അറേബ്യ: ഇസ്‌ലാമിനു മുമ്പ്

മനുഷ്യരാശിയും മാര്‍ഗദര്‍ശനവും

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യവും കാലവും കൃത്യമായി രേഖപ്പെടുത്താന്‍ ഇന്നുവരെ ഒരു ശാസ്ത്രത്തിനും സാധിച്ചിട്ടില്ല. പുരാവസ്തു ഗവേഷണങ്ങളുടെയും കാലഗണനാ ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ ചില നിഗമനങ്ങള്‍ മാത്രമാണ് അവ മുന്നോട്ടുവെക്കുന്നത്. യുക്തിയുടെയും നാസ്തിക ചിന്തയുടെയും പിന്‍ബലത്തില്‍ ആവിഷ്‌കരിക്കപ്പെടുന്ന ഇത്തരം ഉദ്ദ്യമങ്ങള്‍ക്കാവട്ടെ ഒരു പരിധിയിലപ്പുറം പോകാന്‍ സാധിക്കുന്നുമില്ല. എന്നാല്‍, മനുഷ്യസൃഷ്ടിപ്പിന്റെ ഉല്‍ഭവകഥകളും രഹസ്യങ്ങളും വിശുദ്ധ ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. രണ്ടാം അധ്യായം സൂറത്തുല്‍ ബഖറയില്‍ ജഗന്നിയന്താവായ നാഥന്‍ ഇത് സലക്ഷ്യം അനാവരണം ചെയ്യുന്നു. മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ച് മാലാഖമാരോട് ആരായുന്നതും ആദ്യമനുഷ്യനും പ്രഥമ പ്രവാചകനുമായ ആദമിനെ പടക്കുന്നതും മനുഷ്യമാഹാത്മ്യത്തെ  അംഗീകരിച്ചുകൊണ്ട് അവരെ മാലാഖമാരെക്കാള്‍ പരിശുദ്ധരാക്കി അവതരിപ്പിക്കുന്നതും തുടങ്ങിയുള്ള സംഭവങ്ങള്‍ ഇവിടെ നമുക്ക് കാണാന്‍ കഴിയും. മനുഷ്യജനുസ്സിന് സമാരംഭം കുറിക്കുകവഴി സ്രഷ്ടാവിനെ വഴിപ്പെടലും അനുസരിക്കലുമാണ് ലക്ഷീകരിക്കപ്പെടുന്നത്. അതിന്റെ വഴിയും ശൈലിയും യഥായോഗ്യം അവതരിക്കപ്പെട്ടിട്ടുണ്ട്. അതിന് വിഘാധം സംഭവിക്കുന്നപക്ഷം അവരെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ദൈവിക ഇടപെടലുകള്‍ ആവശ്യമായിരുന്നു. അതാണ് പ്രവാചക പരമ്പരയുടെ നിയോഗത്തിലൂടെ സംഭവിച്ചിരുന്നത്. മാനവതയുടെ മാര്‍ഗദര്‍ശനമായിരുന്നു അവരുടെ മുഖ്യ ദൗത്യം.

ആദ്യമനുഷ്യന്‍ ആദമിലൂടെയും പത്‌നി ഹവ്വായിലൂടെയും മാനവകുലം ലോകത്താകെ പ്രചരിച്ചു. അവര്‍ സംഘങ്ങളും ഗോത്രങ്ങളുമായി വിവിധ ഭാഗങ്ങളില്‍ താമസമാക്കി. കാലാന്തരത്തില്‍, അവരുടെ വിശ്വാസങ്ങളില്‍ വൈകല്യങ്ങള്‍ കടന്നുകൂടി. സൃഷ്ടിപ്പിന്റെ ലക്ഷ്യസാഫല്യത്തില്‍ താളഭംഗം സംഭവിക്കുന്ന ഇത്തരം ഘട്ടങ്ങളിലാണ് പ്രാചക നിയോഗങ്ങള്‍ നടന്നത്. വിവിധ കാലങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളിലായി ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര്‍ നിയുക്തരായിട്ടുണ്ട്. ആളുകളെ ഏകദൈവത്തിലേക്ക് തിരികെ കൊണ്ടുവരികയെന്നതായിരുന്നു അവരുടെ പ്രബോധന തന്തു. ഇവരില്‍ 25 പേരെ വിശുദ്ധ ഖുര്‍ആന്‍ പേരെടുത്ത്  പറഞ്ഞ് പരിചയപ്പെടുത്തുന്നു. അവര്‍ യഥാക്രമം ആദം, ഇദ്‌രീസ്, നൂഹ്, ഹൂദ്, സ്വാലിഹ്, ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, ലൂഥ്, യഅ്ഖൂബ്, യൂസുഫ്, ശുഐബ്, മൂസ, ഹാറൂന്‍, ഇല്‍യാസ്, അല്‍യസഅ്, ദാവൂദ്, യൂനുസ്, ദുല്‍കിഫ്ല്‍, സുലൈമാന്‍, അയ്യൂബ്, സകരിയ്യ, യഹ്‌യ, ഈസ, മുഹമ്മദ് (സ്വ) എന്നിവരാണ്. ഭിന്ന ദേശങ്ങളെയും സമൂഹങ്ങളെയും പ്രതിനിധീകരിക്കുന്നവരായിരുന്നു അവര്‍. അവരുടെ ശ്രമഫലമായി ഊഷരതയുടെ വിശ്വാസ പ്രതലങ്ങളില്‍ ഉര്‍വരതയുടെ വകഭേദങ്ങള്‍ ഉടലെടുത്തു. പൊതുജനത്തിന്റെയും ദൈവദൂതന്മാരുടെയും ജീവതത്തെയും കാലത്തെയും അടിസ്ഥാനമാക്കിയുള്ള ഈയൊരു കഥനമാണ് സത്യത്തില്‍ മനുഷ്യവര്‍ഗത്തിന്റെ ചരിത്രം. മാനവകുലത്തിന്റെ ചരിത്രം പഠിക്കുമ്പോള്‍ ഈയൊരു ധാരയെ അവലംബിച്ചുപോകുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം.

അറബികളുടെ താവഴി

മഹാപ്രളയത്തിനു ശേഷം ലോകത്തു കടന്നുവന്ന പ്രവാചകന്മാരെല്ലാം നൂഹ് നബിയുടെ പുത്രന്‍ സാമിന്റെ പരമ്പരയിലായിരുന്നുവെന്നു കാണാം. അറബികളുടെ പാരമ്പര്യ ചരിത്രവുമായി അഭേദ്യമായി  ബന്ധപ്പെട്ടുകിടക്കുന്ന ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും കടന്നുവന്നതും ഇതേ വഴിയില്‍തന്നെ. ഇറാഖിലെ ബാബിലോണിലായിരുന്നു ഇബ്‌റാഹീം നബിയുടെ നിയോഗം. സത്യത്തിന്റെ എതിരാളികള്‍ക്കുമുമ്പില്‍ ജീവിതം ക്ലേശകരമായി അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം ഫലസ്ഥീനിലേക്കും പിന്നീട് ഈജിപ്തിലേക്കും  പ്രബോധനാര്‍ത്ഥം പോവുകയുണ്ടായി. മതത്തിന്റെ വഴിയില്‍ നേരിടേണ്ടിവന്ന അനവധി ത്യാഗങ്ങള്‍ മുഖവിലക്കെടുത്ത് അല്ലാഹു അവരെ ആദരിക്കുകയും സമുന്നതമായ പദവി നല്‍കുകയും ചെയ്തു. പിന്നീട് ലോകത്തുവന്ന പ്രവാചകന്മാരെല്ലാം അദ്ദേഹത്തിന്റെ സന്താന പരമ്പരയിലാണ് കടന്നുവന്നത്. ഇക്കാരണത്താല്‍ 'പ്രവാചകന്മാരുടെ പിതാവ്' എന്ന അപരനാമത്തില്‍ അദ്ദേഹം അറിയപ്പെട്ടു.

ഇബ്‌റാഹീം നബിക്ക് നാലു ഭാര്യമാരില്‍നിന്നായി പതിമൂന്നു സന്താനങ്ങളുണ്ടായിരുന്നു. ഹാജറില്‍നിന്നും ഇസ്മാഈല്‍, സാറയില്‍നിന്നും ഇസ്ഹാഖ്, ഖന്‍ത്വൂറയില്‍നിന്ന് മദ്‌യനും മറ്റു അഞ്ചുപേരും, ഹിജൂനില്‍നിന്നും അഞ്ചുപേര്‍. ഇസ്മാഈലും ഇസ്ഹാഖും പ്രവാചകന്മാരായിരുന്നു. ഇസ്മാഈല്‍ നബിയുടെ പരമ്പരയിലാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി ഭൂജാതനായത്. ശുഐബ് നബിയും മുഹമ്മദ് നബിയും ഒഴികെ ബാക്കി എല്ലാ പ്രവാചകന്മാരും കടന്നുവന്നത് ഇസ്ഹാഖ് നബിയുടെ പരമ്പരയിലും. മദ്‌യന്റെ പരമ്പരയിലാണ് ശുഐബ് നബിയുടെ ജനനം.

കൊച്ചുപ്രായത്തില്‍ ഇസ്മാഈല്‍ നബിയെയും മാതാവ് ഹാജറ ബീവിയെയും ദൈവകല്‍പനപ്രകാരം ഇബ്‌റാഹീം നബി വിജനമായ മക്കയുടെ പ്രാന്തപ്രദേശത്ത് താമസിക്കാനാക്കിയ കഥ പ്രസിദ്ധമാണ്. കയ്യില്‍കരുതിയ ഭക്ഷണവും വെള്ളവും തീര്‍ന്നപ്പോള്‍ പാനജലത്തിനായി പൊട്ടിക്കരഞ്ഞ്, കാലിട്ടടിച്ചപ്പോഴാണ് സംസം ഉറവയെടുക്കുന്നത്. തരിശ്ഭൂമിയില്‍ പൂത്തുലഞ്ഞ സാംസ്‌കാരിക ചിന്തകളുടെയും നാഗരിക വളര്‍ച്ചയുടെയും പ്രഭവമായിരുന്നു അത്. മരുഭൂമിയിലെ ജലലഭ്യത പിന്നീടത് ജനവാസകേന്ദ്രമായി മാറാന്‍ നിമിത്തമായി. അതുവഴി കടന്നുപോയ ജുര്‍ഹും ഗോത്രക്കാര്‍ ജലസാധ്യത കണ്ട് അവരുടെ അനുമതിയോടെ അവിടെ ഇറങ്ങി താമസിച്ചു. താമസിയാതെ കൊച്ചു കൊച്ചു വീടുകള്‍ പരിസരങ്ങളിലായി ഉയര്‍ന്നുവന്നു. ഇസ്മാഈല്‍ നബി അവരിലൊരാളായി വളരുകയും അവരില്‍നിന്നും അറബി ഭാഷ പഠിക്കുകയും അവരില്‍നിന്നുതന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഇബ്‌റാഹീം നബി ഇടക്കിടെ മക്കയില്‍ അവരെ സന്ദര്‍ശിക്കുമായിരുന്നു. അങ്ങനെയാണ് ഭൂമിയിലെ ആദ്യത്തെ മുസ്‌ലിം ദേവാലയമായ കഅ്ബ പണിയാന്‍ പിതാവിനോടും മകനോടും അല്ലാഹുവിന്റെ കല്‍പനയുണ്ടാകുന്നത്. അവര്‍ കഅ്ബ പണിയുകയും അല്ലാഹുവിന്റെ ആജ്ഞയനുസരിച്ച് മാലോകരെ ഒന്നടങ്കം ഹജ്ജിനായി ക്ഷണിക്കുകയും ചെയ്തു. ഇതോടെ മക്ക ജനനിബിഡമാവുകയും ഇസ്‌ലാമിക നാഗരികതയുടെ ഊര്‍ജ്ജം പകരുന്ന മണ്ണായി മാറുകയും ചെയ്തു. മുസ്തഅ്‌രിബ വിഭാഗത്തിലെ അറബികളില്‍ പ്രഥമ ഗണനീയനായിരുന്നു ഇസ്മാഈല്‍ നബി. അതിനാല്‍, അറബികളുടെ പിതാവ് എന്ന പേരില്‍ അറിയപ്പെട്ടു. അവര്‍ക്ക് പന്ത്രണ്ട് മക്കളുണ്ടായിരുന്നു. നാബിതായിരുന്നു അതില്‍ അതിപ്രസിദ്ധനും അഭിവന്ദ്യനും. ആ പരമ്പരയിലാണ് മുഹമ്മദ് നബി കടന്നുവരുന്നത്.

അറബ് സമൂഹം: ഗോത്രങ്ങള്‍

സെമിറ്റിക് വംശജരാണ് അറബികള്‍. ബാബിലിയ്യ, അശൂരിയ്യ, ഇബ്‌റാനിയ്യ, ഫീനിഖിയ്യ, ആരാമിയ്യ, ഹബശിയ്യ തുടങ്ങിയവയാണ് ഈ ഗണത്തിലെ മറ്റു വിഭാഗങ്ങള്‍. ഇവരുടെയെല്ലാം പരമ്പര നൂഹ് നബിയുടെ മകന്‍ സാമിലേക്ക് ചെന്നുമുട്ടുന്നു. ഒരൊറ്റ സമൂഹമായി, ഒന്നിച്ചായിരുന്നു ആദ്യകാലങ്ങളില്‍ ഇവയുടെയെല്ലാം ജീവിതം. കാലാന്തരത്തില്‍ ഇവയോരോന്നും വേറിട്ടുപോവുകയും വിവിധ സ്ഥലങ്ങളില്‍ അധിവാസമുറപ്പിക്കുകയും ചെയ്തു. ബാബിലിയ്യ, അശൂരിയ്യ, അരാമിയ്യ എന്നിവ ഇറാഖിലും ഫീനീഖിയ്യ സിറിയയിലും അബ്‌റാനിയ്യ ഫലസ്ഥീനിലും ഹബശിയ്യ അബ്‌സീനിയയിലും അറബികള്‍ അറേബ്യന്‍ ഉപദ്വീപിലും താമസിച്ചുതുടങ്ങി.

അറബികള്‍ അവരുടെ ഉല്‍ഭവത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു വിഭാഗമാണ്. ബാഇദ, ആരിബ,  മുസ്തഅ്‌രിബ എന്നിവയാണവ. പുരാതന കാലത്ത് ജീവിച്ചുപോയ സമൂഹങ്ങളാണ് ബാഇദ അറബികള്‍.  വിവിധ പ്രവാചകന്മാരുടെ സമകാലികരായി കഴിഞ്ഞുപോയ ആദ്, സമൂദ്, ജദീസ്, ജുര്‍ഹൂം തുടങ്ങിയവ ഉദാഹരണം. ഇവരെക്കുറിച്ച് പൂര്‍ണമായ വിവരം ലഭ്യമല്ല. യഅ്‌റുബ് ബിന്‍ ഖഹ്ഥാന്റെ പിന്‍ഗാമികളാണ്   ആരിബ അറബികള്‍. ഇവര്‍ ഖഹ്ഥാനീങ്ങള്‍ എന്നും വിളിക്കപ്പെടുന്നു. യമനായിരുന്നു ഇവരുടെ കേന്ദ്രം. ഹിംയര്‍, കഹ്‌ലാന്‍ എന്നിവ ഇതിലെ രണ്ടു ഉപഗോത്രങ്ങളാണ്. ഇവ തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍ കഹ്‌ലാന്‍ നാട് കടത്തപ്പെടാനും ഹിംയര്‍ യമനില്‍ സ്ഥിരവാസം നേടാനും കാരണമായി. ഇസ്മാഈല്‍ നബിയുടെ സന്താനങ്ങളാണ് മുസ്തഅ്‌രിബ അറബികള്‍. ജുര്‍ഹും ഗോത്രത്തില്‍നിന്നും അറബി ഭാഷ പഠിച്ചെടുത്തവരാണിവര്‍.

അറബ് ഗോത്രങ്ങള്‍ രണ്ട് ഗണമായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഖഹ്ഥാനികള്‍, അദ്‌നാനികള്‍ എന്നിവയാണവ. യമനായിരുന്നു ഖഹ്ഥാനികളുടെ വാസകേന്ദ്രം. മഅ്‌രിബ് അണക്കെട്ടിന്റെ തകര്‍ച്ചയോടെ   ഒരു വിഭാഗം ഒമാന്‍, തിഹാമ, ശാം, ഇറാഖ്, യസ്‌രിബ് തുടങ്ങിയ ഭാഗങ്ങളിലേക്ക് മാറിത്താമസിച്ചു. ഹിജാസ്, തിഹാമ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് അദ്‌നാനികള്‍ വസിച്ചിരുന്നത്. ഇതില്‍പെട്ട ഖുറൈശ് മക്കയിലും കിനാന തിഹാമയിലും ദുബ്‌യാന്‍ തൈമാഇനും ഹൗറാനിനുമിടയിലും  സഖീഫ് ഥാഇഫിലും ഹവാസിന്‍ മക്കയുടെ കിഴക്കു ഭാഗത്തും ബനൂ അസദ് തൈമാഇന് കിഴക്കു ഭാഗത്തും അബ്ദുല്‍ ഖൈസ് ബഹ്‌റൈനിലും ബനൂ ഹനീഫ യമാമയിലും തഗ്‌ലബ് ജസീറയിലും ബനൂ തൈം ബസ്വറയുടെ താഴ്‌വരയിലും ബനൂ സലീം ഖൈബറിനും വാദീ ഖുറക്കുമിടയിലും താമസമാക്കി.

ഇസ്മാഈല്‍ നബിയുടെ പുത്രന്മാര്‍ നേരത്തെത്തന്നെ മക്കയില്‍ താമസമാക്കുകയും  ആ കുടുംബം അവിടെ വളര്‍ന്നു പന്തലിക്കുകയും ചെയ്തിരുന്നു. ഇവരില്‍നിന്നാണ് അദ്‌നാനും പുത്രന്‍ മഅദ്ദും ഉയര്‍ന്നുവരുന്നത്. മുഹമ്മദ് നബിയുടെ പിതൃപരമ്പരയിലെ ഇരുപത്തിയൊന്നാം പിതാവായ ഈ അദ്‌നാനില്‍നിന്നാണ് അറബികളിലെ അദ്‌നാന്‍ വംശ പരമ്പരയുടെ ആരംഭം.

അറേബ്യന്‍ ഉപദ്വീപ്

ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ അറബികള്‍ വസിച്ചിരുന്നത് അറേബ്യന്‍ ഉപദ്വീപിലായിരുന്നു. അവര്‍ ഇതിനെ ജസീറത്തുല്‍ അറബ് എന്ന് വിളിച്ചു. മൂന്നു ഭാഗവും വെള്ളംകൊണ്ട് വലയം ചെയ്യപ്പെട്ട, ഏഷ്യാഭൂഖണ്ഡത്തിന്റെ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണിത്. പടിഞ്ഞാറ് ചെങ്കടലും കിഴക്ക് അറേബ്യന്‍ ഉള്‍ക്കടലും തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീണ്ട് കിടക്കുന്ന അറബിക്കടലുമാണ്. ഏകദേശം ഇന്നത്തെ സഊദി അറേബ്യ, യു.എ.ഇ, യമന്‍, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവ ഉള്‍കൊള്ളുന്നതായിരുന്നു ഇതെന്ന് പറയാം. പുറംലോകവുമായി വിശാല ബന്ധങ്ങളില്ലാത്തതിനാലും വിജനമായി കിടന്ന ഒരു പ്രദേശമായിരുന്നതിനാലും കാലങ്ങളോളം പുറത്തുനിന്നുള്ള ഇടപെടലുകളോ വിദേശ ആക്രമണങ്ങളെ ഇവിടെ ഉണ്ടായിരുന്നില്ല.

ഭൂപ്രദേശങ്ങളുടെ സ്വഭാവവും ഭൂമിശാസ്ത്രപരമായ വിത്യാസവുമനുസരിച്ച് അറേബ്യന്‍ ഉപദ്വീപ് അഞ്ചു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. തിഹാമ, ഹിജാസ്, നജ്ദ്, യമന്‍, അറൂള് എന്നിവയാണവ. ഹിജാസാണ് ഇതില്‍ ഏറ്റവും പ്രസിദ്ധം. പ്രവാചകരുടെ ജന്മഗേഹമായ മക്കയും അന്ത്യവിശ്രമം കൊള്ളുന്ന മദീനയും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

ജനവാസമുണ്ടായിരുന്നുവെങ്കിലും ഭൂമിശാസ്ത്രപരമായ പരിമിതികള്‍ കാരണം അറേബ്യന്‍ ഉപദ്വീപ് ലോകജനതയുടെ ശ്രദ്ധയില്‍ ഇടംപിടിച്ചിരുന്നില്ല. കാലങ്ങളോളം അവഗണിക്കപ്പെട്ട ഭൂപ്രദേശമായി അത് നിലകൊണ്ടു. ക്രിസ്താബ്ദം ആറാം നൂറ്റാണ്ടില്‍ പ്രവാചക നിയോഗത്തോടെയാണ് ഇത് ലോകജനതയുടെ ശ്രദ്ധയില്‍ ഇടം നേടുന്നത്. പിന്നീടത് ലോകമുസ്‌ലിംകളുടെ സാംസ്‌കാരിക തലസ്ഥാനമായി മാറുകയായിരുന്നു. അറേബ്യ അനവധി പ്രവാചകന്മാരുടെ നിയോഗത്തിന് സാക്ഷിയായ മണ്ണാണ്. സത്യമതത്തിന്റെ പ്രബോധനത്തിനാലിയ വിവിധ കാലങ്ങളില്‍ വിവിധ ദൈവദൂതന്മാര്‍ ഇതിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി അവതരിച്ചു. ഹൂദ് നബി ഹളര്‍മൗത്തിനടുത്ത അഹ്ഖാഫിലും സ്വാലിഹ് നബി ഹിജാസിനും തബൂക്കിനുമിടയിലെ ഹിജ്‌റിലും ഇസ്മാഈല്‍ നബി മക്കയിലും ശുഐബ് നബി മദ്‌യനിലും കടന്നുവന്നു. അതേസമയം, ചരിത്രത്തില്‍ ധിക്കാരികളായ പല രാജാക്കന്മാരും ഈ ഭാഗത്ത് ജീവിച്ചിരുന്നതായി കാണാം. അവരുടെ പീഢനങ്ങള്‍നിമിത്തം ഇവിടത്തെ ജൂതന്മാര്‍ യമന്‍, യസ്‌രിബ് എന്നിവിടങ്ങളിലേക്കും  ക്രൈസ്തവര്‍ നജ്‌റാനിലേക്കും മാറി താമസിക്കുകയുണ്ടായി. പട്ടണങ്ങളും പ്രാന്തപ്രദേശങ്ങളും ഒരുപോലെ ഉണ്ടായിരുന്ന നാടാണ് അറേബ്യന്‍ ഉപദ്വീപ്. മക്ക, മദീന, സ്വന്‍ആഅ്, അദ്‌ന്, ഖൈബര്‍ തുടങ്ങിയവ വിഖ്യാത പട്ടണങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. പട്ടണവാസികള്‍ ഹളരികള്‍ എന്നും പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ബദുക്കള്‍/അഅ്‌റാബികള്‍ എന്നും വിളിക്കപ്പെട്ടു.

അറബികളുടെ മതരംഗം

ഇബ്‌റാഹീം നബിയുടെ സന്താന പരമ്പരയില്‍പെട്ടവര്‍ അറേബ്യയില്‍ അധിവാസമുറപ്പിച്ചിരുന്നുവെന്നതിനാല്‍ ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും വിശ്വാസ പ്രമാണം തന്നെയായിരുന്നു അറബികളുടെ അടിസ്ഥാന മതം.  ഏകദൈവത്തില്‍ വിശ്വസിക്കുന്നവും മതചിഹ്നങ്ങളെ നിലനിര്‍ത്തുന്നവരുമായിരുന്നു അവര്‍. കാലാന്തരത്തില്‍ വന്ന ബാഹ്യസ്വാധീനങ്ങളും പുറംലോകവുമായുള്ള ഇടപെടലുകളും അവരെ ഈ വിശ്വാസാടിത്തറയില്‍നിന്നും വ്യതിചലിപ്പിച്ചു. താമസിയാതെ അവരില്‍ ബഹുദൈവാരാധനയും വിഗ്രഹപൂജയും സ്ഥാനംപിടിച്ചു. അംറ് ബിന്‍ ലുഹയ്യ് എന്ന ഖുസാഅ ഗോത്രക്കാരനായ ഒരു വ്യക്തിയാണ് വിഗ്രഹാരാധന ആദ്യമായി അറബികള്‍ക്കിടയില്‍ കൊണ്ടുവരുന്നത്. ശാമില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ ശിലാവിഗ്രഹങ്ങളെ ആരാധിക്കുന്നതുകണ്ട് അതില്‍ ആകൃഷ്ടനാവുകയും അത് സ്വന്തം നാട്ടിലേക്കു കൊണ്ടുവന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു അദ്ദേഹം. ദൈവാവതാരങ്ങളായ മഹത്തുക്കളുടെ സ്മരണ നിലനിര്‍ത്താനുള്ള ഒരു മാധ്യമം എന്ന നിലക്കായിരുന്നു ഇതിന്റെ തുടക്കമെങ്കിലും ക്രമേണ തനി വിഗ്രഹപൂജയായി അത് പരിണമിച്ചു. തുടര്‍ന്ന്, ഓരോ നാട്ടിലേക്കും ഇത് പ്രചരിക്കുകയും ഓരോ ഗോത്രത്തിനും ഓരോ വിഗ്രഹം എന്ന തലത്തിലേക്ക്  വികസിക്കുകയും ചെയ്തു. ഹുദൈല്‍, ഖുസാഅ ഗോത്രങ്ങളുടെ ലാത്തയും ഥഖീഫ് ഗോത്രത്തിന്റെ മനാത്തയും ഖുറൈശ്, കിനാന എന്നീ ഗോത്രങ്ങളുടെ ഉസ്സയും ഉദാഹരണം. അറബികളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ദൈവങ്ങളായിരുന്നു ഇത്. ദൈവങ്ങള്‍ക്കായി ഓരോ വീട്ടിലും പ്രത്യേകം ക്ഷേത്രവും പൂജാമുറിയും ഉണ്ടായിരുന്നു.

കൂടാതെ, ഇതോടനുബന്ധമായി അതിരുകടന്ന പല അന്ധവിശ്വാസങ്ങളും ഇക്കാലത്ത് അറബികള്‍ക്കിടയില്‍ വ്യാപിച്ചു. നല്ലതോ ചീത്തയോ ഏതൊരു കാര്യം ചെയ്യുകയാണെങ്കിലും അതിന് ദൈവത്തിന്റെ സമ്മതം ആവശ്യമായിരുന്നു. അതിനായി പ്രസാദമര്‍പ്പിക്കലും നറുക്കിടലും ലക്ഷണം നോക്കലുമൊക്കെയായി അവര്‍ക്കിടയില്‍ ധാരാളം രീതികള്‍ നിലനിന്നു. അന്ന് കഅബാലയത്തിനടുത്ത് 360 ഓളം ബിംബങ്ങള്‍ ഉണ്ടായിരുന്നു. അവരുടെ വിശ്വാസപ്രകാരം അവക്കുവേണ്ടിയായിരുന്നു അവരുടെ ഓരോ അടക്കവും അനക്കവും.

ഇങ്ങനെയെല്ലാമായിരുന്നുവെങ്കിലും ഇബ്‌റാഹീം നബിയുടെ മതത്തില്‍ നിന്ന് ചില മത ചിഹ്നങ്ങള്‍ അവര്‍ തങ്ങളുടെ ജീവിതത്തിലും അനുശീലിച്ചിരുന്നു. കഅബയോടുള്ള ബഹുമാനം, ഹജ്ജ്, ഉംറ, ഥവാവ്, അറഫയില്‍ നില്‍ക്കല്‍, മുസ്ദലിഫയില്‍ രാപ്പാര്‍ക്കല്‍, ബലികര്‍മം തുടങ്ങിയവ ഉദാഹരണം.

വിഗ്രഹാരാധനയില്‍ നിര്‍വൃതി കണ്ടെത്തിയ അറേബ്യന്‍ ജനതയിലേക്ക് അന്ന് പ്രചാരത്തിലുണ്ടായിരുന്ന മറ്റു മതരൂപങ്ങള്‍ക്കും കടന്നുചെല്ലാന്‍ പ്രയാസമുണ്ടായിരുന്നില്ല. വ്യത്യസ്ത കാലങ്ങളിലായി ജൂതായിസവും ക്രൈസ്തവതയും അഗ്നിപൂജയുമെല്ലാം അവരില്‍ പ്രചരിച്ചു. വിവിധ സ്ഥലങ്ങളെ കേന്ദ്രീകരിച്ച് അവ വളരുകയും ചെയ്തു. നജ്‌റാന്‍ ക്രിസ്ത്യാനികളുടെ കേന്ദ്രവും മദീന ജൂതന്മാരുടെ കേന്ദ്രവുമായിരുന്നു. പക്ഷെ, തീര്‍ത്തും ജനങ്ങളെ അധമരും മുഢരുമാക്കുന്ന തരം അന്ധവിശ്വാസങ്ങളും വികല ചിന്തകളുമാണ് അവ പ്രചരിപ്പിച്ചിരുന്നത്. പൗരോഹിത്യം പ്രചരിപ്പിക്കുകയും ജനദ്രോഹപരമായ ആചാരങ്ങള്‍ അവര്‍ സമൂഹത്തില്‍ നടപ്പാക്കുകയും ചെയ്തു. ഒരു മതമെന്ന നിലക്ക് അവയുടെ സര്‍വ്വ മൂല്യങ്ങളും ചോര്‍ന്നു കഴിഞ്ഞിരുന്നു. പൊതുസമൂഹത്തെ ചൂഷണം ചെയ്യുകയും മുതലെടുക്കുകയും ചെയ്യുകയെന്നതല്ലാതെ അവക്ക് മറ്റ് യാതൊരു സ്വാധീനവും ഉണ്ടായിരുന്നില്ല.

അറബികളുടെ സാമൂഹിക-സാംസ്‌കാരിക രംഗം

മതങ്ങളുടെ മൂല്യാധിഷ്ഠിതമായ ഇടപെടലുകള്‍ നടക്കാത്തതുകൊണ്ടും മതനേതൃത്വം ചൂഷണത്തിന്റെയും മുതലെടുപ്പിന്റെയും അപ്പോസ്തലന്മാരും അന്ധവിശ്വാസങ്ങളുടെ പ്രചാരകരുമായി മാറിയതുകൊണ്ടും അറബികളുടെ സാമൂഹിക സാംസ്‌കാരിക രംഗം നന്നേ അധ:പതനത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഇക്കാലത്ത്. സ്ത്രീയക്ക് സമൂഹത്തില്‍ യാതൊരു സ്ഥാനവും കല്‍പിക്കപ്പെട്ടിരുന്നില്ല. പെണ്‍കുട്ടികളുടെ ജനനംതന്നെ ദു:ശകുനമായി മനസ്സിലാക്കപ്പെട്ടു. ചില ഗോത്രങ്ങളില്‍ അവളെ ജീവനോടെ കുഴിച്ചുമൂടുന്ന അവസ്ഥാവിശേഷംവരെ നിലനിന്നു. വ്യഭിചാരവും അവിഹിത വേഴ്ചയും സാധാരണമായിരുന്നു. അനിയന്ത്രിത ബഹുഭാര്യത്വവും ആവശ്യത്തില്‍കവിഞ്ഞ് നടന്നു. ഗോത്രപക്ഷപാതിത്വമായിരുന്നു മറ്റൊരു സ്വഭാവം. മറ്റുഗോത്രങ്ങളുമായി സഹകരണത്തിലും സഹവാസത്തിലും മുന്നോട്ടുപോയിരുന്നില്ല. അതുകൊണ്ടുതന്നെ നിസ്സാരമായ കാര്യങ്ങള്‍ക്കുവേണ്ടി അന്യരുമായി കാലങ്ങളോളം കലഹിക്കുകയും യുദ്ധം നടത്തുകയും ചെയ്തു. സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി എത്രതന്നെ അന്യരെ വേദനിപ്പിക്കാനും ചോരയൊഴുക്കാനും മടിച്ചില്ല.

അടിമകളാണ് സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന മറ്റൊരു വിഭാഗം. മൃഗസമാനമായിരുന്നു അവരോടുള്ള യജമാന്മാരുടെ പെരുമാറ്റങ്ങള്‍. പകല്‍ മുഴുക്കെ പണിയെടുപ്പിക്കുകയും അര്‍ഹിക്കുന്ന വേതനം നല്‍കാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥയാണ് ഉണ്ടായിരുന്നത്. മദ്യവും മയക്കുമരുന്നും ചൂതുകളിയും വാതുവെപ്പുമൊക്കെയായിരുന്നു മറ്റു സാമൂഹിക ദുരന്തങ്ങള്‍. മരിച്ചാല്‍ മുന്തിരിവള്ളിയുടെ മറവുചെയ്യണമെന്നു പറഞ്ഞ കവികള്‍വരെ അന്നുണ്ടായിരുന്നു. 

ഇത്രമാത്രം സാമൂഹികമായും സാംസ്‌കാരികമായും മതപരമായും അധ:പതിച്ച ഒരു അവസ്ഥയിലായിരുന്ന പ്രവാചക നിയോഗത്തിനു മുമ്പത്തെ അറബികള്‍. ഇവരെ സംസ്‌കരിക്കുകവഴി മാതൃകാപുരുഷരായ ഒരു വൃന്ദത്തെ വാര്‍ത്തെടുക്കുകയും അങ്ങനെ ലോകത്തെ മുഴുക്കെയും ഇസ്‌ലാമിന്റെ സാംസ്‌കാരിക വെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്യുകയെന്നതായിരുന്നു പ്രവാചക നിയോഗത്തിന്റെ ലക്ഷ്യം.  അതിനാണ് പ്രവാചക ശൃംഘലക്ക് അന്ത്യം കുറിച്ചുകൊണ്ട് മുഹമ്മദ് നബി അറേബ്യയില്‍ അവതരിച്ചത്.

എന്തുകൊണ്ട് അറേബ്യന്‍ ഉപദ്വീപില്‍?

ലോകത്തിനൊന്നടങ്കം മാര്‍ഗദര്‍ശനമായി കടന്നുവന്ന പ്രവാചകന്‍ എന്തുകൊണ്ടാണ് സാമൂഹികമായും സാംസ്‌കാരികമായും പിന്നാക്കം നിന്നിരുന്ന അറേബ്യന്‍ ഉപദ്വീപില്‍ അവതരിച്ചത്? ഇത്രയും സുപ്രധാനമായൊരു നിയോഗത്തിന് അല്ലാഹു എന്തുകൊണ്ട് ഈയൊരു ഭൂമി തെരഞ്ഞെടുത്തു? സ്വാഭാവികമായും ഉയര്‍ന്നുവരുന്ന ചോദ്യങ്ങളാണിത്. സാംസ്‌കാരികമായും സാമൂഹികമായും വളരെ പിന്നിലായിരുന്നുവെങ്കിലും മനുഷ്യത്വപരമായ അനവധി ഉത്തമ സ്വഭാവങ്ങള്‍ നിലനിര്‍ത്തുന്നവരായിരുന്നു അറബികള്‍. ഔദാര്യം, ആതിഥ്യം, കരാര്‍ പാലനം, ആത്മാഭിമാനബോധം, സ്ഥൈര്യം, ദൃഢചിത്തത, തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനുള്ള കഴിവ്, നാഗരികതയുടെ മാലിന്യമോ ജാഡകളോ ഇല്ലാത്ത ഗ്രാമീണശുദ്ധത തുടങ്ങിയവ അതില്‍ ചിലതാണ്. സത്യന്ധത, വിശ്വസ്തത, ചതിയും വഞ്ചനയുമില്ലായ്മ മതലായ ഉത്തമ ഗുണങ്ങള്‍ ഈയൊരു ശുദ്ധതയുടെ ഉല്‍പന്നമായി പുറത്തുവരുന്നവയാണ്. ഇത്തരം സമുന്നത മൂല്യങ്ങളാണ് അറബികളെ സര്‍വ്വലോക സത്യസന്ദേശത്തിന്റെ വാഹകരും മാനവതയുടെ നായകന്മാരുമാകേണ്ടതിന് തിരഞ്ഞെടുക്കപ്പെടാനുണ്ടായ പ്രധാന കാരണം.

എന്നാല്‍, റോം, പേര്‍ഷ്യ, ഇന്ത്യ തുടങ്ങിയ ഭൂപ്രദേശങ്ങളിലെ ആളുകളുടെ സ്വഭാവമെടുത്തു പരിശോധിച്ചാല്‍  തുലോം ഭിന്നമായ ഒരു മുഖമാണ് കണ്ടെത്താന്‍ സാധിക്കുക. തങ്ങളുടെ നാഗരിക നിലവാരത്തിന്റെയും സാംസ്‌കാരിക പരിസരങ്ങളുടെയും പേരില്‍ അഹങ്കരിക്കുകയും അര്‍മാദിക്കുകയും ചെയ്യുന്നവരായിരുന്നു അവരെന്ന് മനസ്സിലാവും. അറബികളില്‍ ഇത്തരമൊരു സ്വഭാവം ഉണ്ടായിരുന്നില്ല. സത്യമെന്ന തെറ്റിദ്ധാരണയിലായിരുന്നു ജാഹിലിയ്യാ കാലത്ത് അവര്‍ ഓരോ യുദ്ധങ്ങളും നടത്തിയിരുന്നത്. സത്യം അതല്ലായെന്ന് തിരുത്തി പുതിയ ഒന്നിനെ പരിചയപ്പെടുത്തിക്കൊടുത്താന്‍ അവര്‍ അതിനുവേണ്ടി യുദ്ധത്തിനിറങ്ങാനും തയ്യാറായിരുന്നു. ഇതുവരെ കഠിന ശത്രുവായിരുന്ന ഒരാളെ അടുത്ത നിമിഷം മുതല്‍ അടുത്ത സുഹൃത്തായി സ്വീകരിക്കാനും അവര്‍ ഒരുക്കമായിരുന്നു. അവരുടെ ഹൃദയ നിഷ്‌കളങ്കതയുടെ തെളിവായിരുന്നു ഇത്. ഇതായിരുന്നു ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം അതിവിസ്മയകരമായ ഒരു പരിവര്‍ത്തനത്തിന് അവര്‍ തിരഞ്ഞെടുക്കപ്പെടാനും സാക്ഷികളാകാനുമുള്ള അടിസ്ഥാന കാരണം. പ്രവാചകന്‍ കടന്നുവന്നതോടുകൂടി അവര്‍ ലോകചരിത്രത്തിലെ അവിസ്മരണീയ നായകരായി മാറുകയായിരുന്നു.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter