്തപോലുമാവാത്തവിധം സാധാരണമാവുകയും ചെയ്യുന്ന ഇക്കാലത്ത്, മാനവസമൂഹം ആ അധ്യാപനങ്ങളിലേക്ക് ഒരിക്കല്‍ കൂടി കാതോര്‍ത്തിരുന്നെങ്കിലെന്ന് ആശിച്ചുപോവുകയാണ്.
Leave A Comment