നിങ്ങളോടൊപ്പം മക്കളെയും റമദാനിലേക്ക് കൂട്ടുക

റമദാന്‍ കടന്നുവരികയാണ്. നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളെയും നാം റമദാന് വേണ്ടി പ്രത്യേകം സജ്ജരാക്കണം. റമദാനിലെ പകലുകളില്‍ അവരെ നോമ്പ് എടുക്കുന്നതിന് പ്രേരിപ്പിക്കുക എന്നതിലുപരിയായി നിരവധി കാര്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് ചെയ്യാനുണ്ട്. റമദാന്‍ മാസം സമാഗതമാകുന്നതിന് മുന്നെ തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ഈ മാസത്തിന്‍റെ പവിത്രതയിലേക്ക് ചേര്‍ത്തിയിരുത്താന്‍ നമുക്കാകണം. അതിനുള്ള ചില വഴികളെ കുറിച്ചാണ് ഈ കുറിപ്പ്.  

റമദാനെ കുറിച്ച് മക്കളോട് സംസാരിക്കുക

റമദാന്‍ വിശേഷങ്ങള്‍:

പലപ്പോഴായിയുള്ള സന്ദര്‍ഭോജിതമായി നടത്തുന്ന സംസാരങ്ങളിലൂടെ റമദാനെ കുറിച്ച് കുഞ്ഞിന് ഏകദേശം ഒരു ധാരണ ഉണ്ടാക്കിക്കൊടുക്കാനാകണം. റമദാന്‍ എന്തുകൊണ്ട് പവിത്രമായ ഒരു മാസമാണെന്നതിന് മക്കളുടെ പ്രായത്തിന് അനുയോജ്യമായ രീതിയിലുള്ള തക്കതായ ഒരു മറുപടി അവരുടെ കൈയിലുണ്ടാകണം എന്നര്ഥം. റമദാനിലാണ് അല്ലാഹു ഏറ്റവും കൂടുതല്‍ ദോശം പൊറുക്കുന്നത്, ആ മാസത്തിലാണ് ഒരുപാട് ആളുകളെ നരകത്തില് നിന്ന് രക്ഷിക്കുന്നത് തുടങ്ങിയ വിഷയങ്ങള്‍ അവന് തെര്യപ്പെടുത്തുന്നതിലൂടെ ഇത് ഏകദേശം സാധ്യമാകും.

ചരിത്രസംഭവങ്ങള്‍:

റമദാനിലെ പ്രധാനപ്പെട്ട സംഭവങ്ങളെ കുറിച്ച് അതുമായി ബന്ധപ്പെട്ടുള്ള ചരിത്രസംഭവങ്ങളെ കുറിച്ചം കുഞ്ഞിന് പറഞ്ഞുകൊടുക്കുകയാകാം.

സ്വന്തം അനുഭവങ്ങള്‍:

തങ്ങളുടെ കുട്ടിക്കാലത്ത് എങ്ങനെയായിരുന്നു നോമ്പ് നോറ്റിരുന്നത്, അന്നത്തെ പ്രധാനപ്പെട്ട വിശേഷങ്ങള് എന്തെല്ലാമായിരുന്നു തുടങ്ങിയ കാര്യങ്ങള് പങ്കുവെക്കുന്നതും കുഞ്ഞുങ്ങളില്‍ റമദാനെ കുറിച്ചുള്ള ചിന്ത വളര്‍ത്തുന്നതിന് സഹായകമാകും. ഇതെല്ലാം ഉമ്മക്കും ഉപ്പക്കും ഒരുപോലെ ചെയ്യാവുന്ന കാര്യങ്ങളാണ്. ഉമ്മക്കാവും ഒരുപക്ഷെ ഈയിനത്തില് കൂടുതല്‍ ചെയ്യാനാകുക. മദ്റസകളില്‍ പഠിക്കുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇതെല്ലാം എന്തിന് പറഞ്ഞു കൊടുക്കണം എന്ന് കരുതി അത്തരം ശ്രമങ്ങള്‍ നടത്താത്തവരാണ് നമ്മില്‍ ഭൂരിപക്ഷവും. മദ്റസയില്‍ നിന്ന് അവന്‍ പഠിച്ച കാര്യങ്ങള്‍ ആണെങ്കില് പോലും അത് തന്‍റെ ഉപ്പയോ ഉമ്മയും സാന്ദര്‍ഭികമായി ഓര്‍മിപ്പിക്കുന്നത് അവരില്‍ കൂടുതല്‍ ഉന്മേഷം പകരുന്ന കാര്യമാണെന്ന് നാം സൌകര്യപൂര്‍വം വിസ്മരിക്കുകയാണ്.

ഒരുക്കങ്ങള്‍

തയ്യാറെടുപ്പുകള്‍: റമദാന് ബന്ധപ്പെട്ട് വീടുകളില്‍ നടത്തുന്ന മുന്നൊരുക്കങ്ങളിലെല്ലാം കുഞ്ഞുങ്ങളെയും അവരുടെ പ്രായത്തിനൊത്ത് പങ്കാളികളാക്കുക. റമദാന് പ്രത്യേകമായി വാങ്ങുന്ന പുതിയ വീട്ടുപകരണങ്ങള്‍, ഭക്ഷണസാധനങ്ങള്‍, വീടും പരിസരവും വൃത്തിയാക്കുന്ന കാര്യം തുടങ്ങിയവയിലെല്ലാം കുഞ്ഞുങ്ങളെ കൂടി പങ്കെടുപ്പിക്കുക. വരാനിരിക്കുന്ന മാസത്തിന്‍റെ പ്രാധാന്യം അവരുടെ മനസ്സില്‍ കൂടി വേരോടാനാണിത്.

കൌണ്ട്ഡൌണ്‍ കലണ്ടര്‍: വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പ്രത്യേകമായി ഒരു കൌണ്ട്ഡൌണ്‍ കലണ്ടറോ മറ്റോ തയ്യാറാക്കുന്നതും നല്ലതാണ്. കുഞ്ഞിനെ മാത്രം ലക്ഷ്യം വെച്ചുള്ളതാണിത്. ഓരോ ദിവസവും കഴിയും തോറും റമദാന്‍ ഒന്നിന് ഇനിയെത്ര ദിവസം ശേഷിക്കുന്നുവെന്ന് പ്രത്യേകം രേഖപ്പെടുത്തുന്ന രീതിയിലോ കഴിഞ്ഞു പോയ ദിവസങ്ങളെ കലണ്ടറില്‍ നിന്ന് വെട്ടിക്കളയുന്ന രീതിയിലോ മറ്റോ കളിയിലൂടെ കുഞ്ഞിനെ മാനസികമായി അടുപ്പിക്കാനുള്ള ഒരു പദ്ധതിയാണ് ഇത്. അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവര്‍ തന്നെ ചെയ്യേണ്ടതാണ്.

മറ്റു വഴികള്‍

ഒന്ന്, റമദാന് ചൊല്ലേണ്ട പ്രത്യേക ദികുറുകളും മറ്റും പ്രത്യേകമായി തയ്യാറാക്കി കുഞ്ഞിന് കൊടുക്കുക. പുതിയ കാലത്ത് വിവിധ ഷോപ്പുകളും മറ്റും ഇത് തയ്യാറാക്കി വിതരണം ചെയ്യാറുള്ളതാണല്ലോ. അത്തരം കാര്‍ഡുകളായാലും മതി.

രണ്ട്, റമദാനിന് വേണ്ടി കുഞ്ഞിന് പ്രത്യേക ടൈംടേബിള്‍ ഉണ്ടാക്കിക്കൊടുക്കുക. ഈ മാസം കുഞ്ഞുങ്ങളുടെ ഉറക്കസമയത്തില്‍ വരെ മാറ്റം വരുന്നതാണല്ലോ. റമദാനിലെ പ്രത്യേകനിസ്കാരങ്ങള്‍, ഖുര്ആന്‍ പാരായണം തുടങ്ങിയ കാര്യങ്ങള്‍‍‌ പ്രത്യേകം അതില്‍ സൂചിപ്പിക്കുക.

മൂന്ന്, റമദാനുമായി ബന്ധപ്പെട്ട വഅദുകളും കാസറ്റുകളും കണ്ടെത്തി വീട്ടില്‍ കുഞ്ഞുങ്ങള്‍ക്ക് അത് കേള്‍പ്പിക്കുക. വിശുദ്ധ ഖുര്‍ആന്‍ പാരായണ സീഡികളും ഇത്തരത്തില് കേള്‍പ്പിക്കുന്നത് നന്നാകും. ഇത് റമദാന്‍ കാലത്ത് പൊതുവെ നമ്മുടെ വീടുകളില്‍ നടക്കാറുള്ള ഒരു കാര്യമാണ്. എന്നാല്‍ റമദാന് മുന്നെ തന്നെ ഇത്തരം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുകയാണെങ്കില്‍ അത് നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളെ ഏറെ സ്വാധീനിക്കുമെന്നത് ഉറപ്പാണ്.

നാല്, വലിയ കൂട്ടുകുടംബമാണെങ്കില്‍, സാധ്യമെങ്കില്‍, റമദാന്‍ ആഗതമാകുന്നതിന് മുന്നെ പ്രത്യേകം ഒരു കുടുംബവിരുന്ന് സങ്കടിപ്പിക്കുന്നതും നന്നാകും. മൊത്തം കുടുംബത്തിന്‍റെയും കുടുംബത്തിലെ മൊത്തം കുഞ്ഞുങ്ങളുടെയും കാര്യത്തില്‍ ചില തീരുമാനങ്ങള്‍ കൂട്ടായെടുക്കുന്നതും നന്നാകും. എല്ലാവര്ക്കും ഒരുപോലെ ആവശ്യമുള്ള കാര്യങ്ങള്‍ക്ക് കൂട്ടായസമയവും പൊതുവായി ഒരു വീടുമെല്ലാം തീരുമാനിച്ച് അതനുസരിച്ച് ചെയ്യാമല്ലോ.

നാല്, റമാദാന്‍ മാസം തുടങ്ങിയാല്‍ രക്ഷിതാക്കള്‍ മറ്റു ചില പദ്ധതികളും നടപ്പിലാക്കേണ്ടതുണ്ട്. മദ്റസയില്‍ ഹിസ്ബ് സൌകര്യം ഇല്ലാത്ത പ്രദേശമാണെങ്കില്‍ കുഞ്ഞിന്‍റെ സ്കൂള്‍ പഠനത്തിനും മറ്റും ബുദ്ധിമുട്ടാകാത്ത രീതിയില്‍ കുഞ്ഞിന് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ രക്ഷിതാവ് സമയം കണ്ടത്തണം. കുറഞ്ഞ സമയമാണെങ്കിലും കൃത്യനിഷ്ഠയോടെ തന്നെ ഇത്തരം ഒരു ശ്രമം നടത്തുന്നത് എറെ വിജയകരമായിരിക്കും. രക്ഷിതാവിന് ഒഴിവില്ലെങ്കില്‍ പകരമൊരാളെ കണ്ടെത്തി വേണ്ട സൌകര്യം ഒരുക്കാന്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നത് വഴി രക്ഷിതാക്കളായ നാമും റമദാന് വേണ്ടി പ്രത്യേകം തയ്യാറായിക്കഴിഞ്ഞിരിക്കും. ഇത് നമ്മെയും ആത്മീയമായി സ്വാധീനിക്കുമെന്നര്‍ഥം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter