മാമൂലുകള്‍: ശരിയും തെറ്റും
മുസ്‌ലിം സമൂഹത്തില്‍ വിവിധ നാടുകളില്‍ വ്യത്യസ്ത മാമൂലുകള്‍ നടക്കുന്നതായി കാണാം. സമുദായത്തിന്റെ സാമ്പത്തിക വളര്‍ച്ചയും മാന്ദ്യവും കണക്കിലെടുക്കുമ്പോള്‍ ഈ മാമൂലുകള്‍ വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യും. ഇതിലെ ശരിതെറ്റുകളെക്കുറിച്ച് പല മുന്‍ധാരണകളും പലരും വെച്ചുപുലര്‍ത്തുന്നു.
പുതുമാരന്റെ ഭാഗത്തു നിന്നും വധുവിന് കല്ല്യാണ ദിവസത്തേക്ക് വാങ്ങുന്ന നിര്‍ബന്ധ വസ്ത്രങ്ങളുടെ പുറമെ കുടുംബത്തിലെ പ്രധാന അംഗങ്ങള്‍ക്കുള്ള വസ്ത്രം, വരനു വേണ്ടി വധുവിന്റെ വീട്ടില്‍ മുറി അലങ്കരിക്കല്‍, കല്ല്യാണ ദിവസം തന്റെ സാമ്പത്തിക അവസ്ഥക്കും നിലക്കും എത്രയോ ഉയര്‍ന്ന ഭക്ഷണം ഉണ്ടാക്കല്‍, കല്ല്യാണ ശേഷം നീണ്ടുനില്‍ക്കുന്ന സല്‍ക്കാരങ്ങള്‍, ഈ സല്‍ക്കാര പോക്കുവരവുകളില്‍ പ്രത്യേക പൊതികളും കെട്ടുകളും, ഇതിന്റെയെല്ലാം പുറമെ ആദ്യ പ്രസവത്തിന്റെ കാര്യങ്ങള്‍... ഇങ്ങനെ നീളുന്നു മാമൂലുകളുടെ പട്ടിക.
അഖീഖഃ അറുക്കുക എന്ന സുന്നത്തായ കര്‍മ്മത്തിനു സമ്പന്നനും അല്ലാത്തവനും വിലപിടിച്ച ഒന്നോ രണ്ടോ കാളകളെ അറുത്ത് മാംസം വിതരണം ചെയ്യുന്നതിന്റെ പുറമെ, രാവിലെ ഒന്നോ രണ്ടോ ആടും അതു കഴിക്കാന്‍ നിരവധി പേരും, ശേഷം ഉച്ചക്ക് സ്ത്രീകളുടെ ഒരു സംഗമവും.
ഈ മാമൂലുകളെല്ലാം ചിലര്‍ അനാചാരവും ധൂര്‍ത്തുമായി ചിത്രീകരിക്കുന്നു. സമ്പത്ത് പാഴാക്കലാണെന്നു ആരോപിക്കുന്നു. ഇതിന്റെ കര്‍മ്മശാത്ര വശം ചിന്തിക്കാതെയാണ് ഈ മുദ്രകുത്തല്‍. ഇതിലെല്ലാം ഇസ്‌ലാം വിലക്കിയ അനാചാരവും ധൂര്‍ത്തുമാണോയെന്ന് നാം ആലോചിക്കണം.
മുകളിലുദ്ധരിച്ച മാമൂലുകളിലോ അതുപോലോത്തതിലോ തെറ്റും അനാചാരവും ധൂര്‍ത്തും കണ്ടെത്താന്‍ ശാഫിഈ മദ്ഹബ് അംഗീകരിക്കുന്നവര്‍ക്കു കഴിയില്ല. പ്രസ്തുത കാര്യങ്ങളിലൊന്നും 'ഇളാഅത്തുല്‍മാല്‍' (സമ്പത്ത് പാഴാക്കല്‍) ഇല്ല. നല്ല നിയ്യത്തോടെ നിര്‍വ്വഹിച്ചാല്‍ പ്രതിഫലാര്‍ഹമായ കാര്യങ്ങളാണവ.
ഈ ലോകത്തും പരലോകത്തും യാതൊരുപകാരവുമില്ലാതെ ധനം നശിപ്പിക്കുന്നതാണ് ഇളാഅത്തുല്‍ മാല്‍'. ധനം കൊണ്ടുപോയി സമുദ്രത്തിലിടുക എന്നാണ് ഇതിന് കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ ഉദാഹരണം പറഞ്ഞത്. അനുവദനീയമായ ആസ്വാദനം, ഉല്ലാസം എന്നിവക്ക് ധനം ചെലവഴിക്കലോ മുകളില്‍ വിവരിച്ച മാമൂലുകള്‍ക്ക് ചെലവഴിക്കലോ ധൂര്‍ത്തല്ലായെന്ന് ഫുഖഹാഇന്റെ ഉദാഹരണത്തില്‍നിന്നു തന്നെ വ്യക്തമാണല്ലോ.
വീട്, വാഹനം പോലുള്ളവ പലതരം ചിത്രപ്പണികള്‍ കൊണ്ടലങ്കരിക്കല്‍, കാണാന്‍ കൗതുകത്തിനു വേണ്ടി മാത്രമാണെങ്കിലും അനുവദനീയമായതു വാങ്ങല്‍, ഇതിനു ധനം ചെലവഴിക്കല്‍ ധനം നശിപ്പിക്കലല്ല. ഇമാം ഇബ്‌നു ഹജര്‍(റ) 'ഈആബി' ല്‍ ഇത് കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്.
കരിമരുന്നുകള്‍ കത്തിക്കലും, അതിന്റെ ശബ്ദം കേട്ട് ആസ്വദിക്കലും അനുവദനീയമായ അതിശയങ്ങള്‍ കാണലാണെന്ന നന്‍മയുണ്ട്. ഇവയുടെ വിധി നമുക്ക് പരിശോധിക്കാം.
പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടിലെ ഉലമാഅ് 'കേരള ഇബ്‌നു ഹജര്‍' എന്നു വിശേഷിപ്പിച്ച പൊന്നാനിയിലെ പ്രസിദ്ധരായ വെളിയങ്കോട് തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാരുടെ ഫത്‌വ കാണുക: ''കദീന, വാണം, ചക്രം, കമ്പം മുതലായ കരിമരുന്നുകള്‍ കത്തിക്കല്‍ ജാഇസാണ്, ഹറാമില്ല. 'ഇളാഅത്തുല്‍ മാല്‍' എന്നു പറയണമെങ്കില്‍ ദുന്‍യവിയും ഉഖ്‌റവിയുമായ യാതൊരു നഫ്ഉം (ഉപകാരം) ഇല്ലാതിരിക്കണം. യാതൊരു ആവശ്യവുമില്ലാതെ ധനം കടലിലെറിയും പോലെ. മരുന്നു കത്തിക്കല്‍, ഹലാലായ അതിശയങ്ങള്‍ കാണല്‍, നോക്കല്‍ എന്ന നേട്ടം ഉണ്ട്. അപ്പോള്‍ ഇത് വീട്, പുര മുതലായതിനെ നഖ്ശ് (ചിത്രം) കൊത്തുക, വെള്ള വലിക്കുക എന്നതുപോലെ കാഴ്ചക്കു വേണ്ടി മുതല്‍ ചെലവാക്കി ഉണ്ടാക്കപ്പെടുന്ന മുബാഹാത്തില്‍ (അനുവദനീയത്തില്‍) പെട്ടതാണ്.
ഇസ്‌ലാം നിരോധിച്ച കാര്യങ്ങള്‍ മാമൂലെന്ന പേരില്‍ നടത്തിയാലും അതു തെറ്റു തന്നെയാണ്. പക്ഷെ, അനുവദനീയമായത് ചെയ്യുന്നത് തെറ്റാക്കി ചിത്രീകരിക്കല്‍ അക്രമവും കഠിന തെറ്റുമാണ്.'' അഹ്‌ലുസ്സുന്നത്തിന്റെ ഉലമാഇന്റെ ദൃഷ്ടിയില്‍ നിരോധിക്കപ്പെട്ട എല്ലാ അനാചാരങ്ങളും മഖ്ബറകളിലെ നേര്‍ച്ചകളില്‍ നിര്‍ത്തല്‍ ചെയ്യണമെന്ന് 1951-ല്‍ സമസ്ത പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേര്‍ച്ചയുടെ മറവില്‍ അനിസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ ഇന്ന് ധാരാളമായി നടക്കുന്നുണ്ടല്ലോ. അതെല്ലാം അനാചാരവും തെറ്റുമാണെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതര്‍ വ്യക്തമാക്കിയതു തന്നെയാണല്ലോ.
വിവാഹ സദ്യ(വലീമത്ത്) ലളിതമാക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. സാമ്പത്തിക കഴിവനുസരിച്ച് വിവാഹ സദ്യ വലുതാക്കാവുന്നതാണ്. നിക്കാഹിനു ശേഷമാണ് വിവാഹ സദ്യ സുന്നത്തുള്ളത്. പരിപൂര്‍ണ്ണതയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ആടിനെയെങ്കിലും അറുത്ത് വലീമത്ത് നടത്താനാണ് നബി(സ) സ്വഹാബത്തിനോട് കല്‍പിച്ചത്. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന വിവാഹസദ്യ വരെ സുന്നത്താണെന്ന് സ്വലഫുസ്സ്വാലിഹീങ്ങള്‍ പറഞ്ഞിട്ടുണ്ട്.(ശറഉ മുസ്‌ലിം 1:458)
ഇന്ന് ഇതെല്ലാം സദസ്സിനെ കൈയ്യിലെടുക്കുന്ന പ്രഭാഷകരുടെ മുമ്പില്‍ അനാചാരവും ധൂര്‍ത്തുമാണ്. ഇതിന്റെ പേരില്‍ പുതിയ ഫത്‌വ വരുന്നു. പക്ഷെ, അവയൊന്നും ഇസ്‌ലാമിക ഫിഖ്ഹുമായി ബന്ധപ്പെടുത്തേണ്ടന്നേ ഓര്‍മ്മപ്പെടുത്തുന്നുള്ളൂ.
Leave A Comment