മുആദ് ബിന്‍ ജബല്‍ (റ) -1
muslim mosque image   അന്ധകാരത്തില്‍ ആണ്ടുപോയ അറേബ്യന്‍ ഉപദ്വീപ് ഇപ്പോള്‍ പ്രകാശത്തിന്റെ തിരിനാളത്തിനടുത്തേക്ക് ഉയര്‍ന്നു വരികയാണ്. മുഹമ്മദ് നബി (സ്വ) യുടെ ഉദയം അറേബ്യന്‍ ഭൂപ്രദേശങ്ങളെ പ്രകാശപൂരിതമാക്കിക്കൊണ്ടിരിക്കുന്നു. മുആദ് ബിന്‍ ജബല്‍ എന്ന യസ്‌രിബ് സ്വദേശി തന്റെ ശൈശവ ദശയിലാണ്. സമപ്രായക്കാര്‍ക്കിടയില്‍ ബുദ്ധിശാലിയും വാക്ചാതുരിയുള്ളവനും മനക്കരുത്തിന്റെ പര്യായവുമാണ് മുആദ് എന്ന ഈ യുവ കോമളന്‍. തേജസ്വാര്‍ന്ന വദനം, സത്സ്വഭാവം, സുറുമയുടെ സൗന്ദര്യത്തിലലിഞ്ഞ നയനങ്ങള്‍, ജടകുത്തിയ തലമുടി, തിളങ്ങിനില്‍ക്കുന്ന മുന്‍പല്ലുകള്‍, ഇങ്ങനെ തുടങ്ങി വിശേഷണങ്ങള്‍ മുആദിന് ഒരുപാടുണ്ട്. ഒറ്റ നോട്ടത്തില്‍ തന്നെ ആ മുഖം മനസ്സില്‍ ഇടം പിടിക്കും. കണ്‍മുന്നില്‍ നിന്ന് മറഞ്ഞാലും കാഴ്ചക്കാരന്റെ മനസ്സില്‍ നിന്നും മുആദിന്റെ ചിത്രം മായുകയില്ല. ഇസ്‍ലാമിന്റെ സുന്ദര സന്ദേശവുമായി മദീനയില്‍ കാലുകുത്തിയ മിസ്അബ് ബിന്‍ ഉമൈറി (റ) ന്റെ അടുത്ത് നിന്നാണ് മുആദ് (റ) ഇസ്‍ലാം സ്വീകരിച്ചത്. ഇസ്‍ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്ന അഖബാ ഉടമ്പടിയില്‍ സംഗമിച്ച 72 പേരില്‍ ഒരാളായിരുന്നു മുആദ്(റ). മക്കയിലെ ഒരു മലഞ്ചെരുവില്‍ രാത്രിയിലായിരുന്നു ആ കൂടിക്കാഴ്ച. അവിടെ വെച്ച് പുണ്യ നബി (സ്വ) യുടെ തൃക്കരങ്ങളില്‍ പിടിച്ച് എല്ലാ വിധ സഹായ സഹകരണ വാഗാദാനങ്ങളും നല്‍കിയ അവര്‍ ഇസ്‍ലമിന്റെ പ്രബോധന വീഥിയിലെ തുല്യതയില്ലാത്ത കാവല്‍ഭടന്മാരായി. **        **        ** ഏകദൈവവിശ്വാസത്തിന്റെ അനുയായിയായി മാറിയ മുആദി(റ) ന് ഇപ്പോള്‍ ബഹുദൈവാരാധനയോടും സത്യനിഷേധത്തോടും കടുത്ത വിരോധവും നീരസവുമാണ്. അഖബാ ഉടമ്പടിക്ക് ശേഷം മുആദ് ഏകദൈവവിശ്വാസത്തിന്റെ സംസ്ഥാപനത്തിനായി യത്‌നിച്ചു. അതിന്റെ ആദ്യപടിയെന്നോണം യസ്‍രിബില്‍ ദൈവങ്ങളായി ആരാധിക്കപ്പെട്ടിരുന്ന ബിംബങ്ങളെ തകര്‍ത്തുകളയാന്‍ തീരുമാനിച്ചു. അതിനായി യസ്‍രിബിലെ തന്നെ സമപ്രായക്കാരായ മുസ്‍ലിം യുവാക്കളെ സംഘടിപ്പിക്കുകയാണ് മുആദ് (റ) ആദ്യം ചെയ്തത്. രഹസ്യമായും പരസ്യമായും അവര്‍ ബിംബങ്ങളെ തകര്‍ത്തു. ബഹുദൈവാരാധകരുടെ വീടകങ്ങളില്‍ നിന്നും ബിംബ-പ്രതിമാ സ്വരൂപങ്ങളെ നിഷ്‌കാസനം ചെയ്തു. ഈ നീക്കം യസ്‍രിബില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. ഒരുപാടു പേര്‍ സത്യമതത്തിന്റെ അനുധാവകരായി മാറി. അതില്‍ എടുത്ത് പറയപ്പെടേണ്ടത് പൗരപ്രമുഖനായിരുന്ന അംറ് ബിന്‍ ജമൂഹി(റ) ന്റെ ഇസ്‍ലാം ആശ്ലേഷണമായിരുന്നു. വിവരണാതീതമാണ് ആ സ്വഹാബി വര്യന്റെ ഇസ്‍ലാം ആശ്ലേഷണ ചരിത്രം. **        **        ** അംറ് ബിന്‍ ജമൂഹ്(റ) ബനൂസലമഃ വംശജനാണ്. അവരുടെ നേതാവും അവരിലെ പ്രമുഖവ്യക്തിത്വവുമായ ഇദ്ദേഹത്തിന് ആരാധകനകളര്‍പ്പിക്കാനായി മരത്തടിയില്‍ നിര്‍മിച്ച ഒരു സ്വകാര്യ ബിംബം ഉണ്ടായിരുന്നു. ഗോത്ര നേതാക്കള്‍ സ്വന്തമായി ഒരു ബിംബത്തെ പൂജയ്ക്കായി വെക്കുക അറേബ്യയിലെ ഒരു പതിവു പല്ലവിയാണ്. കൂടുതല്‍ പരിഗണനയും ആദരവും തന്റെ ബിംബത്തിന്  അംറ് കല്‍പിച്ചിരുന്നു. പട്ടു പുടവയണിയിച്ചും ദിനേന വെളുപ്പിന് തന്നെ സൂഗന്ധം പൂശിയും അദ്ദേഹം അതിനെ സംരക്ഷിച്ചു പോന്നു. അന്ന് രാത്രി അംറിന്റെ വീട്ടിലെ ബിംബത്തെ തകര്‍ക്കാന്‍ തീരുമാനിച്ച് ആ മുസ്‍ലിം ചെറുപ്പക്കാര്‍ പദ്ധതികള്‍ മെനഞ്ഞു. അങ്ങനെ ഇരുട്ട് കനത്തതോടെ അവര്‍ അംറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. വീട്ടുകാരറിയാതെ ഇരുട്ടിന്റെ മറവില്‍ അവര്‍ ബിംബത്തെ വീടിന് പുറത്തെത്തിച്ചു. നേരെ ബനൂ സലമ ഗോത്രക്കാരുടെ വീടുകളുടെ വെളിമ്പ്രദേശത്തേക്ക് നീങ്ങി. അവിടെയുണ്ടായിരുന്ന ഒരു മാലിന്യ കുഴിയിലേക്ക് ആ ബിംബത്തെ അവര്‍ നീട്ടിയെറിഞ്ഞു. നേരം പുലന്നപ്പോള്‍ ബിംബത്തെ കാണാനില്ല. പരിഭ്രാന്തിപ്പെട്ട അംറ് അന്വേഷണം തുടങ്ങി. അവസാനം അത് കണ്ടെത്തുക തന്നെ ചെയ്തു. കുഴിയില്‍ മുഖം കുത്തി മാലിന്യക്കൂമ്പാരത്തില്‍ ആണ്ടുപോയ തന്റെ ബിംബത്തെയാണ് അംറിന് കാണാനായത്. ക്രോധം കടലിരമ്പിയ അദ്ദേഹം ആക്രോശിച്ചു:  'നാശം, ഈ രാത്രിയില്‍ ആരാണ് ഞങ്ങളുടെ ദൈവത്തോട് അതിക്രമം കാണച്ചത്?' അംറ് തന്റെ ബിംബത്തെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തു. കഴുകി, വൃത്തിയാക്കി പുറത്തെടുത്തതിന് ശേഷം പഴയ സ്ഥലത്ത് തന്നെ ആ ബിംബത്തെ പ്രതിഷ്ഠിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ' “ഓ മനാത്താ ദൈവമേ, നിന്നോരട് ഈ ക്രൂരത കാണിച്ചവരെ ഞാന്‍ അറിയുമായിരുന്നെങ്കില്‍ ഞാന്‍ അവരെ ശിക്ഷിക്കുക തന്നെ ചെയ്യും.” അന്ന് രാത്രിയും അംറ് നിദ്രയിലാണ്ടപ്പോള്‍ അവര്‍ പതുങ്ങിവന്ന് തലേരാത്രിയിലേത് പോലെ തന്നെ ആവര്‍ത്തിച്ചു. ഓരോ രാത്രിയും അവര്‍ വ്യത്യസ്ത കുഴികളിലായാണ് ഭിംഭത്തെ നിക്ഷേപിച്ചത്. ഓരോ ദിവസവും ഇത് ആവര്‍ത്തിച്ചപ്പോള്‍ അംറ് തന്റെ പ്രതികരണത്തില്‍ ഒട്ടും കുറവ് കാണിച്ചില്ല. നേരം പുലര്‍ന്നാല്‍ ഭിംഭത്തെ അന്വേഷിച്ചിറങ്ങും.  മാലിന്യങ്ങള്‍ക്കിടയില്‍ നിന്നും പുറത്തെടുത്ത അതിനെ കഴുകി വൃത്തിയാക്കി സൂഗന്ധം പൂശി വീണ്ടും പ്രതിഷ്ഠിക്കും. കൂടെ ഭീഷണി സ്വരങ്ങളും മൂഴക്കും. ഒരു ദിവസം ബിംബത്തെ പുനഃപ്രതിഷ്ഠിക്കുമ്പോള്‍ കൂടെ ഒരു ഖഡ്ഗവും കരുതി. അത് ഭിംഭത്തില്‍ കെട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''മനാത്താ ദൈവമേ, നിന്നോട് ഈ ക്രൂരത കാണിച്ചവര്‍ ആരാണെന്ന് എനിക്കറിയാം... നിന്നില്‍ വല്ല ഗുണവും ഉണ്ടെങ്കില്‍ ഇതാ ഈ ഖഡ്ഗം കൊണ്ട് നിന്നെ ആക്രമിക്കുന്നവരെ പ്രതിരോധിക്കൂ....'' അതുകൊണ്ടൊന്നും ഈ യുവാക്കള്‍ തങ്ങളുടെ ഉദ്യമം അവസാനിപ്പിച്ചില്ല. അംറ് നിദ്രയിലാണ്ടതോടെ അവര്‍ ബിംബത്തിനടുത്തെത്തി. കൂടെ ഒരു വാളും ഘടിപ്പിച്ച കാഴ്ചയാണ് അന്ന് ഇവര്‍ക്ക് കാണാനായത്. അവര്‍ വാളെടുത്ത് ഒരു നായയുടെ മൃതദേഹത്തില്‍ ബന്ധിച്ച് മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലേക്ക് നീട്ടിയെറിഞ്ഞു. പിറ്റെദിവസം രാവിലെ തന്നെ അംറ് തന്റെ ബിംബത്തെ അന്വേഷിച്ചിറങ്ങി. പതിവിലും ദാരുണമായ അവസ്ഥ നേരിടേണ്ടി വന്ന തന്റെ ബിംബത്തിന്റെ ഗതിയോര്‍ത്ത് അംറ് ചിന്താനിമഗ്നനായി. പ്രധിരോധിക്കാന്‍ ഖഡ്ഗം കൂടെയുണ്ടായിട്ടും തന്റെ ദൈവത്തിന് സ്വപ്രതിരോധശേഷി പോലും ഇല്ലാത്തതോര്‍ത്തപ്പോള്‍ അംറിന് തന്റെ വിഢിത്തം ബോധ്യപ്പെട്ടു. ആ ചിന്താ മുരളിയില്‍ ഒരു ഗീതം ശ്രുതി മീട്ടി: تاالله لو كنت إلها لم تكن    أنت وكلب وسط بئر في قرن (മനാത്ത്, നീ ഒരു യഥാര്‍ത്ഥ ദൈവമാണെങ്കില്‍ നായയുടെ ജഡത്തില്‍ കെട്ടി ഈ പൊട്ടക്കിണറ്റില്‍ നീ ആപതിയ്ക്കില്ലായിരുന്നു.) അതോടെ അംറ് (റ) ഇസ്‍ലാമിന്റെ മഹിത സന്ദേശം പുല്‍കി. സത്യവിശ്വാസിയായി ജീവിതം ആരംഭിച്ചു. മുആദും (റ) സംഘവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശുഭപ്രതികരണങ്ങള്‍ ലഭിച്ചു. **        **        ** നബി (സ്വ) മക്കയില്‍ നിന്ന് പലായനം നടത്തി മദീനയിലെത്തിയപ്പോള്‍ അവിടുത്തെ നിഴലായി മുആദ് (റ) എപ്പോഴും കൂടെയുണ്ടായിരുന്നു. ഖുര്‍ആനികാധ്യാപനങ്ങളും മറ്റു മതനിഷ്ടകളും ആ സന്നിധിയില്‍ നിന്നും മുആദ് (റ) ഉള്‍കൊണ്ടു. ഖുര്‍ആന്‍ പാരായണ വിദഗ്ദനായും ഇസ്‍ലാമിക ജ്ഞാനീയങ്ങളുടെ കലവറയായും മുആദ് (റ) പിന്നീട് പ്രശസ്തിയാര്‍ജിച്ചുവെന്നത് ചരിത്രമാണ്. മുആദ് (റ) തീര്‍ത്ത അറിവിന്റെ അക്ഷയഖനിയില്‍ നിന്നും ജ്ഞാനം  സംഭരിക്കാന്‍ മുസ്‍ലിം ജനത വെമ്പല്‍കൊണ്ടു. യസീദ് ബിന്‍ ഖുതൈബ് (റ) പറയുന്നു: ഹിംസിലെ പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ തലമുടി ജടകുത്തിയ ഒരു യുവാവിനെ കാണാനിടയായി. ജനങ്ങളെല്ലാം അദ്ദേഹത്തെ വലയം ചെയ്തിരിക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സംസാരം ശ്രദ്ധിച്ചു. നാവിന്‍ തുമ്പില്‍ നിന്നും ഉതിര്‍ന്ന് വീഴുന്നത് മുത്തുരത്‌നങ്ങളാണ്. അധരങ്ങളില്‍ നിന്നും ജ്ഞാനരശ്മി ശോഭ പരത്തുന്നു. ഇവര്‍ ആരാണെന്ന് ഞാന്‍ അവരോട് അന്വേഷിച്ചു. അവര്‍ പറഞ്ഞു: ഇത് മുആദ് ബിന്‍ ജബല്‍ (റ) ആണ്. താബിഉകളില്‍ പ്രമുഖനായ അബൂ മുസ്‍ലിമുല്‍ ഖൗലാനി (റ) പറയുന്നു:  ദമാസ്‌കസ് പള്ളിയില്‍ ഒരു വലിയ സദസ്സ് ഞാന്‍ കണ്ടു. സദസ്യരെല്ലാം പ്രായമേറെ പിന്നിട്ട സ്വഹാബി വര്യന്മാരാണ്. നയനങ്ങളില്‍ സുറുമ പരത്തിയ, മുന്‍പല്ലുകള്‍ പ്രകാശിക്കുന്ന ഒരു യുവാവ് അവര്‍ക്കിടയിലുണ്ട്. വല്ല വിഷയങ്ങളുലും അഭിപ്രായ വിത്യാസം ഉടലെടുത്താല്‍ തീരുമാനമെടുക്കാന്‍ അവര്‍ ഈ യുവാവിനെ ഏല്‍പിക്കുന്നു. ഇത് എന്നെ നന്നായി ആശ്ചര്യപ്പെടുത്തി. അടുത്തിരുന്ന ഒരാളോട് ഇത് ആരാണെന്ന് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: അത് മുആദ് ബിന്‍ ജബല്‍ (റ) ആണ്. മുആദ് (റ) ഇത്ര വലിയ ഉന്നത പദവികള്‍ കരഗതമാക്കിയതില്‍ ആശ്ചര്യപ്പെടേണ്ടതില്ല. കാരണം ബാല്യം തൊട്ട് തന്നെ മുആദ് (റ) നബി (സ്വ) യുടെ കൂടെയുണ്ടായിരുന്നു. അവിടുത്തെ സദസ്സുകളില്‍ നിത്യ സാന്നിധ്യമായിരുന്ന മുആദ് (റ) ആ ജ്ഞാന നിര്‍ഝരിയില്‍ നിന്നും തന്റെ വിജ്ഞാന ദാഹം ശമിപ്പിച്ചു. ഉത്തമ ഗുരുവിന്റെ ഉത്തമ ശിഷ്യനായിരുന്നു മുആദ് (റ). അദ്ദേഹത്തെ സംബന്ധിച്ച് റസൂല്‍ (സ്വ) ഒരിക്കല്‍ പ്രസ്താവിച്ചു:  ''എന്റെ സമുദായത്തില്‍ ഹറാമും ഹലാലും കൂടുതല്‍ അറിയുന്നത് മുആദ് ബിന്‍ ജബല്‍ (റ) ആണ്''. മുആദി (റ) ന്റെ ശ്രേഷ്ടത മനസ്സിലാക്കാന്‍ നബി (സ്വ) യുടെ ഈ സാക്ഷ്യപത്രം തന്നെ എത്രയോ മതിയായതാണ്. മാത്രമല്ല, പ്രവാചക കാലഘട്ടത്തില്‍ ഖുര്‍ആന്‍ സംരക്ഷണ ദൗത്യം നിര്‍വഹിച്ചിരുന്ന ആറുപേരില്‍ ഒരാളായി മുആദ് (റ) ഉണ്ടായിരുന്നു. മുആദി (റ) ന്റെ സാന്നിധ്യത്തില്‍ സ്വഹാബാക്കള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നാല്‍ അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ജ്ഞാനശക്തിയോടുമുള്ള ബഹുമാനം അവരുടെ ശരീരഭാഷയില്‍ പ്രകടമായിരുന്നു എന്ന് ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. മുആദ് ബിന്‍ ജബല്‍ - രണ്ടാം ഭാഗം വിവര്‍ത്തനം: സ്വാദിഖ് വികെ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter