വംശവും പരമ്പരയും

മക്കയും ഖുറൈശികളും

കഅബയുടെ നിര്‍മാണവേളയില്‍ ജുര്‍ഹൂം ഗോത്രവും ഏതാനും അമാലിക് ഗോത്രങ്ങളും മാത്രമേ മക്കയില്‍ താമസിച്ചിരുന്നുള്ളൂ. ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ആഗമനത്തിനും  കഅബ നിര്‍മാണത്തിനും ശേഷം മക്ക ഒരു വന്‍ നഗരമായി മാറുന്നത് കാലങ്ങള്‍ക്കു ശേഷമാണ്. എഡി. അഞ്ചാം നൂറ്റാണ്ടില്‍ മക്കയുടെ ഭരണം കയ്യാളിയ ഖുസയ്യിന്റെ ഭരണകാലത്തായിരിക്കും ഇതെന്ന് അനുമാനക്കപ്പെടുന്നു. അമാലികുകളുടെയും ജുര്‍ഹൂം ഗോത്രത്തിന്റെയും അധികാരം നഷ്ടപ്പെട്ട ശേഷം മുളാള് ബിന്‍ അംറ് ബിന്‍ ഹാരിസാണ് ഇതിന്റെ നേതൃത്വത്തിലേക്ക് വരുന്നത്. മരുഭൂമിയില്‍ തങ്ങള്‍ക്ക് കൈവന്ന സുഭിക്ഷതയുടെ സര്‍വ്വ രഹസ്യവശങ്ങളും അവഗണിച്ചുകൊണ്ടായിരുന്നു അവരുടെ ഭരണം. അതുകൊണ്ടുതന്നെ, ഇക്കാലത്ത് അവരുടെ സമൃദ്ധിയുടെ മുഖ്യസ്രോതസ്സായിരുന്ന സംസം കിണര്‍ വറ്റിവരളുകയും ഖുസാഅ ഗോത്രം ഇവരുടെ അധികാരം കയ്യടക്കാനുള്ള സര്‍വ്വ ശ്രമങ്ങളും ആരംഭിക്കുകയും ചെയ്തു. സുഖലോലുപതയുടെ പ്രത്യാഘതങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ അനുയായികളെ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. അധികാരം നഷ്ടപ്പെടുമെന്നുറപ്പായതോടെ അദ്ദേഹം കഅബയിലുണ്ടായിരുന്ന സ്വര്‍ണ വിഗ്രഹങ്ങളും വിലപിടിപ്പുള്ള സാധനങ്ങളുമെല്ലാം എടുത്ത് സംസം കിണറിന്റെ ആഴത്തില്‍ കുഴിച്ചുമൂടി. ഭരണം തിരിച്ചു ലഭിക്കുകയാണെങ്കില്‍ അപ്പോഴത് ശേഖരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. അങ്ങനെ, ഇസ്മാഈല്‍ സന്തതികളെയും ജുര്‍ഹൂം ഗോത്രത്തെയും കൂട്ടി അദ്ദേഹം മക്ക വിട്ടു. ഇതോടെ ഖുസാഅ ഗോത്രം ഭരണത്തിലേറി. പ്രവാചകരുടെ അഞ്ചാമത്തെ പിതാമഹന്‍ ഖുസയ്യ് ബിന്‍ കിലാബിന്റെ ആഗമനംവരെ ഈ കുടുംബം തന്നെയാണ് മക്ക ഭരിച്ചത്.


ഖുസയ്യ് ഗൗരവക്കാരനായിരുന്നു. അദ്ദേഹം നല്ല ഭരണം കാഴ്ചവെച്ചു. കഅബക്കടുത്ത് പല നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തി. കഅബയുമായി ബന്ധപ്പെട്ട് പല പദവികളും വകുപ്പുകളും പണ്ടുമുതലേ അനുവര്‍ത്തിച്ചുവന്നിരുന്നു. ഇതെല്ലാം അദ്ദേഹം കൂടുതല്‍ കാര്യക്ഷമമാക്കി. ഹിജാബ, സിഖായ, രിഫാദ, നദ്‌വ, ലിവാഅ്, ഖിയാദ തുടങ്ങിയവയായിരുന്നു അത്. യഥാക്രമം കഅബയുടെ ചാവി സൂക്ഷിക്കല്‍, തീര്‍ത്ഥാടകര്‍ക്ക് വെള്ളം കൊടുക്കല്‍, ഭക്ഷണം കൊടുക്കല്‍, സമ്മേളനങ്ങളിലെ അധ്യക്ഷ പദവി, യുദ്ധത്തിലേക്കുള്ള കൊടി വഹിക്കല്‍, സേനാ നേതൃത്വം തുടങ്ങിയവയെയാണ് ഇവ പ്രതിനിധീകരിക്കുന്നത്.


ഖുസയ്യിന് ശേഷം ഭരണം പോയത് അദ്ദേഹത്തിന്റെ മൂത്ത പുത്രനായ അബ്ദുദ്ദാറിനാണ്. എന്നാല്‍ ഇളയ പുത്രനായ അബ്ദുമനാഫായിരുന്നു കൂടുതല്‍ ജനകീയന്‍. ഇതിനെ തുടര്‍ന്നുണ്ടാ അധികാര പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുകയും കഅബയുമായി ബന്ധപ്പെട്ട പദവികള്‍ ഇരുകുടുംബങ്ങള്‍ക്കിടയിലും തുല്യമായി വിഹിതിക്കുകയും ചെയ്തു. അതനുസരിച്ച് രിഫാദയും സിഖായയും അബ്ദുമനാഫിന്റെ മക്കള്‍ക്കും ബാക്കിയുള്ളവ അബ്ദുദാറിന്റെ മക്കള്‍ക്കും ലഭിച്ചു. എങ്കിലും അബ്ദുമനാഫിന്റെ മക്കളായ ഹാശിം, അബ്ദുശംസ്, മുത്തലിബ്, നൗഫല്‍ തുടങ്ങിയവരാണ് ഈ മേഖലയില്‍ തിളങ്ങിയിരുന്നത്.


അദ്‌നാന്‍ സന്തതികളും നബിയുടെ ഉപ്പാപ്പമാരും
പ്രവാചകരുടെ ഇരുപത്തിയൊന്നാം ഉപ്പാപ്പയും ഇസ്മാഈല്‍ സന്തതികളിലെ പ്രമുഖനുമാണ് അദ്‌നാന്‍. അദ്ദേഹത്തില്‍നിന്നും തുടങ്ങിയാണ് പ്രവാചകരുടെ കുടുംബം അറിയപ്പെടുന്നത്. ഈ പരമ്പര ഇങ്ങനെ സംഗ്രഹിക്കാം:
1. അദ്‌നാന്‍ 2. മഅദ്ദ് 3. നിസാര്‍ 4. മുളര്‍ 5. ഇല്‍യാസ് 6. മുദ്‌രിക 7. ഖുസൈമ 8. കിനാന 9. നള്‌റ് 10. മാലിക് 11. ഫിഹ്‌റ് 12. ഗാലിബ് 13. ലുഅയ്യ് 14. കഅബ് 15. മുര്‍റത്ത് 16. കിലാബ് 17. ഖുസ്വയ്യ് 18. അബ്ദു മനാഫ് 19. ഹാശിം 20. അബ്ദുല്‍ മുത്ത്വലിബ് 21. അബ്ദുല്ല
ഇതില്‍ നള്ര്‍ ബിന്‍ കിനാനയില്‍നിന്നാണ് ഖുറൈശികളുടെ ആരംഭം. നള്‌റിന്റെ മറ്റൊരു പേരായിരുന്നു ഖുറൈശ്. അതിനാല്‍ അദ്ദേഹത്തിന്റെ സന്തതികള്‍ ഖുറൈശികള്‍ എന്ന പേരില്‍ അറിയപ്പെട്ടു
അബ്ദുല്‍ മുത്ത്വലിബ് (എഡി. 495)
ഹാശിം സമര്‍ത്ഥനായ ഭരണാധികാരിയായിരുന്നു. തന്റെ പിതാമഹന്‍ ഖുസയ്യിനെപ്പോലെ തീര്‍ത്ഥാടകര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും അദ്ദേഹം ഒരുക്കിക്കൊടുക്കുകയും സര്‍വ്വരുടെയും സ്‌നേഹപാത്രമായി മാറുകയും ചെയ്തു. തികഞ്ഞ ഔദാര്യവാനും ജനകീയാംഗീകാരമുള്ള നേതാവുമായിരുന്നു അദ്ദേഹം. ജീവിതാന്ത്യം വരെ അദ്ദേഹം മക്കയുടെ അധിപനായി തുടര്‍ന്നു. ഒരിക്കല്‍ ശാമില്‍നിന്നും മടങ്ങവെ അദ്ദേഹം ഒരു പെണ്‍കുട്ടിയെ കാണുകയും വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. ഖസ്‌റജ് ഗോത്രക്കാരനായ അംറിന്റ  മകള്‍ സല്‍മയായിരുന്നു അത്. വിവാഹം കഴിഞ്ഞു. സല്‍മ കുറേകാലം മക്കയില്‍ താമസിക്കുകയും പിന്നീട് യസ്‌രിബിലേക്കു പോവുകയും ചെയ്തു. ഇതില്‍ അദ്ദേഹത്തിന് ശൈബ എന്നൊരു കുട്ടിയുണ്ടായിരുന്നു. ഉമ്മയുടെ സംരക്ഷണത്തില്‍ യസ്‌രിബിലാണ് അവന്‍ വളര്‍ന്നിരുന്നത്.
ഹാശിമിന്റെ വിയോഗാനന്തരം സഹോദരന്‍ മുത്ത്വലിബ് ഭരണാധികാരിയായി അധികാരമേറ്റു. ജ്യേഷ്ഠന്‍ അബ്ദുശംസ് ഉണ്ടായിരുന്നുവെങ്കിലും സമൂഹത്തില്‍ ഇദ്ദേഹത്തിനായിരുന്നു കൂടുതല്‍ സ്വീകാര്യത. ഭരണവൃത്തിക്കിടയില്‍ ഒരിക്കല്‍ അദ്ദേഹം തന്റെ സഹോദരപുത്രന്‍ ശൈബയെ ഓര്‍ക്കാനിടയായി. അങ്ങനെ യസ്‌രിബില്‍ പോവുകയും സല്‍മയോട് സമ്മതം വാങ്ങി ശൈബയെ കൂടെകൂട്ടുകയും ചെയ്തു. മക്കയിലെത്തിയപ്പോള്‍ ഒട്ടകപ്പുറത്ത് ഒരു അപരിചിതനെയും കയറ്റി വരുന്ന മുത്ത്വലിബിനെയാണ് ജനങ്ങള്‍ കണ്ടത്. അദ്ദേഹത്തിന്റെ അടിമയായിരിക്കുമെന്ന് ഊഹിച്ച അവര്‍ അബ്ദുല്‍ മുത്ത്വലിബ് എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. മുത്ത്വലിബ് അവരെ തിരുത്താന്‍ ശ്രമിച്ചെങ്കിലും പിന്നീട് ആ പേരില്‍ ശൈബ വിശ്രുതനാവുകയായിരുന്നു. സ്വന്തം പേര് അപ്രത്യക്ഷമാവുകയും ചെയ്തു.
ഹാശിമിന്റെ സമ്പത്ത് മകന്‍ അബ്ദുല്‍ മുത്ത്വലിബിന് നല്‍കാനായിരുന്നു മുത്ത്വലിബിന്റെ ആഗ്രഹം. പക്ഷെ, അതെല്ലാം സഹോദരന്‍ നൗഫല്‍ കയ്യടക്കിവെച്ചിരുന്നതിനാല്‍  സാധിച്ചില്ല. മുത്ത്വലിബിനു ശേഷം കഅബയുമായി ബന്ധപ്പെട്ട അധികാരങ്ങള്‍ അബ്ദുല്‍ മുത്ത്വലിബിന്റെ കൈകളിലാണ് വന്നത്. തുടര്‍ന്ന് അദ്ദേഹം യസ്‌രിബിലെ മാതൃസഹോദരങ്ങളുടെ സഹായംതേടുകയും നൗഫലിന്റെ കരങ്ങളില്‍നിന്നും ആ സമ്പത്ത് പിടിച്ചെടുക്കുകയും ചെയ്തു. തീര്‍ത്ഥാടകര്‍ക്ക് വെള്ളമൊരുക്കുന്ന ചുമതല അബ്ദുല്‍ മുത്ത്വലിബിനായിരുന്നു. പക്ഷെ, അന്ന് പരിസരങ്ങളില്‍ പിടിപെട്ട ക്ഷാമം ഈ ജോലിയെ ഏറെ പ്രതികൂലമായി ബാധിച്ചു. പുറത്തുപോയി വെള്ളം ശേഖരിച്ച് കഅബാലയത്തിനടുത്ത് കൊണ്ടുവന്ന് ശേഖരിച്ചുവെക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിന് പ്രയാസമുണ്ടാക്കി. അദ്ദേഹത്തിനാണെങ്കില്‍ ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളൂതാനും.
അങ്ങനെയിരിക്കവെയാണ് മുമ്പ് മുളാള് ബിന്‍ അംറ് മൂടിക്കളഞ്ഞ സംസം കിണറിന്റെ കഥ അദ്ദേഹം ഓര്‍ത്തുപോകുന്നത്. അതോടൊപ്പം അത് രണ്ടാമതായും കുഴിക്കുന്നിനെ സൂചിപ്പിക്കുന്ന ചില സ്വപ്നങ്ങളുമുണ്ടായി. താമസിയാതെ പരസഹായത്തോടെ അദ്ദേഹമത് കഴിക്കുകയും വെള്ളം കാണുകയും ചെയ്തു. അതിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ പുറത്തെടുത്തു കഅബാലയ വാതില്‍ അലങ്കരിച്ചു. തീര്‍ത്ഥാടകര്‍ക്കുള്ള പാനജല പ്രശ്‌നത്തിന് അതോടെ എന്നെന്നേക്കുമായി പരിഹാരമായി.  സംസം വറ്റാത്ത നീരുറവയായി അവിടെ ശേഷിച്ചു.
കൂടുതല്‍ സന്താനങ്ങളില്ലാത്തത് അബ്ദുല്‍ മുത്ത്വലിബിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെഷമമായി. തന്റെ പ്രധാന ഉത്തരവാദിത്ത നിര്‍വഹണങ്ങളിലെല്ലാം യുവാക്കളായ ഒരു പറ്റം മക്കളുടെ സഹായമുണ്ടായിരുന്നുവെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഈ ആഗ്രഹ തീക്ഷ്ണത അദ്ദേഹത്തെ ചിന്താകുലനാക്കി. ഒടുവില്‍, തനിക്ക് പത്ത് മക്കളുണ്ടാവുകയാണെങ്കില്‍  അതിലൊന്നിലെ കഅബാലയത്തിനടുത്ത് ബലിനല്‍കാമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. ആ പ്രാര്‍ത്ഥന ദൈവം സ്വീകരിച്ചു. അദ്ദേഹത്തിന് പത്തിലേറെ മക്കളുണ്ടായി. മക്കളെ ഒരുമിച്ചുകൂട്ടുകയും അവരോട് അദ്ദേഹം തന്റെ നേര്‍ച്ചയുടെ കാര്യം പറയുകയും ചെയ്തു. ആര്‍ക്കും വിരോധമുണ്ടായിരുന്നില്ല. ആരെ ബലിയറുക്കണമെന്നതായിരുന്നു പിന്നത്തെ പ്രശ്‌നം. നറുക്കിട്ടപ്പോള്‍ വീണത് അബ്ദുല്ലാക്കായിരുന്നു. സുമുഖനും ജനങ്ങളുടെ കണ്ണിലുണ്ണിയുമായിരുന്നു അബ്ദുല്ല. അബ്ദുല്ലയെ ബലിനല്‍കാന്‍ അബ്ദുല്‍ മുത്ത്വലിബ് തയ്യാറായെങ്കിലും ജനങ്ങള്‍ അതിനനുവദിച്ചില്ല. ഏതെങ്കിലും പുരോഹിതന്മാരെ കണ്ട് ഇതിനൊരു പരിഹാരം തേടണമെന്നായിരുന്നു അവരുടെ ആവശ്യം. ‘യുവാവിന്റെയും പത്ത് ഒട്ടകങ്ങളുടെയും പേരില്‍ അമ്പെടുക്കുക. യുവാവിന്റെ അമ്പാണ് ലഭിക്കുന്നതെങ്കില്‍ ദൈവം സംതൃപ്തനാകുന്നതുവരെ ഒട്ടകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക’ ഇതായിരുന്നു പുരോഹിതന്റെ നിര്‍ദ്ദേശം. ഇതു ചെയ്തപ്പോഴും അബ്ദുല്ലായുടെ അമ്പാണ് ലഭിച്ചത്. ഒട്ടകങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച് നൂറെത്തിയപ്പോഴാണ് ഒട്ടകങ്ങളുടെ അമ്പ് ലഭിച്ചത്. അതോടെ എല്ലാവര്‍ക്കും സന്തോഷമായി. അബ്ദുല്ലാക്കു പകരം നൂറ് ഒട്ടകത്തെ ബലിയ നല്‍കുകയും ചെയ്തു.


നബിയുടെ പിതൃസഹോദരങ്ങള്‍
പ്രബലാഭിപ്രായപ്രകാരം അബ്ദുല്‍ മുത്ത്വലിബിന് പതിനാറ് മക്കളുണ്ടായിരുന്നു. പത്ത് ആണും ആറ് പെണ്ണും. 1. ഹാരിസ് 2. ഖുഥം 3. അബൂ ഥാലിബ് 4. സുബൈര്‍ 5. ഹജ്ല്‍ 6. ളിറാര്‍ 7. അബൂ ലഹബ് 8. അബ്ദുല്ല 9. അബ്ബാസ് 10. ഹംസ 11. സ്വഫിയ്യ 12. ഉമ്മു ഹകീം 13. ആതിക 14. ഉമൈമ 15. ഉര്‍വ 16. ബര്‍റ എന്നിവരാണവര്‍.


നബിയുടെ മാതാപിതാക്കള്‍
അബ്ദുല്‍ മുത്ത്വലിബിന്റെ മകന്‍ അബ്ദുല്ലയും വഹബിന്റെ മകള്‍ ആമിനയുമായിരുന്നു നബിയുടെ മാതാപിതാക്കള്‍. അബ്ദുല്ല സുമുഖനും എല്ലാവരുടെയും സ്‌നേഹഭാജനവുമായിരുന്നു. അബ്ദുദ്ദാര്‍ എന്നായിരുന്നു യഥാര്‍ത്ഥ നാമം. തന്റെ മേലുണ്ടായിരുന്ന നേര്‍ച്ച വീട്ടിയതോടെ അബ്ദുല്‍ മുത്ത്വലിബ് അവരെ അബ്ദുല്ലാഹ് എന്നു വിളിക്കുകയായിരുന്നു. ശേഷം ആ പേരിലാണ് അറിയപ്പെട്ടത്.
അന്ന് ജീവിച്ചിരുന്ന ഖുറൈശി വനിതകളില്‍ ഏറ്റവും പരിശുദ്ധയും ശ്രേഷ്ഠയുമായിരുന്നു ആമിന. ബനൂ സഹ്‌റ ഗോത്രത്തിന്റെ അന്നത്തെ നേതാവായിരുന്നു അവരുടെ പിതാവ് വഹബ്. ആമിനയുടെ  ഉപ്പയിലൂടെയുള്ള പരമ്പരയും അബ്ദുല്ലയുടെ ഉപ്പയിലൂടെയുള്ള പരമ്പരയും കിലാബ് എന്ന നബിയുടെ ഉപ്പാപ്പയില്‍ സംഗമിക്കുന്നതു കാണാം. വഹബ് ബിന്‍ അബ്ദു മനാഫ് ബിന്‍ സഹ്‌റ ബിന്‍ കിലാബ് എന്നാണ് പരമ്പര പോകുന്നത്. ഈ കിലാബ് തന്നെയാണ് പ്രവാചകരുടെ ആറാമത്തെ ഉപ്പാപ്പയും.
രണ്ടും പ്രഗല്‍ഭ കുടുംബമായതിനാല്‍ വിവാഹത്തിനു മുമ്പില്‍ യാതൊരു തടസ്സവുമുണ്ടായിരുന്നില്ല. അബ്ദുല്‍ മുത്ത്വലിബ് തന്നെ വിവാഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ആമിനയും അബ്ദുല്ലയും ദമ്പതികളായി. അവരിരുവരും മക്കയില്‍ സന്തോഷത്തോടെ ജീവിച്ചു. പക്ഷെ, ഏതാനും മാസങ്ങള്‍ മാത്രമേ ഇത് ആസ്വദിക്കാന്‍ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അതിനിടെ ശാമിലേക്ക് കച്ചവടാവശ്യാര്‍ത്ഥം യാത്ര പുറപ്പെട്ട അബ്ദുല്ല മടക്കയാത്രയില്‍ യസ്‌രിബിലെ അമ്മാവന്മാരുടെ വസതിയില്‍വെച്ച് രോഗബാധിതനാവുകയും അതിനെ തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ഇത് ആമിനയെയും അബ്ദുല്‍ മുത്ത്വലിബിനെയും വല്ലാത്ത ദു:ഖത്തിലാഴ്ത്തി. മധുവിധുകാലത്തുതന്നെ നവവരന്‍ വിടവാങ്ങിയാത് വന്‍ ആഘാതമാണ് മഹതിയില്‍ ഉളവാക്കിയത്. ആമിന അന്ന് രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. ഇതായിരുന്നു അവര്‍ക്കുണ്ടായിരുന്ന ഏക സമാധാനം. മരിക്കുമ്പോള്‍ അബ്ദുല്ലക്ക് ഇരപത്തിയഞ്ചോ ഇരുപത്തിയെട്ടോ വയസ്സാണ് ഉണ്ടായിരുന്നത്. നാബിഗത്തുല്‍ ജഅ്ദിയുടെ വീട്ടില്‍ അവരെ ഖബറടക്കി. ഉമ്മു ഐമന്‍ എന്ന ഒരു അടിമസ്ത്രീ, അഞ്ച് ഒട്ടകങ്ങള്‍, ഏതാനും ആടുകള്‍ ഇവയായിരുന്നു അദ്ദേഹം ബാക്കിവെച്ച അനന്തര സ്വത്തുക്കള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter