പുതിയ നിയമം

അല്ലാഹു ഈസാനബിക്കു നല്‍കിയ വേദഗ്രന്ഥമാണ് ഇഞ്ചീല്‍ എന്ന് വിശുദ്ധ ഖുര്‍ആനില്‍ പലേടത്തുമുണ്ട്. ഇതുതന്നെയാണിന്ന് ക്രിസ്ത്യാനികള്‍ പുതിയ നിയമം എന്ന പേരില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ന് നിലവിലുള്ള ഈ പുതിയ നിയമം അല്ലാഹു ഇറക്കിയതല്ലെന്ന കാര്യം സുനിശ്ചിതമാണ്. ക്രിസ്ത്യാനികള്‍ പോലും ഇക്കാര്യം സമ്മതിക്കുന്നുണ്ട്.

ഈസാനബി മുഖേന അല്ലാഹു സംസാരിച്ചിട്ടുണ്ടെന്ന് ബൈബിള്‍ പുതിയ നിയമത്തില്‍ (എബ്രായര്‍ :1,2) കാണാം. ഇങ്ങനെയുള്ള സന്ദേശങ്ങളുടെ സമുച്ചയം നബിയുടെ ജീവിതകാലത്തുണ്ടായിരുന്നതായും അതില്‍തന്നെ മനസ്സിലാകുന്നുണ്ട്. (യേശു പറയുന്നു:) ലോകത്ത് എവിടെയെല്ലാം ഈ സുവിശേഷം പ്രസംഗിക്കപ്പെടുന്നുമോ അവിടെയെല്ലാം ഇവള്‍ ചെയ്ത കാര്യവും ഇവളുടെ സ്മരണക്കായി പ്രസ്താവിക്കപ്പെടും (മത്തായി, 26:13) മാര്‍ക്കോസ് 14:9, 1:14, 15 മത്തായി 4:23 എന്നിവയില്‍നിന്നും ഇക്കാര്യം ഗ്രഹിക്കാം.

എന്നാല്‍ ഈസാ പറഞ്ഞ ആ സുവിശേഷം അപ്പടി തങ്ങള്‍ക്കു കിട്ടിയിട്ടുണ്ടെന്നു ക്രിസ്ത്യാനികള്‍പോലും അവകാശപ്പെടുന്നില്ല. മറിച്ച് ക്രിസ്ത്വബ്ദം 65 നും 125 നുമിടക്ക് എഴുതപ്പെട്ടതാണവയെന്നു വിശ്വസിക്കപ്പെടുന്നു.

മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നിവര്‍ എഴുതിയതാണ് നിലവിലുള്ള സുവിശേഷങ്ങള്‍. കൂടാതെ, ചില ലഘുകൃതികളും ഇതിലുണ്ട്. അവയൊക്കെ ആര്, എന്ന്, എപ്പോള്‍ എഴുതി? ഖണ്ഡിതമായി ഇതിന് മറുപടി പറയാന്‍ ക്രൈസ്തവ ലോകത്തിനു കഴിഞ്ഞില്ല. ഇതില്‍ ഏതൊക്കെ വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍പെടുമെന്നതു സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായിരുന്നു.

പുതിയ നിയമത്തില്‍ 27 ലഘു കൃതികളുണ്ട്. ഇതില്‍ ഏഴെണ്ണം വിശുദ്ധ ഗ്രന്ഥ ശേഖരത്തില്‍ ഉള്‍പെടുത്താന്‍ ക്രൈസ്തവ സഭയുടെ ആരംഭത്തില്‍ ചില കേന്ദ്രങ്ങളില്‍ ശംങ്കിച്ചുനിന്നു. അങ്ങനെ കുറേ കാലത്തിനു ശേഷം മാത്രം സാര്‍വത്രികാംഗീകാരം ലഭിച്ച ഭാഗങ്ങള്‍ക്ക് ദ്വിതീയ സംഹിത എന്നു പറയുന്നു (വി.വി. കോശം വോള്യം 9 പേ 190).

മതഗ്രന്ഥം എന്നോ നിയമ സംഹിത എന്നോ പറയുന്നതിലുപരി ഒരു ലഘു ചരിത്ര ഗ്രന്ഥമെന്നു പറയുന്നതാവും നാലു സുവിശേഷങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ശരി. യേശു ക്രിസ്തുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഏറിയ കൂറും ലഭിക്കുന്നത് മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ ശിഷ്യന്മാരുടെ സുവിശേഷങ്ങളില്‍നിന്നാണ്... യേശുക്രിസ്തുവിന്റെ സാധാരണ രീതിയിലുള്ള ഒരു ജീവചരിത്രം ഇവയില്‍നിന്നു ലഭ്യമല്ല. ഈ സുവിശേഷങ്ങള്‍ക്കു മുമ്പാണ് അപ്പോസ്തലനായ പൗലോസിന്റെ ലേഖനങ്ങള്‍. അവയിലും ജീവചരിത്രമായ വിശദവിവരങ്ങള്‍ കാണുന്നില്ല... (വി.വി.കോശം വോള്യം 9 പേ 802).

എന്നാല്‍ അവ ചരിത്ര പുസ്തകങ്ങളാണെന്നു ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല. കാരണം ക്രിസ്ത്യാനിസത്തിന്റെ സര്‍വ്വസ്വവും സുവിശേഷമാണല്ലോ. 1977 ല്‍ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ പ്രസിദ്ദീരിച്ച ബൈബിള്‍ പുതിയ നിയമത്തില്‍ ആമുഖത്തില്‍ പറയുന്നു:

സുവിശേഷം ഒരു ജീവചരിത്രമല്ല. സ്ഥലകാല പരിഗണനകളെ മുന്‍നിറുത്തി സംഭവങ്ങള്‍ യഥാര്‍ത്ഥത്തില്‍ നടന്ന ക്രമത്തില്‍ കൃത്യമായി വിവരിക്കുകയായിരുന്നില്ല സുവിശേഷത്തിന്റെ ലക്ഷ്യം. സ്വന്തമായ ഒരു ദൈവശാസ്ത്ര വീക്ഷണത്തിന്റെ വെളിച്ചത്തില്‍ സംഭവങ്ങളെ ക്രമീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണ് മാര്‍ക്കോസ് ചെയ്യുന്നത്. ദൈവ പുത്രനായ യേശുക്രിസ്തുവിന്റെ സദ്‌വാര്‍ത് വിളംബരം ചെയ്യുക എന്ന ലക്ഷ്യമാണ് മാര്‍ക്കോസിനുള്ളത് (പുതിയ നിയമത്തെപറ്റി- ഡോ. ജോര്‍ജ് പുന്നക്കോട്ടില്‍).

ചുരുക്കത്തില്‍, ദൈവിക ഗ്രന്ഥമെന്ന് വിശേഷിപ്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യാവുന്ന യാതൊരാളടയാളവും ഇന്ന് സുവിശേഷങ്ങളില്‍ ദൃശ്യമല്ല. അല്ലാഹു അവതരിച്ച ഇഞ്ചീല്‍ എന്ന വിശുദ്ധ ഗ്രന്ഥമല്ല അത് എന്നതു മാത്രമാണ് അതിന്റെ കാരണം.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter