റഷ്യ ഇങ്ങനെ പോയാല്‍ സിറിയയില്‍ എന്ന് സമാധാനം പുലരാന്‍!
russiaഐ.എസ് ഭീകരവേട്ടയുടെ പേരില്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിനെ സഹായിക്കുന്ന നടപടികളാണ് സിറിയന്‍ ആഭ്യന്തര പ്രശ്‌നത്തില്‍ തുടക്കം മുതലേ റഷ്യ സ്വീകരിച്ചുപോന്നത്. കഴിഞ്ഞ ദിവസം സിറിയയില്‍ റഷ്യ നടത്തിയ കനത്ത മിസൈല്‍ ആക്രമണങ്ങളെ എതിര്‍ത്തുകൊണ്ട് ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം രംഗത്തു വന്നിരിക്കുകയാണ്. ഐ.എസ് ഭീകരരെ തുരത്താനെന്ന പേരില്‍ സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളൊക്കെയും സാധാരണക്കാരെ ലക്ഷ്യം വച്ചുകൊണ്ടുള്ളതായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 50 പേരാണ് മരണപ്പെട്ടത്. രണ്ട് സ്‌കൂളുകള്‍ക്കും അഞ്ച് ആശുപത്രികള്‍ക്കും നേരെ നടന്ന ആക്രമണം ഒരുനിലക്കും ന്യായീകരിക്കപ്പെടാവതല്ല. റഷ്യയെ യുദ്ധ കുറ്റവാളിയായി തന്നെ പ്രഖ്യാപിക്കപ്പെടേണ്ട ആക്രമണമായിരുന്നു അത്. തുര്‍ക്കിയും ഫ്രാന്‍സും ഈ ആവശ്യം ഇതിനകം തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള യു.എന്‍ രക്ഷാ കൗണ്‍സിലിന്റെ തീരുമാനങ്ങളെ തകിടം മറിക്കാന്‍ റഷ്യ ബോധപൂര്‍വം നടത്തുന്നതാണോ ഇത്തരം ആക്രമണങ്ങളെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സിറിയയില്‍ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കുവാനും സമാധാനം പുനഃസ്ഥാപിക്കാനും യു.എന്‍ രക്ഷാ കൗണ്‍സില്‍ കഴിഞ്ഞ ഡിസംബറിലാണ് പ്രമേയം പാസ്സാക്കിയത്. പ്രമേയത്തിലെ ഉള്ളടക്കത്തിനെതിരേ അന്നു തന്നെ റഷ്യ മുറുമുറുത്തിരുന്നതാണ്. റഷ്യയുടെ രാഷ്ട്രീയ താല്‍പര്യം സിറിയയില്‍ ഇല്ലാതാക്കുന്നതാണ് രക്ഷാ കൗണ്‍സില്‍ പ്രമേയം. പതിനേഴ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശകാര്യ പ്രതിനിധികള്‍ പങ്കെടുത്ത രക്ഷാകൗണ്‍സിലില്‍ റഷ്യ പ്രമേയത്തിനെതിരേ ആദ്യത്തില്‍ വിയോജിച്ചിരുന്നുവെങ്കിലും അവസാനഘട്ടത്തില്‍ പ്രമേയത്തെ അനുകൂലിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ആഭ്യന്തര യുദ്ധം കൊണ്ട് പൊറുതിമുട്ടുന്ന സിറിയയില്‍ ആറുമാസത്തിനകം ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുക, ജനുവരി മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുക, ഇടക്കാല തെരഞ്ഞെടുപ്പ് കഴിഞ്ഞു പതിനെട്ട് മാസത്തിനകം സ്വതന്ത്രവും നീതിയുക്തവുമായ പൊതുതെരഞ്ഞെടുപ്പ് നടത്തുക, തെരഞ്ഞെടുപ്പില്‍ സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദ് മത്സരിക്കാന്‍ പാടില്ല. ഇതൊക്കെയായിരുന്നു രക്ഷാ കൗണ്‍സില്‍ തീരുമാനങ്ങള്‍. എന്നാല്‍ കൗണ്‍സില്‍ തീരുമാനങ്ങളെ ഇല്ലാതാക്കാന്‍ തുടക്കം മുതല്‍ തന്നെ ബശാറുല്‍ അസദും റഷ്യയും ശ്രമിച്ചുവരികയായിരുന്നു. ബശാറുല്‍ അസദിന് മത്സരിക്കുവാന്‍ പാടില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അസദിന്റെ ഭാവിയെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശിക്കാതെ പോയതുമാണ് റഷ്യയെയും സിറിയയെയും ചൊടിപ്പിച്ചത്. അതിനാല്‍ തന്നെ പ്രമേയത്തില്‍ പറഞ്ഞ ജനുവരി മുതല്‍ക്കുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ ബശാറുല്‍ അസദ് ഉത്സാഹിച്ചതുമില്ല. റഷ്യന്‍ ആക്രമണം ഉണ്ടായ കഴിഞ്ഞ ദിവസവും വെടിനിര്‍ത്തലിനുള്ള സാധ്യത അസദ് തള്ളിയിരിക്കുകയാണ്. മ്യൂണിക്കില്‍ ധാരണയിലെത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുവാന്‍ തന്നെയാണ് അസദിന്റെ ഉദ്ദേശ്യം. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പോലും അസദ് താല്‍പര്യം കാണിക്കുന്നില്ല. ആക്രമണത്തില്‍ പങ്കില്ലെന്ന് റഷ്യ പറയുന്നുണ്ടെങ്കിലും ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി റഷ്യ തന്നെയാണ് ആക്രമണം നടത്തിയതെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്‌കൂളുകളും ആശുപത്രികളും ലക്ഷ്യമാക്കിത്തന്നെയാണ് റഷ്യ മിസൈലുകള്‍ പ്രയോഗിച്ചത്. ഇതില്‍ ഒരു സ്‌കൂള്‍ അഭയാര്‍ഥി കേന്ദ്രമായും ഒരു ആശുപത്രി സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന കേന്ദ്രത്തിന്റെ കീഴിലുള്ളതുമാണ്. അത് അറിഞ്ഞുകൊണ്ടുതന്നെയാവണം ഐ.എസ് വേട്ടയുടെ പേരില്‍ അസദിന് വേണ്ടി റഷ്യ അവ തകര്‍ത്തത്. കുറെക്കൂടി അഭയാര്‍ഥികളെ സൃഷ്ടിക്കുവാന്‍ മാത്രമേ റഷ്യയുടെ തലതിരിഞ്ഞ ഇത്തരം നടപടികള്‍ കൊണ്ട് സാധ്യമാകൂ. ഏതാനും മാസങ്ങള്‍ക്കിടയില്‍ സിറിയയില്‍ പതിനാല് ആശുപത്രികള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നുപോയിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി സിറിയയിലെ മൊത്തം ജനസംഖ്യയുടെ പകുതിയും അഭയാര്‍ഥികളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി. ഐ.എസിനെ ആക്രമിക്കാനെന്ന പേരില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങളാകട്ടെ അഭയാര്‍ഥി പ്രവാഹത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അസദിനെ താഴെയിറക്കാതെയും ഐ.എസിനെ നശിപ്പിക്കാതെയും സിറിയന്‍ ജനതക്ക് അന്യനാടുകളില്‍ നിന്നും തിരികെ വരുവാന്‍ കഴിയില്ല. അസദിനെ സംരക്ഷിക്കുന്ന റഷ്യയെ തുരത്താതെ ഇത് സാധ്യവുമല്ല. റഷ്യയുടെയും ഇറാന്റെയും സഹായം ഒന്നുകൊണ്ട് മാത്രമാണ് അസദ് ഭരണത്തില്‍ തുടരുന്നത്. ഐ.എസിന്റെ സാമ്പത്തിക സ്രോതസ്സും ആയുധശേഷിയും ഇപ്പോഴും അജ്ഞാതമാണ്. ആയുധ കച്ചവടക്കാരുടെ താല്‍പര്യമാണ് സിറിയയിലും ഇറാഖിലും നടന്നുകൊണ്ടിരിക്കുന്ന ഐ.എസ് മുന്നേറ്റങ്ങള്‍ക്കു പിന്നില്‍. ഐ.എസിനെതിരേ മാത്രമല്ല, ഏതൊരു ഭീകരസംഘടനയെയും ചെറുത്തുതോല്‍പ്പിക്കുവാന്‍ സഊദി ആറേബ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇസ്്‌ലാമിക സൈനികസഖ്യത്തിന് കഴിയും. സിറിയയിലെ ഐ.എസിനെ പരാജയപ്പെടുത്തുന്നതോടൊപ്പം തന്നെ റഷ്യയുടെ തലതിരിഞ്ഞ ആക്രമണത്തെയും ചെറുത്തു തോല്‍പ്പിക്കേണ്ടിയിരിക്കുന്നു. കാരണം റഷ്യ സിറിയയില്‍ ഇടപെടുന്നത് ബശാറുല്‍ അസദിന് വേണ്ടി മാത്രമാണെന്നത് തന്നെ. രാഷ്ട്രീയ താല്‍പര്യം മാത്രമാണ് ഇതിനു പിന്നില്‍. ഭീകരതയെ ചെറുക്കുന്നതോടൊപ്പം തന്നെ അതിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പും സാമ്പത്തിക ലാഭവും കൊയ്യുന്ന റഷ്യപോലുള്ള രാജ്യങ്ങളെയും പരാജയപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം റഷ്യ സിറിയയില്‍ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ആ രാഷ്ട്രത്തിന് മാറിനില്‍ക്കാനാവില്ല. യുദ്ധക്കുറ്റം തന്നെയാണത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter