ഭൂമിയിൽ മഴ പെയ്യുന്നു, ആത്മാവിൽ പൊരുളുകൾ തളിർക്കുന്നു
മഴ കൊള്ളാനുള്ളതാണ്. കൊണ്ടാസ്വദിക്കാനുള്ളതാണ്. ആസ്വദിച്ചാനന്ദിക്കാനുള്ളതാണ്. ആനന്ദിച്ചുന്മത്തരാവണം. ആ ഉന്മാദത്തിന്റെ ഉച്ചസ്ഥായിയിൽ അവന്റെ വിളിയാളമുണ്ടാകും. അതിൽ പിന്നെയാണ് ദൈവീകപ്രാതിനിധ്യത്തിന്റെ മാഹാത്മ്യം മഹച്ചരിതങ്ങൾ തീർക്കുന്നത്. കാണുന്ന കാഴ്ചകളിലഖിലം ആനന്ദത്തിന്റെ നിറവസന്തം തീർത്ത അവൻ തന്നെയാണവയിലൊക്കെയും ഉൾക്കാഴ്ചയുടെ നറുനിലാവ് പടർത്തിയതും. ആ വെളിച്ചത്തിലങ്ങനെ നടക്കുമ്പോ നാം അറിയാതെ പറഞ്ഞു പോകും, 'നിന്റെ വെളിച്ചതിനെന്തൊരു വെളിച്ചമാണ് റബ്ബേ' എന്ന്.. നൂറുൻ അലാ നൂർ.. പ്രകാശത്തിന്മേൽ പ്രകാശം.. ആ പ്രകാശത്തിന്റെ അകത്തളങ്ങളിൽ പൊരുളുകളുടെ യാഥാർഥ്യങ്ങൾ തെളിഞ്ഞു വരും. കാണുന്ന ലോകത്തിന്റെ മറുലോകത്തെ അതിവിശിഷ്ട കാഴ്ച്ചകൾ നമുക്കായി കാത്തിരിപ്പുണ്ടാവും അവിടെ.. *أَلَمْ تَرَ أَنَّ اللَّـهَ يُزْجِي سَحَابًا ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَامًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ وَيُنَزِّلُ مِنَ السَّمَاءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَاءُ وَيَصْرِفُهُ عَن مَّن يَشَاءُ ۖ يَكَادُ سَنَا بَرْقِهِ يَذْهَبُ بِالْأَبْصَارِ ﴿٤٣﴾ يُقَلِّبُ اللَّـهُ اللَّيْلَ وَالنَّهَارَ ۚ إِنَّ فِي ذَٰلِكَ لَعِبْرَةً لِّأُولِي الْأَبْصَارِ ﴿٤٤} (النور)* *وَنَزَّلْنَا مِنَ السَّمَاءِ مَاءً مُّبَارَكًا (قٓ:٩)* എത്ര സുന്ദരമായിട്ടാണ് മഴയെ പടച്ച റബ്ബ് അതിനെ വർണിക്കുന്നത്. മേഘങ്ങളെ തെളിച്ചു കൊണ്ടു പോയി കൂട്ടിയിണക്കി അവക്കിടയിലൂടെ തുള്ളി തുള്ളിയായി ഉതിർന്നു വീഴുന്ന പളുങ്ക് പോലോത്ത മഴത്തുള്ളികൾ... തീർന്നില്ലല്ലോ.. മഴയുടെ വെള്ളം അനുഗ്രഹീതമെന്നും ഈ റബ്ബിന്റെ സാക്ഷ്യം.. സൃഷ്ടി ജാലങ്ങളഖിലവും അവന്ന് തസ്ബീഹ് ചൊല്ലുന്നുവെന്നും നിങ്ങൾക്കത് മനസ്സിലാകാത്തതാണ് പ്രശ്നമെന്നും പറഞ്ഞിട്ടാണ് അല്ലാഹു മഴയെ വർണനകളുടെ മഹിതവർഷം കൊണ്ടനുഗ്രഹിച്ചത്.. ഒന്നാലോചിച്ചു നോക്കൂ.. ഇതേ മേഘത്തിൽ നിന്ന് തന്നെയത്രെ ഇടിമിന്നലുകളുടെ ഘോരശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും സൃഷ്ടിക്കപ്പെടുന്നത്. മഴയുടെ തണുപ്പിൽ ആ വെളിച്ചം കെട്ടുപോകുന്നില്ല. ആ തീപ്പൊരിയുടെ ചൂടിൽ മഴയുടെ തണുപ്പും പോകുന്നില്ല..എന്റെ റബ്ബിന്റെ സംവിധാനങ്ങളുടെ അത്ഭുതം അവസാനിക്കുന്നേയില്ലല്ലോ.. പിന്നെങ്ങനെ ആ മഴയോട് കിന്നാരം പറഞ്ഞിരിക്കാൻ തോന്നാതിരിക്കും.. ഉതിർന്നു വീഴുന്ന ആ മേഘമുത്തുകളിൽ കുതിർന്നു നിൽക്കുമ്പോൾ ഒരൊന്നൊന്നര ഫീല് തന്നെയാണ്. മനസ്സും ശരീരവും ആത്മാവ് തന്നെയും ഒന്ന് കുളിരണിഞ്ഞു പോകും.. ഓരോ കോശങ്ങളും ആ കുളിരിന്റെ ഹര്ഷോന്മാദത്തിൽ ലയിച്ചു പോകും.. ഉണർവിന്റെ ബോധനങ്ങൾ തെളിഞ്ഞു വരും.. ബോധനത്തിന്റെ മിഹ്റാബിൽ പുതിയ ആകാശങ്ങൾ തെളിഞ്ഞു വരും. അവിടെ പിന്നെ ഹർഷ വർഷങ്ങളുടെ മഹോത്സവമാണ്. ആന്തരിക ആഘോഷത്തിന്റെ മഹാമഹം.. അല്ലെങ്കിലും മഴയുടെ സ്നേഹപ്പെയ്ത്തിൽ ഭാവനയുടെ അതീന്ദ്രിയ ശക്തികൾ മഹേന്ദ്രജാലം തീർക്കുന്നത് സുപരിചിതമാണല്ലോ.. ഉണർവിന്റെ അപരിമേയത്വത്തിന്റെ അപാരതകൾ ഉയിർ കൊള്ളുന്നതും അവിടെ തന്നെ... ഉണർവ്വിന്റെ ലഹരിയും ഉണ്മയുടെ ഉന്മാദവും അറിയാതുണർന്നു വരുന്ന ചില മുഹൂർത്തങ്ങൾ നമുക്ക് വേണ്ടി പാത്തുവെച്ചിട്ടുണ്ടാകും പടച്ച റബ്ബ്. സന്തോഷിക്കാൻ പ്രത്യേകിച്ചു കാരണങ്ങളൊന്നും വേണ്ടതില്ലാത്ത അസുലഭ നിമിഷങ്ങൾ.. 'ഉണ്ട്' എന്ന ബോധം പോലും ആനന്ദവർഷത്തിന്റെ പേമാരി തീർക്കുന്ന സന്ദർഭങ്ങൾ... സ്വയം ഒരൂർജ്ജ സ്രോതസ്സായി മറിപ്പോകുമപ്പോൾ.. ശരീരത്തിലെ ഓരോ കോശങ്ങളും എഴുന്നേറ്റ് നിന്ന് അറിയാതെ പറഞ്ഞുപോകും 'സുബ്ഹാനല്ലാഹ്'... നീയെത്ര ഉന്നതൻ.. നീയെത്ര മഹോന്നതൻ..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter