തുര്‍ക്കി: ഉര്‍ദുഗാന്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍

recep-erdoganഇസ്‌ലാമിക രാഷ്ട്രീയത്തില്‍ പുതുവഴി വെട്ടിയ എ.കെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുര്‍ക്കി ഒരിക്കലൂടെ ശക്തി കാണിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ പിന്‍ബലത്തിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ 550 സീറ്റുകളില്‍ 316 സീറ്റുകള്‍ നേടി ചരിത്ര വിജയം കരസ്ഥമാക്കിയിരിക്കയാണ്. മുഖ്യപ്രതിപക്ഷ കക്ഷിയായ റിപ്പബ്‌ളിക്കന്‍ പീപ്ള്‍സ് പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി 49.3 ശതമാനം വോട്ടുകള്‍ നേടിയാണ് ഈ രണ്ടാം ഇന്നിംഗ്‌സിലെ അല്‍ഭുതകരമായ ഉര്‍ദുഗാന്‍ മുന്നേറ്റം. 2002 മുതലുള്ള വിജയങ്ങളില്‍ ഏറെ തിളക്കമാര്‍ന്നതാണ് ഇത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജനാധിപത്യ രാജ്യത്ത് അടിച്ചമര്‍ത്തലുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സ്ഥാനമില്ലെന്നുമുള്ള സന്ദേശമാണ് ഈ വിജയം നല്‍കുന്നതെന്നുമാണ് ഉര്‍ദുഗാന്‍ ഇതിനെ വിലയിരുത്തുന്നത്. പതിമൂന്നു വര്‍ഷം മുമ്പാണ് രാഷ്ട്രീയ അട്ടിമറിക്കും അരാജകത്വത്തിനും അടിപ്പെട്ടിരുന്ന തുര്‍ക്കിയെ അഭിവൃദ്ധിയിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ പുതിയ പാര്‍ട്ടിയുമായി ഉര്‍ദുഗാന്‍ കടന്നുവരുന്നത്. 2002 മുതല്‍ എ.കെ പാര്‍ട്ടി സംവിധാനിച്ച് ഭരണ മേഖല ശക്തിപ്പെടുത്തി. ഇത് തകര്‍ന്നടിഞ്ഞ തുര്‍ക്കിയുടെ സാമ്പത്തിക നില മെച്ചപ്പെടാന്‍ നിമിത്തമായി. ഇതോടെ യൂറോപിലെ പല വ്യാവസായിക കമ്പനികളും അങ്കാറയിലേക്ക് ആകര്‍ഷിക്കപ്പെട്ടു. സാമൂഹികമായും സാംസ്‌കാരികമായും തുര്‍ക്കിയെ ബലപ്പെടുത്താന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച ഉര്‍ദുഗാന്‍ അ്ന്തര്‍ദേശീയമായും ദേശീയമായും അതിനെ സ്ഥിരതയിലേക്ക് കൊണ്ടുവരാന്‍ യത്‌നിച്ചു. അത്താതുര്‍ക്കിന്റെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് നഷ്ടപ്പെട്ട പല സ്വാതന്ത്ര്യങ്ങളും  പുന:സ്ഥാപിക്കപ്പെട്ടത് ഇതില്‍ വളരെ പ്രധാനമാണ്. മുസ്‌ലിം സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ മതശാസന പ്രകാരമുള്ള ഹിജാബ് ധരിക്കുന്നതിലുള്ള നിരോധനം അദ്ദേഹം നേരത്തെ എടുത്തു മാറ്റിയിരുന്നു. 1980 കളിലെ സൈനിക അട്ടമറിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും പൊതുകെട്ടിടങ്ങളിലും ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വന്നിരുന്നത്. ഏരിയല്‍ ഷാരോണിന്റെ ക്രൂരതകളെ തള്ളിപ്പറഞ്ഞ് ഫലസ്തീനികളുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും അദ്ദേഹം ധൈര്യം കാട്ടിയിരുന്നു. മുസ്തഫ കമാല്‍ പാഷയുടെ പൈതൃകങ്ങളെ തട്ടിമാറ്റി പുതിയൊരു തുര്‍ക്കിയെ കെട്ടിപ്പടുക്കാനുള്ള യത്‌നത്തിലായിരുന്നു ഉര്‍ദുഗാന്‍. ആ യാഥാര്‍ത്ഥ്യം തുര്‍ക്കി ജനതയും അംഗീകരിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

സംഘര്‍ഷങ്ങളുടെ ഇന്നലെകള്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ പടിഞ്ഞാറും തുര്‍ക്കിയും തമ്മിലുള്ള ബന്ധം പരിശോധിച്ചാല്‍ ചില സങ്കീര്‍ണ്ണതകള്‍ കാണാനാകും. ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളോട് തുര്‍ക്കി യുദ്ധം ചെയ്യുന്ന സമയത്ത് തുര്‍ക്കിക്കാര്‍ തന്നെ രാജ്യത്തെ പൂര്‍ണ്ണമായും പാശ്ചാത്യവല്‍കരിക്കാനായി കച്ചകെട്ടിയിറങ്ങിയ സന്ദര്‍ഭമാണതില്‍ മുഖ്യം. തീവ്രമതേതരത്വം മുഖ്യഅജണ്ടയായ പാശ്ചാത്യവല്‍കരണത്തോട് ചേര്‍ത്തി വായിക്കേണ്ട മറ്റൊന്നുണ്ട്. വിപുലമായ സൈനികശക്തിയുടെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കപ്പെട്ട ഉസ്മാനിയ സാമ്രാജ്യത്തിന്റെ സൈനിക സ്വഭാവത്തോടുള്ള അനുകൂല മനോഭാവമാണത്. ഖുര്‍ആനിക ആഹ്വാനമനുസരിച്ചുള്ള ജിഹാദിനെ സാക്ഷാത്കരിക്കുന്ന വിഭാഗം എന്ന നിലക്കും 'മിലിട്ടറി' എന്ന സ്ഥാപനത്തിന് തുര്‍ക്കിയുടെ മനസ്സില്‍ അനല്‍പമായ സ്വാധീനമുണ്ടായിരുന്നു. ഖിലാഫത്തിന്റെ തകര്‍ച്ചക്കു ശേഷം പാശ്ചാത്യവല്‍കരണത്തെ അജണ്ടയായി സ്വീകരിച്ച മിലിട്ടറി, അതിനായി തങ്ങളുടെ പഴയ സ്വീകാര്യതയെ ഉപയോഗിക്കുകയും ഇടപെടുകയും ചെയ്തുപോന്നു. ഈയൊരു (സൈനിക) പാരമ്പര്യം കൈവിടാതെയാണ് തുര്‍ക്കി റിപ്പബ്ലിക്ക് മുന്നോട്ട് പോയിരുന്നത് എന്ന് മാത്രമല്ല, രാഷ്ട്ര നിര്‍മിതിയില്‍ കാര്യമായ റോളുകള്‍ വഹിക്കുന്ന പാശ്ചാത്യവല്‍ക്കരണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നതും അതിലൂടെ പ്രധാനമായും മതത്തെ അരികുവല്‍കരിക്കാന്‍ മുന്നിട്ടിറങ്ങുന്നതും സൈനികാധികാര മനസ്ഥിതി ഉള്ളില്‍കൊണ്ടു നടക്കുന്നവരാണ്. ജനം ബഹുമാനിക്കുന്ന ഈയൊരു നേതൃത്വം കുടിലതന്ത്രങ്ങളുമായി നീങ്ങുമ്പോഴും അധികമാരും ഒന്ന് വിരല്‍ ചൂണ്ടാനോ എന്തിന്, തൊണ്ടയനക്കാന്‍ പോലും കൂട്ടാക്കാത്തത് സൈനികാത്മാവ് വെച്ചുപുലര്‍ത്തുന്ന നിയമവ്യവസ്ഥയിലുള്ള 'അമിത വിശ്വാസം' കൊണ്ട് തന്നെയാണ്. പീഢന രാഷ്ട്രീയത്തിന്റെ ഭാഗമായി മാത്രം ഗണിക്കപ്പെടാവുന്ന ഇത്തരം ഉദ്യമങ്ങളെ തുര്‍ക്കിഷ് ജനത ഏറ്റുപിടിക്കില്ലെന്നും പൊതുജന താല്‍പര്യങ്ങളെ രാഷ്ട്ര താല്‍പര്യമായി വിശ്വസിക്കുന്ന ബുദ്ധിജീവികള്‍ അതിന് സമ്മതിക്കില്ലെന്നും നാം കരുതണം. എന്നിരുന്നാലും ഭരണവര്‍ഗവും പൊതുജനവും തമ്മിലെ അകലം കൂട്ടാനേ ഇത്തരം പദ്ധതികള്‍ സഹായിക്കൂ എന്നതാണ് വസ്തുത. ഖിലാഫത്ത് ഭരണവ്യവസ്ഥ റദ്ദാക്കി മതേതര ഭരണകൂടത്തിന്റെ സംസ്ഥാപനം നിര്‍വഹിച്ചപ്പോള്‍ തന്നെ അത്തരം അപസ്വരങ്ങള്‍, പ്രത്യേകിച്ചും യാഥാസ്ഥിക മുസ്‌ലിംകളുടെ ഭാഗത്ത് നിന്നും, മറനീക്കി പുറത്തുവന്നിരുന്നു. പക്ഷെ, കോളനിവല്‍ക്കരണത്തില്‍ തകര്‍ച്ച നേരിട്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണം റിപ്പബ്ലിക്കാനന്തര തുര്‍ക്കി ഭരണകൂടം നിര്‍വഹിക്കുമെന്ന് ആ ജനത പ്രത്യാശിച്ചിരുന്നു. പക്ഷെ, അത്തരമൊരു നീക്കം തുടര്‍ന്നുണ്ടായില്ല. മറിച്ച്, ഖിലാഫത്തിന് കീഴില്‍ പച്ച പിടിച്ച മുഴുവന്‍ സംരഭങ്ങളെയും തകര്‍ത്തെറിയാനായിരുന്നു അവര്‍ ശ്രമിച്ചത്. പാശ്ചാത്യവല്‍ക്കരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രധാരണാ രീതിയില്‍ ബലാല്‍കാരമായി മാറ്റങ്ങള്‍ വരുത്തുകയും ഹിജാബ് നിരോധിക്കുകയും ചെയ്തതോടെ മത തത്വങ്ങളെ പടിക്ക് പുറത്ത് നിര്‍ത്താനുള്ള മതവിരോധികളുടെ ഗൂഢനീക്കമാണിതെന്ന് ജനം മനസ്സിലാക്കിയെങ്കിലും സ്വമേധയാ ഇതിനോട് പുറം തിരിഞ്ഞ് നില്‍ക്കാനോ അല്ലെങ്കില്‍ ഒഴുക്കിനനുസരിച്ച് നീന്താനോ ആണ് തുര്‍ക്കിജനത തുനിഞ്ഞത്. ചിലപ്പോഴൊക്കെ മന്ദഗതിയില്‍ ഇഴഞ്ഞുനീങ്ങിയ ഇത്തരം പരിഷ്‌കാരങ്ങള്‍ മറ്റുചിലപ്പോഴൊക്കെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്തു. 1924ലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത് പ്രകാരം, മതവിദ്യാഭ്യാസത്തെ നിരോധിച്ചപ്പോഴും പിന്നീട് പുരുഷന്മാര്‍ക്ക് തലപ്പാവ് നിരോധിച്ച് പടിഞ്ഞാറന്‍ തൊപ്പിയണിയിച്ചപ്പോഴും പാശ്ചാത്യവല്‍കരണ പദ്ധതി പൂര്‍ണാര്‍ത്ഥത്തിലെത്തുകയായിരുന്നു. 1925ല്‍ ക്രിസ്ത്യന്‍ കലണ്ടര്‍ സ്വീകരിക്കുകയും അറബി അക്ഷരമാല നിരോധിച്ച് ലാറ്റിനെ പുനഃസ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, അതേവര്‍ഷം ഭരണഘടനയില്‍ നിന്ന് 'ഇസ്‌ലാം' എടുത്ത് മാറ്റുകയും പുതിയൊരു സിവില്‍ കോഡ് പാസാക്കുകയും ചെയ്തു. ഇതിനെല്ലാം പുറമേ തീവ്ര സെക്യുലറിസം അവിടെ തഴച്ചുവളരുകയായിരുന്നുവെന്നര്‍ത്ഥം. തുര്‍ക്കി സെക്യുലറിസവും ഫ്രഞ്ച് സെക്യുലറിസവും  ഒരേ പാതയിലെ രണ്ട് സഞ്ചാരികളാണ്. കാരണം മത തത്വങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും അതിലുപരി മതത്തെ സ്വീകരിക്കാനും പ്രചരിപ്പിക്കാനും രാഷ്ട്രം തന്നെ പ്രമോട്ട് ചെയ്യുന്ന മതകാര്യ  സ്ഥാപനവും ഉപദേഷ്ടാക്കളും ഫ്രാന്‍സില്‍ ഉണ്ടാകും. തുര്‍ക്കിയില്‍ മതചിഹ്നങ്ങള്‍ക്ക് വിദ്യാഭ്യാസ  സ്ഥാപനങ്ങളില്‍ പൂര്‍ണവിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഫ്രാന്‍സില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ നിയമങ്ങള്‍ക്കതീതമായിരുന്നു. അതുകൊണ്ട് തന്നെയാണ്, പരമ്പരാഗത പണ്ഡിതന്മാര്‍ക്ക് പ്രവര്‍ത്തിക്കാനൊരിടം നല്‍കാത്ത വിധത്തില്‍  'മോഡേണ്‍ ഇമാമുമാ'രെ സ്റ്റേറ്റ് തന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. യഥാര്‍ഥത്തില്‍ ഇതായിരുന്നു മതനവീകരണ പ്രക്രിയ കൊണ്ട് അവരുദ്ദേശിച്ചതും. തുര്‍ക്കിയുടെ തീവ്ര സെക്യുലറിസത്തിന് എക്കാലത്തും കാവല്‍ നിന്നത് അവിടത്തെ സൈനിക നേതൃത്വമായിരുന്നു. രാജ്യം പാര്‍ട്ടി രാഷ്ട്രീയത്തിലേക്ക് കടക്കുകയും 1950ല്‍ അദ്‌നാന്‍ മെന്ദരിസ് പ്രധാനമന്ത്രിയാവുകയും ചെയ്തതിന് ശേഷം 1960ല്‍, ഒരു പതിറ്റാണ്ട് കാലത്തെ അതുല്യഭരണം കാഴ്ചവെച്ച മെന്തരിസിനെ സൈനികനേതൃത്വം അട്ടിമറിക്കുകയുണ്ടായി. സത്യത്തില്‍, രാജ്യമൊന്നടങ്കം ജനതാല്‍പര്യത്തിന് ചെവികൊടുക്കുന്നൊരു ഭാരണാധികാരിയെ ലഭിച്ച സന്തോഷത്തിലായിരുന്നു. അദ്ദേഹം കടുത്ത മത വിശ്വാസിയായിരുന്നില്ലെങ്കിലും ജനാധിപത്യ മൂല്യങ്ങളില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. 1932-1950 കാലഘട്ടത്തില്‍, തുര്‍ക്കിവല്‍കരണത്തിന്റെ ഭാഗമായി പള്ളി മിനാരങ്ങളിലെ  ബാങ്കൊലികള്‍ തര്‍ജ്ജുമ ചെയ്യപ്പെട്ടപ്പോള്‍ ലോകത്താകമാനം അത് വലിയ കോലാഹലം തന്നെ സൃഷ്ടിച്ചു. ആധുനികവല്‍ക്കരണത്തിന്റെ ദീനരോദനങ്ങള്‍ പുറം ലോകം കേട്ടത് ഇത്തരം പരിഷ്‌കരണങ്ങളിലൂടെയായിരുന്നു.  ബഹുഭൂരിപക്ഷം മുസ്‌ലിംകളെ ഉള്‍പ്പെടുത്തി ഈയൊരു രീതിയില്‍ വ്യത്യസ്തമായ സെക്യുലറിസത്തെ വളര്‍ത്തിയെടുത്ത തുര്‍ക്കി, അതുകൊണ്ട് തന്നെ മുസ്‌ലിം ലോകത്ത് ഒറ്റപ്പെട്ടു. മെന്ദരീസ് ഭരണത്തിലേറിയതിന്ന് തൊട്ട് പിന്നാലെ, ബാങ്ക് വിളി അറബിയില്‍ തന്നെ പുനഃസ്ഥാപിച്ച് അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റി. 25 വര്‍ഷത്തെ തീവ്രമതേതരത്വ ഭരണപ്രക്രിയക്ക് ശേഷം, ജനം വീണ്ടും പാരമ്പര്യ മൂല്യങ്ങളിലേക്ക് തിരിച്ചുപോകാന്‍ കൊതിച്ചിരുന്നു. കാരണം ദൈനംദിന ജീവിതത്തില്‍ ഒരുപാട് കാതലായ മാറ്റങ്ങള്‍ക്ക് അത് ഉപകരിക്കുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ക്രമേണ അദ്ദേഹം ഈ വഴിയില്‍ നിലയുറപ്പിച്ചു. ഭൂരിഭാഗം ജനങ്ങളും തങ്ങളുടെ സന്താനങ്ങള്‍ക്ക് ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാന്‍ താല്‍പര്യപ്പെടുന്നുവെന്ന് മനസ്സിലാക്കിയ അദ്ദേ ഹം രാഷ്ട്രത്തിന്റെ ഫണ്ട് ഉപയോഗപ്പെടുത്തിതന്നെ 'ഇമാം ഹാതിബ്' എന്ന പേരില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു. യുവജനങ്ങളെ മതവിദ്യാഭ്യാസം നല്‍കി ബോധവാന്മാരാക്കാനും കാലോചിതമായി ചിന്തിക്കുന്ന ഇമാമുമാരെയും മതകാര്യസ്ഥന്മാരെയും വളര്‍ത്തിയെടുക്കാനുമായിരുന്നു ഇത്തരം സ്‌കൂളുകളിലൂടെ അവര്‍ ലക്ഷീകരിച്ചത്. ആരംഭകാലത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനം നല്‍കിയ ഈ സ്ഥാപനങ്ങളില്‍   1970കളോടെ പെണ്‍കുട്ടികളെയും സ്വീകരിച്ചു. പൊതുജന താല്‍പര്യമുള്ള പദ്ധതികള്‍ നടപ്പില്‍ വരുത്തിയതിലൂടെ  ഭിന്നിച്ചുനിന്നിരുന്ന പല മത, സമുദായ വിഭാഗങ്ങളെയും ഒരേ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനും അദ്ദേഹത്തിന് സാധിച്ചു. പൊതുജന സമക്ഷം മതത്തിന് തുറന്നൊരിടം സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ പരിഷ്‌കാരങ്ങള്‍ സൈനിക മേലാളന്മാരെ ചൊടിപ്പിച്ചിരുന്നുവെന്നതാണ് പിന്നീട് 1960ല്‍ ഉണ്ടായ സൈനിക അട്ടിമറിയടക്കമുള്ള സംഭവവികാസങ്ങള്‍ തെളിയിച്ചത്.  മീഡിയകളെ ഉപയോഗപ്പെടുത്തി ഈ കുടില തന്ത്രത്തെ നീതീകരിക്കാനായിരുന്നു തുടര്‍ന്നുള്ള അവരുടെ ശ്രമമെന്നത് തികച്ചും ഖേദകരം തന്നെ. ഈ സംഭവ വികാസങ്ങള്‍ പര്യവസാനിച്ചത് പ്രധാനമന്ത്രി അദ്‌നാന്‍ മെന്ദരിസിനെ ദയനീയമായി തൂക്കിലേറ്റിയതിലുടെയായിരുന്നു.   തുര്‍ക്കിയില്‍ സൈനിക ഇടപെടലുകള്‍ക്ക് ഔദ്യോഗികമായി നാന്ദി കുറിച്ചത് അന്നായിരുന്നു. ഇവിടെയായിരുന്നു രാഷ്ട്ര ധര്‍മം മറക്കുന്ന ഭരണാധികാരികളും ജനസേവനം അവഗണിക്കുന്ന  സൈനിക വൃത്തങ്ങളും നിയമ പരിരക്ഷ കാറ്റില്‍ പറത്തുന്ന നിയമ പാലകരും ലോകത്തിനു മുന്നില്‍ തുര്‍ക്കിക്ക് ഒഴിയാബാധയായി തുടരുന്നത്. ആധുനിക തുര്‍ക്കിയില്‍ മുസ്‌ലിംകള്‍ക്കെതിരെ ക്രൂര നടപടികള്‍ സ്വീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് തുണയായത് അധികാരികളുടെ നിരുത്തരവാദപരമായ ഈ നിലപാടുകളായിരുന്നു. 1980ലെ അട്ടിമറി 1980 ലാണ് രണ്ടാമതായി ഇത്തരത്തിലൊരു അട്ടിമറി കൂടി സംഭവിക്കുന്നത്. തദ്ഫലമായി വിവിധ മതനേതാതക്കളും രാഷ്ട്രീയ നേതാക്കളും പ്രതിക്കൂട്ടിലകപ്പെടുകയും ചെയ്തു. ജനറല്‍ കേനന്‍ എവ്‌റന്‍ സംഘടിപ്പിച്ച ഈ തിരക്കഥയില്‍ തുര്‍ക്കി മുസ്‌ലിംകള്‍ പ്രധാന വില്ലന്‍ കഥാപാത്രങ്ങളായില്ലെങ്കിലും, കൂട്ടത്തില്‍ തങ്ങളുടേതായ റോളുകള്‍ അവരും നന്നായി ചെയ്തിരുന്നു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പൊതുപരിപാടിയെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചിലര്‍ മതചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനാലായിരുന്നു ജനറല്‍ എവ്‌റിന്‍ തന്റെ നേതൃത്വത്തില്‍ ഈയൊരുദ്യമത്തിന്  മുന്നിട്ടിറങ്ങിയത്. ജനറല്‍ എവ്‌റന്‍, ഒരു തുര്‍ക്കി ഇമാമിന്റെ മകനായിരുന്നു എന്നതു കൊണ്ടുതന്നെ മതതത്വങ്ങളെ മാറ്റത്തിന് വിധേയമാക്കാനും മറ്റുള്ളവരില്‍ തന്റെ ആശയങ്ങള്‍ കുത്തിവെക്കാനും അദ്ദേഹത്തിന് നിഷ്പ്രയാസം സാധിച്ചു. മതകാര്യങ്ങളെക്കുറിച്ചും ആചാരങ്ങള്‍ അനിസ്‌ലാമികമാവുന്നതിനെക്കുറിച്ചും പ്രസംഗിച്ചിരുന്ന  അദ്ദേഹം ഇസ്‌ലാമിക മാനങ്ങളെ അടിമുടി മാറ്റുകയായിരുന്നു. ഇത്രയും കാലം മതത്തെയും മതാചാരങ്ങളെയും ഭരണകൂടം ഭയത്തോടെ സമീപിച്ചതു കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയിലും ഭരണവര്‍ഗത്തിനിടയിലും നികത്താനാവാത്ത മാനസിക വിടവാണ് സംഭവിച്ചതെന്ന് മനസ്സിലാക്കിയ അദ്ദേഹം ഇസ്‌ലാമിനെ ഉള്ളില്‍ നിന്നു കൊണ്ടു തന്നെ പരിഷ്‌കരിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. 'എവ്‌റിന്റെ ഇസ്‌ലാം' എന്നു വിളിക്കാവുന്ന ഒരു നൂതന സംഹിതയില്‍, മുസ്‌ലിം സ്ത്രീകള്‍ ഇസ്‌ലാമികമായി വസ്ത്രധാരണം നടത്തുന്നതിനെ കര്‍ശനമായി വിലക്കുകയും ഈ ആശയങ്ങളെ പ്രമോട്ട് ചെയ്യാന്‍ ഒരു വിദ്യാഭ്യാസ കൗണ്‍സിലിന് തന്നെ രൂപം കൊടുക്കുകയും ചെയ്തു. വീണ്ടുമൊരിക്കല്‍ കൂടി, ഹിജാബ് നിരോധനവുമായി മുന്നോട്ട് പോവാന്‍ ഈ കൗണ്‍സിലുകള്‍ അദ്ദേഹത്തെ പൂര്‍ണമായും സഹായിച്ചു. തന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നവരെ യാതൊരു ദയയും കൂടാതെ കഴുമരത്തിലേറ്റുമെന്ന് അദ്ദേഹം കര്‍ശനമായി തന്നെ പ്രഖ്യാപിച്ചു. 1997ല്‍ വെറും പതിനൊന്ന് മാസം മാത്രം ഭരിച്ച ഇസ്‌ലാമിസ്റ്റ് ഗവണ്‍മെന്റിനെ ഉത്തരാധുനിക അട്ടിമറിയലൂടെ തകര്‍ത്തെറിഞ്ഞതാണ് തുര്‍ക്കി കണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ അടുത്ത അധ്യായം. പ്രത്യക്ഷമായി മത വിഭാഗത്തെ ഉന്നം വെച്ച ഈ നടപടിക്രമങ്ങള്‍ പ്രധാനമായും മുസ്‌ലിം സമുദായത്തിനാണ് മാരക പ്രഹരമേല്‍പ്പിച്ചത്. വിശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്താന്‍ സൈനിക നേതൃത്വം ഇരുപതോളം നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. 1. റിപ്പബ്ലിക്കന്‍ പരിഷ്‌കാരങ്ങളെ ഒരു വിധത്തിലും വെച്ചു പൊറുപ്പിക്കില്ലെന്നു മാത്രമല്ല പകരം അത്താതുര്‍ക്കിയന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യും . 2. ഈ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ തുറുങ്കിലടക്കും. 3. അത്താതുര്‍ക്കിന്റെ വിദ്യാഭ്യാസ മാതൃക 'തൗഹീദെ തദ്‌രീസാത്' നെ പുതിയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തും. 4. ഇമാം ഹാതിബ് സ്‌കൂളുകളില്‍ പഠനം നിര്‍ത്തലാക്കും. 5. മതത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗപ്പെടുത്താന്‍ അനുവദിക്കില്ല. പള്ളി നിര്‍മാണങ്ങള്‍ ഇതിന്റെ ഭാഗമായി ഗണിക്കപ്പെടും. 6. പ്രത്യേക നിയമ പ്രകാരം പാര്‍ട്ടി നേതാക്കളുടെയും മേയര്‍മാരുടെയും കവല പ്രസംഗങ്ങള്‍ നിയന്ത്രിക്കും. 7. വഖ്ഫ് പോലോത്ത സാമ്പത്തിക സ്രോതസ്സുകളും മതവിഭാഗങ്ങളും നിരീക്ഷണ വിധേയമാക്കും. 8. ഗവണ്‍മെന്റ് വിരുദ്ധ വാര്‍ത്തകളും മറ്റും സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍, റേഡിയോ മാധ്യമ ങ്ങളെ നിയന്ത്രിക്കും. തുര്‍ക്കി മതേതരത്വത്തിന്റെ ഈ വേറിട്ട മുഖം അട്ടിമറി ഭരണത്തിന്റെ അനന്തരഫലമായി മുസ്‌ലിം സമുദായത്തില്‍ ഒരുപാട് മാറ്റങ്ങള്‍ അടിച്ചേല്‍പ്പിച്ചു. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ ബിസിനസ്സ് സ്ഥാപനങ്ങളുമായി ജനങ്ങള്‍ ബന്ധപ്പടുന്നത് നിരോധിക്കുകയും അവര്‍ക്കെതിരെ കാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്തു. ഹിജാബ് പൂര്‍ണമായും എടുത്തുകളയുകയും ഇമാം ഹാതിബ് സ്‌കൂളിലും യൂണിവേഴ്‌സിറ്റികളിലും മുസ്‌ലിംകളോട് വിവേചനം വെച്ചു പുലര്‍ത്തുകയും ചെയ്തു. പരീക്ഷാഫലങ്ങളില്‍ ക്രമക്കേട് നടത്തി പക്ഷപാതപരമായി മുസ്‌ലിംകളെ മുഖ്യധാരയില്‍ നിന്ന് അടര്‍ത്തി മാറ്റുകയും ചെയ്തു. മത വിശ്വാസികളെ പ്രത്യേകിച്ച് മുസ്‌ലിംകളെ ഉന്നം വെച്ച് സൈനിക നേതൃത്വം കൊണ്ടു വന്ന പദ്ധതികള്‍ പ്രകടമായിരുന്നു. തുര്‍ക്കി മതേതരത്വത്തെ സംരക്ഷിക്കാനും മതവിശ്വാസികളെ ഈ വ്യവസ്ഥയില്‍ നിന്നും പുറത്താക്കാനും ഗവര്‍ണ്‍മെന്റിന്റെ കീഴില്‍ പ്രത്യേക സ്‌ക്വാഡുകള്‍ തന്നെ തയ്യാറാക്കപ്പെട്ടിരുന്നു. ചാരവൃത്തിയിലൂടെയായിരുന്നു ഒരാളുടെ മതവിശ്വാസത്തെ അളന്നതെന്നാണ് വിസ്മയം. കുടംബവും സുഹൃത്തുക്കളും ജീവിതരീതിയും വരെ ചാരന്മാരുടെ അന്വേഷണത്തിന്റെ ഭാഗമായി. വിശ്വാസിയായ സൈനികനെ നിരുപാധികം പിരിച്ചുവിടാറുണ്ടായിരുന്നു. ഭാര്യ ഹിജാബ് ധരിച്ചതിനും മതാനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചതിനും അടി കൊള്ളേണ്ടി വന്നത് പലപ്പോഴും ഭര്‍ത്താക്കന്‍മാരായിരുന്നു. എല്ലാ ഓരോ സൈനിക അട്ടിമറിക്കും ശേഷം ഭരണഘടനാ കോടതി രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുകയും നിലവിലെ നേതാക്കളെ ജയിലലടക്കുകയോ വീട്ടുതടങ്കലിലാക്കുകയോ രാഷ്ട്രീയ നിരോധനമേര്‍പ്പെടുത്തുകയോ ചെയ്തു. ഇതിനെല്ലാം പുറമെ ഖുര്‍ആനിക പഠനത്തിനും അധ്യാപനത്തിനും വിലക്കേര്‍പ്പെടുത്തിയ ഭരണകൂടം ഈ നിയമങ്ങള്‍ നിറവേറ്റാനുള്ള ഉത്തരവാദിത്തം പ്രത്യേക വിഭാഗങ്ങളെ  ഏല്‍പിക്കുകയും ചെയ്തു. 1998ല്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ നിയമ പ്രകാരം പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പാടില്ലെന്നും രാഷ്ട്രം നല്‍ക്കുന്ന പ്രത്യേക 'സമ്മര്‍ കോഴ്‌സു'കളിലൂടെ മാത്രമേ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ പാടുളളുവെന്നും തുര്‍ക്കികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷെ, നിയമങ്ങള്‍ വെറും ഖുര്‍ആനിനു മാത്രമെ ബാധമാകുന്നുള്ളുവെന്നും ബൈബിളോ മറ്റു വേദങ്ങളോ പഠിപ്പിക്കുന്നതിനു യാതൊരു നിബന്ധനകളും വെച്ചിരുന്നില്ലെന്നു കൂടി മനസ്സിലാക്കുമ്പോഴേ പാശ്ചാത്യവത്കരണം അതിന്റെ യഥാര്‍ഥ സത്ത മുറുകെപിടിച്ചിരുന്നുവെന്നത് മനസിലാക്കാന്‍ സാധിക്കൂ. ഇന്നു മുസ്‌ലിംകള്‍ തങ്ങളുടെ ദയനീയാവസ്ഥയില്‍ നിന്ന് പൂര്‍ണ്ണമായി കരപറ്റിയെന്ന് പറയാന്‍ കഴിയില്ലെങ്കിലും മുസ്‌ലിം സമുദായം ആപേക്ഷികമായ പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്നു. മുസ്‌ലിംകള്‍ സാമ്പത്തികമായി നല്ല ഒരു ഭാഗം കൈവശപ്പെടുത്തിയതു കൊണ്ട് തന്നെ ശക്തിരാഷ്ട്രീയത്തിലും ചെറുതല്ലാത്ത പങ്ക് ഇന്നവര്‍ക്കുണ്ട്. ഒരു പതിറ്റാണ്ടിനകം രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖംപൊത്തിയപ്പോള്‍ എ.കെ. പാര്‍ട്ടി അവിടെ പുനര്‍ജനിക്കുകയായിരുന്നു. സാമ്പത്തിക രാഷ്ട്രീയ സ്ഥിരത കൈവരിക്കാനായതും  മുസ്‌ലിം വരേണ്യ വര്‍ഗം എന്ന രീതിയിലേക്ക് ഒരു കുതിച്ചു ചാട്ടം സാധ്യമാക്കിയെന്നതുമാണ് എകെപിയുടെ നേട്ടം. ഒരിക്കല്‍കൂടി ഉര്‍ദുഗാന്‍ ഭരണത്തില്‍ വന്നത് തുര്‍ക്കിയുടെ വീണ്ടെടുപ്പിന് ഏറെ പ്രതീക്ഷകള്‍ തുറക്കുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter