പ്രവാചകത്വലബ്ധിയും പ്രബോധനത്തിന്റെ ആരംഭവും

ഇലാഹീ പരിഗണനയുടെ അടയാളങ്ങള്‍

പ്രവാചകന് നാല്‍പത് വയസ്സായതോടെ ദൈവിക പരിഗണനയുടെ പല അടയാളങ്ങളും കണ്ടുതുടങ്ങി. ജീവിതത്തിന്റെ പരമ്പരാഗത രീതിയില്‍ അപ്പാടെ മാറ്റം വന്നു. അല്ലാഹു തന്നിലൂടെ മഹത്തരമായ പലതും ഉദ്ദേശിക്കുന്നതിനെ ദ്യോതിപ്പിക്കുംവിധം പലവിധ സംഭവങ്ങളും ഉണ്ടായി. നടന്നുപോകുന്ന വഴിയിലെ കല്ലുകളും മരങ്ങളും പ്രവാചകന് അഭിവാദ്യങ്ങളര്‍പ്പിച്ചു. കാണുന്ന സ്വപ്നങ്ങളെല്ലാം പകല്‍പോലെ വ്യക്തമായി. ആറു മാസത്തോളം ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്നു. ഇതോടെ ഏകാന്തവാസം പ്രവാചകരുടെ ഇഷ്ട വൃത്തിയായി. ഒറ്റക്കിരുന്ന് ധ്യാനിക്കാനും ജനങ്ങളില്‍നിന്നുമകന്ന് ഏകാഗ്ര ചിന്തയില്‍ മുഴുകാനും ആ മനസ്സ് വെമ്പല്‍ കൊണ്ടു. മക്കയില്‍നിന്നും മൂന്നു മൈല്‍ അകലെ സ്ഥിതിചെയ്യുന്ന ഹിറാഗുഹയില്‍ പ്രവാചകന്‍ ഇടക്കിടെ വന്നിരിക്കാന്‍ തുടങ്ങി. ദീര്‍ഘനേരം അവിടെ ചിലവഴിച്ച് ശേഷം ഖദീജയുടെ അടുത്തേക്ക് മടങ്ങാറായിരുന്നു  പതിവ്. അനവധി രാത്രികള്‍ അങ്ങനെ കടന്നുപോയി. 

പ്രവാചകത്വലബ്ധി

പതിവുപോലെ ഒരിക്കല്‍ ഹിറയില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ മുന്‍പ്രവാചകന്മാരിലേക്ക് ദിവ്യസന്ദേശങ്ങള്‍ എത്തിക്കാറുണ്ടായിരുന്ന മാലാഖ ജിബ്‌രീല്‍ (അ) പ്രത്യക്ഷപ്പെട്ടു. പ്രവാചകരെ അണച്ചുകൂട്ടിക്കൊണ്ട് വായിക്കാന്‍ പറഞ്ഞു. എനിക്ക് വായിക്കാനറിയില്ലെന്ന് പ്രവാചകന്‍ പ്രതികരിച്ചു. മൂന്നു തവണ ഇതാവര്‍ത്തിച്ചു. ശേഷം വിശുദ്ധ ഖുര്‍ആനില്‍നിന്നും ഏതാനും സൂക്തങ്ങള്‍ ഓതിക്കേള്‍പിച്ചു: ''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേനകൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (96:1-5). അല്ലാഹുവില്‍നിന്നുള്ള ദിവ്യ സന്ദേശങ്ങള്‍ക്ക് ഇതോടെ സമാരംഭം കുറിക്കപ്പെട്ടു. മുഹമ്മദ് പ്രവാചക പരമ്പരയിലെ അന്ത്യപ്രവാചകനായി അവരോധിക്കപ്പെട്ടു. ഇസ്‌ലാമിക പ്രബോധനമെന്ന വലിയൊരു ദൗത്യം പ്രവാചകരുടെ ഉത്തരവാദിത്തമായി. ക്രിസ്തു വര്‍ഷം 610 ഒരു റമദാന്‍ മാസത്തിലായിരുന്നു ഇത്. പ്രവാചകര്‍ക്ക് അന്ന് നാല്‍പത് വയസ്സ് പൂര്‍ത്തിയായിരുന്നു.

സമ്മിലൂനീ...സമ്മിലൂനീ...

തനിക്കുണ്ടായ അസാധാരണ അനുഭവം പ്രവാചകരെ പരിഭ്രാന്തനാക്കി. തന്നെ സമീപിച്ച അപരിചിതനെക്കുറിച്ചോ അദ്ദേഹം കൈമാറിയ സന്ദേശത്തെക്കുറിച്ചോ പ്രവാചകന് യാതൊന്നും മനസ്സിലായില്ല. ഭയവിഹ്വലനായ പ്രവാചകന്‍ താമസിയാതെ ഹിറാഗുഹയില്‍നിന്നും താഴെയിറങ്ങി ഖദീജാബീവിയുടെ വീട്ടില്‍ ചെന്നു. തനിക്കെന്തോ സംഭവിച്ചിട്ടുണ്ടെന്നും അതിനാല്‍ പുതപ്പിട്ടുമൂടണമെന്നും ആവശ്യപ്പെട്ടു. ഖദീജ പക്വതയും തന്റേടവുമുള്ള പെണ്ണായിരുന്നു. അവര്‍ പ്രവാചകരോട് കാര്യം തിരക്കി. പ്രവാചകന്‍ തനിക്ക് സംഭവിച്ചതെല്ലാം പറഞ്ഞുകൊടുത്തു. പ്രവാചകത്വത്തെക്കുറിച്ചും ദൈവദൂതന്മാരെക്കുറിച്ചും മാലാഖമാരെക്കുറിച്ചുമെല്ലാം അവര്‍ക്കറിയാമായിരുന്നു. ക്രൈസ്തവ പണ്ഡിതനും മുന്‍ഗ്രന്ഥങ്ങളില്‍ അവഗാഹമുള്ള വ്യക്തിയുമായ തന്റെ പിതൃവ്യപുത്രന്‍ വറഖത്തുബ്‌നു നൗഫലുമായി അവര്‍ക്ക് നല്ല പരിചയവും ബന്ധവുമുണ്ടായിരുന്നു. മക്കക്കാരുടെ സത്യവിരുദ്ധമായ വിശ്വാസങ്ങളെയോ സമീപനങ്ങളെയോ അദ്ദേഹമൊരിക്കലും അംഗീകരിച്ചിരുന്നില്ല. അതേസമയം പ്രവാചകരെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്ന ആളായിരുന്നു ഖദീജാബീവി. അവരുടെ രഹസ്യവും  പരസ്യവും സ്വഭാവവും ശീലവുമെല്ലാം അവര്‍ക്ക് നല്ലപോലെ അറിയുമായിരുന്നു. അതുകൊണ്ടുതന്നെ, പിശാചിന്റെ ഒരിടപെടല്‍ പ്രവാചകരുടെ കാര്യത്തില്‍ ഒരിക്കലും സംഭവിക്കില്ലായെന്നും ഇത് ദൈവികമായ വല്ലതുമായിരിക്കുമെന്നും മഹതി ഉറച്ചുവിശ്വസിച്ചു. പ്രവാചകരെ അത് പറഞ്ഞ് സമാധാനിപ്പിക്കുകയും ചെയ്തു.

വറഖത്തുബ്‌നു നൗഫലിനു മുമ്പില്‍

ഒടുവില്‍ ഇതെക്കുറിച്ച് വറഖയോട് ചോദിക്കാന്‍ ഖദീജ തീരുമാനിച്ചു. പ്രവാചകരെയുംകൂട്ടി അദ്ദേഹത്തിനു മുമ്പില്‍ ചെന്നു. നടന്നതെല്ലാം പ്രവാചകന്‍ അവതരിപ്പിച്ചു. ഇതുകേട്ട വറഖ, താങ്കള്‍ ഈ സമുദായത്തിലെ പ്രവാചകനാണെന്നും മുമ്പ് പ്രവാചകന്‍ മൂസയുടെ അടുത്തുവന്ന അതേ ദൂതന്‍ തന്നെയാണ് നിങ്ങളുടെ അടുത്തു വന്നതെന്നും അറിയിച്ചു. ശേഷം, ഇവര്‍ താങ്കളെ കളവാക്കുകയും അക്രമിക്കുകയും നാട്ടില്‍നിന്നും പുറത്താക്കുകയും ചെയ്യുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇതുകേട്ട പ്രവാചകന് അല്‍ഭുതമായി. അന്നു ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ശക്തിപകരാനായി നിങ്ങളോടൊപ്പമുണ്ടാകുമെന്നും വറഖ അറിയിച്ചു. താനൊരു പ്രവാചകനായി അവരോധിക്കപ്പെട്ട വിവരം ഇതോടെ മുഹമ്മദ് നബി തിരിച്ചറിഞ്ഞു. ആ വലിയ ഉത്തരവാദിത്ത നിര്‍വഹണത്തിന്റെ ഭാരമോര്‍ത്ത് ആ മനസ്സ് പരിഭവപ്പെട്ടു. പക്ഷെ, ഖദീജാബീവിയുടെയും വറഖയുടെയും വാക്കുകള്‍കേട്ട് ധൈര്യവും ആര്‍ജ്ജവവും കൈവന്നു. ഇതായിരുന്നു പ്രഥമ വഹ്‌യിന്റെ കഥ. പിന്നീട് കാലങ്ങളോളം വഹ്‌യുകളൊന്നും അവതരിച്ചില്ല. ഇതും പ്രവാചകന് വല്ലാത്തൊരു അനുഭവമായിരുന്നു. നാല്‍പത് ദിവസത്തോളം ഇത് നീണ്ടുനിന്നു. ശേഷം, സമൂഹത്തിലേക്കിറങ്ങാനും ഇസ്‌ലാമിക പ്രബോധനമാരംഭിക്കാനും പ്രവാചകന് കല്‍പനയുണ്ടായി.

രഹസ്യപ്രബോധനം

ജനങ്ങള്‍ക്ക് സത്യവഴി പറഞ്ഞുകൊടുക്കാന്‍ ആഹ്വാനംവന്നതോടെ പ്രവാചകന്‍ രഹസ്യപ്രബോധനവുമായി രംഗത്തിറങ്ങി. തന്റെ ഉറ്റ ബന്ധുക്കളും അടുപ്പക്കാരുമായി പുതിയ സന്ദേശം പങ്കുവെച്ചു. സുഹൃത്തുക്കള്‍ക്കും സ്‌നേഹിതന്മാര്‍ക്കുമിടയില്‍ അത് ചര്‍ച്ചാവിഷയമായി. ഇതോടെ സ്ത്രീകളില്‍നിന്ന്  ഖദീജാബീവിയും പുരുഷന്മാരില്‍നിന്ന് അബൂബക്ര്‍ സിദ്ദീഖും കുട്ടികളില്‍നിന്ന് അലി ബിന്‍ അബീ ഥാലിബും അടിമകളില്‍നിന്ന് സൈദ് ബിന്‍ ഹാരിസയും ഇസ്‌ലാമിലേക്ക് കടന്നുവന്നു. സത്യസന്ദേശം കൂടുതല്‍ ചര്‍ച്ചയായതോടെ ഇത് ഖുറൈശി പ്രുമുഖരിലും ഇളക്കം സൃഷ്ടിച്ചുതുടങ്ങി. താമസിയാതെ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍, സുബൈര്‍ ബ്‌നുല്‍ അവ്വാം, അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫ്, സഅദ് ബിന്‍ അബീ വഖാസ്, ഥല്‍ഹ ബിന്‍ ഉബൈദില്ല തുടങ്ങിയവരും പ്രവാചക സവിധം വന്ന് ഇസ്‌ലാമതം പുല്‍കി. അവരെ പിന്തുടര്‍ന്നുകൊണ്ട് അവരുടെ പരിവാരങ്ങളും അതേ വഴിയില്‍തന്നെ കടന്നുവന്നു. അബൂ ഉബൈദ ബ്‌നുല്‍ ജര്‍റാഹ്, അര്‍ഖം ബിന്‍ അബില്‍ അര്‍ഖം, ഉസ്മാന്‍ ബിന്‍ മള്ഊന്‍, ഉബൈദ ബ്‌നുല്‍ ഹാരിസ്,  സഈദ് ബിന്‍ സൈദ്, ഖബ്ബാബ് ബ്‌നുല്‍ അറത്ത്, അബ്ദുല്ലാഹ് ബിന്‍ മസ്ഊദ്, അമ്മാര്‍ ബിന്‍ യാസിര്‍, സ്വഹൈബ് തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടുന്നു. പ്രബോധനം രഹസ്യമായിരുന്നുവെങ്കിലും വളരെ വേഗത്തിലുള്ള പ്രചരണമാണ് ഇക്കാലത്ത് ഇസ്‌ലാമിന് അറബികള്‍ക്കിടയില്‍ ലഭിച്ചത്. ഒരു മോചനമാര്‍ഗം തേടിക്കൊണ്ടിരുന്ന അവരെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും വലിയൊരു ആശ്വാസമായിരുന്നു. ക്രമേണ മക്കയിലെ കുടുംബങ്ങളില്‍ ഇസ്‌ലാമിന്റെ ശബ്ദം ഉയര്‍ന്നുകേട്ടുകൊണ്ടിരുന്നു.

പരസ്യപ്രബോധനം

മൂന്നു വര്‍ഷത്തോളം പ്രവാചകന്‍ രഹസ്യ പ്രബോധനവുമായി കഴിഞ്ഞുകൂടി. ഇതിനിടെ പ്രധാനികളും സാധാരണക്കാരുമായി ഖുറൈശികളില്‍നിന്നും വലിയൊരു വിഭാഗംതന്നെ ഇസ്‌ലാമിന്റെ കൊടിക്കുകീഴില്‍ അണിനിരന്നുകഴിഞ്ഞിരുന്നു. ബഹുദൈവാരാധനയുടെ അസഹിഷ്ണുതയില്‍ ജീവിതം മടുത്ത അവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിന്റെ ഏകദൈവ സങ്കല്‍പം സമാധാനപൂര്‍ണമായൊരു അനുഭവമാണ് പകര്‍ന്നുനല്‍കിയത്. അതുകൊണ്ടുതന്നെ, വിഗ്രഹപൂജയുടെ കൂച്ചുവിലങ്ങുകള്‍ തകര്‍ത്ത് ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നുവന്നു. ജനങ്ങള്‍ കൂടിവരുന്നതിനനുസരിച്ച് രഹസ്യമായി ആരാധന നടത്തുന്നതിനുള്ള സൗകര്യം അവര്‍ക്കില്ലാതെയായി. പരസ്യമായി അവ അനുഷ്ഠിക്കാന്‍ ശത്രുക്കള്‍ അനുവദിച്ചതുമില്ല. മലഞ്ചരുവിലും മറ്റുമായി ഒളിഞ്ഞിരുന്നാണ് അന്നവര്‍ ഇതെല്ലാം നിര്‍വഹിച്ചിരുന്നത്. കുറച്ചുകാലം പ്രവാചകന്‍ അര്‍ഖം ബിന്‍ അബില്‍ അര്‍ഖമിന്റെ വീട്ടില്‍ (ദാറുല്‍ അര്‍ഖം) വെച്ച് അനുയായികള്‍ക്കുവേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ആരാധനകളും ഉപദേശങ്ങളുമെല്ലാം അവിടെവെച്ചുതന്നെ നിര്‍വഹിച്ചു. ഇസ്‌ലാമിന്റെ ആരംഭകാലത്തെ ഒരു പ്രധാന ശക്തികേന്ദ്രമായിരുന്നു ദാറുല്‍ അര്‍ഖം.

വിശ്വാസികളുടെ ശക്തമായൊരു അടിത്തറ രൂപപ്പെട്ടുവന്നതോടെ പരസ്യമായി ഇസ്‌ലാമിക പ്രബോധനത്തിനിറങ്ങാന്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നും പ്രവാചകന് കല്‍പന വന്നു. ആദ്യമായി സ്വന്തം കുടുംബത്തെയും ബന്ധുക്കളെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും ക്രമേണ സമൂഹത്തിലേക്കിറങ്ങി അവര്‍ക്കൊന്നടങ്കം ഈ സത്യമതത്തെ പരിചയപ്പെടുത്താനും ഉത്തരവുണ്ടായി. ഇതോടെ പ്രവാചകന്‍ മക്കയിലെ അബൂഖുബൈസ് പര്‍വതത്തില്‍ കയറി ജനങ്ങളെയെല്ലാം അതിന്റെ താഴ്‌വരയിലേക്കു വിളിച്ചുവരുത്തി. വിശ്വസ്തനായ മുഹമ്മദിന്റെ വിളിയാളംകേട്ട് ജനങ്ങളെല്ലാം ഒത്തുചേര്‍ന്നു. പ്രവാചകന്‍ ആദ്യം അവര്‍ക്ക് തന്നിലുള്ള വിശ്വാസ്യത ഉറപ്പുവരുത്തി. ശേഷം വിഗ്രഹാരാധനയിലെ നിരര്‍ത്ഥകതയും ഏകദൈവാരാധനയുടെ ആവശ്യകതയും പറഞ്ഞുകൊടുത്തു. അല്ലാഹു ഏകനാണെന്നും ആരാധനക്കര്‍ഹന്‍ അവനല്ലാതെ മറ്റൊരാളുമില്ലെന്നും വിഗ്രഹങ്ങള്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലാത്ത കേവലം ശിലകളാണെന്നും അവരെ ബോധ്യപ്പെടുത്തി. ഇതുകേട്ടതോടെ ജനങ്ങള്‍ ഇളകിമറിഞ്ഞു.  അബൂലഹബ് പ്രവാചകനെതിരെ എടുത്തുചാടി. ഇതിനുവേണ്ടിയാണോ ഞങ്ങളെ ഇവിടെ വിളിച്ചുകൂട്ടിയതെന്നു അവന്‍ ആക്രോശിച്ചു. തങ്ങള്‍ പരമ്പരാഗതമായി ആരാധിച്ചുവരുന്ന ബിംബങ്ങളെ എതിര്‍ത്തതിന് പ്രവാചകര്‍ക്കുനേരെ അവര്‍ ആക്രമണങ്ങളുടെ ക്രൂരശരങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. പരസ്യപ്രബോധനത്തിന്റെ മേഖലയില്‍ പ്രവാചകനുണ്ടായ പ്രഥമ അനുഭവംതന്നെ ഏറെ കൈപ്പേറിയതായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter