മെയ് 31; ലോക പുകയില വിരുദ്ധദിനം
ഇന്ന് ലോക പുകയില വിരുദ്ധദിനം. കൊല്ലംതോറും മേയ് മാസത്തിലെ അവസാന തീയതി പുകയില വിരുദ്ധദിനമായി ലോകമെമ്പാടും ആചരിക്കുന്നു. എന്നിട്ടും ഓരോ വര്‍ഷവും പുകയില ഉപയോഗ്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. പലവിധ കാരണങ്ങളാണ് പുകയില ഉപയോക്താക്കളെ ഉണ്ടാക്കുന്നത്. കൌമാര കാലത്തെ കൂട്ടുകെട്ട് ഒരു കാരണമാണ്. അതുവഴി വലിച്ചു തുടങ്ങുന്നവരുണ്ട്. അത് പിന്നെ സ്വന്തം ശീലമാകുന്നവരും. മാതാപിതാക്കള്‍ വലിക്കുന്നവരായത് കാരണം പുകയില ഉപയോഗം തുടങ്ങുന്ന കുട്ടികളുണ്ട്. അത്തരത്തില്‍ ദിനേശ്ബീഡി വലിച്ചു തുടങ്ങി ഇപ്പോള്‍ അത്യാവശ്യം നല്ല വലിക്കാരനായി മാറിയ ഒരു സുഹൃത്തുണ്ട് ഈ കുറിപ്പുകാരന്. സ്ഥിര വരുമാനത്തിന്‍റെ പത്ത് ശതമാനത്തോളം അന്നന്നത്തെ വലിക്ക് തന്നെ ചെലവാക്കുന്ന വളരെ സാധാരണക്കാരനായ ഒരു ഓട്ടോഡ്രൈവറെ പരിചയപ്പെട്ടത് ഈയിടെയാണ്. ‘രാത്രിയോട്ടമാ’ണ് ഇത്രയും കടുത്ത ഒരു വലിക്കാരനാക്കി തന്നെ മാറ്റിയതെന്ന് അയാള്‍ പറഞ്ഞു. തന്‍റെ ജോലിപശ്ചാത്തലമാണിവിടെ പുകയില ഉപയോക്താവിനെ ഉണ്ടാക്കിയത്. കൌമാര കാലത്താണ് പൊതുവെ ആണ്‍ കുട്ടികളില് ‍ഈ ശീലം വളരുന്നത്. ‘ഒരു പഫ് എടുക്കുന്നതിന് എന്താടോ കുഴപ്പമെന്ന്’ പലപ്പോഴായി സുഹൃത്തുക്കള് ‍ചോദിച്ചിട്ടുണ്ട്. സൌഹൃദത്തിന്‍റെ പേരിലായിരുന്നു അതെന്ന് മാത്രം. പലപ്പോഴും ഇവരെ സംബന്ധിച്ചിടത്തോളം സൌഹൃദവലയത്തിനു പറുത്തുള്ള മറ്റുള്ളവര്‍ ഈ ശീലം കാണുന്നത് കുറച്ചിലായിരിക്കും, ആദ്യമൊക്കെ. അത് കൊണ്ട് തന്നെ പരമാവധി ആരും കാണാതെയാണ് ഇവര് ശീലം തുടരുക. സ്വകാര്യമായിട്ടാണ് എന്നതിനാല്‍ പലപ്പോഴും ഇത്തരക്കാര്‍ക്ക്ചില ‘കോഡുഭാഷ’കള്‍ വരെ കാണും. എന്നാല്‍ കൌമാരപ്രായത്തിലെത്തിയ ചിലര്‍ക്കിത് താനൊരു ആണായി എന്ന് തെളിയിക്കാനുള്ള മാര്‍ഗം കൂടിയാണ്. പുറത്ത് കാമ്പസില്‍ പഠിച്ചു കൊണ്ടിരിക്കെ ഇങ്ങനെ ആണത്തം കാണിക്കാനായി വിളിച്ചു വരുത്തി നമ്മുടെ മുന്നില്‍ നിന്ന് വലിച്ചിരുന്നവരെയും നേരിട്ട് കണ്ടിട്ടുണ്ട്. പില്‍ക്കാലത്ത് ഈ രണ്ടു വിഭാഗവും അതിന് അഡിക്ട് ആയി മാറുന്നുവെന്നത് വേറെ കാര്യം. ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ ലോകാരോഗ്യ സംഘടനയുടെ 2013 ലെ കണക്കനുസരിച്ച് 6 മില്യന്‍ ജനങ്ങളാണ് ഓരോ വര്‍ഷവും പുകയില ഉപയോഗം കാരണമായി മരണപ്പെടുന്നത്. ഇതില്‍ 6 ലക്ഷം പേരും മറ്റുള്ളവര്‍ വലിച്ചു വിടുന്ന പുക കാരണം രോഗം വന്ന് മരിക്കുന്നവരാണത്രെ. ആഗോള തലത്തില്‍ തന്നെ 40 ശതമാനം കുട്ടികളുടെയും ഒരു രക്ഷിതാവെങ്കിലും പുകവലിക്കാരനാണ് എന്ന് നാം ഇതിനോട് ചേര്‍ത്തുവായിക്കണം. 2030 ആകുമ്പോഴേക്ക് വര്‍ഷം തോറും മരിക്കുന്നവരുടെ എണ്ണം 8 മില്യനെങ്കിലും ആകുമെന്നും റിപ്പോര്‍ട്ട് തുടരുന്നു. ഓരോ ആറ് സെകന്‍റിലും ചുരുങ്ങിയത് ഒരാളെന്ന തോതില്‍ പുകയില കാരണമായി ലോകത്ത് മരണം നടക്കുന്നു. ലോകത്തെ 80 ശതമാനം പുകയില ഉപയോഗക്കാരും താഴ്ന്ന-മധ്യ വരുമാനരാജ്യങ്ങളിലുള്ളവരാണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില് ‍പുകയില ഉപയോഗം കുറയുമ്പോഴും ആഗോളതലത്തില്‍ ഇതിന്‍റെ ഉപയോഗ നിരക്ക് കൂടിക്കൊണ്ടിരിക്കുക തന്നെയാണ്. അല്‍‌പം ശാസ്ത്രീയമായി ശാസ്ത്രീയമായി പറയുകയാണെങ്കില്‍ പുകയിലയില്‍ അടങ്ങിയ നിക്കോട്ടിന്‍ എന്ന രാസവസ്തു 'കോണ്‍ടാക്ട് പോയ്‌സണ്‍സ്' വിഭാഗത്തില്‍പെടുന്ന വിഷമാണ്. പുകയില പുകയുമ്പോള്‍ വമിക്കുന്ന വാതകങ്ങള്‍ വിഷം കലര്‍ന്നവയാണ്. ആമാശയത്തിലെയും കുടലിലെയും പുണ്ണുകള്‍, രക്തധമനിക്കും മറ്റുനാഡിക്കും ക്ഷതങ്ങള്‍, ഹൃദ്രോഗം, തലച്ചോറിന്റെ ക്ഷതങ്ങള്‍, നേത്രരോഗങ്ങള്‍, ശ്വാസകോശമടക്കം വിവിധ അവയവങ്ങളില്‍ കാണപ്പെടുന്ന അര്‍ബുദങ്ങള്‍ തുടങ്ങിയ വിവിധയിനം രോഗങ്ങള്‍ പുകയില ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്നു. പുകവലിയുടെ പ്രശ്നങ്ങളെ കുറിച്ച് അറിയാത്തവരല്ല ആരും. അത് വലിക്കുന്നവര്‍ക്കും അതിനെ കുറിച്ച് നന്നായി അറിയാം. പക്ഷെ എന്നിട്ടും അവര്‍ക്ക് ആ ശീലം ഉപേക്ഷിക്കാനാകുന്നില്ല. എന്തുകൊണ്ട്. പുകവലി ശീലമാക്കിയാല്‍ അതിലെ നിക്കോട്ടിന്‍ ഒരാളുടെ തലച്ചോറിനെ ഘടനാപരവും പ്രവര്‍ത്തനപരവുമായ മാറ്റങ്ങള്‍ക്കു വിധേയമാക്കുന്നു. നാഡീവ്യവസ്ഥയെ മുഴുവനായും ഈ മാറ്റങ്ങള്‍ ബാധിക്കുന്നു. പിന്നീട് പുകവലി നിറുത്താന്‍ ശ്രമിക്കുമ്പോള്‍ തലച്ചോറിനും മറ്റു ശരീരഭാഗങ്ങള്‍ക്കും പഴയ അവസ്ഥയിലേക്ക് മടങ്ങിവന്ന് അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതിനാല്‍ പുകവലിയുടെ ദോഷഫലങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്‍മാരാണെങ്കിലും പലപ്പോഴും പലരും ആ ശീലം ഉപേക്ഷിക്കുന്നതില്‍ തോറ്റുപോകുന്നു. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ മറ്റുള്ളവരെ കൂടി ഇത്തരം പ്രശ്നങ്ങള്‍ക്ക് അടിമകളാക്കുകയാണ്. ‘പാസീവ് സ്മോക്കിങ്ങ്’ എന്നാണ് ശാസ്ത്രം ഇതിനെ വിളിക്കുന്നത്. മറ്റൊരുത്തന്‍ വലിച്ചു വിടുന്ന പുക നാം വലിക്കുന്ന രീതിയാണിത്. അന്തരീക്ഷത്തില്‍ പടരുന്ന പുക, പുകവലിക്കാത്തവരും ശ്വസിക്കാന്‍ നിര്‍ബന്ധിതരാവുന്നതിനാല്‍ പുക വലിച്ചുകൊണ്ടിരിക്കുന്നവര്‍ തങ്ങളുടെ സമീപത്തുള്ള പുകവലിക്കാത്തവരേയും കഷ്ടപ്പെടുത്തുന്നുണ്ട്. ഒരു വയസ്സിന് താഴെയുള്ള കുട്ടികള്‍ പലപ്പോഴും ഉറ്റവരുടെ പുകവലി കൊണ്ട് കഷ്ടപ്പെടേണ്ടിവരും. കുഞ്ഞുങ്ങളുടെ സമീപത്ത് നിന്ന് പുകവലിച്ചാല്‍ പുക ശ്വസിച്ച് വളരുന്ന കുട്ടികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത മറ്റു കുട്ടികളെ അപേക്ഷിച്ച് നാലിരട്ടിയായിരിക്കുമെന്ന് വരെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പുകയിലയും കാന്‍സറും  width=പുകയിലയിലും അത് പുകയുമ്പോള്‍ വമിക്കുന്ന വാതകങ്ങളിലും കാന്‍സര്‍ ബാധക്ക് സാധ്യതയുള്ള പദാര്‍ഥങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പുകയിലയില്‍ അടങ്ങിയ അറിയപ്പെടുന്ന രാസവസ്തുവായ നിക്കോട്ടിന്റെ സ്‌പര്‍ശമേറ്റാല്‍ തളരാത്ത ഒരൊറ്റ കോശം പോലും മനുഷ്യ ശരീരത്തില്‍ ഇല്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്താകെ ക്യാന്‍സര്‍മൂലം മരണമടയുന്നവരില്‍ ഭൂരിഭാഗവും പുകയില ശീലമാക്കിയവരാണെന്ന്‌ ലോകാരോഗ്യസംഘടനയുടെ ക്യാന്‍സര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പലതരം പുകയിലച്ചെടികളുണ്ടെങ്കിലും പ്രധാനമായും നിക്കോട്ടിയാനാ റ്റബാകം (Niocotiana tabaccum) എന്ന ശാസ്‌ത്രീയനാമമുള്ള ചെടിയുടെ മുഴുവന്‍ ഭാഗങ്ങളോ, ഇല മാത്രമായോ പലതരത്തിലുള്ള ഉപഭോഗ വസ്‌തുക്കളായി രൂപം പ്രാപിക്കുന്നു. പുകരൂപത്തില്‍ ഉപയോഗിക്കുന്നവയും (സിഗരറ്റ്‌, ബീഡി) പുകരൂപത്തില്ലാതെ ഉപയോഗിക്കുന്നവയും ഉണ്ട്‌. പുകരൂപത്തിലല്ലാത്തവയില്‍ റ്റുബാക്കോ ഓറല്‍ സ്റ്റഫും (മൂക്കില്‍പ്പൊടി, പാന്‍പരാഗ്‌), ച്യൂയിംഗ്‌ റ്റുബാക്കോയും (പാന്‍മസാല, ഗുഡ്‌ക) ഉള്‍പ്പെടുന്നു. 4000 ത്തോളം രാസപദാര്‍ത്ഥങ്ങള്‍ പുകയിലയുടെ പുകയില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ 250 എണ്ണവും മാരകമാണെന്ന് ശാസ്ത്രീയമായി ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നു മാത്രമല്ല, അവയയിലെ 50 ഓളം പദാര്‍ഥങ്ങള്‍ കാന്‍സറിന് കാരണമാകുന്നവയാണെന്നും പഠനം തെളിയിക്കുന്നു. ഒരു സിഗരറ്റില്‍ 0.1 - 2 മി.ഗ്രാം എന്ന തോതില്‍ നിക്കോട്ടിന്‍ എന്ന രാസപദാര്‍ത്ഥവും അതിന്റെ പുകയില്‍ പലതരം പോളിസൈക്ലിക്‌ ആരോമാറ്റിക്‌ ഹൈഡ്രോ കാര്‍ബണു (Polycyclic Aromatic Hydrocarbons)കളും അടങ്ങിയിരിക്കുന്നു. ഇവയെല്ലാംകൂടി സമ്മിശ്രമായി ക്യാന്‍സറിനുള്ള എല്ലാ സാദ്ധ്യതയും ഒരുക്കുന്നു. കൂടാതെ രക്തചംക്രമണ വ്യവസ്ഥയേയും (cardio vascular system) ശ്വാസകോശത്തേയും പലതരത്തില്‍ ഇവ ബാധിക്കുന്നു. ശ്വാസകോശത്തിനുണ്ടാവുന്ന ക്യാന്‍സര്‍ ആണ്‌ പ്രധാനമെങ്കിലും വായ, തൊണ്ട, അന്നനാളം, പാന്‍ക്രിയാസ്‌, വൃക്ക, മൂത്രാശയം ഇവയൊക്കെ ക്യാന്‍സറിനടിമ പ്പെടാനുള്ള സാധ്യതകളേറെയാണ്‌. ക്യന്‍സറിനുപുറമെ, കൂടിയ ഹൃദയമിടിപ്പ്‌, രക്തക്കുഴലുകളുടെ വ്യാസം കുറയല്‍, അതുമൂലമുള്ള കൂടിയ രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഓക്‌സിജന്റെ കുറഞ്ഞ അളവ്‌, ഫാറ്റി ആസിഡുകള്‍-ഗ്ലൂക്കോസ്- ഹോര്‍മോണുകള്‍ എന്നിവയുടെ കൂടിയ അളവ്‌, രക്തം കട്ടപിടിക്കാനുള്ള സാധ്യത (തുടര്‍ന്ന്‌ ഹൃദയാഘാതാവും പക്ഷാഘാതവും- stroke), മലബന്ധം ഇവയൊക്കെ ഉണ്ടാകാം. പുക ഏല്‍ക്കാനിടയാകുന്നതുമൂലം അലര്‍ജി ഉണ്ടാകുവാനും അത്‌ ആസ്‌തമയായിത്തീരുവാനും സാധ്യതകളേറെയാണ്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ പുകവലിക്കുന്നതും പുക ഏല്‍ക്കാനിടയാകുന്നതും ഗര്‍ഭഛിദ്രം, കാലം തികയും മുമ്പേയുള്ള പ്രസവം (premature delivery), കുട്ടിക്ക്‌ തൂക്കം കുറവ്‌ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്‌. മന്‍ഹര്‍ യു.പി കടപ്പാട്: ബ്ലോഗുകള്‍- ചേതസ്സ്, മരുന്നറിവ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter