യേശുക്രിസ്തു പ്രവാചകനോ ദൈവമോ?
മനുഷ്യവിഭാഗത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാനായി സര്‍വ്വശക്തനും പ്രപഞ്ചസ്രഷ്ടാവുമായ അല്ലാഹു പ്രവാചകരെയും ദൂതരെയും നിയോഗിച്ചു. ആദി പിതാവ് ആദം നബിയില്‍ തുടങ്ങുന്ന ആ ശൃംഖല നമ്മുടെ നയകനും മാര്‍ഗ്ഗദര്‍ശിയുമായ മുഹമ്മദ് നബിയില്‍ അവസാനിക്കുന്നു. ഒന്നേകാല്‍ ലക്ഷത്തോളം വരുന്ന പ്രവാചകന്മാരില്‍ മുന്നൂറ്റിപതിമൂന്ന് മുല്‍സലുകളുണ്ട്. അവരില്‍ ഇരുപത്തഞ്ച് മഹാന്മാരുടെ പേരുകള്‍ ഖുര്‍ആന്‍ എടുത്തുദ്ധരിച്ചിട്ടുണ്ട്. ഇതില്‍, നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ് (സ്വ) എന്നിവര്‍ എല്ലാ പ്രവാചകരിലും സമുന്നതരത്രെ. ദൃഢമാനസര്‍ (ഉലുല്‍അസ്മ്) എന്ന പേരു നല്‍കി ഖുര്‍ആന്‍ (46:35) അവര്‍ക്ക് പ്രത്യേക പദവി നല്‍കിയിരിക്കുന്നു. ഇവിടെനിനിന്നാണ് ഈസാ നബി വ്യതിരിക്തനാകുന്നത്. അല്ലാഹുവിന്റെ പ്രവാചക പരമ്പരയില്‍ ഒരാളായ അദ്ദേഹത്തെ ലോകത്ത് ഏറ്റവും കൂടുതല്‍ ആദരിക്കുന്ന ജനവിഭാഗം മുസ്‌ലിംകളാണ്. ഇസ്‌റാഈല്യരിലെ ഫാഖൂദ് എന്നയാള്‍ക്ക് ഹന്നത്ത് എന്നൊരു പുത്രിയുണ്ടായിരുന്നു. ബൈത്തുല്‍ മുഖദ്ദസിലെ ഇമാമായിരുന്ന ഇംറാന്റെ സഹധര്‍മിണീപദമലങ്കരിക്കാന്‍ ആ വനിതാരത്‌നത്തിന് ഭാഗ്യം ലഭിച്ചു.
നീണ്ട കാത്തിരിപ്പിനു ശേഷമാണവര്‍ ഗര്‍ഭം ധരിച്ചത്. അപ്പോഴവര്‍ പറഞ്ഞു: രക്ഷിതാവെ, എന്റെ ഗര്‍ഭത്തിലുള്ള ഈ ശിശുവിനെ (ബൈത്തുല്‍ മുഖദ്ദസ് പരിചരണത്തിന്) നിനക്കര്‍പ്പിക്കപ്പെട്ടതായി ഞാന്‍ നേരുന്നു. അതിനാല്‍, എന്നില്‍ നിന്നു നീ സ്വീകരിക്കേണമേ (3:35). താന്‍ ഒരാണ്‍കുഞ്ഞിനെയാണ് പ്രസവിക്കുകയെന്ന നിറഞ്ഞ പ്രതീക്ഷയിലാണവര്‍ ഇങ്ങനെ നേര്‍ച്ച ചെയ്തത്. പക്ഷെ, അത് ശിഥിലമാവുകയായിരുന്നു. എന്നാല്‍, കുട്ടിയെ പ്രസവിച്ചപ്പോള്‍ അവര്‍ പറഞ്ഞു: രക്ഷിതാവെ, ഞാന്‍ പ്രസവിച്ചത് ഒരു പെണ്‍കുട്ടിയാണ്. ആണ് പെണ്ണിനെ പോലെയല്ല. ഞാനതിനു മര്‍യം എന്നു പേരിട്ടിരിക്കുന്നു. ആട്ടിയോടിക്കപ്പെട്ട പിശാചില്‍നിന്നു അവളെയും സന്തതികളെയും രക്ഷിക്കാന്‍ നിന്നോടു ഞാന്‍ ശരണമര്‍ത്ഥിക്കുന്നു (3:36).
അങ്ങനെ ഹന്നത്തിന്റെ മുന്‍ നിശ്ചയ പ്രകാരം പുത്രി മര്‍യമിനെ ബൈത്തുല്‍ മുഖദ്ദസില്‍ കൊണ്ടു ചെന്നാക്കി. തന്റെ മാതൃസഹോദരീ ഭര്‍ത്താവ് സക്കരിയ്യാ നബിയാണ് അവിടെ മര്‍യമിന്റെ സംരക്ഷണമേറ്റെടുത്തത്. പള്ളിയില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയിലവര്‍ ആരാധനാമഗ്നയും ഭക്തയുമായി വളര്‍ന്നു. മര്‍യമിനു പതിമൂന്നോ പതിനാലോ വയസ്സു പ്രായമായപ്പോഴാണ് ചരിത്രത്തിന്റെ ഗതി മാറുന്നത്. ആര്‍ത്തവ മുക്തയായപ്പോള്‍ ശുചീകരണാര്‍ത്ഥം അവര്‍ വീടിനു പുറത്തിറങ്ങി കുളിക്കാന്‍ പോയി. കുളി കഴിഞ്ഞ്, വസ്ത്രം മാറി മടങ്ങാനുദ്ദേശിക്കവെ, ചുറുചുറുക്കുള്ളൊരു സുമുഖന്റെ രൂപത്തില്‍ ജിബ്‌രീല്‍ എന്ന മാലാഖ പ്രത്യക്ഷപ്പെട്ടു. 'പുണ്യവാനായ ഒരാണ്‍ കുഞ്ഞിനെ നിങ്ങള്‍ക്കു നല്‍കാന്‍ വേണ്ടി വന്ന, നിങ്ങളുടെ രക്ഷിതാവിന്റെ ഒരു ദൂതന്‍ മാത്രമാണു ഞാന്‍ (19:18, 19),
മാലാഖ പറഞ്ഞു. ശേഷം മര്‍യമിന്റെ മാറില്‍ ഊതി. അവര്‍ ഗര്‍ഭം ധരിച്ചു. അല്ലാഹു പറയുന്നു: അതെനിക്ക് എളുപ്പമുള്ള കാര്യമാണ്. അവനെ മനുഷ്യര്‍ക്കൊരു ദൃഷ്ടാന്തമായും നമ്മില്‍നിന്നുള്ള ഒരു കാരുണ്യമായും ആക്കുന്നതിനു വേണ്ടിയാണ് നാമപ്രകരം ചെയ്തത് (19:21). ഭര്‍ത്താവില്ലാതെ പ്രത്യേകോദ്ദേശ്യാനുസൃതം ഗര്‍ഭിണിയായ മര്‍യം അല്‍പമകലെ ഒരു ബൈത്തുല്ലഹ്മിലേക്ക് മാറിത്താമസിച്ചു. ഒരു ശുഭമുഹൂര്‍ത്തത്തിലവര്‍ പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞായിരുന്നു ഈസാ നബി (അ), അല്ലെങ്കില്‍, ക്രൈസ്തവര്‍ വിളിക്കുന്ന യേശുക്രിസ്തു. ഈ വിജനമായ സ്ഥലത്ത് മര്‍യമിനെ പരിപാലിക്കാന്‍ ആരുമില്ലായിരുന്നു. എങ്കിലും അല്ലാഹു അത് സജ്ജീകരിച്ചു. ഒടുവില്‍ മര്‍യം വീട്ടില്‍ തിരിച്ചെത്തി. വീട്ടുകാര്‍ മര്‍യമിനെതിരെ തൊടുത്തുവിട്ട വിമര്‍ശനങ്ങള്‍ക്കെല്ലാം തൊട്ടിരിക്കുന്ന കുഞ്ഞായിരുന്നു മറുപടി പറഞ്ഞത്. ഈ അല്‍ഭുത ദൃശ്യവും മറ്റും ജൂതന്മാരെ കോപാകുലരാക്കി. ഈസാ നബിയുടെ കഥ കഴിക്കുന്നത് സംബന്ധിച്ച് അവര്‍ ചിന്തിച്ചുകൊണ്ടിരുന്നു. നാട്ടിലെ അപകടകരമായ സാഹചര്യം മനസ്സിലാക്കി സക്കരിയ്യാ നബി, പുത്രനെയും കൂട്ടി ഈജിപ്തിലേക്ക് പോയ്‌ക്കൊള്ളാന്‍ മര്‍യം ബീവിയെ ഉപദേശിച്ചു. അങ്ങനെ ഇരുവരും അവിടെച്ചെന്നു താമസമാക്കി. സുമാര്‍ മുപ്പത് വര്‍ഷമാണ് അവര്‍ ഈജിപ്തില്‍ നിവസിച്ചത്. അവര്‍ക്ക് ഈ വിധം സംരക്ഷണം നല്‍കിയതില്‍ സക്കരിയ്യയോട് ജൂതര്‍ ക്ഷോഭിച്ചു. മാതാവിനെയും പുത്രനെയും കണ്ടുപിടിക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടത്തിയിട്ടും പരാജിതരായ അവര്‍ നിഷ്‌കളങ്കനും നിരപരാധിയുമായ സക്കരിയ്യാനബിയെ വധിച്ചുകളഞ്ഞു. (ഇസ്‌ലാമും ക്രിസ്ത്യാനിസവും)
Leave A Comment