ശൈഖ് ജീലാനിയുടെ മസാറില്‍ ഒരു ദിവസം
ലോക മുസ്‌ലിംകളും ഇറാഖും തമ്മിലുള്ള ആത്മീയ ബന്ധം കൂടുതല്‍ വിവരിക്കേണ്ടതില്ലല്ലോ. വിശുദ്ധ മദീനയ്ക്കു ശേഷം മുസ്‌ലിം ലോകത്തിന്റെ പ്രഥമ തലസ്ഥാന നഗരിയാണ് ഇറാഖ്. മക്ക-മദീനക്കു ശേഷം മതവിജ്ഞാനങ്ങളുടെ പറുദീസയായി ശോഭിക്കാന്‍ ഭാഗ്യം ലഭിച്ച രാജ്യം. ബഗ്ദാദ്, മുസ്‌ലിം ലോകത്തിന്റെ രാഷ്ട്രീയ-വൈജ്ഞാനിക-സാംസ്‌കാരിക കേന്ദ്രമായി ചരിത്രത്തില്‍ നൂറ്റാണ്ടുകളോളം പ്രോജ്വലിച്ചു. ബഗ്ദാദ് ജന്മം നല്‍കിയ അപൂര്‍വ വ്യക്തിത്വങ്ങള്‍ നമ്മുടെ ചരിത്രത്തിലെ സുശോഭനാധ്യായങ്ങളാണ്.
ഇറാഖ് കാണാനുള്ള ആഗ്രഹം വര്‍ഷങ്ങള്‍ക്കു മുമ്പേ എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത ധാരാളം അത്യപൂര്‍വ കൈയെഴുത്ത് ഗ്രന്ഥങ്ങള്‍ ഇറാഖിലെ ഔഖാഫ് മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു ഗ്രന്ഥങ്ങളില്‍ അവലംബമായി നല്‍കാറുള്ള ഇമാം ത്വബറാനിയുടെ 'അല്‍ മുഅ്ജമുല്‍ കബീര്‍' മന്ത്രാലയം പ്രസിദ്ധീകരിച്ച അപൂര്‍വ ഗ്രന്ഥങ്ങളിലൊന്നാണ്. കൈയെഴുത്ത് കോപ്പികള്‍ നഷ്ടപ്പെട്ട ചില വാള്യങ്ങള്‍ ഒഴിവാക്കി ഈ ഗ്രന്ഥത്തിന്റെ 26 വാള്യങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചു. ഇത്തരം നൂറിലധികം ഗ്രന്ഥങ്ങള്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവ ശേഖരിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് പെട്ടെന്ന് ഇറാഖിലേക്കു യാത്ര പുറപ്പെടാനുണ്ടായ മുഖ്യ പ്രചോദനം. മദീനയിലെ പ്രിയ സുഹൃത്ത് ജനാബ് ഖാരി ബശീര്‍ അഹ്മദ് എന്റെ സഹയാത്രികനാകാന്‍ സന്നദ്ധനായി.
ഇറാഖ് ഔഖാഫ് മന്ത്രാലയത്തിന്റെ മുഖ്യ ഉപദേഷ്ടാവും മക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി'യുടെ പ്രതിനിധിയുമായ ഡോ. മുഹമ്മദ് ശരീഫ് എന്റെ ഇറാഖ് യാത്രയെക്കുറിച്ച് യാദൃഛികമായി അറിയാനിടയായി. ഇറാഖ് മതകാര്യ മന്ത്രാലയത്തിന്റെ ആതിഥ്യം സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ബന്ധിച്ചു. ഇതിനോട് എനിക്കു വലിയ താല്‍പര്യം തോന്നിയില്ല. ടെലക്‌സ് വഴി എന്റെ ആഗമന വിവരം ഇറാഖ് മതകാര്യ വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ആതിഥ്യം സ്വീകരിക്കണമെന്നും അദ്ദേഹം എന്നെ വിളിച്ചറിയിച്ചു.
നവംബര്‍ 25 വൈകുന്നേരം സന്ധ്യയ്ക്ക് ഞങ്ങള്‍ ജിദ്ദ വിമാനത്താവളത്തില്‍നിന്ന് ഇറാഖിലേക്ക് പുറപ്പെട്ടു. ഇറാന്‍-ഇറാഖ് യുദ്ധം നടക്കുന്ന കാലമായതിനാല്‍ സീറ്റില്‍ എത്തുന്നതിനു മുമ്പ് പലവട്ടം പരിശോധന നടന്നു. യുദ്ധകാലത്ത് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതുതന്നെ വലിയൊരു അനുഗ്രഹമായതിനാല്‍ ഇത്തരം സൂക്ഷ്മപരിശോധനകളില്‍ അത്ഭുതപ്പെടാനില്ല.
ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ട വ്യോമയാത്രയ്ക്കു ശേഷം ബഗ്ദാദ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മതകാര്യ വകുപ്പ് സെക്രട്ടറിയും ജനറല്‍ റിലേഷന്‍സ് ഡയറക്ടറും മറ്റു പ്രമുഖരും ഞങ്ങളെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു. വിശാലതയിലും മനോഹാരിതയിലും ശില്‍പകലാവിദ്യയിലും ചില പാശ്ചാത്യ രാജ്യങ്ങളിലെ വിമാനത്താവളങ്ങളെ കവച്ചുവയ്ക്കുന്ന വിധം അത്യാകര്‍ഷകമായ വിമാനത്താവളമാണ് ബഗ്ദാദിലെ പുതിയ എയര്‍പ്പോര്‍ട്ട് 'മത്വാറുസദ്ദാം.'
സ്വീകരിക്കാന്‍ വേണ്ടി എത്തിച്ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥര്‍ മിനുട്ടുകള്‍ക്കകം കസ്റ്റംസ് പ്രക്രിയകള്‍ നടത്താന്‍ സഹായിച്ചു. താമസം, വണ്ടി, ഗൈഡ് മുതലായ യാത്രാ സൗകര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. വിദേശ രാജ്യത്തില്‍ സ്വകാര്യ യാത്രയ്ക്ക് ഇത്രയും സൗകര്യങ്ങള്‍ ലഭിക്കുക വലിയൊരു അനുഗ്രഹമാണ്. ആതിഥേയന്‍ പ്രകടിപ്പിച്ച ഊഷ്മളമായ സ്‌നേഹ വായ്പുകള്‍ കണ്ടപ്പോള്‍ ആതിഥ്യം നിരസിക്കാന്‍ വയ്യാത്ത നിലയായി. ആദൃശ്യമായ ഒരു അനുഗ്രഹമായി കരുതി അത് സ്വീകരിച്ചു. അധികൃതരുടെ സഹായം ലഭ്യമായിരുന്നില്ലെങ്കില്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഈവക കാര്യങ്ങള്‍ നടക്കുമായിരുന്നില്ലെന്നു പിന്നീട് ബോധ്യപ്പെട്ടു.
പട്ടണത്തില്‍നിന്ന് വളരെ ദൂരെയാണ് വിമാനത്താവളം. ബഗ്ദാദിലെ പ്രസിദ്ധ പഞ്ചനക്ഷത്ര ഹോട്ടല്‍ 'ഫുന്‍ ഖുറഷീദി'ലാണ് ഞങ്ങള്‍ക്ക് താമസ സൗകര്യങ്ങള്‍ ഒരുക്കിയത്. വിദേശ രാഷ്ട്ര തലവന്‍മാരുടെ കോണ്‍ഫ്രന്‍സിനു വേണ്ടിയാണ് ഈ ഹോട്ടല്‍ നിര്‍മിക്കപ്പെട്ടത്. കോണ്‍ഫ്രന്‍സ് ബഗ്ദാദില്‍നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റപ്പെട്ടപ്പോള്‍ ബഹുനില കെട്ടിടം പഞ്ചനക്ഷത്ര ഹോട്ടലാക്കി മാറ്റി. പഞ്ചനക്ഷത്ര ഹോട്ടലുകളെക്കാള്‍ വിശ്വാസവും സുഖകരവുമാണ് ഈ ഹോട്ടല്‍. ഹോട്ടലിനു മുമ്പില്‍ ഒരു ചതുരശ്ര കീലോമീറ്റര്‍ വിശാലമായ അതിമനോഹരമായ പാര്‍ക്കുണ്ട്.
ഹോട്ടലിന്റെ പത്താം നിലയിലായിരുന്നു ഞങ്ങളുടെ താമസം. ബഗ്ദാദ് നഗരിയുടെ പകുതിയോളം ഭാഗം ഇവിടെനിന്നു നോക്കിയാല്‍ കാണാം. നോക്കെത്താ ദൂരത്തോളം ജ്വലിച്ചുനില്‍ക്കുന്ന വൈദ്യുതി വിളക്കുകള്‍ ഭൂമിയെ നക്ഷത്ര നിബിഡമായ ആകാശം പോലെയാക്കിയിരിക്കുന്നു. രാത്രിയുടെ അധിക ഭാഗവും കഴിഞ്ഞിട്ടുണ്ട്. വിരിപ്പില്‍ കിടന്നപ്പോള്‍ ബഗ്ദാദിന്റെ പോയകാല ചരിത്രം മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരുന്നു. മുസ്‌ലിംകളുടെ പുരോഗതിയുടെയും അധോഗതിയുടെയും എത്രയെത്ര ചരിത്രസംഭവങ്ങള്‍ക്ക് ദൃക്‌സാക്ഷിയായ നഗരമാണിത്! അറിവിന്റെയും മഹത്വത്തിന്റെയും എത്രയെത്ര മഹാപര്‍വതങ്ങള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടു? എത്രയെത്ര വൈജ്ഞാനിക സാഹിത്യ സദസ്സുകള്‍ ഇവിടെ സംഘടിതമായി? ഭക്തിയുടെയും സൂക്ഷ്മതയുടെയും എത്രയെത്ര ഉദാഹരണങ്ങള്‍ ഇവിടെ മുദ്രണം ചെയ്യപ്പെട്ടു? നമ്മുടെ ജ്വലിക്കുന്ന ചരിത്രത്തിലെ എത്രയെത്ര സൂര്യന്‍മാര്‍ ഇന്നും ഈ മണ്ണില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. അല്ലാഹു അക്ബര്‍!
മുസ്‌ലിംകള്‍ ഇറാഖ് കീഴടക്കിയപ്പോള്‍ ബഗ്ദാദ് പേരും കേളിയുമുള്ള നഗരമായിരുന്നില്ല. കിസ്‌റോസിന്റെ ഭരണകാലത്ത് ഈ നഗരം ടൈഗ്രീസ് നദിയുടെ പശ്ചിമ ഭാഗത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമായിരുന്നു. ബഗ്ദാദിനെപ്പറ്റി ഇങ്ങനെ പറയപ്പെടുന്നു: കിസ്‌റാ രാജാവ് ബിംബാരാധകനായ ഒരു അടിമയ്ക്ക് ഈ പ്രദേശം ദാനം ചെയ്തു. ആ അടിമ ആരാധിച്ചിരുന്ന ബിംബത്തിന്റെ പേര് 'ബഗ്' എന്നായിരുന്നു. ഇതെനിക്ക് ബഗ് നല്‍കിയതാണെന്ന് അര്‍ത്ഥം കുറിക്കുന്ന ബഗ്ദാദ് (ബഗിന്റെ ദാനം) എന്ന് അദ്ദേഹം ഈ പ്രദേശത്തിനു പേരിട്ടു. ഇക്കാരണത്താല്‍ നല്ലൊരു വിഭാഗം പണ്ഡിതന്‍മാര്‍ ഈ നാമം ഇഷ്ടപ്പെടുന്നില്ല.
ഉമര്‍(റ)വിന്റെ ഭരണകാലത്ത് കൂഫ, ബസ്വറ മുതലായ പട്ടണങ്ങള്‍ സ്ഥാപിക്കപ്പെട്ടുവെങ്കിലും ഈ പ്രദേശം പണ്ടത്തേതുപോലെ തുടര്‍ന്നു. അബ്ബാസിയാ ഭരണകാലത്ത് മന്‍സൂര്‍ ഖലീഫ കൂഫയ്ക്കും ഹയ്‌റയ്ക്കുമിടയില്‍ 'ഹാശിമിയ്യ' എന്ന പേരില്‍ ഒരു പട്ടണം സ്ഥാപിച്ചു. റാവന്‍ദികളുടെ കുഴപ്പം കാരണം ഇവിടെ തന്റെ ആസ്ഥാനമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. കുഴപ്പങ്ങള്‍ നടന്നുകൊണ്ടിരുന്നതിനാല്‍ കൂഫയെ ഭരണത്തിന്റെ ആസ്ഥാനമാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടതുമില്ല. കൂഫ മുതല്‍ മൗസില്‍ വരെ ചുറ്റിക്കറങ്ങിയ മന്‍സൂര്‍ ടൈഗ്രീസ് നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ ആസ്ഥാനമാക്കാന്‍ ഇഷ്ടപ്പെട്ടു. ''ഈ പ്രദേശത്തിന്റെ ഒരു ഭാഗം ടൈഗ്രീസ് നദിയായതിനാല്‍ നമുക്കും ചൈനയ്ക്കുമിടയില്‍ ഒരു മറയുമില്ല. മറ്റൊരു ഭാഗം യൂഫ്രട്ടീസ് നദിയായതിനാല്‍ സിറിയ, രിക്ക തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെടുകയും ചെയ്യാം''-മന്‍സൂര്‍ പറഞ്ഞു.(1)
മന്‍സൂറിന്റെ പട്ടാളം ടൈഗ്രീസ് നദിയുടെ പശ്ചിമ ഭാഗത്ത് താവളമടിച്ചു. ഹിജ്‌റ 140ല്‍ മന്‍സൂറിന്റെ കല്‍പനയനുസരിച്ച് ബഗ്ദാദിന്റെ നിര്‍മാണം പൂര്‍ത്തിയായി. മുമ്പ് സൂചിപ്പിച്ചതുപോലെ, ബഗ്ദാദ് എന്ന നാമത്തില്‍ ശിര്‍ക്കിന്റെ കലര്‍പ്പുള്ളതിനാല്‍ മന്‍സൂര്‍ ഈ നഗരത്തിന് 'മദീനത്തുസ്സലാം' (രക്ഷയുടെ നഗരി) എന്ന് പേരിട്ടു.
നൂറ്റാണ്ടുകളോളം മുസ്‌ലിം ഖലീഫമാരുടെ ആസ്ഥാനമായിരുന്ന 'മദീനതുസ്സലാമി'ല്‍ ഒറ്റ ഖലീഫയും അന്തരിച്ചിട്ടില്ലെന്നത് യാദൃഛികമാകാം. ഹാറൂന്‍ റഷീദിന്റെ മകന്‍ അമീന്‍ ബഗ്ദാദില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്നു. പക്ഷേ, ഇതു ശരിയല്ല. ഖതീബ് ബഗ്ദാദി എഴുതുന്നു. യഥാര്‍ത്ഥത്തില്‍ അമീന്‍ ബഗ്ദാദില്‍ വച്ചല്ല വധിക്കപ്പെട്ടത്. ടൈഗ്രീസ് നദിയിലൂടെ ഉല്ലാസയാത്ര നടത്തുകയായിരുന്ന അദ്ദേഹം പട്ടണത്തില്‍നിന്ന് വളരെ അകലെ വച്ചാണ് അറസ്റ്റ് ചെയ്യപ്പെടുകയും വധിക്കപ്പെടുകയും ചെയ്തത്.(2)
ടൈഗ്രീസിന്റെ ഇരുഭാഗങ്ങളിലുമായി വ്യാപിച്ചുകിടക്കുകയാണ് ഇപ്പോള്‍ ബഗ്ദാദ്. തുടക്കത്തില്‍ ഖലീഫ മന്‍സൂര്‍ രൂപകല്‍പന ചെയ്ത ബഗ്ദാദ് ടൈഗ്രീസിന്റെ കിഴക്കു ഭാഗത്തു മാത്രം പരിമിതമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മകന്‍ ഖലീഫ മഹ്ദി ടൈഗ്രീസിന്റെ പടിഞ്ഞാറുഭാഗത്ത് സൈനിക താവളം പണിതു. ഇതോടെ പതുക്കെ പതുക്കെ പടിഞ്ഞാറു ഭാഗത്ത് സൈനിക താവളം പണിതു. ഇതോടെ പതുക്കെ പതുക്കെ ഈ ഭാഗവും ബഗ്ദാദിന്റെ ഭാഗമായി. കിഴക്കു ഭാഗം 'കര്‍ഖ' എന്നും പടിഞ്ഞാറു ഭാഗം റസാഫ' എന്നും നാമകരണം ചെയ്യപ്പെട്ടു. ഇന്നും ഇതേ പേരില്‍ ഇവ അറിയപ്പെടുന്നു. 'കര്‍ഖി', 'റസാഫി' എന്നീ പേരുകളില്‍ അറിയപ്പെടുന്ന അനേകം ചരിത്ര പണ്ഡിതന്‍മാര്‍ ഈ പ്രദേശത്തിന്റെ സന്തതികളാണ്.
പതുക്കെപ്പതുക്കെ മുസ്‌ലിംകളുടെ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും വിജ്ഞാന കലകളുടെയും അതുല്യമായ കളിത്തൊട്ടിലായി ബഗ്ദാദ് ശോഭിച്ചു. ബഗ്ദാദ് പട്ടണത്തിന്റെ മനോഹാരിതയും ഭൂമിശാസ്ത്രപരമായ കിടപ്പും ക്രമീകരണവും അതിന്റെ സംസ്‌കാരവും അത്യാകര്‍ഷകമായിരുന്നു. പ്രസിദ്ധ കര്‍മശാസ്ത്ര വിശാരദനും മഹാത്മാവുമായ ഇമാം ശാഫിഈ(റ) പ്രിയ ശിഷ്യന്‍ യൂനുസ് ഇബ്‌നു അബ്ദില്‍ അഅ്‌ലയോട് ഒരിക്കല്‍ ഇങ്ങനെ ചോദിച്ചു. താങ്കള്‍ ബഗ്ദാദ് കണ്ടിട്ടുണ്ടോ? കണ്ടിട്ടില്ലെന്ന മറുപടി പറഞ്ഞപ്പോള്‍ ഇമാം ശാഫിഈ പ്രതികരിച്ചു: ''എങ്കില്‍ താങ്കള്‍ ലോകം കണ്ടിട്ടില്ല.''(3)
ശൈഖ് ജീലാനിയുടെ മസാറില്‍
അടുത്ത ദിവസം ഞായറാഴ്ച രാവിലെ പ്രാതലിനു ശേഷം പ്രോട്ടോകോള്‍ ഓഫീസര്‍' അബ്ദുറസാഖ് ഞങ്ങളുടെ ഹോട്ടലില്‍ വന്നു. ആദ്യമായി ഇമാം അബൂഹനീഫ(റ)യുടെയും അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെയും മറ്റു മഹാരഥന്‍മാരുടെയും മസാറുകള്‍ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഞങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. സൗകര്യങ്ങള്‍ പരിഗണിച്ച് അദ്ദേഹം തയ്യാറാക്കിയ പരിപാടിയുടെ ആദ്യയിനം ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ മസാര്‍ സന്ദര്‍ശനമായിരുന്നു.
പകല്‍വെളിച്ചത്തില്‍ ബഗ്ദാദിലെ റോഡുകളും കെട്ടിടങ്ങളും കണ്ടപ്പോള്‍ 20ാം നൂറ്റാണ്ടിലെ പുതിയൊരു നഗരമാണിതെന്ന് ബോധ്യമായി. അതിമനോഹരമായ കെട്ടിടങ്ങള്‍, വൃത്തിയുള്ള വിശാലമായ റോഡുകള്‍, അങ്ങിങ്ങായി കവലകളുടെ മുകളില്‍ പണിത ആകര്‍ഷകമായ പാലങ്ങള്‍, ഭൂഗര്‍ഭ പാതകള്‍ തുടങ്ങിയവ ഗതാഗതം സുഖകരമാക്കുന്നതോടൊപ്പം പാതകളുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നു. സദ്ദാം ഹുസൈന്‍ ബഗ്ദാദിനെ പുരോഗതിയുടെ പാരമ്യതയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. താരീഖ് ബഗ്ദാദില്‍ പ്രമുഖ ചരിത്ര പണ്ഡിതന്‍ ഖതീബ് ബഗ്ദാദി എഴുതുന്നു: ''മന്‍സൂര്‍ ബഗ്ദാദ് നഗരം പണിതപ്പോള്‍ അതിന്റെ അകലവും വീതിയും രണ്ടു മൈലായിരുന്നു. ലോകത്ത് വൃത്താകൃതിയില്‍ നിര്‍മിക്കപ്പെട്ട ആദ്യ പട്ടണമാണിത്.'' ഇന്ന് ബഗ്ദാദിന്റെ ഓരോ ഭാഗവും അനേകം മൈലുകളില്‍ വ്യാപിച്ചുകിടക്കുന്നു.
പുതിയ നഗരിയുടെ വിവിധ ഭാഗങ്ങള്‍ മുറിച്ചുകടന്ന് ഞങ്ങളുടെ കാര്‍ പഴമ മുറ്റി നില്‍ക്കുന്ന തെരുവീഥിയിലൂടെ മുന്നോട്ടു നീങ്ങി. കുറച്ചു സമയത്തിനകം ഒരു കട്ടറോഡിനരികില്‍ വണ്ടി നിന്നു. ഇവിടെനിന്നു നോക്കിയാല്‍ വലിയൊരു പള്ളിയുടെ ചുമര് കാണാം. തെരുവിന്റെ ഭിത്തിയിലാണ് പള്ളിയുടെ കവാടം. പുരാതന രാജകീയ കെട്ടിടങ്ങള്‍ പോലെ പ്രൗഢിയും ഗാംഭീര്യവും സ്ഫുരിക്കുന്നതാണ് ഈ കവാടം. ഇതാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ)യുടെ പള്ളിയും മദ്‌റസയും. ഈ പള്ളിയുടെ ഒരു ഭാഗത്ത് മഹാന്‍ അന്ത്യവിശ്രമം കൊള്ളുന്നു. ശൈഖ് ജീലാനിയുടെ കാലത്തോളം പഴക്കമുള്ള ഈ പള്ളിയുടെ ഖിബ്‌ല ഭാഗത്ത് സ്ഥിതിചെയ്യുന്ന ചുമരിന്റെ പിറകിലാണ് ശൈഖ് ജീലാനി(റ)യുടെ മസാര്‍. അവിടെ സന്ദര്‍ശിച്ച് അനുഗ്രഹീതരാകാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു.
ഉത്തര ഇറാന്റെ പശ്ചിമ ഭാഗത്ത് സ്ഥിതിചെയ്യുന്ന 'ജീലാനി'ലാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ ) ജനിച്ചത്. ഈ പ്രദേശത്തിനു 'ദേലം' എന്നും പേരുണ്ട്. 18ാം വയസ്സില്‍ (ഏകദേശം ഹിജ്‌റ: 488ല്‍) ബഗ്ദാദിലെത്തിയ ശൈഖ് അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. ഇമാം ഗസ്സാലി ബഗ്ദാദിനോട് വിടപറഞ്ഞ അതേ വര്‍ഷത്തിലായിരുന്നു ശൈഖിന്റെ ആഗമനമെന്നത് യാദൃഛികമെന്നതിലുപരി അല്ലാഹുവിന്റെ മഹത്തായ യുക്തി കൂടിയാകാം. ഒരു പരിഷ്‌കര്‍ത്താവിനെ നഷ്ടപ്പെട്ടപ്പോള്‍ താമസിയാതെ ശൈഖ് ജീലാനി(റ)യുടെ രൂപത്തില്‍ മറ്റൊരു പരിഷ്‌കര്‍ത്താവിനെ അല്ലാഹു നല്‍കി.
മസാര്‍ ഉള്‍ക്കൊള്ളുന്ന ഈ ഭാഗം പുരാതന കാലത്ത് ബഗ്ദാദിന്റെ ചുറ്റുമതിലിനടുത്തായിരുന്നു. 'ബാബുല്‍ അസജ്ജ്' എന്നായിരുന്നു പേര്. ശൈഖ് ജീലാനി(റ)യുടെ ഗുരു ശൈഖ് ഖാസി അബൂസഈദ് മഖ്‌റമി(റ) ഇവിടെ ചെറിയൊരു മദ്‌റസ പണിതിരുന്നു. അദ്ദേഹത്തിന്റെ വിയോഗാനന്തരം ഇതിന്റെ മേല്‍നോട്ടം ശൈഖ് ജീലാനി(റ)ക്ക് ഏല്‍പ്പിക്കപ്പെട്ടു. ഈ മദ്‌റസയായിരുന്നു ശൈഖ് ജീലാനി(റ)യുടെ പര്‍ണശാല. പഠനം, അധ്യാപനം, ഗ്രന്ഥരചന, ഫത്‌വ നല്‍കല്‍, ആത്മീയ പ്രഭാഷണം മുതലായവയെല്ലാം ഇവിടെ ത്വരിതഗതിയില്‍ നടന്നു. താമസിയാതെ വലിയൊരു മതപാഠശാലയായി അത് രൂപാന്തരപ്പെട്ടു.
ശൈഖ് ജീലാനി(റ)യുടെ കാലത്ത് പണ്ഡിതരുടെയും സാധാരണക്കാരുടെയും അവലംബമായിരുന്നു ഈ പാഠശാല. ശൈഖ് നേരിട്ട് ദര്‍സ് നടത്തിയ സ്ഥലമാണിത്. എല്ലാ ദിവസവും തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, തര്‍ക്ക വിഷയങ്ങള്‍ എന്നിവയെല്ലാം ശൈഖ് ക്ലാസ് നടത്തിയിരുന്നു. രാവിലെയും വൈകുന്നേരവും തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, നഹ്‌വ് മുതലായ പാഠ്യവിഷയങ്ങള്‍ പഠിപ്പിക്കപ്പെട്ടു. ളുഹ്‌റിനു ശേഷം വിവിധ ഖിറാഅത്തു ശൈലികളില്‍ ശൈഖ് ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. ഫത്‌വ നല്‍കല്‍ അനുസ്യൂതം തുടര്‍ന്നു. മിക്കപ്പോഴും ശാഫിഈ, ഹമ്പലീ മദ്ഹബനസരിച്ചായിരുന്നു ഫത്‌വ.
ഇമാം ശഅ്‌റാനി ഉദ്ധരിക്കുന്നു: ''ഭൂമിയില്‍ ആ സമയം ആരും ചെയ്യാത്ത ഒരു ഇബാദത്ത് ചെയ്യുമെന്നും അതിനു കഴിയാത്തപക്ഷം തന്റെ ഭാര്യ മൂന്നു പ്രാവശ്യം ത്വലാഖ് ചൊല്ലപ്പെട്ടവളാണെന്നും ഒരാള്‍ സത്യം ചെയ്തു. ബഗ്ദാദിലെ ധാരാളം പണ്ഡിതന്‍മാരുടെ സന്നിധിയില്‍ ഈ മസ്അല ചര്‍ച്ച ചെയ്യപ്പെട്ടു. വിവാഹ മോചനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഇയാള്‍ക്ക് കഴിയില്ലെന്ന നിഗമനത്തിലാണ് പണ്ഡിതന്‍മാര്‍ എത്തിച്ചേര്‍ന്നത്. ലോകത്ത് ആരും ചെയ്യുന്നില്ലെന്ന് ഉറപ്പുള്ള ഏത് ഇബാദത്താണുണ്ടാവുക എന്നതിനെക്കുറിച്ചായിരുന്നു പണ്ഡിതന്‍മാരുടെ ആലോചന. അവസാനം മസ്അല ശൈഖ് ജീലാനി(റ)യോട് ചോദിക്കപ്പെട്ടു. കൂടുതല്‍ ആലോചിക്കാതെ ശൈഖ് മറുപടി നല്‍കി: ''ഇദ്ദേഹത്തിന് വിശുദ്ധ മക്കയിലെ കഅ്ബാലയത്തിന് ചുറ്റുമുള്ള സ്ഥലങ്ങള്‍ ഒഴിഞ്ഞുകൊടുക്കുക. അവിടെവച്ച് തനിച്ച് കഅ്ബാലയം ത്വവാഫ് ചെയ്യുക.''
അനാചാരങ്ങള്‍ ഒഴിവാക്കി, പ്രവാചക ചര്യ പിന്‍പറ്റി ശരീഅത്തനുസരിച്ച് ജീവിക്കാന്‍ ആഹ്വാനം ചെയ്യുന്നതിന്റെ ഉത്തമ നിദര്‍ശനങ്ങളാണ് ശൈഖിന്റെ ഉപദേശ നിര്‍ദേശങ്ങള്‍. ശൈഖിന്റെ ഉപദേശങ്ങള്‍ കേട്ട് ദിനംപ്രതി ദശക്കണക്കിന് ആളുകള്‍ പശ്ചാത്തപിച്ചു. ശൈഖ് ജീലാനി(റ)യെ ഉദ്ധരിച്ച് ഇമാം ശഅ്‌റാനി പറയുന്നു: ''ചക്രവാളമൊട്ടാകെ നിറഞ്ഞുനില്‍ക്കുന്ന വലിയൊരു പ്രകാശം എന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. പ്രകാശത്തിലൂടെ എന്തോ രൂപം കാണപ്പെട്ടു. 'ഓ, അബ്ദുല്‍ ഖാദിര്‍! ഞാന്‍ താങ്കളുടെ രക്ഷിതാവാണ്. ഇന്നു മുതല്‍ എല്ലാ ഹറാമും താങ്കള്‍ക്ക് ഞാന്‍ ഹലാലാക്കിയിരിക്കുന്നു! ' ഒരശരീരി കേട്ടു. 'ആട്ടപ്പെട്ടവനേ, എന്നില്‍നിന്ന് അകന്നുപോവുക.' ഞാന്‍ പറഞ്ഞു. ഇതോടെ പ്രകാശം ഇരുട്ടായി മാറി. ആ രൂപം പുകയായി. അത് അപ്രത്യക്ഷമായി. 'ഓ അബ്ദുല്‍ ഖദിര്‍, താങ്കള്‍ നേടിയ അറിവിലൂടെ എന്റെ വലയില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു. ഈ സൂത്രമുപയോഗിച്ച് എഴുപത് മഹാന്മാരെ ഞാന്‍ പിഴപ്പിച്ചിട്ടുണ്ട്.' വീണ്ടുമൊരു അശരീരി കേട്ടു. 'ഇതെല്ലാം അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് മാത്രമാണ്' -ഞാന്‍ പ്രതികരിച്ചു.
പ്രഥമ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ശൈഖിനെ വൈജ്ഞാനിക ഗര്‍വിലൂടെ പരീക്ഷിക്കാന്‍ പിശാച് നടത്തിയ വിഫലശ്രമം അത്യധികം സങ്കീര്‍ണമാണ്. പക്ഷെ, ഈ ശക്തമായ ആക്രമണത്തില്‍നിന്ന് അല്ലാഹു മഹാനവര്‍കളെ രക്ഷപ്പെടുത്തി. ത്വരീഖത്തോടൊപ്പം ശരീഅത്തിനും, ആന്തരിക ജ്ഞാനത്തോടൊപ്പം ബാഹ്യജ്ഞാനത്തിനും ശൈഖ് എത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നുവെന്ന് ഇത്തരം സംഭവങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. അന്ത്യ നിമിഷം വരെ ദീനീ വിജ്ഞാനങ്ങള്‍ പഠിപ്പിക്കുന്നതിലും ഫത്‌വ നല്‍കുന്നതിലും വ്യാപൃതനായ മഹാനാണ് ശൈഖ് ജീലാനി(റ). ധാരാളം വലിയ്യുമാരുടെ മഖ്ബറകളില്‍ കാണപ്പെടുന്നതു പോലെ, ത്വരീഖത്തിലും ശരീഅത്തിലും പരമോന്നത സ്ഥാനം നേടിയ ശൈഖിന്റെ മസാറില്‍ അന്ധവിശ്വാസ പ്രവണതകളും അനാചാരങ്ങളും കാണാനിടയായി. ശരീഅത്ത് പ്രചരണത്തിലും അധ്യാപനത്തിലും ജീവിതം ചെലവഴിച്ച ആ മഹാന്റെ അന്ത്യവിശ്രമ കേന്ദ്രത്തില്‍ ശരീഅത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അദ്ദേഹത്തിന് എത്രമാത്രം ബുദ്ധിമുട്ടും പ്രയാസവുമുണ്ടാക്കുമെന്ന ചിന്ത എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.
മസാറിന്റെ തൊട്ടടുത്താണ് ശൈഖ് ജീലാനി(റ) സ്ഥാപിച്ച പാഠശാല. മഗ്‌രിബിനു ശേഷം ശൈഖ് മുഹമ്മദ് അബ്ദുല്‍ കരീം അല്‍ മുദര്‍രിസ് എന്ന മഹാനെ ഈ മദ്‌റസയില്‍ വച്ച് കാണാന്‍ ഭാഗ്യം ലഭിച്ചു. അംജദുസഹാവിയുടെ സഹപാഠികളിലൊരാളാണിദ്ദേഹം. ആധുനിക യൂനിവേഴ്‌സിറ്റിയിലെ ബിരുദ പഠനം ഒഴിവാക്കി പഴയ രീതിയില്‍ ഗുരുവര്യന്‍മാരില്‍നിന്ന് അദ്ദേഹം വിദ്യാഭ്യാസം നേടി. ഡോക്ടറേറ്റ്, മാസ്റ്റര്‍ ബിരുദങ്ങളുടെ ഈ യുഗങ്ങളില്‍ ഇത്തരം പണ്ഡിതന്‍മാരുടെ മഹത്വം മനസ്സിലാക്കുന്നവര്‍ വിരളമാണ്. ഇത്തരം ആത്മജ്ഞാനികളില്‍നിന്ന് ലഭ്യമാകുന്ന ദീനീ വിജ്ഞാനത്തിന്റെ പരിമളവും ശരീഅത്തിന്റയും തിരുസുന്നത്തിന്റെയും സുഗന്ധവും ആധുനിക സര്‍വകലാശാലകളുടെ പടുകൂറ്റന്‍ കെട്ടിടങ്ങളില്‍നിന്നോ കൃത്രിമാന്തരീക്ഷത്തില്‍ നിന്നോ ലഭിക്കുകയില്ല. അതിനാല്‍ ഇത്തരം പണ്ഡിതന്‍മാരുമായി ഞാന്‍ കഴിയുന്നത്ര ബന്ധപ്പെടാറുണ്ട്. മദ്‌റസയുടെ തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഒരു സാധാരണ ഫ്‌ളാറ്റിലാണ് ശൈഖ് അബ്ദുല്‍ കരീമിന്റെ താമസം. പുരാതന അറബി രീതിയിലുള്ള ഇരിപ്പിടം; ചുറ്റും കിതാബുകളുടെ കൂമ്പാരം; സന്ദര്‍ശകര്‍ക്കു മുമ്പില്‍ തുറന്നുകിടക്കുന്ന കവാടം; റോസാപ്പൂ പോലെ വിടര്‍ന്ന പുഞ്ചിരി തൂകുന്ന മുഖം; കളങ്കമറ്റ സംസാരം; കൃത്രിമ നാട്യങ്ങളോ വളച്ചുകെട്ടോ ഇല്ലാത്ത വിനയവും ലാളിത്യവും കലര്‍ന്ന പെരുമാറ്റം-എല്ലാം പ്രഥമ സന്ദര്‍ശനത്തില്‍ തന്നെ എന്റെ മനസ്സിനെ അത്യധികം സന്തോഷിപ്പിച്ചു.
എന്റെ സന്ദര്‍ശന വിവരം പ്രോട്ടോകോള്‍ ഡോ. മുഹമ്മദ് ശരീഫ് മുന്‍കൂട്ടിത്തന്നെ ശൈഖിനെ അറിയിച്ചിരുന്നു. പൂര്‍വകാല പണ്ഡിതരുമായും പഴയരീതിയിലുള്ള മദ്‌റസകളുമായും എനിക്ക് ബന്ധമുണ്ടെന്നറിഞ്ഞപ്പോള്‍ ശൈഖ് വളരെ സന്തോഷിച്ചു. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞങ്ങളുടെ മതപാഠ ശാലകളുടെ പാഠ്യപദ്ധതികളെ കുറിച്ചായിരുന്നു ശൈഖിന്റെ പ്രഥമ ചോദ്യം. കാഫിയ, ശറഹുത്തഹ്ദീബ്, നൂറുല്‍ അന്‍വാര്‍, തൗസീഹ് മുതലായ ഗ്രന്ഥങ്ങള്‍ ഞങ്ങളുടെ സിലബസ്സിലുണ്ടെന്നറിഞ്ഞപ്പോള്‍ ശൈഖ് അത്യധികം സന്തോഷം പ്രകടിപ്പിച്ചു. ദൃഢവും കഴമ്പുറ്റതുമായ ഇത്തരം സിലബസ്സുകള്‍ വലിച്ചെറിയുന്നത് കാരണമായുണ്ടാകുന്ന ദൂഷ്യങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഈ പഴയ സിലബസ് ഒരിക്കലും കൈവിടരുതെന്ന് ശൈഖ് വസ്വിയ്യത്ത് ചെയ്തു. യുദ്ധത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഇറാഖ്, യുദ്ധത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ദുആ ചെയ്യാനും പാക്കിസ്ഥാനീ പണ്ഡിതന്‍മാരെ കൊണ്ട് ദുആ ചെയ്യിപ്പിക്കാനും ശൈഖ് അഭ്യര്‍ത്ഥിച്ചു.
കുര്‍ദി വംശജനായ ഇദ്ദേഹം അറബിയിലും കുര്‍ദിലുമായി ദശക്കണക്കിന് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കുര്‍ദി ഭാഷയിലാണ് അദ്ദേഹത്തിന്റ അധിക പുസ്തകങ്ങളും. കുര്‍ദ് മേഖലയില്‍ മതവിദ്യാഭ്യാസ രംഗങ്ങളില്‍ അവ അതിമഹത്തായ പങ്ക് വഹിക്കുന്നു. കുര്‍ദ് ഭാഷ അറിയാത്തതിനാല്‍ അവ വായിച്ചു മനസ്സിലാക്കാന്‍ പ്രയാസമാണ്. അറബി കിതാബുകളുടെ ഒരു സെറ്റ് അദ്ദേഹം എനിക്ക് സമ്മാനിച്ചു. 'ഉലമാഉനാ ഫില്‍ ഇറാഖ്' (ഇറാഖിലെ നമ്മുടെ പണ്ഡിതന്‍മാര്‍) ആണ് ഒരു പുസ്തകം. എണ്ണൂറോളം പേജുള്ള ഈ ഗ്രന്ഥം ഇറാഖിലെ കുര്‍ദ് വംശജരായ പണ്ഡിതന്‍മാരുടെ ജീവചരിത്രമാണ്. വിശ്വാസ ശാസ്ത്രത്തില്‍ രചിക്കപ്പെട്ടവയാണ് മറ്റുള്ളവ.
ശൈഖിനോട് വിട വാങ്ങിയ ശേഷം ഞങ്ങള്‍ പാഠശാലയുടെ ലൈബ്രറി സന്ദര്‍ശിച്ചു. ശൈഖ് ജീലാനി(റ)യുടെ നിര്‍ദേശപ്രകാരമാണ് ഈ ലൈബ്രറി സ്ഥാപിതമായത്. ഇപ്പോള്‍ ഈ ലൈബ്രറിയില്‍ നാല്‍പ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുണ്ട്. ലൈബ്രറിയിലെ കൈയ്യെഴുത്ത് ഗ്രന്ഥങ്ങളെപ്പറ്റിയുള്ള വിവരണം അഞ്ചു വലിയ വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. എന്നും വസന്തം വിരിയിക്കുന്ന ഈ വൈജ്ഞാനികാരാമത്തില്‍നന്ന് അറിവ് നുകരാന്‍ മാസങ്ങള്‍ വേണം. ലഭ്യമായ ഹ്രസ്വ സമയത്തിനുള്ളില്‍ തന്നെ അത്യപൂര്‍വങ്ങളായ ധാരാളം കൈയെഴുത്ത് ഗ്രന്ഥങ്ങള്‍ കാണാനും അനേകം പുതിയ പുസ്തകങ്ങളെ പരിചയപ്പെടാനും കഴിഞ്ഞു.
ഒരു കൈയെഴുത്ത് പ്രതി കണ്ടപ്പോള്‍ എന്റെ മനസ്സിലുണ്ടായ വികാരം വിവരണാതീതമായിരുന്നു. ഒരു തഫ്‌സീര്‍ കൈയെഴുത്ത് ഗ്രന്ഥം മറിച്ചുനോക്കികൊണ്ടിരിക്കുകയായിരുന്നു ഞാന്‍. ലൈബ്രേറിയന്‍ പെട്ടെന്ന് മറ്റൊരു കൈയെഴുത്ത് ഗ്രന്ഥം എനിക്ക് കാണിച്ചുതന്നു. അതു പരിശോധിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇമാം റാഗിബ് ഇസ്ഫഹാനിയുടെ 'മുഫ്‌റദാതുല്‍ ഖുര്‍ആന്‍' എന്ന കൃതിയുടെ കൈയെഴുത്ത് പ്രതിയായിരുന്നു അത്. അങ്ങിങ്ങായി മാഞ്ഞുപോയ ചില അക്ഷരങ്ങള്‍ വെള്ളം വീണ പ്രതീതിയുണ്ടാക്കുന്നു. ഈ പ്രതിയുടെ ഒരു പ്രത്യേകതയും കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞില്ല. പുസ്തകത്തിന്റെ തലവാചകത്തില്‍ രേഖപ്പെടുത്തിയ ഒരു കുറിപ്പ് ലൈബ്രേറിയന്‍ എന്റെ ശ്രദ്ധയില്‍ പെടുത്തി. 'താര്‍ത്താരികളുടെ ആക്രമണത്തിനിരയായ ഈ ഗ്രന്ഥം ടൈഗ്രീസ് നദിയില്‍നിന്ന് ഞാന്‍ കണ്ടെടുത്തു. ഫഖീര്‍ അബ്ദുല്ലാഹിബ്‌നു മുഹമ്മദിബ്‌നു അബ്ദുല്‍ ഖാദിര്‍ മക്കി' കുറിപ്പിന്റെ ചുരുക്കം.
ഈ കുറിപ്പും ഏഴു നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന അതിദാരുണമായ സംഭവത്തിന്റെ ഭീകര ചിത്രങ്ങള്‍ മനസ്സിലേക്ക് കൊണ്ടുവന്നു. ബാഗ്ദാദ് പിടിച്ചടക്കിയ താര്‍ത്താറികള്‍ മുസ്‌ലിംകള്‍ രചിച്ച ഗ്രന്ഥങ്ങള്‍ ഉപയോഗിച്ച് ടൈഗ്രീസ് നദിക്കുകുറുകെ പാലം പണിതുവെന്നും കിതാബുകളുടെ മഷി പുരണ്ടാണ് ടൈഗ്രീസ് നദി ഇരുണ്ടുവെന്നും ചരിത്ര ഗ്രന്ഥങ്ങളില്‍ ഞാന്‍ വായിച്ചിരുന്നു. എത്രയെത്ര വൈജ്ഞാനിക കൃതികള്‍ താര്ത്താറുകളുടെ മൃഗീയതക്കിരയായിട്ടുണ്ടാകും. അത് അല്ലാഹുവിനേ അറിയൂ. ആ ചരിത്ര സംഭവത്തിന്റെ ജീവല്‍സാക്ഷിയാണ് ഈ കൈയെഴുത്ത് പ്രതി.
അവലംബം:
1) മുഖദ്ദിമതുല്‍ മആരിഫ്-ഇബ്‌നുഖുതൈബ
2) താരീഖു ബഗ്ദാദ്/അല്‍ഖത്വീഫ് 1/69
3) താരീഖ് ബഗ്ദാദ് 1/4
4) അല്‍ മഅ്തസം ഇബ്‌നുല്‍ ജൗസി 10/219
5) ത്വബഖാത്തുല്‍ കുബ്‌റ-ശഅ്‌റാനി 1/109
6) കയശറ 1/109
Leave A Comment