സ്ത്രീവസ്ത്ര ധാരണ: തിരുത്തപ്പെടേണ്ട ധാരണകള്‍

അടിസ്ഥാനപരമായി വസ്ത്ര ധാരണകൊണ്ട് ലക്ഷ്യമിടുന്നത് അഞ്ച് കാര്യങ്ങളാണ്. സംരക്ഷണം, അലങ്കാരം, തിരിച്ചറിയല്‍, മാന്യത, സ്ഥാനപ്രകടനം. അലങ്കാരവും അതോടൊപ്പം മാന്യതയുടെ പ്രകടനവുമമായ വസ്ത്രധാരണത്തിലൂടെ ഒരാളുടെ വ്യക്തിത്വവും  ജീവിത നിലവാരവും ഒരു പരിധിവരെ മനസ്സിലാക്കാന്‍ കഴിയും. സര്‍വ്വോപരി വസ്ത്രം കാലാവസ്ഥയില്‍ നിന്നും പരിസ്ഥിതിയില്‍ നിന്നും മനുഷ്യന് രക്ഷാകവചമാണ്. മാന്യമായ വസ്ത്രം ധരിക്കുക എന്നത് സമൂഹജീവിയായ മനുഷ്യന്റെ സാമൂഹിക ബാധ്യതയാണ്. കാലവും ദേശവും കലാവസ്ഥയും സാമൂഹിക ചുറ്റുപാടും വസ്ത്രധാരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളായതിനാല്‍ ഇവയെല്ലാം അനുസരിച്ച് ആളുകളുടെ വസ്ത്രധാരണ രീതി മാറിക്കൊണ്ടിരിക്കും. ലോകത്തിന്റെ വിവധ ഭാഗങ്ങളിലുള്ള ജനങ്ങളുമായി മനുഷ്യന്‍ പരസ്പരം ഇടപഴകുന്നതിലൂടെ ജീവിത രീതികളുടെയും ആശയങ്ങളുടെയും കൊള്ളക്കൊടുക്കലുകള്‍ സ്വാഭാവികമാണ്. അത് ഇന്നത്തെ വസ്ത്രധാരണത്തിലും പ്രകടമാണ്.

വ്യക്തിത്വത്തിന്റെ ഭാഗമായ വസ്ത്രധാരണരീതി തെരഞ്ഞെടുക്കാന്‍ ഓരോ മനുഷ്യനും സ്വാതന്ത്ര്യവും അവകാശവുമുണ്ട്. സഭ്യമായ ഏതിനെയും അംഗീകരിച്ചുകൊടുക്കുക എന്നത് ഇതരരുടെയും ബാധ്യതയാണ്. ശരീരം മുഴുവന്‍  മറക്കാനുള്ള അവകാശവും ഇതുപോലെ വകവെച്ചുകൊടുക്കേണ്ടത് തന്നെയാണ്. എന്നാല്‍ മുസ്‌ലിം സ്ത്രീകളുടെ പര്‍ദ്ദ കാണുമ്പോള്‍ മാത്രം ചിലര്‍ക്ക് ശ്വാസം മുട്ടുന്നത് അവരെ ബാധിച്ച മാനസികരോഗമായേ കാണാനാവൂ.
ഇന്നതെ ഫാഷന്‍ സ്ത്രീകളുടെ വസ്ത്ര സങ്കല്‍പ്പത്തിന്റെ രീതിയെയും അളവിനെയുമാണ് പ്രധാനമായും ബാധിക്കുന്നത്. ഇതിനിടയില്‍ ചില സ്ത്രീകളെങ്കിലും തങ്ങളുടെ ശരീരം ഒരു പ്രദര്‍ശന വസ്തുവല്ലെന്ന് തിരിച്ചറിഞ്ഞ് പൂര്‍ണ്ണമായും മറക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ അവരുടെ വ്യക്തി സ്വാതന്ത്ര്യവും വകവെച്ച് കൊടുക്കേണ്ടതല്ലേ? അതല്ലേ സാമൂഹിക നീതി? അത് മതവിശ്വാസത്തിന്റെ ഭാഗമായത് കൊണ്ട് മാത്രം എന്തിന് ഇത്രയധികം വിമര്‍ശന വിധേയമാക്കണം? വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള മതാധികാരത്തിന്റെ കടന്നുകയറ്റമാണെന്ന് വിലപിക്കുന്നവര്‍ മനസ്സിലാക്കേണ്ടത്, മതം പോലും ഓരോരുത്തരും തെരഞ്ഞെടുക്കുന്നത് സ്വേഷ്ടപ്രകാരമാണ്. അത് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പിന്നെ, അതിലെ നിയമങ്ങള്‍ പാലിക്കുന്നതും അവരുടെ ഇഷ്ടം മാത്രം. ബുദ്ധിയും വിവരവും വിവേകവുമുള്ള പലരും, പുരുഷരുടെ കാമക്കണ്ണുകളില്‍നിന്ന് രക്ഷ നേടാനായി, മതത്തിന് അതീതമായി പോലും ഈ വസ്ത്ര ധാരണ രീതി തെരഞ്ഞെടുക്കുന്നുണ്ട് എന്ന് കൂടി ഇവിടെ കൂട്ടി വായിക്കേണ്ടിയിരിക്കുന്നു. ഇതിലൂടെ മതം ലക്ഷ്യം വെക്കുന്നതും സമ്പൂര്‍ണ്ണ രക്ഷാകവചമൊരുക്കുക എന്നത് തന്നെ. പിഞ്ചുകുഞ്ഞിനെ പോലും കാമവെറിയോടെ നോക്കിക്കാണുന്ന ഈ കാലഘട്ടത്തില്‍ ശാരീരിക സൗന്ദര്യം തുറന്നു കാണിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്നും അത് മറച്ച് പിടിക്കുന്നതിലാണ് മാന്യതയും കുലീനതയുമെന്ന് ആര്‍ക്കാണ് അറിയാത്തത്.
അതേ സമയം തുറന്ന് കാട്ടലാണ് സ്വാതന്ത്ര്യം എന്ന് പ്രഖ്യാപിച്ച് ഈ തെറ്റിദ്ധാരണയുടെ മറവില്‍ പെണ്ണുടലിനെ വില്‍പ്പനച്ചരക്കാക്കി മാറ്റുന്ന കമ്പോള സംസ്‌കാരത്തെ കാണാതെ പോവുകയോ, കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്നുമുണ്ട് ഇവിടെ. 'ആധുനികം' എന്ന ഓമനപ്പേരോട് കൂടി വിപണിയില്‍ പുറത്തിറങ്ങുന്ന വസ്ത്രങ്ങള്‍ മിക്കതും സ്ത്രീകളുടെ ശരീരം മറക്കുന്ന രീതിയിലുള്ളതല്ല. ആധുനികരാകണമെങ്കില്‍ ഇത്തരം അല്‍പ വസ്ത്രധാരികളാകണമെന്ന അഥമ ചിന്ത കമ്പോളം ഉണ്ടാക്കി വെച്ചത് അവരുടെ ലാഭത്തിന് വേണ്ടിയാണന്നതിന്റെ തെളിവാണല്ലോ ‘bare knee bull market' പോലുള്ള സിദ്ധാന്തങ്ങള്‍. 
പ്രൊഫഷണലിസത്തിന്റെ പേരില്‍ സ്ത്രീകള്‍ കാല്‍മുട്ടിന് താഴെ തുറന്നിടാന്‍ വിധിക്കപ്പെടുകയും യുവത്വത്തിന്റെ പ്രസരിപ്പ് പോലും വിപണതന്ത്രമായി ഉപയോഗപ്പെടുത്തുന്നത് നമ്മുടെ സമൂഹം അംഗീകരിക്കുകയും അതിലുപരി ആസ്വദിക്കുകയും ചെയ്യുന്നുവെന്നത് എത്ര സങ്കടകരമാണ്. കമ്പോളം പടച്ചുവിടുന്ന സ്‌ക്രീനുകളില്‍ മിന്നിത്തിളങ്ങുന്ന ജീവിതരീതിയും സൗന്ദര്യ സങ്കല്‍പ്പങ്ങളുമാണ് യഥാത്ഥത്തില്‍ സ്ത്രീകളെ അടിമകളാക്കുന്നത്.
സൗന്ദര്യബോധത്തെയും സൗന്ദര്യ സങ്കല്‍പ്പത്തെയും അംഗീകരിക്കുകയും അത് വ്യക്തിത്വത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. എന്നാല്‍ അതേസമയം, സൗന്ദര്യപ്രദര്‍ശനമല്ല സ്വാതന്ത്ര്യം എന്ന് വിശ്വസിക്കുന്നവരെ അസ്വതന്ത്രരും അപരിഷ്കൃതരുമായി മുദ്രകുത്തുകയും കമ്പോള സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ വഞ്ചിതരാവുന്നവരെ സ്വതന്ത്രരും പരിഷ്‌കൃതരുമായി വാഴ്ത്തുകയും ചെയ്യുന്നത് മൌഢ്യമാണ്, അതിലുപരി അന്ധമായ എതിര്‍പ്പിന്റെ സൃഷ്ടിയാണെന്നേ പറയാനൊക്കൂ.
വ്യക്തി സ്വാതന്ത്ര്യം എന്നത് ഓരോരുത്തര്‍ക്കും അവര്‍ക്ക് ശരിയാണെന്ന് ബോധ്യമുള്ള ജീവിത രീതി തെരഞ്ഞെടുക്കാനുള്ളത് കൂടിയാവണം. വെവിധ്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് ചില പ്രത്യയ ശാസ്ത്രങ്ങളെ മാത്രം അന്ധമായി വിമര്‍ശിക്കുന്നതിന് പിന്നില്‍, അവര്‍ ധരിച്ച മഞ്ഞക്കണ്ണടകളാണെന്നേ പറയാനൊക്കൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter