നവ്വാര്‍ (റ): പ്രകാശം പരത്തിയ മാതൃത്വം

ഹിജ് രണ്ടാം വര്‍ഷം റമളാന്‍ മാസത്തിലെ ഒരു ദിവസം. മദീനാപള്ളിയിലെ പ്രവാചക സദസ്സ് പതിവില്ലാത്ത വിധം ജനങ്ങളാല്‍ നിറഞ്ഞിരിക്കുന്നു. എല്ലാവരും എന്തൊക്കെയോ കാര്യങ്ങള്‍ സസൂക്ഷ്മം ചെയ്തു കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട എന്തോ കാര്യത്തിനുള്ള തയ്യാറെടുപ്പെന്ന പോലെ.

നബി (സ്വ) പലരോടും പല കാര്യങ്ങളും തിരക്കുന്നുണ്ട്. പലരും തങ്ങളോട് അഭിപ്രായങ്ങള്‍ ആരായുന്നുമുണ്ട്. എല്ലാവരുടെയും മുഖങ്ങള്‍ സന്തോഷ ഭരിതമാണ്.
കാര്യം മറ്റൊന്നുമല്ല, ബദ്ര്‍ യുദ്ധമുഖത്തേക്കുള്ള യാത്രയുടെ തയ്യാറെടുപ്പാണ്. അതാണ് ഈ ആവേശത്തിന്‍റെയൊക്കെ കാരണം.
പെട്ടെന്നാണ് താരതമ്യേന ചെറുപ്രായക്കാരനായ ഒരു അനുചരന്‍ നബി (സ്വ) യുടെ ശ്രദ്ധയില്‍ പെടുന്നത്. പതിനഞ്ചു വയസ്സിനു താഴെ മാത്രം പ്രായം തോന്നിക്കുന്ന ബാലന്‍.  തന്‍റെയടുത്തുള്ള  ആയുധവുമായി  നാഥന്‍റെ മാര്‍ഗത്തില്‍ ജീവത്യാഗം ചെയ്യാന്‍ അവനും സര്‍വ്വാത്മനാ ഒരുങ്ങി കഴിഞ്ഞിരിക്കുന്നു.
നബി (സ്വ) യുടെ ദൃഷ്ടി പതിഞ്ഞതും അവിടുത്തെ അനുഗ്രഹത്തിനെന്ന പോലെ വിനയാന്വിതനായി അവന്‍ നിന്നു. നബി (സ്വ) അടുത്ത് ചെന്ന് എന്തോ പറഞ്ഞതില്‍ പിന്നെ അവന്റെ മുഖത്ത് നിരാശ പരന്നു. തന്റെ പ്രായച്ചെറുപ്പം കാരണം യുദ്ധത്തില്‍ പങ്കെടുക്കേണ്ടെന്ന നബി (സ്വ) യുടെ നിര്‍ദ്ദേശം അവനെ ആകെ വിഷമത്തിലാക്കിയിരിക്കുന്നു. പക്ഷേ, നബി കല്‍പന അനുസരിക്കാതെ വയ്യല്ലോ. 
ദുഖ ഭാരം പേറി വീട്ടിലേക്ക് കടന്നു വരുമ്പോള്‍ തന്നെ യുദ്ധമുഖത്തേക്ക് പറഞ്ഞു വിട്ട ഉമ്മ അവിടെ നില്‍പുണ്ടായിരുന്നു. ഉമ്മയോട് അവന്‍ കാര്യം പറഞ്ഞു. ഉമ്മയുടെ മുഖത്ത് നിരാശയുടെ കരിമേഘം പരക്കുന്നത് പ്രതീക്ഷിച്ചിരുന്ന അവന്‍ പക്ഷേ അമ്പരന്നു. അവരുടെ മുഖത്ത് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ കിളിര്‍ക്കുന്ന പോലെ. വിടര്‍ന്ന മുഖത്തോടെ ഉമ്മ പറഞ്ഞു:
“മോനേ, ആയുധങ്ങള്‍ കൊണ്ട് അല്ലാഹുവിനും റസൂലിനും ഒന്നും ചെയ്തു കൊടുക്കാന്‍ നിനക്ക് കഴിഞ്ഞില്ലെങ്കില്‍ നിന്റെ വിജ്ഞാനം കൊണ്ട് നീ അവര്‍ക്ക് സേവനം ചെയ്യണം”.
മാതാവിന്‍റെ വാക്കുകളില്‍ അവന്‍റെ ദുഖങ്ങളെല്ലാം അലിഞ്ഞില്ലാതായി... പുതിയ ലക്ഷ്യങ്ങളിലേക്കും പ്രതീക്ഷകളിലേക്കും അവന്‍ മനസ്സും ശരീരവും തിരിക്കുകയായിരുന്നു ആ മാതാവ്.

വിശുദ്ധ മതത്തിന്‍റെ വളര്‍ച്ചാ ഘട്ടങ്ങളില്‍ തന്ത്രപ്രധാനമായ ഭാഗധേയത്വം നിര്‍വഹിച്ച സൈദ് ബിന്‍ സാബിത് (റ) വാണ് ഈ ചരിത്ര സംഭവത്തിലെ കൌമാരക്കാരന്‍. ഉമ്മയായിരുന്നു, മുസ്ലിം ലോകത്ത് ചിരപ്രതിഷ്ഠമായ വ്യക്തിത്വമായി ആ കൌമാരക്കാരനെ പരുവപ്പെടുത്തിയെടുത്തത്. നവ്വാര്‍ ബിന്‍ത് സൈദ് (റ), അതായിരുന്നു ആ മഹതിയുടെ പേര്.

സല്‍മ ബിന്‍ത് മാലികിന്‍റെയും സ്വിര്‍മത് ബ്നു മാലികിന്റെയും മകളായി ജനിച്ച നവ്വാറിനെ വിവാഹം ചെയ്തത് സാബിത് ബ്ന്‍ ളഹാക്ക് എന്ന വ്യക്തിയായിരുന്നു. മദീനയിലെ ബനൂ നജ്ജാര്‍ ഗോത്രക്കാരനായ അദ്ദേഹം ഒരു ഗോത്രയുദ്ധത്തില്‍ കൊല്ലപ്പെട്ടു. അന്ന് സൈദിന് അഞ്ച് വയസ്സ് മാത്രമാണ് പ്രായം.
മുസ്അബ് ബ്നു ഉമൈര്‍ (റ) വിന്‍റെ പ്രബോധനം വഴി നേരത്തെ ഇസ്ലാം സ്വീകരിച്ച നവ്വാര്‍ (റ) ക്ക് തന്‍റെ മകന്‍ ധര്‍മനിഷ്ഠനായി വളരണമെന്ന് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. താങ്ങായിരുന്ന ഭര്‍ത്താവ് നഷ്ടപ്പെട്ടെങ്കിലും അവര്‍ ആ ലക്ഷ്യ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചു. മുസ്അബ് (റ) വില്‍ നിന്നു തന്നെ വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും ഹൃദ്യസ്ഥമാക്കുകയും ചെയ്ത അവര്‍ അതിലൂടെ വിശ്വാസത്തിന്റെ കരുത്ത് ആര്‍ജ്ജിക്കുകയായിരുന്നു. കൂടെ, പത്ത് വയസ്സ് പോലും തികയാത്ത തന്‍റെ  മകനെയും തിരുവചനങ്ങള്‍ പഠിപ്പിച്ചു.
അങ്ങനെയിരിക്കെയാണ് മദീനക്കാര്‍ക്ക് മറക്കാനാകാത്ത ആ സംഭവം നടന്നത്. നബി (സ്വ) അനുയായികള്‍ക്കൊപ്പം മദീനയില്‍ എത്തിയിരിക്കുന്നു. ഓരോ വിശ്വാസിക്കുമെന്ന പോലെ നവ്വാര്‍ (റ) ക്കും സന്തോഷം അടക്കാനായില്ല. നബി (സ്വ) യുടെ സാന്നിധ്യം തങ്ങളുടെ നാട്ടിലുണ്ടെന്നത് മാത്രമല്ല അനാഥനായ തന്‍റെ മകനെ ഇനി മുതല്‍ തിരുനബി (സ്വ) യുടെ ശിക്ഷണത്തില്‍ വളര്‍ത്താമെന്നതു കൂടിയായിരുന്നു അവരുടെ സന്തോഷം.
അബൂ അയ്യൂബ് അല്‍ അന്‍സ്വാരി (റ) വിന്‍റെ വീട്ടില്‍ വിശ്രമിക്കുകയാണ് നബി (സ്വ). നീണ്ട മരൂഭൂയാത്രയുടെ ക്ഷീണമുണ്ട്. ഒരു ബാലന്‍ കുറച്ച് ഭക്ഷണവുമായി നബി (സ്വ) യുടെ സന്നിധിയിലേക്ക് വന്നു. തീരെ ചെറിയ പ്രായം. 
“നബിയേ, ഉമ്മ തന്നയച്ചതാണ് ഈ ഭക്ഷണം. അങ്ങേക്ക് കഴിക്കാന്‍ വേണ്ടി” അവന്‍ തിരുനബി (സ്വ) ക്ക് നേരെ തളിക നീട്ടി.
നബി (സ്വ) അത് കഴിച്ചു. ശേഷം ദുആ ചെയ്തു: “നിനക്കും നിന്‍റെ മാതാവിനും അല്ലാഹു ബറകത്ത് ചെയ്യട്ടെ”.
മദീനയിലെത്തിയ ശേഷം നബി (സ്വ) സ്വീകരിക്കുന്ന ആദ്യ പാരിതോഷികം. നവ്വാര്‍ (റ) കൊടുത്തയച്ച ആ ഭക്ഷണമായിരുന്നു, കൊണ്ടുകൊടുത്തത് മകന്‍ സൈദ് (റ)വും.
അങ്ങനെ മദീനാ ജീവിതത്തില്‍ ആദ്യമായി നബി (സ്വ) ക്ക് ഹദ് യ നല്‍കിയ വനിത എന്ന മഹാപദവി നവ്വാര്‍ (റ) സ്വന്തമാക്കി. അതിലുപരി, ജീവിതാനുഗ്രഹങ്ങള്‍ക്കു വേണ്ടിയുള്ള നബി (സ്വ) യുടെ പ്രാര്‍ഥനയും. തന്‍റെ മകനെ നബി (സ്വ) ക്കും വിശുദ്ധ മതത്തിനും സമര്‍പ്പിക്കുന്നതിന്‍റെ ശുഭാരംഭം കൂടിയായിരുന്നു ആ മാതാവിന് അത്.
അടുത്ത ദിവസങ്ങളിലൊന്നില്‍ നവ്വാര്‍ (റ) യുടെ താത്പര്യ പ്രകാരം ചില സ്വഹാബികള്‍ സൈദ് (റ) വിനെ നബിസന്നിധിയിലെത്തിച്ച് പരിചയപ്പെടുത്തി.
ശേഷമുള്ള കഥ സൈദ് (റ) തന്നെ പറയുന്നത് കാണുക:
“അവര്‍ എന്നെ നബി (സ്വ) യുടെ അടുത്തെത്തിച്ചു. ഈ ഖസ്റജീ ബാലന് പതിനാറോളം സൂറകള്‍ നന്നായി പാരായണം ചെയ്യാനാറിയാമെന്ന് പറഞ്ഞു. നബി (സ്വ) എന്നോട് അല്‍പം പാരായണം ചെയ്യാനാവശ്യപ്പെട്ടു. ഞാന്‍ പാരായണം ചെയ്തു. അത് നബി (സ്വ) യെ വല്ലാതെ സന്തോഷിപ്പിച്ചു. ശേഷം എന്നോട് പറഞ്ഞു: നീ യഹൂദികളുടെ ഭാഷ പഠിക്കുക. അവരുമായി എഴുത്തു കുത്തുകള്‍ നടത്താന്‍ ഞാനുദ്ദേശിക്കുന്നു. ഞാനത് സമ്മതിച്ചു. കേവലം പതിനഞ്ച് ദിവസം കൊണ്ട് യഹൂദികളുടെ ഭാഷ ഞാന്‍ സ്വായത്തമാക്കി. പിന്നീട് യഹുദ രാജാക്കള്‍ക്ക് നബി (സ്വ) എഴുതുന്ന കത്തുകളും അവരിങ്ങോട്ട് അയക്കുന്നവയും എഴുതുകയും വായിക്കുകയും ചെയ്തിരുന്നത് ഞാനായിരുന്നു.”
നവ്വാര്‍ (റ) എന്ന മാതാവിന്‍റെ സ്വപ്നങ്ങള്‍ ഇരട്ടച്ചിറകുകളിലേറി പറക്കുകയായിരുന്നു പീന്നീട്. തന്‍റെ മകന്‍റെ ബുദ്ധിയും സാമര്‍ഥ്യവും വിശുദ്ധ മതത്തിന്‍റെ ശാക്തീകരണത്തിനുപകരിക്കണമെന്ന ആഗ്രഹത്തിന് നബി (സ്വ) യുടെ പിന്തുണ കൂടി കിട്ടിയതോടെ അവര്‍ ആവേശഭരിതയായി.

സൈദ് (റ) പറയുന്നു: 
“പിന്നീടൊരിക്കല്‍ നബി (സ്വ) എന്നോട് പറഞ്ഞു. നിനക്ക് സുറിയാനി ഭാഷ വശമുണ്ടോ. ഇല്ലെങ്കില്‍ അതു കൂടി പഠിക്കുക. ക്രിസ്തീയ രാജ്യാധിപന്മാരുമായി മതസന്ദേശങ്ങള്‍ കൈമാറാന്‍ നമുക്കത് ആവശ്യമാണ്. നബി (സ്വ) യുടെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ സുറിയാനി ഭാഷ പഠിക്കാന്‍ ആരംഭിച്ചു. കേവലം പത്തു ദിവസങ്ങള്‍ കൊണ്ട് ഞാനത് പഠിച്ചെടുത്തു”
തന്‍റെ ബുദ്ധിവൈഭവം കണ്ടറിഞ്ഞ നബി (സ്വ) നല്‍കിയ അവസരങ്ങളിലൂടെ സൈദ് (റ) നബിയുടെ എഴുത്തുകാരനായി മാറി. അന്യഭാഷാ സമ്പര്‍ക്കങ്ങള്‍ മാത്രമല്ല വിശുദ്ധ വഹ് യിന്‍റെയ എഴുത്തുകാരനായും സൈദ് (റ) പിന്നീട് ചുമതലപ്പെടുത്തപ്പെട്ടു.
ഈ മഹാസൌഭാഗ്യങ്ങളിലേക്കുള്ള നാള്‍വഴികളിലൂടെ മകനെ കൈപിടിച്ചു നടത്തിയ മാതൃഹൃദയം അല്ലാഹുവിനെ സ്തുതിച്ചു.
നവ്വാര്‍ (റ) പറയുന്നു: “മസ്ജിദ് നബവിക്കടുത്തുള്ള വീടുകളി‍ല്‍ ഏറ്റവും ഉയരം കൂടിയ വീട് എന്‍റേതായിരുന്നു. ആദ്യമായി ബാങ്ക് കൊടുക്കാന്‍ ബിലാല്‍ (റ) വിനോട് നബി (സ്വ) കല്‍പിച്ചപ്പോള്‍ (മസ്ജിദിന്‍റെ നിര്‍മാണം പൂര്‍ത്തിയാകത്തതിനാല്‍) എന്‍റെ വീടിന് മുകളില്‍ കയറിയാണ് അവര്‍ വാങ്ക് വിളിച്ചത്. പിന്നീട് പണി പൂര്‍ത്തിയായ ശേഷം മസ്ജിദിന് മുകളില്‍ ബാങ്ക് വിളിക്കാന്‍ വേണ്ടി ഉയര്‍ന്ന ഒരു സ്ഥാനം ഉണ്ടാക്കുകയായിരുന്നു”
ആഇശ (റ) യില്‍ നിന്നടക്കം പല പ്രമുഖ സ്വഹാബികളില്‍ നിന്നും ഹദീസ് നിവേദനം ചെയ്തിട്ടുണ്ട് നവ്വാര്‍ (റ). 
ജീവിതത്തില്‍ അല്ലാഹു നല്‍കിയ മഹാസൌഭാഗ്യങ്ങള്‍ക്കൊപ്പം ആറാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ട തന്‍റെ മകനെ കൃത്യമായ ആസൂത്രണത്തോടെയും ലക്ഷ്യബോധത്തോടെയും അവര്‍ വഴിനടത്തി. ഖുര്‍ആനും മതവിജ്ഞാനീയങ്ങളും കരഗതമാക്കി സ്വയം പര്യാപ്തയായതു മുതല്‍, പതിനൊന്നാം വയസ്സില്‍ മകനെ വിശുദ്ധ മതത്തിലെ ആദ്യ ജിഹാദിന് പോകാന്‍ പ്രേരിപ്പിച്ചതിലൂടെ, അന്ന് നബി (സ്വ) യുടെ വിസമ്മതം കാരണം മടങ്ങിയെങ്കിലും പതിമൂന്നാം വയസ്സില്‍ വീണ്ടും ഉഹ്ദ് യുദ്ധത്തിലേക്ക് പോകാന്‍ ധൈര്യം പകര്‍ന്നതടക്കം ഒരു അനാഥ ബാലന്‍റെ അത്ഭുതകരമായ വ്യക്തിത്വം വാര്‍ത്തെടുക്കാന്‍ അവര്‍ നടന്ന വഴികള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്.
ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളില്‍ സൈദ് (റ) ഏറ്റെടുത്ത നിയോഗങ്ങള്‍ നിരവധിയാണ്. വിജ്ഞാന വിശകലനങ്ങള്‍ക്കുള്ള ബുദ്ധിവൈഭവവും വിശുദ്ധപോരാട്ടങ്ങള്‍ക്കുള്ള ധീരതയും ഒരു പോലെ സമ്മേളിച്ച സൈദ് (റ) ന് തന്നെയായിരുന്നു അബൂബക്ര്‍ (റ) വിന്‍റെ കാലത്ത് നടന്ന  വിഖ്യാതമായ ഖുര്‍ആന്‍ ക്രോഡീകരണ ദൌത്യത്തിന് നേതൃത്വം കൊടുക്കാനുള്ള നിയോഗവും.
തന്‍റെ സര്‍വ്വ സൌഭാഗ്യങ്ങള്‍ക്കും വിത്ത് വിതറിയ പ്രിയ മാതാവിന്‍റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം കൊടുത്ത് അവരെ യാത്രയാക്കുമ്പോള്‍ ഒരു പക്ഷേ സൈദ് (റ) വിന്‍റെ കണ്ഠം ഇടറിയിട്ടുണ്ടാകണം. അതേസമയം, സഫലസുന്ദരമായൊരു ആയുസ്സ് ജീവിച്ച് തീര്‍ത്തതിന്‍റെ ചാരിതാര്‍ഥ്യത്തോടെ സ്വര്‍ഗത്തില്‍ സായൂജ്യം പൂണ്ടിരിക്കുകയായിരുന്നിരിക്കണം നവ്വാര്‍ (റ) എന്ന മാതാവ്, കാരണം, “ഉമ്മു ജാമിഇല്‍ ഖുര്‍ആന്‍” (ഖുര്‍ആന്‍ ക്രോഡീകരിച്ച മഹാനുഭാവന്റെ ഉമ്മ) എന്ന് ലോകം തന്നെ വിളിക്കുന്നത് അവര്‍ അതിനകം തന്നെ കേട്ടിരുന്നു.. ലോകാവസാനം വരെ അത് തുടരുകയും ചെയ്യുമല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter