സര്‍വകലാശാല ഇസ്‌ലാമികമാവുമ്പോള്‍
സര്‍വകലാശാല ഇസ്‌ലാമികമായിരിക്കുക എന്നതാണ് പ്രധാനം. കേരളീയ സാഹചര്യത്തില്‍ അതിന്റെ സാധ്യതയും വളര്‍ച്ചയും ചര്‍ച്ച ചെയ്യുമ്പോഴുള്ള പ്രതിസന്ധിയുമിതാണ്. കാരണം ലളിതം; ഇസ്‌ലാമികമായിരിക്കുകയെന്നാല്‍ സര്‍വ്വതലങ്ങളിലും സമഗ്രവും അന്യൂനവുമായിരിക്കുക എന്നാണ് വിവക്ഷിക്കുന്നത്. ശരിയായ ഇസ്‌ലാമിക ഖിലാഫത്ത് പൂര്‍വ കാലത്ത് അനുവര്‍ത്തിച്ചത് അധുനാതന യുഗത്തില്‍ സാധ്യമാക്കേണ്ട ദൗത്യം ഇസ്‌ലാമിക സര്‍വകലാശാലകള്‍ക്കും അതിന്റെ ഉത്പന്നങ്ങള്‍ക്കുമാണെന്ന് ഈ സങ്കല്‍പത്തില്‍ നിന്നുള്‍ത്തിരിയുന്നു. പ്രസ്തുത പരിപ്രേക്ഷ്യത്തില്‍ കേന്ദ്രിതമായിരിക്കണം ഇസ്‌ലാമിക സര്‍വകലാശാലാസംബന്ധമായ താത്വികവും പ്രായോഗികവുമായ ഇടപെടലുകള്‍.

ഇസ്‌ലാം സ്വയം ഉന്നതീകരിക്കുകയും ഇതര പ്രത്യയശാസ്ത്രങ്ങളെ സഹിഷ്ണുതയോടെ കാണുകയും ചെയ്യുന്ന മതമാണ്. പ്രാദേശികതക്കപ്പുറം സാര്‍വലൗകികവും സാര്‍വജനീനവുമായ ദാര്‍ശനിക സ്വഭാവമാണതിനുള്ളത്. ഏകത്വത്തിന്റെ ബിന്ദുവില്‍ സംയോജിതമാണ് ഇസ്‌ലാമികാശയങ്ങള്‍. ഈ അവിഛിന്നിതമായ ഏകത്വത്തില്‍ നിന്നാണ് ഇസ്‌ലാമികചിന്ത രൂപപ്പെടുന്നത്. ചിന്താപരമായ ധൈര്യവും സംസ്‌കാരവും ചിട്ടപ്പെടുത്തുന്ന വസ്തുതയാണ് ഇസ്‌ലാമിക സര്‍വകലാശാല. മാനുഷികമായ അന്വേഷണ ത്വരയുടെ ഋജുവായ സങ്കേതമെന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ പ്രാപ്തമാവണം അത് ഏത് സാഹചര്യത്തിലും.

വര്‍ത്തമാന പശ്ചാത്തലത്തില്‍ 'യൂനിവേഴ്‌സിറ്റി' എന്ന ആശയം പാശ്ചാത്യന്‍ വിദ്യാഭ്യാസ രീതികളും ഘടനകളുമാണ് നമുക്ക് അനാവൃതമാക്കിത്തരുന്നത്. അടിസ്ഥാനപരമായി ഈ സങ്കല്‍പം പാശ്ചാത്യര്‍ അറബികളില്‍ നിന്ന് കടം കൊണ്ടതാണെന്ന് തന്റെ 'ഇസ്‌ലാമിക നാഗരികത, ചില ശോഭനചിത്രങ്ങള്‍' എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്, ഡോ. മുസ്ത്വഫ സിബാഈ. ഈ ആശയം തന്മയത്തത്തോടെ ഉള്‍കൊള്ളാന്‍ ഇസ്‌ലാമിനേ കഴിയൂ. ഗവേഷണം ബുദ്ധിയുള്ളവന്റെ ബാധ്യതയാണെന്ന് വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ച് വിഷയീഭവിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

പരമപ്രധാനമായി മൂല്യാധിഷ്ഠിത ഗവേഷണമാണ് സര്‍വകലാശാലയുടെ താല്‍പര്യം. ഇതിന് വിഷയാധിഷ്ഠിതമായി ക്രമപ്പെടുത്തി  വൈജ്ഞാനിക വര്‍ഗീകരണം കൃത്രിമവും പാശ്ചാത്യ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതുമാണെന്നിരിക്കെ, ഇസ്‌ലാമിക സര്‍വകലാശാലകള്‍ക്ക് നാം മുന്നിട്ടിറങ്ങുന്നത് എങ്ങനെയൊക്കെയാകണം എന്ന ചോദ്യം മൂര്‍ച്ചയുള്ള ശരം തന്നെയാണ്. പാശ്ചാത്യന്‍ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ഇസ്‌ലാമിക സര്‍വകലാശാലയെ വ്യതിരിക്തമാക്കുന്നത്, വിദ്യയുടെ ആത്മീയാവേശത്തിന് ഊന്നല്‍ നല്‍കുന്ന 'അറിവിനെക്കുറിച്ച അതിന്റെ ബൃഹദ് വിഭാവന'യാണെന്ന് ഹാമിദ് ഹസന്‍ ബില്‍ഗ്‌റാമിയും സയ്യിദ് അലി അശ്‌റഫും സംഗ്രഹിച്ച 1977 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 8 വരെ മക്കയില്‍ നടന്ന പ്രഥമ ലോകമുസ്‌ലിം വിദ്യാഭ്യാസ സമ്മേളനത്തിന്റെ അവലോകനത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്.

സമന്വയ വിദ്യാഭ്യാസ സിദ്ധാന്തമാണ് ഇസ്‌ലാമിക സര്‍വകലാശാലയെ നിര്‍വ്വചിക്കുമ്പോഴുള്ള വലിയൊരു പ്രശ്‌നം. മതത്തിന്റെ വൈജ്ഞാനിക വീക്ഷണത്തെ അധികരിച്ച് ഉരുവം കൊണ്ട വിവിധ പണ്ഡിതര്‍ക്കിടയിലെ അഭിപ്രായ വൈജാത്യമാണിതിന് ഹേതുകം. പാരത്രിക വിശ്വാസം ഇസ്‌ലാമിന്റെ ആടിസ്ഥാനിക ബോധമാണെന്ന തലം ധ്രുവീകരിക്കപ്പെടുന്നതിന്റെ പരിണതിയാണിത്. ഇഹലോകത്തെക്കാള്‍ പരലോകമാണ് ഉന്നതമെന്ന വിജ്ഞാനമാണ് വിജ്ഞാനക്രമത്തിന്റെ ആധാരബിന്ദുവെന്ന് ഇമാം ഗസാലി(റ).

ഇസ്‌ലാമിക (മുസ്‌ലിം) രാഷ്ട്രങ്ങള്‍ക്കുപരി ഇന്ത്യപോലുള്ള മതേതര രാജ്യങ്ങളിലും കേരളത്തിന് സമാനമായ പ്രദേശങ്ങളിലും വിദ്യയെന്നത് ഇസ്‌ലാമിനകത്ത് തന്നെ വിഭജിതമായ ദൈവികം, മതകീയം എന്നതിനതീതമായ ഒരു സങ്കല്‍പമാണ്. മതം, ഭൗതികം എന്ന ഈ കേന്ദ്രീകരണം ആധുനിക വൈജ്ഞാനിക മാനദണ്ഡമായ പാശ്ചാത്യ വിദ്യാഭ്യാസത്തിനും ഇസ്‌ലാമിനുമിടുയിലെ മിശ്രണത്തിലൂടെയാണ് നിലവില്‍ സാധ്യമാകുന്നത്. ആഗോളതലത്തില്‍ പാശ്ചാത്യ വിദ്യാഭ്യാസ ദര്‍ശനത്തിന് കൈവന്ന മേല്‍ക്കോയ്മയുടെ അടിസ്ഥാനത്തില്‍ സമന്വയ വിദ്യാഭ്യാസം ഇസ്‌ലാമിക സര്‍വകലാശാലയുടെ അഭിവാജ്യ ഘടകമാണോ എന്ന ശങ്ക മൗഢ്യമായി ഗണിക്കപ്പെട്ടേക്കാം. ഇസ്‌ലാമിക വീക്ഷണത്തില്‍ പുനര്‍വിചിന്തനത്തിനുള്ള വിഷയം തന്നെയാണിത്.

സിയാഉദ്ദീന്‍ സര്‍ദാര്‍ അഭിപ്രായപ്പെടുന്നത് പോലെ വിദ്യയുടെ ഇസ്‌ലാമിക സങ്കല്‍പമായ 'ഇല്‍മ്' ആയിരിക്കണം ഇസ്‌ലാമിക് യൂനിവേഴിസിറ്റിയുടെ താത്വികവും ഘടനാപരവുമായ അടിത്തറ. 'ഇല്‍മില്‍' മൂല്യങ്ങള്‍ക്ക് ഇസ്‌ലാം പ്രാമാണികത കല്‍പ്പിക്കുന്നുണ്ട്. പാശ്ചാത്യ വീക്ഷണത്തില്‍ വിജ്ഞാനവും മൂല്യവും രണ്ട് വ്യത്യസ്തമായ അറകളിലാണ്. സ്വാഭാവികമായും ഇത്തരം സര്‍വകലാശാലകളുടെ പ്രതിബദ്ധത അവയുടെ ലക്ഷ്യങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും രൂപം നല്‍കുന്ന മൂല്യങ്ങളോടായിരിക്കും. ആത്യന്തിക കൂറ് ഖുര്‍ആനിക വിധിവിലക്കുകളോടും. ഇസ്‌ലാമിക ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാന്‍ സഹായകമായ വിജ്ഞാനമത്രയും ഇസ്‌ലാമികം തന്നെ.

യൂനിവേഴ്‌സിറ്റികള്‍ രൂപപ്പെടുമ്പോള്‍ അതിനെ സമൂഹത്തിന്റെ താഴേതട്ട് തന്നെ അംഗീകരിച്ചിരിക്കണം. ഇസ്‌ലാമേതര ദേശങ്ങളില്‍ നിര്‍മിതമാകുന്ന പ്രസ്തുത വൈജ്ഞാനിക പീഠങ്ങളുടെ പ്രായോജകര്‍ സമുദായം മാത്രമായിരിക്കും. തീര്‍ത്തും ജനകീയമായ ഈ സംരഭത്തിന്, അക്കാദമിക കാര്യങ്ങള്‍ക്ക് തത്തുല്യമായി ഭരണവും ഉദ്യോഗ പരവുമായ നടപടിക്രമങ്ങള്‍ കൂടി വിശകലനവിധേയമാക്കേണ്ടതുണ്ട്. തൊഴില്‍ സാധ്യതയുടെ ചര്‍ച്ച ഇതിന്റെ ഭാഗമാണ്. ഈ അധുനാതന യുഗത്തില്‍ അതൊഴിവാക്കുക ഭൂഷണമല്ല. താത്വികമായി പ്രാദേശിക ചുറ്റുവട്ടങ്ങളില്‍ പരിമിതപ്പെടുന്നതാവരുത് ഇസ്‌ലാമിന്റെ ബാനറില്‍ പ്രത്യക്ഷപ്പെടുത്തുന്ന സ്ഥാപനങ്ങള്‍. ഇസ്‌ലാമികാദര്‍ശം പോലെ ആഗോളാടിസ്ഥാനത്തിലുള്ള പൊതുമുഖ സമീപനമാണ് വേണ്ടത്. ഇത്തരുണത്തില്‍ കേരളീയ സാഹചര്യത്തിലെ സംഘടനാ സങ്കുചിതത്വങ്ങള്‍ അസ്ഥാനപ്പെടുത്തുകയും ആശയങ്ങളുടെ പ്രകടനങ്ങളില്‍ നിന്ന് അവ ദൂരീകരിക്കുകയും ചെയ്യേണ്ടതാണ്.

കേരളത്തില്‍ കണ്ടുവരുന്ന വിവിധ തരത്തിലുള്ള മദ്‌റസാ സംവിധാനവും ദഅ്‌വാ കോഴ്‌സുകളും മതമേഖലകളിലെ സാമ്പത്തിക വിന്യാസരീതികളും ഉടച്ചുവാര്‍ക്കല്‍ ഏകകണ്ഠവും നിഷ്പക്ഷവുമായൊരു ഉന്നത വിദ്യാഭ്യാസ പീഠത്തിന്റെ യജ്ഞത്തിന് അത്യന്താപേക്ഷിതമാണെന്ന് തോന്നുന്നു. നിലവില്‍ പ്രസ്തുത ലേബലില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആശയങ്ങളുടെ പുറംതോട് പൊട്ടിച്ച് പ്രായോഗിക വശങ്ങളില്‍ എത്തിപ്പെടുന്നതിന് ഇത് അനിവാര്യമാണ് താനും. മുസ്‌ലിംകളിലെ ധൈഷണിക ഉണര്‍വിന്റെ തെളിവുകളായ ഇത്തരം ആശയങ്ങളുടെ വികസനത്തിനും പുരോഗതിക്കും കേരള തലത്തില്‍ ഇതുപോലുള്ള കടമ്പകള്‍ അനവധിയാണ്.

മലേഷ്യയിലെയും പാകിസ്ഥാനിലെയും പോലെ അന്താരാഷ്ട്രതലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക സര്‍വകലാശാലകളുടെ സാന്നിധ്യം അതിന്റെ പ്രായോഗികതയില്‍ ആശാവഹമായ മുന്നേറ്റമാണോ സാധ്യമാക്കുന്നത്? സര്‍വകലാശാലകളുടെ ഉല്‍പന്നങ്ങളില്‍ ഇസ്‌ലാമിക ബുദ്ധിജീവികള്‍ സ്വപ്നം കണ്ട പ്രതീക്ഷകളുടെ അനുരണനങ്ങള്‍ പ്രകടമാകുന്നുണ്ടോ? 'ഖൈറുല്‍ ഉമ്മ'യുടെ പുനര്‍നിര്‍മിതിയിലും 'ഖിലാഫത്തി'ന്റെ പ്രതിനിധീകരണത്തിലും ഇവയുടെ തോത് അഭിലഷണീയമാണോ? ഇത്യാദി ചോദ്യങ്ങളുടെ പ്രതികരണ പിന്‍ബലത്തില്‍ പുതുതായി നാമ്പെടുക്കുന്ന സ്ഥാപനങ്ങളെ സമീപിക്കാന്‍ ഇന്ത്യയില്‍ പ്രബുദ്ധതയുള്ള മുസ്‌ലിം സംസ്ഥാനം എന്ന നിലയില്‍ കേരളം ആവശ്യപ്പെടുന്ന ഇസ്‌ലാമിക സര്‍വകലാശാലയുടെ സംവിധാനം ഇതിലധിഷ്ഠിതമായിരിക്കണം.

സര്‍വമാന കലകളുടെയും പണിപ്പുരയാണ് ഒരു സര്‍വകലാശാല. അറിവിന്റെ നിര്‍മിതിയും ഉത്പാദനവും അതിലെ ഗവേഷണവും അതിന്റെ വ്യാപനവുമാണ് സര്‍വകലാശാലയുടെ പ്രാഥമികവും പ്രധാനവുമായ ധര്‍മങ്ങള്‍. കലയില്‍ മൂല്യവും മൂല്യേതരവുമെന്ന തരം തിരിവുകളുണ്ടെന്ന വീക്ഷണപ്രകാരം ഈ 'സര്‍വകലകളോ'ടും രാജിയാവാന്‍ ഇസ്‌ലാമിന് സാധ്യമാവില്ല. മുമ്പ് സൂചിപ്പിച്ച പോലെ മൂല്യാധിഷ്ഠിത കലകള്‍ക്കേ ഇസ്‌ലാമില്‍ സ്ഥാനമുള്ളൂ. പുതിയ സാഹചര്യത്തില്‍ ഇങ്ങനെയൊരു ഇസ്‌ലാമിക സര്‍വകലാശാലയെ സ്വീകാര്യയോഗ്യമാക്കുന്നതിന് യുക്തവും വ്യക്തവുമായ പശ്ചാത്തലമൊരുക്കേണ്ടതുണ്ട്. മുസ്‌ലിം ലോകത്തെ സാംസ്‌കാരിക രംഗം മലീമസമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ പ്രത്യേകിച്ചും. ഇസ്‌ലാമിക വിദ്യാഭ്യാസ ലോകക്രമങ്ങളെ ഏകീകരിക്കുന്നതിലൂടെയും ആഗോളതലത്തില്‍ മുസ്‌ലിം പൊതുബോധത്തിന്റെ ഉടച്ചുവാര്‍പ്പിലൂടെയും ഇത് സാധ്യമാവും.

കലയെ നിര്‍വചിക്കുകയും പൊളിച്ചെഴുതുകയും ചെയ്യുന്നേടത്ത് ഇസ്‌ലാമിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്. പാശ്ചാത്യന്‍ അച്ചുതണ്ടില്‍ നിന്നുല്‍ഭൂതമാവുകയും മുസ്‌ലിം ലോകത്ത്, നവീന ഇസ്‌ലാമിക ചിന്തകളില്‍ പ്രസരിക്കുകയും ചെയ്ത കലാബോധങ്ങളെ ഉന്മൂലനം ചെയ്യുന്ന യാഥാര്‍ഥ്യമാണത്. വസ്തുതകളെ അനാദിയായ ദൈവത്തിന്റെ ഏകത്വവിചാരത്തില്‍ പ്രതിഷ്ഠിക്കുമ്പോള്‍ തെളിയുന്ന സമീപനം. കലയെക്കുറിച്ചുള്ള മാനുഷിക നിലപാടുകളില്‍ ഇസ്‌ലാം ഒരു സംസ്‌കാരമായി അവശേഷിക്കുമ്പോഴുള്ള പൂര്‍ണതയില്‍ നിന്നാണ് സര്‍വകലാശാലയുടെ ജന്മമെന്നര്‍ത്ഥം.

ചുരുക്കത്തില്‍, പുതിയകാലത്തെ ഇസ്‌ലാമിക സര്‍വകലാശാലയെന്നത് പൂര്‍വ്വകാല വൈജ്ഞാനികാസ്ഥിത്വത്തിലേക്കുള്ള തിരിച്ചുപോക്കാണ്. ആധുനിക ഭാഷയും ഘടനയും നിര്‍വഹിക്കപ്പെടുന്നുവെന്നു മാത്രം. പൈതൃക സംരക്ഷണത്തിന്റെ പാരമ്പര്യ മാതൃക ഉപയോഗപ്പെടുത്താവുന്ന തരത്തില്‍ ഒരേ കേന്ദ്രത്തിലുള്ള അറിവിന്റെ സംയോജനം ഇസ്‌ലാമിക സംസ്‌കൃതിയെ പുനര്‍ നിര്‍മിക്കുന്നു. ഇങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിക സര്‍വകലാശാലയില്‍ ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥി ശരിയായ മുസ്‌ലിം കണ്‍സെപ്റ്റിന്റെ പ്രതീകമാവുന്നു.

സൃഷ്ടിപരമായ കഴിവ് നേടിയവനും സമ്പൂര്‍ണാര്‍ത്ഥത്തില്‍ ഇസ്‌ലാം ഉള്‍ക്കൊണ്ടവനും വ്യക്തിഗതവും സമഷ്ടിഗതവുമായ ആവശ്യങ്ങള്‍ ഇസ്‌ലാമുമായി സമന്വയം സാധിച്ചവനുമായിരിക്കും, ഇസ്‌ലാമിക സര്‍വകലാശാലയുടെ ഉല്‍പന്നമായ വിദ്യാര്‍ത്ഥി. സാമൂഹികമായ ഉത്തരവാദിത്വ ബോധത്തിലധിഷ്ഠിതമായിരിക്കണം ഈ വിദ്യാര്‍ത്ഥിയുടെ ചിന്തകളും കര്‍മങ്ങളും. സാങ്കേതികമായ നന്മയും വര്‍ത്തമാനകാല സങ്കീര്‍ണതകളും ആവശ്യങ്ങളും മനസ്സിലാക്കാനും പ്രതികരിക്കാനും പ്രാപ്തിയുള്ളവനായിരിക്കും എന്നതിലുപരി മാറുന്ന ഭാവിയുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിവ് സിദ്ധിച്ചവനുമായിരിക്കും യഥാര്‍ത്ഥ ഇസ്‌ലാമിക സര്‍വകലാശാലയുടെ ഉത്പന്നം. ഇത് സാധ്യമാവുമ്പോഴാണ് ഒരു ഇസ്‌ലാമിക സര്‍വകലാശാല പ്രായോഗിക തലത്തില്‍ വിജയകരമാണെന്ന് പറയാനാവുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter