ഒരു വിശുദ്ധയാത്രയുടെ ഓര്‍മ്മ.....!!

സ്വപ്നങ്ങള്‍ സഫലമായ വഴികളില്‍ ഞാന്‍ ധന്യനാണ്..ഈ രാത്രിക്ക് നന്ദി…

യാ, അല്ലാഹ്, നിന്നെ സ്തുതിക്കുന്നു ആയിരംവട്ടം…

ഞാനിപ്പോഴുള്ളത് പുണ്യ ഹറമിന്‍റെ ചാരത്താണ്, മക്കയും മദീനയും കാണാതെ നീ എന്നെ മരിപ്പിക്കല്ലേ അല്ലാഹ് എന്ന എന്‍റെ പ്രാര്‍ത്ഥന അവന്‍ കേട്ടിരിക്കുന്നു…ഇനി ഒന്നും നേടിയില്ലെങ്കിലെന്ത്…. ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നില്‍ എന്റെ മനസ്സും ശരീരവും തൊട്ടിരിക്കുന്നു. അഞ്ചുനേരവും മനസ്സിലേക്കാവാഹിച്ച ആ പുണ്യഗേഹമിതാ എന്റെ കണ്‍മുന്നില്‍…… … വിശ്വസിക്കാനാവുന്നില്ലെനിക്ക്…തൊട്ടുമുത്താന്‍ കൊതിച്ച ഹജറുല്‍ അസ്‌വദും മഖാം ഇബ്രാഹിമും സഫ മര്‍വ്വ കുന്നുകളും എന്റെ കയ്യെത്തും ദൂരത്താണിപ്പോള്‍.. … .പറഞ്ഞറിയിക്കാനാവുന്നില്ല എന്‍റെ ആഹ്ലാദത്തെ…കുഞ്ഞുന്നാള്‍ തൊട്ട് കിനാവ് കണ്ടത് ഈ മണ്ണിലെത്താനായിരുന്നു, കയ്യുയര്‍ത്തിയപ്പോഴൊക്കെ അല്ലാഹുവിനോട് കേണതും അതിനുവേണ്ടി മാത്രം…പണ്ടുപണ്ടെപ്പഴോ മദ്രസയില്‍ ഓതിപഠിച്ച പാഠഭാഗങ്ങളില്‍ മക്കയും മദീനയും നിറയുമ്പോള്‍ കാണണമെന്ന് മോഹിച്ച ഇടമായിരുന്നു അത്…പിന്നെപ്പഴോ അത് ഒരു വികാരവും അഭിനിവേശവുമായി മാറി…മക്ക കണ്ട് മടങ്ങിവരുന്ന ഓരോരുത്തനേയും ഇത്തിരി അസൂയയോടെ നോക്കി നിന്നു…ഓരോ വര്‍ഷവും ദശലക്ഷങ്ങള്‍ ആ മഹാഭാഗ്യത്തിന്റെ അവകാശികളായി മാറുമ്പോള്‍ ഞാന്‍ മാത്രം നഷ്ടസ്വപ്നത്തിന്റെ കൂട്ടുകാരനാവുകയാണല്ലോ എന്ന് സങ്കടപ്പെട്ടു. യമനിയും നീഗ്രോയും സൊമാലിയയിലെ ദരിദ്രനുമെല്ലാം ആത്മീയതയുടെ സുഖമറിയുമ്പോള്‍ അല്ലാ, എന്നെ മാത്രം ബാക്കിയാക്കരുതെന്ന് എത്രയോ വട്ടം കേണുകരഞ്ഞിട്ടുണ്ട് ഞാന്‍….

ഓരോ പ്രതിസന്ധിയിലും കൊച്ചുകുട്ടിയെ പോലെ കരഞ്ഞ് സങ്കടം പറയുമ്പോള്‍ ഉത്തരം തന്ന് അനുഗ്രഹം ചൊരിഞ്ഞ നാഥന്‍ എന്റെ പ്രാര്‍ത്ഥന കേട്ടു….ഒടുവില്‍ ഞാനും ലോകത്തിലെ ഏറ്റവും പവിത്രമായ മണ്ണിലെത്തിയിരിക്കുന്നു…

ഇത് ഒരു വിശുദ്ധ യാത്രയുടെ ഓര്‍മ്മയാണ്…മക്കയും മദീനയും കണ്ടതിന്റെ ഓര്‍മ്മ….വിശുദ്ധഭൂമിയിലെത്തുന്ന ആദ്യ മനുഷ്യനൊന്നുമല്ല ഞാന്‍. ഓരോ വര്‍ഷവും എത്രയോ ദശലക്ഷങ്ങള്‍ തിരുഗേഹങ്ങളിലെത്തുന്നുണ്ട്, പിന്നെ നീയെന്തിനിങ്ങനെ വാചാലനാകുന്നുവെന്ന ചോദ്യത്തിനുമുന്നില്‍ എനിക്കുത്തരമില്ല…എങ്കിലും പറയട്ടെ, ഞാനെത്തുന്നത് ഇതാദ്യമായാണ്, അവിടങ്ങളില്‍ എത്തുന്ന ഓരോ മനുഷ്യനും ഒത്തിരി പറയാനുണ്ടാവും.. വിശിഷ്യാ ആദ്യമായെത്തുന്നവന് അത് വാക്കുകളിലൊതുങ്ങാത്ത അനുഭൂതിയായിരിക്കും, അതിനെക്കുറിച്ച് പറഞ്ഞില്ലെങ്കില്‍ പിന്നെന്തിനെക്കുറിച്ച് പറയാനാണ്…

ഡിസംബറിലെ ഒരു തണുത്ത പ്രഭാതം, മഞ്ഞുതുള്ളികള്‍ മരുഭൂമിയില്‍ കവിത എഴുതുന്നു, ഗള്‍ഫില്‍ എത്തിയ നാള്‍ മുതല്‍ മനസ്സില്‍ കൊണ്ട്നടന്നിരുന്ന ഒരഭിലാശം..മക്കയിലും മദീനയിലും പോകുക…!! പിന്നെയങ്ങോട്ട് അതിന് വേണ്ടിയുള്ള അന്വേഷണമായിരുന്നു, ഏറ്റവും നല്ല ഉംറ ഗ്രൂപിനെ കുറിച്ച്.. ആ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ സമയം ആയിരുന്നു അത്..ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ ആയിരുന്നു ഞങ്ങളുടെ ആ യാത്ര..അങ്ങനെ സര്‍വ്വ ശക്തന്റെ കാരുണ്യം കൊണ്ട്മാത്രം എനിക്കും ആ യാത്രയില്‍ ഒരിടം കിട്ടി… മനസ്സില്‍ അനുഭൂതികളുടെ വേലിയേറ്റമായിരുന്നു എന്ന് വേണം പറയാന്‍ …

 

ആദ്യം യാത്ര മദീനയിലേക്കാണ്, റോഡുമാര്‍ഗ്ഗം മരുഭൂമിമാത്രമുള്ള ദിക്കിലൂടെ വണ്ടി പായുകയാണ്.. അല്‍ മദീന 50 കി.മി, അല്‍ മദീന 25 കി.മി, എന്നിങ്ങനെ ബോര്‍ഡുകള്‍ ദൂരങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു….ഓരോ കിലോമീറ്ററുകള്‍ പിന്നിടുമ്പോഴും ഞാന്‍ എന്റെ പ്രവാചകന്റെ സന്നിധിയിലേക്ക് കൂടുതല്‍ കൂടുതല്‍ അടുത്തുവന്നു…സുന്ദരമായ റോഡുകളിലൂടെ ഏതൊക്കെയോ നാടുകളിലേക്ക് ചരക്കുകളുമായി പോകുന്ന ലോറികളും കിലോമീറ്ററുകള്‍ വിട്ട്സ്ഥാപിച്ചിരിക്കുന്ന പെട്രോള്‍ പമ്പുകളുമല്ലാതെ മറ്റൊന്നുമില്ലാത്ത മരുഭൂമിയാണിത്. അങ്ങിങ്ങായി നടന്നു സമയം കളയുന്ന ഒട്ടകങ്ങള്‍, മരുഭൂമിയില്‍ ഒരിലയുടെ തണലുപോലുമില്ലാത്തദിക്കില്‍ ഒട്ടകങ്ങളെ പരിചരിക്കുന്ന മനുഷ്യനെ കണ്ടപ്പോള്‍ ബെന്‍യാമിന്റെ ആടുജീവിതമാണ് മനസിലെത്തിയത്. ഓരോ പെട്രോള്‍ പമ്പുകളിലും നിസ്‌ക്കാര പള്ളികളുണ്ട്, വെള്ളത്തിനാണ് തീവില, പെട്രോളിന് പുല്ലുവിലയാണ്, ഫുള്‍ ടാങ്കല്ലാതെ ഇവിടെ ആരും അടിക്കാറില്ല, എല്ലാ പമ്പുകളിലും കോഫി ഷോപ്പുകളുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന അമീറിന് ഇവരെല്ലാം പരിചയക്കാരാണ്.

മരുഭൂമിയിലെ മനോഹാരിതയും ഒട്ടകങ്ങളേയും ചരക്കുലോറികളേയുമൊക്കെ കാണുമ്പോള്‍ ഓര്‍മ്മകള്‍ ബാല്യത്തിലേക്ക് മടങ്ങിപോയി. പണ്ട് മദ്രസയിലെ ചെറിയ ക്ലാസില്‍ താരീഖിന്റെ പേജുകളില്‍ നിറഞ്ഞുനിന്ന അറേബ്യന്‍ കഥകളില്‍ ഇതൊക്കെ ഉണ്ടായിരുന്നു. പ്രവാചകനും അനുയായികളും ഈ മണ്‍തരിയെ തൊട്ടിട്ടുണ്ടാകില്ലേ എന്ന് മനസ്സ് ചോദിച്ചുകൊണ്ടേയിരുന്നു…സഹാബാക്കളും ഖദീജബീവിയുമെല്ലാം കച്ചവടത്തിനുപോയ കഥകളില്‍ ഈ മരുഭൂമിയും ഉണ്ടായിരുന്നല്ലോ…

ഒടുവില്‍ ശനിയാഴ്ച രാവിലെ പത്തുമണിയോടെ ഞങ്ങള്‍ മദീനനഗരിയിലെത്തി. മദീന മുനവ്വറിയിലെത്തുമ്പോള്‍ മനസ്സ് ഒരു അല്‍ഭുത ലോകത്തായിരുന്നു.. മദീനയിലേക്കെത്തിക്കാതെ നീ എന്നെ മരിപ്പിക്കല്ലെ അല്ലാഹ് എന്ന് പറഞ്ഞ് പ്രാര്‍ത്ഥിച്ചിരുന്ന സന്ദര്‍ഭങ്ങള്‍ ഓര്‍ത്തു പോയി. നാട്ടില്‍ നബിദിനാഘോഷ ദിനങ്ങള്‍ക്ക് വേണ്ടി പതാകയില്‍ പച്ച ഖുബ്ബ വരക്കുമ്പോള്‍ എന്റെ മനം നിറയെ മദീന ആയിരുന്നു…ദഫ്മുട്ടി നു വേണ്ടി ‘പവിത്രമാം റസൂലിന്റെ ..തിരു റൗള കാണുവാന്‍….’ എന്ന ഗാനം വളരെ ആത്മാര്‍ത്ഥതയോടെ, ഒരു പ്രാര്‍ത്ഥന പോലെയാണ് ഞാന്‍ ആലപിച്ചിരുന്നത്..സര്‍വ്വ ശക്തന്‍ ഈ വിനീതന്റെ പ്രാര്‍ത്ഥന സ്വീകരിച്ചു..(ഞാന്‍ പലരോടും ഈ ഗാനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്) അവസാനം പവിത്രമായ വിശുദ്ധമായ തിരുസന്നിധിയിലെത്തുന്നു…അല്ലാഹുവേ, നിന്നെ സ്തുതിക്കാന്‍ എനിക്ക് വാക്കുകളില്ല….
ആറാം നമ്പര്‍ഗേറ്റിലൂടെ മദീന മുനവ്വറിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ ഹൃദയം കോരിതരിച്ചുപോയി. ആയിരങ്ങള്‍ അരികിലുണ്ടെങ്കിലും ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാനാണെന്നൊരു തോന്നല്‍…

പച്ചകുബ്ബ കണ്ണില്‍പതിഞ്ഞപ്പോള്‍ കണ്ണും മനസ്സും ജീവിതത്തില്‍ മറ്റൊരിക്കലും അനുഭവിക്കാത്തൊരു നധ്യത അനുഭവിച്ചു….ഈ എളിയവന്റെ കൈകള്‍ കൊണ്ട് കൊടിയില്‍ തീര്‍ത്തിരുന്ന ആ പച്ച ഖുബ്ബ കണ്‍ നിറയെ കണ്ടു…അല്ലാഹുവിന്റെ വഹിയുമായി ജിബ്‌രീല്‍ (അ) വന്നബാബു ജിബ്‌രീല്‍ എന്ന വാതിലിലൂടെ ഹബീബിന്‍റെ അരികിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കണ്ണുകള്‍ നിറഞ്ഞുപോയി. ആ ചാരത്തെത്താന്‍, ഒന്നു സലാം ചൊല്ലാന്‍ എത്രകാലമായി ഞാന്‍ കൊതിക്കുകയായിരുന്നു…

റസൂലിന്റെ റൗളക്കും മിമ്പറിനും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തിലെ പൂന്തോട്ടമാണ്…അവിടെ നിസ്‌ക്കരിക്കലും പ്രാര്‍ത്ഥന നടത്തലും ഏറെ പുണ്യമാണ്, അതിനുവേണ്ടി ആളുകള്‍ തിരക്കുകൂട്ടുന്നു…തിരക്കുകാരണം അവിടെയെത്താന്‍ ഏറെ പ്രയാസമായിരിന്നു ..എങ്കിലും ഭാഗ്യമെന്നല്ലാതെ പിന്നെന്തുപറയാന്‍, എല്ലാവരും കൊതിക്കുന്ന ദിക്കില്‍ ഏറെ നേരം പ്രാര്‍ത്ഥിക്കാന്‍ അവസരം കൈവരുന്നു…എന്റെ പ്രവാചകന്‍ ഖുത്തുബ നിര്‍വ്വഹിച്ച മിമ്പര്‍ ഇതാ, കണ്‍മുന്നില്‍ നില്‍ക്കുന്നു…ജിബ്‌രീല്‍ മാലാഖ മൂന്ന് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ എന്റെ പ്രവാചകന്‍ ആമീന്‍ പറഞ്ഞത് ഇവിടെ വെച്ചായിരുന്നല്ലോ…

സലാമും സ്വലാത്തും ചൊല്ലി റൗളയുടെ ചാരത്ത് എത്ര നേരമാണെന്നോ ഞാന്‍ നിന്നത്….ഞാന്‍ മാത്രം നിന്നാല്‍ പോരല്ലോ എന്ന് മനസ്സ് പറയുമ്പോഴും അവിടെ തന്നെ നിന്നു പോകുന്നു…പക്ഷെ സെക്യൂരിറ്റിക്കാര്‍ എല്ലാവരെയും അവിടെ നിന്നും മാറ്റാന്‍ ശ്രമിക്കുകയാണ്..ഞാന്‍ പുറത്തേക്കു പോയി വീണ്ടും റൊളയിലേക്ക് കയറി…എത്രയോ പ്രാവശ്യം..എന്തോ റസൂലിന്റെ സ്‌നേഹത്തിനുമുന്നില്‍ സ്വാര്‍ത്ഥനായി പോവുകയായിരുന്നു ഞാന്‍… മറ്റൊന്നും ഓര്‍ക്കാന്‍ കഴിയാതിരിക്കുമ്പോഴും പ്രവാചകന്റെ റൗളയില്‍ സെക്യൂരിറ്റിയുടെ ചുമതലയുള്ള ചെറുപ്പക്കാരായ പോലീസുകാരോട് എനിക്ക് അസൂയ തോന്നിപ്പോയി.എന്റെ പ്രായം മാത്രമുള്ള അവര്‍ എത്ര ഭാഗ്യവാന്മാരാണ്. ആ പുണ്യദിക്കിലങ്ങനെ നില്‍ക്കാന്‍ കഴിയുക എന്നത് എന്തൊരു സുകൃതമാണ്…റസൂലിന്റെ തൊട്ടരികില്‍ സിദ്ധീഖുല്‍ അക്ബറും ഉമര്‍ ഖത്താബുമുണ്ട്…സിദ്ധീഖ്(റ)വിനോട് സലാം ചൊല്ലി ഉമര്‍(റ)വിന്റെ അടുത്തെത്തുമ്പോള്‍ എന്തോ മനസ്സ് വിറക്കുന്നു. ധീരകഥകളിലെ ആ നായകന്‍ ഇന്നും പൗരുഷത്തിന്റെ പ്രതീകമാണ്…ഉസ്മാന്‍ (റ)വിന്റെയും മറ്റു സഹാബാക്കളുടെയും സലാം ചൊല്ലി, പിന്നെ മടക്ക യാത്രയാണ്…മടക്കയാത്രയില്‍ പോരാട്ടവീര്യം നിറഞ്ഞനില്‍ക്കുന്ന ഉഹ്ദ് മലയും ധീരരക്തസാക്ഷി ഹംസത്ത്(റ)ന്‍റെ ഖബറിടവും കണ്ടു.
ഹൃദയം പറിച്ചെടുക്കുന്ന വേദനയുണ്ട് ഈ വിടവാങ്ങലിന്. വിലമതിക്കാനാവാത്ത നേട്ടവുമായാണ് മടങ്ങുന്നതെങ്കിലും ഈ വിരഹം സഹിക്കാനാവുന്നില്ല….കൊച്ചുകുട്ടിയെപോലെ പിന്നെയും പിന്നെയും കണ്ണുകള്‍ റൗളയിലേക്ക് പാഞ്ഞുപോവുകയാണറിയാതെ….
അല്ലാഹുവേ നിനക്ക് നന്ദി…കാണാന്‍ കൊതിച്ചതിനെ കാണിച്ചതിനും എന്റെ ഖല്‍ബ് നിറച്ചതിനും…

ഭൂമിയിലെ മഹാസൗഭാഗ്യം മനസ്സിലാവാഹിച്ചുകൊണ്ട് യാത്രയാകുന്നത് മക്കയുടെ പരിശുദ്ധിയിലേക്കാണ്…ഉച്ചയോടെ പുറപ്പെട്ട യാത്ര വെളുപ്പിന്  മീഖാത്തിലെത്തുന്നു, അവിടെ നിന്നാണ് ഇഹ്‌റാം വസ്ത്രമണിഞ്ഞത്…. രണ്ട് വെള്ളവസ്ത്രമണിഞ്ഞ് ലബ്ബയ്ക്ക ചൊല്ലുമ്പോള്‍ കരച്ചില്‍വന്നുപോയി.ലോകത്തിലെ ഭാഗ്യവാന്മാരെല്ലാം അണിഞ്ഞ അതേ വേഷം ഞാനുമണിയുകയാണ്…എന്നാല്‍ മക്കയിലേക്ക് കടക്കുന്നതിനു മുമ്പുള്ള ചെക്ക് പോസ്റ്റുകളില്‍ ഞങ്ങളെ തടഞ്ഞു.. ഹജ്ജിന്‍റെ തിരക്കുകള്‍ ആരംഭിച്ചതിനാല്‍ ഉംറ നിര്‍വഹിക്കാന്‍ സാധ്യമല്ല എന്നായിരുന്നു അവര്‍ പറയുന്നത്..എല്ലാവരും വിഷമത്തിലായി….ഞങ്ങള്‍ കേണപേക്ഷിച്ചു ..പക്ഷെ അവര്‍ കടത്തി വിട്ടില്ല. അവസാനം ഞങ്ങളുടെ ബസ്‌ ഡ്രൈവര്‍..വണ്ടി തിരിച്ചു വിട്ടു..ഏതെല്ലാമോ മലയിടുക്കുകളിലൂടെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ ആ ബസ്‌ ആടിയുലഞ്ഞു പോയി…ഇതിനിടയില്‍ ഞാന്‍ എന്റെ പ്രിയ ഉസ്താത് ആയ മുജീബ്‌റഹ്‌മാന്‍ ദാരിമിയെ വിളിച്ചു..അദ്ദേഹം നാട്ടില്‍ നിന്നും എല്ലാ വര്‍ഷയും ഹജ്ജ്‌ ഗ്രൂപ്പിന്റെ അമീറായി എത്തിച്ചേരാരുണ്ട്. ഒപ്പം എന്റെ ഉമ്മയുടെ സഹോദരനും ഭാര്യയും മക്കയില്‍ ഹജ്ജ്‌ കര്‍മ്മത്തിന് വേണ്ടി എത്തിയിരുന്നു അവരെയും ഞാന്‍ വിളിച്ചു പറഞ്ഞു…ഉസ്താദ് ഹറമില്‍ ചെന്ന് ദുആ ചെയ്തു..എല്ലാം ശരിയാകും എന്ന് എന്നെ ആശ്വസിപ്പിക്കുകയും ചെയ്തു…അങ്ങനെ ഞങ്ങള്‍ അവസാനത്തെ ചെക്ക്‌ പോസ്റ്റിലേക്ക് എത്തിച്ചേര്‍ന്നു..അവിടെ നിന്നും കടത്തി വിട്ടാല്‍ പിന്നെ രക്ഷപ്പെട്ടു..പല ഊടു വഴികളിലൂടെയും ആണ് അവിടെ വരെ എത്തിയത്..അപ്പോഴേക്കും നേരം വെളുത്തിരുന്നു..ആ ചെക്ക്‌ പോസ്റ്റില്‍ നിന്നും ഞങ്ങളെ പറഞ്ഞയച്ചു..പിന്നീട് അതിനു സമീപത്ത് കണ്ട പെട്രോള്‍ പമ്പില്‍ ബസ്‌ പാര്‍ക്ക് ചെയ്തു..അമീര്‍ ഓടി നടക്കുകയാണ്..അര മണിക്കൂറിനു ശേഷം മറ്റൊരു ബസ്‌ വന്നു ഞങ്ങളെ അതിലേക്കു മാറ്റി ..ഒരാള്‍ അമ്പതു റിയാല്‍ വീതം നല്‍കണം എന്നും മക്കയിലേക്ക് എത്തിച്ചു തരാം എന്നും പറഞ്ഞു..മക്കയിലേക്ക് എത്തുമെങ്കില്‍ അമ്പതല്ല നൂറു തരാം എന്നായി ഞങ്ങള്‍…. ആ ചെക്ക്‌ പോസ്റ്റിന്റെ സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന ആ ബസ്‌ ചെക്ക്‌ പോസ്റ്റു കടന്നു പോയപ്പോള്‍ സെക്യൂരിറ്റിക്കാര്‍ക്ക് സംശയം ഉണ്ടാകാതിരുന്നത് ഞങ്ങളുടെ ഭാഗ്യം..അവസാനം  പതിനൊന്നു മണിയോടെ മക്കയിലെത്തുന്നു…പിന്നെ ഈ ലോകമോ ലോകത്തിന്റെ നൂറുനൂറു കാര്യങ്ങളോ ഒന്നും മനസ്സിലില്ല….അല്ലാഹുവും ആഖിറവും മാത്രം ഉള്ളില്‍ നിറയുന്നു…ഹറമിന് സമീപത്ത് തന്നെയുള്ള റൂമില്‍ ബാഗ് വെച്ച് ഒരോട്ടമായിരുന്നു ആ പുണ്യ ഭവനത്തിലേക്ക്..

അല്ലാഹുവിന്റെ തിരുഭവനത്തിലാണ് ഞാനിപ്പോഴുള്ളത്, പശ്ചാത്തപിച്ചുമടങ്ങുന്നവനെയും പിന്നെയും പിന്നെയും ചോദിക്കുന്നവനേയുമാണെനിക്കിഷ്ടമെന്നു പറഞ്ഞ നാഥനോട് അവന്‍ ഏറ്റവും പവിത്രത കല്‍പ്പിച്ച ദിക്കില്‍ നിന്ന് ഞാന്‍ കേഴുകയാണ്, എത്രയോ നേരം കണ്ണുയര്‍ത്തി പ്രാര്‍ത്ഥിച്ചിട്ടും മടുപ്പുവരാതെ, സുജൂദിലങ്ങനെ കിടന്നിട്ടും മതിവരാതെ…യാ, അല്ലാഹ് എന്തൊരു സൗഭാഗ്യമാണിത്…ഇത് അനുഭവിക്കാന്‍ സാധിക്കാതെ പോകുന്നവന്‍ എത്ര ദൌര്‍ഭാഗ്യവാനാണ്.. യാത്രയിലുടനീളം കഅബയുടെ പെരുമയെക്കുറിച്ച് പറഞ്ഞുതന്ന അമീറിന്റെ വര്‍ണ്ണനകള്‍ക്കും വിവരണങ്ങള്‍ക്കും എത്രയോ അപ്പുറമാണിത്…വായിച്ചറിഞ്ഞതും പറഞ്ഞുകേട്ടതും ഒന്നുമല്ല…മക്കയും മദീനയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് തീരാ നഷ്ടം തന്നെയാണ്…

ഹറം കണ്ണില്‍ പതിഞ്ഞ നിമിഷമുണ്ടല്ലോ….അന്നേരം മനസ്സനുഭവിച്ച വികാരത്തെ വിവരിക്കാനേ കഴിയുന്നില്ല…കറുത്തവരും വെളുത്തവരുമായ മനുഷ്യര്‍ക്കൊപ്പം ഞാനും അതില്‍ അലിഞ്ഞുചേരുന്നു…തവാഫിനായി ഏഴു വട്ടം കഅബയെ വട്ടമിടുമ്പോള്‍ പുതിയ മനുഷ്യനായി മാറുകയാണ്…ചുറ്റിലും ഒരുപാട്‌പേരുണ്ട് അതൊരുപക്ഷേ ഇറാന്‍ പ്രസിഡണ്ട് അഹമ്മദ് നജാദോ ഈജിപ്തിന്റെ അധീപന്‍ മുഹമ്മദ് മുര്‍സിയോ സാക്ഷാല്‍ ഷഹീദ് അഫ്രീദിയോ എ.ആര്‍.റഹ്മാനോ ആരും ആവാം….പക്ഷെ ഇവിടെ ആരും ആരെയും ശ്രദ്ധിക്കുന്നില്ല, എല്ലാവരും തുല്യരാണ്…ആര്‍ക്കും ഇഹലോകത്തിന്റെ സുഖമോ അതിന്റെ വര്‍ത്തമാനമോ ഇല്ല…അല്ലാഹു എന്ന ലക്ഷ്യം മാത്രാണ് മനസ്സില്‍…

ഹാജറാബീവി കുഞ്ഞുമോന്‍ ഇസ്മായിലിന്റെ ദാഹമകറ്റാന്‍ ഓടിതളര്‍ന്ന സഫ മര്‍വ്വ കുന്നുകള്‍, അല്ലാഹ്, ഒടുവില്‍ ഞാനും ആ കുന്നു കയറുകയാണ്…സഫയെയും മര്‍വ്വയേയും മാറി മാറി തൊട്ടു ഞാന്‍…സ്വലാത്ത് കൊണ്ട്, അല്ലാഹുവിന്റെ നാമംകൊണ്ട് അഭിവാദ്യം ചെയ്തു. സംസം ഇന്നും വിസ്മയിപ്പിക്കുകയാണ്…ജീവിതത്തില്‍ ഓരോ അസ്വസ്ഥതകള്‍ വരുമ്പോഴും ആശ്വാസമായിരുന്ന സംസം…പനിവരുമ്പോള്‍, നേരിയൊരു ക്ഷീണമുണ്ടാകുമ്പോള്‍ ശരീരത്തിലാകെ തലോടി മോനെ ഇത് കുടിക്ക് എന്ന് പറഞ്ഞ് ഉമ്മ തരാറുള്ള സംസം…ഹജ്ജിന് പോയി മടങ്ങുന്നവരോടൊക്കെ കൈനീട്ടി വാങ്ങിയ സംസം ആ ദിവ്യ ഔഷധത്തിന്റെ അരുവികള്‍ക്കരികിലാണ് ഞാന്‍… എന്ത് ഉദ്ദേശത്തിലാണോ സംസം കുടിക്കുന്നത് അതിനുള്ള ഔഷധമാണത് എന്ന സത്യമുള്‍ക്കൊണ്ട് ഓരോരുത്തനും കോരികോരി കുടിക്കുന്നു…ഏറ്റവുമധികം ഈമാനുള്ളവന് ഏറ്റവുമധികം സംസം കുടിക്കാന്‍ പറ്റുമത്രെ…

ഹജറുല്‍ അസ്‌വദിനെ തൊട്ടുമുത്താന്‍ സാധിച്ചില്ല , കഅബാലയത്തിന്റെ കില്ലയില്‍ മുഖമമര്‍ത്തി അങ്ങനെ നിന്നനേരം…ചോദിക്കാന്‍ പറഞ്ഞനാഥനോട് എല്ലാം ചോദിക്കാന്‍ ശ്രമിക്കുമ്പോഴും ഈ ലോകത്തെ മറന്നുപോകുന്നു, ചോദ്യങ്ങളത്രയും പരലോക ജീവിതത്തെക്കുറിച്ച് മാത്രമാകുന്നു…അത് തന്നെയാണ് മക്കയുടെ വിസ്മയം….അവിടെയെത്തിയാല്‍ മറ്റെല്ലാം മറന്നുപോവുകയാണ്…നാടും വീടും ജീവിതസുഖവുമൊന്നും ഒരു വിഷയമേയല്ല…

അപ്പോഴും ദുആ കൊണ്ട് വസീയത്ത് ചെയ്തവരും ഉമ്മയും വാപ്പയുമെല്ലാം പ്രാര്‍ത്ഥനയില്‍ നിറയന്നു…ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും സ്‌നേഹവും കരുത്തുമായി നിന്നവര്‍ക്ക് ഉള്ളുരുകിയ പ്രാര്‍ത്ഥനയല്ലാതെ മറ്റെന്താണ് പകരം നല്‍കാനുള്ളത്…അതുകൊണ്ട് തന്നെ അവര്‍ക്കുവേണ്ടി ഒത്തിരിനേരം പ്രാര്‍ത്ഥിച്ചു…ആദ്യത്തെ ഉംറക്ക് ശേഷം ഞാന്‍ മുജീബ് ഉസ്താദിനെ തേടിപ്പിടിച്ചു….മരിച്ചു പോയ സഹോദരി ഭര്‍ത്താവിന്റെ ഉംറ ചെയ്യാന്‍ അദ്ധേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ തേടി..ഇഹ്റാം കെട്ടുന്നതിനും അദ്ദേഹം കൂടെ വന്നു..ഞാന്‍ ഉമ്മയുടെ സഹോദരനെയും ഭാര്യയെയും കണ്ടു..ഒപ്പം ഞങ്ങളുടെ നാട്ടുകാരും ഉണ്ടായിരുന്നു…പിന്നെ ഹിറാ ഗുഹ പോലെ ചരിത്രം ഉറങ്ങുന്ന മണ്ണിലേക്ക് ഞങ്ങള്‍ ഉസ്താതിന്റെ കൂടെ യാത്ര തിരിച്ചു..
എല്ലാം കഴിഞ്ഞ് വിടവാങ്ങലിന്റെ തവാഫ് ചെയ്യുമ്പോള്‍ മനസ്സിന് സങ്കടമാണ്…എല്ലാം തീര്‍ന്നുപോയല്ലോ എന്നൊരു ദു:ഖം …..അതേസമയം ഒരിക്കലെങ്കിലും ഇവിടെ എത്താനായല്ലോ എന്ന സന്തോഷവും.. ഓര്‍ക്കുന്തോറും ശരീരം മുഴുക്കെ രോമാഞ്ചമനുഭവപ്പെടുകയാണ്… എന്തില്ലെങ്കിലെന്ത്…മക്കയും മദീനയും കണ്ടല്ലോ…അതു മതി…. ഈ ജന്മം സഫലമാവാന്‍ അതു മതി…

ഇനി എന്റെ മനസ്സിന് അഭിമാനത്തോടെ പറയാം…ഇത് മക്കയും മദീനയും കണ്ട കണ്ണാണ്, ഇത് കഅബയുടെ കില്ല പിടിച്ച കയ്യാണ് …ഇത് ഹറമിന്റെ ചാരത്തിരുന്ന് മതിവരുവോളം സംസം കുടിച്ച വയറാണ്, തെറ്റിലേക്ക് നടന്നിട്ടുണ്ടാവാം പക്ഷെ, എന്റെ ഈ കാലുകള്‍ സഫ മര്‍വ്വ കുന്നുകള്‍ക്കിടയിലൂടെ സാഫല്ല്യത്തിന്റെ ഓട്ടമോടിയ കാലാണ്…റസൂലിന്റെ മിമ്പറിനും പുണ്യറൗളക്കുമരികില്‍ സ്വര്‍ഗ്ഗത്തിന്റെ മണമുള്ള ദിക്കിലിരുന്ന് ഞാന്‍ നിസ്‌ക്കരിച്ചിട്ടുണ്ട്, ഇത്തിരിനിമിഷമല്ല ഒത്തിരി നേരം ഞാനവിടെയിരുന്ന് പ്രാര്‍ത്ഥിച്ചിചട്ടുണ്ട്, അസലാമു അലൈക്കും യാ റസൂലല്ലാഹ് എന്ന് പിന്നെയും പിന്നെയും സലാം ചൊല്ലിയിട്ടുണ്ട് ഞാന്‍…

പറഞ്ഞുമുഴുപ്പിക്കാനാവാതെ, എഴുതിപൊലിപ്പിക്കാനാവാതെ ഞാന്‍ പിന്മാറുന്നു, സത്യം പറഞ്ഞറിയിക്കാനുള്ളതല്ല, ഇത് സ്വയം അനുഭവിച്ച് തീര്‍ക്കാനുള്ളതാണ്… ആ പ്രാര്‍ത്ഥന ഇപ്പോഴും ബാക്കിയുണ്ട് അല്ലാഹ്, ഇത് മക്കയിലേക്കും മദീനയിലേക്കുമുള്ള എന്റെ അവസാന യാത്രയാക്കല്ലേ അല്ലാഹ്..എന്ന്..സര്‍വ്വ ശക്തന്‍ ആ പ്രാര്‍ത്ഥന സ്വീകരിക്കുന്നു..അല്‍ഹംദുലില്ലാഹ് രണ്ടാമതും മക്കയിലെക്കും മദീനയിലെക്കും പോയി..ഇനിയും ഇന്ഷാഅല്ലഹ് ..ആ പുണ്യ ഭവനങ്ങളില്‍ എത്തിച്ചേരും…നാഥന്‍ കനിയട്ടെ…ആമീന്‍…

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter