ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത്...
കുളിരണിയിക്കുന്ന നീര്‍ തടാകങ്ങള്‍... നയന മനോഹരമായ പ്രകൃതി... സുന്ദരമായ വൃക്ഷ ത്തോപ്പുകള്‍.... ഇതെല്ലാം ഒത്തിണങ്ങിയ ഒരിടം... അവിടെയെത്താന്‍ ആരും കൊതിച്ചു പോകും.. ഇട തൂര്‍ന്ന് നില്‍ക്കുന്ന വൃക്ഷത്തോപ്പുകളും തിങ്ങി നില്‍ക്കുന്ന മലഞ്ചെരിവുമുള്ള 'വയല്‍നാട്' എന്ന 'വയനാട്' വിനോദ സഞ്ചാരികള്‍ക്കു നല്‍കുന്നതും ഈ അനുഭൂതി തന്നെയാണ്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ഈ വശ്യ സുന്ദര കാഴ്ച കാണാന്‍ കടലുകള്‍ക്കപ്പുറത്ത് നിന്ന് പോലും സഞ്ചാരികളെത്തുന്നതും ഇത് കൊണ്ട് തന്നെ. സ്കൂള്‍ പഠന കാലത്ത് പുറം ലോകത്തെ കുറിച്ചുള്ള അജ്ഞതയാലും കാര്യമായ ഇടപെടലിന്‍റെ അഭാവം മൂലവും സഞ്ചാര ചിന്ത കുറവായിരുന്നു. എന്നാല്‍ കോളേജ് പഠന കാലത്താണ് ഗൌരവ രീതിയില്‍ ഉല്ലാസ യാത്രയെകുറിച്ചും വിനോദ സ്ഥലങ്ങളെ കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമാകുന്നത്. അത്തരമൊരു വട്ടമേശ ചര്‍ച്ചയില്‍ ആദ്യ വിനോദ യാത്ര ഉരുത്തിരിഞ്ഞു വന്നു. കേരളത്തിലകത്തു തന്നെ രണ്ടു ദിവസം കൊണ്ടു കറങ്ങാനായിരുന്നു ആദ്യ പ്ലാന്‍. പിന്നീടതു സമയ പരിമിതി മൂലം ഒരു ദിവസമാക്കി കുറച്ചു. പല തവണ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ നറുക്കു വീണത് വയനാട്ടിലെ പൂക്കോട് തടാകത്തിനായിരുന്നു. നേരിയ മഴയും തണുപ്പുമുള്ള കാലമായിട്ടു പോലും ഞാനടക്കമുള്ള ഭൂരിഭാഗം പെരുടെയും ചോയ്സ് വയനാട് തന്നെയായിരുന്നു. അങ്ങനെ ഒരു അവധി ദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ചുരം കണ്ടപ്പോള്‍ തന്നെ കൂടെയുള്ള സുഹൃത്തുക്കള്‍ക്കെല്ലാം കൌതുകമായി. അധിക പേരും ആദ്യമായാണ് ചുരം കാണുന്നത്. വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാതകളും ഭയപ്പെടുത്തുന്ന കൊക്കകളും മനോഹരമായ ഹെയര്‍പിന്‍ വളവുകളും പലര്‍ക്കും ഹൃദ്യമായ കാഴ്ചയായി. ചുരത്തിലെ വ്യൂ പോയന്‍റിലിറങ്ങിയ ഞങ്ങള്‍ മലമ്പാതയുടെ ചേതോഹരക്കാഴ്ച്ച നന്നായി ആസ്വദിച്ചു. ആഹ്ലാദത്തിമിര്‍പ്പിനിടെ കൂട്ടത്തില്‍ ചിലര്‍ പറഞ്ഞു പോയി... '' താമരശ്ശേരി ചുരം....'' എന്നു നാം കേട്ടു പരിചയിച്ചത് ഇതാണല്ലേ... കൂടെ ഐസ്ക്രീം നുണയാനും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വാനരന്മാര്‍ക്ക് പലഹാരം എറിഞ്ഞു കൊടുക്കാനും  ഞങ്ങള്‍ മറന്നില്ല. ഞങ്ങള്‍ യാത്ര തുടര്‍ന്നു. കല്‍പ്പറ്റ റോഡിലൂടെ ഏകദേശം ഇരുപത് മിനുട്ട് സഞ്ചരിച്ചതോടെ ലക്കിടി കഴിഞ്ഞ് പൂക്കോട് എത്തി. ഹൈവേ റോഡില്‍ തന്നെ സഞ്ചാരികള്‍ വന്നിറങ്ങിയ വാഹനങ്ങളുടെ നീണ്ട നിര കാണാമായിരുന്നു. തടാകത്തിന് സമീപം എത്തിയപ്പോഴേക്കും രാവിലെ മുതല്‍ തന്നെ അവിടെ വന്ന് നില്‍ക്കുന്ന വിനോദ സഞ്ചാരികളുടെ ബാഹുല്യം ഞങ്ങളെ അത്ഭുതപ്പെടുത്തി. വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരെയും പല കോലത്തിലുള്ളവരെയും കണ്ടപ്പോള്‍ കൈരളിക്കു പുറത്തേക്ക് നീണ്ട ഈ നാടിന്‍റെ മാഹാത്മ്യത്തിനു മുമ്പില്‍ നമിച്ചു പോയി. ടിക്കറ്റ് ക്യൂവില്‍ തിരക്കുണ്ടായിരുന്നെങ്കിലും കോളേജില്‍ പല കാര്യങ്ങള്‍ക്കും തിരക്കിയുള്ള പരിചയം ഇവിടെ ഉപകാരപ്പെട്ടു എന്ന് വേണം പറയാന്‍. പാസ്സുമായി ഉള്ളിലേക്ക് കടന്നതോടെ ഞങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടത് ആലീസിന്‍റെ അത്ഭുത ലോകം തന്നെയായിരുന്നു. പ്രകൃതി  width= ഒരുക്കിയിരിക്കുന്ന ആ ഹരിതഭംഗി കണ്ടാല്‍ ആരും അറിയാതെ സ്രഷ്ടാവിനെ സ്തുതിച്ചു പോകും. ഭൂമി പച്ച ഉടയാടകളുടുത്ത് സഞ്ചാരിയെ വാരിപ്പുണരാന്‍ വെമ്പല്‍ക്കൊള്ളുകയാണ് അവിടെ. മനോഹരമായൊരു ചെറു ഉദ്യാനത്തിലൂടെ നടന്നുവേണം തടാകക്കരയിലെത്താന്‍. ആ ചെറു പാര്‍ക്ക് കുട്ടികള്‍ക്കായി നിര്‍മ്മിക്കപ്പെട്ടതായിരുന്നെങ്കിലും പ്രായമുള്ളവരും ഇടക്കിടെ ഒരു കൈ നോക്കുന്നുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും നല്ല ശുദ്ധജല തടാകവും വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമായ ഈ തടാകം സമുദ്ര നിരപ്പില്‍നിന്നും 2100 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കരയില്‍ മനോഹരമായ ഇരുപ്പിടങ്ങള്‍ സ്ഥാപിച്ചിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്കു ഇരുന്നും ആടിയും പാടിയും ഉല്ലസിക്കാനുള്ള സൌകര്യങ്ങളുമുണ്ട്. വയനാടിന്‍റെ മനോഹാരിത മുഴുവന്‍ ആവാഹിച്ച ഈ തടാകത്തിലെ ബോട്ടു യാത്ര തന്നെയാണ് പ്രധാന ആകര്‍ഷണം. മുകളില്‍ അനന്തമായ ആകാശവും താഴെ നീലിമയാര്‍ന്ന ഓളങ്ങളും ചേരുമ്പോള്‍ ഒരുവേള ഭൌതിക ലോകത്തെ ദുഖങ്ങളോട് നാം വിട പറയും. തടാകത്തിന് ചുറ്റും വന്‍മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന കാടുകളാണ്. അതിനാല്‍ത്തന്നെ ചെങ്കല്‍ ഭിത്തികളോ മറ്റു ജല സംഭരണ രീതികളോ ഉപയോഗിക്കാതെ പ്രകൃതി രീതിയില്‍ തന്നെയാണ് തടാകത്തെ സംരക്ഷിച്ചു പോരുന്നത്. വിശാലമായി പരന്നു കിടക്കുന്ന തടാകത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് 40 അടി താഴ്ചയാണുള്ളത്. പായലും താമരയും നീല ആമ്പലും മറ്റു ജല പുഷ്പങ്ങളും ശുദ്ധജല മത്സ്യങ്ങളും തടാകത്തില്‍ ധാരാളമുണ്ട്. പെഡല് ബോട്ടുകളാണ് തടാകത്തിലുള്ളത്. സ്വന്തമായി തുഴയാന്‍ കഴിയാത്തവര്‍ക്ക് തുഴച്ചിലുകാരന്‍റെ സഹായവും തേടാം. സവാരിയില്‍ താല്‍പര്യമില്ലാത്ത ചിലര്‍ അടുത്തുള്ള കോഫിസ്റ്റാളില്‍ ചുടുചായ നുണഞ്ഞ് തടാകഭംഗി ആസ്വദിക്കുന്നുണ്ടായിരുന്നു. തടാകക്കരയിലെ വലിയ അക്വേറിയത്തില്‍ മീനുകളുടെ ഭംഗി ആസ്വദിക്കുന്നവരുമുണ്ട്. തടാകത്തെ ചുറ്റിപ്പറ്റി മനോഹരമായൊരു കാട്ടു പാതയുണ്ട്. കാട്ടു മൃഗങ്ങളുടെ ശബ്ദവും കാട്ടുപക്ഷികളുടെ കളകൂജനവും കേട്ടുകൊണ്ട് മരത്തണലിലൂടെയുള്ള ആ നടത്തം വാക്കുകളില്‍ വര്‍ണ്ണിക്കാവതല്ല. ചുറ്റുമുള്ള കാട്ടില്‍ മുള്ളന് പന്നി, ചെന്നായ, കുരങ്ങ് മുതലായ കാട്ടുമൃഗങ്ങളും മലയണ്ണാന്‍, വിവിധ തരം പാമ്പുകള്‍. പക്ഷികള്‍ തുടങ്ങിയവയെല്ലാം വസിക്കുന്നുണ്ട്. നടത്തത്തിനിടയില്‍ വിശ്രമത്തിനായി പ്രത്യേക ഇരുപ്പിടങ്ങള്‍ പലഭാഗത്തും സ്ഥാപിച്ചിട്ടുണ്ട്.പുറത്ത് റോഡരികില്‍ തനി വയനാടന്‍ വിഭവങ്ങളും കുടില്‍ വ്യവസായ ഉല്‍പന്നങ്ങളും വില്‍പ്പനക്കു വെച്ചിട്ടുണ്ട്. ശുദ്ധമായ തേനും കാപ്പിയും സുഗന്ധ വ്യഞ്ജനങ്ങളും പൂച്ചെടികളും മറ്റു മുള ഉല്‍പന്നങ്ങളും അവിടെ സുലഭമാണ്.  width=കാഴ്ചകളെല്ലാം വീണ്ടും വീണ്ടും കണ്ട് ഞങ്ങള്‍ മടങ്ങാനിറങ്ങുമ്പോഴും വാതില്‍പ്പടിയില്‍ പുതിയ സഞ്ചാരികളെത്തിക്കൊണ്ടിരുന്നു. ഞങ്ങളില്‍ പലരും പല ദിക്കില്‍ നിന്നുമുള്ളവരായതിനാല്‍ സൂര്യന്‍ മായുന്നതിനു മുമ്പ് തന്നെ ഞങ്ങള്‍ക്കു പുറപ്പെടേണ്ടിയിരുന്നു. ചില കാഴ്ചകള്‍ ക്യാമറയിലും അതിലപ്പുറം മനസ്സിലും സൂക്ഷിച്ചു കൊണ്ട് ഞങ്ങള്‍ പടികളിറങ്ങി. കണ്ടു കൊതി തീരാത്ത ഈ ദേശം കാണാന്‍ ഇനിയും വരുമെന്ന പ്രതിജ്ഞയോടെയാണ് ഓരോ സഞ്ചാരിയും പൂക്കോടിനോട് യാത്ര പറയുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter