ഭാര്യമാരോടുള്ള കടമകള്‍
ഒരാള്‍ വിവാഹം കഴിച്ചാല്‍ തന്റെ ഭാര്യയെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയാകുന്നു. വിവാഹത്തോടനുബന്ധിച്ചു ഒരാടിനെ അറുത്ത് സദ്യയുണ്ടാക്കുന്നത് വരന്ന് സുന്നത്താണ്. വിവാഹ സദ്യയില്‍ പങ്കെടുക്കുക്കുന്നവര്‍ വധൂവരന്മാര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിക്കണം:

(അല്ലാഹു നിങ്ങള്‍ രണ്ടുപേരേയും അനുഗ്രഹിക്കുകയും ഗുണത്തില്‍ നിങ്ങളെ രണ്ടുപേരേയും പരസ്പരം ഒരുമിച്ചു കൂട്ടുകയും ചെയ്യട്ടെ) വിവാഹം പരസ്യമാക്കുന്നതും അതിന്ന് വേണ്ടി സ്ത്രീകള്‍ (നിയമാനുസൃതമായി മാത്രം) ദഫ് മുട്ടുന്നതും സുന്നത്താണ്. ഭാര്യമാരോട് നല്ലനിലയില്‍ ഇടപഴകുകയും മമതയോടെ പെരുമാറുകയും വേണം. അവരുടെ പക്കല്‍ നിന്ന് വല്ല ദുസ്വഭാവങ്ങളും അനുഭവപ്പെടുമ്പോള്‍ അവര്‍ ബുദ്ധികുറഞ്ഞവരാണെന്ന് ചിന്തിച്ച് അതെല്ലാം ക്ഷമിക്കേണ്ടതുമാണ്, നബി  രോഗശയ്യയില്‍ കിടന്ന് സംസാരം അസാധ്യമാകുന്നവത് വരേയും മൂന്ന് കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുകയുണ്ടായി: 'നസ്‌കാരം ഉപേക്ഷിക്കാതിരിക്കുക, അടിമകളെക്കൊണ്ട് ഭാരമുള്ള ജോലിയെടുപ്പിച്ചു കഷ്ടപ്പെടുത്താതിരിക്കുക, ഭാര്യമാരുടെ വിഷയത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അവര്‍ നിങ്ങളുടെ കൈയില്‍ ബന്ധനസ്ഥരാണ്. അല്ലാഹുവിന്റെ വചനം കൊണ്ട് അവരുടെ ഗുഹ്യത്തെ നിങ്ങള്‍ അനുവദനീയമാക്കിയിരിക്കുന്നു. അല്ലാഹുവിന്റെ 'അമാനത്ത്' കൊണ്ട് നിങ്ങള്‍ അവരെ അധീനപ്പെടുത്തിയിരിക്കുന്നു.' നാക്ക് തളരുന്നത് വരെ ഇക്കാര്യം അവിടന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഭാര്യയുടെ ദുസ്വഭാവത്തില്‍ ക്ഷമിച്ച ഭര്‍ത്താവിന്ന് അനേകം പരീക്ഷണങ്ങള്‍ക്ക് വിധേയനായിട്ടും അതെല്ലാം ക്ഷമിച്ച അയ്യൂബ് നബി(അ)യുടെ പ്രതിഫലം നല്‍കപ്പെടുമെന്നും ഭര്‍ത്താവിന്റെ ദുസ്വഭാവങ്ങളുടെ മേല്‍ ക്ഷമിച്ച ഭാര്യക്ക് ഇസ്‌ലാമിന്റെ കഠിന ശത്രുവായിരുന്ന ഫിര്‍ഔനിന്റെ മര്‍ദനങ്ങളുടെ മേല്‍ ക്ഷമിച്ച ആസിയ(റ)യുടെ പ്രതിഫലം നല്‍കപ്പെടുന്നതാണെന്നും ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. മഹത്തായ സ്വഭാവ വൈശിഷ്ട്യത്തിന്റെ ഉടമയായ നബി കരീം യോടും അവിടത്തെ പ്രധാന സഹാബിമാരില്‍പെട്ട ഉമര്‍(റ)വിനോടും മറ്റും അവരുടെ ഭാര്യമാര്‍ ചിലവിന്റെ പ്രശ്‌നത്തെച്ചൊല്ലി പിണങ്ങിയ സംഭവമുണ്ടായിട്ടുണ്ട്. അതെല്ലാം ഇത്തരം മഹാന്മാര്‍പോലും ക്ഷമയോടെ നേരിടുകയാണ് ചെയ്തത്. ഒരിക്കല്‍ നബി  യുടെ സന്നിധിയില്‍ സിദ്ദീഖുല്‍ അക്ബര്‍(റ) ആഗതനായി. അപ്പോള്‍ നബിയും അവിടത്തെ പ്രിയ പത്‌നി ആഇശ(റ)യും അല്‍പം വഴക്കിലായിരുന്നു. സിദ്ദീഖ്(റ) വന്നപ്പോള്‍ ആദ്ദേഹത്തെ നബി  അവരുടെ ഇടയില്‍ മദ്ധ്യസ്ഥനാക്കി. ആഇശ(റ) സംസാരം ആരംഭിച്ചു. ഇടയില്‍ നബി  യെ സംബന്ധിച്ച് അവര്‍ പറഞ്ഞ ഒരു വാക്ക് സിദ്ദീഖ്(റ)ന് അസഹ്യമായിത്തോന്നി. ഉടന്‍ മകളുടെ ചെകിടത്ത് ആ പിതാവ് ഒരടി വെച്ചുകൊടുത്തു. അതിന്റെ ശക്തിയാല്‍ ആഇശ(റ)യുടെ വായില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. ഇത് കണ്ട നബികരീം  ദേഷ്യത്താല്‍ വിറച്ചു കൊണ്ടിരിക്കുന്ന സിദ്ദീഖി(റ)നെ സമാധാനിപ്പിക്കുകയും ക്ഷമിപ്പിക്കുകയും ചെയ്തു. നബി സ്ത്രീകളോടും കുട്ടികളോടും വളരെ ദയയുള്ളവരായിരുന്നു. പെരുമാറ്റം ഭര്‍ത്താവ് ഭാര്യയുടെ ദുസ്വഭാവങ്ങളില്‍ ക്ഷമിക്കുന്നതിനോടുകൂടി അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന തമാശകളിലും മറ്റ് സംസാരങ്ങളിലും ഇടപെടേണ്ടതാണ്. തന്റെ ഭാര്യയോട് മഹിമയോടെ വര്‍ത്തിക്കുന്നവനും നല്ല സ്വഭാവവൈശിഷ്ട്യത്തോടെ പെരുമാറുന്നവനുമാണ് പരിപൂര്‍ണ്ണ മുഅ്മിന്‍ എന്നു ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. ഭാര്യയുമായി സന്തോഷിച്ചാനന്ദിക്കുകയും അവളുടെ ശരീരാഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതാണ്. അവളുടെ സ്വഭാവത്തെ ദുഷിപ്പിക്കുന്നതോ അവന്റെ പേരില്‍ അവള്‍ക്ക് ആക്ഷേപം ഉളവാക്കുന്നതോ ആയ ഒരു കാര്യത്തിലും അവന്‍ ഏര്‍പ്പെടരുത്. ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ എപ്പോഴും ലജ്ജാശീലയായിരിക്കണം. അതേ ക്രമത്തില്‍ അവളെ നിര്‍ത്തിപ്പോരാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കേണ്ടതാണ്. 'ശര്‍ഇ'ന്ന് വിപരീതമായ യാതൊരു കാര്യം പ്രവര്‍ത്തിക്കുവാനും അവളെ അനുകൂലിക്കരുത്. സ്ത്രീകളുടെ ശരീരേച്ഛകള്‍ക്കെല്ലാം ഒരാള്‍ വഴിപ്പെട്ടാല്‍ നരകാഗ്നിയില്‍ മുഖം കുത്തലായിരിക്കും അതിന്റെ പരിണിതഫലം. സ്ത്രീയുടെ അഭിപ്രായത്തോട് വിയോജിക്കുക, അതിലാണ് ക്ഷേമം എന്നും ആരോടും അഭിപ്രായമാരായാനില്ലെങ്കില്‍ സ്ത്രീയോട് ആലോചിച്ചു അവരുടെ അഭിപ്രായത്തിന്നെതിര് പ്രവര്‍ത്തിക്കുക എന്നിപ്രകാരമെല്ലാം ഹദീസില്‍ വന്നിരിക്കുന്നു. ഭാര്യയുടെ ദാസനായി നില്‍ക്കുന്ന ഭര്‍ത്താവ് നാശത്തിലാണ് എന്നും നബി  പ്രസ്താവിച്ചിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വഴിപ്പെട്ട് ജീവിക്കേണ്ടവളാണ്. എന്നല്ലാതെ പുരുഷന്‍ സ്ത്രീകള്‍ക്ക് വഴിപ്പെട്ട് ജീവിക്കരുത്. മൂന്ന് വിഭാഗത്തെ വന്ദിച്ചാല്‍ (ആ വന്ദിച്ചവരെ അവര്‍) നിന്ദിക്കും; നിന്ദിച്ചാല്‍ വന്ദിക്കും; അവര്‍ സ്ത്രീകളും സേവകന്മാരും, 'ഖിബ്ത്തി' ഗോത്രക്കാരുമാണ് എന്നിപ്രകാരം ഇമാം ശാഫിഇ(റ) പറഞ്ഞിരിക്കുന്നു. സ്ത്രീകള്‍ അധികവും ദുസ്വഭാവിനികളും ബുദ്ധികുറഞ്ഞവരുമാണ്; ആയതുകൊണ്ട് ശിക്ഷയോട് കൂടി ചേര്‍ന്ന വിധത്തിലുള്ള മഹിമകൊണ്ടല്ലാതെ അവരെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുക സാധ്യമല്ല. സ്ത്രീകളില്‍ സല്‍സ്വഭാവിനികള്‍ വയര്‍ വെളുത്ത കാക്കയെപ്പോലെയാണ് (ദുര്‍ലഭമാണ് എന്നര്‍ത്ഥം) എന്ന് ഹദീസില്‍ വന്നിരിക്കുന്നു. ദുസ്വഭാവിനികളായ സ്ത്രീകള്‍ പുരുഷന്മാരെ സ്വാഭാവിക നരപ്രായത്തിന് മുമ്പ് തന്നെ നരപ്പിക്കുന്നതാണ് എന്നിപ്രാകാരം മഹാനായ ലുഖ്മാനുല്‍ ഹകീം(റ) പറഞ്ഞിരിക്കുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ അവള്‍ സഞ്ചരിക്കുക, അന്യര്‍ അവളുടെ സമീപത്ത് സഞ്ചരിക്കുക മുതലായവയില്‍ വെറുപ്പ് പ്രകടമാക്കണം. ഇതില്ലാതെ സ്ത്രീകളെ കയറൂരിവിട്ട് അനിയന്ത്രിതമായി നടത്തുന്നവന്‍ ഹൃദയം മുറിക്കപ്പെട്ടവനാകുന്നു. ഇത്തരം കാര്യങ്ങളെ വെറുക്കല്‍ അല്ലാഹുവിന്റെ പക്കല്‍ പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതാണ്. അകാരണമായി ഒരു സ്ത്രീയെ സംശയിക്കുകയും അതുമൂലം അവളെ വെറുക്കുകയും ചെയ്യുന്നത് കുറ്റകരവും അല്ലാഹുവിന്റെ കോപത്തിന്ന് ഇടയാകുന്നതും അത് സൂക്ഷിക്കേണ്ടത് നിര്‍ബന്ധവുമത്രെ. ബഹുമാന്യരായ സ്വഹാബികളുടെ കാലത്ത് സ്ത്രീകള്‍ അന്യപുരുഷന്മാരെ കാണാതിരിക്കാന്‍ വേണ്ടി വീട്ടിന്റെ ജനലുകള്‍ അടച്ചു പൂട്ടാറ് പതിവായിരുന്നു. ഭാര്യ വീടിന് പുറത്ത് പോകല്‍ നിര്‍ബന്ധിതാവസ്ഥയില്‍ മാത്രമേ സ്ത്രീകള്‍ വീടുവിട്ട് സഞ്ചരിക്കാന്‍ പാടുള്ളൂ. അതുതന്നെ ഭര്‍ത്താവിന്റെ സമ്മതത്തോടും അലങ്കാരം പ്രത്യക്ഷപ്പെടുത്താത്ത വിധം സാധാരണ വസ്ത്രങ്ങള്‍ ധരിച്ചും സുഗന്ധം പൂശാതെയും കണ്ണല്ലാത്ത മറ്റു ശരീരഭാഗങ്ങളെല്ലാം മറച്ചും അന്യപുരുഷന്മാരെ നോക്കാതെയും ആകേണ്ടതാണ്. ഭര്‍ത്താവിന്റെ സമ്മതം കൂടാതെ അവളുടെ മാതാപിതാക്കളുടെ രോഗം സന്ദര്‍ശിക്കുവാനോ അവര്‍ മരണപ്പെട്ടാല്‍ പോലും പോകുവാനോ പാടുള്ളതല്ല. പോകുന്നതിനെ അവന്‍ തടഞ്ഞാല്‍ അത് ഹറാമുമാണ്. ഉമര്‍(റ) സ്ത്രീകള്‍ക്ക് മോടിയുള്ള വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കുന്നത് നിരോധിച്ചിരിക്കുന്നു; അവര്‍ പുറത്തു പോവുകയില്ല എന്നാണ് അതിന്ന് അദ്ദേഹം പറഞ്ഞ കാരണം. (തൊലിയുടെ വര്‍ണ്ണം തെളിഞ്ഞുകാണുന്ന) നേരിയ വസ്ത്രങ്ങളും അലങ്കാര വസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകള്‍ അന്ത്യനാളില്‍ വസ്ത്രങ്ങളില്ലാതെ നഗ്നരായിരിക്കുമെന്ന് സ്വഹീഹായ ഹദീസിലുണ്ട്. (ഖസ്ത്വല്ലാനീ). സ്ത്രീയുടെ ഇംഗിതത്തിനൊത്ത് പുരുഷന്മാര്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് ഇന്നുകാണുന്ന സര്‍വ്വ നാശങ്ങളും. ഭാര്യയെ പഠിപ്പിക്കല്‍ ഭാര്യമാര്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. ആര്‍ത്തവത്തിന്റെ വിധികള്‍, അതുണ്ടാകുമ്പോള്‍ നിഷിദ്ധമായ കാര്യങ്ങള്‍, നമസ്‌കാരത്തിന്റെ വിധികള്‍, ആര്‍ത്തവമുണ്ടായാല്‍ ഖളാഅ് വീട്ടേണ്ടതും അല്ലാത്തതുമായ നമസ്‌കാരങ്ങള്‍ എന്നിവയെല്ലാം അവള്‍ക്ക് പഠിപ്പിച്ചുകൊടുക്കണം. രക്തസ്രാവമുണ്ടായാലുള്ള വിധികളും പഠിപ്പിക്കേണ്ടതാണ്. സുന്നത്ത് ജമാഅത്തിന്റെ വിശ്വാസങ്ങള്‍ പഠിപ്പിച്ചുകൊടുക്കുകയും പിഴച്ച വല്ല വിശ്വാസവും വെച്ചുപുലര്‍ത്തുന്നവളാണെങ്കില്‍ അത് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാകുന്നു. മഗ്‌രിബിന്ന് മുമ്പ് -ഒരു റക്അത്തിന്റെ സമയത്തിന് മുമ്പ്- രക്തം നിന്നാല്‍ അന്നത്തെ ളുഹ്‌റും അസറും 'ഖളാ' വീട്ടണമെന്നും സുബ്ഹിന്ന് മുമ്പ് (ഒരു റക്അത്തിന്റെ സമയമുള്ളപ്പോള്‍) നിന്നാല്‍ അന്നത്തെ മഗ്‌രിബും ഇശാഉം ഖളാവീട്ടണമെന്നും പഠിപ്പിക്കേണ്ടതാണ്. യോനിയില്‍ പഞ്ഞി മുതലായവ വെച്ചാല്‍ അതിന്ന് നിറവ്യത്യാസമില്ലാതിരിക്കുന്നത ്‌കൊണ്ട് ആര്‍ത്തവം നിന്നതായി മനസ്സിലാക്കാം. അപ്പോള്‍ അവള്‍ക്ക് ആര്‍ത്തവക്കുളി കുളിക്കാവുന്നതാണ്. ഇത്തരം അറിവുകള്‍ സ്വന്തമായി അറിയാത്തവര്‍ അറിവുള്ളവരോട് ചോദിച്ചു പഠിപ്പിച്ചുകൊടുക്കുകയാണ് വേണ്ടത്. ഇപ്രകാരം പഠിപ്പിച്ചുകൊടുക്കുന്ന ഭര്‍ത്താവുണ്ടായിരിക്കെ പണ്ഡിതരോട് ചോദിക്കുവാനായി അവള്‍ക്ക് പുറത്ത് പോകല്‍ അനുവദനീയമല്ല. അത് ഹറാമാണ്. നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചതിനു ശേഷം കൂടുതല്‍ കേള്‍ക്കാന്‍ വേണ്ടിയും പ്രസംഗ സദസ്സിലും മറ്റും പങ്കെടുക്കാന്‍ ഭര്‍ത്താക്കളുടെ സമ്മതം കൂടാതെ പോകല്‍ അനുവദനീയമല്ല. അനുവാദമുള്ളപ്പോള്‍ തന്നെ അന്യരുമായി കൂടിക്കലരുക, കാണുക എന്നീ നിഷിദ്ധകാര്യങ്ങളുണ്ടെങ്കില്‍ അത് ഹറാമാകുന്നു. ഭര്‍ത്താവിന് അറിവുണ്ടായിരിക്കെ ഭാര്യക്ക് ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കാതിരുന്നാല്‍ അതിന്ന് അവന്‍ കുറ്റക്കാരനാകുന്നതും പഠിക്കാത്തതിനാലുള്ള ഭാര്യയുടെ കുറ്റത്തില്‍ അവന്‍ പങ്കാളിയാകുന്നതുമാണ്. ഈ സന്ദര്‍ഭത്തില്‍ നിര്‍ബന്ധ കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി അവള്‍ക്ക് അന്യപുരുഷന്മാര്‍ മാത്രമുള്ളപ്പോള്‍ അവരെ സമീപിച്ചു പഠിക്കല്‍ നിര്‍ബന്ധവുമാണ്.

ചെലവ് കൊടുക്കല്‍, പിണക്കം

തന്റെ കഴിവിനനുസരിച്ച് ഭാര്യക്ക് ചിലവ് കൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. അതിന്റെ തോത് വളരെകുറച്ച്, അവളെ കഷ്ടത്തിലേക്ക് നീക്കാതെയും അമിതമായകാതെയും മധ്യനില പാലിക്കേണ്ടതും ആവശ്യമാണ്. ഒരു സ്ത്രീക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നതും ഒരടിമയെ സ്വതന്ത്രനാക്കുന്നതില്‍ ചിലവഴിക്കുന്നതും സ്വഭാര്യക്ക് ചിലവ് കൊടുക്കുന്നതും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഭാര്യക്ക് ചിലവ് കൊടുക്കുന്നതിന്നാണ് കൂടുതല്‍ ശ്രേഷ്ഠത എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ നിക്കാഹിന്റെ അദ്ധ്യായത്തില്‍ പറഞ്ഞ പ്രകാരം അവരുടെ ഭക്ഷണം വസ്ത്രം രാത്രിതാമസിക്കല്‍ എന്നിവയില്‍ തുല്യത പാലിക്കണം. ഇതു പാലിക്കാത്തവര്‍ (അതിന്റെ ശിക്ഷയെന്നോണം) അന്ത്യനാളില്‍ ഒരു ഭാഗം ചെരിഞ്ഞവരായി വരുന്നതാണ് എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.

ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ വല്ല പിണക്കവുമുണ്ടായാല്‍ അത് രണ്ടാളുടേയും പക്കല്‍ നിന്നുള്ളതോ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പക്കല്‍ നിന്നു മാത്രമുള്ള കാരണമോ ആണെങ്കില്‍ രണ്ട് പക്ഷത്തില്‍ നിന്നുമുള്ള മദ്ധ്യസ്ഥന്മാര്‍ ഇടപെട്ടു കാര്യം രമ്യമായി അവസാനിപ്പിക്കണം. ഭാര്യയുടെ പക്കല്‍ നിന്ന് പിണക്കമുണ്ടായാല്‍ ഭര്‍ത്താവ് അവളെ ഉപദേശിക്കുകയും നിര്‍ബന്ധിച്ചു വഴിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിന്ന് ഭര്‍ത്താവിന് അധികാരമുണ്ട്. അപ്രകാരം തന്നെ നമസ്‌കാരം മുതലായ ഫര്‍ളുകളെ ഉപേക്ഷിച്ചാലും നിക്കാഹിന്റെ അദ്ധ്യായത്തില്‍ പറഞ്ഞപ്രകാരം ആദ്യമായി അവളെ ഉപദേശിക്കുകയും ഫലപ്പെടാത്ത പക്ഷം അടിച്ചാല്‍ പ്രയോജനമുണ്ടാകുമെന്ന് കണ്ടാല്‍ മുഖമല്ലാത്ത സ്ഥലത്ത് മുറിവാകാത്തവിധം അടിച്ചു നിര്‍ബന്ധിക്കാവുന്നതുമാണ്. ദീനിയായ കാര്യത്തിന്ന് വേണ്ടി ഒരു മാസം വരെ ഭാര്യയുമായി പിണങ്ങല്‍ അനുവദനീയമാകുന്നു. സംയോഗം

സംയോഗം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ (അല്ലാഹുവിന്റെ നാമത്തില്‍, അല്ലാഹുവേ, എനിക്കും എനിക്ക് നല്‍കുന്ന  സന്താനത്തിന്നും പിശാചിനെ നീ ദൂരീകരിക്കേണമേ) എന്ന് ചൊല്ലിയാല്‍ അതില്‍ സന്താനമുണ്ടാകുന്ന പക്ഷം പിശാച് അതിനെ ഉപദ്രവിക്കുകയില്ല.

ഖിബ്‌ലാക്ക് തിരിഞ്ഞു സംയോഗം ചെയ്യാതിരിക്കുന്നതും രണ്ടുപേരും സംയോഗാവസരം ഒരു തുണികൊണ്ട് ശരീരം മുഴുവനും മൂടുന്നതും സുന്നത്താണ്. സംയോഗത്തിന് മുമ്പ് ചുംബനംകൊണ്ടും മഹിമയുള്ള സംസാരം കൊണ്ടും അവളുമായി ഉല്ലസിക്കുന്നത് സുന്നത്തുണ്ട്. സംയോഗം ചെയ്യുമ്പോള്‍ തന്റെ ആഗ്രഹം ആദ്യം പൂര്‍ത്തീകരിച്ചാല്‍ അവളുടേത് പൂര്‍ത്തീകരിക്കുന്നത് വരെ താമസിപ്പിക്കേണ്ടതാണ്.

വെള്ളിയാഴ്ച രാവിലും (വ്യാഴാഴ്ച അസ്തമിച്ച രാത്രി) വെള്ളിയാഴ്ച പകലും സംയോഗം ചെയ്യുന്നത് സുന്നത്താണ്. അവളുടെ ആവശ്യവും ആവേശവും കണക്കിലെടുത്തു സംയോഗത്തിന്റെ എണ്ണത്തില്‍ ഏറ്റക്കുറവ് വരുത്തുന്നതും സ്ത്രീയെ സംതൃപ്തയാക്കേണ്ടതും അവന്റെ കടമയില്‍ പെട്ടതാകുന്നു.

ആര്‍ത്തവരക്തമുള്ളപ്പോഴും അത് നിന്ന ശേഷം കുളിച്ചു ശുദ്ധിയാകുന്നതിന്ന് മുമ്പും സംയോഗം ചെയ്യരുത്.  മലദ്വാരത്തില്‍ ഭോഗിക്കല്‍ നിഷിദ്ധമാണ്. അത് ആര്‍ത്തവമുള്ളവളെ സംയോഗം ചെയ്യുന്നതിനേക്കാള്‍ കടുത്ത കുറ്റമാകുന്നു. ആര്‍ത്തവമുള്ളവളോടൊന്നിച്ചു ശയിക്കുന്നതിന്നോ ഭക്ഷിക്കുന്നതിന്നോ മറ്റോ യാതൊരു വിരോധവുമില്ല. ജനാബത്ത് (വലിയ അശുദ്ധി) ഉള്ളപ്പോള്‍ ശരീരത്തിലെ മുടി, നഖം, രക്തം എന്നിവ നീക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെ നീക്കിയ മുടി മുതലായവ ജനാബത്തോട്കൂടി പരലോകത്ത് ഹാജറാകും. സന്താനോല്‍പാദനം തടയാന്‍ വേണ്ടി സ്ഖലനാവസരം ഇന്ദ്രിയം പുറത്തേക്ക് വിടുന്നതു  നല്ലതല്ല. അല്ലാഹുവിന്റെ അലംഘനീയ നിശ്ചയം ആ സംയോഗത്തില്‍ സന്താനം ജനിക്കണമെന്നതാണെങ്കില്‍ ഇത് കൊണ്ട് പ്രയോജനമൊന്നുമുണ്ടാകുന്നതല്ല. എങ്കിലും അത് അനുവദനീയമാണ്. കുഞ്ഞ് ജനിച്ചാല്‍ സ്ത്രീയുടേയും പുരുഷന്റേയും ഇന്ദ്രിയും കൂടിച്ചേര്‍ന്നാണ് സന്താനോല്‍പാദനുണ്ടാകുന്നത്. ആണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷവും പെണ്‍കുഞ്ഞ് പിറന്നാല്‍ വെറുപ്പും ഉണ്ടാകുന്നത് ശരിയല്ല. പെണ്‍കുട്ടിയില്‍ അല്ലാഹുവിന്റെ അപാരമായ പ്രതിഫലവും ധാരാളം രക്ഷയും അവന്ന് നല്‍കപ്പെടുന്നതാ ണ്. ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും അതിന്ന് സല്‍സസ്വഭാവങ്ങളും മറ്റ് അത്യാവശ്യകാര്യങ്ങളുമെല്ലാം പഠിപ്പിക്കുകയും ഭക്ഷണ പാനീയങ്ങളെല്ലാം കൊടുത്തു പോറ്റി വളര്‍ത്തുകയും ചെയ്തു അവന്റെ കഴിവിനനുസരിച്ച് വിവാഹം ചെയ്തു കൊടുക്കുകയം ചെയ്താല്‍ ആ കുട്ടി അവന്റെ ഇരു പാര്‍ശ്വങ്ങളിലും നിന്ന് കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് അവനെ ആനയിക്കുമെന്ന് പല ഹദീസുകളിലുമുണ്ട്. ഇപ്രകാരം തന്നെ സഹോദരിമാരെ സന്തോഷപൂര്‍വം പോറ്റിവളര്‍ത്തുന്നതിന്റെ ശ്രേഷ്ഠതയിലും ധാരാളം ഹദീസുകള്‍ വന്നിരിക്കുന്നു. കുഞ്ഞിനെ പ്രസവിച്ച ഉടന്‍ ചെവിയില്‍ ബാങ്ക് ഇഖാമത്തിന്റെ മന്ത്രധ്വനി കേള്‍പ്പിക്കുകയും അതിന്ന് മുമ്പായി തീ തൊടാത്ത സാധനം കൊണ്ട് മധുരം കൊടുക്കുകയും വേണം. കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാകാത്ത വിധത്തിലുള്ള ചാവ്പിള്ളയാണെങ്കില്‍ ആണിന്നും പെണ്ണിന്നും പറ്റുന്ന വിധത്തിലുള്ള ഹംസ, തല്‍ഹ മുതലായ നാമങ്ങള്‍ നല്‍കണം. ഇതെല്ലാം സന്താനങ്ങളില്‍ ചെയ്യേണ്ട രക്ഷിതാക്കളുടെ കടമകളാണ്. സാധുവാക്കുന്ന കാരണങ്ങളുണ്ടെങ്കില്‍ ത്വലാഖ് (വിവാഹമോചനം) അനുവദനീയമാണെങ്കിലും അല്ലാഹുവിന്റെ അതിയായ കോപത്തിന്നു അര്‍ഹമായ കാര്യമാണത്. വല്ല സ്ത്രീയും ശരിയായ കാരണം കൂടാതെ തന്റെ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ സ്വര്‍ഗ്ഗം അവള്‍ക്ക് നിഷിദ്ധമാണെന്നും അതിന്റെ സുഗന്ധം അവള്‍ക്ക് ന്നെത്തുകയില്ലെന്നും മറ്റും ഹദീസില്‍ അരുളിയിരിക്കുന്നു. ത്വലാഖ് ചൊല്ലുകയാണെങ്കില്‍ അത് ആര്‍ത്തവസമയത്തല്ലാതിരിക്കുന്നതും ഒരു ത്വലാഖിന്റെ മേല്‍ ചുരുക്കുന്നതും സുന്നത്താണ്. ത്വലാഖിന്ന് ശേഷം അവളുടെ മനസ്സമാധാനത്തിന് വേണ്ടി എന്തെങ്കിലും സൗജന്യം കൊടുക്കല്‍ ഭര്‍ത്താവിന് സുന്നത്തുണ്ട്. അവള്‍ തന്റെ അധീനത്തില്‍ ഭാര്യയായിരിക്കുമ്പോഴും ത്വലാഖ് ചൊല്ലിയ ശേഷവും അവളുടെ രഹസ്യം പുറത്താക്കുന്നത് വലിയ കുറ്റകരമാകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter