മില്ലര്‍ വീണ്ടും മാപ്പിളയെ വായിക്കുമ്പോള്‍
mappilaമാപ്പിളമാരില്‍ മൃഗീയ ഭൂരിപക്ഷവും സുന്നികളാണ്. ജമാഅത്തെ ഇസ്‌ലാമി, നദ്‌വത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ അവാന്തര വിഭാഗങ്ങള്‍ അവര്‍ക്കിടയിലുണ്ട്. ശാഫിഈ മദ്ഹബ് അംഗീകരിച്ച് ജീവിക്കുന്ന മാപ്പിളമാര്‍ ഖുര്‍ആന്‍, ഹദീസ്, പാരമ്പര്യവിശ്വാസ രീതികള്‍ എന്നിവയെ പിന്തുടരുന്നവരാണ്. വിശ്വാസികള്‍ പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ജീവിതരീതികള്‍ അനുഗ്രഹപൂര്‍ണമായ മാതൃകകളായി സ്വീകരിക്കാന്‍ ജീവിതത്തിന്റെ ഏതു നിമിഷവും പ്രതിജ്ഞാബദ്ധരാണ്. പള്ളികള്‍ മാപ്പിളമാരുടെ ജീവിതത്തിലെ അവിഭാജ്യഘടകങ്ങളാണ്. പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വളരെ ബഹുമാനാദരവുകളോടെയാണ് മാപ്പിളമാര്‍ പങ്കെടുക്കുന്നത്. ഏകദേശം 5350ഓളം പള്ളികളാണ് കേരളത്തിലുള്ളത് (1990നു മുമ്പുള്ള കണക്കനുസരിച്ച്) ഇതില്‍ ഏകദേശം മുഴുവനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോവുന്നവയാണ്. മാപ്പിള ഇസ്‌ലാമിന്റെ ശക്തികേന്ദ്രങ്ങളാണ് മദ്‌റസ പ്രസ്ഥാനങ്ങള്‍. 1990ല്‍ 6285 സുന്നീ മദ്‌റസകളാണുള്ളത്. അന്ന് 42,575 അധ്യാപകരും 9,11,460 വിദ്യാര്‍ത്ഥികളും അവിടെയുണ്ട്. പൊതുവിദ്യാലയങ്ങളില്‍നിന്നു മതവിദ്യാഭ്യാസം നല്‍കിവന്നിരുന്നത് ചില സാങ്കേതിക കാരണങ്ങളാല്‍ ഗവണ്‍മെന്റ് നിരോധിച്ചപ്പോള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് സ്ഥാപിച്ച് അതിനു കീഴില്‍ മദ്‌റസകള്‍ സ്ഥാപിക്കാനും മതവിജ്ഞാനം നേടാനുള്ള അവസരം ഒരുക്കിക്കൊടുക്കാനുമുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇങ്ങനെ ഓരോ മുസ്‌ലിം നാടുകളിലും മദ്‌റസകള്‍ സ്ഥാപിച്ചു. പുതിയ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചും ഗുണനിലവാരം പരിശോധിക്കാന്‍ വേണ്ടി നിരീക്ഷകന്മാരെ നിയോഗിച്ചും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരളത്തിലെ മുസ്‌ലിംകള്‍ക്കു മുന്നില്‍ മതവിദ്യാഭ്യാസ രംഗത്ത് വിജയകരമായ പദ്ധതികള്‍ നടപ്പിലാക്കി. സ്‌കൂളുകള്‍ തുടങ്ങുന്നതിനു മുമ്പ് പ്രഭാതത്തില്‍തന്നെ രണ്ടു മണിക്കൂര്‍ നീളുന്ന വിദ്യാഭ്യാസ ക്രമമാണ് സമസ്ത ആവിഷ്‌കരിച്ചത്. മുഴുവന്‍ മുസ്‌ലിം വിദ്യാര്‍ത്ഥികളും ചെറുപ്പത്തില്‍ മതവിദ്യാഭ്യാസം നേടാന്‍ മദ്‌റസകളിലെത്തുന്നു. മതവിദ്യാഭ്യാസ പാഠക്രമം കാലാകാലങ്ങളില്‍ പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ട്. മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ മദ്‌റസാ പ്രസ്ഥാനത്തിന്റെ പ്രയോക്താക്കള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ആദ്യ മൂന്നു വര്‍ഷങ്ങളില്‍ അറബിമലയാളത്തിലുള്ള പാഠപുസ്തകങ്ങളും അതിനു ശേഷമുള്ള വര്‍ഷങ്ങളിലെ അറബി പാഠപുസ്തകങ്ങളുമാണ് ഉപയോഗിക്കുന്നത്. ഭാഷ, നിര്‍ദ്ദേശങ്ങള്‍, പ്രവാചകന്റെ ജീവിതം, ആരാധനാ ക്രമങ്ങള്‍, കര്‍മശാസ്ത്ര വിഷയങ്ങള്‍, ഈമാന്‍ കാര്യങ്ങള്‍ എന്നീ വിഷയങ്ങളെ ആധാരമാക്കിയാണ് പ്രധാനമായും മദ്‌റസകളിലെ സിലബസുകള്‍ തയ്യാറാക്കിയിട്ടുള്ളത്. അടിസ്ഥാനപരമായ മതമൂല്യങ്ങള്‍ സമൂഹങ്ങള്‍ക്കു പകര്‍ന്നു നല്‍കുന്നതിലും മതകീയ ജീവിതം നയിക്കാന്‍ ചെറുപ്പത്തിലേ അവരെ പ്രാപ്തരാക്കുന്നതിലും മദ്‌റസകള്‍ വലിയ പങ്കാണു നിര്‍വഹിക്കുന്നത്. മാപ്പിളമാരുടെ വീടുകളില്‍ സുന്ദരമായ രീതിയില്‍ മതകീയമായ ചുറ്റുപാടുകള്‍ നിലനില്‍ക്കുന്നതിനു പിന്നില്‍ ഒട്ടേറെ ഘടകങ്ങളുണ്ട്. പ്രധാനമായും വീടുകളുമായുള്ള മതപണ്ഡിതന്മാരുടെ ബന്ധം ഇതിനു സഹായകമായിട്ടുണ്ട്. ഖുര്‍ആന്‍ പാരായണമടക്കമുള്ള പല മതകാര്യങ്ങള്‍ക്കും വീടുകളില്‍ ഇവര്‍ നേതൃത്വം നല്‍കുന്നുണ്ട്. വീടുകളില്‍ നിന്നു മരണപ്പെട്ടു പോയവരുടെ ആണ്ട് ദിനങ്ങളിലും മറ്റും പ്രത്യേക മതചടങ്ങുകള്‍ പൊതുവെ നടത്തപ്പെടാറുണ്ട്. ഈ സന്ദര്‍ഭത്തില്‍ പ്രധാനമായും പ്രവാചകന്റെയോ മറ്റു ചില ആത്മീയ വ്യക്തിത്വങ്ങളുടെയൊ പേരിലുള്ള മൗലിദുകളാണ് പാരായണം ചെയ്യപ്പെടാറുള്ളത്. ഇതുവഴി അനുഗ്രഹം സിദ്ധിക്കുമെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഇസ്‌ലാമിക ചരിത്രപ്രധാന സംഭവങ്ങളെയോ പ്രധാനപ്പെട്ട വ്യക്തികളുടെയോ പേരിലുള്ള മാലകളും വീടുകളില്‍ ഓതപ്പെടുന്നു. മുഹ്‌യിദ്ദീന്‍ ശൈഖിന്റെ ചരിത്രം(1078-1167/470-561) പ്രതിപാദിക്കുന്ന മുഹ്‌യുദ്ദീന്‍ മാല കൂടുതലായും മാപ്പിള മുസ്‌ലിംകള്‍ പാടാറുള്ളത്. രിഫാഈ ശൈഖിന്റെ പേരിലുള്ള മാലയും ഓതാറുണ്ട്. അവരുടെ ആത്മീയ ഗുണവശങ്ങളെ സൂചിപ്പിക്കുന്ന സന്ദേശങ്ങള്‍ പാടുകവഴി ജീവിതത്തില്‍ നന്മകള്‍ കടന്നുവരുമെന്ന വിശ്വാസമാണ് ഭൂരിപക്ഷം മാപ്പിളമാരെയും മാലകള്‍ പാടാന്‍ പ്രേരിപ്പിക്കുന്നത്. ദൈവിക സാമീപ്യത്തില്‍ ആനന്ദം കണ്ടെത്തിയ സൂഫികളെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നത് ഭൂരിപക്ഷം മാപ്പിളമാരും ജീവിതത്തിന്റെ ഭാഗമായി കണ്ടുവരുന്നു. ജീവിതത്തില്‍ 'കറാമത്തു'കള്‍ പ്രകടിപ്പിച്ചിരുന്ന ഔലിയാക്കന്മാരെ ഇടനിറുത്തിക്കൊണ്ടുള്ള അല്ലാഹുവിനോടുള്ള സഹായഭ്യര്‍ത്ഥന ആത്മീയ ജീവിതത്തിന്റെ വഴിയില്‍ മാപ്പിളമാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. മമ്പുറം തങ്ങന്മാരുടെ മഖ്ബറ ഇങ്ങനെ ആത്മനിര്‍വൃതിക്കു വേണ്ടി ജനങ്ങള്‍ ചെല്ലുന്ന പ്രധാന കേന്ദ്രമാണ്. സാമൂഹിക ജീവിതത്തില്‍ മാപ്പിള മുസ്‌ലിംകളുടെ പ്രധാന ആചാരങ്ങളിലൊന്നാണ് നേര്‍ച്ചകള്‍. പ്രധാന പള്ളികള്‍, പ്രദേശങ്ങള്‍, ചരിത്രസംഭവങ്ങള്‍ എന്നിവകളെ ആധാരമാക്കിയാണ് നേര്‍ച്ചകള്‍ കൊണ്ടാടപ്പെടുന്നത്. മലപ്പുറം നേര്‍ച്ച, കോഴിക്കോട് ശൈഖ് പള്ളി നേര്‍ച്ച, കൊണ്ടോട്ടി നേര്‍ച്ച, കാസര്‍ഗോഡ് മാലിക്ബ്‌നു ദീനാര്‍ പള്ളി നേര്‍ച്ച, പൊന്നാനി നേര്‍ച്ച, പുല്ലാര നേര്‍ച്ച തുടങ്ങിയവ ഇങ്ങനെ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്ന നേര്‍ച്ചകളില്‍ പ്രധാനപ്പെട്ടതാണ്. അലവി തങ്ങളുടെ മകനായ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളും (1823-1901) സമൂഹത്തിന്റെ ആത്മീയ നേതൃത്വം സുന്ദരമായി ഏറ്റെടുത്ത മഹാനായിരുന്നു. ബ്രിട്ടീഷ് അധിനിവേശ ശക്തികള്‍ക്കെതിരേ ഗ്രന്ഥരചനയിലൂടെയും പ്രഭാഷണങ്ങളിലൂടെയും സജ്ജരാക്കാന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ അറേബ്യയിലേക്ക് നാടുകടത്തുകയാണുണ്ടായത്. ഇപ്രകാരം ഓരോ തങ്ങന്മാരും ഓരോകാലത്തും മാപ്പിളമാര്‍ക്കിടയില്‍ അഭയകേന്ദ്രങ്ങളായി നിലനിന്നിട്ടുണ്ട്. പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സമകാലിക മുസ്‌ലിം കേരളത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ മഹാനാണ്. അദ്ദേഹത്തിന്റെ ആത്മീയ ധാരയിലെ തെറ്റായ ചിന്താഗതികള്‍ മൂലം 1974ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അദ്ദേഹത്തിനെതിരേ രംഗത്ത് വന്നു. അതുമൂലം സമൂഹത്തിനിടയില്‍ അദ്ദേഹത്തിന് കൂടുതല്‍ ജ്വലിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ആദ്യകാലങ്ങളില്‍ മതപണ്ഡിതന്മാരെ വാര്‍ത്തെടുത്തിരുന്നത് പ്രധാനമായും പൊന്നാനി കേന്ദ്രീകരിച്ചായിരുന്നു. പൊന്നാനിയില്‍ മഖ്ദൂമുമാരുടെ അടുക്കല്‍ ചെന്നാണ് സമൂഹം അറിവ് സമ്പാദിച്ചിരുന്നത്. ഒരു അധ്യാപകനു ചുറ്റും വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം പഠിക്കാനിരിക്കും. നല്ല കഴിവുള്ള കുട്ടികള്‍ വിളക്കത്തിരിക്കുക എന്ന പദവിക്കര്‍ഹരാകും. ഇന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബിരുദം നല്‍കുന്നതിനു തുല്യമായി അന്ന് ഗണിച്ചിരുന്നത് വിളക്കത്തിരിക്കുക എന്ന ഈ നടപടിക്രമത്തെയായിരുന്നു. നൂറ്റാണ്ടുകളായി മാപ്പിളമുസ്‌ലിംകളുടെ നേതൃത്വം അറേബ്യയില്‍നിന്നു കടന്നു വന്നവരുടെ കരങ്ങളിലായിരുന്നു. പ്രധാനമായും രണ്ടു വിഭാഗങ്ങളിലായാണ് ഈ നേതൃത്വം വര്‍ഗീകരിക്കപ്പെട്ടത്. സൂഫി കുടുംബങ്ങളുമായി ബന്ധമുള്ള വ്യക്തിപ്രഭാവമുള്ള നേതാക്കളായിരുന്നു ഒന്ന്. മറ്റൊന്ന് സമുദായത്തിനകത്തെ ആചാരങ്ങള്‍ക്കും വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ക്കും നേതൃത്വം നല്‍കിയ യാഥാസ്ഥിക പണ്ഡിതന്മാരും. ആത്മീയ വ്യക്തിപ്രഭാവം കൊണ്ട് സമുദായത്തിനു നേതൃത്വം നല്‍കിയ വിഭാഗമാണ് തങ്ങന്മാര്‍. മാപ്പിളമാര്‍ക്കിടയില്‍ ഈ രീതിയാല്‍ ഏറെ സ്വാധീനം ചെലുത്തിയ തങ്ങന്മാരാണ് മമ്പുറം തങ്ങന്മാര്‍. ഇസ്‌ലാമിക പ്രചാരണാര്‍ത്ഥം 1755ല്‍ യമനിലെ ഹളര്‍മൗത്തില്‍നിന്നു കേരളത്തിലെത്തിയ സയ്യിദ് ശൈഖ് ജിഫ്‌രി തങ്ങളിലൂടെയാണ് ഈ പരമ്പരക്ക് കേരളമണ്ണില്‍ തുടക്കംകുറിക്കുന്നത്. കോഴിക്കോട് സാമൂതിരി രാജാവ് ഹൃദ്യമായി തങ്ങളെ സ്വീകരിക്കുകയും താമസിക്കാന്‍ ഭൂമി നല്‍കുകയും ചെയ്തു. ആത്മീയ പ്രഭാവം കൊണ്ട് ഒട്ടേറെ പേരെ തന്നിലേക്കാവാഹിച്ച ആ മഹാസാത്വികന്‍ 1805ല്‍ കോഴിക്കോട് വഫാത്തായി. കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ സഹോദരനായ ഹുസൈന്‍ ജിഫ്‌രിയും മലബാറിലെത്തി. അദ്ദേഹം കോഴിക്കോട്‌നിന്നു പൊന്നാനിയിലെത്തി അവിടെ സ്ഥിരതാമസമാക്കുകയും തന്റെ പ്രവര്‍ത്തനങ്ങള്‍ പൊന്നാനി കേന്ദ്രമാക്കി നടത്തുകയും ചെയ്തു. തിരൂരങ്ങാടിയിലും അദ്ദേഹം തന്റെ പ്രവര്‍ത്തന കേന്ദ്രമാക്കി. തന്റെ ശിഷ്യന്‍മാരെ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് മതപ്രചാരണാര്‍ത്ഥം അയക്കുകയുണ്ടായി. അദ്ദേഹം ഒരു സാധാരണ കുടുംബത്തില്‍നിന്ന് വിവാഹം കഴിക്കുകയും മമ്പുറത്ത് താമസമാക്കുകയും ചെയ്തു. 1764ല്‍ മമ്പുറത്ത് തന്നെയാണ് മഹാന്‍ വഫാത്തായത്. അദ്ദേഹത്തിനു ശേഷം 17കാരനായ സയ്യിദ് അലവി ബ്‌നു മുഹമ്മദ് (1749-1843) കോഴിക്കോട്ടെത്തി. മാപ്പിളമാര്‍ വലിയ ആദരവോടെയാണ് അദ്ദേഹത്തെ കണ്ടത്. മമ്പുറം കേന്ദ്രീകരിച്ചാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇസ്‌ലാമിക കാര്യങ്ങളിലും ആരാധനാനുഷ്ഠാനങ്ങളിലും വലിയ ശ്രദ്ധയായിരുന്നു മഹാനവര്‍കള്‍ക്കുണ്ടായത്. ഏറാടിന്റെയും വള്ളുവനാടിന്റെയും പല ഭാഗങ്ങളിലും ഒട്ടനവധി പള്ളികള്‍ മഹാന്‍ പണികഴിപ്പിക്കുകയുണ്ടായി. സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരുടെ ആശാകേന്ദ്രമായിരുന്നു സയ്യിദ് അലവി തങ്ങള്‍. അദ്ദേഹം വഫാത്തായപ്പോള്‍ മഹാന്റെ സമകാലികനായ ഉമര്‍ഖാളി പറഞ്ഞത് 'ഇസ്‌ലാമിന്റെ വിളക്കണഞ്ഞു' എന്നാണ്. ആധുനിക കാലത്ത് പ്രധാനമായും രണ്ടു രീതികളാണ് മത വിദ്യാഭ്യാസ രംഗത്ത് കാണപ്പെടുന്നത്. ഒന്ന് പൊന്നാനിയുടെ അതേ പാരമ്പര്യം നിലനിറുത്തിപ്പോരുന്ന വിദ്യാഭ്യാസ രീതി. മറ്റൊന്ന് ആധുനിക നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയുള്ള പാഠ്യക്രമവും. ദര്‍സ് പഠന ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്കായിരുന്നു മുമ്പ് പ്രധാനമായും ഉപരി പഠനത്തിന് കേരളത്തിലെ മത വിദ്യാര്‍ത്ഥികള്‍ പോയിരുന്നത്. ഇവിടത്തെ പ്രിന്‍സിപ്പള്‍ല്‍ പദവി വരെ മലയാളിയായ എം.കെ. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ എന്ന കുട്ടി മുസ്‌ലിയാര്‍ അലങ്കരിച്ചിട്ടുണ്ട്. ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്കും മലയാളി വിദ്യാര്‍ത്ഥികള്‍ ഉപരിപഠനാര്‍ത്ഥം പോയിട്ടുണ്ട്. കേരളത്തില്‍ തന്നെ മതപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബിരുദം നല്‍കുന്നതിനു തുടക്കം കുറിക്കുന്നത് 1963ലെ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ സ്ഥാപനത്തോടെയാണ്. കേരളത്തില്‍ സുന്നി ആശയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനമാണിത്. കൊയിലാണ്ടിയിലെ നന്തി ദാറുസ്സലാമും ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജാണ്. തഫ്‌സീര്‍, ഹദീസ്, ഖുര്‍ആന്‍, ചരിത്രം, ഫിഖ്ഹ്, തസ്വവ്വുഫ് ഭാഷകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സിലബസാണ് ഇവിടങ്ങളിലെല്ലാം പഠിപ്പിക്കപ്പെടുന്നത്. നന്തി ദാറുസ്സലാം, ജാമിആ നൂരിയ്യാ പട്ടിക്കാട് അടക്കമുമുള്ള സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും വ്യാപനത്തിനും വേണ്ടി ഏറെ യത്‌നിച്ച ആത്മപ്രഭാവമുള്ള നേതാക്കന്‍മാരായ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാരെ പോലെയുള്ളവര്‍ സമുദായത്തിന്റെ മതകീയ ജീവിതം പുഷ്ടിപ്പെടുത്താനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നതിനു വേണ്ടി ഏറെ പ്രയത്‌നിച്ചവരാണ്. വിവ. എം.എ. സലാം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter