അറബ് വസന്തം-പതിറ്റാണ്ടു കഴിഞ്ഞിട്ടും പരിഹാരമാകാതെ പ്രതിസന്ധി ബാക്കി

അശ്ശബാബു യുരീദു ഇസ്ഖാത്വന്നിളാം..2011ന്റെ ആദ്യമാസങ്ങളില്‍ മധ്യേഷ്യയില്‍ മുഴങ്ങിയ മുദ്രാവാക്യമാണ് ഇത്. ഭരണസംവിധാനം താഴെയിറക്കുകയാണ് യുവതയുടെ ലക്ഷ്യം എന്ന് നമുക്കിതിനെ മലയാളത്തിലാക്കാം.
മധ്യേഷ്യന്‍ രാഷ്ട്രിങ്ങളിലെ ഭരണീയരും ഭരണാധിപരും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങിയത് ഇതോടെയാണ്. തുടര്‍ന്നുണ്ടായ അറബ് വിപ്ലവങ്ങളുടെ പ്രധാന മുദ്രാവാക്യമായി ശേഷം ഇത് മാറുകയും തുനീഷ്യ, ഈജിപ്ത്, ലിബിയ, യമന്‍ എന്നിവിടങ്ങളിലെ ഏകാധിപതികളുടെ പതനത്തില്‍ വരെ ഇത് കലാശിക്കുകയും ചെയ്തു.
എന്നാല്‍ ഇതൊരു പരിമിതമായ വിജയം മാത്രമായിരുന്നുവെന്നാണ് പിന്നീട് നാം കണ്ടറിഞ്ഞത്. മറ്റു രാജ്യങ്ങളില്‍ ശക്തി പ്രാപിച്ച വിപ്ലവങ്ങളൊന്നും വിജയം നേടിയില്ലെന്ന് മാത്രമല്ല, ശേഷം കടന്നുപോയ പത്തു വര്‍ഷത്തിനുള്ളില്‍ പത്തുലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ക്ക് മേല്‍വിലാസം നഷ്ടപ്പെടുകയും ചെയ്തുവെന്നതാണ് സത്യം. പ്രദേശത്തുണ്ടായിരുന്ന രാഷ്ട്രീയപ്രതിസന്ധിയെ കൂടുതല്‍ ഗുരുതരമാക്കാന്‍ മാത്രമേ വിപ്ലവം ഉപകരിച്ചുള്ളൂ. അതിനപ്പുറം വിപ്ലവത്തിലേക്കു നയിച്ച പ്രധാനകാരണങ്ങളായ സാമ്പത്തിക സ്തംഭനം, രാഷ്ട്രീയ അരാജകത്വം, സമ്പന്ന-ദരിദ്രവിഭാഗങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന അകലം പോലുള്ള സാമൂഹ്യ പ്രതിസന്ധികള്‍, വിപ്ലവം വിജയിച്ച നാടുകളില്‍ പോലും ഇന്നും മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.

പ്രാരംഭം

കാലങ്ങളായി നില നില്‍ക്കുന്ന സാമ്പത്തിക പരിതസ്ഥിതിയോടും വ്യാപകമായ അഴിമതികളോടുമുള്ള പ്രതിഷേധമായി മുഹമ്മദ് ബൂഅസീസി എന്ന തുനീഷ്യന്‍ തെരുവുകച്ചവടക്കാരന്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തതു മുതലാണ് വിപ്ലവം ആരംഭിക്കുന്നത്. വലിയ ഒരു വിഭാഗം നേരിടുന്ന തൊഴിലില്ലായ്മ എന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സമ്പത്തിന്റെ സിംഹഭാഗവും കയ്യാളിയിരിക്കുന്നവരുടെ ഭാഗത്തു നിന്നും നേരിയ നീക്കം പോലുമില്ലാതായപ്പോള്‍ പ്രതിഷേധങ്ങള്‍ തുനീഷ്യ മുതല്‍ മസ്‌കറ്റ് വരെയും വ്യാപിച്ചു.

പ്രതിഷേധങ്ങളോടുള്ള പ്രതികരണങ്ങള്‍ ഓരോ പ്രദേശത്തും വ്യത്യസ്തമായിരുന്നു. ജനപ്രിയരല്ലാത്ത മന്ത്രിമാരെ പുറത്താക്കുന്നതുമുതല്‍ മറ്റു രാഷ്ട്രങ്ങളുടെ ജനപിന്തുണ നേടുവാനുള്ള വ്യത്യസ്ത ശ്രമങ്ങളടക്കം പലതരം നീക്കങ്ങളും ഭരണകര്‍ത്താക്കളുടെ ഭാഗത്തു നിന്നും ഉണ്ടായി. ഇവയില്‍ അടിയന്തര സൈന്യങ്ങളുടെ പ്രയോഗം, നാടുകടത്തല്‍, പീഢനമുറകള്‍, രാഷ്ട്രീയ പ്രകടനങ്ങള്‍ക്കുള്ള ഇടങ്ങള്‍ അടച്ചിടുക, പൗരത്വനിഷേധം, വധശിക്ഷ തുടങ്ങിയതെല്ലാം പെടും. സിറിയയിലും യമനിലും ലിബിയയിലും നടത്തിയ അക്രമാസക്തമായ അടിച്ചമര്‍ത്തലുകളും നശീകരണാത്മക നീക്കങ്ങളും അവസാനിക്കാതെ ഇന്നും തുടരുന്നു.
ആഹ്ലാദത്തിമര്‍പ്പോടെ ഒരു ജനക്കൂട്ടം തുനീഷ്യന്‍ പതാകകളുമായി 2011 ഒക്ടോബറിലെ തെരഞ്ഞടുപ്പ് ആഘോഷിച്ചു. ജനുവരി ആരംഭിച്ച, സൈനുല്‍ ആബിദീന്‍ ബിന്‍ അലി എന്ന ഏകാധിപതിയെ പുറത്താക്കുന്നതിനു വേണ്ടിയുള്ള മുല്ലപ്പൂ വിപ്ലവം ഫലം കണ്ടതിനു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ആനന്ദദായകമായ അനേകം രംഗങ്ങളുണ്ടായിരുന്നു. ബിന്‍ അലിയുടെയും ഹുസ്‌നി മുബാറക്കിന്റെയും പതനത്തിനു ശേഷമുള്ള തുനീഷ്യയിലെയും ഈജിപ്തിലെയും സംഭവവികാസങ്ങള്‍ പ്രതീക്ഷയേകുന്നതായിരുന്നു. എന്നാല്‍ ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുഹമ്മദ് മുര്‍സിയെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതോടെ പ്രതിഷേധക്കാരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി.

ഭിന്നിപ്പിച്ച് ഭരിക്കുക

ജനങ്ങള്‍ക്കിടയിലെ സാമുദായിക വൈരം ഇളക്കി വിട്ട് സമൂഹത്തില്‍ ആത്മഹത്യാപരമായ കലാപം സൃഷ്ടിച്ച് ഭരണം കയ്യാളുക എന്ന തന്ത്രമാണ് ഭിന്നിപ്പിച്ച് കീഴടക്കുക എന്ന നയം അവലംബിച്ച ക്ഷുദ്രശക്തികള്‍ സ്വീകരിച്ചത്. ഇതിന്റെ പ്രതിഫലനം നശീകരണാത്മകമായിരുന്നു. സമൂഹത്തിനുള്ളിലും സമുദായങ്ങള്‍ക്കിടയിലും വിഭാഗീയത ക്രമാതീതമായി വളര്‍ന്നു എന്ന് വേണം പറയാന്‍.
സിറിയയില്‍ പ്രതിഷേധങ്ങളുടെ പേരില്‍ തടവില്‍ കഴിഞ്ഞിരുന്ന സുന്നി മുസ്‍ലിം വിഭാഗക്കാരെ വെറുതെ വിട്ട് ബശ്ശാറുല്‍ അസദ് അറബ് വിപ്ലവക്കാര്‍ക്കിടയില്‍ ഇസ്‍ലാമിക സലഫിസത്തിനെതിരെയുള്ള നീക്കമായി അതിനെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. സമാനമായി, ഒരു തെളിവിന്റെയും പിന്‍ബലമില്ലാതിരുന്നിട്ട് കൂടി ബഹ്‌റൈനില്‍ പ്രതിഷേധക്കാര്‍ രാഷ്ട്രത്തെ തന്നെ ഇറാനിന് ഒറ്റുകൊടുക്കുന്ന ചാരന്മാരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം വരെ നടക്കുകയുണ്ടായി.
ഇതിനെ ശക്തിപ്പെടുത്തുന്നതിനായി പ്രധാന ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാര്‍ക്ക് ആയുധങ്ങളും പരിശീലനവും നല്‍കി ഭീമമായ പിന്തുണ നല്‍കുന്നതായി പ്രസ്താവനകള്‍ നടത്തി. ബഹ്‌റൈനിലെ പ്രതിഷേധങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം ഹമദ് രാജാവ് ഇറാനിനെതിരെ വ്യക്തമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തുന്നതിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഭരണതലങ്ങളില്‍ നിന്നുള്ള ശക്തമായ നിയന്ത്രണങ്ങളുടെ ഫലമായി പ്രതിഷേധനീക്കങ്ങള്‍ ഒറ്റപ്പെട്ടു വന്നു. ബഹ്‌റൈനില്‍ 990 പൗരന്മാരുടെ പൗരത്വം നിഷേധിക്കപ്പെടുകയും ഈജിപ്തിലും മറ്റു ഗള്‍ഫ് നാടുകളിലും ഭരണത്തിനെതിരെയുള്ള നീക്കങ്ങളും തീവ്രവാദപ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങള്‍ രൂപീകരിക്കപ്പെടുകയും ചെയ്തു. സിറിയയിലെ യുദ്ധക്കെടുതികള്‍ ഭീകരമായിമാറുകയും ജനാധിപത്യം ആവശ്യപ്പെടുന്ന മറ്റു ഗള്‍ഫ് നാടുകള്‍ക്ക് മുന്നറിയിപ്പാകുന്ന തരത്തില്‍ രംഗം വഷളാവുകയും ചെയ്തു.

വിപ്ലവത്തിനുശേഷമുള്ള വര്‍ഷങ്ങള്‍ നിലനില്‍പ്പിനായുള്ള ഇത്തരം ശ്രമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ വളര്‍ന്നു വരുന്ന ദേശീയ അന്തര്‍ദേശീയ സമ്മര്‍ദ്ദങ്ങളിലൂടെ രൂപാന്തരപ്പെട്ടതാണ്. അതോടൊപ്പം തന്നെ 2011 ലെ വിപ്ലവത്തിന് കാരണമായ ഘടകങ്ങള്‍ പരിഹരിക്കപ്പെടാതെ ബാക്കിയാവുകയും ചെയ്തു. നിലവിലുള്ള സാമ്പത്തിക രാഷ്ട്രീയ സാമൂഹിക പരിതസ്ഥിതി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഭരണാധിപര്‍ക്കും ഭരണീയര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്ന പതിറ്റാണ്ടുകളുടെ കെടുകാര്യസ്ഥതയാണ് ഇവിടെ നിഴലിക്കുന്നത്.

പ്രതിസന്ധിയും തകര്‍ച്ചയും   

 മധ്യേഷ്യന്‍ മേഖലയില്‍ കലാപത്തിന്റെ ആരഭം ഇരുപതാം നൂറ്റാണ്ടില്‍ തന്നെയുണ്ടായിട്ടുണ്ട് എന്ന് വേണം പറയാന്‍. പ്രദേശത്തെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണുന്നതില്‍ ഭരണാധികാരികള്‍ പരാജയപ്പെട്ടതു തന്നെയാണ് കാര്യങ്ങളെ ഇതുവരെ എത്തിച്ചത്. 1980 കളിലെ നിയോലിബറല്‍ അജണ്ടകളുടെ ഫലമായി സാമ്പത്തിക ഉദാരവത്കരണം (ഇന്‍ഫിതാഹ്) ഇവിടേക്കും കടന്നു വന്നു എന്നു മാത്രം. 
എന്നാല്‍ അറബ് ലോകത്ത് കൂടി വരുന്ന ജനന നിരക്കും ഭരണതലത്തിലെ ദൗര്‍ബ്ബല്യങ്ങളും ഉദ്യോഗതലങ്ങളിലെ കെടുകാര്യസ്ഥതയും എല്ലാം കൂടിക്കലര്‍ന്ന് പുരോഗമന സൂചികയില്‍ അസന്തുലിതാവസ്ഥ പ്രകടമായി വന്നു. ഇതോടൊപ്പം വിതരണക്കാരാകേണ്ടിടത്ത് പിടിച്ചുപറിക്കാരാകുന്ന ചില ഭരണാധികാരികളുടെ കടന്നു വരവ് രംഗം കൂടുതല്‍ വഷളാക്കി. അവര്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കും ആഢംബരങ്ങള്‍ക്കും വേണ്ടി ഖജനാവിലെ സമ്പത്ത് ഉപയോഗിച്ചത് ഭരണത്തില്‍ കൂടുതല്‍ പാളിച്ചകള്‍ വരുത്തി. 2004-ല്‍ യു.എന്‍ പുറത്തിറക്കിയ അറബ് ലോകം സ്വാതന്ത്ര്യത്തിലേക്ക് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ അറബ് രാജ്യങ്ങളെ തമോഗര്‍ത്തം എന്നാണ് അഭിസംബോധനം ചെയ്തത്.

2008- ലെ സാമ്പത്തിക തകര്‍ച്ച മധ്യേഷ്യയെ സാരമായി ബാധിച്ചു. പ്രതിസന്ധിയുടെ മൂര്‍ധന്യ ഘട്ടത്തില്‍ സഊദി അറേബ്യക്ക് നഷ്ടമായത് 958 ബില്യണ്‍ ഡോളറും യു.എഇക്ക് നഷ്ടം വന്നത് 354 ബില്യണ്‍ ഡോളറുമാണ്. പിന്നീട് ബാധിച്ച 247.5 ബില്യണ്‍ നഷ്ടം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരുന്നു. ഇത് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭീകരപ്രഹരമായിരുന്നു. 2011 ആയപ്പോഴേക്കും അവസ്ഥ തികച്ചും വരണ്ടതായി മാറി. ജനസംഖ്യയുടെ 41 ശതമാനവും ദരിദ്രരായി മാറി. ഇതിനെ കൂടുതല്‍ വഷളാക്കുന്നത് അഴിമതി കാരണം സമ്പദ് വ്യവസ്ഥ നേരിടുന്ന തളര്‍ച്ചയായിരുന്നു. അഴിമതി കാരണമായി കഴിഞ്ഞ അഞ്ചു ശതകങ്ങള്‍ക്കുള്ളില്‍ വന്ന നഷ്ടം അഞ്ചു ട്രില്യണ്‍ യു.എസ് ഡോളറാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പരിതസമാപ്തി ?

അടിച്ചമര്‍ത്തലും ദാരിദ്ര്യവും അഴിമതിയും നേരിട്ട് ഇരുപതാം നൂറ്റാണ്ടില്‍തന്നെ തകര്‍ന്ന ഒരു ജനത മുസ്‍ലിം ബ്രദര്‍ഹുഡ്, ഹമാസ് ,ഫത്ഹ്, ഹിസ്‍ബുല്ല പോലുള്ള സംഘങ്ങളായി തിരിഞ്ഞു എന്നതില്‍ അത്ഭുതമൊന്നുമില്ല. ഇത്തരം വിഭാഗങ്ങള്‍ രാഷ്ട്രീയ സൈനിക നീക്കങ്ങള്‍ എന്ന പോലെ തന്നെ പലപ്പോഴും സാമൂഹ്യ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പടുകയും തത്ഫലമായി വലിയ ജനപിന്തുണ നേടുകയും ചെയ്തിരുന്നു. 
കഴിഞ്ഞ വര്‍ഷങ്ങളിലും 2011 ലെ വിപ്ലവത്തിന് കാരണമായ പ്രതിസന്ധികള്‍ വീണ്ടും ഉയര്‍ന്നു വന്നുവെങ്കിലും സാമൂഹിക വൈരം, ഭൂമിശാസ്ത്ര തര്‍ക്കങ്ങള്‍, സാമുദായിക വിഭാഗീയത, രാഷ്ട്രീയ മേല്‍ക്കോയ്മക്കായുള്ള വടംവലി തുടങ്ങിയ കാരണങ്ങളാല്‍ ചുരുങ്ങിപ്പോവുകയും ഏറ്റവും അടുത്തായി കടന്നു വന്ന കോവിഡ്-19 അതിനെ കൂടുതല്‍ പരിമിതപ്പെടുത്തുകയും ചെയ്തു.

രണ്ടായിരത്തി പതിനഞ്ചോടെ പ്രദേശത്തെ ജനസംഖ്യയുടെ 53 ശതമാനവും സര്‍ക്കാരേതര സ്രോതസ്സുകളുടെ സഹായം സ്വീകരിക്കുന്നവരായി മാറി. ലബനാനിലും ഇറാഖിലും തങ്ങളുടെ നിസ്സഹായതയുടെ പ്രതിഷേധവുമായി 2019-ല്‍ ജനങ്ങള്‍ തെരുവിലിറങ്ങി. സമാനമായ അനേകം പ്രശ്‌നങ്ങളുമായി പ്രതിഷേധമുറകള്‍ വ്യത്യസ്ത രൂപഭാവങ്ങളിലും കടന്നു വന്നു. 

വിപ്ലവത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. മഹാമാരി കാരണമായി വീണ്ടും ഇടിഞ്ഞ സമ്പദ് വ്യവസ്ഥയില്‍ സാഹചര്യങ്ങള്‍ പൂര്‍വ്വാധികം കലുഷമായിട്ടുണ്ടാകും. സ്വേച്ഛാധികാരത്തിലേക്ക് മാറിയ അധികാര കേന്ദ്രങ്ങള്‍ ജനജീവിതം കൂടുതല്‍ അസഹനീയമാക്കുന്ന അവസ്ഥയില്‍ ഇത്തരം നിര്‍ണ്ണായക രാഷ്ട്രീയ പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഭരണകൂടത്തിന്റെയും ഭരണീയരുടെയും ഇടയിലുള്ള സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ പ്രഹരശേഷിയുള്ളതാകുമെന്നതില്‍ സംശയമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter