ലിംഗനിര്‍ണയത്തിനു പിന്നില്‍
ആദ്യത്തെ കുഞ്ഞ് ആണായിരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളമാണ്. എന്നാല്‍ ആഗ്രഹിക്കുന്നതുപോലെ പലര്‍ക്കും ഒത്തുകിട്ടാറില്ല.
പെണ്‍കുട്ടികള്‍ മാത്രം ഉണ്ടായിട്ടുള്ള ചില കുടുംബങ്ങളില്‍ സ്ത്രീകളെ കുറ്റപ്പെടുത്തുന്ന രീതി കണ്ടുവരുന്നു. ''ഇവള്‍ പെണ്ണിനെ പെറാന്‍വേണ്ടി മാത്രം പിറന്നവളാണോ?'' എന്ന കുത്തുവാക്കുകളും അവള്‍ നേരിടേണ്ടിവരുന്നു.
വാസ്തവത്തില്‍ കുഞ്ഞ് ആണോ പെണ്ണോ ആയിത്തീരുന്നതിന്റെ ഉത്തരവാദി സ്ത്രീയാണോ? ഒരിക്കലും അല്ല. കുഞ്ഞ് ആണാകുന്നതിന്റെയും പെണ്ണാകുന്നതിന്റെയും പൂര്‍ണ ഉത്തരവാദി ശാസ്ത്രീയമായി പുരുഷന്‍ തന്നെ.
 മനുഷ്യശരീരം നിരവധി കോശങ്ങളെ കൊണ്ട് നിര്‍മിക്കപ്പെട്ടതാണ്. കോശങ്ങളിലെ പ്രധാന ഘടകങ്ങള്‍ ക്രോമസോമുകളും. ഒരു വ്യക്തിയുടെ നിറം, ആകൃതി, ബുദ്ധി തുടങ്ങിയവ നിയന്ത്രിക്കുന്നത് ഓട്ടോസോമുകളാണ്. ലൈംഗിക ക്രോമസോമുകളാണ് ലിംഗവ്യത്യാസം നിര്‍ണയിക്കുന്നത്. പുരുഷ പ്രകൃതി y ക്രോമസോമുകളും സ്ത്രീ പ്രകൃതി  x ക്രോമസോമുകളുമാണ് ജനിപ്പിക്കുന്നത്. പുരുഷനില്‍ x ,y ക്രോമസോമുകള്‍ കാണപ്പെടുമ്പോള്‍ സ്ത്രീകളില്‍ x ക്രോമസോമുകള്‍ മാത്രമാണ് കാണപ്പെടുന്നത്. പുരുഷ ബീജത്തിലെ  x  ക്രോമസോമും സ്ത്രീ ബീജത്തിലെ  x  ക്രോമസോമും സംയോജിക്കുമ്പോള്‍ ജനിക്കുന്ന കുഞ്ഞില്‍  x  ക്രോമസോമുകള്‍ ഉണ്ടാവുകയും അത് പെണ്‍കുഞ്ഞായിത്തീരുകയും ചെയ്യുന്നു. പുരുഷബീജത്തിലെ  y ക്രോമസോം ആണ് സ്ത്രീ ബീജവുമായി സംയോജിക്കുന്നതെങ്കില്‍ കുഞ്ഞിന് x, y ക്രോമസോമുകള്‍ ലഭിക്കുകയും അത് ആണ്‍കുഞ്ഞായിത്തീരുകയും ചെയ്യും. അതിനാല്‍ ശിശുവിന്റെ ലിംഗഭേദത്തില്‍ നിര്‍ണായക ഘടകം പുരുഷബീജങ്ങള്‍ക്കു തന്നെ.  ഈ വസ്തുത മനസ്സിലാക്കി സ്ത്രീകളെ വെറുതെ വിടുക. അവരെ വിഷമിപ്പിക്കാതിരിക്കുക. മാനസിക പീഡനം ഉപേക്ഷിക്കുക.
ഒരു പുരുഷന് കൂട്ടായി ഒരു സ്ത്രീ കൂടിയേ തീരൂ. ഒരു സ്ത്രീ ജനിച്ചാല്‍ പുരുഷ ലോകത്തിന് ഒരു നിധി കിട്ടിയതായി പുരുഷന്‍ കരുതണം. ഒരു പുരുഷന്‍ ജനിച്ചാല്‍ അതൊരു നിധിയായി സ്ത്രീയും വിചാരിക്കണം.
ചുരുക്കത്തില്‍, സര്‍വശക്തനായ അല്ലാഹു തരുന്ന സന്താനങ്ങളെ ശ്രദ്ധയോടും സ്‌നേഹത്തോടും കൂടി വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ പരിശ്രമിക്കുക. സന്താനങ്ങള്‍ ആണായാലും പെണ്ണായാലും അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും മതബോധവും ലഭ്യമാക്കുകയും എന്തെങ്കിലും ഒരു ജോലിക്ക് കഴിവുള്ളവരാക്കുകയും ചെയ്യുക. പെണ്‍മക്കള്‍ വലുതാവുമ്പോഴേക്കും അവരെ എങ്ങനെ കെട്ടിച്ചയക്കും, അതിനു വേണ്ട സാമ്പത്തികം എങ്ങനെ സ്വരൂപിക്കും തുടങ്ങിയ കാര്യങ്ങള്‍ മാത്രം ആലോചിച്ച് വേവലാതിപ്പെടാതിരിക്കുക. ഇത് പെണ്‍മക്കളെ മാനസികമായും ശാരീരികമായും തളര്‍ത്തും .
കുട്ടികള്‍ക്ക് നല്ല പേരു നല്‍കാന്‍ മറന്നു പോകരുത്. റസൂല്‍ കരീം(സ)യുടെ പേര്, മറ്റു നബിമാരുടെ പേര്, നബി മക്കളുടെ പേര്, ശുഹദാക്കളുടെ പേര്, ഔലിയാക്കളുടെ പേര് -ഇതൊക്കെയാണ് നമ്മുടെ മക്കള്‍ക്ക് നാം തെരഞ്ഞെടുക്കേണ്ടത്. അല്ലാഹു നല്‍കിയ ഐശ്വര്യത്തില്‍ മതിമറന്ന് പലരും ദീന്‍ പൊളിക്കുകയാണ്. സാനിമോള്‍ (വ്യഭിചാരി), സാനിയമോള്‍ (തേവടിശ്ശി), ജാമൂസ് (പോത്ത്) -ഇതൊക്കെ ചിലര്‍ക്ക് ചെത്തുപേരു തന്നെ. പുതിയ പേരു കണ്ടെത്താന്‍ ടി.വിയിലും റേഡിയോവിലും പരതുക. ഉമ്മയുടെ പേരിന്റെയും ഉപ്പയുടെ പേരിന്റെയും തല കൂട്ടി ഒപ്പിക്കുക. പേരും ഇനീഷ്യലും ചേര്‍ത്ത് സാമ്പാര്‍പേരുണ്ടാക്കുക. ഇതൊക്കെയാണ് ചിലര്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ ഇരുലോകത്തും പടുകുഴിയിലാണ് ചെന്നു വീഴുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter