അറബ് ഉച്ചകോടി  ഉയര്‍ത്തുന്ന അപായ ചിന്തകള്‍
Arab leaders pose for a group photo with Kuwait's Emir Sheikh Sabah al-Ahmed al-Sabah, host of the 25th Arab Summit, in Bayan Palace, Kuwait Cityഅറബ് ലോകം സാക്ഷ്യം വഹിച്ച പ്രക്ഷുബ്ധതകളില്‍ ഏറ്റവും തീവ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഘട്ടത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുമ്പോള്‍ കുവൈത്തില്‍ അരങ്ങേറിയ 25-ാം അറബ് ലീഗ് ഉച്ചകോടിക്ക് യവനിക വീണത് പ്രതീക്ഷകളേക്കാളും പരിഹാരങ്ങളേക്കാളും ആശങ്കകളും പ്രശ്‌നങ്ങളും ഉയര്‍ത്തിക്കൊണ്ടാണ്. അഭിപ്രായ ഭിന്നതകളും അസ്വാരസ്യങ്ങളും മാറ്റിവെച്ച് ഐക്യവും ഒത്തൊരുമയും പ്രകടിപ്പിക്കേണ്ട ഏറ്റവും നിര്‍ണ്ണായകമായ സന്ദര്‍ഭമായിട്ടു പോലും തങ്ങളുടെ ഇടുങ്ങിയതും പൂര്‍ണ്ണമായും സ്വാര്‍ത്ഥതയിലധിഷ്ഠിതവുമായ താല്‍പര്യങ്ങളും പിടിവാശികളും മാറ്റിവെക്കാന്‍ അറബ് നേതാക്കള്‍ വിസമ്മതിച്ചു എന്നതിനെ ഖേദകരമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. ഏതൊരു സംഘടനയുടെയും നിലനില്‍പ് സാധൂകരിക്കപ്പെടുന്നത് അതിന്റെ അംഗങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ഇടപെട്ട് യുക്തിയുക്തവും സുസമ്മതവുമായ തീര്‍പ്പുകളും തീരുമാനങ്ങളും എടക്കാനുള്ള അതിന്റെ കഴിവിനെ ആശ്രയിച്ചാണ്. വിശാലമായ താല്‍പര്യങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വേണ്ടി ബലി കഴിക്കപ്പെടുന്ന സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഏതൊരു സംഘടനയുടെയും പ്രവര്‍ത്തന പാതയിലെ രജത രേഖകളായി തിളങ്ങി നില്‍ക്കുകയും, അനൈക്യം മറക്കുകയും മാറ്റിവെക്കുകയും ചെയ്യുന്ന ഇത്തരം വേളകള്‍ ആ സംഘടനയുടെ നിര്‍വ്വചനവും വിശദീകരണവുമായിത്തീരുകയും ചെയ്യും. അറബ് ലീഗിനെ സംബന്ധിച്ചിടത്തോളം, ഓരോ ഉച്ചകോടികളും ഒത്തു ചേരലുകളും കഴിയുമ്പോഴും ആസന്നമായൊരു അപമൃത്യുവിന്റെ അടയാളങ്ങളാണോ അത് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന സംശയത്തിന് ബലം കൂടി വരികയാണ്. അംഗ രാജ്യങ്ങളുടെ സാമ്പത്തിക, സാംസ്‌ക്കാരിക, രാഷ്ട്രീയ, ദേശീയ, മതകീയ താല്‍പര്യങ്ങളുടെ സംരക്ഷണാര്‍ത്ഥം രൂപീകരിക്കപ്പെട്ടതെന്ന് സ്വയം അവകാശപ്പെടുന്ന ഒരു കൂട്ടായ്മ സ്വന്തം നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് കുവൈത്തില്‍ സംഗമിച്ചു പിരിഞ്ഞത്. വിടര്‍ന്ന പുഞ്ചിരിയും ആശ്ലേഷത്തിനൊരുങ്ങി നീട്ടിപ്പിടിച്ച കരങ്ങളുമായി ഉച്ചകോടിയില്‍ സംബന്ധിച്ച നേതാക്കള്‍ നിറച്ചേര്‍ച്ചയില്ലാതെ കോര്‍ത്ത മുത്തുമാലയെ ഓര്‍മ്മിപ്പിച്ചു. സിറിയയില്‍ മനുഷ്യാവകാശ ലംഘനവും രക്തച്ചൊരിച്ചിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലേക്കു കടന്നെങ്കിലും പ്രശ്‌നത്തില്‍ വേണ്ട വിധം ഇടപെടാനോ ചുരുങ്ങിയ പക്ഷം വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു തടയിടാന്‍ പര്യപ്തമായ മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വെക്കാനോ ഇതുവരെ അറബ് ലീഗ് നേതൃത്വത്തിനായിട്ടില്ല. സിറിയയെ അറബ് ലീഗില്‍ നിന്ന് താല്‍ക്കാലികമായി അകറ്റി നിര്‍ത്താനുള്ള തീരുമാനം ആശ്യസ്യമായ യാതൊരു പ്രതിഫലനവും സൃഷ്ടിച്ചിട്ടില്ലെന്ന് വര്‍ത്തമാന സംഭവ വികാസങ്ങള്‍ നമുക്കു വിവരിച്ചു തരുന്നു. പ്രാദേശികമായ രാഷ്ട്രീയ വൈരങ്ങളും പക്ഷം പിടിക്കലും മൂലം മേഖലയില്‍ അരങ്ങേറുന്ന ഭീതിദമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു താല്‍ക്കാലികമായി പോലും തടയിടാന്‍ കഴിയാത്ത അറബ് ലീഗിന്റെ കഴിവുകേട് എത്ര മാത്രം അപ്രസക്തമായ ഒരു അസ്ഥിത്വമാണ് ആ സംഘടന ഇന്ന് പേറിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ നേരടയാളമായി നമുക്കു മുമ്പില്‍ നില്‍ക്കുന്നു. നേതാക്കള്‍ക്കിടയില്‍ വാക്കേറ്റമോ സംഘര്‍ഷമോ ഇല്ലാതെ ഉച്ചകോടി സംഘടിപ്പിക്കാനായതില്‍ കുവൈത്ത് അഭിനന്ദനമര്‍ഹിക്കുന്നുവെന്ന് ഭംഗിവാക്കു പറയാമെങ്കിലും സത്വര ശ്രദ്ധയര്‍ഹിക്കുന്ന വിഷയങ്ങളൊന്നും തന്നെ കാര്യമാത്ര പ്രസക്തമായ ചര്‍ച്ചകള്‍ക്കു വിധേയമാക്കാതെയാണ് ഇതു സാദ്ധ്യമായതെന്ന വസ്തുത അതിനോട് കൂട്ടി വായിക്കുമ്പോള്‍ അവയില്‍ പരിഹാസത്തിന്റെ സ്വരം കലര്‍ത്താതിരിക്കാന്‍ ഗത്യന്തരമില്ലാതാവുന്നു. ഇസ്രായേല്‍ ജൂതരുടെ മാതൃരാജ്യമല്ലെന്നു പ്രഖ്യാപിക്കാന്‍ നേതാക്കള്‍ കാണിച്ച ചങ്കൂറ്റത്തിനപ്പുറം അറബ് ജനതയെ സംബന്ധിച്ചിടത്തോളം വെറും ശൂന്യമാണ് ഈ ഉച്ചകോടിയുടെ ഫലമെന്ന് പറയാതെ വയ്യ. ഈജിപ്തിലും സിറിയയിലുമെല്ലാം വിരാമമില്ലാതെ തുടരുന്ന രക്തച്ചൊരിച്ചിലുകളോളമോ അതിനേക്കാള്‍ ഉപരിയോ ആയ ദുഃഖപൂര്‍ണ്ണമായ ചിത്രമാണ് അറബ് രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അനൈക്യവും അന്തഃഛിദ്രതയും നമുക്ക് നല്‍കുന്നത്. നേടിയെടുക്കാന്‍ ധാരാളം ലക്ഷ്യങ്ങളും സഞ്ചരിച്ചു തീര്‍ക്കാന്‍ അനവധി കാതങ്ങളുമുള്ള ഒരു സംഘടന അതിന്റെ ധര്‍മ്മത്തെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും വെച്ചു പുലര്‍ത്തേണ്ട അടിസ്ഥാനപരമായ ധാരണകള്‍ പോലും ഉള്‍ക്കൊള്ളാന്‍ ഈ അത്യാപല്‍സന്ധിയിലും അറബ് ലീഗ് നേതൃത്വം സന്നദ്ധരല്ല എന്ന സങ്കടകരവും ഒപ്പം തീര്‍ത്തും അപായപൂര്‍ണ്ണവുമായ ഒരു വസ്തുത ഈ ഉച്ചകോടിയില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്നു. തിരുത്തിനും തിരിച്ചറിവിനുമുള്ള സമയം അതിക്രമിച്ചെങ്കിലും ഐക്യത്തിനു വേണ്ടിയുള്ള ഇടപെടലുകളുടെ പ്രസക്തി ഒരിക്കലും അവസാനിക്കുന്നില്ല എന്ന വസ്തുത ശേഷിച്ചിരിക്കെ തങ്ങള്‍ അകപ്പെട്ടിരിക്കുന്ന ദുരന്തത്തിന്റെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള വൈമനസ്യവും ഇടുങ്ങിയ ചിന്താഗതികളില്‍ നിന്നും ഉല്‍ഭൂതമാവുന്ന നിസ്സാര താല്‍പര്യങ്ങളും വെടിഞ്ഞ് സുസ്ഥിരവും സമാധാന പൂര്‍ണ്ണവുമായ ഒരറബ് ഭൂമികക്കു വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ അറബ് നേതാക്കള്‍ തയ്യാറാവുന്നത് വരെ അറബ് ലീഗെന്ന സംഘടനയുടെ ഗോപുര വാതില്‍ക്കല്‍ അപ്രസക്തം എന്ന തലവാചകം മായാതെ കിടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter