സുലൈമാൻ നബി പ്രവാചകന്മാരിലെ ചക്രവർത്തി

 പ്രവാചകനും ലോകം അടക്കിവാണ രാജാവുമായിരുന്നു സുലൈമാൻ നബി(അ). പിതാവും ഭരണാധികാരിയുമായിരു ന്ന  ദാവൂദ് നബി വഫാത്തായതോടെയാണ് സുലൈമാൻ നബി രാജാവാകുന്നത്. അദ്വിതീയനായ ലോക ചക്രവർത്തിയായാണ് സുലൈമാൻ നബി ചരിത്രത്തിൽ അറിയപ്പെടുന്നത് തന്നെ.

 മനുഷ്യർക്ക് പുറമേ പക്ഷികൾ, മൃഗങ്ങൾ, ജീവികൾ - എല്ലാം അല്ലാഹു സുലൈമാൻ നബിക്ക് കീഴ്പെടുത്തിക്കൊടുത്തു. അവയുടെയൊക്കെ ഭാഷയും അദ്ദേഹത്തിനറിയാമായിരുന്നു. അദൃശ്യ ജീവികളായ ജിന്നുകളും പിശാചുക്കളും അദ്ദേഹത്തിന്റെ ആജ്ഞകൾ അനുസരിച്ചുപോന്നു. പ്രധാന പ്രകൃതി പ്രതിഭാസങ്ങളിലൊന്നായ കാറ്റും അദ്ദേഹത്തിന്റെ അധികാര പരിധിയിലുണ്ടായിരുന്നു. കാറ്റ് അദ്ദേഹത്തിന് വാഹനം കൂടിയായിരുന്നു.
അല്ലാഹു പറയുന്നു: ദാവൂദ് നബിയുടെ അനന്തരാവകാശിയായി സുലൈമാൻ നബി വരികയുണ്ടായി.താൻ പ്രസ്താവിച്ചു: ജനങ്ങളേ, നമുക്ക് പക്ഷികളുടെ ഭാഷ അഭ്യസിപ്പിക്കപ്പെടുകയും സർവ അനുഗ്രഹവും നൽകപ്പെടുകയും ചെയ്തിരിക്കുന്നു. സ്പഷ്ടമായ ദിവ്യാനുഗ്രഹം തന്നെയത്രെ ഇത്. ( അന്നംല്: 16, 17 )

ലോകത്താർക്കും ലഭിക്കാത്ത ഈ അസാമാന്യ അധികാരം ലഭിച്ചതിന് എന്നും അല്ലാഹുവിനോട് നന്ദിയുള്ളവരായിരുന്നു സുലൈമാൻ നബി.തൗറാത്തും സബൂറുമനുസരിച്ച് പ്രബോധന പ്രവർത്തനം നടത്തിയ അദ്ദേഹം ഒരുപാട് നേരം അല്ലാഹുവിനെ ധ്യാനിച്ചും സ്മരിച്ചും കഴിച്ചുകൂട്ടിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

ഉറുമ്പിന്റെ കഥ

ഒരുവേള സുലൈമാൻ നബി (അ) തന്റെ പരിവാരങ്ങളോടൊപ്പം ഒരു യാത്രയിലായിരുന്നു. ധാരാളം ഉറുമ്പുകൾ അധിവസിക്കുന്ന ഒരു താഴ് വരയിലെത്തിയപ്പോൾ അവയുടെ നേതാവ് നിർദ്ദേശം നൽകുന്നു: നിങ്ങൾ വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. സുലൈമാൻ നബിയും സൈന്യവും ഇതുവഴി കടന്നുവരുന്നുണ്ട്. അവർ അറിയാതെ നിങ്ങളെ ചവിട്ടിപ്പോയാലോ! ഇതുകേട്ട സുലൈമാൻ നബി സൈന്യത്തെ വഴിതിരിച്ചു വിട്ടു. ഉറുമ്പുകളെ ശല്ല്യപ്പെടുത്താതെ മറ്റൊരു വഴിയിലൂടെ യാത്ര തുടർന്നു.

വിശുദ്ധ ഖുർആൻ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു: അങ്ങനെയവർ ഉറുമ്പുകളുടെ താഴ് വരയിലെത്തിയപ്പോൾ ഒരു ഉറുമ്പ് വിളിച്ചുപറഞ്ഞു: ഹേ ഉറുമ്പുകളേ, നിങ്ങൾ സ്വഗേഹങ്ങളിൽ കടന്നുകൊള്ളൂ ! തങ്ങളറിയാത്ത വിധം സുലൈമാൻ നബിയും സേനയും നിങ്ങളെ ചവിട്ടിയിരക്കാതിരിക്കട്ടെ! തത്സമയം അതിന്റെ പ്രസ്താവം കേട്ട് അദ്ദേഹം മന്ദസ്മിതം തൂകി ചിരിച്ചു, ഇങ്ങനെ പറഞ്ഞു: നാഥാ, എനിക്കും മാതാപിതാക്കൾക്കും നീ കനിഞ്ഞേകിയ അനുഗ്രഹങ്ങൾക്ക് നന്ദി പ്രകാശിപ്പിക്കാനും നിന്റെ സംതൃപ്തിക്ക് പാത്രീഭൂതമാകുന്ന സൽകർമ്മങ്ങളനുഷ്ടിക്കാനും എനിക്കവസരം നൽകേണമേ. നിന്റെ സദ് വൃത്തരായ അടിമകളിലുൾപെടുത്തി എന്നെ അനുഗ്രഹിക്കേണമേ. ( അന്നംല്: 18 - 19 )

മുന്തിരിത്തോട്ടവും ആട്ടിൻ കൂട്ടവും:

സുലൈമാൻ നബിയുടെ ചരിത്രത്തിൽ ഖുർആൻ ഉദ്ധരിക്കുന്ന രസകരവും ചിന്തനീയമമായ കഥയാണിത്.

തങ്ങളുടെ മുന്തിരിത്തോട്ടത്തിൽ ആട് കയറി നിശ്ശേഷം തകർത്തുവെന്ന പരാതിയുമായി ഒരു വിഭാഗവും ആടിന്റെ ഭാഗം ന്യായീകരിച്ച് അതിന്റെ ഉടമസ്ഥനും കൂട്ടരുമടങ്ങുന്ന മറുവിഭാഗവും ദാവൂദ് നബിയുടെ തിരുസന്നിധിയിലെത്തി. വാദപ്രതിവാദങ്ങൾക്കൊടുവിൽ ആടുകളെ മുഴുവൻ ദരിദ്രനായ തോട്ടക്കാരന് നൽകാൻ നബി വിധിച്ചു. തിരിച്ചുപോകുംവഴി, അന്ന് കുട്ടിയായിരുന്ന സുലൈമാൻ നബി ഈ വിവരമറിഞ്ഞു.

അദ്ദേഹം അവരെയും കൂട്ടി ദാവൂദ് നബിയുടെ സന്നിധിയിലെത്തി പറഞ്ഞു: പിതാവേ, ഇതിൽ മറ്റൊരു വിധിയാണ് എനിക്ക് അഭികാമ്യമായി തോന്നുന്നത്. ആടുകളും തോട്ടവും അവർ പരസ്പരം കൈമാറട്ടെ. ആടുകളുടെ ഉടമസ്തൻ തോട്ടം നല്ല രീതിയിൽ നോക്കി നടത്തി പഴയപടി ആക്കട്ടെ. ഈ ഘട്ടത്തിൽ ആടിന്റെ വരുമാനങ്ങളൊക്കെ തോട്ടക്കാരന് എടുക്കാം. തോട്ടം പൂർവ്വസ്ഥിതിയിലെത്തിയാൽ ഓരോരുത്തരും അവരവരുടേത് ഏറ്റെടുക്കട്ടെ. ഇതു കേട്ട പിതാവ്, മകൻ സുലൈമാൻ നബിയെ പ്രശംസിച്ചു. ആ വിധി നടപ്പിലാക്കുകയും ചെയ്തു.

ഖുർആൻ പറയുന്നു: ദാവൂദ് നബിയെയും മകൻ സുലൈമാൻ നബിയെയും അനുസ്മരിക്കുക. ഒരു കൂട്ടരുടെ ആടുകൾ കൃഷിയിടത്തിൽ പ്രവേശിച്ച് മേഞ്ഞുതിന്ന പ്രശ്നത്തിൽ ഇരുവരും വിധി പറഞ്ഞപ്പോൾ നാം സന്നിഹിതരായിരുന്നു. എന്നിട്ട്, സുലൈമാൻ നബിക്ക് നാമത് മനസ്സിലാക്കിക്കൊടുത്തു.ഇരുവർക്കും വിധികർതൃത്വവും വിജ്ഞാനവും നാം നൽകിയിരിക്കുന്നു. ( അമ്പിയാഅ : 78- 79)

ഹുദ്ഹുദും സബഇലെ റാണിയും:

ഒരിക്കൽ സുലൈമാൻ നബി (അ) തന്റെ അധീനതയിലുള്ള പക്ഷികളെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് മരംകൊത്തി
(ഹുദ്ഹുദ്)യുടെ അസാന്നിധ്യം ശ്രദ്ധയിൽപെടുന്നത്. അദ്ദേഹം ചോദിച്ചു: എന്തുപറ്റി, മരംകൊത്തിയെ കാണുന്നില്ലല്ലോ? അതോ, അവൻ അപ്രത്യക്ഷനായോ? ഈ വീഴ്ചക്ക് കാരണമായി സ്പഷ്ടമായ തെളിവ് കൊണ്ടുവന്നില്ലെങ്കിൽ അവനെ ഞാൻ കഠിനമായി ശിക്ഷിക്കുകയോ അറുത്തുകളയുകയോ തന്നെ ചെയ്യും, തീർച്ച! (അന്നംല്: 20 -21)

താമസിയാതെ മരംകൊത്തി തിരിച്ചെത്തി. നബിയുടെ അടുത്തുചെന്ന് പറഞ്ഞു: നിങ്ങൾക്കറിയാത്തൊരു കാര്യം കൃത്യമായി അന്വേഷിച്ചുമനസ്സിലാക്കിയാണ് ഞാൻ വരുന്നത്. സബഅ ദേശത്ത് ബിൽഖീസ് എന്നൊരു രാജ്ഞിയുണ്ട്. ആഢംപൂർണ്ണമായ ജീവിതം നയിക്കുന്ന അവർക്ക് വലിയൊരു സിംഹാസനവുമുണ്ട്. പക്ഷേ, രാജ്ഞിയും അനുയായികളും സുര്യാരാധകരാണ്. പിശാച്  അവർക്കത് നല്ല കാര്യമായി തോന്നിപ്പിച്ചിരിക്കുന്നു.

എല്ലാം ശാന്തമായി കേട്ട സുലൈമാൻ നബി ഒരു കത്ത് കൊടുത്ത് പക്ഷിയോട് പറഞ്ഞു: നീ പറയുന്നത് സത്യമാണോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എന്റെ ഈ കത്ത് കൊണ്ടുപോയി രാജ്ഞിക്ക് കൊടുക്കൂ. അവരെങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാം. സൂര്യാരാധന ഒഴിവാക്കി ഏകദൈവ വിശ്വാസം പുൽകാനും തന്നെ പ്രവാചകനായി അംഗീകരിക്കാനുമുള്ള കൽപനയായിരുന്നു കത്തിന്റെ ഉള്ളടക്കം.

കത്ത് കിട്ടിയ രാജ്ഞി എല്ലാവരോടും കൂടിയാലോചിച്ചു. ശക്തരും മല്ലരുമായ നമുക്ക് ഒരു യുദ്ധം നയിച്ച് അവരെ കീഴ്പെടുത്തിക്കളയാമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പക്ഷേ, ബിൽഖീസ് ബുദ്ധിമതിയായിരുന്നു. അവർ പറഞ്ഞു: രാജാക്കന്മാർ ഒരു നാട്ടിലേക്ക് കടന്നാൽ ഒരിക്കലുമവരെ വെറുതെ വിടില്ല. അവർ നമ്മെ കീഴ്പെടുത്തിക്കളയും.ഏതായാലും ഞാൻ കുറച്ച് സമ്മാനങ്ങൾ കൊടുത്തുവിടട്ടെ. യഥാർത്ഥ പ്രവാചകന്മാർ ഒരിക്കലും സമ്മാനങ്ങൾ സ്വീകരിക്കില്ല.

ദൂതന്മാർ സമ്മാനങ്ങളുമായി നബിയുടെ മുന്നിലെത്തി. ഇത് കണ്ട് അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക് ധനം നൽകി സഹായിക്കുകയാണോ?  എന്നാൽ, എനിക്കല്ലാഹു കനിഞ്ഞേകിയതാണ്‌ നിങ്ങൾക്കവൻ തന്നതിനേക്കാൾ ഉദാത്തമായത്. നീ അവരുടെ അടുത്തേക്ക് തന്നെ തിരിച്ചുപോവുക. അവർക്ക് അഭിമുഖീകരിക്കാനാകാത്ത ഒരു സൈനിക ശേഖരവുമായി നാമങ്ങോട്ട് ചെല്ലുന്നതും നിന്ദ്യരും നിസ്സാരരുമായി അവരെ അവിടെ നിന്ന് ബഹിഷ്കരിക്കുന്നതുമാണ്. (അന്നംല്: 36 -37)

ഇതോടെ ബിൽഖീസിന് കാര്യം മനസ്സിലായി. സുലൈമാൻ നബി യഥാർത്ഥ പ്രവാചകനായതിനാൽ ആ സന്നിധിയിൽ ചെന്ന് സത്യമതം പുൽകാൻ തന്നെ അവർ തീരുമാനിച്ചു. വിവരമറിഞ്ഞ നബിയും രാജ്ഞിയെ സ്വീകരിച്ചാനയിക്കാൻ പ്രത്യേക ഒരുക്കങ്ങൾ തുടങ്ങി. തന്റെ പ്രവാചകത്വത്തിന്റെ സാക്ഷ്യമായി അല്ലാഹു നൽകിയ മുഅജിസത്ത് റാണിക്ക് മന്നിൽ പ്രകടമാക്കുകയായിരുന്നു നബിയുടെ ലക്ഷ്യം.

റാണി എത്തുന്നതിന് മുമ്പ് അവരുടെ സിംഹാസനം അവിടേക്ക് എത്തിക്കാൻ കഴിയുന്നവരാരെങ്കിലുമുണ്ടോയെന്ന് നബി അന്വേഷിച്ചു. ജിന്നുകളിൽ അതിശക്തനായൊരാൾ പ്രതികരിച്ചു: അങ്ങ് ഈ ദർബാറിൽ നിന്ന് എണീക്കും മുമ്പ് ഞാനത് കൊണ്ടുവരാം. അതേ സമയം വേദജ്ഞാനിയായ  ആസ്വിഫ് ബ്നു ബർഖിയ്യ  പറഞ്ഞു: താങ്കൾ കണ്ണിമയ്ക്കും മുമ്പ് ഞാനത് ഹാജരാക്കാം.

അദ്ദേഹം പറഞ്ഞതുപോലെ ക്ഷണനേരം കൊണ്ട് സിംഹാസനം അവിടെയെത്തി. അത് കണ്ട് നന്ദിബോധത്തോടെ സുലൈമാൻ നബി പറഞ്ഞു: ഞാൻ കൃതജ്ഞനാകുമോ അതോ കൃതഘ്നനാകുമോ എന്ന് പരീക്ഷിക്കാൻ നാഥൻ നൽകിയ അനുഗ്രഹമാണിത്. ഒരാൾ നന്ദികാട്ടുന്നുവെങ്കിൽ സ്വഗുണത്തിന് വേണ്ടി തന്നെയാണത്.ഇനിയവൻ നന്ദികേട് കാട്ടുന്നുവെങ്കിലോ, എന്റെ നാഥൻ ഐശ്വര്യനും ഉദാത്തനുമത്രെ! ( അന്നംല്: 40) 

റാണിയുടെ സാമർത്ഥ്യം കൂടി മനസ്സിലാക്കാൻ സുലൈമാൻ നബി അവരുടെ സിംഹാസനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി. അവർ ദർബാറിലെത്തിയപ്പോൾ, നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോയെന്ന് നബി ചോദിച്ചു.  അതുപോലെത്തന്നെയുണ്ടിത് എന്നായിരുന്നു അവരുടെ മറുപടി. ശേഷം, കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടപ്പോൾ അതൊരു ജലാശയമാണെന്ന് കരുതി കണങ്കാലിൽ നിന്ന് വസ്ത്രം പൊക്കി. ഇതുകണ്ട നബി പറഞ്ഞു: പളുങ്ക് മിനുക്കിയുണ്ടാക്കിയ കൊട്ടാരമാണിത്. 

എല്ലാം കണ്ട് സ്തബ്ധയായ രാജ്ഞി പരിതപിച്ചു: നാഥാ, സ്വന്തത്തോട് തന്നെ അതിക്രമം ചെയ്തിരിക്കയാണ് ഞാൻ. സുലൈമാൻ നബിയോടൊപ്പം സർവലോക സംരക്ഷകനായ അല്ലാഹുവിന് ഞാനിതാ കീഴൊതുങ്ങിയിരിക്കുന്നു! (അന്നംല്: 44). അങ്ങനെ അവർ സത്യ സന്ദേശത്തിന്റെ ശാദ്വല തീരമണിഞ്ഞു.

നബിയുടെ വഫാത്ത്:

സുലൈമാൻ നബി (അ)യുടെ മരണവും അദ്ഭുതകരമായിരുന്നു. തന്റെ വടിയിൽ ഊന്നിനിന്ന് നമസ്കരിക്കവെയാണ് അദ്ദേഹം വഫാത്താകുന്നത്. ദീർഘനാൾ കഴിഞ്ഞ് ഊന്നുവടി ചിതലരിച്ചപ്പോൾ മാത്രമാണ് ആ വിവരം പുറംലോകമറിഞ്ഞത്. ജിന്നുകളുടെ അദൃശ്യജ്ഞാനം സംബന്ധിച്ച തെറ്റിദ്ധാരണ ഉന്മൂലനം ചെയ്യലായിരുന്നു ഇതിന്റെ ലക്ഷ്യം.

വിശുദ്ധ ഖുർആൻ വിവരിക്കുന്നു: അങ്ങനെ അദ്ദേഹത്തിന് നാം മരണം വിധിച്ചപ്പോൾ  തന്റെ ഊന്നുവടി തിന്നുകയായിരുന്ന ചിതൽ മാത്രമേ മരണ വിവരം ജിന്നുകൾക്ക് നൽകിയുള്ളൂ. മറഞ്ഞ കാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ, ഈ ഹീനപീഡത്തിൽ കഴിഞ്ഞുവരേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം നിലംപതിച്ചപ്പോഴാണ് ജിന്നുകൾക്ക് സ്പഷ്ടമായത്
(സൂറ സബഅ: 14)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter