അധ്യായം 3. സൂറ ആലു ഇംറാന്‍- (Ayath 101-108) ഒറ്റക്കെട്ടാകണം; ഭിന്നിക്കരുത്

വേദക്കാരുടെ കുതന്ത്രങ്ങളില്‍ പെട്ട് പഴയതുപോലെ ജാഹിലിയ്യത്തിലേക്കും സത്യനിഷേധത്തിലേക്കും തിരിച്ചുപോകാനൊരുങ്ങിയ ഔസിന്‍റെയും ഖസ്റജിന്‍റെയും കഥയാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞത്.

 

എന്തുകൊണ്ട് അവരുടെ വലയില്‍ പെട്ട് അവരെ അനുസരിച്ചുകൂടാ എന്നും സത്യനിഷേധം പുല്‍കിക്കൂടാ എന്നും വിശദീകരിക്കുകയാണിനി. അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ അവതീര്‍ണമാവുകയും പാരായണം ചെയ്യപ്പെടുകയും ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്, നിങ്ങളതു കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്, തിരുനബി صلى الله عليه وسلم നിങ്ങളുടെ കൂടെത്തന്നെയുണ്ട്. ഇതെല്ലാം മനുഷ്യനെ സത്യനിഷേധത്തിന്‍റെ ഇരുട്ടുകളില്‍ നിന്ന് രക്ഷപ്പെടുത്തുന്ന കാര്യങ്ങളാണ്.

 

ഈ അനുകൂല ചുറ്റുപാടുകളൊക്കെയുണ്ടായിട്ടും സത്യനിഷേധം സ്വീകരിക്കുക എന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക?

 

സംശയ നിവാരണത്തിനോ തെളിവുകള്‍ക്കോ വിശദീകരണങ്ങള്‍ക്കോ മറ്റാരെയും നിങ്ങള്‍ക്ക് ആശ്രയിക്കേണ്ടതില്ല; തിരുനബി صلى الله عليه وسلم യെ സമീപിക്കുകയേ വേണ്ടൂ. അല്ലാഹുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ മുറുകെപ്പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴിതെറ്റുകയുമില്ല.

 

وَكَيْفَ تَكْفُرُونَ وَأَنْتُمْ تُتْلَىٰ عَلَيْكُمْ آيَاتُ اللَّهِ وَفِيكُمْ رَسُولُهُ ۗ وَمَنْ يَعْتَصِمْ بِاللَّهِ فَقَدْ هُدِيَ إِلَىٰ صِرَاطٍ مُسْتَقِيمٍ (101)

അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ നിങ്ങള്‍ക്ക് പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കവെ, റസൂല്‍ നിങ്ങളിലുണ്ടായിരിക്കവെ എങ്ങനെ നിങ്ങള്‍ അവിശ്വസിക്കും? അല്ലാഹുവിനെ ആരു മുറുകെപ്പിടിക്കുന്നുവോ അവന്‍ ഋജുവായ പന്ഥാവിലേക്ക് മാര്‍ഗദര്‍ശനം ചെയ്യപ്പെട്ടിരിക്കുന്നു.

 

അന്നത്തെ കാലത്തുള്ള സത്യവിശ്വാസികളോടും വേദക്കാരോടും മാത്രമല്ല ഈ അഭിസംബോധന. നമ്മളോടും കൂടിയാണ്. കാരണം, വേദക്കാര്‍ ഇന്നും  ഇപ്പണി തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്. അതായത്, മുസ്‌ലിംകളെ വഴിപിഴപ്പിക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.  ഓറിയന്‍റലിസമെല്ലാം അതിന്‍റെ ഭാഗമാണ്. ഗുണകാംക്ഷികളാണെന്ന ഭാവേന രംഗത്തുവന്ന് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണവര്‍ ചെയ്യുക. നമ്മള്‍ കരുതിയിരിക്കണം.  

 

ഓറിയന്‍റലിസ്റ്റുകളുടെ സാഹിത്യകൃതികള്‍ വളരെ അപകടകരവും തെറ്റിദ്ധാരണാജനകവുമാണ്. കൂടുതലും ജൂതപണ്ഡിതരുടേതാണീ കൃതികള്‍.

 

അതുപോലെത്തന്നെ, മറ്റു പലരും പല വിധേനയും നമ്മളെ ദീനില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, അല്ലാഹുവിന്‍റെ ഈ താക്കീത് വിശാലാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണം.

 

അടുത്ത ആയത്ത് 102

 

വേദക്കാരെക്കുറിച്ചും അവരെ അഭിമുഖീകരിച്ചും പലതും പറഞ്ഞുകഴിഞ്ഞു. ഇനി,  സത്യവിശ്വാസികളെ അഭിമുഖീകരിച്ച് ചില ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. ശത്രുക്കളുടെ  ദുരുപദേശങ്ങള്‍ക്ക് വഴങ്ങി പിഴച്ചുപോകരുതെന്നാണല്ലോ തൊട്ടുമുമ്പ് ഉണര്‍ത്തിയത്. അങ്ങനെ പിഴച്ചുപോകാതിരിക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളാണിനി നല്‍കുന്നത്.

പ്രധാനമായും 4 ഉപദേശങ്ങള്‍: തഖ്‍വയുള്ളവാകരണം, മുസ്‍ലിമായിട്ടല്ലാതെ മരണപ്പെടരുത്, അല്ലാഹുവിന്‍റെ പാശം മുറുകെപ്പിടിക്കണം, റബ്ബ് ചെയ്തുതന്ന അനുഗ്രഹങ്ങള്‍ ഓര്‍ക്കണം.

 

102 ല്‍ ആദ്യത്തെ രണ്ട് ഉപദേശങ്ങളാണുള്ളത്. 1. തഖ്‍വയുള്ളവരാകുക. 2. മുസ്‍ലിംകളായല്ലാതെ മരണപ്പെടരുത്:

 

 يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنْتُمْ مُسْلِمُونَ (102)

 

ഹേ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ യഥാവിധി സൂക്ഷിക്കുക; മുസ്‌ലിംകളായല്ലാതെ മരിച്ചു പോകരുത്.

 

അല്ലാഹുവിന്‍റെ കല്‍പനകള്‍ അനുഷ്ഠിക്കുക, നിരോധങ്ങള്‍ ഉപേക്ഷിക്കുക -  തഖ്‍വയെ ഇങ്ങനെ ചുരുക്കി നിര്‍വചിക്കാം.

അല്ലാഹുവിനോടുള്ള കടപ്പാടുകളും മര്യാദകളുമെല്ലാം പൂര്‍ണാര്‍ത്ഥത്തില്‍  നിറവേറ്റാന്‍ ആര്‍ക്കും കഴിയില്ല. അതുകൊണ്ടുതന്നെ കഴിവിന്‍റെ പരമാവധി സൂക്ഷിക്കുക എന്നാണിവിടെ ഉദ്ദേശ്യമെന്ന് പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുണ്ട്.  فَاتَّقُوا الَّله مَااسْتَطَعْتُمْ (കഴിയുന്നത്ര നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക) എന്നാണ് സൂറത്തുത്തഗാബുന്‍ 16 ല്‍ അല്ലാഹു പറയുന്നത്. ‘ഒരാളോടും അയാളുടെ കഴിവിനപ്പുറം അല്ലാഹു ശാസിക്കില്ല’ (لا يُكَلِّفُ الَّله نَفْسًا إِلاَّ وُسْعَهَا) എന്ന പ്രസ്താവന കൂടി ഇതിനോടു ചേര്‍ത്തുവായിക്കാം.

മുസ്‌ലിംകളായല്ലാതെ മരണപ്പെടരുതെന്നാണ് രണ്ടാം ഉപദേശം. ഇത് വളരെ പ്രധാനമാണ്. ഒരു പുരുഷായുസ്സ് മുഴുവന്‍ മുസ്‌ലിമായി ജീവിച്ചശേഷം അവസാനം അവിശ്വാസിയായി മരണപ്പെട്ടാല്‍, അതുകൊണ്ടൊരു പ്രയോജനവുമില്ലല്ലോ.

 

മുസ്‌ലിംകളായി മരിക്കണമെങ്കില്‍, ജീവിതകാലത്ത് ഇസ്‌ലാമിക നിയമങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്യണം. അത്തരക്കാര്‍ക്കേ ഈ ഭാഗ്യമുണ്ടാകൂ.

 

അടുത്ത ആയത്ത് 103

മൂന്നും നാലും ഉപദേശങ്ങളാണിനി പറയുന്നത്.

 

  1. ഒന്നിച്ചുനില്‍ക്കണം, ഭിന്നിക്കരുത്.
  2. പഴയകാല ശത്രുതയൊക്കെ മാറ്റി, നിങ്ങളെ അല്ലാഹു സഹോദരന്മാരെപ്പോലെ ആക്കിയത് ഓര്‍ക്കണം. സത്യമാര്‍ഗത്തിലേക്ക് നിങ്ങളെ നയിക്കുകവഴി, നരകക്കുണ്ടില്‍ നിന്ന് രക്ഷപ്പെടുത്തിയതും വലിയ അനുഗ്രഹമാണെന്ന് ഓര്‍ക്കണം.

 

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَىٰ شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ (103)

 

അല്ലാഹുവിന്‍റെ പാശം ഒന്നിച്ചു മുറുകെ പിടിക്കുക, ഭിന്നിക്കരുത്. പരസ്പര ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്കു അല്ലാഹു ചെയ്തു തന്ന അനുഗ്രഹം സ്മരിക്കുക. നിങ്ങളുടെ മനസ്സുകളവന്‍ യോജിപ്പിക്കുകയും അങ്ങനെ ദിവ്യാനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളാവുകയും ചെയ്തു. നരകക്കുണ്ടിന്‍റെ വക്കിലായിരുന്നിട്ടും നിങ്ങളെയവന്‍ രക്ഷപ്പെടുത്തി. ഇപ്രകാരമവന്‍ തന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കു സന്മാര്‍ഗപ്രാപ്തിക്കായി വിശദീകരിച്ചു തരികയാണ്.

 

അല്ലാഹുവിന്‍റെ പാശം (حَبْلُ الَّله) കൊണ്ട് എന്താണുദ്ദേശ്യമെന്നതില്‍ പല അഭിപ്രായങ്ങളുമുണ്ട്. ഖുര്‍ആന്‍ ആണെന്നാണ് ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. ‘അല്ലാഹുവിന്‍റെ കിതാബ് (ഖുര്‍ആന്‍) ആകാശത്തുനിന്ന് ഭൂമിയിലേക്ക് നീട്ടിയിടപ്പെട്ടൊരു കയറാണ്.’ എന്ന് ഹദീസിലുണ്ട്. ആ നിലക്കാണ് ഈ വ്യാഖ്യാനം.

അല്ലാഹുവിനെ അനുസരിച്ചുകൊള്ളാമെന്ന ഉടമ്പടി, ഇസ്‌ലാം, അല്ലാഹുവിനെ അനുസരിക്കല്‍, ഇസ്‌ലാമികമായ ഐക്യം – ഇങ്ങനെയും ഉദ്ദേശ്യമാകാവുന്നതാണ്.

എല്ലാ അഭിപ്രായങ്ങളും ശരി തന്നെയാണ്. ഇമാം റാസി (رحمه الله) സൂചിപ്പിച്ച പോലെ, വിജയത്തിന്‍റെ വഴിയിലേക്ക് എത്തിച്ചേരാന്‍ ആവശ്യമായതെല്ലാം അല്ലാഹുവിന്‍റെ പാശം തന്നെ എന്ന് പറയാവുന്നതാണ്. അതില്‍പെട്ട ചില കാര്യങ്ങള്‍ ചിലര്‍ എണ്ണിപ്പറഞ്ഞെന്നുമാത്രം.

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا

ആദ്യത്തെ രണ്ട് ഉപദേശങ്ങളിലില്ലാത്ത ഒരു ഉപാധി ഇവിടെയുണ്ട്: ‘നിങ്ങളെല്ലാവരും (جَمِيعًا).

ഈ വിഷയത്തില്‍ സ്വന്തം കാര്യം മാത്രം നോക്കിയാല്‍ പോരാ, എല്ലാവരും പരസ്പരം സഹായിച്ചും സഹകരിച്ചും ഉപദേശിച്ചും കൊണ്ടിരിക്കണമെന്നാണ് സൂചന.

ഈ ആശയം ഒന്നു കൂടി വ്യക്തമാക്കാനാണ് ‘നിങ്ങള്‍ ഭിന്നിച്ചുപോകരുത് (وَلاتَفَرَّقُوا)’ എന്നുകൂടി പറഞ്ഞത്. ഭിന്നതകളും ആഭ്യന്തര വഴക്കുകളും മുസ്‌ലിം സമൂഹത്തിനുണ്ടാക്കിയ ആഘാതങ്ങളെക്കുറിച്ച് ഇന്നിപ്പോള്‍ കൂടുതല്‍ വിശദീകരിക്കേണ്ടതില്ലല്ലോ. ഇതുസംബന്ധമായി അല്ലാഹു നേരത്തെത്തന്നെ താക്കീത് ചെയ്തിട്ടുണ്ട്:

وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ – سورة الأنفال 46

(അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും നിങ്ങള്‍ അനുസരിക്കുക, ഭിന്നിച്ചുപോകരുത്; അപ്പോള്‍ നിങ്ങളുടെ ധൈര്യം ക്ഷയിക്കുകയും വീര്യം നശിച്ചുപോവുകയും ചെയ്യും)

നിരവധി ആയത്തുകളും ഹദീസുകളും ഇതുസംബന്ധമായുണ്ട്.

‘73 കക്ഷികളായിപ്പിരിഞ്ഞിട്ടുണ്ട് ഈ സമുദായം. അതിലൊന്നു മാത്രമേ സ്വര്‍ഗത്തിലേക്കുള്ളൂ; തിരുനബി صلى الله عليه وسلم യുടെയും അനുചരന്മാരുടെയും സുന്നത്ത് പിന്‍പറ്റിയവരാണവര്‍’ (തുര്‍മുദി).

അടിസ്ഥാനപരമായ വിഷയങ്ങളിലുള്ള ഭിന്നിപ്പാണിവിടെ നിരോധിക്കപ്പെട്ടത്. ശാഖാപരമായ കാര്യങ്ങളിലെ ഭിന്നിപ്പല്ല (ബൈളാവി).

 

അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കണമെന്നാണ് നാലാമതായി ഉപദേശിക്കുന്നത്. ഇത് നന്ദിയുടെ ഭാഗവും അനുഗ്രഹവര്‍ധനവിനുള്ള കാരണവുമാണ്.

അല്ലാഹുവിന്‍റെ അനുഗ്രഹം എണ്ണിയാല്‍ തീരില്ല. എന്നാലും തീരെ മറക്കാന്‍ പാടില്ലാത്തൊരു അനുഗ്രഹമാണ് ഇവിടെ എടുത്ത് പറഞ്ഞിരിക്കുന്നത്.

ഇസ്‌ലാമിന്‍റെ തുടക്കകാലത്ത് അറബി ഗോത്രങ്ങള്‍ പരസ്പരം കലഹിച്ചും രക്തം ചിന്തിയും ശത്രുക്കളായി കഴിയുകയായിരുന്നല്ലോ. മദീനാ നിവാസികളായിരുന്ന ഔസ്-ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മില്‍ വിശേഷിച്ചും. നൂറിലധികം കൊല്ലങ്ങളായി കടുത്ത യുദ്ധങ്ങളും കലഹങ്ങളും നിരന്തരം തുടരുകയായിരുന്നു ഇവര്‍ തമ്മില്‍.

തിരുനബി صلى الله عليه وسلم അവരെയെല്ലാം ഇണക്കി സഹോദരങ്ങളാക്കി മാറ്റി. മുഹാജിറുകളും അന്‍സ്വാറുകളും തമ്മില്‍ ലോകചരിത്രത്തിലെവിടെയും തുല്യതയില്ലാത്ത സാഹോദര്യബന്ധമാണ് സ്ഥാപിക്കപ്പെട്ടത്.

ഇതിനെക്കുറിച്ചാണ് ‘ശത്രുക്കളായിരുന്ന നിങ്ങളുടെ ഹൃദയങ്ങള്‍ അല്ലാഹു ഇണക്കുകയും, അങ്ങനെ നിങ്ങള്‍ സഹോദരങ്ങളാവുകയും ചെയ്തു’ എന്ന് പറഞ്ഞത്.

മാത്രമല്ല, വിഗ്രഹാരാധനയടക്കമുള്ള സകല വേണ്ടാത്തരങ്ങളിലും മുഴുകി നരകാഗ്നിയില്‍ വീഴാനിരിക്കുകയുമായിരുന്നു അവര്‍. നരകത്തിന്‍റെ വക്കിലെത്തിയിട്ടുണ്ടവര്‍. മരിക്കുന്നതോടുകൂടി നരകക്കുണ്ടിലേക്കവര്‍ വീഴുകയായി. ഈ അവസ്ഥയില്‍ നിന്നാണവരെ അല്ലാഹു രക്ഷപ്പെടുത്തിയത്. ഇസ്‌ലാമെന്ന മഹത്തായ അനുഗ്രഹം നല്‍കി രക്ഷപ്പെടുത്തി. സ്വര്‍ഗത്തിന്‍റെ രാജപാതയിലേക്ക് തിരിച്ചുവിട്ടു.

ഇതെല്ലാം എപ്പോഴും അനുസ്മരിച്ച് ഒത്തൊരുമയോടെ മുസ്‌ലിംകളായി ജീവിക്കാനാണ് അല്ലാഹു നിര്‍ദേശിക്കുന്നത്.

 

ഈ ഉപദേശങ്ങള്‍ നല്‍കിയ ശേഷം ഉപസംഹരിക്കുന്നതും ശ്രദ്ധേയമാണ്:

كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ 

ഇത്തരം ഉപദേശങ്ങള്‍ നല്‍കുന്നത് നിങ്ങള്‍ നേര്‍വഴിയില്‍ നിന്ന് തെറ്റാതെ, സന്‍മാര്‍ഗനിരതരായിരിക്കാനാണ്. അതിനുവേണ്ടതെല്ലാം അല്ലാഹു നിങ്ങള്‍ക്ക് ഒരു കുറവുമില്ലാതെ വിവരിച്ചു തരും.

അടുത്ത ആയത്ത് 104

 

ഉദാത്തമായ കാര്യങ്ങളിലേക്ക് ക്ഷണിക്കുക, നന്മ ഉപദേശിക്കുക, തിന്മ വിരോധിക്കുക – സമുദായത്തിലെ ഓരോ വ്യക്തിയും സന്ദര്‍ഭോചിതം കഴിവനുസരിച്ച് ചെയ്യേണ്ട മൗലികമായ ധര്‍മമാണിത്. എങ്കിലും, അതിനുവേണ്ടി മാത്രം പ്രത്യേകമൊരു വിഭാഗം തന്നെ ഉണ്ടാകണമെന്നാണ് ഇനി പറയുന്നത്.

وَلْتَكُنْ مِنْكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنْكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ (104)

നന്മയിലേക്കു ക്ഷണിക്കുകയും സല്‍ക്കര്‍മങ്ങള്‍ കല്‍പിക്കുകയും ദുഷ്‌കര്‍മങ്ങള്‍ നിരോധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിങ്ങളില്‍ നിന്നുണ്ടാകണം. അവര്‍ തന്നെയാണു വിജയികള്‍.

مَعْرُوفِ -  ‘അറിയപ്പെട്ടത്, പരിചയപ്പെട്ടത്’, مُنْكَر - ‘വെറുക്കപ്പെട്ടത്, അപരിചിതം’ – ഇങ്ങനെയാണ് ഭാഷാര്‍ത്ഥം.

 

‘മഅ്‌റൂഫിന്‍റെ സാക്ഷാല്‍ വിവക്ഷ സുപരിചിതം എന്നാണെന്നാണ് മഹാന്മാര്‍ പറയുന്നത്. ഏതുകാര്യവും, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് ചെയ്യുന്നത് നല്ലതും മോശമായി ഗണിക്കപ്പെടാത്തതുമാണെങ്കില്‍, അതെല്ലാം ‘മഅ്‌റൂഫാ’ണ്. അല്ലാഹുവിനെ അനുസരിക്കുക ഉദാഹരണം.

 

അല്ലാഹു വെറുക്കുന്നതും സത്യവിശ്വാസികള്‍ മോശമായി ഗണിക്കുന്നതുമാണ് ‘മുന്‍കറി’ന്‍റെ ശരിയായ ഉദ്ദേശ്യം. അതുകൊണ്ടാണ് അല്ലാഹുവിനോട് അനുസരണക്കേട് വരുന്ന എന്തിനും ‘മുന്‍കര്‍’ എന്നു പറയുന്നത്.’

 

പൊതുവെ നല്ല കാര്യമായി ഗണിക്കപ്പെടുന്നതെല്ലാം مَعْرُوفِ ലും, മോശമായി ഗണിക്കപ്പെടുന്നതെല്ലാം مُنْكَر ലും ഉള്‍പ്പെടുന്നു എന്ന് ചുരുക്കിപ്പറയാം. മലയാളത്തില്‍ ‘സദാചാരം, ദുരാചാരം’ എന്നോ നന്മ, തിന്മ

എന്നോ മറ്റോ സന്ദര്‍ഭമനുസരിച്ച് പറയുകയുമാവാം.

 

നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും അതിപ്രധാനമാണ്. തിരുനബി صلى الله عليه وسلم പറയുന്നു: 'എന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവനെത്തന്നെ സത്യം, നിങ്ങള്‍ നന്മ ഉപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളെ ശിക്ഷിക്കും. പിന്നീട് അവനോട് പ്രാര്‍ഥിച്ചതുകൊണ്ട് ഉത്തരം ലഭിക്കില്ല' (തുര്‍മുദി).

 

നിരവധി ആയത്തുകളും ഹദീസുകളും ഇതുസംബന്ധമായുണ്ട്. ഇസ്രാഈലുകാര്‍ക്ക് നേരിട്ട നാശത്തിന്‍റെ കാരണം പറയുന്നിടത്ത്, തിന്മകള്‍ പരസ്പരം നിരോധിച്ചിരുന്നില്ല (5:79) എന്നാണ് അല്ലാഹു പറയുന്നത്.

 

ഇന്നത്തെയും കാര്യമായൊരു പ്രശ്നം ഇതുതന്നെയാണ്. നല്ലത് പറയാനും വേണ്ടാത്തത് അരുതെന്ന് പറയാനും ആളില്ലാതായിരിക്കുന്നു. ഞാനിപ്പോഴത് പറഞ്ഞാല്‍ ആളുകളെന്താണ് കരുതുക? പഴഞ്ചനാണെന്ന് പഴി കേള്‍ക്കേണ്ടിവരും. എന്തിന് വെറുതെ തലയിടണം? ഇതാണ് ചിന്ത!

 

സത്യവിശ്വാസികള്‍ അങ്ങനെ ചെയ്യരുത്. സ്വന്തം കാര്യം മാത്രം നോക്കിയാല്‍ പോരാ. മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കുക എന്നതുകൂടി അവരുടെ ബാധ്യതയാണ്. അതിനുവേണ്ടി നന്മ ഉപദേശിക്കുകയും തിന്മ തടയുകയും വേണം.

ഓരോരുത്തരും കഴിവനുസരിച്ചും സന്ദര്‍ഭമനുസരിച്ചും ഇത് ചെയ്യണം. എന്നുമാത്രമല്ല, ഈ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി മാത്രം ഒരു വിഭാഗം  എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കണം.

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘നിങ്ങളില്‍ ആരെങ്കിലുമൊരു തിന്മ കാണുന്നപക്ഷം, കൈകൊണ്ട് അത് തടയട്ടെ. സാധ്യമല്ലെങ്കില്‍ നാവുകൊണ്ട് (പറഞ്ഞ്) തടയട്ടെ. അതിനും കഴിയില്ലെങ്കില്‍ ഹൃദയംകൊണ്ടെങ്കിലുമത് (വെറുത്തുകൊള്ളട്ടെ). അതാവട്ടെ, സത്യവിശ്വാസത്തില്‍ ഏറ്റവും ദുര്‍ബ്ബലമായതാണ്.’ (മുസ്‍ലിം)

വിശുദ്ധ ദീന്‍ ഈ വിഷയത്തിന് നല്‍കുന്ന പ്രാധാന്യമാണിവിടെ നിന്ന് മനസ്സിലാക്കേണ്ടത്.

തിരുനബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘അക്രമിയായ ഭരണാധിപന്‍റെ അടുത്ത് നീതിയുടെ വാക്ക് പറയല്‍ ഏറ്റവും വലിയ ജിഹാദില്‍ പെട്ടതാണ്’, അതായത് തെറ്റ് കണ്ടാല്‍ അയാളെ തിരുത്താന്‍ ശ്രമിക്കണമെന്ന് സാരം. (തിര്‍മിദി)

അടുത്ത ആത്ത് 105

 

സ്പഷ്ടമായ തെളിവുകള്‍ കിട്ടിക്കഴിഞ്ഞ ശേഷവും മതത്തില്‍ ഭിന്നിച്ച് വിവിധ കക്ഷികളായിപ്പിരിഞ്ഞ വേദക്കാരെപ്പോലെ നിങ്ങളാവരുതെന്നാണിനി അല്ലാഹു സത്യവിശ്വാസികളെ ഉപദേശിക്കുന്നത്.

 

വേദക്കാര്‍ 72 കക്ഷികളായി പിരിഞ്ഞിട്ടുണ്ടെന്ന് തിരുനബി صلى الله عليه وسلم പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). ഈ സമുദായം 73 സംഘമായി പിരിയുമെന്നും അതിലൊരു സംഘം മാത്രമാണ് സ്വര്‍ഗക്കാരെന്നും തിരുനബി صلى الله عليه وسلم പ്രവചിച്ചത് നേരത്തെ നമ്മള്‍ പറഞ്ഞല്ലോ.

 

മതത്തിന്‍റെ അടിസ്ഥാന വിഷയങ്ങളില്‍ പോലും ഭിന്നിച്ചവരാണ് വേദക്കാര്‍. ഉസൈര്‍ അല്ലാഹുവിന്‍റെ പുത്രനാണെന്നാണ് അവരിലെ ചിലര്‍ വാദിച്ചത്. മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്ന് വേറെ ചിലരും വാദിച്ചു. ക്രിസ്ത്യാനികളാകട്ടെ, ദൈവം മൂന്നില്‍ ഒരുവനാണെന്ന് വിശ്വസിച്ചു.

 

പല അവാന്തര വിഭാഗങ്ങളും ജൂതന്മാര്‍ക്കിടയിലുണ്ട്: പരീശന്മാര്‍, സെദൂക്യന്മാര്‍, ശമര്യന്മാര്‍, പുരോഹിതന്മാര്‍...

 

ക്രിസ്ത്യാനികളാകട്ടെ അതിലേറെയുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ആരിയസിന്‍റെ അനുയായികള്‍, നെസ്റ്റോറിയന്മാര്‍, മാറോനൈറ്റ്‌സ്, കത്തോലിക്കര്‍, ആംഗ്ലിക്കന്‍ സഭ, പൗരസ്ത്യസഭ... രണ്ടായിരത്തിലധികം വിഭാഗങ്ങളുണ്ട് അമേരിക്കയില്‍.

 

അല്ലാഹുവിങ്കല്‍ നിന്ന് തൗറാത്തും ഇന്‍ജീലും ലഭിച്ച ശേഷമാണിവര്‍ ഇങ്ങനെ ഭിന്നപക്ഷക്കാരായത്. വിശുദ്ധ ഖുര്‍ആന്‍റെ വെളിച്ചവും തിരുനബി صلى الله عليه وسلم യുടെ മാര്‍ഗദര്‍ശനവും ലഭിച്ച നിങ്ങള്‍, അവരെപ്പോലെ ആകരുതെന്ന് താക്കീത് ചെയ്യുകയാണ്.

 

ഈ താക്കീതെല്ലാം ഈ സമുദായവും കാറ്റില്‍ പറത്തിയിട്ടുണ്ടെന്നത് വളരെ ഖേദകരമാണ്. അതുകൊണ്ടാണല്ലോ നിരവധി അവാന്തര വിഭാഗങ്ങളുണ്ടായതും ഭിന്നിച്ചതും. അതിന്‍റെയെല്ലാം തിക്തഫലങ്ങളനുഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

 

 وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِنْ بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ (105)

 

പ്രസ്പഷ്ട ദൃഷ്ടാന്തങ്ങള്‍ വന്നുകിട്ടിയിട്ടും ഭിന്നാഭിപ്രായക്കാരും വ്യത്യസ്തകക്ഷികളുമായവരെപ്പോലെ നിങ്ങളാകരുത്.

 

വേദക്കാര്‍ അല്ലാഹുവിന്‍റെ പാശം മുറുകെ പിടിച്ചില്ല. പരസ്പരം ഐക്യത്തോടെ വര്‍ത്തിച്ചില്ല. നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തതുമില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍, ഇവ്വിധം ശോചനീയാവസ്ഥയിലേക്ക് കൂപ്പുകുത്തുമായിരുന്നില്ല. കഠിന ശിക്ഷയും അപമാനവുമാണവര്‍ക്ക് പാരത്രികലോകത്ത് നേരിടാനുള്ളത്.

 

അടുത്ത ആയത്ത് 106, 107

 

മുകളില്‍ പറഞ്ഞപോലെ പരസ്പരം ഭിന്നിച്ചവര്‍ക്ക്, വേദനാജനകമായ ശിക്ഷയുണ്ടെന്ന് പറഞ്ഞത്, പരലോകത്താണല്ലോ പൂര്‍ണമായും ശാശ്വതമായും അനുഭവപ്പെടുക. അന്ന് ആളുകള്‍ രണ്ടു തരക്കാരായിരിക്കും എന്നാണിനി പറയുന്നത്: മുഖം വെളുത്തവരും കറുത്തവരും.

 

സജ്ജനങ്ങളുടെ മുഖം സന്തോഷം കൊണ്ട് പ്രസന്നവും പ്രശോഭിതവുമായിരിക്കും. ദുര്‍ജ്ജനങ്ങളുടേത്, ദുഃഖഭാരവും പേടിയും കാരണം മ്ലാനവും ഇരുണ്ടതുമായിരിക്കും.

 

മുഖം കറുത്ത നിര്‍ഭാഗ്യവാന്മാരോട്, വേദനാജനകമായ ശിക്ഷ നല്‍കപ്പെട്ടതിന്‍റെ കാരണവും ന്യായീകരണവുമെന്ന നിലക്ക് ഇങ്ങനെ ചോദിക്കുകകൂടി ചെയ്യുമത്രേ: 'നിങ്ങള്‍ സത്യവിശ്വാസം പുല്‍കിയ ശേഷം നിഷേധം സ്വീകരിച്ചില്ലേ?'

മറുപടി കിട്ടാനല്ല ഈ ചോദ്യം. മറിച്ച്, ആ മഹാപാപത്തിന് പകരമായാണ് ഈ ശിക്ഷ എന്ന് അവരെ ബോധ്യപ്പെടുത്താനാണ്. അവരങ്ങനെ ചെയ്തവരാണെന്ന് അല്ലാഹുവിന് സ്പഷ്ടമായി അറിയാമല്ലോ.

 

'സത്യനിഷേധികളായിരുന്നതുകാരണം, ഈ ഭയങ്കര ശിക്ഷ രുചിച്ചുകൊള്ളുക' എന്ന് അവരോട് പറയപ്പെടുകയും ചെയ്യും.

 

അതേസമയം, മുഖം വെളുത്തവര്‍ ഭാഗ്യവാന്മാരും വിജയികളുമാണ്. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹങ്ങളാസ്വദിച്ച് സുഖലോക സ്വര്‍ഗങ്ങളില്‍ ശാശ്വതരായി കഴിയുന്നവരാണവര്‍.

 

 يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ أَكَفَرْتُمْ بَعْدَ إِيمَانِكُمْ فَذُوقُوا الْعَذَابَ بِمَا كُنْتُمْ تَكْفُرُونَ (106)

ചില മുഖങ്ങള്‍ കറുക്കുകയും മറ്റു ചിലത് വെളുക്കുകയും ചെയ്യുന്ന ദിവസം (ആ ശിക്ഷ അനുഭവപ്പെടും). മുഖം കറുത്തവരോട് ഇങ്ങനെ പറയപ്പെടുന്നതാണ്: സത്യവിശ്വാസം പുല്കിയതിന്നു ശേഷം നിങ്ങള്‍ നിഷേധികളായില്ലേ? അതുകൊണ്ട് ആ അവിശ്വാസം കാരണമായി ശിക്ഷ ആസ്വദിച്ചുകൊള്ളുക!

 

 وَأَمَّا الَّذِينَ ابْيَضَّتْ وُجُوهُهُمْ فَفِي رَحْمَةِ اللَّهِ هُمْ فِيهَا خَالِدُونَ (107)

മുഖം വെളുത്തവരാകട്ടെ, അല്ലാഹുവിന്‍റെ മഹത്തായ അനുഗ്രഹത്തിലായിരിക്കും (സ്വര്‍ഗത്തിലായിരിക്കും), അവരതില്‍ ശാശ്വതരത്രേ.

 

അടുത്ത ആയത്ത് 108

 

വേദക്കാരുടേതുപോലെയുള്ള അനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും,  നിങ്ങളുടെ വഴി വ്യക്തമായി മനസ്സിലാക്കാനും വേണ്ട എല്ലാ തെളിവുകളും വിശദീകരണവും നിങ്ങള്‍ക്ക് നാം തന്നുകഴിഞ്ഞിട്ടുണ്ട്. ആരോടും യാതൊരു അനീതിയും കാണിക്കുവാന്‍ അല്ലാഹുവിന് ഉദ്ദേശ്യമേയില്ല. അതുകൊണ്ടാണ് ഇത്രയൊക്കെ ആവര്‍ത്തിച്ചും വിവരിച്ചും കാര്യങ്ങള്‍ പറയുന്നത്.

 

 تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۗ وَمَا اللَّهُ يُرِيدُ ظُلْمًا لِلْعَالَمِينَ (108)

ഇതെല്ലാം അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളാകുന്നു; സത്യസന്ധമായി താങ്കള്‍ക്കവ നാം പാരായണം ചെയ്തുതരികയാണ്. സൃഷ്ടികളോട് ദ്രോഹം ചെയ്യാന്‍ അവനുദ്ദേശിക്കുന്നില്ല.

 

---------------------

ക്രോഡീകരണം: സി എം സലീം ഹുദവി  മുണ്ടേക്കരാട് 

കടപ്പാട്: ഫത്ഹ് ർ റഹ്മാൻ ഖുർആൻ മലയാള പരിഭാഷ (കെവി മുഹമ്മദ് മുസ്ലിയാർ), ഖുർആൻ മലയാള വിവർത്തനം (ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി), തഫ്സീർ ഇബ്നു കസീർ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter