മഗ്ഫിറതിനെ തേടേണ്ട 10 ദിനങ്ങള്‍

പരിശുദ്ധ റമദാനിന്‍റെ രണ്ടാമത്തെ പത്ത് സമാഗതമായിരിക്കുകയാണ്. ആദ്യ പത്തിലെ  കാരുണ്യ വര്‍ഷത്തിന് ശേഷം ഈ പത്തില്‍ വിശ്വാസികളെ അല്ലാഹു അനുഗ്രഹിക്കുന്നത് പാപമോചനവുമായിട്ടാണ്. പാപമോചനം നല്‍കുന്നവന്‍ എന്നര്‍ഥമുള്ള ഗഫൂര്‍ എന്നത് അല്ലാഹുവിന്‍റെ 99 പേരുകളിലൊന്നാണ്. 

പ്രതിഫലം പ്രതീക്ഷിച്ചും പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചും ആരെങ്കിലും റമദാനില്‍ വ്രതമനുഷ്ഠിച്ചാല്‍ അവന്‍റെ മുന്‍ കാല തെറ്റുകള്‍ പൊറുക്കപ്പെടുമെന്ന് റസൂല്‍ (സ) തങ്ങള്‍ പഠിപ്പിക്കുന്നുണ്ട്.

അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുകയെന്ന തെറ്റ് ചെയ്യാത്ത ഏതൊരാള്‍ക്കും അല്ലാഹു സര്‍വ്വ തെറ്റുകളും പൊറുക്കുമെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.(3:48)

ഖുര്‍ആനിലെ ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒരു സൂക്തം പാപമോചനത്തെ സംബന്ധിച്ചുള്ളതാണ്. അല്ലാഹു പറയുന്നു, 'പറയുക, സ്വന്തത്തോട് അതിക്രമം കാട്ടിയ എന്‍റെ അടിമകളെ, അല്ലാഹുവിന്‍റെ അനുഗ്രഹത്തെക്കുറിച്ച് നിങ്ങള്‍ ഭഗ്നാശരാകരുത്. അവന്‍ പാപങ്ങളത്രയും മാപ്പാക്കുക തന്നെ ചെയ്യും. ഏറെ പാപം പൊറുക്കുന്നവനും കരുണാമയനും അവന്‍ തന്നെ തീര്‍ച്ച. (39:53)

ഈ ആയതില്‍ അതിരില്ലാത്ത തെറ്റുകള്‍ ചെയ്ത ആളുകളെ അല്ലാഹു വിളിക്കുന്നത് എന്‍റെ അടിമകളെ എന്നാണ്. മാത്രമല്ല, അവന്‍ പാപങ്ങള്‍ മാപ്പാക്കുക തന്നെ ചെയ്യും എന്ന് പറഞ്ഞതിന് ശേഷം വീണ്ടും പൊറുക്കുന്നവന്‍, കരുണാമയന്‍ എന്നര്‍ഥമുള്ള വാക്കുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു എന്നത് കൊണ്ട് തന്നെ ഈ ആയത് സത്യവിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹു അവരുടെ തെറ്റുകള്‍ നന്മകളാക്കി പരിവര്‍ത്തിപ്പിക്കുമെന്നും അല്ലാഹു പൊറുക്കുന്നവനും കാരുണ്യവാനുമാണെന്നും സുറതുല്‍ ഫുര്‍ഖാനിലൂടെ അവന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അല്ലാഹുവിന്‍റെ അപാരമായ പാപമോചനത്തെയാണ് ഈ ആയത് മനസ്സിലാക്കിത്തരുന്നത്. യഥാര്‍ഥമായ രീതിയില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് എല്ലാ തെറ്റുകളും പൊറുത്ത് കൊടുക്കുക മാത്രമല്ല, മറിച്ച് അവര്‍ അല്ലാഹുവിനെ ധിക്കരിച്ച് ചെയ്ത തെറ്റുകളെല്ലാം നന്മകളാക്കി മാറ്റുക കൂടി ചെയ്യുമെന്ന ഓഫര്‍ അതിന്‍റെ തെളിവാണ്.

തൗബ ചെയ്യുക വഴിയാണ് അല്ലാഹു ദോഷങ്ങള്‍ പൊറുക്കുക. എത്ര വലിയ തെറ്റുകള്‍ ചെയ്താലും തൗബ ചെയ്യാന്‍ അവസരമുണ്ടെന്നാണ് ഇസ്ലാമിലെ അധ്യാപനം. ബനൂ ഇസ്റാഈല്യനായിരുന്ന ഒരു വ്യക്തിയുടെ കഥ ഇവിടെ പരാമര്‍ശനീയമാണ്. 99 പേരെ വധിച്ച ഈ വ്യക്തി ഒടുവില്‍ മാനസാന്തരപ്പെട്ട് ഒരു പണ്ഡിതനെ സമീപിച്ച് ചോദിച്ചു, 99 പേരെ കൊന്ന വ്യക്തിയാണ് ഞാന്‍, എനിക്ക് തൗബ ചെയ്യാന്‍ അവസരമുണ്ടോ? അവസരമില്ലെന്നായിരുന്നു പണ്ഡിതന്‍റെ മറുപടി. അതോടെ അയാള്‍ പണ്ഡിതനെയും കൊന്ന് തന്‍റെ കൊലയുടെ എണ്ണം 100ലെത്തിച്ചു. എന്നാല്‍ ഇയാള്‍ക്ക് വീണ്ടും മനസാന്തരമുണ്ടായി. മറ്റൊരു പണ്ഡിതനെ സമീപിച്ച് തന്‍റെ കുറ്റം ഏറ്റ് പറഞ്ഞ് തനിക്ക് തൗബയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തൗബക്ക് അവസരമുണ്ടെന്നായിരുന്നു ആ പണ്ഡിതന്‍ മറുപടി നല്‍കിയത്. ഒരു പ്രത്യേക നാട്ടിലേക്ക് പാലായനം ചെയ്യാനും അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകള്‍ക്കൊപ്പം താമസിക്കാനും തിന്മയുടെ കേന്ദ്രമായ തന്‍റെ നാട്ടിലേക്ക് ഒരിക്കലും മടങ്ങി വരരുതെന്നും ആ പണ്ഡിതന്‍ മറുപടി നല്‍കി. 

ആ സ്ഥലത്തേക്ക് പുറപ്പെട്ട ഈ വ്യക്തിക്ക് പക്ഷേ തന്‍റെ ലക്ഷ്യസ്ഥാനത്തേക്കെത്താനായില്ല. വഴി മധ്യേ അയാള്‍ മരണപ്പെട്ടു. അയാളുടെ ആത്മാവ് ആര് കൊണ്ട് പോവണമെന്ന വിഷയത്തില്‍ റഹ്മത്തിന്‍റെയും ശിക്ഷയുടെയും മലകുകള്‍ തര്‍ക്കത്തിലേര്‍പ്പെട്ടു. മനുഷ്യരൂപത്തില്‍ വന്ന മറ്റൊരു മലക് ഇങ്ങനെ തീര്‍പ്പ് പറഞ്ഞു, "ഇയാള്‍ മരണപ്പെട്ട സ്ഥലത്ത് നിന്ന് അളന്ന് നോക്കൂ, ഏത് നാടിനോടാണോ ഇയാള്‍ അടുത്ത് നില്‍ക്കുന്നത് ആ നാടിനോടാണ് അയാളുടെ ബന്ധം". അളന്ന് നോക്കുമ്പോള്‍ നന്മയുടെ നാടിനോട് അടുത്തായാണ് കാണപ്പെട്ടത്. അതോടെ അയാളുടെ ആത്മാവ് റഹ്മത്തിന്‍റെ മലകുകളുടെ ചിറകിലേറി സ്വര്‍ഗീയ സോപാനത്തിലേക്ക് പറന്ന് പോയി. എത്ര വലിയ കൊടിയ തെറ്റുകള്‍ ചെയ്താലും അല്ലാഹുവിന്‍റെ മഗ്ഫിറത്ത് അയാള്‍ക്ക് ലഭിക്കുമെന്ന സന്ദേശമാണ് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നത്. 

നിഷ്കളങ്കമായ തൗബ ചെയ്യുക വഴിയാണ് അല്ലാഹു ദോഷങ്ങള്‍ പൊറുക്കുക. എന്നാല്‍ ചില നന്മകള്‍ അനുഷ്ഠിക്കുക വഴിയും ദോഷങ്ങള്‍ പൊറുക്കപ്പെടും. പരിപൂര്‍ണ്ണമായ രീതിയില്‍ വുളൂ ചെയ്താല്‍ തെറ്റുകള്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോവുമെന്ന് റസൂല്‍ (സ) തങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. മുഖവും കൈകാലുകളും കഴുകപ്പെടുമ്പോള്‍ ആ അവയവങ്ങള്‍ കൊണ്ടെല്ലാം ചെയ്ത തെറ്റുകള്‍ നീങ്ങിപ്പോവുമെന്നും റസൂല്‍ (സ) പഠിപ്പിക്കുന്നുണ്ട്. അറഫ നോമ്പനുഷ്ഠിച്ചാല്‍ തൊട്ട് മുമ്പും ശേഷവുമുള്ള വര്‍ഷങ്ങളില്‍ ചെയ്ത, ചെയ്യുന്ന തെറ്റുകള്‍ പൊറുക്കപ്പെടുമെന്ന് മറ്റൊരു ഹദീസ് പഠിപ്പിക്കുന്നുണ്ട്. നിരോധിക്കപ്പെട്ടതിലെ വന്‍ദോഷങ്ങളില്‍ നിന്ന് അകന്ന് നിന്നാല്‍ ചെറുദോശങ്ങള്‍ പൊറുക്കപ്പെടുമെന്ന മറ്റൊരു ഓഫര്‍ അല്ലാഹു ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നുണ്ട്. 

ഒരു സത്യവിശ്വാസി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വഴിയും അല്ലാഹു ദോഷങ്ങള്‍ പൊറുത്ത് തരുന്നതാണ്. നബി (സ) പറയുന്നു, "ഒരു മുഅ്മിന്‍ അനുഭവിക്കുന്ന ഓരോ വിഷമവും ബുദ്ധിമുട്ടും രോഗവും വഴി അല്ലാഹു ദോഷങ്ങള്‍ പൊറുക്കും, അവന്‍റെ കാലില്‍ തറക്കുന്ന മുള്ള് പോലും അതിന് കാരണമത്രെ". 

ചുരുക്കത്തില്‍ അല്ലാഹു പൊറുത്ത് നല്‍കുന്നവനും കാരുണ്യവാനുമാണ്. എന്നാല്‍ മനസ്സിനുള്ളില്‍ നിന്ന് വരുന്ന പശ്ചാത്താപവും പ്രാര്‍ത്ഥനകളുമാണ് അവന്‍റെ കാരുണ്യത്തെ ഒരു മുഅ്മിനിന് നേടിക്കൊടുക്കുന്നത്. അത് മനസ്സിലാക്കി അല്ലാഹുമ്മ ഇഗ്ഫിര്‍ ലീ ദുനൂബൂ യാറബ്ബല്‍ ആലമീന്‍ (ലോക രക്ഷിതാവേ, എന്‍റെ തെറ്റുകള്‍ നീ പൊറുത്ത് നല്‍കേണമെ) എന്ന പ്രാര്‍ഥന ഓരോ സത്യവിശ്വാസിയുടെയും ചുണ്ടുകളില്‍ സദാ ഉരുവിടേണ്ട സമയമാണിത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter