മുടക്കില്ലാതെ ലാഭം കൊയ്യുന്നവര്
റിയാദില്നിന്ന് മക്കയിലേക്കുള്ള യാത്രയിലാണ് ഞങ്ങള്. റമദാന് മാസമാണ്. ശ്രേഷ്ഠമായ മാസത്തില് പ്രതിഫലം ഏറെയുണ്ടെന്നതിനാല് ഉംറ നിര്വ്വഹിക്കുകയെന്നതാണ് എല്ലാവരുടെയും ലക്ഷ്യം. ഇഹ്റാം ധരിച്ച് ചുണ്ടില് തല്ബിയതിന്റെ വചനങ്ങളുമായി സംഘം മുന്നോട്ട് നീങ്ങുകയാണ്. നോന്പ് തുറക്കാനുള്ള സമയം അടുത്ത് വരുന്നതേയുള്ളൂ. റോഡിന്റെ സൈഡുകളിലും മറ്റുമായി കെട്ടിയുണ്ടാക്കിയ തന്പുകളില് നോന്പ് തുറയുടെ ഒരുക്കങ്ങള് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
പെട്ടെന്നാണ് ഇഫ്താര്സാഇം എന്ന ബോഡ് കൈയ്യില് പിടിച്ച് ബസിന് കൈ കാണിക്കുന്ന ആള് ശ്രദ്ധയില് പെട്ടത്. വേഷവിധാനങ്ങളും ആ ആതിഥേയ താല്പര്യവും കണ്ടാല് തന്നെ മനസ്സിലാവും അയാള് സൌദി പൌരനാണെന്ന്. അയാള് കൈ കാണിക്കുന്നത് കണ്ട് പല വണ്ടികളും അവിടെ നിര്ത്തുന്നുണ്ട്. വണ്ടിയില് നിന്നിറങ്ങുന്നവരെയൊക്കെ സ്വീകരിച്ച് തന്പിനുള്ളിലേക്ക് ആനയിച്ചുകൊണ്ടുപോകുകയാണ്. നോന്പ് തുറപ്പിക്കാന് ഇത്രയേറെ ഉല്സാഹം കാണിക്കുന്നത് കണ്ടപ്പോള് വല്ലാത്തൊരു കൌതുകം തോന്നി. അടുത്തിരിക്കുന്ന സുഹൃത്തിനോട് കാര്യമന്വേഷിച്ചു.
സൌദിയില് വര്ഷങ്ങളുടെ പരിചയമുള്ള അയാള് ഇത്തരം റോഡുവക്കിലെ നോന്പുതുറയെക്കുറിച്ച് വിവരിച്ചു തന്നു. സൌദിയിലെ പല കുടുംബങ്ങളും ഒന്നിച്ചുചേര്ന്ന് ഇത്തരം സമൂഹ നോന്പ്തുറകള് സംഘടിപ്പിക്കാറുണ്ടത്രെ. അതിന് പലരും തെരഞ്ഞെടുക്കുന്നത് റോഡ് സൈഡുകളാണ്. സൌദിയിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ നീണ്ടുകിടക്കുന്ന റോഡുകളില് പലപ്പോഴും നോന്പ്തുറക്കാനും ഭക്ഷണം കഴിക്കാനുമൊന്നും കൃത്യസമയത്ത് വല്ലതും ലഭിക്കണമെന്നില്ല. ആയതിനാല് പല കുടുംബങ്ങളും ഇത്തരം യാത്രക്കാരെ സഹായിക്കാനായി നോന്പ് തുറ ക്യാന്പുകള് സംഘടിപ്പിക്കുന്നു.
കുടുംബത്തിലെ ഓരോരുത്തരും അവരെക്കൊണ്ട് കഴിയുന്നവിധം ശാരീരികമായും സാന്പത്തികമായും സഹകരിച്ച് കാര്യമായൊരു ചെലവില്ലാതെയാണ് ഇത്തരം നോന്പ്തുറകള് സംഘടിപ്പിക്കുന്നത്രെ. അവരുടെ വീടുകളില് ഉണ്ടാക്കുന്നത് അല്പം കൂടുതലുണ്ടാക്കി, എല്ലാവരും തന്പിലേക്ക് കൊണ്ടുവന്ന് കഴിക്കുന്നതിലൂടെ അവര്ക്ക് കാര്യമായ മുതല്മുടക്കൊന്നും ഇതിനായി വേണ്ടിവരുന്നില്ല. എന്നാല് അതേ സമയം നോന്പ് തുറ സമയത്ത് തുറക്കാനാവശ്യമായത് ലഭിക്കാതെ യാത്ര ചെയ്യേണ്ടിവരുന്ന യാത്രക്കാര്ക്ക് അത് വളരെയേറെ സഹായകമാവുകയും ചെയ്യുന്നു.
അവശ്യസമയത്ത് ലഭിക്കുന്ന ആ ഭക്ഷണപദാര്ത്ഥങ്ങള് കഴിച്ച് ആശ്വാസത്തിന്റെ നെടുവീര്പ്പിട്ട് അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് അവര് എണീറ്റ് പോകുന്പോള് ആ ആതിഥേയരുടെ മുഖത്ത് സംതൃപ്തിയുടെ ഒരായിരം പൂത്തിരികള് ഒന്നിച്ച് കത്തുന്നത് കാണാം. കാര്യമായ മുതല്മുടക്കില്ലാതെ, പാരത്രിക ജീവിതത്തിലേക്ക് വലിയ ലാഭം കൊയ്യുന്ന ഇത്തരക്കാരെക്കുറിച്ചും അതേ സമയം റമദാനില് കുറെയേറെ ഭക്ഷണം വെറുതെ കളയുന്നവരെക്കുറിച്ചും മാറിമാറി ചിന്തിച്ചുപോയി. തല്ബിയതിന്റെ മുഴക്കവുമായി ബസ് അപ്പോഴും ഓടിക്കൊണ്ടേയിരുന്നു.
Leave A Comment