കുട്ടികളുടെ ഓരോ ദിവസവും എങ്ങനെയാവണം?

കുട്ടികളുടെ കാര്യത്തില്‍ അവരുടെ മാതാപിതാക്കള്‍ക്കുള്ളിടത്തോളം ഉത്തരവാദിത്വം ലോകത്തില്‍ മറ്റാര്‍ക്കുമില്ല. മക്കള്‍ക്ക് മനുഷ്യോചിതമായി വളര്‍ന്നുവരാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാനുള്ള ചുമതല മാതാപിതാക്കള്‍ക്കുതന്നെയാണ്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ആരോഗ്യത്തിലും കഴിവിലും മികവുപ്രകടിപ്പിക്കുന്ന പൂര്‍ണവ്യക്തിയായിത്തീരാന്‍ കുട്ടിയെ എല്ലാ രീതിയിലും സഹായിക്കുക എന്നതാണ് മാതാപിതാക്കളുടെ പ്രധാനകര്‍ത്തവ്യം. ശാരീരിക വളര്‍ച്ചക്കൊപ്പം മാനസികവും വൈകാരികവും ബുദ്ധിപരവും മതപരവുമായ വളര്‍ച്ചയിലും വികാസത്തിലും മാതാപിതാക്കള്‍ ശ്രദ്ധിച്ചേ മതിയാകൂ. കുട്ടികള്‍ അത് നേടിയെടുക്കുന്നത് കളികളിലൂടെയും വിദ്യാഭ്യാസത്തിലൂടെയുമാണ്. ഇവിടെ അവര്‍ക്ക് ക്രമമായതും ചിട്ടയായതുമായ ജീവിതചര്യ ആവശ്യമാണ്. അത് ഒരുക്കിക്കൊടുക്കാനുള്ള ബാദ്ധ്യതയും മാതാപിതാക്കള്‍ക്കുതന്നെ.

നോക്കൂ... പ്രകൃതിയെ ഒന്നു നിരീക്ഷിച്ചാല്‍ എവിടെയും ഒരു ക്രമവും ക്രമീകരണവും കാണാന്‍ കഴിയും. രാവും പകലും മാറിമാറി വരുന്നു. വേനലും വര്‍ഷവും മഞ്ഞും കാറ്റും വെയിലും ക്രമം തെറ്റാതെ വന്നുപോകുന്നു. നേരം പുലരുമ്പോള്‍ പക്ഷികളും മൃഗങ്ങളും സജീവമാകുന്നു. അവ ഇര തേടുന്നു. രാത്രിയാകുമ്പോള്‍ പക്ഷികള്‍ ചേക്കേറുന്നു. മൃഗങ്ങള്‍ തീറ്റി മതിയാക്കി വാസസ്ഥാനത്തെത്തുന്നു. അവയ്ക്ക് യാതൊരു അല്ലലും അനാവശ്യ ചിന്തകളുമില്ല. എല്ലാം ക്രമമായും പതിവായും നടക്കുന്നു. എന്നാല്‍ വിവരവും വിശേഷബുദ്ധിയുമുള്ള നാം മനുഷ്യര്‍ക്ക് ഈ ജീവിതക്രമവും സമയനിഷ്ഠയും ആവശ്യമല്ലേ? നമ്മുടെ പ്രതീക്ഷയും നാടിന്റെ സമ്പത്തുമായ മക്കള്‍ക്കും വേണ്ടേ ഇതൊക്കെ? വേണം. എങ്കിലേ അവര്‍ക്ക് ജീവിതത്തില്‍ വിജയിക്കാനാകൂ.

കൃത്യനിഷ്ഠയോടുകൂടിയ ദിനചര്യ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്താണ് ദിനചര്യ എന്നതുകൊണ്ടുദ്ദേശിക്കുന്നത്? ഒരു ദിവസത്തിലെ ഓരോ മണിക്കൂറിലും എന്തുചെയ്യണമെന്ന് കൃത്യമായ പ്ലാന്‍ ആണ് ദിനചര്യ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. കുട്ടികളില്‍ ഈ ദിനചര്യ ക്രമപ്പെടുത്തിയെടുക്കുകയാണെങ്കില്‍ അതിന് പല ഗുണങ്ങളുമുണ്ട്. ഒന്നാമത്, സമയം അവര്‍ എങ്ങനെ വിനിയോഗിക്കുന്നു എന്ന് കണ്ടെത്താന്‍ അവരെയും നമ്മെയും സഹായിക്കുന്നു. രണ്ടാമത്, ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്തുതീര്‍ക്കാനവര്‍ക്കു കഴിയുന്നു.

നമ്മുടെ കുടുംബങ്ങളില്‍ മിക്ക കുട്ടികള്‍ക്കും ദിനചര്യയില്‍ കൃത്യതയും സ്ഥിരതയും പഠനത്തിനും കളിക്കും മറ്റു കാര്യങ്ങള്‍ക്കും ഒരു ടൈംടേബിളും ഇല്ല എന്നുവേണം പറയാന്‍. ആകെയുള്ളതാവട്ടെ പഠനത്തില്‍ മാത്രമായുള്ള ടൈംടേബിളാണ്. ഇത് പലപ്പോഴും പ്രതികൂല പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ഇവിടെ മാതാപിതാക്കള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, കുട്ടികള്‍ക്ക് പഠനം മാത്രം പോര, കളിക്കാനുള്ള സമയവും ഉല്ലസിക്കാനുള്ള സാഹചര്യവും മതപരമായ കാര്യങ്ങള്‍ പഠിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സൗകര്യങ്ങളും വേണം. എങ്കിലേ അവരില്‍ വ്യക്തിത്വവികാസമുണ്ടാകൂ. അവരില്‍ ധാര്‍മ്മിക ചിന്തയും മൂല്യങ്ങളുമുണ്ടാകൂ.

പാഠപ്‌സുതകങ്ങളിലെ പഠനം കുട്ടികളില്‍ ബൗദ്ധിക വികാസമാണുണ്ടാക്കുന്നതെങ്കില്‍ കളികള്‍ അവരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികാസത്തെ ത്വരിതപ്പെടുത്തുന്നു. അതുപോലെതന്നെ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം അവര്‍ക്ക് ആത്മീയ വിദ്യാഭ്യാസവും (മത വിദ്യാഭ്യാസം) ആവശ്യമാണ്. ഒരു പക്ഷിക്ക് രണ്ടു ചിറകുകളും ഒരുപോലെ ആരോഗ്യകരമായെങ്കിലേ പറക്കാന്‍ സഹായകമാകൂ എന്നതുപോലെ ഭൗതിക- മതപരമായ വിദ്യാഭ്യാസച്ചിറകുകള്‍ രണ്ടും ഒരേതരത്തിലും ആരോഗ്യത്തിലും വികസിച്ചെങ്കില്‍ മാത്രമേ പറക്കാനും വിജയം കൈവരിക്കാനും കഴിയുകയുള്ളൂ. അതുകൊണ്ട് അതിനനുസരിച്ചായിരിക്കണം കുട്ടികളുടെ ദിനചര്യ ക്രമപ്പെടുത്തേണ്ടത്. അവരുടെ ഓരോ ദിവസവും ഏതുതരത്തില്‍ എങ്ങനെയൊക്കെ ക്രമപ്പെടുത്താമെന്ന് മനസ്സിലാക്കി പ്രവര്‍ത്തിക്കണം.

ഇന്നു മുതല്‍ കുട്ടികളെ ശരിയായ ദിനചര്യ ശീലിക്കാന്‍ പ്രേരിപ്പിക്കുക. ഒരു ദിവസത്തില്‍ ഓരോ പ്രവര്‍ത്തനത്തിനുമായി കുട്ടികള്‍ ചെലവഴിക്കുന്ന സമയമെത്ര? പഠനത്തിനും അത്യാവശ്യകാര്യങ്ങള്‍ക്കുമായി ചെലവാക്കുന്ന സമയത്തില്‍ ബാക്കി സമയം അവര്‍ എന്തുചെയ്യുന്നു എന്നൊക്കെ വിശകലനം ചെയ്തശേഷം ശരിയായ ഒരു ദിനചര്യയും ടൈംടേബിളും ഉണ്ടാക്കിക്കൊടുക്കുക. ഇതില്‍ പഠനം, കളി, വിശ്രമം, ഉറക്കം, പ്രാര്‍ത്ഥന, മതപഠനം (മദ്‌റസ) തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും സമയം നീക്കിവെയ്ക്കണം.

സാധാരണ ഗതിയില്‍ സ്‌കൂളില്‍ 5 മണിക്കൂറാണ് പഠന സമയമെങ്കില്‍ വീട്ടില്‍ വെറും മൂന്നു മണിക്കൂര്‍ മാത്രം പഠിത്തത്തിനായി വിനിയോഗിച്ചാല്‍ മതിയാകും. രാവിലെ 2 മണിക്കൂറും വൈകീട്ട് ഒരു മണിക്കൂറും ശ്രദ്ധയോടെ പഠിച്ചാല്‍ മതിയാകും. അതുതന്നെ ഒറ്റയടിക്കുള്ള പഠനമാകരുത്. ഇടയ്ക്ക് കളികള്‍, വിശ്രമം, മറ്റ് കാര്യങ്ങള്‍ എന്നിവയാകാം. ഇത്തരത്തില്‍ ഓരോ ദിവസത്തെയും ദിനചര്യ എങ്ങനെ ക്രമപ്പെടുത്താമെന്ന് നമുക്ക് നോക്കാം. ഇതില്‍ ആദ്യം സ്‌കൂള്‍ ദിവസങ്ങളിലെയും തുടര്‍ന്ന് ശനി, ഞായര്‍ ദിവസങ്ങളിലെയും ആണ് നല്‍കുന്നത്.

പഠന ദിവസങ്ങള്‍:

രാവിലെ 5 മണി - ഉണരല്‍, പ്രഭാത കൃത്യങ്ങള്‍, പ്രാര്‍ത്ഥന, ഖുര്‍ആന്‍ പാരായണം, ബെഡ് കോഫി

6 മണി മുതല്‍ 7 വരെ - പഠനം: സ്‌കൂള്‍, മദ്‌റസ

7 മണി - കുളി, പ്രഭാത ഭക്ഷണം, (മദ്‌റസയില്‍ പോകുന്ന കുട്ടികള്‍ അതുകഴിഞ്ഞ് പ്രഭാത ഭക്ഷണം കഴിക്കാം)

7.15 - മദ്‌റസയിലേക്ക്

9.30 -  സ്‌കൂളിലേക്ക് (മദ്‌റസയില്‍ പോകുന്ന കുട്ടികളാണെങ്കില്‍ സ്‌കൂള്‍ സമയത്ത് എത്താന്‍ പാകത്തിന് വീട്ടില്‍ നിന്നിറങ്ങുക)

വൈകീട്ട് 4 മണി - വീട്ടിലേക്ക് മടക്കയാത്ര (ഷിഫ്റ്റ് സമ്പ്രദായമുള്ള സ്‌കൂളില്‍ 4.30 ആണ് വിടുന്ന സമയം, രാവിലെ 8.30ന് തുടക്കവും)

5 മണി മുതല്‍ 6 വരെ - കളി, വിശ്രമം, കുളി

6 മുതല്‍ 8 വരെ - നിസ്‌കാരം, പഠനം

8 മണി - ഹോം വര്‍ക്ക്

9.30 - ഉറക്കം

ഒഴിവ് ദിവസങ്ങള്‍

രാവിലെ 5 മണി -ഉണരല്‍, പ്രഭാതകൃത്യങ്ങള്‍, പ്രാര്‍ത്ഥന, ബെഡ് കോഫി.

6.30 മുതല്‍ 7.30 വരെ - പഠനം

7.30 മുതല്‍ - പ്രഭാത ഭക്ഷണം, പത്രപാരായണം, വീട്ടുജോലികള്‍

10.30 മുതല്‍ 12 വരെ - പഠനം

ഉച്ചയ്ക്ക് 12 മണി- പൊതുവിജ്ഞാനം, ഉച്ചഭക്ഷണം, വിശ്രമം

6 മുതല്‍ 8 വരെ - നിസ്‌കാരം, പഠനം

8 മണി മുതല്‍ - പ്രാര്‍ത്ഥന, അത്താഴം, വിശ്രമം

9.30 മുതല്‍ - ഉറക്കം

മേല്‍ കൊടുത്തത് ഒരു മാതൃകാ ടൈംടേബിളാണ് ഇതില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്. നിസ്‌കാരം പോലുള്ള നിര്‍ബന്ധ പ്രാര്‍ത്ഥനകള്‍ അതത് സമയത്ത് നിര്‍വ്വഹിക്കാന്‍ സമയം കണ്ടെത്തണം. പഠനത്തിന് ഏറ്റവും അനുയോജ്യമായ സമയം രാവിലെയാണെന്ന് പ്രത്യേകം ഓര്‍ക്കുക. അതുപോലെ കുട്ടികളെ സംബന്ധിച്ച് 8 മണിക്കൂര്‍ ഉറക്കം ധാരാളം മതിയാകും. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്യുന്ന ശീലം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക. ഇത്തരത്തില്‍ കുട്ടിയുടെ 'ഒരു ദിവസം' എല്ലാ തരത്തിലും ഗുണകരവും ഫലപ്രദവുമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter