നമ്പി നാരായണന്‍: സ്വപ്‌നങ്ങള്‍ ഹോമിക്കപ്പെട്ട ഒരു ശാസ്ത്രജ്ഞന്റെ കഥ

എ.എസ്.ആര്‍.ഒ ചാരക്കേസില്‍ അന്യായമായി പീഡിപ്പിക്കപ്പെട്ട മലയാളി ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി പരാമര്‍ശം രാജ്യത്ത് നീതി തേടി അലയുന്ന നിരപരാധികളുടെ വിഷയത്തില്‍ പുതിയൊരു അധ്യായമാണ് തുറന്നിരിക്കുന്നത്. 

നിരപരാധികളായി രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന ആയിരക്കണക്കിന് 'കുറ്റവാളികളു'ടെ കാര്യത്തില്‍ രാജ്യം പുന:പരിശോധന നടത്തേണ്ടിയിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇല്ലാക്കുറ്റം ചാര്‍ത്തി പാവങ്ങളെ കൊടുംഭീകരരായി മുദ്രകുത്തുന്ന സംഭവങ്ങള്‍ രാജ്യത്ത് ധാരാളമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. 

ഇതിലെ പരാജയത്തെ ഒരിക്കല്‍ക്കൂടി പുറത്തുകൊണ്ടുവന്നിരിക്കയാണ് നമ്പി നാരായണന്‍ വിഷയത്തിലെ കോടതി പരാമര്‍ശം.

രാജ്യത്തെ പ്രമുഖ ശാസ്ത്രകാരന്മാരിലൊരാളായിരുന്നിട്ടും ചില കുടില പദ്ധതിക്കാരുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാവേണ്ടി വന്നു അദ്ദേഹത്തിന്. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഈ കേസിന്റെ മറവില്‍ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് പല വിധ പീഡനങ്ങള്‍ക്കും ഇരയായി. 

എന്നാല്‍, ആരോ മെനഞ്ഞുണ്ടാക്കിയ ചില തിരക്കഥകള്‍ മാത്രമായിരുന്നു ഇതെല്ലാമെന്ന് ഇപ്പോള്‍ കോടതി തന്നെ വ്യക്തമാക്കിയിരിക്കുന്നു. നമ്പി നാരായണനെ കേസില്‍ കുടുക്കി കരുതിക്കൂട്ടി പീഡിപ്പിക്കുകയായിരുന്നുവെന്ന് സി.ബി.ഐയും വ്യക്തമാക്കിയിരിക്കുന്നു. ഇനിയും ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്നും സി.ബി.ഐ അറിയിച്ചിട്ടുണ്ട്.

തനിക്ക് വാഗ്ദാനം ചെയ്ത യു.എസ് പൗരത്വം തിരസ്‌കരിച്ചതിനാണ് തന്നെ ചിലര്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുടുക്കിയതെന്ന് ശാസ്ത്രഞ്ജന്‍ നമ്ബി നാരായണന്‍ പറയുന്നു. യു.എസിലെ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ കമ്ബസ്റ്റിയന്‍ ഇന്‍സ്റ്റബിലിറ്റി പഠിച്ച തനിക്ക് നാസയില്‍ ഫെലോഷിപ്പ് ലഭിച്ചിരുന്നു. സങ്കീര്‍ണമായ വിഷയത്തിലെ അറിവു മാനിച്ച് യു.എസ് പൗരത്വം വാഗ്ദാനം ചെയ്തെങ്കിലും താന്‍ അതു വേണ്ടെന്നു വച്ച് നാട്ടിലെത്തി. ഐ.എസ്.ആര്‍.ഒയില്‍ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ ടെക്നിക് വിഭാഗത്തില്‍ വികാസ് എന്‍ജിന്‍ വികസിപ്പിക്കുന്നതില്‍ പങ്കു വഹിച്ചു. ഇതാണ് തനിക്ക് വിനയായതെന്നും അദ്ദേഹം പറയുന്നു.

1994 ഒക്ടോബര്‍ 20 നാണ് സംഭവങ്ങളുടെ തുടക്കം. മാലദ്വീപില്‍നിന്നുള്ള മറിയം റഷീദയെ വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയായിരുന്നു ഈ നാടകത്തിന്റെ ആരംഭം.

അവളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐ.എസ്.ആര്‍.ഓയിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ഡി. ശശികുമാര്‍, മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസ്സന്‍ തുടങ്ങിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നവംബര്‍ 15 ന് സി.ബി മാത്യൂസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. നവംബര്‍ 30 ന് നമ്പി നാരായണന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇതോടെ അദ്ദേഹം നീതി തേടിയുള്ള പോരാട്ടം തുടങ്ങുകയായിരുന്നു.

ഐ.എസ്.ആര്‍.ഓ ക്രയോജനിക് സാങ്കേതിക വിദ്യ നേടുന്നത് തടയാന്‍ മറ്റ് രാജ്യങ്ങള്‍ നടത്തിയ ഗൂഢ ശ്രമത്തിന്റെ ഭാഗമായാണ് ഈ കേസ് ഉണ്ടാകുന്നതെന്നാണ് നമ്പി നാരായണന്‍ ഇതിനെ വിലയിരുത്തുന്നത്. താനുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ അന്ന് നടത്തിയ ശ്രമം തുടരുകയായിരുന്നുവെങ്കില്‍ 14 വര്‍ഷം മുമ്പുതന്നെ രാജ്യത്തിന് ക്രയോജനിക് സാങ്കേതിക വിദ്യ ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍, മംഗള്‍യാന്‍ ഉള്‍പ്പെടെ ശാസ്ത്ര നേട്ടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഈ കേസോടെ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു.

പതിറ്റാണ്ടുകള്‍ക്കു ശേഷമാണെങ്കിലും പുതിയ സുപ്രിം കോടതി വിധി അദ്ദേഹത്തിന്റെ നിരപരാധിത്വം പുറത്തുകൊണ്ടുവന്നിരിക്കുന്നു. രാജ്യം ആദരിക്കേണ്ട ഒരു ശാസ്ത്രജ്ഞനെ അവഹേളിക്കാന്‍ ആരോ നടത്തിയ ഗൂഢ പദ്ധതികള്‍ വ്യാജമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. 

രാജ്യത്ത് ഇതുപോലെ ഗൂഢ പദ്ധതികളുടെ ഇരകളായി ജയിലില്‍ കഴിയുന്ന വേറെയും ധാരാളം നിരപരാധികളുണ്ട്. നമ്പി നാരായണന്റെ കേസിന്റെ വെളിച്ചത്തില്‍ ഇത്തരം വിഷയങ്ങള്‍ക്കൂടി രാജ്യം പുന:പരിശോധന നടത്താന്‍ സമയം അധിക്രമിച്ചിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter